സ്വാമി വിവേകാനന്ദന്‍

അവതാരിക
പാശ്ചാത്യര്‍ക്ക് ഞാന്‍ നല്കിയ സന്ദേശം ധീരമായ ഒന്നായിരുന്നു. പക്ഷേ, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ക്കായി ഞാന്‍ നല്കുന്ന സന്ദേശം ധീരതരമായ ഒന്നത്രേ. ഇന്നത്തെ പാശ്ചാത്യജനതകള്‍ക്കായി പ്രാചീനഭാരതത്തിനു നല്കാനുള്ള സന്ദേശം, എന്റെ അങ്ങേയറ്റത്തെ കഴിവിനൊത്ത് പ്രഖ്യാപിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അതു വേണ്ട വണ്ണമായോ ഇല്ലയോ എന്നു ഭാവിയാണ് നിശ്ചയമായും കാട്ടിത്തരിക. പക്ഷേ ആ ഭാവിയുടെ കരുത്തുറ്റ ശബ്ദം, മൃദുവും എന്നാല്‍ വ്യക്തവുമായ മര്‍മ്മരങ്ങള്‍, ഇപ്പോഴേ മുന്നോട്ടലച്ചുകൊണ്ടിരിക്കയാണ്: ദിവസങ്ങള്‍ കഴിയുംതോറും അവ കൊഴുത്തുവരുകയുമാണ്. ഭാവിഭാരതം വര്‍ത്തമാനഭാരതത്തിനു നല്കുന്ന സന്ദേശമത്രേ ഇത്.

എനിക്കു കാണാന്‍ തരപ്പെട്ട പല വംശക്കാരുടെയുമിടയില്‍വെച്ച് അദ്ഭുതമായ പല സ്ഥാപനങ്ങളെയും കീഴ്‌വഴക്കങ്ങളെയും പറ്റി, പ്രബലതയുടെയും പ്രതാപത്തിന്റെയും അദ്ഭുതമായ പല ആവിഷ്‌കാരങ്ങളെയുംപറ്റി, പഠിക്കുവാന്‍ എനിക്കു സൗഭാഗ്യമുണ്ടായി. പക്ഷേ, വിഭിന്നമായ രീതികളുടെയും കീഴ്‌വഴക്കങ്ങളുടെയും സംസ്‌കാരത്തിന്റെയും പ്രതാപത്തിന്റെയും സ്ഫുടവ്യത്യാസങ്ങളുടെ അടിയില്‍, ഒരേ മട്ടിലുള്ള സുഖദുഃഖങ്ങളുടേയും ദൗര്‍ബ്ബല്യപ്രാബല്യങ്ങളുടേയും സമ്മര്‍ദ്ദമനുസരിച്ചു ശക്തിമത്തായ ഓരോ മനുഷ്യഹൃദയമാണ് തുടിച്ചുകൊണ്ടിരുന്നതെന്നത്രേ ഞാന്‍ കണ്ട ഏറ്റവും അദ്ഭുതമായ വസ്തുത.

നന്മയും തിന്മയും എല്ലായിടത്തുമുണ്ട്: ഇവയ്ക്കുള്ള സമതുലിതാവസ്ഥ അദ്ഭുതമാണ്. പക്ഷേ എല്ലാറ്റിനും മേലേയാണ് എവിടെയുമുള്ള മനുഷ്യന്റെ മഹനീയാത്മാവ്: ആത്മാവിന്, അതിന്റെതായ ഭാഷയില്‍ സംസാരിക്കാന്‍ അറിയാവുന്നവരെ മനസ്സിലാകാതെ വരില്ല. മനുഷ്യരാശിക്ക് അനുഗ്രഹങ്ങളായ ജീവിതങ്ങള്‍ നയിച്ച സ്ര്തീപുരുഷന്മാര്‍ എല്ലാ നരവംശങ്ങളിലും കാണപ്പെടുന്നു. ”എല്ലാ നാടുകളിലുമുണ്ട്, ബ്രാഹ്മണരും ശ്രമണരും നിവസിക്കുന്നു” – ദിവ്യനായ അശോകചക്രവര്‍ത്തി പ്രയോഗിച്ച ഈ വാക്കുകള്‍ സത്യമെന്നത്രേ അവര്‍ തെളിയിക്കുന്നത്.

വിശുദ്ധരും അനാസക്തരുമായ ആത്മാക്കള്‍ക്കുമാത്രം നല്കാവുന്ന സ്നേഹത്തോടുകൂടി എന്നെ സ്വീകരിച്ച ഉദാരചിത്തരായ പാശ്ചാത്യരോടു ഞാന്‍ കൃതജ്ഞനാണ്. എന്നാല്‍ എന്റെ ജീവിതം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത് എന്റെ മാതൃരാജ്യത്തിന്നാണ്. എനിക്കിനിയും ഒരായിരം ജീവിതം ഉണ്ടെങ്കില്‍, എന്റെ നാട്ടുകാരേ, സുഹൃത്തുക്കളേ, അവയിലെ ഓരോ നിമിഷത്തെയും ഞാന്‍ നിങ്ങളുടെ സേവനംകൊണ്ടു പവിത്രമാക്കും.

കാരണം, കായികമോ മാനസികമോ ആദ്ധ്യാത്മികമോ ആയി എനിക്കുള്ളതിന്നെല്ലാം എന്റെ കടപ്പാട് ഈ നാടിനോടാണ്. എന്തിലെങ്കിലും എനിക്കു സഫലത ഉണ്ടായിട്ടുണ്ടെങ്കില്‍, ശ്ലാഘ്യത നിങ്ങള്‍ക്കുള്ളതാണ്, എനിക്കുള്ളതല്ല. എന്‍േറതുമാത്രമായിട്ടുള്ളത് എന്റെ ദുര്‍ബലതകളും പരാജയങ്ങളുമാണ്: അവ വന്നുചേര്‍ന്നത്, എന്റെ ജനനം മുതല്‍ ഈ നാട്ടില്‍ ചുറ്റുമുണ്ടായിരുന്ന മഹത്തായ പാഠങ്ങള്‍ പ്രയോജനപ്പെടുത്താന്‍ എനിക്കു കഴിയാതെവന്നതുകൊണ്ടാണല്ലോ.

ഏതു തരത്തിലുള്ള നാട്! ഈ പവിത്രഭൂമിയില്‍ ആരെങ്കിലും നില്ക്കട്ടെ – വിദേശീയനാകട്ടെ, സ്വദേശീയനാകട്ടെ: അയാളുടെ ആത്മാവ് മൃഗങ്ങളുടെ നിലയിലേക്കു വഴുതിവീണിട്ടില്ലെങ്കില്‍ അയാള്‍ക്കു തോന്നും, തന്നെ ചുഴന്നുനില്ക്കുന്നത് ഭൂമിദേവിയുടെ ഏറ്റവും ഉത്കൃഷ്ടരും പവിത്രരുമായ പുത്രന്മാരുടെ ജീവത്തായ ചിന്തകളാണെന്ന്. ഇവര്‍ എന്നാണാവിര്‍ഭവിച്ചതെന്നു രേഖപ്പെടുത്താന്‍ ചരിത്രത്തിനു കഴിഞ്ഞിട്ടില്ല: ഇവര്‍ ശതകങ്ങളിലൂടെ പ്രയത്‌നിച്ചിട്ടുള്ളതു മൃഗതുല്യരെ ദിവ്യപദവിയിലെത്തിക്കാനാണ്. ഇവിടത്തെ അന്തരീക്ഷത്തില്‍ത്തന്നെ ആദ്ധ്യാത്മികതയുടെ സ്പന്ദങ്ങള്‍ നിറഞ്ഞിരിക്കുന്നു. ദര്‍ശനത്തിന്റെയും ധര്‍മ്മശാസ്ര്തത്തിന്റെയും ആദ്ധ്യാത്മികതയുടെയും പുണ്യഭൂമിയാണിത്. സ്വന്തം മൃഗീയത സുരക്ഷിതമാക്കാന്‍ അവിശ്രാന്തം തിടക്കപ്പെടുന്ന മനുഷ്യന്നു വിശ്രാന്തി നല്കാന്‍ കഴിവുള്ളതിന്റെയെല്ലാം പുണ്യഭൂമിയത്രേ ഇത്. മൃഗീയതയുടെ പുറഞ്ചട്ട വലിച്ചെറിയാനും, അങ്ങനെ ദിവ്യനും ജനനമരണരഹിതനും നിത്യാനുഗൃഹീതനുമായ ആത്മാവായി വെളിപ്പെടാനും ഒരുവനെ കരുത്തനാക്കുന്ന ശിക്ഷണത്തിന്റെ പുണ്യഭൂമിയത്രേ ഇത്. ഈ ഭൂമിയില്‍ സുഖങ്ങളുടെ ചഷകം നിറഞ്ഞിരുന്നു. അതിലേറെ നിറഞ്ഞിരുന്നതു ദുരിതങ്ങളുടെ ചഷകമാണ്. ഇവിടെയാണ്, ഒടുവില്‍ അതെല്ലാം പൊള്ളയാണെന്നു മനുഷ്യന്‍ ആദ്യമായി കണ്ടെത്തിയത്. യൗവനത്തിന്റെ തികവില്‍, സുഖഭോഗങ്ങളുടെ മടിയില്‍ മഹനീയതയുടെ പരമകാഷ്ഠയില്‍, പ്രതാപത്തിന്റെ ബഹുലതയില്‍, മനുഷ്യന്‍ മോഹപാശങ്ങള്‍ പൊട്ടിച്ചെറിഞ്ഞു മുന്നേറി. ഇവിടെ, ഈ മനുഷ്യമഹാസാഗരത്തില്‍, സുഖദുഃഖങ്ങളുടെയും പ്രാബല്യദൗര്‍ബല്യങ്ങളുടെയും സമ്പത്തിദാരിദ്ര്യങ്ങളുടെയും ആനന്ദശോകങ്ങളുടെയും മന്ദഹാസബാഷ്പങ്ങളുടെയും ജീവിതമരണങ്ങളുടെയും ശക്തിമത്തായ ധാരകള്‍ ഏറ്റുമുട്ടിയിട്ടുണ്ടായ നിശിതമായ ആഘാതപ്രത്യാഘാതങ്ങളുടെ ഇടയില്‍, നിത്യസമാധാനത്തിന്റെയും ശാന്തിയുടെയും അലിഞ്ഞുചേര്‍ന്ന താളലയത്തിലാണ് ത്യാഗത്തിന്റെ സിംഹാസനം ആദ്യമായി ഉയര്‍ന്നുവന്നത്. ജീവിതമരണങ്ങള്‍, ജീവിതതൃഷ്ണ, ജീവിതം നിലനിര്‍ത്തുവാന്‍ നടത്തുന്ന വ്യര്‍ത്ഥവും ഭ്രാന്തവുമായ പോരാട്ടം ദുഃഖങ്ങളുടെ കൂമ്പാരത്തില്‍ കൊണ്ടുചെന്നാഴ്ത്തല്‍ മുതലായ വന്‍പ്രശ്‌നങ്ങള്‍ ആദ്യമായി മനുഷ്യന്‍ കൈകാര്യം ചെയ്തതും. സമാധാനം കണ്ടെത്തിയതും ഈ നാട്ടിലാണ്. ഈ സമാധാനം മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതും ഇനിയൊട്ടുണ്ടാകാന്‍ തരമില്ലാത്തതുമാണ്. കാരണം, ഇവിടെ, ഇവിടെമാത്രമാണ് ജീവിതംപോലും ഒരു തിന്മയാണെന്നു കണ്ടുപിടിക്കപ്പെട്ടത്. യാതൊന്നുമാത്രം സത്യമോ അങ്ങനെയൊന്നിന്റെ നിഴലത്രേ ജീവിതം. ഈ നാട്ടില്‍മാത്രമാണ് മതം പ്രായോഗികവും സത്യവുമായിരുന്നിട്ടുള്ളത്. ഇവിടെ മാത്രമേ പുരുഷന്മാരും സ്ര്തീകളും ലക്ഷ്യപ്രാപ്തിക്കുവേണ്ടി ധൈര്യപൂര്‍വം കുതിച്ചുചാടിയുള്ളു. മറുനാടുകളില്‍ ദുര്‍ബലരായ സ്വസഹോദരന്മാരെ കബളിപ്പിച്ച് ജീവിതസുഖങ്ങള്‍ സാക്ഷാത്കരിക്കാന്‍വേണ്ടി ഭ്രാന്തുപിടിച്ചുണ്ടായ എടുത്തുചാട്ടംപോലെയാണ്, ഇവിടെയുള്ളവര്‍ മതലക്ഷ്യം സാക്ഷാത്കരിക്കാന്‍ കുതിച്ചുചാടിയത്. ഇവിടെ, ഇവിടെമാത്രമാണ്, മനുഷ്യഹൃദയം വികസിച്ച് മനുഷ്യരെ മാത്രമല്ലാ, പക്ഷികളെയും പശുക്കളെയും ചെടികളെയുംകൂടി ഉള്‍ക്കൊണ്ടത്. വളര്‍ന്ന്, അപരിമിതമായിച്ചമഞ്ഞ മനുഷ്യഹൃദയത്തില്‍, ഏറ്റവും വലിയ ദേവതകള്‍തൊട്ട് മണല്‍ത്തരിവരെയുള്ളതെല്ലാം – ഏറ്റവും ഉയര്‍ന്നതും താഴ്ന്നതുമായവയെല്ലാം – സ്ഥാനം പിടിക്കുന്നു. ഇവിടെമാത്രമേ മനുഷ്യന്‍ ബ്രഹ്മാണ്ഡത്തെ അവിച്ഛിന്നമായ ഐക്യമായി പഠിച്ചുള്ളു. അതിന്റെ സ്പന്ദങ്ങളെല്ലാം അവന്റെ നാഡിത്തുടിപ്പുകള്‍തന്നെ.

ഭാരതത്തിന്റെ അധഃപതനത്തെപ്പറ്റി ഒട്ടേറെ പറഞ്ഞുകേള്‍ക്കുന്നുണ്ട്. അതില്‍ ഞാനും വിശ്വസിച്ചുവന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇന്ന്, സ്വാനുഭവത്തിന്റെതായ തിട്ടയില്‍ നിലകൊണ്ട്, എന്റെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന പ്രവണതകളെ തട്ടിമാറ്റി, വിശേഷിച്ചും നേരിട്ടുള്ള അറിവിലൂടെ, മറുനാടുകളുടെതായ വര്‍ണ്ണക്കൊഴുപ്പുള്ള ചിത്രങ്ങളുടെ ഇരുളും വെളിച്ചവും വസ്തുസ്ഥിതിക്കുപറ്റിയവണ്ണം മിതപ്പെടുത്തി, നമ്രതയോടുകൂടി ഞാന്‍ ഏറ്റുപറയുന്നു, എനിക്കു തെറ്റിപ്പോയി എന്ന്. ആര്യന്മാരുടെ പുണ്യംപെറ്റ നാടേ, നീ ഒരിക്കലും അധഃപതിച്ചിട്ടില്ല. ചെങ്കോലുകള്‍ ഒടിച്ച് ദൂരെ വലിച്ചെറിയപ്പെട്ടിട്ടുണ്ട്: പ്രതാപത്തിന്റെതായ പന്തു കൈമാറിയിട്ടുണ്ട്. പക്ഷേ ഭാരതത്തില്‍ രാജസഭകളും രാജാക്കന്മാരും കുറേപ്പേരെ മാത്രമെ എക്കാലവും സ്പര്‍ശിച്ചിട്ടുള്ളു. ഏറ്റവും ഉയര്‍ന്നവര്‍തൊട്ട് ഏറ്റവും താണവര്‍വരെയുള്ള ബഹുഭൂരിപക്ഷം ആളുകള്‍ക്കും അനിവാര്യമായ സ്വന്തം ജീവിതമാര്‍ഗം തുടരാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ചിലപ്പോള്‍ ജനതാജീവിതത്തിന്റെ ഒഴുക്ക് പതിഞ്ഞും പാതിമയങ്ങിയുമിരുന്നു: ചിലപ്പോള്‍ തിമിര്‍ത്തതും ഉണര്‍ന്നതുമായിരുന്നു. മിന്നിത്തിളങ്ങുന്ന ഇരുപതിരുപതു നൂറ്റാണ്ടുകളുടെ ധാരമുറിയാത്ത ഘോഷയാത്രയുടെ മുന്നില്‍ ഞാന്‍ ഭയചകിതനായി നിലകൊള്ളുകയാണ്. ഈ ചങ്ങലയുടെ അവിടവിടെയുള്ള ചില കണ്ണികള്‍ക്കു തിളക്കം കുറയും, എന്നാല്‍ തൊട്ടടുത്ത കണ്ണി കൂടുതല്‍ തിളക്കത്തോടുകൂടി കത്തിക്കാളുകയാണ്. അതാ, എന്റെ മാതൃഭൂമി, പ്രൗഢോദാരമായി ചുവടുകള്‍ വെച്ചുകൊണ്ട്, തന്റെ മഹനീയഭാഗധേയം മുഴുമിപ്പിക്കാന്‍ മുന്നോട്ടു നീങ്ങുന്നു. മണ്ണിലും വിണ്ണിലുമുള്ള ഒരു ശക്തിക്കും ഇതു മുടക്കാവതല്ല. പ്രസ്തുതഭാഗധേയം മൃഗീയനായ മനുഷ്യനെ ഐശ്വരമാനുഷനാക്കലത്രേ.

അതേ, ഭ്രാതാക്കളേ, മഹനീയമായൊരു ഭാഗധേയം; ഉപനിഷത്തുകളുടെ കാലത്തോളംതന്നെ നേരത്തേ, ലോകത്തോടുള്ള വെല്ലുവിളി നടത്തിക്കഴിഞ്ഞിരിക്കുന്നു. ന പ്രജയാ ന ധനേന ത്യാഗേനൈകേ അമൃതത്വമാനശുഃ,1 ”സന്താനങ്ങളെക്കൊണ്ടും വിത്തംകൊണ്ടുമല്ല, ത്യാഗംകൊണ്ടുമാത്രമാണ്, അമൃതത്വത്തിലെത്തുക.” പലവംശക്കാരും തുടര്‍ച്ചയായി ഈ വെല്ലുവിളി സ്വീകരിച്ചു: ലോഭങ്ങളുടേതായ തലത്തില്‍വെച്ചുതന്നെ, ഈ പ്രപഞ്ചപ്രഹേളികയ്ക്കു സമാധാനം കണ്ടു പിടിക്കാന്‍ അങ്ങേയറ്റംവരെ പ്രയത്‌നിക്കയും ചെയ്തു. കഴിഞ്ഞകാലത്തില്‍ അവരൊക്കെ പരാജയമടയുകയാണ് ചെയ്തത്. തിന്മയുടെയും കഷ്ടതയുടെയും ചുമടിന്നടിയില്‍പെട്ട് പഴയ കൂട്ടരെല്ലാം മുച്ചൂടും നശിച്ചു. പ്രതാപത്തിനും വിത്തത്തിനും വേണ്ടിയുള്ള ദുര പിന്നാലെ കൊണ്ടുവരുന്നതു വിനാശമാണ്. പുതിയ വംശക്കാരാകട്ടെ വിറകൊണ്ടു നിലംപറ്റാന്‍ തുടങ്ങുകയുമാണ്. അതിജീവിക്കാന്‍പോകുന്നത് സമാധാനമാണോ യുദ്ധമാണോ, ക്ഷമയാണോ അക്ഷമയാണോ, നന്മയാണോ തിന്മയാണോ, മാംസപേശിയാണോ മസ്തിഷ്‌കമാണോ, പ്രാപഞ്ചികതയാണോ ആദ്ധ്യാത്മികതയാണോ എന്ന പ്രശ്‌നത്തിനു സമാധാനം ഇനിയും ഉണ്ടാകേണ്ടയിരിക്കുന്നു. വളരെ മുമ്പുതന്നെ നാം ഈ പ്രശ്‌നത്തിനു സമാധാനം കണ്ടെത്തി: നാം സൗഭാഗ്യത്തിലൂടെയും ദൗര്‍ഭാഗ്യത്തിലൂടെയും ആ സമാധാനം മുറുകെ പിടിച്ചുവരികയുമാണ്. നാം കണ്ടുപിടിച്ച സമാധാനം അപ്രാപഞ്ചികതയാണ്, ത്യാഗമാണ്.

ഭാരതത്തിലെ ജീവിതവ്യാപാരത്തിന്റെ വിഷയമിതാണ്: ഭാരതത്തിലെ നിത്യസംഗീതത്തിന്റെ പല്ലവിയും ഇതുതന്നെ. ഭാരതീയ ജീവിതത്തിന്റെ നട്ടെല്ലിതാണ്. ഭാരതസത്തയുടെ അടിത്തറയും ഇതു തന്നെ. ഭാരതീയജീവിതം ഉണ്ടായിരിക്കുന്നതുതന്നെ ഇതിനുവേണ്ടിയാണ് – അതായത് മാനവവര്‍ഗ്ഗത്തെ ആദ്ധ്യാത്മികമാക്കുവാന്‍. താര്‍ത്തറുകള്‍ ഭരിച്ചപ്പോഴും തുര്‍ക്കികള്‍ ഭരിച്ചപ്പോഴും, മുകിലര്‍ ഭരിച്ചപ്പോഴും ഇംഗ്ലീഷുകാര്‍ ഭരിച്ചപ്പോഴും ഭാരതം സ്വജീവിതസരണിയില്‍ നിന്നു വ്യതിചലിച്ചിട്ടില്ല.

ഭാരതീയജനതയുടെ വല്ല ജീവിതഘട്ടത്തിലും, ആദ്ധ്യാത്മികതയില്‍ മികച്ചവര്‍, വിശ്വത്തെ ഇളക്കിമറിക്കാന്‍ പോന്നവര്‍, ഇല്ലാതിരുന്നതായി കാട്ടാന്‍ ഞാന്‍ എല്ലാവരെയും വെല്ലുവിളിക്കുന്നു. ഭാരതത്തിന്റെ പ്രവൃത്തി ആദ്ധ്യാത്മികമാണ്. യുദ്ധകാഹങ്ങളുടെ മുഴക്കത്തോടൊപ്പമോ, പട്ടാളക്കുപ്പിണികളുടെ ചിട്ടവെച്ച മുന്നേറ്റത്തോടൊപ്പമോ ചെയ്യാവുന്നതല്ല ആ പ്രവൃത്തി. നനുത്ത മഞ്ഞുതുള്ളികള്‍പോലെ, ആരും കേള്‍ക്കാതെ, മിക്കവാറും ശ്രദ്ധിക്കപ്പെടാതെയാണ് ഭാരതത്തിന്റെ പ്രഭാവം ലോകത്തിന്റെമേല്‍ പതിഞ്ഞിട്ടുള്ളത്: എങ്കിലും ഭൂമിയിലുള്ള ഏറ്റവും മനോജ്ഞമായ പുഷ്പങ്ങളെയാണ് അതു വിരിയിച്ചിട്ടുള്ളത്. പ്രകൃത്യാതന്നെ മൃദുവാകയാല്‍, പ്രസ്തുതപ്രഭാവത്തിന് ഇവിടെനിന്നു മറുനാടുകളിലേക്കു ചെന്നെത്താന്‍, അനുകൂലമായ പരിതഃസ്ഥിതികള്‍ ഒത്തിണങ്ങുന്നതുവരെ കാത്തിരിക്കേണ്ടിവരുന്നു. പക്ഷേ സ്വന്തം നാടിന്റെ അതിരുകള്‍ക്കുള്ളില്‍ അത് ഒരിക്കലും വ്യാപരിക്കാതിരുന്നിട്ടുമില്ല. വസ്തുത ഇതാകയാല്‍, അഭ്യസ്തവിദ്യര്‍ക്കെല്ലാം അറിയാം, സാമ്രാജ്യനിര്‍മ്മാതാവായ താര്‍ത്തറോ പേഴ്‌സ്യനോ ഗ്രീക്കോ ആറബോ ഈ രാജ്യത്തെ ബാഹ്യലോകത്തോടു ബന്ധിച്ചിട്ടുള്ളപ്പോഴെല്ലാം, ഉടനടി, വമ്പിച്ച ആദ്ധ്യാത്മികശക്തി ലോകത്തെ മുഴുവന്‍ ആറാടിച്ചിട്ടുണ്ടെന്ന്. അതേ പരിതഃസ്ഥിതികളാണ് വീണ്ടും ഇന്നു നമ്മുടെ മുമ്പിലുള്ളത്. ഇംഗ്ലീഷുകാര്‍ കരയിലും കടലിലും തീര്‍ത്തിട്ടുള്ള പാതകള്‍, ആ ചെറുദ്വീപനിവാസികള്‍ ആവിഷ്‌കരിച്ചിട്ടുള്ള ആശ്ചര്യകരമായ ശക്തി, വീണ്ടും ഭാരതത്തെ ബാല്യലോകവുമായി ബന്ധിപ്പിച്ചിരിക്കയാണ്: വീണ്ടും അതേ പ്രവൃത്തി ആരംഭിച്ചിരിക്കയുമാണ്. എന്റെ വാക്കുകള്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍ – ഇതൊരു ചെറിയ തുടക്കമേ ആയുള്ളു. വലിയ കാര്യങ്ങള്‍ പിന്നാലെ വന്നുകൊള്ളും. ഭാരതത്തിനു വെളിയില്‍ നടക്കുന്ന പ്രവൃത്തിയുടെ ഫലമെന്തെന്ന് എനിക്കു തിട്ടമായി പറയാന്‍ വയ്യ. എന്നാല്‍ ഒന്നു നിശ്ചയമുണ്ട്; പരിഷ്‌കാരമുള്ള ഓരോ നാട്ടിലും ദശലക്ഷക്കണക്കിനാളുകള്‍ – ഞാന്‍ മനഃപൂര്‍വം പറയുന്നു, ദശലക്ഷക്കണക്കിനാളുകള്‍ – തങ്ങളെ ഭൗതികവാദത്തിന്റെ പടുകുഴിയില്‍നിന്ന് ഉദ്ധരിക്കുന്ന സന്ദേശം പ്രതീക്ഷിച്ചുകഴിയുകയാണ്. ഇന്നത്തെ കുബേരസേവയാണ് അവരെയൊക്കെ ആ കുഴികളിലേക്ക് തല കിഴുക്കാംപാടായി തള്ളുന്നത്. ഇന്നത്തെ സാമുദായിക പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരില്‍ പലരും കണ്ടുപിടിച്ചിരിക്കുന്നു, ഏറ്റവും ഉത്കൃഷ്ടരൂപത്തിലുള്ള വേദാന്തമേ അവരുടെ സാമുദായിക പ്രത്യാശകളെ ആദ്ധ്യാത്മികമാക്കിത്തീര്‍ക്കൂ എന്ന്. ഒടുവില്‍ ഈ വിഷയത്തിലേക്ക് എനിക്കു മടങ്ങേണ്ടിവരും. അതുകൊണ്ട് വിശാലമായ മറ്റേ വിഷയം – ഈ രാജ്യത്തില്‍ ചെയ്യേണ്ട ജോലി – പ്രതിപാദിക്കാം.

ഈ പ്രശ്‌നത്തിനു രണ്ടു വശമുണ്ട്. ഈ ജനതയെ രൂപപ്പെടുത്തുന്ന വിഭിന്നഘടകങ്ങളെ ആദ്ധ്യാത്മികമാക്കുകമാത്രമല്ല, അവയെ സാത്മ്യപ്പെടുത്തുകകൂടി വേണ്ടിയിരിക്കുന്നു. പല വംശക്കാരെയും സാത്മ്യപ്പെടുത്തി ഒന്നാക്കുക എന്നത് ഓരോ ജനതയുടെ ജീവിതത്തിലും ചെയ്യേണ്ട പൊതുജോലിയാണ്.