സ്വാമി വിവേകാനന്ദന്‍

ഓം തത് സത്: ഓം നമോ ഭഗവതേ രാമകൃഷ്ണായ!

നാസതഃ സജ്ജായേത. ഇല്ലായ്മയ്ക്ക് ഉണ്മയെ ഉണ്ടാക്കാന്‍ വയ്യ. അസത്ത്വം സത്ത്വത്തിനു കാരണമാവില്ല. ശൂന്യത്തില്‍നിന്ന് ഒന്നിനും ഉണ്ടാകാന്‍ കഴിവില്ല. കാര്യകാരണഭാവനിയമം സര്‍വശക്തമാണെന്നും ഒരു നാളും ഒരിടത്തും അതില്ലാതിരുന്നിട്ടില്ലെന്നുമുള്ള സിദ്ധാന്തം ആര്യവര്‍ഗ്ഗത്തോളം പ്രാചീനമാണ്. അവരുടെ പ്രാചീനരായ കവികളും ഋഷികളും അതു പാടിയിട്ടുണ്ട്. അവരുടെ ദാര്‍ശനികന്മാര്‍ അതു ഭാഷയില്‍ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്: ആ മൂലശിലയിന്‌മേലാണ് ഇന്നും ഹിന്ദു തന്റെ ജീവിതപദ്ധതി മുഴുവന്‍ കെട്ടിപ്പടുക്കുന്നത്.

തുടക്കത്തില്‍ത്തന്നെ ആ വര്‍ഗ്ഗത്തിന് ഒരു ജിജ്ഞാസയുണ്ടായി, പെട്ടെന്നതു ധീരമായ അപഗ്രഥനമായി വികസിച്ചു. ഭാവിയില്‍ വിദഗ്ദ്ധനായൊരു മൂര്‍ത്തിനിര്‍മ്മാതാവാകാന്‍ പോകുന്നവന്റെ ആദിമശില്പങ്ങള്‍പോലെ, അവരുടെ ആദിമനിര്‍മ്മിതിയും വിറയ്ക്കുന്ന കൈകള്‍ തയ്യാറാക്കിയതാണെന്നു തോന്നുമെങ്കിലും അതിന്റെ സ്ഥാനത്തു വ്യവച്ഛിന്നമായ ശാസ്ര്തവും ധീരമായ പ്രയത്‌നങ്ങളും ആശ്ചര്യകരമായ ഫലങ്ങളും പെട്ടെന്നാവിര്‍ഭവിച്ചു.

ഈ മനുഷ്യന്‍ സ്വന്തം യാഗവേദികളുടെ ഓരോ ഇഷ്ടികയും പരീക്ഷിച്ചത് ആ അപഗ്രഥനസാഹസത്താല്‍ പ്രചോദിതരായിട്ടാണ്. അങ്ങനെ അവര്‍ സ്വമതഗ്രന്ഥങ്ങളിലെ ഓരോ വാക്കും അളന്നുനോക്കുകയും കൂട്ടിച്ചേര്‍ക്കുകയും വിശ്ലേഷിക്കുകയും ചെയ്തു: ചടങ്ങുകളുടെ സംവിധാനവും പുനഃസംവിധാനവും നിര്‍വഹിച്ചു; അവയെ സംശയിക്കയും നിഷേധിക്കയും വ്യാഖ്യാനിക്കയും ചെയ്തു. തങ്ങളുടെ ദേവതകളെ കീഴ്‌മേല്‍ മറിച്ചതും, അവര്‍ക്കു സര്‍വ്വശക്തനും സര്‍വ്വജ്ഞനും സര്‍വവ്യാപിയുമായ ജഗത്സ്രഷ്ടാവിനോട്, സ്വര്‍ഗ്ഗസ്ഥപിതാവിനോട്, തുലനചെയ്തു രണ്ടാംസ്ഥാനം നല്കിയതും മേല്പറഞ്ഞ അപഗ്രഥനശൂരതകൊണ്ടാണ്. അഥവാ അവര്‍ ആ സ്രഷ്ടാവിനെ നിഷ്ര്പയോജനമെന്നു കണ്ട് ദൂരെ വലിച്ചെറിയുകയും അവിടുത്തെ കൂടാതെ ഒരു സാര്‍വലൗകികമതം സ്ഥാപിക്കയും ചെയ്തു. മതങ്ങളിലെല്ലാംവെച്ച് അതിന്നാണ് ഇന്ന് ഏറ്റവുമധികം അനുയായികളുള്ളത്. പലതരം വേദികള്‍ നിര്‍മ്മിക്കുവാന്‍ ഇഷ്ടികകള്‍ അടുക്കുന്ന രീതികളില്‍നിന്ന് അവര്‍ ക്ഷേത്രഗണിതം വളര്‍ത്തിയെടുത്തു. തങ്ങളുടെ ആരാധനയും ബലിദാനങ്ങളും ശരിയായ സമയത്തില്‍ നടത്താനുള്ള ശ്രമങ്ങളില്‍നിന്നുള വായജ്യോതിഷജ്ഞാനത്തിലൂടെ അവര്‍ ലോകത്തെ ആശ്ചര്യപ്പെടുത്തി. ഗണിതശാസ്ര്തത്തിന്നവര്‍ നല്കിയ സംഭാവന പണ്ടും ഇന്നുമുള്ള മനുഷ്യവര്‍ഗ്ഗക്കാരുടേതില്‍വെച്ചെല്ലാം ഏറ്റവുമധികമാണ്. രാസശാസ്ര്തത്തെയും മരുന്നുകളിലുള്ള ലോഹക്കൂട്ടുകളെയും കുറിച്ചുള്ള അവരുടെ അറിവ്, സംഗീതത്തില്‍ അവരുടേതായ സ്വരക്രമം, അവരുടെ വാദ്യ നിര്‍മ്മിതി – ഇവയൊക്കെ ഇന്നത്തെ യൂറോപ്പിലെ പരിഷ്‌കാരനിര്‍മ്മാണത്തില്‍ വളരെ പ്രയോജനപ്പെട്ടിട്ടുണ്ട്. സ്വന്തം അപഗ്രഥനശൂരതയിലൂടെ, ഉജ്വലമായ കല്പിതകഥകളിലൂടെ, ശിശുവിന്റെ മനസ്സ് പടുത്തുയര്‍ത്താന്‍ പോന്ന ഒരു ശാസ്ര്തം ഇദംപ്രഥമമായി അവര്‍ രൂപപ്പെടുത്തി. പരിഷ്‌കൃതരാജ്യങ്ങളിലെല്ലാമുള്ള സകലശിശുക്കളും ധാത്രികളില്‍ നിന്നോ സ്‌കൂളുകളില്‍നിന്നോ ആ വക കഥകള്‍ പഠിക്കയും ജീവിതത്തിലൂടെ അവയുടെ മുദ്ര സ്വയം കൊണ്ടുനടക്കയും ചെയ്യുന്നു.

ഈ അപഗ്രഥനശൂരതയുടെ പിന്നിലും മുന്നിലും, പട്ടുറയിലെന്നോണം അതിനെ പൊതിഞ്ഞുനിന്നത് ആ വര്‍ഗ്ഗത്തിന്റെ മാനസികമായ മറ്റൊരു വലിയ സവിശേഷതയാണ്, അതായത് കവിദൃഷ്ടി. ആ വര്‍ഗ്ഗത്തിന്റെ മതവും ദര്‍ശനവും ചരിത്രവും ആചാരശാസ്ര്തവും ദണ്ഡനീതിയുമെല്ലാം കവിഭാവനയുടേതായ കുസുമശയ്യയിലാണ് സംവിധാനം ചെയ്യപ്പെട്ടത്. മറ്റേതു ഭാഷയെക്കാളും മെച്ചപ്പെട്ട മട്ടില്‍ ആവക ആശയങ്ങള്‍ പ്രകാശിപ്പിക്കുവാനും കൈകാര്യം ചെയ്യുവാനും തികവുറ്റ സംസ്‌കൃതം – ആ അദ്ഭുതഭാഷ – ഉപകരിക്കുകയും ചെയ്തു. ഗണിതത്തിലെ കര്‍ക്കശയാഥാര്‍ത്ഥ്യങ്ങള്‍ പ്രകാശിപ്പിക്കാന്‍പോലും ശ്രവണസുഭഗമായ പദ്യവൃത്തങ്ങള്‍ പ്രയോഗിക്കപ്പെട്ടു.

ഹിന്ദുവര്‍ഗ്ഗസംഘടനയുടെ വമ്പിച്ച രണ്ട് ആഭ്യന്തരകാരണങ്ങള്‍ ഈ ആപഗ്രഥനശക്തിയും കവിദൃഷ്ടിയുടെ സുധീരതയുമാണ്. ഇവയാണ് ആ വര്‍ഗ്ഗത്തെ പുരോഗമിപ്പിച്ചതും. അവ രണ്ടും ചേര്‍ന്നാണ് ജനതാസ്വഭാവത്തിന്റെ മൗലികസ്വരം രൂപപ്പെടുത്തിയതെന്നു പറയാം. ഈ സമ്മേളനമാണ് ആ വര്‍ഗ്ഗക്കാരെ സദാ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തേക്കു കുതികൊള്ളിച്ചത്. ഇതാണ് ഉരുക്കുവാളലകുപോലുള്ള – ഇരുമ്പുകമ്പികളെയും മുറിച്ചു കയറുന്നതും എളുതായി വളയും മട്ടു വഴക്കമുള്ളതുമായ ഉരുക്കുവാളലകു കൊല്ലന്മാര്‍ പണിതുവന്നിരുന്നു, അത്തരം – വിചിന്തനങ്ങളുടെ രഹസ്യം.

അവര്‍ വെള്ളിയിലും പൊന്നിലും കവിത ചമച്ചു. ആഭരണങ്ങളുടെ സാമരസ്യം, വെണ്ണക്കല്ലിലുള്ള അദ്ഭുതങ്ങളുടെ ശ്രേണികള്‍, രൂപങ്ങളുടെ സംഗീതം, യാഥാര്‍ത്ഥ്യത്തിന്‍റെന്തിലുമേറെ യക്ഷികഥാമണ്ഡലത്തിന്‍ന്റെതെന്നു കരുതാവുന്ന നേര്‍ത്ത വസ്ര്തങ്ങള്‍ – ഇവയുടെയെല്ലാം പിന്നിലുള്ളതു ജനതയുടേതായ ഈ സ്വഭാവവിശേഷത്തിന്റെ യുഗവ്യാപിയായ വ്യാപാരമാണ്.

കലകളും ശാസ്ര്തങ്ങളും കുടുംബജീവിതയാഥാര്‍ത്ഥ്യങ്ങള്‍പോലും നിരവധി കാവ്യസങ്കല്പങ്ങള്‍കൊണ്ടു പൊതിഞ്ഞിരിക്കയാണ്. ഈ സങ്കല്പങ്ങള്‍ ഇന്ദ്രിയാതീതത്തെ സ്പര്‍ശിക്കുവോളം പിടിച്ചുനീട്ടിയിരിക്കുന്നു: (അപ്പോള്‍) യാഥാര്‍ത്ഥ്യത്തിനു കാല്പനികതയുടേതായ ഒരു റോസ് നിറം കൈവരുകയും ചെയ്യുന്നു.

പ്രയോജനകരമായ ഒരുപകരണമെന്ന മട്ടില്‍ ഈ സ്വഭാവവിശേഷത്തോടൊത്തുമാത്രമാണ് ഈ വര്‍ഗ്ഗത്തെ നാം ആദ്യമായി കണ്ടെത്തുന്നതുതന്നെ, നാം ആ വര്‍ഗ്ഗത്തെ വേദങ്ങളില്‍ വര്‍ണ്ണിച്ചതിന്‍വണ്ണം കാണുന്നതിനുമുമ്പായി, അത് അതിന്റെ പുരോഗതിയില്‍ മതത്തിന്റെയും സമുദയാത്തിന്റെയുമായ പല രൂപങ്ങളും പിന്നിട്ടുകഴിഞ്ഞി രിക്കണം.

സുസംഘടിതമായ ഒരു ദേവതാവൃന്ദം, വിസ്തരിച്ചുള്ള അനുഷ്ഠാനങ്ങള്‍, പല തൊഴിലുകളാല്‍ ആവശ്യമായിവന്നതും ജന്മസിദ്ധവുമായ ജാതിവ്യവസ്ഥ, ഒട്ടേറെ ആവശ്യങ്ങള്‍, അനവധി ജീവിതഭോഗങ്ങള്‍ – ഇതൊക്കെ വേദങ്ങളുടെ കാലത്തുതന്നെയുണ്ട്.

ആധുനികപണ്ഡിതന്മാരില്‍ മിക്കവരും സമ്മതിക്കുന്നു, ശീതോഷ്ണസ്ഥിതിയിലും മറ്റും ശുദ്ധഭാരതീയമായ ചുറ്റുപാടുകള്‍ ആ മാര്‍ഗ്ഗത്തെ ബാധിച്ചുതുടങ്ങിയിരുന്നില്ലെന്ന്.

പല നൂറ്റാണ്ടുകളിലൂടെ മുന്നോട്ടു ചെല്ലുമ്പോള്‍ വടക്കു ഹിമാലയത്തിലെ മഞ്ഞും ചൂടും പരന്ന വെളികള്‍, ഇടയ്ക്കിടെ വന്‍ നദികള്‍ ഒഴുകിയിരുന്ന അതിരറ്റ കാടുകള്‍ – ഇവയൊക്കെ ചുറ്റിയിരുന്ന ഒരു ജനതതിയെ നാം കണ്ടെത്തുന്നു. ദ്രാവിഡര്‍, താര്‍ത്താര്‍മാര്‍ ആദിമ നിവാസികള്‍ – സ്വന്തം സംഭാവനകളായ രക്തവും ഭാഷയും മട്ടുകളും മതങ്ങളും നല്കിക്കൊണ്ടിരുന്ന ഈ വിഭിന്നവര്‍ഗ്ഗക്കാരെയും നാം ഒരു നോക്കു കാണുന്നു. ഒടുവില്‍ ആര്യന്റെ സാമാന്യലക്ഷണമൊത്ത ഒരു വന്‍ജനത നമ്മുടെ ദൃഷ്ടിയില്‍ പെടുന്നു.

കേന്ദ്രസ്ഥവും സമസ്തവുമുള്‍ക്കൊള്ളാന്‍ കരുത്തുള്ളതുമായ (ആര്യവര്‍ഗ്ഗം) സ്വന്തം രൂപവും സ്വഭാവവും ആ ജനസംഘത്തിനു പൊതുവേ നല്കുന്നത് നാം കാണുന്നു. ”ആര്യന്‍” എന്ന പേര് അതു മുറുകെ പിടിക്കുന്നുണ്ട്. അവര്‍ മറ്റു വര്‍ഗ്ഗക്കാര്‍ക്ക് സ്വന്തം പരിഷ്‌കാരത്തിന്റെ സത്ഫലങ്ങള്‍ നല്കാന്‍ തയ്യാറാണെങ്കിലും അവരെയൊക്കെ ആര്യവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഒട്ടും തയ്യാറായിരുന്നില്ല.

ആ വര്‍ഗ്ഗത്തിന്റെ പ്രതിഭയ്ക്ക് ഭാരതത്തിലെ ശീതോഷ്ണസ്ഥിതിയും ഉത്കൃഷ്ടതരമായ ഒരു ഗതിയത്രേ നല്കിയത്. പ്രകൃതി ശുഭാവഹവും എളുപ്പം സാഫല്യമരുളുന്നതുമായ ഒരു നാട്ടില്‍ ജനതയുടെ മനസ്സ് ചിന്താണ്ഡലത്തില്‍, ജീവിതത്തിലെ ഗംഭീരതരങ്ങളായ പ്രശ്‌നങ്ങളോടു മല്ലിടാനും വിജയം വരിക്കാനും മുതിര്‍ന്നു. സ്വാഭാവികമായി ചിന്തകന്‍, പുരോഹിതന്‍, ഭാരതത്തിലെ സമുദായത്തില്‍ ഏറ്റവും ഉയര്‍ന്ന ജാതിയില്‍ പെട്ടു: ഖഡ്ഗപാണിയായ ക്ഷത്രിയന്‍ അങ്ങനെയായില്ല. ചരിത്രത്തിന്റെ ആ പുലരിയില്‍ത്തന്നെ പുരോഹിതന്മാര്‍ തങ്ങളുടെ ഉത്‌സാഹശക്തിയില്‍ ഏറിയകൂറും കര്‍മ്മപദ്ധതികള്‍ വിസ്തരിക്കാന്‍ വിനിയോഗിച്ചു, കര്‍മ്മങ്ങളുടെയും നിര്‍ജീവമായ അനുഷ്ഠാനങ്ങളുടെയും ഭാരം ദുസ്സഹമായപ്പോഴാണ് ഒന്നാമത്തെ ദാര്‍ശനികഭാവനകള്‍ രംഗപ്രവേശം ചെയ്തത്. മാരകമായ കര്‍മ്മാനുഷ്ഠാനങ്ങളുടെ വളവുകളിലും പുളവുകളിലുംനിന്ന് ആദ്യം വെളിയില്‍ ചാടിയത് ക്ഷത്രിയജാതിയാണ്.

ഒരു വശത്ത് ആര്‍ത്ഥികപരിഗണനകള്‍ ഞെരുക്കിയതുകൊണ്ട്, സ്വന്തം സത്തയെ ആവശ്യമാക്കിയ ആ മതവിഭാഗത്തെ സംരക്ഷിക്കാന്‍ മിക്ക പുരോഹിതന്മാരും നിര്‍ബദ്ധരായി. ജാതിവ്യവസ്ഥയില്‍ ഏറ്റവും ഉയര്‍ന്നനിലയും അവര്‍ തങ്ങള്‍ക്കുതന്നെ നല്കി. മറുവശത്ത്, മതകര്‍മ്മങ്ങള്‍ നടത്താന്‍ മാത്രമറിയുന്ന ഒരു കൂട്ടര്‍ക്ക് ഒന്നാം സ്ഥാനം നല്കാന്‍, ഉത്കൃഷ്ടതരമായ ചിന്തകളിലും നേതൃത്വം വഹിക്കയും, ജനതയെ കരുത്തോടെ സംരക്ഷിച്ചും ഭരിച്ചുംവരുകയും ചെയ്ത ക്ഷത്രിയജാതിക്കു സമ്മതമില്ലായിരുന്നു. പുരോഹിതരിലും ക്ഷത്രിയരിലുംനിന്നു തിരഞ്ഞെടുത്തു രൂപപ്പെടുത്തിയ മറ്റൊരു കൂട്ടരുമുണ്ടായിരുന്നു. അവര്‍ കര്‍മ്മഠരെയും ദാര്‍ശനികരെയും ഒപ്പം പരിഹസിച്ചു. ആദ്ധ്യാത്മികതയെ കപടതയെന്നും പുരോഹിതകൗശലമെന്നും പ്രഖ്യാപിച്ചു. ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ലക്ഷ്യം ഭൗതികസുഖലാഭമാണെന്നു വാദിച്ചു. കര്‍മ്മങ്ങളില്‍ മടുപ്പും ദാര്‍ശനികരില്‍ ആശ്ചര്യവും തോന്നിയ ആളുകള്‍ കൂട്ടംകൂട്ടമായി ഭൗതികവാദികളോടു ചേര്‍ന്നു. ഇതത്രേ, ഇന്നുവരെ ഭാരതത്തില്‍ സമാധാനം കാണാതെ വന്നിട്ടുള്ള ആമുക്കോണ്‍യുദ്ധ’ത്തിന്റെ കര്‍മ്മ-ജ്ഞാന-ജഡവാദങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്റെ തുടക്കം.

ഈ പ്രശ്‌നത്തിന് ഒരാദ്യപരിഹാരമെന്ന നിലയില്‍ പരീക്ഷിച്ചുനോക്കപ്പെട്ടതു ഒരു ‘സഞ്ചയപ്രസ്ഥാനം’ ആണ് അതിപ്രാചീന കാലംമുതല്‍ ഈ പ്രസ്ഥാനം ആളുകളെ പഠിപ്പിച്ചത് ഭേദങ്ങളിലെല്ലാം പല വേഷത്തില്‍ പൊതിഞ്ഞ ഒരേ സത്യത്തെ കാണുവാനാണ്. ഈ പ്രസ്ഥാനത്തിന്റെ മഹാനേതാവായ കൃഷ്ണനും അവിടുന്നു ക്ഷത്രിയ ജാതിയില്‍ പെട്ടവനാണ് – അവിടുത്തെ ഉപദേശമായ ഗീതയും, ഭാരതത്തിന്റെ പ്രവാചകനായും ജീവിതത്തിന്റെ ഏറ്റവും യഥാര്‍ത്ഥമായ ദര്‍ശനമായും സ്വയം ഉറച്ചിരിക്കുന്നു. ഇതു സംഭവിച്ചത് ജൈനര്‍ ബൗദ്ധര്‍ തുടങ്ങിയ മതവിഭാഗക്കാരുടെ വിപ്ലവങ്ങള്‍ ഉളവാക്കിയ പല ദശാവിശേഷങ്ങള്‍ക്കുശേഷമാണുതാനും. കൊടുംപിരിക്കൊണ്ട ആ നിലയ്ക്ക് താല്ക്കാലികമായ ഒരയവു വന്നെങ്കിലും സാമുദായികമായ കുറവുകള്‍ നികത്തുവാന്‍ പറ്റിയില്ല. ക്ഷത്രിയജാതി ജാതികളില്‍ ഒന്നാമത്തേതാണെന്ന അവകാശവാദം, പുരോഹിതര്‍ക്കുള്ള സ്ഥാനമാനങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്കുണ്ടായിരുന്ന അസഹിഷ്ണുത തുടങ്ങിയ (വിപ്ലവ)കാരണങ്ങളില്‍ മേല്പറഞ്ഞ സാമുദായികന്യൂനതകളും ഉള്‍പ്പെട്ടിരുന്നു. കൃഷ്ണന്‍, ലിംഗമോ, ജാതിയോ വകവെയ്ക്കാതെ എല്ലാവര്‍ക്കും ലഭിക്കത്തക്കവണ്ണം ആദ്ധ്യാത്മികജ്ഞാനത്തിന്റെയും സിദ്ധിയുടെയും വാതില്‍ തുറന്നിട്ടിരുന്നു. എന്നാല്‍ സാമുദായികമായ വശത്ത് അതേ പ്രശ്‌നം അവിടുന്നു തൊടാതെ വിടുകയാണ് ചെയ്തത്. എല്ലാവര്‍ക്കും സാമുദായികസമത്വം കൈവരുത്താന്‍ ബൗദ്ധരും വൈഷ്ണവരും മറ്റും വന്‍തോതില്‍ പടവെട്ടിയെങ്കിലും നമ്മുടെ ഇക്കാലംവരെ ആ പ്രശ്‌നം നിലനിന്നുപോന്നു.

ഇന്നത്തെ ഭാരതം എല്ലാ ആത്മാക്കള്‍ക്കുമുള്ള ആദ്ധ്യാത്മികസമത്വം സമ്മതിക്കുന്നു: എന്നാല്‍ സാമുദായികഭേദം നിഷ്‌കൃഷ്ടമായി പുലര്‍ത്തുകയും ചെയ്യുന്നു.

ക്രിസ്തുവിനു മുമ്പ് ഏഴാം ശതകത്തിലും അവസാനമായി ആറാം ശതകത്തിലും ഈ പോരാട്ടം പുതുതായി നെടുനീളെ പൊട്ടിപ്പുറപ്പെടുന്നതു കാണാം. അതു ശാക്യമുനിയായ ബുദ്ധന്റെ നേതൃത്വത്തില്‍ പ്രാചീനവ്യവസ്ഥിതിയെ ഞെരിച്ചുകളഞ്ഞു. സ്ഥാനമാനികളായ പുരോഹിതന്മാരോടുള്ള പ്രത്യാഘാതത്തില്‍ പ്രാചീനമായ വൈദികകര്‍മ്മകാണ്ഡം ഏതാണ്ടു മുഴുവനും ബൗദ്ധന്മാര്‍ തുടച്ചുമാറ്റി. സ്വന്തം സിദ്ധന്മാരുടെ കൈങ്കര്യത്തിനായി അവര്‍ വൈദികദേവതകളെ തരം താഴ്ത്തി. പൗരോഹിത്യവും മൂഢവിശ്വാസവും ചേര്‍ന്നുസൃഷ്ടിച്ചതാണ് സ്രഷ്ടാവും മഹേശ്വരനുമെല്ലാം എന്നവര്‍ പ്രഖ്യാപിച്ചു.

എന്നാല്‍ ബുദ്ധമതത്തിന്റെ ഉന്നം വൈദികമതത്തെ പരിഷ്‌കരിക്കയായിരുന്നു. ജന്തുഹിംസയുള്‍പ്പെട്ട വൈദികകര്‍മ്മങ്ങള്‍ക്കും, ജന്മനാ ഉള്ള ജാതിവ്യവസ്ഥയ്ക്കും, മറ്റുള്ളവരെ പുറന്തള്ളുന്ന പൗരോഹിത്യത്തിനും, നിത്യനായ ആത്മാവിലുള്ള വിശ്വാസത്തിനും എതിരായി നിലയുറപ്പിച്ചിട്ടാണ് അത് ആ പരിഷ്‌കാരം നിര്‍വഹിച്ചത്. വൈദികമതത്തെ നശിപ്പിക്കാനോ സാമൂഹ്യവ്യവസ്ഥിതിയെ തകിടം മറിക്കാനോ ബുദ്ധമതം ഒരിക്കലും മുതിര്‍ന്നില്ല. അതു ശക്തിമത്തായ ഒരു പ്രവര്‍ത്തനപരിപാടി നടപ്പിലാക്കി. സന്ന്യാസികളെ പ്രബലവും സൗഭ്രാത്രാധിഷ്ഠിതവുമായ ഒരു ഭിക്ഷുസംഘമായ രുപപ്പെടുത്തി: ബ്രഹ്മവാദിനികളെ ഭിക്ഷുണീസംഘമായും. യജ്ഞവേദിയിലെ അഗ്‌നികള്‍ക്കുപകരം അവര്‍ സിദ്ധന്മാരുടെ വിഗ്രഹങ്ങള്‍ നടപ്പിലാക്കി.

ഭാരതത്തിലെ ആളുകളില്‍ ഭൂരിപക്ഷവും, ഒരുപക്ഷേ പല ശതാബ്ദങ്ങളായി, പരിഷ്‌കര്‍ത്താക്കളുടെ പക്ഷത്തിലായിരിക്കാം. കൂടുതല്‍ പ്രാചീനമായ ശക്തികളെ തികച്ചും അനുരഞ്ജിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല: പക്ഷേ ബൗദ്ധന്മാരുടെ പ്രാബല്യകാലത്ത് അവ ഒട്ടേറെ വ്യത്യാസപ്പെട്ടു.

പ്രാചീനഭാരതത്തില്‍ ജനതാജീവിതത്തിന്റെ കേന്ദ്രങ്ങള്‍ എല്ലായ്‌പോഴും ബൗദ്ധിപരതയെയും ആദ്ധ്യാത്മികതയെയും പുലര്‍ത്തി വന്നു: അവയില്‍ രാഷ്ട്രീയതയ്ക്കു സ്ഥാനമില്ലായിരുന്നു. ഇന്നത്തെപ്പോലെ പണ്ടും രാഷ്ട്രീയവും സാമുദായികവുമായ ശക്തികള്‍ സദാ ആദ്ധ്യാത്മികവും ബുദ്ധിപരവുമായ ശക്തികള്‍ക്കു കീഴടങ്ങിനിന്നു. ഋഷിമാരുടെ ആദ്ധ്യാത്മികഗുരുക്കന്മാരുടെയും മഹാവിദ്യാലയങ്ങള്‍ക്കു ചുറ്റുമായിട്ടാണ് ജനതയുടെ ജീവിതം സ്ഫുടിച്ചത്. പാഞ്ചാലത്തിലും കാശിയിലും മിഥിലയിലുമുള്ള സദസ്സുകള്‍ ആദ്ധ്യാത്മികമായ സംസ്‌കാരത്തിന്റെയും ദര്‍ശനത്തിന്റെയും വന്‍കേന്ദ്രങ്ങളെന്ന നിലയില്‍ പ്രകാശിക്കുന്നത് ഉപനിഷത്തുകളില്‍ കാണാം. പില്ക്കാലത്ത് ഇവ ആര്യന്മാരുടെ വിവിധവിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രീയമായ അതിമോഹങ്ങളുടെ കേന്ദ്രങ്ങളായിത്തീര്‍ന്നു.

വന്‍കിട ഇതിഹാസമായ മഹാഭാരതം കുരുക്കളും പാഞ്ചാലരും തമ്മില്‍, ജനതയുടെമേല്‍ അധികാരം സ്ഥാപിക്കാനായി നടന്ന യുദ്ധത്തെപ്പറ്റിയാണ് നമ്മോടു പറയുന്നത്: അതില്‍വെച്ച് അവര്‍ അന്യോന്യം നശിപ്പിച്ചു. ആദ്ധ്യാത്മികമായ ഉത്കര്‍ഷം അവിടെ നിന്നു തെറ്റി മഗധരുടെയും മൈഥിലരുടെയും ഇടയില്‍ കേന്ദ്രിച്ചു. കുരുപാഞ്ചാലയുദ്ധത്തിനുശേഷം മഗധരാജാക്കന്മാര്‍ക്ക് ഒരുതരം ആധിപത്യം നേടാനും കഴിഞ്ഞു.അതേ കിഴക്കന്‍ദേശമാണ് ബൗദ്ധന്മാരുടെ പരിഷ്‌കാരത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും പ്രധാനമണ്ഡലമായിത്തീര്‍ന്നത്. മൗര്യരാജാക്കന്മാര്‍, ഒരുപക്ഷേ അവരുടെ നിയമബാഹ്യമായ ഉത്പത്തി നിര്‍ബ്ബന്ധിക്കകൊണ്ടാവാം, പുതിയ പ്രസ്ഥാനത്തെ നയിക്കയും സംരക്ഷിക്കയും ചെയ്തപ്പോള്‍, പുതിയ പൗരോഹിത്യശക്തി പാടലീപുത്രത്തില്‍ കേന്ദ്രിച്ച സാമ്രാജ്യത്തിന്റെ രാഷ്ട്രീയശക്തിയുമായി കൈകോര്‍ത്തു. ബുദ്ധമതത്തിന്റെ ജനസമ്മതിയും അതിന്റെ നവവീര്യവും മൗര്യരാജാക്കന്മാരെ ഭാരതത്തിലുണ്ടായ ചക്രവര്‍ത്തിമാരില്‍വെച്ച് ഏറ്റവും വമ്പന്മാരാക്കി. മൗര്യരാജാക്കന്മാരുടെ ശക്തിയാണ് ബുദ്ധമതത്തെ ഇന്നും നാം കാണുന്ന വിശ്വവ്യാപകമതമാക്കിയത്.

വൈദികമതങ്ങളുടെ പഴയ രൂപത്തിനുണ്ടായിരുന്ന അന്യപരിവര്‍ജകതകൊണ്ട് അവയ്ക്കു വെളിയില്‍നിന്നു നേരിട്ടുള്ള സഹായം കൈക്കൊള്ളുക സാദ്ധ്യമല്ലായിരുന്നു. അതേ സമയത്ത് അതിനെ ശുദ്ധവും അധഃപതിപ്പിക്കുമായിരുന്ന പല ഘടകങ്ങളില്‍നിന്നു മുക്തവുമാക്കിവെച്ചത് മേല്‍ച്ചൊന്ന അന്യപരിവര്‍ജകതതന്നെയാണ്. ബുദ്ധമതമാകട്ടെ സ്വന്തം പ്രചരണോത്‌സാഹംകൊണ്ട് ആവക ഘടകങ്ങളെ ഉള്‍ക്കൊള്ളാന്‍ നിര്‍ബ്ബദ്ധമായി.

ഭാരതത്തിലെ ബുദ്ധമതത്തിന് അതിരറ്റ ഈ പരാനുരോധം നിമിത്തം കാലപ്പഴക്കത്തില്‍ വ്യക്തിത്വം മിക്കവാറും നശിച്ചു. കുറേ ശതകങ്ങള്‍ക്കുള്ളില്‍ ബുദ്ധമതത്തിന് അതിന്റെ മാതൃസ്ഥാനീയമായ മതത്തിന്റെ ബുദ്ധിശക്തിയോടു മല്ലടിക്കാനുള്ള കരുത്തും, ബഹുജനപ്രിയമാകാനുള്ള അതിമോഹംമൂലം, നഷ്ടപ്പെട്ടു. ഇതിനിടയില്‍ വൈദികപക്ഷം ജന്തുഹിംസ തുടങ്ങിയ അതിനിന്ദ്യഘടകങ്ങളുടെ ഭൂരിഭാഗവും തള്ളിക്കളഞ്ഞു. വിഗ്രഹങ്ങളും ക്ഷേത്രയാത്രകളും ആകര്‍ഷകമായ മറ്റു പരിപാടികളും സൂക്ഷിച്ചു കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ മല്‍സരിക്കാന്‍ മുതിര്‍ന്നാല്‍ സ്വന്തം സന്തതിയില്‍നിന്നു വൈദികമതം പലതും പഠിച്ചു. പുഴങ്ങി താഴെ വീണുതുടങ്ങിയ ഭാരതീയബുദ്ധമതത്തിന്റെ സാമ്രാജ്യം മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടാണ് വൈദിക മതം അന്നു നിലകൊണ്ടത്.

സിതിയന്മാരുടെ ആക്രമണങ്ങളും പാടലീപുത്രചക്രവര്‍ത്തിമാരുടെ സാമ്രാജ്യത്തിന്റെ പൂര്‍ണ്ണമായ വിനാശവും ഒത്തുചേര്‍ന്നപ്പോള്‍ ബുദ്ധമതത്തിന്റെ തകര്‍ച്ചയും സംഭവിച്ചു.

മദ്ധ്യ-ഏഷ്യയിലുള്ള സ്വന്തം നാടുകളില്‍ ബുദ്ധമതപ്രചാരകന്മാര്‍ കടന്നുവന്നതില്‍ രോഷാകുലരായിരുന്ന ആക്രമണകാരികള്‍ക്ക് ബ്രാഹ്മണരുടെ സൂര്യാരാധനയ്ക്കും തങ്ങളുടെ സൗരമതത്തിനും തമ്മില്‍ വളരെ ചാര്‍ച്ചയുണ്ടെന്നു കാണാന്‍ കഴിഞ്ഞു. വരത്തരുടെ പല ആചാരങ്ങളെയും സ്വായത്തമാക്കാനും ആദ്ധ്യാത്മികമാക്കുവാനും ബ്രാഹ്മണപക്ഷം സന്നദ്ധത കാട്ടിയപ്പോള്‍ ആക്രണകാരികളും ബ്രാഹ്മണരുടെ താല്പര്യങ്ങള്‍ സര്‍വാത്മനാ സംരക്ഷിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു.

തുടര്‍ന്ന് അന്ധകാരത്തിന്‍േറയും മാറിമറിയുന്ന നിഴലുകളുടേതുമായ ഒരു തിരസ്‌കരണിയാണ് – യുദ്ധകോലാഹലങ്ങളും കൂട്ടക്കൊലകളെപ്പറ്റിയുള്ള കിംവദന്തികളും. യവനിക പിന്നെ ഉയരുന്നത് വസ്തുതകളുടെ പുതുതായൊരു വശം അനാച്ഛാദനം ചെയ്തുകൊണ്ടത്രേ.മഗധസാമ്രാജ്യം അസ്തമിച്ചുപോയി. ഉത്തരഭാരതത്തിലെ അധികഭാഗങ്ങളും ക്ഷുദ്രരും സദാ തമ്മില്‍ തല്ലുന്നവരുമായ നാടുവാഴികളുടെ കീഴിലായിരുന്നു. ചില കിഴക്കന്‍പ്രവിശ്യകളെയും ഹിമാലയപ്രദേശങ്ങളെയും ഭാരതത്തിന്റെ തെക്കെ അറ്റത്തെയും ഒഴിച്ചാല്‍ ബുദ്ധമതം മിക്കവാറും അറ്റുപോയിരുന്നു. ജന്മനാ പുരോഹിതരാകുന്നവരുടെ പ്രാബല്യത്തിന്നെതിരായി പല ശതാബ്ദങ്ങളിലൂടെ പടവെട്ടിവന്ന ജനത ഉണര്‍ന്നുനോക്കിയപ്പോള്‍ കണ്ടത് രണ്ടുതരം പൗരോഹിത്യശക്തികളുടെ കടുംപിടിയില്‍ സ്വയം അകപ്പെട്ടിരിക്കയാണെന്നത്രേ; ഒന്നു ജാതിബ്രാഹ്മണരുടേത്: മറ്റേത് പുതിയ ഭരണത്തിലെ പരപരിവര്‍ജ്ജകരായ ഭിക്ഷുക്കളുടേത്. ഇവര്‍ക്കു ബൗദ്ധസംഘടനയുടെ പ്രാഭാവങ്ങളെല്ലാം ഉണ്ടായിരുന്നു: ജനങ്ങളോടു ബൗദ്ധന്മാര്‍ക്കുണ്ടായിരുന്ന അനുകമ്പ ഇല്ലായിരുന്നുതാനും.പഴയ ഭാരതത്തിന്റെ നഷ്ടശിഷ്ടങ്ങളില്‍നിന്ന് മറ്റൊരു ഭാരതം പ്രത്യുത്ഥാനം ചെയ്തു. വീരന്മാരായ രജപുത്രന്മാരുടെ ശൗര്യവും രക്തവുമാണ് അതു സാദ്ധ്യമാക്കിയത്. ചരിത്രപ്രസിദ്ധിയാര്‍ജ്ജിച്ച ചിന്താകേന്ദ്രമായ മിഥിലയിലെ ഒരു ബ്രാഹ്മണന്റെ നിര്‍ദ്ദയമായ ബുദ്ധിശക്തിയാണ് അതിന്റെ അതിരുകള്‍ തിട്ടപ്പെടുത്തിയത്. ശങ്കരനും അവിടുത്തെ ശിഷ്യരായ സന്ന്യാസിമാരും സംഘടിപ്പിച്ച പുതിയ ഒരു ദാര്‍ശനികപ്രവണതയാണ് അതിനെ നയിച്ചത്. മാളവത്തിലെ രാജധാനികളില്‍ പുലര്‍ന്ന കലകളും സാഹിത്യവുമാണ് അതിനെ സുന്ദരമാക്കിയത്.

അതിന്റെ മുമ്പിലുള്ള കര്‍ത്തവ്യങ്ങള്‍ ഗംഭീരങ്ങളായിരുന്നു. സ്വന്തം പൂര്‍വികന്മാര്‍ക്കു നേരിടേണ്ടിവന്ന ഏതു പ്രശ്‌നങ്ങളെയുംകാള്‍ കൂടുതല്‍ വിപുലമായിരുന്നു അതിന്റെ മുമ്പിലുള്ള പ്രശ്‌നങ്ങള്‍. താരതമ്യേന ചെറുതും മുറുക്കമുള്ളതുമായിരുന്നു ആ ജനവര്‍ഗ്ഗം. അതിന്റെ രക്തവും, ഭാഷയും, സാമൂഹ്യവും മതപരവുമായ ആകാംക്ഷകളും അഭിന്നമായിരുന്നു. സ്വന്തം ഐക്യം പാലിക്കാനുള്ള ശ്രമത്തില്‍ അതു ചുറ്റും അത്യുച്ചമായ ഭിത്തികള്‍ കെട്ടിപ്പൊക്കി. ബൗദ്ധാധിപത്യകാലത്ത് സ്വയം വര്‍ദ്ധനവും സങ്കലനവുംകൊണ്ട് അതു പെരുത്തു. പിന്നെ വര്‍ഗ്ഗം, നിറം, ഭാഷ, ആദ്ധ്യാത്മികവാസന, സാമൂഹ്യമായ ഉത്കര്‍ഷേച്ഛ എന്നീ ഉപാധികള്‍ അതിനെ ഒരുതരത്തിലും തമ്മിലിണങ്ങാത്ത ഖണ്ഡങ്ങളായി പിളര്‍ന്നു. ഇതൊക്കെ ഏകീകരിച്ചും കൂട്ടിയിണക്കിയും വമ്പിച്ച ഒരു ജനതയെ രൂപപ്പെടുത്തേണ്ടതായിട്ടാണിരുന്നത്. ഈ കര്‍ത്തവ്യം ബുദ്ധമതം ഏറ്റെടുത്തു നിര്‍വഹിച്ചതാണ്. അന്ന് അതിന്റെ പരിണാമങ്ങള്‍ അത്ര വലുതല്ലായിരുന്നു.

ഇത്രയുംകാലം ഉള്ളിലേക്കു തിക്കിക്കടന്ന മറ്റു വര്‍ഗ്ഗങ്ങളെ ആര്യന്മാരാക്കുകയും അങ്ങനെ വിഭിന്നഘടകങ്ങളില്‍നിന്നു പെരുത്ത ഒരാര്യശരീരം പടുത്തെടുക്കുകയുമെന്നതായിരുന്നു പ്രശ്‌നം. സൗജന്ങ്ങളും ഒത്തുതീര്‍പ്പുകളും വേണ്ടിവന്നെങ്കിലും ബുദ്ധമതത്തിന്റെ പരിശ്രമം ഏറ്റവും സഫലമായിരുന്നു. അതായിരുന്നുതാനും ഭാരതത്തിന്റെ മതം. പക്ഷേ ഒരു കാലഘട്ടത്തിലെത്തിയപ്പോള്‍ കേന്ദ്രസ്ഥമായ ആര്യജാതിക്കുതന്നെ, താഴ്ന്ന പല വര്‍ഗ്ഗങ്ങളോടൊപ്പം വിവേചനം കൂടാതെ അതു കൈക്കൊണ്ട ഭോഗപരമായ ആരാധനാക്രമങ്ങള്‍ അപായശങ്കയുളവാക്കി. സമ്പര്‍ക്കം കുറേക്കൂടെ നീണ്ടുനിന്നാല്‍ ആര്യപരിഷ്‌കാരത്തെത്തന്നെ നശിപ്പിച്ചേനേ. അപ്പോള്‍ സ്വാഭാവികമായിത്തന്നെ ആത്മ സംരക്ഷണത്തിനുവേണ്ടി ഒരു പ്രതികരണമുണ്ടായി. ജന്മദേശത്തെ ഏറിയ ഭാഗങ്ങളിലും ബുദ്ധമതത്തിനു വ്യത്യസ്തമായ നിലനില്പില്ലാതായി.

വടക്കു കുമാരിലനും തെക്കു ശങ്കരന്‍ രാമാനുജന്‍ എന്നിവരും തൊട്ടടുത്തു നയിച്ച പ്രതിപ്രസ്ഥാനം, ഹിന്ദുമതമെന്നറിയപ്പെടുന്ന വിഭാഗങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ആചാരങ്ങളുടെയും വലിയ സഞ്ചയത്തിന്റെ അവസാനത്തെ രൂപമായിരുന്നു. ഒടുവിലത്തെ ആയിരമോ അതിലധികമോ സംവത്‌സരങ്ങളായി ഈ പ്രതിപ്രസ്ഥാനത്തിന്റെ വമ്പിച്ച ചുമതല സാത്മീകരണമായിരുന്നു: കൂടെക്കൂടെ പരിഷ്‌കാരത്തിന്റെ ഒരു പൊട്ടിത്തെറിക്കലും നടന്നുവന്നു. ഈ പ്രതികരണം ആദ്യം ഊന്നിയത് വൈദികകര്‍മ്മങ്ങള്‍ക്കു പുതിയ ജീവന്‍ നല്കാനാണ്. അതു സാദ്ധ്യമല്ലാതെ വന്നപ്പോള്‍ ഉപനിഷത്തുകളെ, വേദങ്ങളുടെ ദാര്‍ശനികാംശങ്ങളെ, അതു സ്വന്തം സത്തയാക്കിവെച്ചു. വ്യാസന്റെ ബ്രഹ്മമീമാംസയെയും കൃഷ്ണന്റെ ഉപദേശരൂപമായ ഗീതയെയും അതു മുന്നോട്ടു കൊണ്ടുവന്നു. പിന്നീടുണ്ടായ പ്രസ്ഥാനങ്ങളെല്ലാം ഇതുതന്നെയാണ് ചെയ്തിട്ടുള്ളതും. ശങ്കരന്റെ പ്രസ്ഥാനം ഉത്കൃഷ്ടമായ സ്വന്തം ബുദ്ധിപരതയിലൂടെ മുന്നോട്ടു തള്ളിക്കയറി. എന്നാല്‍ അതു ജനസഞ്ചയങ്ങള്‍ക്കു വളരെയൊന്നും ഉപകരിച്ചില്ല. കാരണം, അതു ജാതിനിയമങ്ങളെ കര്‍ശനമായനുസരിച്ചു: സാധാരണവികാരങ്ങള്‍ക്ക് അതിലുള്ള സ്ഥാനം വളരെ ചെറുതായി രുന്നു. അതിന്റെ പ്രചരണോപാധി സംസ്‌കൃതംമാത്രം. മറുവശത്ത് വൈദികമതത്തിലേക്കു ജനതതിയെ കൊണ്ടുവരുന്നതില്‍ രാമാനുജന്‍ തികച്ചും വിജയിച്ചു. കാരണം അവിടുത്തെ ദര്‍ശനം ഏറ്റവും പ്രായോഗികമായിരുന്നു. അതിനു വികാരങ്ങളെ തട്ടിയുണര്‍ത്താന്‍ കഴിഞ്ഞു. ആദ്ധ്യാത്മികസിദ്ധികളില്‍ ജന്മാവകാശങ്ങളെ അവിടുന്നു നിഷേധിച്ചു. ജനകീയഭാഷകളിലൂടെയാണ് അവിടുന്നും പ്രചരണം നടത്തിയത്.

കര്‍മ്മകാണ്ഡത്തിന്‍േറതായ വടക്കന്‍ പ്രതികരണത്തിനു പിന്നാലെ വന്നത് മാളവസാമ്രാജ്യത്തിന്റെ താല്ക്കാലികമായ ഉത്കര്‍ഷമാണ്. ചുരുങ്ങിയൊരു കാലത്തിനുള്ളില്‍ അതിനു നാശം നേരിട്ടപ്പോള്‍ കുറെയേറെക്കാലത്തേക്ക് ഉത്തരഭാരതം ഉറക്കത്തിലാണ്ടു എന്നു വേണം പറയാന്‍. അഫ്ഗാനിസ്താനിലെ ഇടുക്കുകളില്‍ക്കൂടി തകര്‍ത്തു. മുന്നേറി വന്ന മുഹമ്മദീയരുടെ കുതിരപ്പടയാണ് അവരെ തട്ടിക്കുലുക്കി ഉണര്‍ത്തിയത്. തെക്കു ശങ്കരന്റെയും രാമാനുജന്റെയും ആദ്ധ്യാത്മികവിപ്ലവത്തിനുശേഷമുണ്ടായത്, ഭാരതത്തില്‍ സാധാരണ കണ്ടുവരുന്ന ഏകീകൃതവര്‍ഗ്ഗങ്ങളുടെയും പ്രബലമായ സാമ്രാജ്യങ്ങളുടെയും ആനുപൂര്‍വിയാണ്. ഭാരതത്തിലെ മതത്തിനും പരിഷ്‌കാരത്തിനും ആശ്രയമായതു ദക്ഷിണഭാരതമാണ്. അന്ന് ഉത്തരഭാരതം, പടിഞ്ഞാറേ കടല്‍മുതല്‍ കിഴക്കേ കടല്‍വരെ മദ്ധ്യഏഷ്യയില്‍നിന്നു വന്ന വിജേതാക്കളുടെ പാദങ്ങളില്‍ വീണുകിടക്കയായിരുന്നു. ദക്ഷിണഭാരതം കീഴടക്കാന്‍ മുഹമ്മദീയര്‍ പല നൂറ്റാണ്ടുകാലം ശ്രമിച്ചു. എന്നാല്‍ അവിടെ സുശക്തമായി കാലുറപ്പിക്കാന്‍പോലും അവര്‍ക്കു കഴിഞ്ഞു എന്നു പറയാവതല്ല. മുകിലരുടെ ഏകീകൃതവും സുശക്തവുമായ സാമ്രാജ്യം അതിന്റെ ആക്രമണപരിപാടി ഏതാണ്ടു മുഴുമിപ്പിക്കുന്ന ഘട്ടത്തിലെത്തിയപ്പോള്‍, തെക്കുള്ള മലകളിലും പീഠഭൂമികളിലുംനിന്ന് യുദ്ധോദ്യുക്തരും കൃഷീവലരുമായ കുതിരപ്പടയാളികള്‍ സംഘംസംഘമായി പ്രവഹിച്ചു. രാമദാസന്‍ പ്രചരിപ്പിച്ചതും തുക്കാറാം പാടിയതുമായ മതത്തിനുവേണ്ടി മരിക്കാന്‍ അവര്‍ നിശ്ചയിച്ചിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ മുകിലരുടെ വമ്പിച്ച സാമ്രാജ്യം കേവലം നാമാവശേഷമായി.

മുഹമ്മദീയകാലഘട്ടത്തില്‍ ഉത്തരഭാരതത്തിലുള്ള പ്രസ്ഥാനങ്ങളുടെ സമാനധര്‍മ്മം വിജേതാക്കളുടെ മതത്തില്‍ ചേരാതെ പൊതുജനങ്ങളെ തടയാനുള്ള ഒരു ശ്രമമായിരുന്നു. ആ മതമാകട്ടെ എല്ലാവര്‍ക്കുമുള്ള സാമുദായികവും ആദ്ധ്യാത്മികവുമായ സമത്വമാണുതാനും കൂടെ കൊണ്ടുവന്നത്.

ദര്‍ശനത്തില്‍ അന്യോന്യം ഭേദമുണ്ടായിട്ടും, രാമാനന്ദന്‍ കബീര്‍ ദാദു ചൈതന്യന്‍ നാനക് എന്നിവര്‍ സ്ഥാപിച്ച സംഘങ്ങളില്‍പ്പെട്ട ആചാര്യന്മാര്‍ ഒപ്പം മനുഷ്യരുടെ സമത്വം പ്രഖ്യാപിച്ചു. പൊതുജനങ്ങളുടെയിടയില്‍ ഇസ്ലാം നടത്തിവന്ന സത്വരമായ മതപരിവര്‍ത്തനം തടയാനാണ് അവരുടെ ശക്തി മിക്കവാറും ചെലവാക്കിയത്. പുതിയ ആശയങ്ങളും ആകാംക്ഷകളും ഉളവാക്കുവാന്‍വേണ്ട ശക്തി വളരെ കുറച്ചേ അവര്‍ക്കു മിച്ചമുണ്ടായിരുന്നുള്ളു.

പക്ഷേ വടക്കു വലിയൊരു പ്രവാചകന്‍ ഉടലെടുത്തു. അദ്ദേഹം സിക്കുകാരുടെ ഒടുവിലത്തെ ഗുരുവായ ഗോവിന്ദസിംഹനാണ്. അദ്ദേഹത്തിന്റെ പ്രതിഭയ്ക്കു സര്‍ഗ്ഗശക്തിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്ധ്യാത്മികപ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് സിക്കുകാരുടെ സുപ്രസിദ്ധമായ രാഷ്ട്രീസംഘടന ഉണ്ടായത്. ഭാരതത്തിന്റെ ചരിത്രത്തിലാകമാനം നമുക്കു കാണാന്‍ കഴിഞ്ഞ വസ്തുത ഇതാണ്; ആദ്ധ്യാത്മികമായ ഒരു വിപ്ലവത്തിനുശേഷം, ഏതാണ്ടെല്ലായ്‌പോഴും, ഈ ഭൂഖണ്ഡത്തില്‍ ഏറിയതോ കുറഞ്ഞതോ ആയ ഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയമായ ഒരൈക്യം ഉടലെടുക്കുന്നു. തല്‍ഫലമായി, അതിനു രൂപം നല്കിയ ആദ്ധ്യാത്മികാകാംക്ഷ സ്വയം പ്രബലപ്പെടുകയും ചെയ്യുന്നു. എന്നാല്‍ മഹാരാഷ്ട്രരുടെയും സിക്കുകാരുടെയും സാമ്രാജ്യം ഉണ്ടായതിനു തൊട്ടുമുമ്പു രൂപപ്പെട്ട ആദ്ധ്യാത്മികാകാംക്ഷ തികച്ചും പിന്‍തിരിപ്പനായിരുന്നു. മുകിലരുടെ രാജസദസ്സുകളെ ചുറ്റി ജ്വലിച്ച ബുദ്ധിപരമായ മഹത്ത്വത്തിന്റെ ഒരു കിരണംപോലും പൂനയിലും ലാഹോറിലും വാണ രാജസദസ്സുകളില്‍ പ്രതിഫലിച്ചുകാണാന്‍ യത്‌നിക്കുന്നതു വിഫലമാണ്. മാളവത്തിലെയും വിദ്യാനഗരത്തിലെയും സമുജ്വലതയെപ്പറ്റി പറകയുംവേണ്ട. ബുദ്ധിപരമായിപ്പറഞ്ഞാല്‍, ഇതു ഭാരതചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ ഘട്ടമാണ്. ജനസഞ്ചയങ്ങളുടെ മതഭ്രാന്തിന്റെ പ്രതിനിധികളും സര്‍വ്വാത്മനാ സംസ്‌കാരദ്വേഷികളുമായിരുന്ന ഈ അസ്ഥിരസാമ്രാജ്യങ്ങള്‍ക്ക്, മുഹമ്മദീയരുടെ വെറുക്കപ്പെട്ട ഭരണത്തെ നശിപ്പിച്ചുകഴിഞ്ഞതോടെ, മുന്നോട്ടു നീങ്ങാനുള്ള തള്ളല്‍ തീരെയില്ലാതായി.

വീണ്ടും കുഴഞ്ഞൊരു കാലഘട്ടമാണുണ്ടായത്. മിത്രങ്ങളും ശത്രുക്കളും, മുകിലസാമ്രാജ്യവും അതിന്റെ വിനാശകരും, അന്നുവരെ ശാന്തമായി കച്ചവടം ചെയ്തുവന്ന ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും എല്ലാം ഒരു തമ്മില്‍ത്തല്ലിലേര്‍പ്പെട്ടു. അമ്പതു കൊല്ലത്തിലേറെ പോരാട്ടവും കൊള്ളയടിയും മുടിപ്പുംമാത്രമാണ് നടന്നത്. പുകയും പൊടിയുമടങ്ങിയപ്പോള്‍ ശേഷിച്ചവരുടെമേല്‍ ഇംഗ്ലീഷുകാര്‍ വിജയിച്ചു വിചരിക്കുന്നതായി കാണപ്പെട്ടു. അരശതാബ്ദമായി ബ്രിട്ടന്റെ കീഴില്‍ സമാധാനവും നിയമവും ക്രമവും നിലനില്ക്കയാണ്. ഇതു പുരോഗതിയുടെ ക്രമമാണോ അല്ലയോ എന്നു നിശ്ചയിക്കേണ്ടതു കാലമാണ്.

ബ്രിട്ടീഷുകാരുടെ വാഴ്ചക്കാലത്ത് ഭാരതീയജനങ്ങള്‍ക്കിടയില്‍ കുറേ മതപ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദില്ലിസാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് ഉത്തരഭാരതത്തിലെ മതവിഭാഗക്കാര്‍ സ്വീകരിച്ച വഴികളാണ് ഇവയും അനുവര്‍ത്തിക്കുന്നത്. മരിച്ചവരുടെയോ മരിക്കുന്നവരുടെയോ ശബ്ദങ്ങളാണിവ: ജീവിക്കാന്‍ അനുവദിക്കണേ എന്ന് അഭ്യര്‍ത്ഥിക്കുന്നവരും പേടിച്ചുകിടുങ്ങിയവരുമായ കുറെ ആളുകളുടെ ദുര്‍ബ്ബ ലസ്വരങ്ങള്‍! അവര്‍ വിജേതാക്കളുടെ രുചിക്കൊത്ത് സ്വന്തം ആദ്ധ്യാത്മികവും സാമുദായികവുമായ ചുറ്റുപാടുകളെ നിയന്ത്രിക്കാന്‍ സദാ സമുത്‌സുകരാണ്. അവര്‍ക്ക് വേണ്ടത് ജീവിക്കാനുള്ള അവകാശമാണ്. ഇംഗ്ലീഷുനിയന്ത്രണത്തിലുള്ള മതവിഭാഗക്കാരെക്കുറിച്ചാണ് ഇതു വളരെ സത്യം. ഇവര്‍ക്കും വിജേതാക്കള്‍ക്കും തമ്മിലുള്ള സാമുദായിക ഭേദങ്ങളാണ് ആദ്ധ്യാത്മികഭേദങ്ങളെക്കാള്‍ തെളിഞ്ഞുകാണുന്നത്.

ഈ ശതാബ്ദത്തിലെ ഹൈന്ദവവിഭാഗക്കാരുടെ മുമ്പിലുള്ള താത്ത്വികാദര്‍ശം ഒന്നുമാത്രമാണ്; ഇംഗ്ലീഷുകാരായ സ്വന്തം യജമാനന്മാരുടെ സാധുവാദം! ഈ മതവിഭാഗക്കാര്‍ കൂണുകള്‍പോലെ നശിച്ചു പോകുന്നെങ്കില്‍ ആശ്ചര്യപ്പെടേണ്ട. ഭാരതത്തിലെ ബഹുഭൂരിപക്ഷം ആളുകളും മതതീക്ഷ്ണതയോടുകൂടി ഇവരില്‍നിന്ന് അകന്നു നില്ക്കയാണ്. അവര്‍ക്കു കിട്ടുന്ന പൊതുജനസമ്മതി, അവര്‍ മരിക്കുമ്പോള്‍ പൊതുജനങ്ങളില്‍നിന്നുണ്ടാകുന്ന സന്തോഷപ്രകടനമാണ്.

ഒരുപക്ഷേ കുറേക്കാലത്തേക്കുകൂടി ഇതൊക്കെ മറിച്ചാകുക സാദ്ധ്യമല്ലായിരിക്കാം.