സ്വാമി വിവേകാനന്ദന്‍

ദിവ്യമായ ഒരു മനുഷ്യവര്‍ഗ്ഗത്തിന്റെ വമ്പിച്ച ശക്തികളുടെയും, നാനായത്‌നങ്ങളുടെയും, അതിരറ്റ ഉത്‌സാഹത്തിന്റെയും വിവിധ പ്രാഭവങ്ങളുടേതായ ആഘാതപ്രത്യാഘാതങ്ങളുടെ അജയ്യമായ സമ്മേളനത്തിന്റെയും, സര്‍വോപരി, അഗാധമായ ചിന്താശീലത്തിന്റെയും വര്‍ണ്ണനകള്‍കൊണ്ടു നിറഞ്ഞതാണ് ഭാരതത്തിന്റെ പ്രാചീനചരിത്രം. രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും കഥകളും അവരുടെ കാമക്രോധങ്ങള്‍ വഴിയായി കൂടെക്കൂടെ ക്ഷോഭിക്കയും അവരുടെ സത്കര്‍മ്മങ്ങളും ദുഷ്‌കര്‍മ്മങ്ങളും വഴിയായി ഇളകിമറിയുകയും ചെയ്ത ഒരു സമുദായത്തിന്റെ ചിത്രങ്ങളാണ് ചരിത്രമെങ്കില്‍ ഒരുപക്ഷേ ഭാരതത്തിന് ഒരു ചരിത്രമേ ഇല്ലെന്നു കരുതാം. എന്നാല്‍ ഭാരതത്തിന്റെ മതസാഹിത്യം കാവ്യപ്പരപ്പ് ദര്‍ശനാവലി ശാസ്ര്തസമൂഹം എന്നിവയുടെ ഓരോ വരിയും വെളിപ്പെടുത്തുന്നത്, പരിഷ്‌കാരപ്പുലരിക്കു മുമ്പുതന്നെ ആ വമ്പിച്ച ജനസമൂഹം പല വഴികളിലായി ചെന്നെത്തിയ ശരിയായ സ്ഥാനത്തെയും അവിടെയെത്താന്‍ അവര്‍ വെച്ച ഓരോ ചുവടുവെയ്പിനെയുമാണ്. വിശപ്പും ദാഹവും കാമവും ക്രോധവുമൊക്കെ അവരെ വലച്ചു: സൗന്ദര്യത്തിന്റെ മാദകശക്തി അവരെ പിടിച്ചുവലിച്ചു: ഒന്നിനും തടുക്കാന്‍ കഴിയാത്ത വമ്പിച്ച ബുദ്ധിശക്തിയും നാനാവികാരങ്ങളും അവരെ ഇളക്കി. മേല്‍ച്ചൊന്ന വെളിപ്പെടുത്തലിന്റെ സ്ഫുടത, രാജാക്കന്മാരെയും മറ്റും പറ്റിയുള്ള വര്‍ണ്ണനകള്‍കൊണ്ടുണ്ടാകുന്നതിനെക്കാള്‍ ഒരു ലക്ഷം മടങ്ങ് അധികമാണുതാനും. പല യുഗങ്ങളായി പ്രകൃതിയോടു നടത്തിയ പോരാട്ടങ്ങളില്‍ അവര്‍ നേടിയ വിജയപതാകകള്‍ ഇന്നു കാറ്റേറ്റു കീറിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്നും അവ പ്രാചീനഭാരതത്തിന്റെ വിജയം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.

മദ്ധ്യ-ഏഷ്യയില്‍നിന്നോ, വടക്കേ യൂറോപ്പില്‍നിന്നോ, ഉത്തരധ്രുവപ്രദേശത്തില്‍നിന്നോ ഈ ജനസമൂഹം പതുക്കെ നടന്നുവന്ന് ഭാരത ഭൂമിയെ പവിത്രമാക്കിയത്, അതോ ഈ പവിത്രഭൂമിതന്നെയാണോ ഇവരുടെ ജന്മദേശം എന്നറിയാന്‍ ഇന്നും ഉപായമൊന്നുമില്ലാതിരിക്കുന്നു. അല്ലെങ്കില്‍ ഭാരതത്തിന്നുള്ളിലോ വെളിയിലോ പാര്‍ത്തുവന്ന വമ്പിച്ച ഒരു മനുഷ്യവര്‍ഗ്ഗം, സ്വാഭാവികമായി സ്വന്തം നിവാസഭൂമി വിട്ട്, ക്രമേണ യൂറോപ്പിലും മറ്റു പ്രദേശങ്ങളിലും കുടിപാര്‍പ്പ് ഉറപ്പിക്കയാണോ ഉണ്ടായത്? ഇവര്‍ വെള്ളക്കാരോ കറുത്തവരോ ആയിരുന്നത്? ഇവരുടെ കണ്ണ് കറുത്തിരുന്നോ, നീലച്ചിരുന്നോ? ഇവരുടെ മുടി സ്വര്‍ണ്ണവര്‍ണ്ണമായിരുന്നോ ഇരുണ്ടിരുന്നോ – എന്നൊന്നും തീരുമാനിക്കാന്‍ ഇപ്പോള്‍ തെളിവില്ല, എന്നാല്‍ യൂറോപ്പിലെ ചില ഭാഷകളോടു സംസ്‌കൃതത്തിനു സാദൃശ്യമുണ്ടെന്ന കാര്യം സത്യം. ഇതുപോലെ ഇന്നുള്ള ഭാരതീയര്‍ ആ വര്‍ഗ്ഗത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണോ? ഇന്നത്തെ ഭാരതീയരുടെ ധമനികളില്‍ ഓടുന്ന രക്തത്തിന്റെ എത്ര പങ്ക് ആ വര്‍ഗ്ഗത്തിന്‍േറതാണ്? ഇന്നത്തെ വര്‍ഗ്ഗങ്ങളില്‍ എത്ര പേര്‍ക്ക് ആ രക്തം അല്പമെങ്കിലുമുണ്ട്? ഇതിന്നൊന്നും ഇപ്പോള്‍ മറുപടി നല്കാവതല്ല.

ഇതിനെപ്പറ്റിയൊക്കെ നിശ്ചയമില്ലെങ്കിലും നമുക്കു വലിയ ചേതമൊന്നുമില്ലതാനും.

ഏതു വര്‍ഗ്ഗത്തിലാണോ പരിഷ്‌കാരം ആദ്യമായുദിച്ചത്, എവിടെയാണോ ചിന്താശീലം പ്രത്യക്ഷപ്പെട്ടത്, അക്കൂട്ടരുടെ മാനസപുത്രന്മാരും പിന്‍തുടര്‍ച്ചക്കാരുമായ ലക്ഷം ലക്ഷം ആളുകള്‍ അവരുടേതായ വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും അവകാശികളായിരിക്കുന്നു. നദികളും പര്‍വ്വതങ്ങളും സമുദ്രങ്ങളും കടന്ന്, ദേശകാലങ്ങളുടേതായ തടസ്സങ്ങള്‍ കൂട്ടാക്കാതെ, വ്യക്തമായോ അല്ലാതെയോ, ദുര്‍ഗ്രഹമായ മട്ടില്‍ ഭാരതീയചിന്താരക്തം മറുവര്‍ഗ്ഗക്കാരുടെ ധമനികളില്‍ എത്തി: ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു.

ഒരുപക്ഷേ സാര്‍വലൗകികമായ ആ പൈതൃകസമ്പത്തിന്റെ സിംഹഭാഗവും നമ്മുടേതായിരിക്കയാണ്.

മദ്ധ്യധരണിക്കടലിന്റെ കിഴക്കേ മൂലയില്‍, വടിവൊത്തതും മനോജ്ഞവുമായ ഒരു ദീപാവലിയില്‍പെട്ട ഒരു ചെറുദേശത്ത് സംഖ്യയില്‍ ചെറുതായ ഒരു വര്‍ഗ്ഗക്കാര്‍ താമസിച്ചുവന്നു. ഈ കടല്‍ സുന്ദരമാണ്: ഇതിനെ പ്രകൃതി മോടിപിടിപ്പിച്ചിട്ടുമുണ്ട്. ആ വര്‍ഗ്ഗക്കാര്‍ സുമുഖരും സുരൂപരുമായിരുന്നു. ഇവരുടെ മാംസപേശികളും സിരാകേന്ദ്രങ്ങളും കരുത്തുറ്റതും ശരീരം ലാഘവമുള്ളതുമായിരുന്നു. എന്നാല്‍ അവര്‍ക്കു സ്‌ഥൈര്യവും ഉത്‌സാഹശീലവുമുണ്ടായിരുന്നു. ഐഹികസൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവങ്ങള്‍ സൃഷ്ടിച്ചെടുക്കുവാന്‍ അവര്‍ക്കുള്ള പാടവം നിസ്തുലമായിരുന്നു. ഒപ്പം അവരുടെ പ്രയോഗകുശലതയും ബുദ്ധിശക്തിയും അസാധാരണവുമായിരുന്നു. പ്രാചീനകാലത്തെ മറ്റു ജനതകള്‍ അവരെയവനരെന്നു വിളിച്ചെങ്കിലും അവര്‍ സ്വയം തിരഞ്ഞെടുത്ത പേര് ‘ഗ്രീക്’ എന്നാണ്. സംഖ്യയില്‍ കുറഞ്ഞവരും വീരന്മാരുമായിരുന്ന ഈ അദ്ഭുതവര്‍ഗ്ഗക്കാര്‍ മനുഷ്യചരിത്രത്തില്‍ നിസ്തുലരാണ്. എവിടെയെങ്കിലും ഏതെങ്കിലും ഒരു ജനത പണ്ടോ ഇന്നോ ലൗകികശാസ്ര്തത്തില്‍ – അതു സാമുദായികമോ സംഗ്രാമികമോ രാഷ്ട്രീയമോ മൂര്‍ത്തിരചനാസംബന്ധിയോ ആകട്ടെ – പുരോഗമിച്ചിട്ടുണ്ടെങ്കില്‍, അവിടെ പ്രാചീനഗ്രീസ്സിന്റെ നിഴല്‍ വീണിട്ടുണ്ടുതന്നെ. പഴയ കാലങ്ങള്‍ പോകട്ടെ, ഇന്നത്തെ യുഗത്തില്‍പ്പോലും ബംഗാളികളായ നാം അറിവുള്ളവരെന്ന് സ്വയം അഭിമാനിക്കുന്നത് കഴിഞ്ഞ അമ്പതു കൊല്ലക്കാലം ഈ യവനഗുരുക്കന്മാരുടെ കാല്‍ച്ചുവടുകള്‍ പിന്‍തുടരുകകൊണ്ടുമാത്രമാണ്. യൂറോപ്യന്‍സാഹിത്യത്തില്‍നിന്നു കിട്ടുന്ന യവനപ്രകാശംകൊണ്ടാണ് നാം നമ്മുടെ വീടുകളെ ഭാസുരമാക്കിയിട്ടുള്ളതും.

എല്ലാത്തരത്തിലും ഇന്നത്തെ യൂറോപ്പു മുഴുവന്‍ പഴയ ഗ്രീസിന്റെ അന്തേവാസിയാണ്, പിന്‍തുടര്‍ച്ചാവകാശിയാണ്. ഇതിലുള്ള സത്യം ഇംഗ്ലണ്ടിലെ ഒരു പ്രാജ്ഞന്‍ വെളിവാക്കുന്നതിങ്ങനെയാണ്; ”പ്രകൃതി സ്വയം നിര്‍മ്മിക്കാത്തതൊക്കെ ഗ്രീക്മനസ്സിന്റെ സൃഷ്ടിയത്രേ.”

വമ്പിച്ച ഈ രണ്ടു നദികള്‍ (ആര്യന്മാരും യവനന്മാരും) വിദൂരങ്ങളും വിഭിന്നങ്ങളുമായ പര്‍വ്വതങ്ങളില്‍നിന്നൊഴുകി ചിലപ്പോള്‍ തൊട്ടടുത്തിട്ടുണ്ട്: അങ്ങനെ സംഗമിച്ചിട്ടുള്ളപ്പോഴൊക്കെ, മാനവസമുദായങ്ങളിലാകെ ബുദ്ധിപരമോ ആദ്ധ്യാത്മികമോ ആയ വന്‍കിട വേലിയേറ്റം ഉണ്ടാകയും, പരിഷ്‌കാരത്തിന്റെ അതിരുകള്‍ നന്നെ വികസിക്കയും, സാര്‍വ്വലൗകികമായ മനുഷ്യസൗഭ്രാത്രത്തിന്റെ കെട്ടുകള്‍ ഉറയ്ക്കയും ചെയ്തിട്ടുണ്ട്.

അതിപ്രാചീനകാലത്തൊരിക്കല്‍, ഭാരതീയദര്‍ശനം ഗ്രീക്കുകാരുടെ ഉത്‌സാഹത്തോടെ സമ്പര്‍ക്കംകൊണ്ടു: തത്ഫലമായി, പാര്‍സികള്‍, റോമക്കാര്‍ തുടങ്ങിയ വമ്പിച്ച ജനതകള്‍ ഉയിര്‍ക്കൊള്ളുകയും ചെയ്തു. മഹാനായ അലക്‌സാണ്ടറുടെ ആക്രമണത്തിനുശേഷം വമ്പിച്ച ഈ രണ്ടു വെള്ളച്ചാട്ടങങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും, ഭൂമുഖത്തിന്റെ ഏതാണ്ടരഭാഗം മുഴുവന്‍ ക്രിസ്തുമതം തുടങ്ങിയ ആദ്ധ്യാത്മികാശയങ്ങളില്‍ ആറാടിക്കയും ചെയ്തു. വീണ്ടും അതുപോലുള്ള മറ്റൊരു സമ്മേളനം നടക്കയും, അത് അറേബ്യയുടെ നവീകരണത്തിലും ക്ഷേമത്തിലും കലാശിക്കയുമുണ്ടായി. അതാണ് ഇന്നത്തെ യൂറോപ്യന്‍ പരിഷ്‌കാരത്തിന്റെ അടിത്തറ പാകിയത്. ഒരുപക്ഷേ നമ്മുടെ ഈ കാലത്ത് അതിബൃഹത്തായ ഈ രണ്ടു ശക്തികളുടെ സമ്പര്‍ക്കത്തിനു പറ്റിയ മറ്റൊരു സന്ദര്‍ഭമുണ്ടായിരിക്കയാകാം. ഈ പ്രാവശ്യം അവയുടെ കേന്ദ്രം ഭാരതമാണ്.

ഭാരതത്തിന്റെ അന്തരിക്ഷം ശാന്തിക്കു പറ്റിയതാണ്: യവനരുടെ പ്രകൃതി ശക്തിയുടെ തുടര്‍ച്ചയായ ആവിഷ്‌കാരത്തിനും. ഗംഭീരമായ ധ്യാനമാണ് ഒരു കൂട്ടരുടെ സ്വഭാവം: അടക്കാനാവാത്ത കര്‍മ്മകുശലത മറ്റേ കൂട്ടരുടെയും . ഒരു കൂട്ടരുടെ മൂലമന്ത്രം ത്യാഗമാണ്: മറ്റേ കൂട്ടരുടേതു ഭോഗവും. ഒരു കൂട്ടരുടെ വ്യാപാരങ്ങളെല്ലാം അന്തര്‍മുഖമാണ്: മറ്റവരുടേത് ബഹിര്‍മുഖവും. ഒരു കൂട്ടരുടെ ഏതാണ്ടെല്ലാ അറിവും ആത്മാവിനെക്കുറിച്ചുള്ളതാണ്: മറ്റവരുടേതു ബാഹ്യവസ്തുക്കളെക്കുറിച്ചുള്ളതും. ഒരു കൂട്ടര്‍ക്കു മുക്തി: മറ്റവര്‍ക്കു രാഷ്ട്രീയസ്വാതന്ത്ര്യം. ഒരു കൂട്ടര്‍ക്ക് ഐഹികാഭ്യുദയത്തില്‍ ശ്രദ്ധയില്ല: മറ്റവര്‍ ലോകത്തെത്തന്നെ സ്വര്‍ഗ്ഗമായി മാറ്റാന്‍ എല്ലു നുറുങ്ങി പണിചെയ്യുകയാണ്. ഒരു കൂട്ടര്‍ നിത്യാനന്ദം കൊതിച്ച്, ക്ഷണികമായ ഐഹികസുഖങ്ങള്‍ വകവെയ്ക്കുന്നേ ഇല്ല: മറ്റവര്‍ നിത്യാനന്ദത്തില്‍ സന്ദേഹിച്ചോ, അതു വിദൂരമെന്നു കരുതിയോ, ഏറ്റവുമധികം ഐഹികസുഖങ്ങള്‍ കൈയ്ക്കലാക്കാന്‍ സര്‍വശക്തികളും ഉപയോഗിക്കുന്നു.

ഈ യുഗത്തില്‍ ഈ രണ്ടു വര്‍ഗ്ഗത്തില്‍പ്പെട്ട മനുഷ്യരും നാമാവശേഷരായിരിക്കയാണ്. അവരുടെ ശരീരങ്ങളിലും മനസ്സുകളിലും നിന്നുടലെടുത്ത അവരുടെ സന്താനങ്ങളും അവരുടെ പ്രവൃത്തികളും ആശയങ്ങളും മാത്രമാണ് നിലനിന്നുവരുന്നത്.
യൂറോപ്പും അമേരിക്കയും പുരോഗമിച്ചുകഴിഞ്ഞ യവനസന്താനങ്ങളാണ്: അവര്‍ സ്വപൂര്‍വികന്മാര്‍ക്കു മഹനീയത ആര്‍ജ്ജിച്ചു കൊണ്ടിരിക്കയുമാണ്. ഇന്നത്തെ ഭാരതനിവാസികളാകട്ടെ, പ്രാചീനരായ ആര്യന്മാര്‍ക്കു മഹനീയത നേടിക്കൊടുക്കുന്നവരല്ലതന്നെ. പക്ഷേ, ചാരത്തിന്നടിയില്‍ നീറിക്കിടക്കുന്ന തീപോലെ ഇന്നത്തെ ഭാരതീയരില്‍ ഇന്നും പൂര്‍വികരുടേതായ അഗ്‌നി അന്തര്‍ലീനമായുണ്ട്. സര്‍വശക്തന്റെ കൃപകൊണ്ട് യഥാവസരം അതു നിശ്ചയമായും വെളിപ്പെടും.

അതു വെളിപ്പെടുമ്പോള്‍ എന്തു നേട്ടമാണുണ്ടാകുക?

വൈദികയാഗാഗ്‌നികളില്‍നിന്നു പൊങ്ങുന്ന ധൂമപടലങ്ങള്‍ വീണ്ടും ഭാരതത്തിന്റെ അന്തരിക്ഷത്തില്‍ തിങ്ങിക്കൂടുമോ? യാഗപശുക്കളുടെ രക്തം ചൊരിഞ്ഞ് വീണ്ടും രന്തിദേവന്റെ കീര്‍ത്തി കത്തിക്കാളുമോ? പഴയ നടപടികളായ ഗോമേധം, അശ്വമേധം, ദേവരന്‍ വഴിക്കുള്ള സന്താനോത്പാദനം തുടങ്ങിയവ വീണ്ടും തലപൊക്കുമോ? അതോ, ബുദ്ധമതപ്രചരണമാകുന്ന പ്രളയത്തില്‍പ്പെട്ടു ഭാരതമാകെ വീണ്ടും വമ്പിച്ചൊരു ഭിക്ഷുവിഹാരമായി മാറുമോ? പണ്ടത്തെപ്പോലെ, മനുവിന്റെ അനുശാസനങ്ങള്‍ വീണ്ടും ഊര്‍ജ്ജിതത്തില്‍ വരുമോ? അതോ, ഇന്നത്തെ ഭാരതത്തില്‍ ഭൂപരമായ ഭേദങ്ങള്‍ക്കൊത്തു പലതരത്തില്‍ നിലനിന്നുവരുന്ന വിഹിതാഹാരങ്ങളെപ്പറ്റിയുള്ള വിവേചനരീതികള്‍ മാത്രം നാട്ടിലെങ്ങും ഒരുപോലെ പ്രാബല്യത്തില്‍ വരുവാനിടയുണ്ടോ? ജാതിവ്യവസ്ഥ നിലനില്ക്കണോ? അത് എന്നെന്നേയ്ക്കുമായി ഒരുവന്റെ ജന്മാവകാശത്തെ ആശ്രയിച്ചിരിക്കുമോ? അതോ, അവന്റെ ഗുണങ്ങള്‍ക്കൊത്തു ക്ന്മപ്തമാകുമോ? അത്തരമൊരു ജാതിവ്യവസ്ഥയില്‍ ആഹാരത്തെക്കുറിച്ചുള്ള വിവേചനം, അതിന്റെ ഗ്രാഹ്യത്യാജ്യതകള്‍, ബംഗാളിലെന്നപോലെ ആഹാരം തൊടുന്നവന്റെ ശുദ്ധ്യശുദ്ധികളെ ആശ്രയിച്ചിരിക്കുമോ? അതോ മദ്രാസിലെപ്പോലെ കൂടുതല്‍ കര്‍ക്കശമായ ഒരു രൂപം കൈക്കൊള്ളുമോ? അതോ, പഞ്ചാബിലെന്നപോലെ ആ മാതിരി നിയമങ്ങളെല്ലാം തിരസ്‌കരിക്കപ്പെടുമോ? പല വര്‍ണ്ണങ്ങളിലുമായി നടക്കുന്ന വിവാഹങ്ങള്‍, മനുവിന്റെ കാലത്തെന്നപോലെ, ഇന്നു നേപാളിലെന്നപോലെ, അനുലോമമായിട്ടാണോ നടക്കാന്‍ പോകുന്നത്? അതോ ബംഗാളിലും മറ്റുമെന്നപോലെ, ഒരേ വര്‍ണ്ണത്തിലുള്ള പരിമിതാംഗങ്ങളോടുകൂടിയ അവാന്തരവര്‍ണ്ണത്തിലായി ഒതുക്കിനിര്‍ത്തണമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം തിട്ടമായി ഉത്തരം പറയുക വളരെ ദുഷ്‌കരം. ഈ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നടപ്പുള്ള കീഴ്‌വഴക്കങ്ങള്‍ക്കു തമ്മിലുള്ള വ്യത്യാസം പരിഗണിക്കുമ്പോള്‍ ഇവയ്ക്കു സമാധാനം കണ്ടെത്തുക കൂടുതല്‍ വിഷമമാവുകയാണുതാനും. എന്തിന്, രാജ്യത്തില്‍ ഒരേ സ്ഥലത്തുള്ള പല വര്‍ണ്ണങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും തമ്മില്‍ത്തന്നെ കീഴ്‌നടപ്പുകളെസ്സംബന്ധിച്ച് വലിയ വ്യത്യാസങ്ങള്‍ കാണാനുണ്ട്.

അപ്പോള്‍ ഭാവിയെന്താണ്?

നമുക്കു വേണ്ടത് ഇപ്പോള്‍ നമുക്കില്ലാത്തതാണ്: ഒരുപക്ഷേ, നമ്മുടെ പൂര്‍വികര്‍ക്കുപോലും ഇല്ലാഞ്ഞത്. എന്നാല്‍ യവനര്‍ക്ക് ഉണ്ടായിരുന്നതാണുതാനും. ലോകത്തെ മുഴുവന്‍ ഉജ്ജീവിപ്പിച്ചുകൊണ്ട് യൂറോപ്പെന്ന വന്‍കേന്ദ്രത്തില്‍നിന്നു പുറപ്പെടുന്ന ആ വമ്പിച്ച വൈദ്യുതീപ്രവാഹത്തെ എന്തിന്റെ ജീവിതസ്പന്ദമാണോ മുന്നോട്ടു തള്ളിവിടുന്നത്, അതാണ് നമുക്കു വേണ്ടത്. നമുക്കു വേണ്ടത് ആ വീര്യമാണ്, ആ സ്വാതന്ത്ര്യപ്രേമമാണ്, ആ സ്വാശ്രയപ്രവണതയാണ്, അചലമായ ആ സഹിഷ്ണുതയാണ്, കര്‍മ്മകുശലതയാണ്, ഉദ്ദേശൈ്യക്യമെന്ന കെട്ടുറപ്പാണ്: മേന്മയ്ക്കുവേണ്ടിയുള്ള ആ ദാഹമാണ്. കഴിഞ്ഞ കാലത്തേക്കുള്ള ആ നിരന്തരവീക്ഷണത്തെ സ്വല്പം നിയന്ത്രിച്ചിട്ട്, ഭാവിയുടെ അനന്തതയിലേക്കു പരന്നുപോകുന്ന കാഴ്ചയാണ് നമുക്കുണ്ടാക്കേണ്ടത്. തലമുതല്‍ കാലുവരെ, ഓരോ നാഡിയിലൂടെയും ഓടുന്ന സുശക്തമായ രജോഗുണമാണ് നമുക്കാവശ്യം.

ത്യാഗത്തെക്കാള്‍ ഏറെ ശാന്തി നല്കുന്നതായി മറ്റെന്തുണ്ട്? നിഃശ്രേയസത്തോടു തട്ടിച്ചുനോക്കുമ്പോള്‍ അനിത്യമായ അഭ്യുദയകണിക നിസ്സാരമത്രേ, നിശ്ചയം. സത്ത്വഗുണത്തെക്കാള്‍ ഏറെ കരുത്തുണ്ടാക്കുന്നതായി മറ്റെന്തുണ്ട്? ആത്മജ്ഞാനത്തോടു തുലനം ചെയ്യുമ്പോള്‍ മറ്റു തരം അറിവുകളെല്ലാം അറിവുകേടുകള്‍തന്നെ എന്നു സമ്മതിക്കണം. എങ്കിലും ഞാന്‍ ചോദിക്കുന്നു; സത്ത്വഗുണം നേടാനുള്ള ഭാഗ്യം സിദ്ധിച്ചവര്‍ ലോകത്തില്‍ എത്രയുണ്ട്? ഈ ഭാരതത്തിലെത്രയുണ്ട്? ‘ഞാനെന്നും എന്‍േറതെന്നുമുള്ള ചിന്ത കുടഞ്ഞുകളഞ്ഞ് എല്ലാം ത്യജിക്കാന്‍പോന്ന ധീരോദാത്തത എത്ര പേര്‍ക്കുണ്ട്? ലൗകിക സുഖങ്ങള്‍ തുച്ഛമെന്നു കാണുന്ന ദൂരദൃഷ്ടിയുള്ള ഭാഗ്യവാന്മാര്‍ എത്രയുണ്ട്? ഈശ്വരന്റെ മഹിമയെയും സൗന്ദര്യത്തെയും ധ്യാനിച്ച് സ്വന്തം ശരീരംപോലും മറക്കുന്ന വിശാലഹൃദയന്‍ എവിടെ? ഭാരതത്തിലെ ജനസംഖ്യ നോക്കുമ്പോള്‍ അത്തരക്കാര്‍ കൈവിരലുകൊണ്ടെണ്ണാന്‍മാത്രം. ഇവര്‍ക്കു മുക്തി കിട്ടാന്‍വേണ്ടി, കോടിക്കണക്കിനാളുകള്‍ ഇന്നത്തെ സാമുദായികവും മതപരവുമായ വണ്ടിച്ചക്രങ്ങളുടെ അടിയില്‍ കിടന്നു ചതയണമോ?

അങ്ങനെ ചതഞ്ഞാല്‍ത്തന്നെ ഏതു നന്മയാണുണ്ടാകുക?

സത്ത്വഗുണത്തിന്റെ പേരില്‍ നാടാകെ ക്രമേണ തമസ്സിന്റെ കടലില്‍ താണുപോയെന്നു കാണരുതേ? എവിടെ പരമവിഡ്ഢികള്‍ പരവിദ്യാപ്രേമം നടിച്ചു സ്വന്തം മൗഢ്യം മറയ്ക്കാന്‍ ശ്രമിക്കുന്നുവോ, എവിടെ ജന്മാലസന്മാര്‍ സ്വന്തം കൊള്ളരുതായ്മയെ വൈരാഗ്യം പുതപ്പിച്ചു മറച്ചുവെയ്ക്കുന്നുവോ, എവിടെ ക്രൂരകര്‍മ്മികള്‍ തപോവ്യാജേന സ്വന്തം നിഷ്ഠൂരതയെ മതാനുഷ്ഠാനമാക്കിത്തീര്‍ക്കുന്നുവോ, എവിടെ സ്വന്തം കൊള്ളരുതായ്മ കണ്ടറിയാന്‍ കണ്ണില്ലാത്തവര്‍ മറ്റുള്ളവരുടെ മേല്‍ കുറ്റങ്ങളെല്ലാം അടിച്ചേല്പിക്കുന്നുവോ, എവിടെ കുറെ പുസ്തകങ്ങള്‍ കാണാപ്പാഠം പഠിപ്പിക്കുന്നത് വിദ്യയും ചര്‍വിതചര്‍വണം പ്രതിഭയും സര്‍വോപരി പൂര്‍വികന്മാരെ പേര്‍ചൊല്ലി വാഴ്ത്തുന്നത് മഹനീയതയുമായിരിക്കുന്നുവോ, ആ നാട് പ്രതിദിനം തമസ്സില്‍ മുങ്ങിച്ചാവുകയാണെന്നതിന് വേറെ തെളിവു വേണമോ?

അപ്പോള്‍ ഇന്നും സത്ത്വഗുണം നമ്മില്‍നിന്നു വളരെയകലെയാണ്. നമ്മുടെയിടയില്‍ പരമഹംസപദവിക്ക് അയോഗ്യരായിട്ടും അവിടെ ചെന്നെത്താമെന്നു കരുതുന്നവരാരോ അവര്‍ക്ക് രജോഗുണലാഭമാണ് ഏറ്റവും നല്ലത്. രജോഗുണത്തിലൂടെ കടന്നുപോകാതെ സത്ത്വത്തിലെത്തുക സാദ്ധ്യമാണോ? ഭോഗം തീരാതെ യോഗം എങ്ങനെ സാദ്ധ്യമാകും? വൈരാഗ്യം കൂടാതെ ത്യാഗം എവിടെനിന്നു വരും?

മറുവശത്ത്, ചൂട്ടുതീപോലെ പെട്ടെന്നു കെട്ടടങ്ങുന്നതാണ് രജോഗുണം. സത്ത്വത്തിന്റെ നില നിത്യവസ്തുവിനു തൊട്ടടുത്തുമാണ്. സത്ത്വം മിക്കവാറും നിത്യവസ്തുതന്നെ. രജോഗുണമേറുന്ന മനുഷ്യവര്‍ഗ്ഗം ദീര്‍ഘായുസ്സുള്ളതല്ല. സത്ത്വഗുണസമ്പന്നമായ വര്‍ഗ്ഗമാകട്ടെ ചിരഞ്ജീവിയാണുതാനും. ചരിത്രമാണ് ഇതിനു തെളിവ്.

ഭാരതത്തില്‍ രജോഗുണം മിക്കവാറും പൂജ്യമാണ്: പടിഞ്ഞാറ് സത്ത്വത്തിന്റെ നിലയും ഇതുതന്നെ. അപ്പോള്‍, പാശ്ചാത്യലോകത്തിന്റെ ജീവിതം ഭാരതത്തില്‍നിന്നുണ്ടാകുന്ന സത്ത്വപ്രസരത്തെ ആശ്രയിച്ചിരിക്കുന്നു എന്നു നിശ്ചയം. ഒപ്പം നിശ്ചയമാണ്, നമ്മുടെ തമസ്സിനെ രജോഗുണപ്രവാഹത്തില്‍ ആഴ്ത്തിയില്ലെങ്കില്‍ ഐഹികോത്കര്‍ഷം നമുക്കുണ്ടാകയില്ലെന്നും: പോരാ, പാരത്രികമായ നന്മയ്ക്കും പലതരം തടസ്സങ്ങള്‍ ഉണ്ടാകതന്നെ ചെയ്യും. ഈ രണ്ടുതരം ശക്തികളെ തമ്മില്‍ കലര്‍ത്തി യോജിപ്പിക്കുന്നതില്‍ ആവുന്നത്ര സഹായിക്കയാണ് ‘ഉദ്‌ബോധന്‍’ പത്രികയുടെ ലക്ഷ്യം.

ഇതു നടപ്പാക്കുന്നതില്‍ ഒരു ഭയമില്ലാതില്ല – വളരെക്കാലംകൊണ്ട് നാം സമ്പാദിച്ച രത്‌നസഞ്ചയം പാശ്ചാത്യശക്തിയുടെ പ്രബലമായ തിരത്തള്ളലില്‍പ്പെട്ട് ഒഴുകിമറഞ്ഞേക്കാം: ഭാരതംതന്നെ, അതിന്റെ ഉത്കടമായ ചുഴലിയില്‍ വീണ്, ഭോഗലാഭത്തിനായുള്ള പോരാട്ടത്തില്‍ സ്വയം മതിമറന്നുപോയേക്കാം. അസാദ്ധ്യവും അപ്രായോഗികവും മൂലോച്ഛേദകവുമായ വൈദേശികരീതികള്‍ അനുകരിച്ച് ”ഇതോ നഷ്ടസ്തതോ ഭ്രഷ്ടഃ” എന്ന മട്ടില്‍ എല്ലാം നാം കളഞ്ഞുകുളിച്ചെന്നും വരാം. അതിനാല്‍ എപ്പോഴും നമ്മുടെ സ്വന്തം സമ്പത്ത് കണ്‍മുമ്പില്‍ത്തന്നെ വെച്ചുപുലര്‍ത്തണം. അങ്ങനെ സാമാന്യജനംപോലും, സ്വന്തം പൈതൃകസമ്പത്തെന്തെന്നു കണ്ടറിയും. ഇതിനുവേണ്ടി നാം പ്രയത്‌നിക്കണം. ഒപ്പം, വെളിച്ചം കയറാനുള്ള മാര്‍ഗ്ഗങ്ങളെല്ലാം നിര്‍ഭയമായി തുറന്നുവെയ്ക്കുകയും വേണം. വെളിച്ചം നാലുദിക്കില്‍നിന്നും അടിച്ചു കയറട്ടെ. പടിഞ്ഞാറുനിന്ന് സാന്ദ്രമായ പ്രകാശം പ്രവഹിക്കട്ടെ. ദുര്‍ബ്ബലവും ദുഷ്ടവുമായതെല്ലാം മൃതിപ്പെടും. അവയെക്കൊണ്ടു പ്രയോജനമെന്ത്? വീര്യവത്തും ബലദായകവുമായതെല്ലാം അനശ്വരമാണ്: നശിപ്പിക്കാനെന്തുണ്ട്?

ഹിമാലയത്തിന്റെ കൊടുമുടികളില്‍നിന്ന് എത്രയോ ഹിമനദികള്‍, ഉത്‌സങ്ങള്‍, നീര്‍ച്ചാലുകള്‍, പുറപ്പെട്ട്, പരന്ന ഗംഗയായി രൂപംപൂണ്ട്, അതിവേഗം സമുദ്രത്തിലേക്കു പാഞ്ഞുപോകുന്നു. പലരീതിയിലുള്ള എത്ര ഭാവങ്ങള്‍, എത്ര ശക്തിപ്രവാഹങ്ങളാണ്, വിഭിന്നദേശങ്ങളിലുള്ള എത്രയെത്ര ഉത്കൃഷ്ടഹൃദയങ്ങളിലും സുശക്തപ്രതിഭകളിലുംനിന്ന് ഉറന്നൊഴുകി, കര്‍മ്മഭൂമിയും വൈദഗ്ദ്ധ്യത്തിന്റെ കേളീരംഗവുമായ ഭാരതത്തെ ആവരണം ചെയ്തിട്ടുള്ളത്? ഇംഗ്ലീഷുകാരുടെ രാജ്യഭാരം, വിദ്യുച്ഛക്തി, തീവണ്ടി, ആവിക്കപ്പല്‍ – എന്നിവയുടേതായ ഈ കാലത്ത് പല ഭാവങ്ങളും രീതികളും നാടെങ്ങും വ്യാപിച്ചിരിക്കയാണ്. അമൃതും വിഷവും ഒപ്പം വ്യാപിക്കുന്നു. ക്രോധപ്രകടനവും കോലാഹലവും രക്തംചിന്തലും ഒക്കെ നടന്നുകഴിഞ്ഞു. ഈ വേലിയേറ്റം തടയുവാന്‍ വേണ്ട കരുത്ത് ഹിന്ദുസമുദായത്തിനില്ല. യന്ത്രംകൊണ്ടു പൊക്കിയെടുത്ത് അരിച്ചെടുത്ത വെള്ളം മുതല്‍ എല്ലുപൊടികൊണ്ടു ശുദ്ധിചെയ്ത പഞ്ചസാരവരെയുള്ള സാധനങ്ങള്‍ ഒട്ടേറെ പ്രതിഷേധകോലാഹലങ്ങള്‍ ഉണ്ടാക്കിയിട്ടും, ആളുകള്‍ മിണ്ടാതെ കൈനീട്ടി മേടിച്ചുകൊണ്ടിരിക്കയാണ്. പതുക്കെപ്പതുക്കെ, നിയമപ്രതാപത്തിലൂടെ, നമുക്ക് ഏറ്റവും പ്രിയപ്പെട്ട കീഴ്‌നടപ്പുകള്‍പോലും പൊഴിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. ഇതു തടുക്കാന്‍ നമുക്കു കരുത്തില്ല. എന്തുകൊണ്ടില്ല? സത്യത്തിനു വാസ്തവത്തില്‍ കരുത്തില്ലേ? സത്യമേവ ജയതേ നാനൃതം: ഈ വേദവാക്യം കള്ളമാണോ? അല്ലെങ്കില്‍, പാശ്ചാത്യമായ രാഷ്ട്രീയ പ്രഭാവത്തിന്റെയും വിദ്യാഭ്യാസപ്രഭാവത്തിന്റെയും തള്ളലില്‍പെട്ട് ഒഴുകിപ്പോകുന്ന ആചാരങ്ങള്‍ ദുരാചാരങ്ങളായിരിക്കാം. ഇതും ഗുരുതരമായ ചര്‍ച്ചയ്ക്കു വിഷയമാകേണ്ടതാണ്.

ബഹുജനഹിതായ ബഹുജനസുഖായ – ”പലരുടേയും നന്മയ്ക്കു വേണ്ടി, പലരുടേയും സുഖത്തിനുവേണ്ടി” നിഃസ്വാര്‍ത്ഥമായി, ഭക്തിപൂര്‍ണ്ണമായ ഹൃദയത്തോടുകൂടി, ഈ പ്രശ്‌നങ്ങളെപ്പറ്റിയൊക്കെ വിമര്‍ശിക്കാന്‍ സഹൃദയരും സ്നേഹസമ്പന്നരുമായ വിദ്വാന്മാരെ ‘ഉദ്‌ബോധന്‍’ ക്ഷണിക്കുന്നു, ദോഷം വെടിഞ്ഞ്, വ്യക്തിക്കോ സമുദായത്തിനോ മതസമ്പ്രദായത്തിനോ നേരെ ശകാരവാക്കുകള്‍ പ്രയോഗിക്കാതെ, എല്ലാ വര്‍ഗ്ഗങ്ങളെയും സേവിക്കാന്‍ അത് ആത്മാര്‍പ്പണം ചെയ്യുന്നു.

”കര്‍മ്മം ചെയ്യാനാണ് നമുക്കധികാരം. ഫലം ഭഗവാന്റെ കൈയിലാണ്.” ഞങ്ങളുടെ പ്രാര്‍ത്ഥന ഇത്രമാത്രം; ”ഓജഃസ്വരൂപനായുള്ളോവേ, ഞങ്ങളെ ഓജസ്വികളാക്കുക: വീര്യസ്വരൂപനായുള്ളോവേ, ഞങ്ങളെ വീര്യവാന്മാരാക്കുക: ബലസ്വരൂപനായുള്ളോവേ, ഞങ്ങളെ ബലവാന്മാരാക്കുക.”