സ്വാമി വിവേകാനന്ദന്‍

അമേരിക്കയില്‍ നിന്നും ബംഗാളിലെ സഹപ്രവര്‍ത്തകര്‍ക്ക് വിവേകാനന്ദസ്വാമികള്‍ അയച്ച കത്ത്.
സംഘടനാജോലിയില്‍ മുന്നേറുക. സ്നേഹം, നിഷ്‌കളങ്കത, ക്ഷമ – ഇവയല്ലാതെ മറ്റൊന്നും വേണ്ട. വളര്‍ച്ച, അതായത് വികാസം, അതായത് സ്നേഹം അല്ലാതെ മറ്റെന്താണ് ജീവിതം? അതിനാല്‍, സ്നേഹമെല്ലാം ജീവിതംതന്നെ. ജീവിതത്തിന്റെ ഒരേയൊരു നിയമമാണ് സ്നേഹം. സ്വര്‍ത്ഥതയൊക്കെ മരണമാണ്. ഇപ്പുറത്തും അപ്പുറത്തും ഇതു നേരുമാണ്. നന്മ ചെയ്യുകയത്രേ ജീവിതം: അന്യര്‍ക്കു നന്മ ചെയ്യാതിരിക്കുക മരണവും. നിങ്ങള്‍ കാണുന്ന മനുഷ്യമൃഗങ്ങളില്‍ തൊണ്ണൂറു ശതമാനവും മരിച്ചവരത്രേ, പ്രേതങ്ങളത്രേ: കാരണം, കുട്ടികളേ, സ്നേഹിക്കാത്തവരാരും ജീവിക്കുന്നവരല്ല. കുഞ്ഞുങ്ങളേ, അലിയട്ടെ, ഹൃദയമലിയട്ടെ, പാവങ്ങള്‍ക്കും അറിവില്ലാത്തവര്‍ക്കും ചവുട്ടിമെതിക്കപ്പെട്ടവര്‍ക്കുംവേണ്ടി ഹൃദയമലിയട്ടെ. തുടിപ്പുകള്‍ നിലയ്ക്കുംവരെ, തല ചുറ്റുംവരെ, ഭ്രാന്തു പിടിപെടുമെന്നു തോന്നുംവരെ, ഹൃദയമലിയണം. അപ്പോള്‍ ഭഗവത്പാദങ്ങളില്‍ ആത്മവര്‍ഷം ചെയ്യുക. അപ്പോള്‍ ശക്തിയും സഹായവും അടങ്ങാത്ത വീര്യവും വന്നുചേരും. കഴിഞ്ഞ പത്തു കൊല്ലക്കാലം എന്റെ മുദ്രാവാക്യം പോരാടുക, പോരാടുക എന്നായിരുന്നു. ഇന്നും ഞാന്‍ പറയുന്നു; ”പോരാടുക.” എല്ലാം ഇരുളായിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു, ”പോരാടുക” എന്ന്. വെളിച്ചം വീശിവരുമ്പോഴും ഞാന്‍ പറയുന്നു, ”പോരാടുക” എന്ന്. കുഞ്ഞുങ്ങളേ, ഭയപ്പെടരുത്. താരകിതമായ ഈ നഭസ്സിലേക്ക്, അതു നിങ്ങളെ ഞെരിച്ചേക്കുമെന്ന ആശങ്കയോടുകൂടി നോക്കാതിരിക്കുക. കുറേ മണിക്കൂറുകള്‍ ചെല്ലുമ്പോള്‍ അതു മുഴുവന്‍ നിങ്ങളുടെ കാല്‍ച്ചോട്ടിലാകും. കാത്തിരിക്കൂ. പണംകൊണ്ടു കൃതമൊന്നുമില്ല; പേരുകൊണ്ടുമില്ല. പെരുമകൊണ്ടു കൃതമൊന്നുമില്ല; പഠിപ്പുകൊണ്ടുമില്ല. സ്നേഹംകൊണ്ടാണ് കൃതം. ഉറച്ച പാറപോലുള്ള തടസ്സങ്ങളെ തകര്‍ത്തു മുന്നേറുന്നതാണ് സ്വഭാവം. നമ്മുടെ മുമ്പിലുള്ള പ്രശ്‌നമിതാണ്. സ്വാതന്ത്ര്യമില്ലാതെ വളര്‍ച്ചയൊന്നും സാദ്ധ്യമല്ല. നമ്മുടെ പൂര്‍വ്വികര്‍ മതചിന്തയെ മോചിപ്പിച്ചു. നമ്മുടെ മതം അദ്ഭുതാവഹമാണുതാനും. എന്നാല്‍ സമുദായത്തിന്റെ കാലില്‍ അവര്‍ കനത്ത ചങ്ങലയിട്ടു. ഒരു വാക്കില്‍ പറഞ്ഞാല്‍, നമ്മുടെ സമുദായം ഞെട്ടിപ്പിക്കുന്നൊന്നാണ്, ചെകുത്താന്റെ സൃഷ്ടിയാണ്. പടിഞ്ഞാറ്, സമുദായം എന്നും സ്വതന്ത്രമായിരുന്നു. അവരെ നോക്കുക. പക്ഷേ, അവരുടെ മതത്തെയും നോക്കിക്കാണുക. വളര്‍ച്ചയ്ക്കുവേണ്ട ഒന്നാമത്തെ വ്യവസ്ഥ സ്വാതന്ത്ര്യമാണ്. മനുഷ്യനു ചിന്തിക്കുവാനും സംസാരിക്കുവാനും സ്വാതന്ത്ര്യം വേണ്ടതുപോലെതന്നെ, ഭക്ഷണത്തിലും വസ്ര്തധാരണത്തിലും വിവാഹത്തിലും വേണം സ്വാതന്ത്ര്യം: അവന്‍ മറ്റുള്ളവരെ ഉപദ്രവിക്കരുതെന്നുമാത്രം.

ഭൗതികപരിഷ്‌കാരത്തെപ്പറ്റി നാം വിഡ്ഢികളെപ്പോലെയാണ് സംസാരിക്കുന്നത്. മുന്തിരിങ്ങാപ്പഴം പുളിക്കുന്നു. ആവക വിഡ്ഢിത്തമൊക്കെ ശരിയാണെന്നു വെയ്ക്കുക. ആകെക്കൂടി ഭാരതത്തില്‍ സ്ത്രീകളും പുരുഷന്മാരുമായി ഒരു ലക്ഷംപേര്‍ക്ക് തനി ആദ്ധ്യാത്മികതയുണ്ടെന്നു കരുതുക. ഇവരുടെ ആദ്ധ്യാത്മികതയ്ക്കുവേണ്ടി മുപ്പതുകോടി ആളുകള്‍ ബര്‍ബരതയിലും പട്ടിണിയിലും മുഴകണമോ? ഒരുവനെങ്കിലും പട്ടിണികിടക്കുന്നതെന്തിന്? മുഹമ്മദീയര്‍ക്ക് ഹിന്ദുക്കളെ കീഴടക്കാന്‍ കഴിഞ്ഞതെങ്ങനെ? ഭൗതികപരിഷ്‌കാരത്തെപ്പറ്റി ഹിന്ദുക്കള്‍ക്കുണ്ടായിരുന്ന അറിവുകേടാണ് അതിനു വഴി തെളിച്ചത്. പാവങ്ങള്‍ക്കു ജോലിയുണ്ടാക്കിക്കൊടുക്കാന്‍ ഭൗതികപരിഷ്‌കാരം പോരാ, ധാരാളിത്തംപോലും, ആവശ്യമാണ്. ഭക്ഷണം! ഭക്ഷണം! എനിക്ക് ഇവിടെ ഭക്ഷണം നല്കാന്‍ കഴിയാത്ത ഒരീശ്വരന്‍ സ്വര്‍ഗ്ഗത്തില്‍ നിത്യാനന്ദം നല്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല! ഫൂ! ഭാരതത്തെ ഉയര്‍ത്തണം: പാവങ്ങള്‍ക്കു തീറ്റി വേണം: വിദ്യാഭ്യാസം പരക്കണം. പൗരോഹിത്യമെന്ന കെടുതിയെ തുടച്ചുമാറ്റണം. പൗരോഹിത്യമില്ലെങ്കില്‍ സാമുദായികപീഡനവുമില്ല. കൂടുതല്‍ ഭക്ഷണമുണ്ടായാല്‍ കൂടുതല്‍ സന്ദര്‍ഭവും എല്ലാവര്‍ക്കുമുണ്ടാകും. ചെറുപ്പക്കാരായ നമ്മുടെ വിഡ്ഢികള്‍ ഇംഗ്ലീഷുകാരില്‍നിന്ന് കൂടുതല്‍ പ്രഭാവം കൈയ്ക്കലാക്കാന്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. ഇംഗ്ലീഷുകാര്‍ ചിരിക്കമാത്രമാണ്. സ്വാതന്ത്ര്യംകൊടുക്കാന്‍ തയ്യാറല്ലാത്ത ആര്‍ക്കും അതിന്നര്‍ഹതയില്ല. ഇംഗ്ലീഷുകാരില്‍നിന്ന് പ്രാഭവമെല്ലാം നിങ്ങളിലേക്കു പകര്‍ന്നെന്നുവെയ്ക്കുക. പിന്നെ, അപ്പോഴത്തെ പ്രഭാവക്കാര്‍ ജനങ്ങളെ അമര്‍ത്തിവെയ്ക്കാം: ഇവര്‍ക്കു പ്രാഭവമൊട്ടു നല്കുകയുമില്ല.

ഇതു നേടേണ്ടതു പതുക്കെയാണ്: നമ്മുടെ മതത്തില്‍ ഊന്നി നിന്നുകൊണ്ടാണ്: സമുദായത്തിനു സ്വാതന്ത്ര്യമനുവദിച്ചുകൊടുത്തിട്ടാണ്. പഴയ മതത്തില്‍നിന്നു പൗരോഹിത്യം പിഴുതെടുക്കുക. അപ്പോള്‍ ലോകത്തില്‍വെച്ച് ഏറ്റവും നല്ല മതമാണ് നിങ്ങള്‍ക്കു കിട്ടുക. ഞാന്‍ പറയുന്നത് മനസ്സിലാകുന്നോ? ഭാരതത്തിന്‍േറതായ മതം വെച്ചുകൊണ്ട് യൂറോപ്പിലേതുപോലുള്ള ഒരു സമുദായം പടുത്തെടുക്കാമോ? എടുക്കാമെന്നും എടുക്കണമെന്നുമാണ് എന്റെ വിശ്വാസം. മദ്ധ്യഭാരതത്തിലൊരിടത്തു കുടിപാര്‍പ്പു തുടങ്ങുകയെന്നതത്രേ മികവുറ്റ പദ്ധതി. അവിടെ നമ്മുടെ ആശയങ്ങള്‍ക്കൊത്തു സ്വതന്ത്രമയായി ജീവിക്കാം. അപ്പോള്‍ ഉജ്ജീവകമായ സ്വല്പം വല്ലതുംകൊണ്ട് എല്ലാം ഉജ്ജീവിതമാകും. ഇതിനിടയില്‍, ഒരു കേന്ദ്രമെന്നോണം ഒരു സംഘടനയുണ്ടാക്കുക. അതു ഭാരതത്തില്‍ നീളെ ശാഖോപശാഖകളായി പന്തലിക്കണം. ഇപ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിയാല്‍ മതി. തീവ്രമായ സാമുദായികപരിഷ്‌കാരങ്ങളൊന്നും ഇപ്പോള്‍ പ്രചരിപ്പിക്കേണ്ട. മൂര്‍ഖമായ അന്ധവിശ്വാസങ്ങളെയൊന്നും പിന്‍താങ്ങരുതെന്നുമാത്രം. എല്ലാവര്‍ക്കും മോക്ഷവും സമത്വവുമുണ്ടെന്ന ആ പഴയ അടിസ്ഥാനത്തില്‍ത്തന്നെ സമുദായത്തെ പുനര്‍ജ്ജീവിപ്പിക്കാന്‍ ശ്രമിക്കുക. ശങ്കരാചാര്യര്‍, രാമാനുജന്‍, ചൈതന്യന്‍ തുടങ്ങിയ പഴയ ആചാര്യന്മാര്‍തന്നെ ഒരുക്കിയതാണീ അടിത്തറ. തീ കൂട്ടി, എങ്ങും പരത്തുക. പ്രവൃത്തി, പ്രവൃത്തി. നയിക്കുമ്പോള്‍ത്തന്നെ കിങ്കരനുമാകണം: നിഃസ്വാര്‍ത്ഥനാകണം: മറ്റൊരു സ്നേഹിതനെ കുറ്റപ്പെടുത്തുന്ന ഒരു സ്നേഹിതന്റെയും വാക്കുകള്‍ ഗൂഢമായി ചെവിക്കൊള്ളരുത്. അതിരറ്റ ക്ഷമ വേണം: അപ്പോള്‍ സാഫല്യം നിങ്ങളുടേതുതന്നെ.പക്ഷേ, ഒന്നു സൂക്ഷിച്ചുകൊള്ളണം; അമേരിക്കര്‍ പറയുംപോലെ, ഒരുത്തന്‍േറയുംമേല്‍ ‘അധികാരം നടത്താന്‍’ നോക്കരുത്. എപ്പോഴും ഞാന്‍ നിങ്ങളുടെപേര്‍ക്ക് എഴുത്തയയ്ക്കുന്നതുകൊണ്ട് എന്റെ മറ്റു സ്നേഹിതന്മാരുടെമേല്‍ സ്വന്തം മേന്മ കാട്ടാന്‍ മുതിരരുത്. അത്തരമൊരു വിഡ്ഢിയല്ല നിങ്ങളെന്ന് എനിക്കറിയാം. എങ്കിലും മുന്നറിവു നല്‌കേണ്ടത് എന്റെ ചുമതലയാണെന്നു ഞാന്‍ കരുതുന്നു. എല്ലാ സംഘടനകളെയും തുലയ്ക്കുന്നതിതാണ്. പ്രവര്‍ത്തിക്കുക, പ്രവര്‍ത്തിക്കുക: കാരണം, മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിമാത്രം പ്രവര്‍ത്തിക്കലാണ് ജീവിതം.

കപടത ഒട്ടുമരുത്: ജെസ്സൂട്ടുമുറകള്‍ അരുത്: ചീത്തത്തം ഒന്നുമരുത് – ഇതാണെന്റെ ആഗ്രഹം. ഈശ്വരനെയാണ് ഞാന്‍ എന്നുമാശ്രയിച്ചിട്ടുള്ളത്. പേരിനും പെരുമയ്ക്കും വേണ്ടിയോ, നന്മ ചെയ്യുവാന്‍ വേണ്ടിപ്പോലുമോ, ജസ്സൂട്ടുമുറകളെടുത്തു മനഃസാക്ഷിക്കു മലിനത പറ്റാതെ എനിക്കു മരിക്കണം. ദുരാചാരത്തിന്റെ ലാഞ്ഛനപോലുമരുത്: ദുര്‍നയവുമരുത്. അതു ചീത്തയാണ്. ചാഞ്ചല്യമരുത്: രഹസ്യവൃത്തങ്ങളിലുള്ള ദുര്‍ന്നടത്തകളുമരുത്: ഗൂഢമായ വഞ്ചനയുമരുത്: മുക്കിലും മൂലയിലുംവെച്ച് ഒന്നും ചെയ്യരുത്. ഗുരുപ്രീതിക്കു സവിശേഷപാത്രമാകുക, അതൊന്നുംവേണ്ട: ഗുരു തന്നെ വേണ്ടെന്നുവെയ്ക്കുക. മുന്നേറുക, ചുണക്കുട്ടികളേ, പണം ഉണ്ടെങ്കിലും ശരി: ഇല്ലെങ്കിലും ശരി: സ്നേഹം നിങ്ങള്‍ക്കുണ്ടോ? ഈശ്വരന്‍ നിങ്ങള്‍ക്കുണ്ടോ? മുന്നോട്ട്, വിടവു നികത്താന്‍ മുന്നോട്ടു: നിങ്ങളെ ആര്‍ക്കും തടയാനാവില്ല. എന്തൊരസംബന്ധം! ബ്രഹ്മവിദ്യാസംഘടനയുടെ മാസികകള്‍ പറയുന്നുപോലും, അവര്‍ എന്റെ സാഫല്യത്തിനുവേണ്ടി വഴിതെളിച്ചു എന്ന്! നേരുതന്നെ!! ശുദ്ധവിഡ്ഢിത്തം. ബ്രഹ്മവിദ്യാസംഘക്കാര്‍ വഴി തെളിച്ചു! സൂക്ഷിക്കണം. നേരല്ലാത്തതിനെക്കുറിച്ചെല്ലാം സൂക്ഷ്മത വേണം. സത്യത്തെ മുറുകെ പിടിക്കുക: അപ്പോള്‍ നാം ജയിക്കും. ഒരുപക്ഷേ പതുക്കെയാകും. എങ്കിലും അതു തീര്‍ച്ചയാണ്. ഞാനില്ലെങ്കിലെന്നോണം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക. മുഴുവന്‍ പ്രവൃത്തിയും നിങ്ങളില്‍ ഓരോരുത്തനെമാത്രം ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ പ്രവര്‍ത്തിക്കുക. അമ്പതു ശതകങ്ങള്‍ നിങ്ങളെ ഉറ്റുനോക്കുകയാണ്: ഭാരതത്തിന്റെ ഭാവി നിങ്ങളെ ആശ്രയിച്ചിരിക്കയാണ്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക. എനിക്ക് എപ്പോള്‍ വന്നുചേരാന്‍ കഴിയുമെന്ന് തിട്ടമില്ല. പ്രവര്‍ത്തനത്തിന്റെ വലിയ ഒരു മണ്ഡലമാണിത്. ഭാരതത്തില്‍ ഏറിയാല്‍ ചെയ്യുന്നതു പ്രശംസിക്കയാണ്. ഒറ്റ സെന്റ്അപോലും ഒന്നിനുവേണ്ടിയും കൊടുക്കില്ല. അതവര്‍ക്ക് എവിടെ കിട്ടാനാണ്? അവര്‍ സ്വയം യാചകരാണ്. പിന്നെ, കഴിഞ്ഞ രണ്ടായിരമോ അതിലധികമോ കൊല്ലമായി, പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ അവര്‍ക്കു കഴിവില്ലാതായുമിരിക്കുന്നു. ജനത, പൊതുജനം തുടങ്ങിയ ആശയങ്ങള്‍ ഇപ്പോഴാണ് അവര്‍ ഗ്രഹിച്ചുവരുന്നത്. അതിനാല്‍, ഞാന്‍ അവരെ പഴിക്കുന്നില്ല. നിങ്ങള്‍ക്കൊക്കെ മംഗളങ്ങള്‍.