സ ഈശ അനിര്‍വചനീയപ്രേമസ്വരൂപഃ. ”അവര്‍ണ്ണ്യമായ പ്രേമമാണ് ഭഗവാന്റെ സ്വരൂപം.” നാരദന്‍ നിര്‍ദ്ദേശിച്ച ഈ ഈശ്വരലക്ഷണം വ്യക്തവും എല്ലാവരും സമ്മതിക്കുന്നതുമാണെന്നത്രേ എന്റെ ഉറച്ച വിശ്വാസം. വ്യക്തികള്‍ പലര്‍ ചേരുമ്പോള്‍ സമഷ്ടിയായി. ഓരോ വ്യക്തിക്കുമുള്ള പേരത്രേ ‘വ്യഷ്ടി.’ നിങ്ങള്‍, ഞാന്‍, മൃഗം, പക്ഷി, കൃമി, ക്ഷുദ്രജന്തു, മരം, വള്ളി, ഭൂമി, ഗ്രഹം, നക്ഷത്രം – ഓരോന്നും വ്യഷ്ടിയാണ്. ഈ പ്രപഞ്ചം സമഷ്ടിയും. ഇതിനു വേദാന്തത്തിലുള്ള പേരത്രേ വിരാട്, ഹിരണ്യഗര്‍ഭന്‍, ഈശ്വരന്‍ എന്നൊക്കെ. പുരാണങ്ങളിലുള്ള പേര് ബ്രഹ്മാവ്, വിഷ്ണു, ദേവി എന്നൊക്കെയാണ്. വ്യഷ്ടിക്ക് തനതു സ്വാതന്ത്ര്യമുണ്ടോ ഇല്ലയോ? ഉണ്ടെങ്കില്‍ അത് എത്രമാത്രം വേണം? സമഷ്ടിക്കുവേണ്ടി വ്യഷ്ടി സ്വന്തം ഇച്ഛാ ശക്തി മുഴുവന്‍, സുഖം മുഴുവന്‍, ബലികഴിക്കണോ? ഇവയെല്ലാം ഓരോ സമുദായത്തിന്റെയും മുമ്പിലുള്ള നിത്യപ്രശ്‌നങ്ങളാണ്. ഇവയ്ക്കു സമാധാനം കാണുന്നതില്‍ സദാ വ്യാപിച്ചിരിക്കയാണ് എവിടെയുമുള്ള സമുദായം. ഈ പ്രശ്‌നങ്ങള്‍ വന്‍തിരകള്‍പോലെ ഇന്നത്തെ പാശ്ചാത്യസമുദായത്തെ അലട്ടിക്കൊണ്ടിരിക്കയാണ്. സമുദായത്തിന്റെ ആധിപത്യത്തിനുവേണ്ടി വ്യക്തിസ്വാതന്ത്ര്യം ബലികഴിക്കണമെന്ന് ആവശ്യപ്പെടുന്ന സിദ്ധാന്തമാണ് ‘സമാജവാദം’ ആമര്‍ത്സൂഛഹൂണ്‍ഇെ’ വ്യക്തിയുടെ താല്പര്യത്തിനുവേണ്ടി വാദിക്കുന്ന സിദ്ധാന്തം ‘വൈയക്തികവാദവും’ ആതജ്ഞേൂ്ൂജ്ഞസ്പഛഹൂണ്‍ഇെ’
വ്യക്തി എക്കാലവും സമുദായത്തിനു വിധേയനായാല്‍, സ്ഥാപനവും ശിക്ഷണവും ചേര്‍ന്ന് ബലാത്കാരമായി ആത്മത്യാഗമുളവാക്കിയാല്‍, ഉണ്ടാകുന്ന അനന്തരഫലങ്ങള്‍ക്ക് ഒരുജ്വലദൃഷ്ടാന്തമത്രേ നമ്മുടെ മാതൃഭൂമി. ഈ നാട്ടില്‍ ശാസ്ര്തവിധിയനുസരിച്ചാണ് ആളുകള്‍ ജനിക്കുന്നത്: നിര്‍ദ്ദിഷ്ടമായ നിയമങ്ങളനുസരിച്ചാണ് അവര്‍ തിന്നുന്നതും കുടിക്കുന്നതും: അതേ മട്ടിലാണ് വിവാഹം തുടങ്ങിയ കര്‍ത്ത വ്യങ്ങള്‍ നിര്‍വഹിക്കുന്നതും. ചുരുക്കത്തില്‍ മരിക്കുന്നതുപോലും ശാസ്ര്തനിയമങ്ങള്‍ അനുസരിച്ചാണ്. കഠിനമായ ഈ ശിക്ഷണം, ഒരൊറ്റ നന്മ മാറ്റിവെച്ചാല്‍ തിന്മക്കിരിപ്പിടമാണ്. നന്മ ഇതാണ്; പല തലമുറകളായി ആവര്‍ത്തിക്കകൊണ്ട് ഒന്നു രണ്ടു കാര്യങ്ങള്‍ വലിയ വൈഷമ്യം കൂടാതെ ചെയ്യാന്‍ മനുഷ്യര്‍ക്കു കഴിയുന്നു. മൂന്നു മണ്‍കട്ടയും കുറച്ചു വിറകുകൊള്ളിയുംകൊണ്ട് ഇവിടത്തെ പാചകക്കാരന്‍ തയ്യാറാക്കുന്ന രുചികരമായ ചോറും കറിയും മറ്റൊരിടത്തും കിട്ടില്ല. മഹാപഴഞ്ചനും ഒഴുക്കനുമായ ഒരു യന്ത്രമാണ് ഒരു രൂപ വിലപിടിപ്പുള്ള ഒരു തറി. ഈ തറികൊണ്ട്, ഒരു കുഴിയിലേക്കു കാല്‍ തൂക്കിയിട്ടിരുന്ന്, വാരയ്ക്ക് ഇരുപതുരൂപ വിലയുള്ള കസവുപട്ടുണ്ടാക്കാന്‍ ഭാരതത്തിലേ പറ്റൂ. ഒരു കീറപ്പായ്, ആവണക്കെണ്ണ ഒഴിച്ചു കത്തിക്കുന്ന മണ്‍വിളക്ക് – ഈ മട്ടിലുള്ള സാമഗ്രികള്‍കൊണ്ട് മഹാപണ്ഡിതന്മാര്‍ ഈ നാട്ടിലേ ഉണ്ടാകൂ. വിരൂപയും വികലാംഗയുമായ ഭാര്യയെ എല്ലാം സഹിച്ചു സ്നേഹിച്ചുപോരുക: കൊള്ളരുതാത്തവനും നീചനുമായ ഭര്‍ത്താവിനെ ഒരായുഷ്‌കാലം മുഴുവന്‍ ഭക്തിപൂര്‍വ്വം സ്നേഹിക്കുക – ഈ നാട്ടിലേ ഇവ സാദ്ധ്യമാകൂ. ഇതാണ് തെളിവുള്ള വശം.
ജീവനില്ലാത്ത യന്ത്രങ്ങള്‍പോലെ നയിക്കപ്പെടുന്ന മനുഷ്യരാണ് ഇതൊക്കെ ചെയ്യുന്നത്. മാനസികവ്യാപാരമൊന്നുമില്ല: ഹൃദയത്തിനു വികാസമില്ല, ജീവിതസ്പന്ദമില്ല, ആശയുടെ അനക്കമില്ല. ഇച്ഛാശക്തിക്കു പ്രബലമായ പ്രചോദനമൊന്നും അനുഭവപ്പെടുന്നില്ല. തീവ്രമായ സുഖമൊന്നും അനുഭവപ്പെടുന്നില്ല: സാന്ദ്രമായ ദുഃഖത്തോടും സമ്പര്‍ക്കമില്ല. അപൂര്‍വവസ്തുനിര്‍മ്മാണപടുവായ പ്രതിഭ അനങ്ങുന്നേയില്ല. പുതുമയില്‍ കൊതിയില്ല. നൂതനവസ്തുക്കളെക്കുറിച്ചു ശ്ലാഘയുമില്ല. മനസ്സില്‍നിന്നു മേഘങ്ങള്‍ നീങ്ങിപ്പോകുന്നേയില്ല. കാല്യസൂര്യന്റെ സമുജ്വലചിത്രം ഹൃദയത്തെ ഒരിക്കലും ആനന്ദിപ്പിക്കുന്നില്ല. ഇപ്പോഴത്തേതിനെക്കാള്‍ ഭേദപ്പെട്ട ഒരു നിലയുണ്ടോ എന്ന ചോദ്യമേ ഈ മനസ്സില്‍ ഉദിക്കുന്നില്ല. ഉദിച്ചാലും അതു വിശ്വാസമുളവാക്കുന്നില്ല. വിശ്വാസമുണ്ടായാലും പരിശ്രമം ഇല്ലതന്നെ. പരിശ്രമമുണ്ടായാലും ഉത്‌സാഹക്കുറവ് അതില്ലാതാക്കും.നിയമാനുസാരിയായ ജീവിതമൊന്നുകൊണ്ട് പരമസൗഭാഗ്യം വരുമെങ്കില്‍, പരമ്പരാഗതമായ നിയമങ്ങളും കീഴ്‌വഴക്കങ്ങളും വരവണ്ണം തെറ്റാതെ അനുസരിക്കുന്നതാണ് ഗുണത്തികവെങ്കില്‍, മരത്തെക്കാള്‍കൂടുതല്‍ ഗുണത്തികവ് ആര്‍ക്കുള്ളു? റെയില്‍വണ്ടിയെക്കാള്‍ വലിയ ഭക്തന്‍, പവിത്രതയുള്ള സിദ്ധന്‍, മറ്റാരുണ്ട്? ഒരു കല്‍ത്തുണ്ട് വല്ലപ്പോഴും പ്രകൃതിനിയമത്തെ ലംഘിച്ചു കണ്ടിട്ടുണ്ടോ, ആരെങ്കിലും? കന്നുകാലികള്‍ പാപം ചെയ്യുന്നതായി കേട്ടിട്ടുണ്ടോ ആരാനും?
വലിയ ആവിക്കപ്പല്‍, ശക്തിമത്തായ റെയില്‍യന്ത്രം – ഇവയ്ക്കു ബോധമില്ല. അവ അനങ്ങുന്നു, ഓടുന്നു, പക്ഷേ ബുദ്ധിയില്ലാത്തവയാണ്. എന്നാല്‍, സ്വന്തം ജീവന്‍ രക്ഷിക്കാന്‍ റെയില്‍പ്പാത വിട്ടു മാറിപ്പോയ ആ ചെറിയ പുഴു – അതിന് ബുദ്ധിയുണ്ട്. യന്ത്രത്തില്‍ സ്വേച്ഛ ആവിഷ്‌കരിക്കപ്പെടുന്നില്ല: അതിനു നിയമം ലംഘിക്കാന്‍ ആഗ്രഹമില്ല. പുഴുവിനു നിയമത്തെ എതിര്‍ക്കാനാണാഗ്രഹം. അതു നിയമത്തിനുമീതെ ഉയരാന്‍ ആഗ്രഹിക്കുന്നു – ഇതില്‍ അതു ജയിച്ചാലും, തോറ്റാലും. അതുകൊണ്ട് അതിനു ബുദ്ധിയുണ്ട്. ഈ ഇച്ഛ കൂടുതല്‍ സഫലതയോടെ ആവിഷ്‌കരിക്കപ്പെട്ടാല്‍, അതേ അളവില്‍ സുഖം കൂടുന്നു, ജീവന്‍ ഉയര്‍ന്ന വര്‍ഗ്ഗത്തില്‍ പെടുന്നു. ഈശ്വരേച്ഛ തികച്ചും സഫലമാണ്. അതുകൊണ്ടാണ് അവിടുന്നു സര്‍വശ്രേഷ്ഠനാകുന്നതും.
എന്താണ് വിദ്യാഭ്യാസം? പുസ്തകവിദ്യയാണോ അത്? അല്ല. പലതരം അറിവാണോ അത്? അതുമല്ല. വിദ്യാഭ്യാസമെന്നുവെച്ചാല്‍, ഇച്ഛാശക്തിയുടെ ഗതിയെയും ആവിഷ്‌കരണത്തെയും നിയന്ത്രണവിധേയമാക്കുന്നതും സഫലീകരിക്കുന്നതുമായ ശിക്ഷണമെന്നര്‍ത്ഥം. ഈ ഇച്ഛാ ശക്തി പല തലമുറകളായി തുടര്‍ച്ചയായും ബലാത്കാരമായും യാതൊന്നിന്റെ ഫലമായി തടയപ്പെട്ട് ഇന്നു മിക്കവാറും നഷ്ടപ്പെട്ടിരിക്കുന്നുവോ അതു വിദ്യാഭ്യാസമാകുമോ? യാതൊന്നിന്റെ പ്രഭാവംകൊണ്ടാണോ പഴയ ആശയങ്ങള്‍പോലും – പുതിയ ആശയങ്ങളെക്കുറിച്ച് പറകയേ വേണ്ട – ഓരോന്നായി മങ്ങിമറയുന്നത്, മനുഷ്യന്‍ യന്ത്രമായി മാറുന്നത് അതു വിദ്യാഭ്യാസമാണോ? എന്റെ അഭിപ്രായത്തില്‍, സ്വതന്ത്രമായ സ്വേച്ഛയുടേയും ബുദ്ധിയുടെയും പ്രേരണകൊണ്ടു തെറ്റു ചെയ്യുന്നതുപോലും വെറും യന്ത്രം കണക്കു നന്മചെയ്യുന്നതിനെക്കാള്‍, അനുഗൃഹീതമായ അവസ്ഥയാണ്. പിന്നെ, വെറും മണ്ണാംകട്ട കണക്കുള്ള, നിര്‍ജീവയന്ത്രങ്ങള്‍പോലുള്ള, കൂനകൂട്ടിയ കല്ക്കഷണങ്ങളെ ഓര്‍മ്മിപ്പിക്കുന്ന, മനുഷ്യരുടെ സംഘത്തെ സമുദായമെന്നു വിളിക്കാമോ? അത്തരത്തിലൊരു സമുദായം എങ്ങനെ തൃപ്തികരമായി വ്യാപരിക്കും? ഇങ്ങനെയായാല്‍ നന്മയുണ്ടാകുമെങ്കില്‍, നാം പല ശതകങ്ങളായി അടിമത്തത്തില്‍ കഴിയുന്നതിനുപകരം ഭൂമുഖത്തുള്ള ജനതകളില്‍വെച്ച് അതിശ്രേഷ്ഠമായ ജനതയായേനേ: വിഡ്ഢിത്തത്തിന്റെ വിളഭൂമിയാകുന്നതിനുപകരം, ഭാരതത്തിന്റെ മണ്ണില്‍നിന്നു വിദ്യയുടെ നിത്യനിര്‍ഝരി പൊട്ടിപ്പുറപ്പെടുകയും ചെയ്‌തേനേ.
അപ്പോള്‍ ആത്മത്യാഗം ഒരു നന്മയല്ലേ? ഒരുവന്റെ സുഖവും നന്മയും ബഹുജനങ്ങള്‍ക്കുവേണ്ടി ബലികഴിക്കുന്നതല്ലേ ഏറ്റവും ധാര്‍മ്മികമായ നടപടി? നിശ്ചയമായും. എന്നാല്‍ ബംഗാളിപ്പഴഞ്ചൊല്ലു ചൂണ്ടിക്കാട്ടുംപോലെ, ”തുടച്ചും മിനുക്കിയും സൗന്ദര്യമുണ്ടാക്കാമോ? യത്‌നിച്ചും നിര്‍ബ്ബന്ധിച്ചും സ്നേഹമുണ്ടാക്കാമോ?” എന്നും തെണ്ടിക്കഴിയുന്നവന്റെ ത്യാഗത്തിന്നെന്തു പെരുമ? ഇന്ദ്രിയശക്തിയില്ലാത്തവന്റെ ഇന്ദ്രിയനിഗ്രഹത്തിന് എന്തു ഗുണം? ആശയവും ഹൃദയവും കടുത്ത ഉത്കര്‍ഷേച്ഛയും സമുദായതത്ത്വബോധവുമില്ലാത്തവന്റെ ആത്മത്യാഗം എങ്ങനെയിരിക്കും? വിധവയെക്കൊണ്ടു നിര്‍ബ്ബന്ധിച്ചു ‘സതി’ ആചരിപ്പിക്കുന്നത് ഭര്‍ത്താവിനോടു ഭക്തി കാട്ടുന്നതായി കരുതുന്നതെങ്ങനെ? അന്ധവിശ്വാസങ്ങള്‍ പഠിപ്പിച്ച് ആളുകളെക്കൊണ്ടു പുണ്യം ചെയ്യിക്കുന്നതെന്തിന്? ഞാന്‍ പറയുന്നു, ”മോചിപ്പിക്കുക: ആളുകളുടെ ചങ്ങല ആവുംവണ്ണം പൊട്ടിച്ചെറിയുക.” അഴുക്കുകൊണ്ട് അഴുക്കു കഴുകിക്കളയുന്നതെങ്ങനെ? അടിമത്തംകൊണ്ട് അടിമത്തം മാറുമോ? ഇതിനു ദൃഷ്ടാന്തമെവിടെ? സമുദായത്തിനുവേണ്ടി നിങ്ങള്‍ സുഖകാമനകളെല്ലാം ബലികഴിക്കാന്‍ സന്നദ്ധനായാല്‍ നിങ്ങള്‍ ബുദ്ധനാവും: സ്വാതന്ത്ര്യമടയും. ഇതു വളരെ ദൂരെയാണ്. നിപീഡനത്തിലൂടെയാണ് അവിടേക്കുള്ള വഴിയെന്നാണോ വിചാരം? ”ഹാ! നമ്മുടെ വിധവകള്‍ ആത്മത്യാഗത്തിന്റെ എത്ര വലിയ ദൃഷ്ടാന്തങ്ങള്‍! ഹാ ശൈശവ വിവാഹം എത്ര മധുരം! അത്തരം മറ്റൊരു കീഴ്‌വഴക്കം സൃഷ്ടിക്കുക സാദ്ധ്യമാണോ? അത്തരമൊരു വിവാഹത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ സ്നേഹത്തിന്നല്ലാതെ സ്ഥാനമെവിടെ?” ഇത്തരം മുറവിളിയാണ് ഇപ്പോള്‍ എങ്ങും കേള്‍ക്കുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ അധികാരം അടക്കിവെച്ചിരിക്കുന്ന പുരുഷന്മാര്‍ക്ക് ആത്മത്യാഗത്തിന്റെ ആവശ്യമേ ഇല്ല. പരസേവയ്ക്കുമേല്‍ മറ്റൊരു ഗുണമുണ്ടോ? പക്ഷേ ഈ തത്ത്വം ബ്രാഹ്മണരെ മാത്രം സംബന്ധിക്കുന്നില്ല – ബ്രാഹ്മണേതരരായ നിങ്ങള്‍ അതു ചെയ്യൂ! ഈ നാട്ടില്‍ തങ്ങളുടെ സ്വന്തം താല്പര്യങ്ങള്‍ക്കുവേണ്ടി, സ്വന്തം കുട്ടികളുടെയും മറ്റുള്ളവരുടെയും ഉത്തമ താല്പര്യങ്ങളെ നിര്‍ദ്ദയം ബലികഴിക്കാന്‍ അച്ഛനമ്മമാര്‍ക്കും ഉറ്റവര്‍ക്കും കഴിയുന്നു എന്നതാണ് സത്യം. സമുദായവുമായി ഒരു ധാരണയിലെത്തി സ്വയം തടിതപ്പുകയാണുദ്ദേശ്യം. മനസ്സിനെ കഠിനമാക്കിത്തീര്‍ത്തുകൊണ്ട് പല തലമുറകളായി നിലനിന്നുപോരുന്ന ഉപദേശങ്ങള്‍ ഇതു തികച്ചും എളുപ്പമാക്കിയിട്ടുമുണ്ട്. വീരന്നു മാത്രമേ ആത്മത്യാഗം സാദ്ധ്യമാകൂ. ചാട്ടയെ പേടിക്കുന്ന ഭീരു ഒരു കൈകൊണ്ടു കണ്ണുനീര്‍ തുടയ്ക്കും; മറ്റേ കൈകൊണ്ടു കൊടുക്കും. ഇത്തരം ദാനങ്ങള്‍കൊണ്ട് എന്തു കൃതം? സാര്‍വലൗകിക സ്നേഹത്തില്‍നിന്നു വളരെ ദൂരെയാണിത്. ചെറുചെടികളെ വേലികെട്ടി സൂക്ഷിക്കണം. ഏതെങ്കിലും ഒരു വസ്തുവിനെ നിഃസ്വാര്‍ത്ഥമായി സ്നേഹിക്കാന്‍ പഠിച്ചാല്‍ സാര്‍വ്വലൗകിക സ്നേഹം ക്രമേണ നേടാമെന്നാശിക്കാം. ഒരു ഇഷ്ടദേവതയോടുള്ള ഭക്തി കൈവന്നാല്‍ വിരാട്ടിനോടും ക്രമേണ ഭക്തി സാദ്ധ്യമാകും.അതിനാല്‍, ഒരു വ്യക്തിക്കുവേണ്ടി ആത്മത്യാഗം സാധിച്ചിട്ടു വേണം സമുദായത്തിനുവേണ്ടിയുള്ള ആത്മത്യാഗത്തെപ്പറ്റി പറയാന്‍: അതിന്നു മുമ്പല്ല. സകാമകര്‍മ്മമാണ് നിഷ്‌കാമകര്‍മ്മത്തിലേക്കു നയിക്കുന്നത്. കാമം ആദ്യമില്ലെങ്കില്‍, കാമത്യാഗം സാദ്ധ്യമാണോ? അതിന്റെ അര്‍ത്ഥമെന്താകും? ഇരുളില്ലെങ്കില്‍ വെളിച്ചത്തിന്നെന്തര്‍ത്ഥം?
ആദ്യമുണ്ടാകുന്നത് സകാമമായ, ആസക്തിയോടുകൂടിയ, ആരാധനയാണ്. ചെറുതിനെ ആരാധിച്ചുതുടങ്ങുക: അപ്പോള്‍ വലുത് സ്വയം വന്നുചേര്‍ന്നുകൊള്ളും.
അമ്മേ, വ്യഗ്രത വേണ്ട. വലിയ മരങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞേല്ക്കുന്നത്. ”ഇളക്കിയാല്‍ തീ നന്നായി കത്തുകയേയുള്ളു: തലയ്ക്കടിയേറ്റ സര്‍പ്പം പത്തി വിടര്‍ത്തുന്നു.” ഹൃദയത്തില്‍ ദുഃഖം വരുമ്പോള്‍, ദുഃഖത്തിന്റെ കൊടുങ്കാറ്റ് എങ്ങും വീശുമ്പോള്‍, ഇനിമേല്‍ വെളിച്ചം ഉണ്ടാവില്ലെന്നു തോന്നുമ്പോള്‍, ആശയും ചുണയും മിക്കവാറും അറ്റുപോകുമ്പോള്‍ ആണ്, ഈ ആദ്ധ്യാത്മികക്ഷോഭത്തിന്നിടയില്‍ ഉള്ളിലെ ബ്രഹ്മതേജസ്സു കത്തിക്കാളുന്നത്. അതിഭോഗങ്ങളുടെ മടിയില്‍ ഇരുന്നു വളര്‍ന്നും, പുഷ്പശയ്യയില്‍ കിടന്നും, ഒരിക്കലും ഒരു തുള്ളി കണ്ണുനീര്‍ ചിന്താതെയും, ആരാണ് എന്നെങ്കിലും വലിയവനായത്, ഉള്ളിലെ ബ്രഹ്മത്തെ എന്നെങ്കിലും ആവിഷ്‌കരിച്ചിട്ടുള്ളത്? കരയാന്‍ ഭയപ്പെടുന്നതെന്തിന്? കരയുക. കരച്ചില്‍ കണ്ണുകള്‍ക്കു തെളിമയും ഉള്‍ക്കാഴ്ചയും നല്കുന്നു. അപ്പോള്‍ വൈവിദ്ധ്യദര്‍ശനം – മനുഷ്യന്‍, മൃഗം, മരം – ക്രമേണ മാഞ്ഞുപോകുന്നു: പകരം എവിടെയും എന്തിലും അതിരറ്റ ബ്രഹ്മസാക്ഷാത്കാരം വരുകയും ചെയ്യുന്നു. അപ്പോള്‍,
സമം പശ്യന്‍ ഹി സര്‍വത്ര സമവസ്ഥിതമീശ്വരം
ന ഹിനസ്ത്യാത്മനാത്മാനം തതോ യാതി പരാം ഗതിം.
”എങ്ങും ഒപ്പം വര്‍ത്തിക്കുന്ന ഒരേ ഈശ്വരനെ കാണുവാന്‍ നിശ്ചയമായും സ്വയം ആത്മാവിനെ ഹിംസിക്കയില്ല. അങ്ങനെ അയാള്‍ പരഗതി പ്രാപിക്കയും ചെയ്യുന്നു.”