സ്വാമി വിവേകാനന്ദന്‍

മഹതികളേ, മഹാന്മാരേ, ഈ പൂര്‍വ്വാഹ്‌നത്തിലെ പ്രസംഗവിഷയം ‘വേദാന്തതത്ത്വശാസ്ര്ത’മാണെന്നു നിശ്ചയിച്ചിരുന്നതാണ്. അത് എല്ലാ വര്‍ക്കും താല്പര്യമുള്ളതാണെങ്കിലും ഏറെക്കുറെ വിരസവും വളരെ വിപുലവുമാണ്.

എന്നാല്‍, ഇതിനിടെ നിങ്ങളുടെ അദ്ധ്യക്ഷനും ഇവിടെ വന്ന ഏതാനും മഹതീമഹാന്മാരും എന്റെ ജീവിതകര്‍ത്തവ്യത്തെക്കുറിച്ചും ഞാന്‍ ചെയ്തുകൊണ്ടിരുന്ന ജോലിയെക്കുറിച്ചും വല്ലതും സംസാരിച്ചു കേള്‍ക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നു. ഇവിടെയിരിക്കുന്ന ചിലര്‍ക്ക് അത് ഒരു കൗതുകകരമായ വിഷയമാകാമെങ്കിലും എന്നെ സംബന്ധിച്ച് അപ്രകാരമല്ല. വാസ്തവത്തില്‍, എങ്ങനെയാണ് അതിനെക്കുറിച്ച് നിങ്ങളോട് പറയേണ്ടതെന്ന് എനിക്കു തികച്ചും രൂപമില്ല: എന്തെന്നാല്‍ ആ കാര്യത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നത് എന്റെ ജീവിതത്തില്‍ ഇന്നാദ്യമായിരിക്കും.

എളിയ തോതില്‍ ഞാന്‍ ചെയ്യാനുദ്യമിച്ചുകൊണ്ടിരുന്നത് എന്താണെന്നു മനസ്സിലാക്കുന്നതിനു നിങ്ങളെ സങ്കല്പമാര്‍ഗ്ഗേണ ഭാരതത്തിലേക്കു കൊണ്ടുപോകേണ്ടിയിരിക്കുന്നു. വിഷയത്തിന്റെ വിസ്തരാംശങ്ങളിലേക്കും നാനാ ശാഖോപശാഖകളിലേക്കും കടക്കുവാന്‍ നമുക്കിവിടെ സമയമില്ല: ഒരു വിദേശീയജനതയുടെ എല്ലാ സങ്കീര്‍ണ്ണഭാവങ്ങളും ഈ ചുരുങ്ങിയ സമയംകൊണ്ടു ഗ്രഹിക്കുക നിങ്ങള്‍ക്കു സാദ്ധ്യവുമല്ല. ഭാരതം എങ്ങനെയിരിക്കുമെന്നുള്ളതിനെക്കുറിച്ച് ഒരു ലഘുചിത്രം നിങ്ങളുടെ മുമ്പില്‍ വെയ്ക്കുവാനെങ്കിലും ഞാന്‍ ശ്രമിക്കാം എന്നു മാത്രം പറയുന്നു.

മുഴുവന്‍ ഇടിഞ്ഞു പൊളിഞ്ഞു നാശോന്മുഖമായി നില്ക്കുന്ന ഒരു മഹാസൗധംപോലെയാണ് ഇന്നത്തെ ഭാരതം. അതിനാല്‍, പ്രഥമ വീക്ഷണത്തില്‍ ആശയ്ക്കു തീരെ വകയില്ല. നശിച്ചു മണ്ണടിഞ്ഞ ഒരു ജനതയാണ് നമ്മുടെ ദൃഷ്ടിപഥത്തില്‍പെടുന്നത്. എന്നാല്‍, അല്പം ക്ഷമിച്ചു കാര്യങ്ങള്‍ പഠിക്കുമ്പോള്‍ അതിനപ്പുറത്ത് എന്തോ ഒന്നു കാണുവാന്‍ കഴിയും. ഒരു മനുഷ്യന്റെ ആന്തരതത്ത്വം, ആദര്‍ശം – അയാളുടെ ബാഹ്യാകാരം ഈ ആന്തരതത്ത്വത്തിന്‍റെയും ആദര്‍ശത്തിന്റെയും ബഹിഃപ്രകാശനംമാത്രമാണ് – കെടുതി വരാതെ, നശിക്കാതെ, ശേഷിക്കുന്നിടത്തോളം കാലം ആ മനുഷ്യന്‍ ജീവിക്കുന്നുണ്ട്: അയാളെ സംബന്ധിച്ച് ആശയ്ക്കു വകയുമുണ്ട്. നിങ്ങളുടെ ഉടുപ്പ് ഇരുപതു പ്രാവശ്യം മോഷ്ടിക്കപ്പെട്ടാലും അതുകൊണ്ട് നിങ്ങള്‍ നശിക്കണമെന്നില്ല. നിങ്ങള്‍ക്കു പുതിയൊരുടുപ്പു സമ്പാദിക്കാന്‍ സാധിക്കും. ഉടുപ്പ് ഒരനുപേക്ഷണീയവസ്തുവല്ല. ഒരു ധനികന്റെ മുതല്‍ കൊള്ളചെയ്യപ്പെട്ടെന്നുവെച്ച് അയാളുടെ പ്രാണനു ഹാനി തട്ടുന്നില്ല: അതയാള്‍ക്കു മരണം വരുത്തുന്നില്ല. അയാള്‍ ആപത്തിനെ അതിജീവിക്കുന്നു.

ഈ സാമാന്യതത്ത്വം മനസ്സില്‍വെച്ചുകൊണ്ട് നമുക്കു നോക്കാം. അപ്പോള്‍ കാണുന്നതെന്താണ്? ഭാരതം ഒരു രാഷ്ട്രീയശക്തിയല്ല. ഭാരതീയര്‍ അടിമകളാക്കപ്പെട്ട ഒരു ജനതയാണ്. തങ്ങളുടെ സ്വന്തം ഭരണകാര്യങ്ങളില്‍ അവരുടെ ശബ്ദത്തിന്, അഭിപ്രായത്തിന്, സ്ഥാനമില്ല. അവര്‍ മുപ്പതുകോടി അടിമകള്‍ മാത്രം: അതിനപ്പുറം ഒന്നുമല്ല, ഭാരതത്തില്‍ ഒരാളുടെ ശരാശരി വരുമാനം പ്രതിമാസം രണ്ടു ഷില്ലിങ്ങാണ്. ബഹുഭൂരിപക്ഷം ജനങ്ങളുടെ സാമാന്യാവസ്ഥ പട്ടിണിയാണ്: തന്നിമിത്തം നിയതമായ വരുമാനത്തില്‍ നന്നെ തുച്ഛമായ ഒരു കുറവുണ്ടായാല്‍പ്പോലും ലക്ഷക്കണക്കിനാളുകള്‍ മരിക്കുന്നു. ഒരു ചെറിയ ക്ഷാമം ആളുകളുടെ മരണത്തിനിടയാക്കുന്നു. അതിനാല്‍ ഭാരതത്തെസ്സംബന്ധിച്ചിടത്തോളം ആ ഭാഗത്തേക്കു നോക്കുമ്പോഴും ഒരു നാശാവസ്ഥയാണ്, നൈരാശ്യജനകമായ നാശാവസ്ഥയാണ്, ഞാന്‍ കാണുന്നത്.

എന്നാല്‍ ഭാരതീയജനത ഒരിക്കലും ധനത്തിനുവേണ്ടി നില കൊണ്ടിട്ടില്ലെന്നും നാം മനസ്സിലാക്കേണ്ടതാണ്. വളരെ ധനം ഒരുപക്ഷേ മറ്റേതു ജനതയും ഏതു കാലത്തും ആര്‍ജ്ജിച്ചതിനെക്കാള്‍ കൂടുതല്‍ ധനം, അവര്‍ ആര്‍ജ്ജിച്ചുവെങ്കിലും ഭാരതജനത ധനത്തിനുവേണ്ടി നിലകൊണ്ടിരുന്നില്ല. അനേകയുഗങ്ങളിലേയ്ക്ക് അതൊരു ശക്തിയുള്ള ജനതയായിരുന്നു: എങ്കിലും ആ ജനത ഒരിക്കലും പ്രതാപത്തിനുവേണ്ടി നിലകൊണ്ടില്ല, ഒരിക്കലും മറ്റൊരു രാജ്യം പിടിച്ചടക്കാനായി പുറത്തേക്കു പോയിട്ടില്ല എന്ന് നാം കാണുന്നു. സ്വന്തം അതിര്‍ത്തികള്‍ക്കുള്ളില്‍ പൂര്‍ണ്ണസംതൃപ്തരായി ജീവിച്ച അവര്‍ ആരോടും ഒരിക്കലും യുദ്ധത്തിനു പോയില്ല. ഭാരതജനത ഒരിക്കലും സാമ്രാജ്യപ്രാഭവം കൊതിച്ചില്ല. അങ്ങനെ, വിത്തവും പ്രതാപവുമല്ല ഈ ജനതയുടെ ആദര്‍ശങ്ങളായിരുന്നിട്ടുള്ളത്.

പിന്നെയോ? അവരുടെ വിശ്വാസം തെറ്റായാലും ശരിയായാലും – അതു തെറ്റോ ശരിയോ എന്ന പ്രശ്‌നമല്ല നാം ഇവിടെ ചര്‍ച്ചചെയ്യുന്നത് – എല്ലാ മനുഷ്യസന്താനങ്ങളിലും വെച്ച് ആ ജനത വിശ്വസിച്ചു, അതും അതിതീവ്രമായി വിശ്വസിച്ചു, ഈ ജീവിതം യഥാര്‍ത്ഥമല്ലെന്ന്. യഥാര്‍ത്ഥമായിട്ടുള്ളത് ഈശ്വരനാണ്. അതിനാല്‍ ഏതവസ്ഥയിലും ആ ഈശ്വരനെ മുറുകെപ്പിടിക്കേണ്ടതാണെന്നും അവര്‍ വിശ്വസിച്ചു, തങ്ങളുടെ നികൃഷ്ടജീവിതത്തിനിടയിലും മതത്തിന് അവര്‍ പ്രഥമസ്ഥാനം നല്കി. ഹിന്ദു വെള്ളം കുടിക്കുന്നതു മതപരമായിട്ട്, ഉറങ്ങുന്നതു മതപരമായിട്ട്, നടക്കുന്നതു മതപരമായിട്ട്, വിവാഹം ചെയ്യുന്നതു മതപരമായിട്ട്, മോഷ്ടിക്കുന്നതും മതപരമായിട്ട്.

ഇത്തരമൊരു രാജ്യം നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഭാരതത്തില്‍ ഒരു തസ്‌കരസംഘം രൂപപ്പെടുത്തണമെന്നുണ്ടെങ്കില്‍പ്പോലും, അതിന്റെ നേതാവ് വല്ലതരം മതവും പ്രസംഗിക്കുകയും അനന്തരം വല്ല വ്യാജതത്ത്വശാസ്ര്തസംഹിതയും രൂപപ്പെടുത്തി, ഇതാണ് ‘ഈശ്വരപ്രാപ്തിക്കുള്ള ഏറ്റവും സ്പഷ്ടവും സുഗമവുമായ വഴി’ എന്നു പറയുകയും ചെയ്യേണ്ടിവരും. അപ്പോള്‍ അയാള്‍ക്ക് ഒരു അനുചരസംഘത്തെ കിട്ടും: അല്ലെങ്കിലില്ല. ഈ ജനതയുടെ പ്രാണന്‍, ഇതിന്റെ ജീവിതകൃത്യം, മതമാണെന്ന് ഇതിനാല്‍ വ്യക്തമാകുന്നു. അതിനു കോട്ടം തട്ടിയിട്ടില്ലാത്തതുകൊണ്ടാണ് ഇതു ജീവിക്കുന്നത്.

റോമിനെ നോക്കുക, റോമിന്റെ ജീവിതകൃത്യം സാമ്രാജ്യശക്തി, രാജ്യവിപുലീകരണം, ആയിരുന്നു. അതിനു കോട്ടം തട്ടിയപ്പോള്‍ റോം ഛിന്നഭിന്നമായി രംഗത്തുനിന്നും മറഞ്ഞു. ഗ്രീസിന്റെ ജീവിതകൃത്യം ബുദ്ധിവ്യാപാരമായിരുന്നു: അതിനു കോട്ടം തട്ടിയ നിമിഷത്തില്‍ ഗ്രീസ് അന്തര്‍ദ്ധാനം ചെയ്തു. അതുപോലെതന്നെയാണ് ആധുനികകാലത്ത് സ്‌പെയിനിന്‍േറയും മറ്റ് ആധുനികരാഷ്ട്രങ്ങളുടേയും കഥ. ഓരോ ജനതയ്ക്കും ലോകത്തിനുവേണ്ടി നിര്‍വ്വഹിക്കേണ്ട ഒരു ജീവിതകൃത്യമുണ്ട്. ആ ജീവിതകൃത്യത്തിനു കേടുവരാത്തിടത്തോളം കാലം, പ്രയാസങ്ങള്‍ നേരിട്ടാലും, ആ ജനത ജീവിക്കും. ആ ജീവിതകൃത്യം ഭഞ്ജിക്കപ്പെട്ടാലോ, ജനതയും തകരുന്നു.

ഭാരതത്തിന്റെ പ്രാണന് ഇതേവരെ കോട്ടം തട്ടിയിട്ടില്ല. അതവര്‍ ഉപേക്ഷിച്ചിട്ടില്ല: വളരെ അന്ധവിശ്വാസങ്ങളുണ്ടെങ്കിലും അതിപ്പോഴും ഉറപ്പുള്ളതായിത്തന്നെ ഇരിക്കുന്നു. ഭയാനകങ്ങളായ അന്ധവിശ്വാസങ്ങള്‍ – ചിലത് ഏറ്റവും ബീഭത്‌സങ്ങള്‍ – അവരുടെ ഇടയിലുണ്ട്: എന്നാലും സാരമില്ല. ദേശീയജീവനാഡി മിടിച്ചുകൊണ്ടിരിക്കുന്നു: ജനതയുടെ ജീവിതകൃത്യം അഭംഗുരമായിരിക്കുന്നു.

ഭാരതീയര്‍ ഒരു കാലത്തും പരാക്രമണതല്പരരായ ഒരു ജനതയാവില്ല, അവര്‍ ഒരിക്കലും രാഷ്ട്രീയദൃഷ്ട്യാ ഒരു വന്‍ശക്തിയാവില്ല. അത് അവരുടെ ജീവിതധര്‍മ്മത്തില്‍പെട്ടതല്ല. ലോകത്തിലെ വിവിധ ജനതകള്‍ അവരുടെ പ്രത്യേകരാഗങ്ങള്‍ മേളിപ്പിച്ചു പുറപ്പെടുവിക്കുന്ന ജീവിതസംഗീതത്തില്‍ ഭാരതത്തിനു കലര്‍ത്താനുള്ള രാഗം വേറൊന്നാണ്. അതില്‍ ഭാരതത്തിന്റെ പങ്ക് എന്താണെന്നോ? ഈശ്വരന്‍, ഈശ്വരന്‍മാത്രം. അതിനെ ഭാരതം കരാളമൃത്യുവിനു തുല്യം അയവില്ലാതെ പിടിച്ചിരിക്കുന്നു. എങ്കിലും അവിടെ ആശയ്ക്കു വകയുണ്ട്.

അങ്ങനെ ഒരു വിശകലനത്തിന്‍ഫലമായി, ഇപ്പോള്‍ കാണുന്ന വസ്തുതകളൊന്നും, ഇന്നത്തെ ഈ ദാരിദ്ര്യവും കഷ്ടതകളും മറ്റും, സാരമില്ലെന്ന നിഗമനത്തില്‍ നാം എത്തിച്ചേരുന്നു – ആള്‍ ജീവിച്ചിരിക്കുന്നു, അതിനാല്‍ ആശയ്ക്കു വകയുണ്ട്.

അതേ, ഭാരതത്തില്‍ ഉടനീളം മതപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകാണാം. പല നൂതന മതസമ്പ്രദായങ്ങള്‍ക്കും ജന്മം നല്കാത്ത ഒരൊറ്റ കൊല്ലംപോലും ഞാന്‍ ഓര്‍മ്മിക്കുന്നില്ല. പ്രവാഹത്തിനു ശക്തി കൂടുന്തോറും ചുഴലികളും കൂടും. മതസമ്പ്രദായങ്ങളുടെ ആവിര്‍ഭാവം ജീവന്‍ കെട്ടുവരുന്നതിന്റെ ലക്ഷണമല്ല, ജീവസ്സു വര്‍ദ്ധിച്ചുവരുന്നതിന്റെ ലക്ഷണമാണ്. അവ എത്ര വര്‍ദ്ധിക്കാമോ അത്ര വര്‍ദ്ധിച്ചു കൊള്ളട്ടെ. നാം ഓരോരുത്തനും, ഓരോ വ്യക്തിയും, ഓരോ ഭിന്ന മതവിഭാഗക്കാരനാകുന്നിടംവരെയും മതവിഭാഗങ്ങള്‍ പെരുകിക്കൊള്ളട്ടെ. അതിനെക്കുറിച്ചു കലഹിക്കേണ്ടതില്ല.

ഇനി, നിങ്ങളുടെ രാജ്യത്തിന്റെ കഥയെടുക്കുക. (ഞാന്‍ കുറ്റം പറയുകയല്ല) ഇവിടെ സാമൂഹ്യനിയമങ്ങള്‍, രാഷ്ട്രീയ സംവിധാനം മുതലായവയെല്ലാം മനുഷ്യന്റെ ഐഹികജീവിതയാത്രയെ കഴിയുന്നത്ര സുഗമമാക്കുവാനുദ്ദേശിച്ചാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യന്‍ ഈ ലോകത്തായിരിക്കുന്നിടത്തോളം അവന്നിവിടെ വളരെ സുഖമായി കഴിയാം. നിങ്ങളുടെ തെരുവീഥികള്‍ നോക്കുക – എന്തു വെടിപ്പ്! നിങ്ങളുടെ പട്ടണങ്ങള്‍ എത്ര മനോഹരം! മനുഷ്യനു പണം സമ്പാദിക്കാന്‍ എത്രയോ മാര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ട്! ഈ ലോകജീവിതത്തില്‍ സുഖാനുഭവത്തിനുള്ള എത്രയോ മാര്‍ഗ്ഗങ്ങളുണ്ട്! എന്നാല്‍ ഇവിടെ ഒരാള്‍ ഇങ്ങനെ പറയുന്നു എന്നു വിചാരിക്കുക; ‘ഇതാ ഞാന്‍ ഈ മരത്തിന്റെ കീഴിലിരുന്നു ധ്യാനിക്കാന്‍ പോകുന്നു: ജോലിയൊന്നും ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നില്ല.’ എങ്കില്‍, അയാള്‍ ജയിലില്‍ പോകേണ്ടിവരും: നോക്കണം, അങ്ങനെയൊരുവനു ജീവിതസൗകര്യം അശേഷം ലഭിക്കുന്നില്ല. ഇവിടെയുള്ളവരെപ്പോലെയൊക്കെ പെരുമാറുന്നവര്‍ക്കേ ഈ സമുദായമദ്ധ്യത്തില്‍ ജീവിക്കാന്‍ പറ്റൂ. ഐഹികജീവിതത്തിലെ നന്മകള്‍ ആസ്വദിക്കുവാനുള്ള പാച്ചിലില്‍ അയാളും കുടികൊള്ളണം: അല്ലെങ്കില്‍ അയാള്‍ക്കു ജീവിതമില്ല.

ഇനി നമുക്കു ഭാരതത്തിലേയ്ക്കു മടങ്ങാം. അവിടെ ഒരു മനുഷ്യന്‍ ഇങ്ങനെ പറയുന്നുവെന്നു വിചാരിക്കുക; ‘ഞാന്‍ അതാ, ആ പര്‍വ്വതത്തിന്റെ മുകളില്‍ പോയിരുന്ന് ശിഷ്ടജീവിതം മുഴുവന്‍ നാസാഗ്രത്തിലേക്ക് നോക്കിയിരിക്കാന്‍ പോവുകയാണ്.’ ഉടനെ എല്ലാവരും അയാള്‍ക്കു വിജയമാശംസിച്ചയയ്ക്കുന്നു. അയാള്‍ ആരോടും ഒന്നും അര്‍ത്ഥിക്കേണ്ടതില്ല. ആരെങ്കിലും അയാള്‍ക്ക് ഒരു ചെറിയ മുണ്ടുകൊണ്ടു ചെന്നു കൊടുക്കുന്നു: അങ്ങനെ അയാളുടെ കാര്യമെല്ലാം ഭദ്രം. എന്നാല്‍ ഒരുവന്‍, ‘ഞാന്‍ ഈ ലോകത്തിലെ സുഖങ്ങള്‍ അല്പം ആസ്വദിക്കാന്‍ പോവുകയാണ്’ എന്നുപറയുന്നു എങ്കില്‍ അയാളുടെ നേരെ എല്ലാ കവാടങ്ങളും അടയ്ക്കപ്പെടുന്നു.

രണ്ടു രാജ്യത്തും നിലവിലിരിക്കുന്ന ആശയങ്ങള്‍ ന്യായമല്ലെന്നാണ് ഞാന്‍ പറയുന്നത്. ഈ രാജ്യത്ത് ഒരാള്‍ക്ക് ഒരിടത്തിരുന്നു നാസാഗ്രത്തിലേക്കു നോക്കാനാണിഷ്ടമെങ്കില്‍ അതു പാടില്ലാത്തതെന്തു കൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇവിടത്തെ ഭൂരിപക്ഷം ആളുകളും ചെയ്യുന്നതുപോലെ എല്ലാവരും ചെയ്തുകൊള്ളണമെന്നെന്ത്? അതിനു കാരണം ഞാന്‍ കാണുന്നില്ല. അതുപോലെ ഭാരതത്തില്‍ ഒരു മനുഷ്യന് ഈ ലോകത്തിലെ വസ്തുക്കളോ പണമോ ഉണ്ടായിക്കൂടെന്നു വിലക്കുന്നതിനും ന്യായമില്ല. എന്നാല്‍, നിഷ്ഠുരമായ അധികാരപ്രയോഗം അവിടത്തെ ലക്ഷോപലക്ഷങ്ങളെ വിപരീതമായ വീക്ഷണഗതി കൈക്കൊള്ളാന്‍ നിര്‍ബ്ബന്ധിക്കുകയാണെന്ന് നിങ്ങള്‍ക്കു കാണാം. ഇതു മഹര്‍ഷിമാരുടെ അധികാരനിഷ്ഠുരതയാണ്, മഹാന്മാരുടെയും ആത്മജ്ഞാനികളുടെയും ധിഷണാസമ്പന്നന്മാരുടെയും പ്രാജ്ഞന്മാരുടെയും അധികാരനിഷ്ഠുരത അജ്ഞന്മാരുടെ അധികാരനിഷ്ഠുരതയേക്കാള്‍ വളരെ ശക്തിമത്താണെന്നോര്‍മ്മിക്കണം. പ്രാജ്ഞന്മാരും ധിഷണാശാലികളും തങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിക്കുവാന്‍ മുതിരുമ്പോള്‍ അജ്ഞന്മാര്‍ക്കു ലംഘിക്കാനരുതാത്ത ശൃംഖലകളും പ്രതിബന്ധങ്ങളും നിര്‍മ്മിക്കുവാന്‍ ഒരായിരം വഴി അവര്‍ക്കറിയാം.

അതിനാല്‍ ഞാന്‍ പറയുന്നു, ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. ഒരു വലിയ ആത്മജ്ഞാനിയെ സൃഷ്ടിക്കുവാന്‍ ലക്ഷോപലക്ഷം ജനങ്ങളെ ബലിയര്‍പ്പിക്കേണ്ട കാര്യമില്ല. വലിയ ആദ്ധ്യാത്മികപുരുഷന്‍ ഉണ്ടാവുകയും അതേസമയം ബാക്കി എല്ലാ ജനങ്ങളും സന്തോഷപൂര്‍വ്വം ജീവിക്കുകയും ചെയ്യുന്ന ഒരു ജനസമുദായത്തെ സൃഷ്ടിക്കാന്‍ സാധിക്കുമെങ്കില്‍ അതു നല്ലതുതന്നെ: എന്നാല്‍ ലക്ഷക്കണക്കിനു സാമാന്യജനങ്ങളെ ദണ്ഡിച്ച് അമര്‍ത്തിവെയ്‌ക്കേണ്ടിവരുന്നുവെങ്കില്‍ അതന്യായമാണ്. അതിനെക്കാള്‍ നല്ലത് ലോകരക്ഷാര്‍ത്ഥം മഹാനായ ഒരുവന്‍ കഷ്ടപ്പാട് അനുഭവിക്കയത്രേ.

ഓരോ ജനസമുദായത്തിലും അവരവരുടെ രീതികളില്‍ക്കൂടി വേണം പ്രവര്‍ത്തിക്കുവാന്‍. ഓരോ മനുഷ്യനോടും അയാളുടെ സ്വന്തം ഭാഷയില്‍ വേണം സംസാരിക്കുവാന്‍. ഇംഗ്ലണ്ടിലോ അമേരിക്കയിലോ മതബോധനം നടത്തണമെന്നുണ്ടെങ്കില്‍ രാഷ്ട്രീയരീതികളില്‍ക്കൂടി പ്രവര്‍ത്തിക്കണം – അതായത് വോട്ടിങ്, ബാലട്ടിങ് കമ്മിറ്റി, പ്രസിഡണ്ട് മുതലായവയോടുകൂടി സംഘടനകളും സംഘങ്ങളും രൂപപ്പെടുത്തുകയും മറ്റും ചെയ്യണം: എന്തെന്നാല്‍ പാശ്ചാത്യജനതയുടെ ഭാഷ, പ്രവര്‍ത്തനരീതി അതാണ്. നേരെമറിച്ച്, ഭാരതത്തില്‍ നിങ്ങള്‍ക്കു രാജ്യതന്ത്രം പ്രസംഗിക്കണമെന്നുണ്ടെങ്കില്‍ മതത്തിന്റെ ഭാഷയില്‍ക്കൂടിയാണ് അതു നടത്തേണ്ടത്. നിങ്ങള്‍ അവരോട് ഏതാണ്ടിപ്രകാരം പറയേണ്ടിവരും; ‘ദിവസവും രാവിലെ അവരവരുടെ വീട് അടിച്ചു വാരുന്ന മനുഷ്യര്‍ക്ക് ഇന്ന അളവിലുള്ള പുണ്യം കിട്ടും: അവര്‍ സ്വര്‍ഗ്ഗം പൂകും, അല്ലെങ്കില്‍ ഈശ്വരനെ പ്രാപിക്കും.’ ആ രീതിയില്‍ പോയില്ലെങ്കില്‍, നിങ്ങള്‍ പറയുന്നത് അവര്‍ ചെവിക്കൊള്ളില്ല. അതൊരു ഭാഷാപ്രശ്‌നം മാത്രമാണ്: ചെയ്യുന്ന കാര്യത്തിന്നു വ്യത്യാസമില്ല. എന്നാല്‍ ഓരോ ജനതയുടെയും ഹൃദയത്തെ സ്പര്‍ശിക്കുവാന്‍ അവരുടെ ഭാഷയില്‍ത്തന്നെ അവരോടു സംസാരിക്കേണ്ടിയിരിക്കുന്നു. അതു വിഹിതവുമത്രേ. അതിനെക്കുറിച്ചു നാം അക്ഷമരാകേണ്ടതില്ല.

ഞാന്‍ ഉള്‍പ്പെട്ടിരിക്കുന്ന സംഘത്തില്‍ ഞങ്ങളെ സന്ന്യാസിമാര്‍ എന്നാണ് പറയുക. ‘എല്ലാം ത്യജിച്ചവന്‍’ എന്നാണ് ആ വാക്കിന്നര്‍ത്ഥം. ഇതു വളരെ വളരെ വളരെ പുരാതനമായ ഒരു സംഘമാണ്. ക്രിസ്തുവിനു 560 കൊല്ലം മുമ്പു ജീവിച്ചിരുന്ന ബുദ്ധന്‍തന്നെ ആ സംഘത്തില്‍പ്പെട്ട ആളായിരുന്നു. അവിടുന്നു തന്റെ സംഘത്തിന്റെ പരിഷ്‌കര്‍ത്താക്കളില്‍ ഒരുവനായിരുന്നു എന്നു മാത്രം വ്യത്യാസം. അത്ര പുരാതനമാണത്! ലോകത്തിലെ ഏറ്റവും പുരാതനഗ്രന്ഥമായ വേദങ്ങളില്‍ അതിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. പുരാതനഭാരതത്തില്‍, എല്ലാ പുരുഷന്മാരും സ്ര്തീകളും തങ്ങളുടെ ജീവിതാന്ത്യത്തോടടുക്കുമ്പോള്‍ സാമൂഹ്യജീവിതത്തില്‍നിന്ന് പൂര്‍ണ്ണമായി വിരമിച്ച് മുഴുവന്‍ സമയവും ഈശ്വരനെക്കുറിച്ചും സ്വന്തം മുക്തിയെക്കുറിച്ചുമുള്ള ചിന്തയിലേര്‍പ്പെടേണ്ടതാണെന്നു നിയമമുണ്ടായിരുന്നു. ആ വലിയ സംഭവത്തെ, മരണത്തെ, നേരിടാനുള്ള ഒരുക്കമായിട്ടാണിത്. അതിനാല്‍, ആ പുരാതനകാലത്ത് പ്രായംചെന്നവര്‍ സന്ന്യാസിമാരാവുക പതിവായിരുന്നു. കുറെക്കഴിഞ്ഞ്, ചെറുപ്പക്കാരും സന്ന്യസിക്കാന്‍ തുടങ്ങി. ചെറുപ്പക്കാര്‍ കര്‍മ്മോന്മുഖരാണ്. അവര്‍ക്കു മരച്ചുവട്ടിലിരുന്നു സദാസമയവും തങ്ങളുടെ മരണത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. അതിനാല്‍ അവര്‍ ചുറ്റിനടന്നു പ്രസംഗിക്കുകയും പുതിയ മതസമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തുകയും മറ്റും ചെയ്തുപോന്നു. അങ്ങനെയാണ്, ചെറുപ്പക്കാരനായിരുന്ന ബുദ്ധന്‍, മുമ്പു പറഞ്ഞതുപോലെ വലിയ പരിഷ്‌കരണകര്‍മ്മങ്ങളിലേര്‍പ്പെട്ടത്. അവിടുന്നു വൃദ്ധനായിരുന്നുവെങ്കില്‍ നാസാഗ്രത്തില്‍ നോക്കിയിരുന്നു കാലം പോക്കി ശാന്തനായി മൃതിയടഞ്ഞേനേ.

സന്ന്യാസിസംഘം ‘പള്ളി’യെപ്പോലൊരു സ്ഥാപനമോ അതില്‍ ചേരുന്ന ആളുകള്‍ പുരോഹിതന്മാരോ അല്ല. പുരോഹിതന്മാരും സന്ന്യാസിമാരും തമ്മില്‍ മൗലികമായ ഒരു വ്യത്യാസമുണ്ട്. ഭാരതത്തില്‍ സമുദായത്തിന്റെ ഇടയ്ക്കുള്ള മറ്റെല്ലാ തൊഴിലുകളുംപോലെ പുരോഹിതവൃത്തിയും പരമ്പരാഗതമാണ്. ആശാരിയുടെ മകന്‍ ആശാരിയാകുന്നതുപോലെയും കൊല്ലന്റെ മകന്‍ കൊല്ലനാകുന്നതുപോലെയും പുരോഹിതന്റെ മകന്‍ പുരോഹിതനുമാകുന്നു. പുരോഹിതന്‍ എപ്പോഴും വിവാഹിതനായിരിക്കണം. ഭാര്യ കൂടാതെ ഒരുവന്‍ പൂര്‍ണ്ണനാവുന്നില്ലെന്ന് ഹിന്ദു വിചാരിക്കുന്നു. അവിവാഹിതനായ ഒരുവന്ന് മതപരമായ കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള അര്‍ഹതയില്ല.

സന്ന്യാസിമാര്‍ക്കു വസ്തുവകകളില്ല: അവര്‍ വിവാഹം കഴിക്കയുമില്ല. ഇതില്‍ കവിഞ്ഞ് അവര്‍ക്കൊരു സംഘടനയില്ല. അവരുടെ ഇടയിലുള്ള ഏകബന്ധം ഗുരുശിഷ്യബന്ധമാണ്. ആ ബന്ധം ഭാരതത്തിനു വിശേഷിച്ചുള്ളതുമാണ്. ഗുരു എന്നെ പഠിപ്പിക്കാന്‍മാത്രം വരികയും പഠി്പ്പിക്കലിനു പ്രതിഫലമായി ഞാന്‍ വല്ലതും കൊടുക്കുന്നതോടെ ബന്ധം അവസാനിക്കയും ചെയ്യുന്ന ഒരു സമ്പ്രദായമല്ല അത്. ഭാരതത്തില്‍ അതു യഥാര്‍ത്ഥത്തില്‍ ഒരു ദത്തെടുപ്പുപോലെയാണ്. ഗുരു എനിക്ക് എന്റെ പിതാവിനേക്കാള്‍ വലിയവനാണ്: ഞാന്‍ ശരിക്കും അവിടുത്തെ സന്താനം, എല്ലാ വിധത്തിലും അവിടുത്തെ പുത്രന്‍ ആകുന്നു. സ്വന്തം അച്ഛനെക്കാള്‍ മുമ്പായി അവിടുത്തെ അനുസരിക്കുവാനും ആദരിക്കുവാനും ഞാന്‍ ചുമതലപ്പെടുന്നു. എന്തെന്നാല്‍, അച്ഛന്‍ എനിക്ക് ഈ ശരീരം നല്കിയെങ്കിലും മോക്ഷമാര്‍ഗ്ഗം കാണിച്ചുതരുന്നതു ഗുരുവാകയാല്‍ അവിടുന്നാണ് പിതാവിനെക്കാള്‍ വലുതെന്നത്രേ പറയപ്പെടുന്നത്. ഗുരുവിനോട് ഈ സ്നേഹവും ബഹുമാനവും ആയുസ്സു മുഴുവന്‍ ഞങ്ങള്‍ പാലിക്കുകയും ചെയ്യുന്നു. ഇത്രമാത്രമാണ് സംഘടനയുണ്ടെന്നു പറയാനുള്ളത്. ഞാന്‍ എന്റെ ശിഷ്യന്മാരെ ദത്തെടുക്കുന്നു. ചിലപ്പോള്‍ ഗുരു ചെറുപ്പക്കാരനും ശിഷ്യന്‍ വൃദ്ധനുമാകാം. അതു സാരമില്ല. അയാള്‍ പുത്രനായി വര്‍ത്തിക്കുകയും എന്നെ പിതാവെന്നു വിളിക്കുകയും ചെയ്യുന്നു. ഞാന്‍ അയാളെ (ശിഷ്യനേയോ ശിഷ്യയേയോ) ‘എന്റെ മകനേ’ ‘എന്റെ മകളേ’ എന്നും മറ്റും സംബോധന ചെയ്യണം താനും.

ഞാനൊരു വൃദ്ധന്റെ ശിഷ്യനാവാന്‍ സംഗതിയായി. അവിടുന്ന് ഒരസാധാരണമട്ടുകാരനായിരുന്നു. അവിടുന്നു മേധാപരമായ പാണ്ഡിത്യം തേടിയില്ല: പുസ്തകങ്ങള്‍ പഠിച്ചില്ല. എന്നാല്‍ ബാലനായിരിക്കുമ്പോള്‍ത്തന്നെ സത്യത്തെ നേരിട്ടു ദര്‍ശിക്കുവാനുള്ള ഉഗ്രാഭിലാഷം അവിടുത്തെ ഗ്രസിച്ചു. ആദ്യം തന്റെ സ്വന്തമതം പഠിച്ചു പരീക്ഷിച്ചു. പിന്നീട്, മറ്റു മതങ്ങളിലെ സത്യം അറിയണമെന്ന ആഗ്രഹമായി. ഈ വിചാരത്താല്‍ പ്രേരിതനായി അവിടുന്ന് ഒന്നിനു പുറകെ ഒന്നായി എല്ലാ മതവിഭാഗങ്ങളുടേയും കൂടെ ചേര്‍ന്നു. ഓരോ വിഭാഗവുമായി സഹവസിച്ചിരുന്ന് ഏതാനും നാളത്തേക്ക് ഉപാസകന്മാര്‍ പറഞ്ഞതു പോലൊക്കെ അക്ഷരംപ്രതി അനുഷ്ഠി്ച്ചു. ഓരോ വിഭാഗത്തിന്റെയും ആദര്‍ശവിശേഷം തന്റെ ജീവിതവുമായി സാത്മ്യം പ്രാപിക്കുംവരെ അതു തുടര്‍ന്നു. ഒരു വിഭാഗവുമായി ഏതാനും വത്‌സരങ്ങള്‍ കഴിച്ചിട്ട്, പിന്നീട് മറ്റൊരു വിഭാഗത്തെ സമീപിക്കും. ഈ പരീക്ഷണങ്ങളില്‍ക്കൂടെയെല്ലാം കടന്നുപോയതിനുശേഷം, ആ വിവിധ മതസമ്പ്രദായങ്ങളെല്ലാം നല്ലതുതന്നെ എന്ന നിഗമനത്തിലാണ് അവിടുന്നെത്തിച്ചേര്‍ന്നത്. ഒന്നിനെക്കുറിച്ചും കുറ്റമായി ഒന്നും അവിടുത്തേക്ക് പറയാനുണ്ടായില്ല. എല്ലാം ഒരേ ലക്ഷ്യത്തിലേക്ക് നയിക്കുന്ന പല വഴികളാണെന്ന് അവിടുത്തേക്ക് ബോധ്യപ്പെട്ടു. അനന്തരം അവിടുന്നു പറഞ്ഞു; ‘ഇത്ര വളരെ വഴികള്‍ ഉണ്ടായിരിക്കുന്നതു മംഗളകരമായ വസ്തുതതന്നെ. എന്തെന്നാല്‍ ഒരു മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍, ഒരുപക്ഷേ ഒരു വ്യക്തിക്കു മാത്രമേ അതു യോജിച്ചുള്ളു എന്നു വരാം. മാര്‍ഗ്ഗങ്ങള്‍ എത്രകണ്ടു കൂടുന്നുവോ അത്രകണ്ട് സത്യം കണ്ടെത്തുവാനുള്ള സാദ്ധ്യതയും എല്ലാവര്‍ക്കും സുലഭമാകുന്നു. ഒരു ഭാഷയില്‍ക്കൂടി പഠിക്കാന്‍ പ്രയാസമാണെന്നു കണ്ടാല്‍ എനിക്കു മറ്റൊന്നു പരീക്ഷിക്കാമല്ലോ.’ അങ്ങനെ എല്ലാ മതങ്ങളെയും അവിടുന്ന് ആശീര്‍വദിച്ചു.

ഞാന്‍ പ്രസംഗിക്കുന്ന എല്ലാ ആശയങ്ങളും അവിടുത്തെ ആശയങ്ങളെ പ്രതിധ്വനിപ്പിക്കുവാനുള്ള ഒരു ശ്രമം മാത്രമാണ്. ഞാന്‍ പറയുന്നതില്‍ ദുഷ്ടമായ വല്ലതുമുണ്ടെങ്കില്‍ അവയൊഴിച്ച്, സത്യത്തില്‍നിന്നു വ്യതിചലിച്ചതോ തിന്മ കലര്‍ന്നതോ ആയവയൊഴിച്ച്, ഞാന്‍ പ്രകാശിപ്പിക്കുന്ന ആശയങ്ങളൊന്നും എന്റെ സ്വന്തമല്ല. സത്യയുക്തവും സദ്ഫലവാഹിയുമായി ഞാന്‍ ഉച്ചരിച്ചിട്ടുള്ള ഓരോ വാക്കും അവിടുത്തെ ശബ്ദത്തെ പ്രതിധ്വനിപ്പിക്കുവാന്‍ ചെയ്യുന്ന ഒരു ശ്രമം മാത്രമാണ്: പ്രൊഫസര്‍ മാക്‌സ്മുള്ളര്‍ എഴുതിയിട്ടുള്ള അവിടുത്തെ ചരിത്രം വായിച്ചു നോക്കുക.

അങ്ങനെ അവിടുത്തെ കാല്ക്കലിരുന്ന് ഞാന്‍ ഈ ആശയങ്ങള്‍ രൂപവത്കരിച്ചു. അന്ന്, എന്നോടൊപ്പമുണ്ടായിരുന്ന മറ്റ് ഏതാനും ചെറുപ്പക്കാരെപ്പോലെ, ഞാന്‍ വെറും ഒരു കുട്ടിയായിരുന്നു. ഏതാണ്ട് പതിനാറു വയസ്സുള്ളപ്പോഴാണ് ഞാന്‍ അവിടുത്തെ കാണാന്‍ ചെന്നത്. മറ്റു ചിലര്‍ക്ക് അതിലും പ്രായം കുറവായിരുന്നു. എന്നെക്കാള്‍ അല്പം പ്രായം കൂടിയവരും ചിലരുണ്ടായിരുന്നു ആകപ്പാടെ ഒരു ഡസനില്‍പ്പരംപേര്‍. ഈ ആദര്‍ശങ്ങള്‍ എല്ലായിടത്തും പ്രചരിപ്പിക്കേണ്ടതാണെന്ന് ഞങ്ങള്‍ ഒരുമിച്ചു നിശ്ചയിച്ചു. പ്രചരിപ്പിച്ചാല്‍മാത്രം പോരാ പ്രയോഗത്തില്‍ കൊണ്ടുവരേണ്ടതാണെന്നും നിശ്ചയിച്ചു – അതായത്, ഹിന്ദുക്കളുടെ അദ്ധ്യാത്മനിഷ്ഠയും ബൗദ്ധന്മാരുടെ ഭൂതദയയും ക്രിസ്ത്യാനികളുടെ കര്‍മ്മകുശലതയും മുഹമ്മദീയരുടെ സാഹോദര്യവും സ്വന്തം ജീവിതത്തില്‍ പ്രായോഗികമാക്കി കാണിക്കണമെന്ന്. ‘ഒരു സാര്‍വജനീനമതം നമുക്ക് ഇപ്പോള്‍, ഇവിടെവെച്ചു തുടങ്ങണം: അതു നീട്ടിവെക്കാന്‍ പാടില്ല’ എന്ന് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തി.

സ്വന്തം കൈകൊണ്ട് ഒരിക്കലും നാണയം തൊടില്ലെന്നു നിഷ്ഠയുള്ള ഒരു വൃദ്ധനായിരുന്നു ഞങ്ങളുടെ ഗുരു. അല്പം ആഹാരവും ഏതാനും വാര ഉടുതുണിയും മാത്രം അവിടുന്നു സ്വീകരിച്ചു: അതിനപ്പുറം ഒന്നുംവേണ്ടാ. മറ്റൊരു പരിഗ്രഹവും അവിടുത്തെക്കൊണ്ടു സ്വീകരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഈ വിശിഷ്ടങ്ങളായ ആശയങ്ങളോടൊപ്പം അവിടുത്തേക്ക് നിഷ്ഠാദാര്‍ഢ്യവുമുണ്ടായിരുന്നു. തന്മൂലം അവിടുന്നു സ്വാതന്ത്ര്യം അനുഭവിച്ചു. ഭാരതത്തിലെ സന്ന്യാസി ഇന്നു രാജസുഹൃത്തായി രാജാവിനോടൊപ്പം ആഹാരം കഴിക്കുന്നു: നാളെ അയാള്‍ യാചകനോടുകൂടി കഴിയുകയും മരച്ചുവട്ടില്‍ കിടന്നുറങ്ങുകയും ചെയ്യുന്നു. അയാള്‍ എല്ലാവരുമായും സമ്പര്‍ക്കംകൊള്ളുകയും സദാ സഞ്ചരിച്ചുകൊണ്ടിരിക്കയും വേണം. ‘ഉരുളും കല്ലില്‍ പായല്‍ പിടിക്കാ’ എന്നാണല്ലോ ചൊല്ല്. എന്റെ ജീവിതത്തിലെ കഴിഞ്ഞ പതിനാലു കൊല്ലത്തിനിടയ്ക്ക് ഏതെങ്കിലും സ്ഥലത്തു തുടര്‍ച്ചയായി മൂന്നു മാസക്കാലം ഞാന്‍ താമസിച്ചിട്ടില്ല – ഇടവിടാതെ ഉരുളിച്ചതന്നെ. ഞങ്ങളെല്ലാവരുടെയും കഥ അതുതന്നെ.

ഈ ചെറുബാലസംഘം പ്രസ്തുതാശയങ്ങളെയും അവയില്‍ നിന്ന് ഉളവായ പ്രായോഗികഫലങ്ങളെയും അവലംബിച്ചു. സാര്‍വജനീനമതം, ദീനജനാനുകമ്പ മുതലായവ തത്ത്വത്തിലൊക്കെ വളരെ നന്ന്: പക്ഷേ, നടപ്പിലാക്കണം.

അങ്ങനെയിരിക്കെ ഞങ്ങളുടെ വൃദ്ധനായ ആചാര്യന്‍ ഇഹലോകവാസം വെടിഞ്ഞ ആ ശോകമയമായ ദിനം വന്നുചേര്‍ന്നു. ആവും പോലെയൊക്കെ ഞങ്ങള്‍ അവിടുത്തെ പരിചരിച്ചു. ഞങ്ങള്‍ക്കു മിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഏതാനും കുട്ടികളുടെ കിറുക്കനാശയങ്ങളെ ആരു ശ്രദ്ധിക്കും? ആരുമില്ല. ഭാരതത്തിലെങ്കിലും കുട്ടികള്‍ പറയുന്നത് ആരും ഗൗനിക്കാറില്ല. ആലോചിച്ചുനോക്കുക – ഒരു ഡസന്‍ കുട്ടികള്‍ വിശാലവും ഗംഭീരവുമായ വലിയ ആശയങ്ങള്‍ ജനങ്ങളോടു പ്രസംഗിക്കയും, തങ്ങള്‍ ഈ ആശയങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ നിശ്ചയിച്ചിരിക്കയാണെന്നു പറയുകയും മറ്റും ചെയ്യുന്ന അവസ്ഥയെപ്പറ്റി ആലോചിച്ചുനോക്കുക. എന്തിന്, എല്ലാവരും ചിരിച്ചു. ചിരി കഴിഞ്ഞ് കാര്യം ഗൗരവപ്പെട്ടു. ഞങ്ങള്‍ മര്‍ദ്ദനത്തിനും പീഡനത്തിനും വിധേയരായി. ഞങ്ങളുടെ മാതാപിതാക്കന്മാര്‍ക്ക് ഞങ്ങളെ ഓരോരുത്തനെയും പ്രഹരിച്ചാല്‍കൊള്ളാമെന്നു തോന്നി. എത്രമാത്രം എതിര്‍പ്പും പരിഹാസവും നേരിട്ടോ അത്രയ്ക്ക് ഞങ്ങളുടെ നിശ്ചയം ദൃഢീഭവിച്ചുവന്നു.

അനന്തരം ഒരു ഭയങ്കര കാലഘട്ടത്തെ ഞങ്ങളെല്ലാവരും, വ്യക്തിഗതമായി ഞാനും, നേരിട്ടു. പ്രത്യേകിച്ച് എനിക്ക് അത്യന്തം ദുസ്സഹമായ യാതനകള്‍ അനുഭവിക്കേണ്ടിവന്നു. എനിക്ക് അമ്മയും സഹോദരന്മാരുമുണ്ടായിരുന്നു. അച്ഛന്‍ ഞങ്ങളെ ദാരിദ്ര്യത്തില്‍ വിട്ടിട്ട് ആയിടയ്ക്കു മരിച്ചുപോയി. ദാരിദ്ര്യമെന്നു പറഞ്ഞാല്‍, ഓ! ദാരുണമായ ദാരിദ്ര്യം – ഞങ്ങള്‍ മിക്കവാറും പട്ടിണിതന്നെയായിരുന്നു. കുടുംബത്തിന്റെ ഒരേ ആശാകേന്ദ്രം, ബാക്കിയംഗങ്ങളെ സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്ന ഏകന്‍, ഞാനായിരുന്നു. എനിക്ക് എന്റെ രണ്ടു ലോകത്തിന്റെയും ഇടയ്ക്കു നില്‌ക്കേണ്ടി വന്നു. ഒരു വശത്ത് എന്റെ അമ്മയും സഹോദരന്മാരും പട്ടിണി കിടന്നുചാകുന്നതു കാണണം: മറുവശത്ത്, ഈ മനുഷ്യന്റെ ആശയങ്ങള്‍ ഭാരതത്തിന്റെയും ലോകത്തിന്റെയും ശ്രേയസ്സിനുതകുമെന്നും അവ പ്രചരിപ്പിക്കയും പ്രായോഗികമാക്കുകയും ചെയ്യേണ്ടതാണെന്നും ഞാന്‍ വിശ്വസിച്ചു. അങ്ങനെ എന്റെ മനസ്സിലെ വടംവലി അനേകദിവസങ്ങളും മാസങ്ങളും നീണ്ടുനിന്നു. ചിലപ്പോള്‍ അഞ്ചും ആറും ദിനരാത്രങ്ങള്‍ വിരാമമില്ലാതെ ഞാന്‍ പ്രാര്‍ത്ഥിക്കും. ഓ! അക്കാലത്തു ഞാനനുഭവിച്ച മനോവ്യഥ! ഞാന്‍ നരകത്തില്‍ത്തന്നെ ജീവിച്ചു! എന്റെ യുവഹൃദയത്തിനു സ്വാഭാവികമായ മമതാവികാരങ്ങള്‍ എന്നെ സ്വന്തം കുടുംബാംഗങ്ങളുടെ അടുക്കലേക്ക് വലിച്ചു – ഏറ്റവും ഉറ്റവരും പ്രിയപ്പെട്ടവരുമായ അവരുടെ കഷ്ടപ്പാടുകള്‍ കാണുന്നത് അസഹ്യം. മറുഭാഗത്താണെങ്കില്‍, എന്നോടു സഹാനുഭൂതിയുള്ളവര്‍ ആരുമില്ല. ഒരു ബാലന്റെ മനോരാജ്യങ്ങളോട് ആര്‍ക്ക് സഹാനുഭൂതിയുണ്ടാകാനാണ്? അതും മറ്റുള്ളവര്‍ക്ക് അത്രമാത്രം യാതനയ്ക്കിടയാക്കിയ മനോരാജ്യങ്ങള്‍! എന്നോട് ആര്‍ക്കു സഹാനുഭൂതിയുണ്ടാകും? ആര്‍ക്കുമുണ്ടായില്ല – ഒരാള്‍ക്കൊഴിച്ച്.

ആ ഒരാളുടെ സഹാനുഭൂതി എനിക്ക് ആശീര്‍വ്വാദവും ആശയും നല്കി. അതൊരു സ്ര്തീയായിരുന്നു (ശാരദാദേവി). ഞങ്ങളുടെ ആചാര്യന്‍, മഹാസന്ന്യാസി, കേവലം ബാലനായിരുന്നപ്പോള്‍ വിവാഹിതനായി, അവിടുന്ന് യൗവനം പ്രാപിച്ച്, ഈ മതപരതയുടെയും വിരാഗതയുടെയുമെല്ലാം ഇരിപ്പിടമായി വര്‍ത്തിക്കുന്ന കാലത്ത് തന്റെ ഭാര്യയെ ചെന്നുകണ്ടു. അവര്‍ കുട്ടിക്കാലത്തുതന്നെ വിവാഹിതരായെങ്കിലും പ്രായമാകുന്നതിനുമുമ്പ് അന്യോന്യം ഏറെയൊന്നും കണ്ടിട്ടില്ല. അവിടുന്നു ഭാര്യയെ സമീപിച്ച് ഇങ്ങനെ പറഞ്ഞു; ‘ഇതാ നോക്കൂ, ഞാന്‍ നിന്റെ ഭര്‍ത്താവാണ്: നിനക്ക് ഈ ശരീരത്തിന്‌മേല്‍ ഒരവകാശമുണ്ട്. എന്നാല്‍ വിവാഹിതനായെങ്കിലും സാധാരണ ദാമ്പത്യജീവിതം നയിക്കുവാന്‍ എനിക്കു കഴിവില്ല. അതിനാല്‍ ആ കാര്യം ഞാന്‍ നിന്റെ ഔചിത്യപൂര്‍വ്വമായ തീര്‍പ്പിനു വിടുന്നു.’ അവര്‍ ബാഷ്പാകുലയായി പ്രതിവചിച്ചു; ‘അങ്ങേയ്ക്കു വിജയം കൈവരട്ടെ, ഈശ്വരന്‍ അങ്ങയെ അനുഗ്രഹിക്കട്ടെ: ഞാന്‍ അങ്ങയുടെ അധഃപതനത്തിനു കാരണമാവുകയോ? അതൊരിക്കലുമില്ല. കഴിയുമെങ്കില്‍ അങ്ങയുടെ ഉദ്യമത്തെ സഹായിക്കയേ ഉള്ളൂ. അതിനാല്‍ അതു മുമ്പോട്ടുകൊണ്ടുപോയാലും.’

അങ്ങനെയായിരുന്നു ആ സ്ര്തീ. ഭര്‍ത്താവ് തന്റെ ആത്മീയ ജീവിതം തുടരുകയും തന്റെ സ്വന്തം രീതിയില്‍ ഒരു സന്ന്യാസിയാവുകയും ചെയ്തു. ഭാര്യ അകന്നുനിന്നു തനിക്കാവുംവിധമെല്ലാം അവിടുത്തെ സഹായിച്ചുപോന്നു. കുറെക്കാലം കഴിഞ്ഞ്, അവിടുന്ന് അത്യുന്നതപദത്തിലെത്തിയശേഷം, ഭാര്യ വീണ്ടും ഭര്‍ത്തൃസവിധത്തിലെത്തി – യഥാര്‍ത്ഥത്തില്‍ അവിടുത്തെ പ്രഥമശിഷ്യ അവരാണ് – അവിടുത്തെ ശരീരത്തെ പരിചരിച്ചുകൊണ്ട് ശിഷ്ടായുസ്സു നയിച്ചു. അവിടുത്തെ സംബന്ധിച്ചിടത്തോളം, താന്‍ ജീവിക്കുകയാണോ മരിക്കുകയാണോ മറ്റു വല്ല പ്രകാരത്തിലും വര്‍ത്തിക്കുകയാണോ എന്നൊന്നും അവിടേക്ക് അറിവില്ലായിരുന്നു. ചിലപ്പോള്‍ അവിടുന്നു സംസാരിച്ചിരിക്കെ അത്രമാത്രം ഭാവാവിഷ്ടനാകുന്നതു കാരണം, താന്‍ തീക്കനലിന്‌മേല്‍ ഇരുന്നാല്‍പ്പോലും അറിയുമായിരുന്നില്ല – അതേ, ആ സമയമത്രയും തീക്കനലിന്‌മേല്‍ ശരീരസ്മരണയില്ലാതെ കഴിയും.

കുട്ടികളായ ഞങ്ങളുടെ ആശയങ്ങളോടു സഹാനുഭൂതി പ്രദര്‍ശിപ്പിച്ച ഒറ്റയാള്‍ ഞങ്ങളുടെ ഗുരുപത്‌നി മാത്രമാണ്. അവരോ, കഴിവില്ലാത്ത ഒരു സ്ര്തീ. അവര്‍ ഞങ്ങളെക്കാള്‍ നിര്‍ദ്ധന. ആയിക്കൊള്ളട്ടെ, സാരമില്ല. ഞങ്ങള്‍ രണാങ്കണത്തിലേക്കു ചാടി. ഈ ആശയങ്ങള്‍ ഭാരത (സംസ്‌കാരപാരമ്പര്യ)ത്തെ ന്യായീകരിക്കാന്‍പോകയാണെന്നും അനേകം വിദേശീയരാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും കൂടുതല്‍ ശോഭനമായ ഭാവി കൈവരുത്തുമെന്നും, ഞാന്‍ ജീവിക്കുന്നുവെന്നതുപോലെ തന്നെ ദൃഢമായി ഞാന്‍ വിശ്വസിച്ചു. ഇത്തരം ആശയങ്ങള്‍ ലോകത്തിനു നഷ്ടപ്പെടുന്നതിനെക്കാള്‍ ഭേദം, ഏതാനും ആളുകള്‍ കുറെ കഷ്ടത സഹിക്കുന്നതാണെന്ന ബുദ്ധിയും ആ വിശ്വാസത്തോടൊപ്പം ഉറച്ചു: ഒരമ്മയോ രണ്ടു സഹോദരന്മാരോ മരിച്ചാലെന്ത്? അതൊരു ആഹുതിയാണ്: അതു ചെയ്യുകതന്നെ. ത്യാഗം കൂടാതെ ഒരു വലിയ സംഗതിയും സാധിക്കാവതല്ല. ഹൃദയം പറിച്ചെടുത്തുവാരുന്ന നിണത്തോടുകൂടി ബലിപീഠത്തില്‍ വെയ്‌ക്കേണ്ടിവരാം. അപ്പോഴേ വലിയ കാര്യങ്ങള്‍ സാധിക്കൂ. അല്ലാതെ വല്ല വഴിയുമുണ്ടോ? ആരും കണ്ടു പിടിച്ചിട്ടില്ല. (ഉണ്ടോ?) നിങ്ങളോരോരുത്തനും – എന്തെങ്കിലും മഹത്തായ കാര്യം ചെയ്തിട്ടുള്ളവര്‍ – പറയുവിന്‍, ഞാന്‍ അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. ഓ! അതിനു കൊടുക്കേണ്ടിവന്ന വില! ഹോ! ഓരോ ജീവിതത്തിലേയും ഓരോ വിജയകര്‍മ്മങ്ങളുടേയും പിന്നില്‍ എത്ര മാത്രം വ്യഥ! എത്ര പീഡ! എത്രമാത്രം കഷ്ടപ്പാടുകള്‍! നിങ്ങള്‍ക്കൊക്കെ അതറിയാമല്ലോ.

അങ്ങനെ ഞങ്ങള്‍, ഈ ബാലസംഘം, മുന്നോട്ടു പോയി. ഞങ്ങളുടെ ചുറ്റുപാടുമുള്ള ആളുകളില്‍നിന്ന് ഞങ്ങള്‍ക്കു കിട്ടിയത് ഒരു തൊഴിയും ഒരു പിരാക്കും – അത്രമാത്രം. ഞങ്ങള്‍ക്ക് ആഹാരത്തിനു വേണ്ടി വീടുതോറും കയറി യാചിക്കേണ്ടിയിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ആര്‍ക്കും വേണ്ടാത്തത് – ചപ്പും ചവറും – ചിലപ്പോള്‍ അവിടുന്നോ ഇവിടുന്നോ ഒരു കഷണം റൊട്ടി – ഞങ്ങള്‍ക്കു കിട്ടി. ഇടിഞ്ഞുപൊളിഞ്ഞ ഒരു പഴയ വീട് – അടിഭാഗത്തു ചീറ്റുന്ന മൂര്‍ക്കന്‍ പാമ്പുകള്‍ കുടികൊള്ളുന്ന ഒരു ജീര്‍ണ്ണിച്ച കെട്ടിടം – ഞങ്ങള്‍ കൈക്കലാക്കി അവിടെ താമസിച്ചു. വാടക തുലോം കുറവായിരുന്നതു കൊണ്ടാണ് അതു മതിയെന്നുവെച്ചത്.

ഇങ്ങനെ കുറെ വര്‍ഷം കഴിഞ്ഞു. അതിനിടയില്‍ ഞങ്ങള്‍ ഈ ആശയം ക്രമേണ നടപ്പില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചുകൊണ്ട് ഭാരതമെങ്ങും സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരൊറ്റ ആശാകിരണംപോലും കണ്ടെത്താതെ പത്തുകൊല്ലം കഴിഞ്ഞു! ഒരായിരം പ്രാവശ്യം നൈരാശ്യം ഞങ്ങളെ ബാധിച്ചു. എന്നാല്‍, ആശാദീപം പൊലിയാതെ സദാ നിലനിര്‍ത്തിയ ഒരു വസ്തുതയുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അന്യോന്യമുള്ള മഹത്തായ വിശ്വസ്തതയും മഹത്തായ സ്നേഹവും. എനിക്ക് എന്റെ കൂടെ ഒരു നൂറു പുരുഷന്മാരും സ്ര്തീകളും ഉണ്ടെന്നു വിചാരിക്കുക: നാളെ ഞാന്‍ സാക്ഷാല്‍ പിശാചായി മാറിയാലും അവര്‍ പറയും, ‘ഇതാ ഞങ്ങള്‍ നിങ്ങളോടൊരുമിച്ചുണ്ട്: ഒരിക്കലും നിങ്ങളെ ഞങ്ങള്‍ കൈവെടിയില്ല’ എന്ന്. അതു വലിയൊരനുഗ്രഹമാണ്. സമ്പത്തിലും ആപത്തിലും, ക്ഷാമകാലത്തും ക്ഷേമകാലത്തും, ദുഃഖത്തിലും സുഖത്തിലും, സ്വര്‍ഗ്ഗത്തിലും നരകത്തിലും, ഒരിക്കലും എന്നെ ഉപേക്ഷിക്കാത്തവനാണെന്റെ മിത്രം. അത്തരം മൈത്രി ഒരു നേരമ്പോക്കാണോ? അത്തരം മൈത്രിയില്‍ക്കൂടി ഒരുവനു മോക്ഷം ലഭിക്കാം. അപ്രകാരം സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ അതു നമ്മെ മുക്തിപദത്തിലെത്തിക്കും. അത്തരം വിശ്വസ്തതയും കൂറും നമുക്കുണ്ടെങ്കില്‍! ഏകാഗ്രതയുടെ സാരം അതുതന്നെയാണ്. അങ്ങനെയുള്ള ശ്രദ്ധയും മനോബലവും സ്നേഹവും ഉണ്ടെങ്കില്‍ ലോകത്തില്‍ ഒരു ദേവനെയും നിങ്ങള്‍ക്കു പിന്നെ ആരാധിക്കേണ്ടതില്ല. ഞങ്ങളുടെ ആ ദുര്‍ഘടകാലങ്ങളിലൊക്കെ പ്രസ്തുത മനോഗുണങ്ങള്‍ ഞങ്ങള്‍ക്കു സദാ അവലംബമായി വര്‍ത്തിച്ചിരുന്നു. ഹിമാലയം മുതല്‍ കന്യാകുമാരിവരെയും സിന്ധുനദി മുതല്‍ ബ്രഹ്മപുത്രവരെയും സഞ്ചരിക്കുവാന്‍ അവ ഞങ്ങളെ പ്രാപ്തരാക്കി.

ഈ യുവസംഘം പലേടത്തും സഞ്ചരിച്ചുതുടങ്ങി, ക്രമേണ ഞങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. അതില്‍ തൊണ്ണൂറു ശതമാനവും എതിര്‍പ്പായിരുന്നു: അനുകൂലമായിരുന്നതു വളരെ തുച്ഛം. കാരണം, ഞങ്ങള്‍ക്കൊരു ന്യൂനതയുണ്ടായിരുന്നു; ഞങ്ങള്‍ പിള്ളേരാണെന്നത് – ചെറുപ്പക്കാര്‍ക്കു സഹജമായ സ്വഭാവകാര്‍ക്കശ്യവും അതോടൊപ്പം ഞങ്ങളുടെ നിര്‍ദ്ധനത്വവും. ജീവിതത്തില്‍ സ്വന്തമായി ഒരു വഴി തുറക്കാന്‍ പോകുന്ന ഒരുവന്ന് അല്പം കര്‍ക്കശത്വം വേണ്ടിവരും, അയാള്‍ക്കു മൃദുലമായും മേനിയായും ഉപചാരദീക്ഷയോടും പെരുമാറുവാന്‍ അധികം സമയമുണ്ടാവില്ല. ‘മാന്യേ, മാന്യേ!’ എന്നൊക്കെ പറയാന്‍ സമയമുണ്ടാവില്ല. ജീവിതത്തില്‍ നിങ്ങള്‍ എല്ലായ്‌പോഴും ഈ വസ്തുത കണ്ടറിഞ്ഞിരിക്കും. അയാള്‍ ചാണയ്ക്കു വെയ്ക്കാത്ത പരുക്കന്‍ വജ്രക്കല്ലുപോലെയാണ്. അയാളുടെ പ്രകൃതത്തിന് അധികം മിനുസം കാണില്ല. പകിട്ടില്ലാത്ത ചെപ്പിലെ രത്‌നമാണയാള്‍.

അതായിരുന്നു ഞങ്ങളുടെ മട്ട്. ‘വിട്ടുവീഴ്ചയില്ല’ എന്നായിരുന്നു ഞങ്ങളുടെ മുദ്രവാക്യം. ‘ഇതാണ് ആദര്‍ശം. ഇതു നടപ്പില്‍ വരുത്തണം. രാജാവിനെ കാണുന്നുവെങ്കില്‍, ഫലം മരണമായാലും ശരി, മനസ്സിലുള്ള അഭിപ്രായം അല്പം അദ്ദേഹത്തോടു തുറന്നുപറയുക തന്നെ. കൃഷീവലനോടും അതുപോലെതന്നെ.’ സ്വാഭാവികമായി ഞങ്ങള്‍ക്കു വളരെ എതിര്‍പ്പു നേരിടേണ്ടിവന്നു.

എന്നാല്‍ ജീവിതത്തില്‍ ഈ അനുഭവം ശരിയാണെന്നോര്‍മ്മിക്കുക; അതായത്, യഥാര്‍ത്ഥത്തില്‍ പരനന്മയാണ് നിങ്ങള്‍ ലക്ഷ്യമാക്കുന്നതെങ്കില്‍ ലോകം മുഴുവന്‍ എതിരായാലും നിങ്ങള്‍ക്കു ക്ഷതം തട്ടില്ല. നിങ്ങള്‍ക്കു നിര്‍വ്യാജതയും നേരായ സ്വാര്‍ത്ഥത്യാഗവുമുണ്ടെങ്കില്‍ നിങ്ങളില്‍ കുടികൊള്ളുന്ന സാക്ഷാല്‍ ഈശ്വരന്റെ ശക്തിക്കു മുമ്പില്‍ എല്ലാ എതിര്‍പ്പുകളും ശിഥിലമാകും. ആ കുട്ടികള്‍ അത്തരക്കാരായിരുന്നു. പ്രകൃതിദേവിയുടെ പക്കല്‍നിന്നു വിശുദ്ധരും സ്വച്ഛരുമായ ശിശുക്കളെപ്പോലെ അവര്‍ വന്നു. ഞങ്ങളുടെ ഗുരു പറഞ്ഞിരുന്നു, ‘ദേവന്റെ അര്‍ച്ചനാപീഠത്തില്‍ അനാഘ്രാതകുസുമങ്ങളെയും അസ്പൃഷ്ടഫലങ്ങളെയും നിവേദിക്കാനാണ് ഞാനാഗ്രഹിക്കുന്നത്’ എന്ന്. ആ മഹാപുരുഷന്റെ വാക്കുകള്‍ ഞങ്ങള്‍ക്കു താങ്ങും ധൈര്യവും നല്കി. എന്തെന്നാല്‍, അവിടുന്നു കല്ക്കത്തയിലെ തെരുവീഥികളില്‍ നിന്നു ശേഖരിച്ച – എന്നുതന്നെ പറയട്ടെ – ആ കുട്ടികളുടെ ഭാവി ജീവിതം അവിടുന്നു കാലേക്കൂട്ടി കണ്ടിരുന്നു. ‘ഈ കുട്ടി, അല്ലെങ്കില്‍ ആ കുട്ടി – അവന്‍ എങ്ങനെ വരുമെന്ന് നിങ്ങള്‍ക്കു കാണാം’ എന്നൊക്കെ അവിടുന്നു പറയുമ്പോള്‍ ജനങ്ങള്‍ ചിരിച്ചിരുന്നു. എന്നാല്‍ അവിടുത്തെ വിശ്വാസം ഒരിക്കലും ചലിച്ചില്ല; ‘അമ്മ എനിക്കു കാണിച്ചുതന്നു. ഞാന്‍ ദുര്‍ബ്ബലനാവാം, എന്നാല്‍ ഒരു കാര്യം ഇന്ന പ്രകാരമാണെന്ന് അമ്മ പറയുമ്പോള്‍ അത് അപ്രകാരമാകണം. അമ്മയ്‌ക്കൊരിക്കലും തെറ്റുപറ്റാന്‍ നിവൃത്തിയില്ല.’

അങ്ങനെ പത്തുകൊല്ലം യാതൊരു പ്രകാശവും കാണാതെ കടന്നു പോയി. അതേസമയം എന്റെ ആരോഗ്യം ക്ഷയിച്ചുവന്നു. ആ ജീവിതരീതി കാലാന്തരത്തില്‍ ശരീരത്തെ ബാധിക്കാതെ തരമില്ല; ചിലപ്പോള്‍ രാത്രി ഒമ്പതുമണിക്കൊരാഹാരം, വേറൊരിക്കല്‍ രാവിലെ എട്ടുമണിക്കൊന്ന്: പിന്നൊരിക്കല്‍ രണ്ടു ദിവസം കഴിഞ്ഞും മറ്റൊരിക്കല്‍ മൂന്നു ദിവസം കഴിഞ്ഞുമാണ് വല്ലതും കിട്ടുക – എല്ലാ പ്രാവശ്യവും പോഷകലേശമില്ലാത്തതും പരുപരുത്തതുമായ സാധനങ്ങളുമായിരിക്കും. യാചകന് ആരെങ്കിലും നല്ല സാധനങ്ങള്‍ കൊടുക്കുമോ? പോരെങ്കില്‍, ഭാരതീയര്‍ ദരിദ്രരാണുതാനും. അധികസമയവും നടപ്പു തന്നെ. ചിലപ്പോള്‍ മഞ്ഞുമൂടിയ കൊടുമുടികള്‍ കയറിയിറങ്ങണം: ഒരൊറ്റ ഭക്ഷണത്തിനുവേണ്ടി പത്തുനാഴികവരെ കഠിനമായ മലകയറ്റം നടത്തണം. ഭാരതീയര്‍ റൊട്ടി (ചപ്പാത്തി) ഭക്ഷിക്കുന്നു. ചിലപ്പോള്‍ അവര്‍ ഈ റൊട്ടി ഇരുപതും മുപ്പതും ദിവസം സൂക്ഷിച്ചുവെയ്ക്കും. അപ്പോഴേക്കും അത് ഇഷ്ടികയെക്കാള്‍ കടുപ്പമുള്ളതാകും. അതിന്റെ ഒരു കഷണമായിരിക്കും തരിക. ഒരു നേരത്തെ വിശപ്പടക്കാന്‍മാത്രം വല്ലതും ശേഖരിക്കുവാന്‍ എനിക്കു പല വീടുകളില്‍ കയറേണ്ടിയും വന്നിട്ടുണ്ട്. കിട്ടുന്ന റൊട്ടിയുടെ കടുപ്പം ഹേതുവായി അതു തിന്നുമ്പോള്‍ വായില്‍നിന്ന് ചോര വരും: കടിച്ചാല്‍ പല്ലു കൊഴിയാനും എളുപ്പമുണ്ട്; അങ്ങനെയുള്ളപ്പോള്‍, ഞാന്‍ അതൊരു ചട്ടിയിലിട്ട്, അതിന്‌മേല്‍ ആറ്റുവെള്ളം കോരിയൊഴിച്ചു കുതിര്‍ക്കും. അനേകമാസങ്ങള്‍ തുടര്‍ച്ചയായി ഞാന്‍ ഈ രീതിയില്‍ ജീവിച്ചു – അതെന്റെ ആരോഗ്യത്തെ സ്പര്‍ശിച്ചതു കുറ്റമല്ല.

അപ്പോള്‍ എനിക്കു തോന്നി, ‘ഭാരതത്തില്‍ കുറച്ചു പരീക്ഷിച്ചു നോക്കിയല്ലോ: ഇനി വേറൊരു രാജ്യത്തു പരീക്ഷണം നടത്തേണ്ട കാലമായി’ എന്ന്. ആ സമയത്ത് നിങ്ങളുടെ മതമഹാസമ്മേളനം നടക്കാന്‍ പോവുകയായിരുന്നു. അതിലേക്ക് ഭാരതത്തില്‍നിന്ന് ആരെയെങ്കിലും അയയ്ക്കണമെന്നു ചിലര്‍ ആഗ്രഹിച്ചു. ഞാന്‍ കേവലം ഒരു തെരുവുതെണ്ടി. എങ്കിലും ഞാന്‍ പറഞ്ഞു; ‘നിങ്ങള്‍ എന്നെ അയയ്ക്കാമെങ്കില്‍ ഞാന്‍ പോകാം. പോകുന്നതുകൊണ്ട് എനിക്കു വളരെയൊന്നും നഷ്ടപ്പെടാനില്ല: വരുന്ന നഷ്ടത്തെ ഞാന്‍ കൂട്ടാക്കുന്നുമില്ല.’ യാത്രയ്ക്കുള്ള പണമുണ്ടാക്കുക വളരെ പ്രയാസമായിരുന്നു, ഒരു നീണ്ട മല്പിടുത്തം കഴിച്ച് കപ്പല്‍ക്കൂലിക്കു വേണ്ടതു ശേഖരിച്ചു. അങ്ങനെ ഞാനിവിടെ വന്നു. ഒന്നു രണ്ടു മാസം നേരത്തെയാണെത്തിയത്: തന്മൂലം ആരും പരിചയക്കാരില്ലാതെ ഇവിടത്തെ തെരുവീഥികളില്‍ കുറേ അലഞ്ഞുനടക്കേണ്ടിവന്നു.

ഒടുവില്‍ മതമഹാസമ്മേളനം തുടങ്ങി. ദയാലുക്കളായ മിത്രങ്ങളെ കണ്ടുകിട്ടി. അവരില്‍നിന്ന് എനിക്കു തുടരെ സഹായവും പ്രോത്‌സാഹനവും വന്നു. ഞാന്‍ അല്പം പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കുറെ പണം ശേഖരിക്കുകയും രണ്ടു മാസികകള്‍ തുടങ്ങുകയും മറ്റും ചെയ്തു. അതു കഴിഞ്ഞ് ഞാന്‍ ഇംഗ്ലണ്ടിലേക്കു പോയി, അവിടെ കുറെ ജോലിചെയ്തു. അതേസമയം ഭാരതത്തിനുവേണ്ടിയുള്ള ജോലി അമേരിക്കയിലും നടത്തിക്കൊണ്ടിരുന്നു.

ഭാരതത്തെ സംബന്ധിച്ച് ഞാന്‍ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി ഏതാണ്ടിപ്രകാരമാണ്; അവിടെ ഞങ്ങളുടെ സന്ന്യാസജീവിതത്തെ സംബന്ധിച്ച്, എല്ലാവരുടെ അടുക്കലും ചെലവുകൂടാതെ, അഥവാ ഒരു കഷണം റൊട്ടിയില്‍ കവിഞ്ഞ ചെലവുകൂടാതെ മതം എത്തിച്ചുകൊടുക്കുവാന്‍ ഞങ്ങള്‍ വീടുതോറും പോകാറുള്ളതിനെക്കുറിച്ചു ഞാന്‍ പറയുകയുണ്ടായല്ലോ. അതുകൊണ്ടാണ് ഭാരതത്തില്‍ പതിതരില്‍ പതിതനുപോലും ഏറ്റവും ഉത്കൃഷ്ടമായ മതബോധമുള്ളതായി കാണുന്നത്. അതിനെല്ലാം ഈ സന്ന്യാസിമാരുടെ പ്രവര്‍ത്തനങ്ങളാണ് നിദാനം. എന്നാല്‍ ഇംഗ്ലീഷുകാരാരാണെന്ന് ഒരുത്തനോടു ചോദിക്കുക – അവന്നറിഞ്ഞുകൂടാ. ഒരുപക്ഷേ അവന്‍ ഇങ്ങനെ പറഞ്ഞേക്കും; ‘ആ നമ്മുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള അസുരന്മാരുടെ സന്താനങ്ങളായിരിക്കാം. അവര്‍, അല്ലേ?’ ‘നിങ്ങളെ ആരു ഭരിക്കുന്നു?’ ‘ഞങ്ങള്‍ക്കറിയില്ല.’ എന്നായിരിക്കും മറുപടി. ‘ഇപ്പോഴത്തെ ഭരണസമ്പ്രദായമെങ്ങനെ?’ അവര്‍ക്കറിഞ്ഞുകൂടാ: എന്നാല്‍ അവര്‍ക്ക് തത്ത്വശാസ്ര്തം അറിയാം. ഈ ലോകത്തു ജീവിക്കാനാവശ്യമായ മേധാപരമായ വിദ്യാഭ്യാസത്തിന്റെ പ്രായോഗികമായ അഭാവമാണ് അവരുടെ കഷ്ടപ്പാടിനു നിദാനം. ഈ ലക്ഷോപലക്ഷം ജനങ്ങള്‍ ഈ ലോകത്തിനപ്പുറമുള്ള ജീവിതത്തിനു സന്നദ്ധരാണ്. – അവര്‍ക്കതു പോരേ? നിശ്ചയമായും പോരാ. ഭക്ഷിക്കാന്‍ കുറേക്കൂടി നല്ല ഒരു റൊട്ടിക്കഷണവും ശരീരം മറയ്ക്കാന്‍ അല്പംകൂടി നല്ല ഒരു തുണിക്കഷണവും അവര്‍ക്കു വേണം. ആണ്ടുകിടക്കുന്ന ഈ അനേകലക്ഷങ്ങള്‍ക്ക് ആ ഭേദപ്പെട്ട റൊട്ടിയും ആ ഭേദപ്പെട്ട തുണിക്കഷണവും എങ്ങനെയുണ്ടാക്കാം എന്നതാണ് ഞങ്ങളുടെ വലിയ പ്രശ്‌നം.

ഒന്നാമത്, അവരെ സംബന്ധിച്ച് ആശയ്ക്കു വളരെ വകയുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. കാരണം, അവര്‍ ലോകത്തിലേക്കുവെച്ച് ശാന്തപ്രകൃതികളായ ഒരു ജനതയാണ്. അവര്‍ ഭീരുക്കളാണെന്നല്ല. യുദ്ധം ചെയ്യണമെന്നു തോന്നിയാല്‍ അവര്‍ ചെകുത്താന്മാരെപ്പോലെ യുദ്ധം ചെയ്യും. ഇംഗ്ലീഷുകാര്‍ക്കുള്ള ഒന്നാന്തരം പടയാളികള്‍ ഭാരതത്തിലെ കൃഷീവലന്മാരില്‍നിന്നു ചേര്‍ക്കപ്പെട്ടവരാണ്. മരണത്തെപ്പറ്റി അവര്‍ക്കു കൂസലില്ല. അവരുടെ മനോഭാവം ഇതാണ്; ഇതിനുമുമ്പ് ഞാന്‍ ഇരുപതുതവണ മരിച്ചിട്ടുണ്ട്: ഇനിയും അനേകം പ്രാവശ്യം മരിക്കയും ചെയ്യും. അതിനെന്താ? അതിനാല്‍ അവര്‍ ഒരിക്കലും പിന്തിരിഞ്ഞോടുകയില്ല. അവര്‍ വികാരാവേശം കാണിക്കുന്നില്ല. എന്നാല്‍ ഒന്നാന്തരം യോദ്ധാക്കളാണ്.

എങ്കിലും അവരുടെ പ്രകൃത്യാഉള്ള വാസന കൃഷിപ്പണിക്കാണ്. തങ്ങളുടെ മതാനുഷ്ഠാനങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നിടത്തോളം കാലം നിങ്ങള്‍ അവരെ എന്തു ചെയ്താലും – നികുതി വര്‍ദ്ധിപ്പിച്ചാലും ധനം അപഹരിച്ചാലും കൊന്നാല്‍ത്തന്നെയും – അവര്‍ ശാന്തരായും അക്ഷോഭ്യരായും വര്‍ത്തിക്കും. അവര്‍ ഒരിക്കലും അന്യരുടെ മതകാര്യങ്ങളില്‍ ഇടപെടുന്നില്ല. ‘ഞങ്ങളുടെ ദേവന്മാരെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കനുവദിക്കുക, ബാക്കിയെല്ലാം എടുത്തുകൊള്ളുക’ – ഇതാണവരുടെ നില. ഇംഗ്ലീഷുകാര്‍ ആ മര്‍മ്മത്തു സ്പര്‍ശിക്കുമ്പോള്‍ കുഴപ്പം ആരംഭിക്കുന്നു. 1857-ലെ ശിപായിലഹളയ്ക്കു യഥാര്‍ത്ഥകാരണം അതാണ്. മതപരമായ അടിച്ചമര്‍ത്തല്‍ അവര്‍ സഹിക്കയില്ല. ഭാരതീയരുടെ മതസ്വാതന്ത്ര്യത്തില്‍ കൈവെച്ചതുകൊണ്ടാണ് വിശ്രുതങ്ങളായിരുന്ന മുഹമ്മദീയ ഭരണകൂടങ്ങള്‍ തകര്‍ന്നുവീണത്.

ഇക്കാര്യം മാറ്റിവെച്ചാല്‍, അവര്‍ സമാധാനപ്രിയരും അക്ഷോഭ്യരും ശാന്തശീലരുമാണ്. എല്ലാറ്റിലും മേലേ ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ക്ക് അടിമപ്പെട്ടിട്ടുമില്ല. തീക്ഷ്ണമായ ലഹരിപാനീയങ്ങളില്ലെന്നുള്ള കാര്യത്തില്‍ അവര്‍ മറ്റേതു രാജ്യത്തെയും സാമാന്യജനത്തെക്കാള്‍ പല മടങ്ങു മെച്ചമാണ്. ഭാരതത്തിലെ പാവപ്പെട്ടവരുടെ ഇടയില്‍ കാണുന്ന ജീവിതസ്വച്ഛതയെ ഇവിടത്തെ ചാളകളിലെ ജീവിതത്തോട് ഉപമിച്ചുകൂടാ. ചാളകള്‍ ദാരിദ്ര്യത്തിന്റെ സങ്കേതമാണ്. എന്നാല്‍ ഭാരതത്തില്‍ ദാരിദ്ര്യമെന്നുവെച്ചാല്‍ പാപവൃത്തി, മ്ലേച്ഛത, ദുര്‍മ്മാര്‍ഗ്ഗം എന്നല്ല അര്‍ത്ഥം. മറ്റു രാജ്യങ്ങളില്‍ ജീവിതവൃത്തിക്കുള്ള സന്ദര്‍ഭസൗകര്യങ്ങള്‍ വളരെയുണ്ട്: തന്മൂലം മര്യാദകെട്ടവനും അലസനും മാത്രമേ ദാരിദ്ര്യം അനുഭവിക്കേണ്ടു. ഒരുവന്‍ ഒരു മഠയനോ ആഭാസനോ അല്ലെങ്കില്‍ – പട്ടണജീവിതവും അതിലെ ആഡംബരങ്ങളൊക്കെയും ആഗ്രഹിക്കുന്ന ആ കൂട്ടമല്ലെങ്കില്‍ – അവനു ദാരിദ്ര്യത്തിന് കാരണമില്ല. അത്തരക്കാര്‍ നാട്ടുമ്പുറത്തേക്കു പോവില്ല. ‘ഇവിടത്തെ തമാശകളോടൊപ്പം ഞങ്ങളുമുണ്ട്: നിങ്ങള്‍ ഞങ്ങളെക്കൂടി പോറ്റണം’ എന്നാണവരുടെ നിലപാട്. അങ്ങനെയല്ല ഭാരതത്തിലെ അവസ്ഥ. അവിടെ സാധുക്കള്‍ ഉദയാസ്തമയം കഠിനമായി പണിയെടുക്കുന്നു: എന്നിട്ട് മറ്റാളുകള്‍ അവരുടെ വേലയുടെ ഫലം കൊണ്ടുപോവുകയും അവരുടെ കുട്ടികള്‍പോലും പട്ടിണികിടക്കയും ചെയ്യുന്നു. ഭാരതത്തില്‍ ലക്ഷക്കണക്കിനു ടണ്‍ ഗോതമ്പു വിളയിക്കുന്നുണ്ടെങ്കിലും ഒരു കര്‍ഷകന് അതിലൊരു മണിപോലും കിട്ടുന്നതു കഷ്ടിയാണ്. നിങ്ങള്‍, കൂട്ടിലിട്ട പക്ഷികള്‍ക്കുപോലും കൊടുക്കാത്ത തരത്തിലുള്ള ഏറ്റവും നികൃഷ്ടമായ ധാന്യം ഭക്ഷിച്ചാണ് അവന്‍ ജീവിക്കുന്നത്.

അവര്‍, ഇത്രമാത്രം നല്ലവരും ശുദ്ധാത്മാക്കളുമായ ഈ ജനങ്ങള്‍, ഇത്ര കഷ്ടതയനുഭവിക്കുന്നതിനു കാരണമില്ല. ഭാരതത്തിലെ അധഃപതിച്ച ലക്ഷോപലക്ഷങ്ങളെക്കുറിച്ചും പതിതരായ സ്ര്തീകളെക്കുറിച്ചും വളരെയൊക്കെ സംസാരിച്ചു കേള്‍ക്കുന്നുണ്ട് – എന്നാല്‍ ആരും ഞങ്ങളുടെ സഹായത്തിനെത്തുന്നില്ല. അവരെന്താണ് പറയുന്നതെന്നോ; ‘നിങ്ങളെ സഹായിക്കണമെങ്കില്‍ നിങ്ങള്‍ ഇപ്പോഴെന്താണോ അതല്ലാതാവണം. എങ്കിലേ നിങ്ങള്‍ക്ക് നല്ലവരാകാന്‍ സാധിക്കൂ. ഹിന്ദുക്കളെ സഹായിക്കുന്നതു വെറുതെയാണ്.’ ഇങ്ങനെ പറയുന്നവര്‍ മനുഷ്യവര്‍ഗ്ഗങ്ങളുടെ ചരിത്രമറിഞ്ഞുകൂടാത്തവരാണ്. ഭാരതീയര്‍ അവരുടെ മതവും മതപരമായ ഏര്‍പ്പാടുകളും മാറ്റിയാല്‍പ്പിന്നെ ഭാരതമേയില്ല, എന്തെന്നാല്‍ ആ ജനതയുടെ പ്രാണന്‍ അതിലാണ്. ജനതതന്നെ അന്തര്‍ദ്ധാനം ചെയ്യുമെന്നിരിക്കെ പിന്നെ സഹായിക്കേണ്ടവരായി ആരും അവശേഷിക്കില്ല.