എന്റെ ജീവിതവും ജീവിതകൃത്യവും – തുടര്‍ച്ച
ഇനി മറ്റൊരു വസ്തുത മനസ്സിലാക്കേണ്ടതുണ്ട്: അതായത്, യഥാര്‍ത്ഥത്തില്‍ ആര്‍ക്കും ആരേയും സഹായിക്കാന്‍ കഴിവില്ലെന്നുള്ളത്. പരസ്പരം നമുക്കെന്തു ചെയ്യാന്‍ കഴിയും? നിങ്ങള്‍ നിങ്ങളുടെ ജീവിത രീതിയനുസരിച്ചു വളരുന്നു, ഞാന്‍ എന്റെതനുസരിച്ചും. എല്ലാ മാര്‍ഗ്ഗങ്ങളും അവസാനം റോമിലേക്കു നയിക്കുന്നു എന്നറിഞ്ഞുകൊണ്ടു, നിങ്ങളുടെ ജീവിതത്തില്‍ മുമ്പോട്ടൊരുന്തു തരാന്‍ ഒരുപക്ഷേ എനിക്കു സാധിച്ചേക്കാം. ക്രമികമായ വളര്‍ച്ചയാണ് നടന്നുവരുന്നത്. ഒരു ദേശീയ നാഗരികതയും ഇതേവരേ പൂര്‍ണ്ണതയിലെത്തിയിട്ടില്ല. ആ നാഗരികതയ്ക്ക് ഒരുന്തുകൊടുക്കുക; എങ്കില്‍ അത് അതിന്റെ ലക്ഷ്യത്തിലേക്ക് പോകും. അല്ലാതെ അതിനെ രൂപാന്തരപ്പെടുത്താന്‍ ശ്രമിക്കരുത്. ഒരു ജനസമുദായത്തിലെ ചിരസ്ഥായിയായ സാമുദായികസ്ഥാപനങ്ങളും ആചാരോപചാരങ്ങളും ഇല്ലാതാക്കിയാല്‍ പിന്നെയെന്തു ശേഷിക്കാനാണ്? ഇവയാണ് ആ ജനതയെ ആ രൂപത്തില്‍ നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ വളരെ പഠിച്ച വിദേശീയമനുഷ്യന്‍ ഇതാ വന്നുപറയുന്നു, ‘നോക്കൂ, ആയിരമായിരം കൊല്ലങ്ങളിലെ പഴക്കമുള്ള നിങ്ങളുടെ സാമുദായികവ്യവസ്ഥിതികളും ആചാരങ്ങളും മുഴുവന്‍ ദൂരെക്കളഞ്ഞ് എന്റെ ഈ തകരക്കളിപ്പാട്ടം സ്വീകരിച്ച് ആനന്ദമായിക്കഴിയുക’ എന്ന്, ഇതെല്ലാം വെറും അസംബന്ധമാണ്.
നാം അന്യോന്യം സഹായിക്കേണ്ടതുതന്നെ: എന്നാല്‍ ഒരു പടികൂടി മുന്നോട്ടുവെയ്ക്കണം. അതായത്, സഹായം സ്വാര്‍ത്ഥരഹിതമാക്കുകയാണ് ഒന്നാമതു വേണ്ടത്. ‘നിങ്ങള്‍ ശരിക്കും ഞാന്‍ പറയുന്നതു പോലെയൊക്കെ ചെയ്യാമെങ്കില്‍, ഞാന്‍ നിങ്ങളെ സഹായിക്കാം, അല്ലെങ്കിലില്ല’ എന്ന നിലപാടിലുള്ള സഹായം സഹായമാണോ? അതുകൊണ്ട്, ഹിന്ദുക്കളെ നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ സഹായിക്കുവാനിച്ഛിക്കുന്നുവെങ്കില്‍ അവിടെ പിന്നെ പരിമിതികളൊന്നും ഉണ്ടായിരിക്കാന്‍ പാടില്ല. സഹായം തികച്ചും നിസ്സ്വാര്‍ത്ഥമാകണം. ഞാന്‍ കൊടുക്കുന്നു – അവിടെ ആ കാര്യം തീര്‍ന്നു. അത് എന്നില്‍ നിന്നു പോയി. എന്റെ മനസ്സും, എന്റെ ശക്തികളും എനിക്കു കൊടുക്കാവുന്നതു മുഴുവനും കൊടുക്കുന്നു. കൊടുക്കുകയെന്ന ആശയത്താല്‍ മാത്രം പ്രേരിതനായി കൊടുക്കുന്നു. അല്ലാതെ ഒരുദ്ദേശ്യവും അതിന്റെ പിന്നിലില്ല. ലോകത്തിന്റെ അര്‍ദ്ധഭാഗത്തെ സ്വത്തുകള്‍ അപഹരിച്ച ചില ആളുകള്‍ ‘അവിശ്വാസികളെ മാര്‍ഗ്ഗംകൂട്ടാനായി’ ഇരുപതിനായിരം ഡോളര്‍ കൊടുക്കുന്നതു കണ്ടിട്ടുണ്ട്. എന്തിന്? അവിശ്വാസികളുടെ നന്മക്കോ അവരുടെ സ്വന്തം ആത്മാവിന്റെ നന്മക്കോ? അതിനെപ്പറ്റി ഒന്നാലോചിക്കുക.
ദുഷ്‌കര്‍മ്മത്തിന്റെ പ്രതികാരദേവത അലസയായിരിക്കുന്നില്ല. മനുഷ്യരായ നാം നമ്മുടെ കണ്ണുകളെ വഞ്ചിക്കാന്‍ നോക്കുന്നു. എന്നാല്‍ ഹൃദയാന്തര്‍വാസിയായ ആത്മാവ്, ഈശ്വരന്‍ എപ്പോഴും അവിടെയുണ്ട്. അവിടുന്ന് ഒരിക്കലും ഒന്നും മറക്കുന്നില്ല. അവിടുത്തെ കബളിപ്പിക്കാന്‍ നമുക്കു കഴിയുന്നതല്ല. അവിടുത്തെ കണ്ണുകളെ മൂടിവെയ്ക്കുക സാദ്ധ്യമല്ല. യഥാര്‍ത്ഥദാനത്തിന്റെ ഹൃദയോദ്വേഗം ഉണ്ടായതൊക്കെയും, ഒരായിരം കൊല്ലം കഴിഞ്ഞിട്ടെങ്കിലും ഫലവത്താകുന്നു. ദീര്‍ഘകാലം പ്രതിരുദ്ധാവസ്ഥയിലിരുന്നാലും അതു വീണ്ടും ഉണര്‍ന്ന് ഇടിമിന്നല്‍പോലെ പൊട്ടി പുറത്തുവരുന്നു. നേരെമറിച്ച്, കര്‍മ്മത്തിന്റെ പ്രേരകം സ്വാര്‍ത്ഥം, സ്വകാര്യലാഭം ആയിരുന്നിട്ടുള്ളപ്പോള്‍ – ആയത് എല്ലാ വൃത്താന്തപത്രങ്ങളും ചേര്‍ന്നുള്ള പ്രചാരണഘോഷങ്ങളോടും എല്ലാ ജനക്കൂട്ടങ്ങളും ഒരുമിച്ചു നിന്നുള്ള ആര്‍പ്പുവിളികളോടുംകൂടി അവതരിപ്പിക്കപ്പെട്ടാലും – അതു ലക്ഷ്യത്തിലെത്തുന്നില്ല.
ഞാനതില്‍ അഭിമാനം ഭാവിക്കയല്ല: എന്നിരിക്കിലും, ഞാന്‍ നിങ്ങളോടു പറഞ്ഞ ആ ചെറുസംഘം ബാലന്മാരുടെ കഥ ശ്രദ്ധാര്‍ഹമാണ്. ഇന്നു ഭാരതത്തില്‍ അവരുടെ ജോലിയെപ്പറ്റി അറിയാത്തവരായോ അവരെ അനുഗ്രഹിക്കാത്തവരായോ ഒരു ഗ്രാമമോ ഒരു പുരുഷനോ ഒരു സ്ര്തീയോ ഇല്ലെന്നുതന്നെ പറയാം. എവിടെയെങ്കിലും ഒരു ക്ഷാമമുണ്ടായാല്‍ ഈ ചെറുപ്പക്കാര്‍ കഴിയുന്നത്ര ജനങ്ങളെ അതില്‍നിന്നു രക്ഷിക്കാന്‍ ഒരുമ്പെട്ടിറങ്ങുന്നു. അതു ഹൃദയത്തില്‍ തട്ടുന്നു. ജനങ്ങള്‍ അതറിയാനിടവരുന്നു. അതുകൊണ്ട്, നിങ്ങള്‍ക്കു കഴിവുള്ളപ്പോഴൊക്കെ പരന്മാരെ സഹായിക്കുക: പക്ഷേ നിങ്ങളുടെ ഉദ്ദേശ്യം എന്താണെന്ന് ആത്മപരീക്ഷണം ചെയ്തുകൊള്ളണം. അതു സ്വാര്‍ത്ഥപരമാണെങ്കില്‍ അതു നിങ്ങള്‍ സഹായിക്കുന്നവര്‍ക്കാകട്ടെ നിങ്ങള്‍ക്കാകട്ടെ നന്മ വരുത്തില്ല. നിഃസ്വാര്‍ത്ഥമാണെങ്കിലോ നിങ്ങളുടെ സഹായം ലഭിക്കുന്നവര്‍ക്ക് അതു മംഗളപ്രദമാകും: അനന്തമായ മംഗളങ്ങള്‍ നിങ്ങള്‍ക്കുമുണ്ടാകും. ഈ വസ്തുത, നിങ്ങള്‍ ജീവിക്കുന്നു എന്നതു പോലെ, നിശ്ചയമാണ്. ഈശ്വരനെ ഒരിക്കലും വഞ്ചിക്കാന്‍ കഴിയില്ല. കര്‍മ്മനിയമം ഒരിക്കലും പരാജയപ്പെടുത്താവതല്ല.
എന്റെ പരിപാടി, അതിനാല്‍, ഭാരതത്തിലെ ഈ സാമാന്യ ജനവുമായി സമ്പര്‍ക്കം കൊള്ളുകയാണ്. ഭാരതത്തിലെല്ലായിടത്തും പാവപ്പെട്ടവര്‍ക്കായി വിദ്യാലയങ്ങള്‍ തുടങ്ങി എന്നു വിചാരിക്കുക: എന്നാലും അവരെ വിദ്യാഭ്യാസം ചെയ്യിക്കുക സാദ്ധ്യമല്ല. നാലു വയസ്സായ കുട്ടി നിങ്ങളുടെ പള്ളിക്കൂടത്തില്‍ വരുന്നതിനുപകരം നിലം ഉഴുവാനോ മറ്റു വല്ല പണിക്കോ പോകും. അവനു നിങ്ങളുടെ സ്‌കൂളില്‍ വരാന്‍ നിര്‍വ്വാഹമില്ല. അതസാദ്ധ്യം. സ്വയം സംരക്ഷണമാണല്ലോ പ്രഥമവാസന. എന്നാല്‍ മല മുഹമ്മദിന്റെ അടുത്തേക്കു വരുന്നില്ലെങ്കില്‍ മുഹമ്മദ് മലയുടെ അടുത്തേയ്ക്കു ചെല്ലണം. വിദ്യാഭ്യാസം ഓരോ വീട്ടുവാതില്ക്കലും എന്തുകൊണ്ടെത്തിച്ചുകൂടാ എന്നാണ് ഞാന്‍ ചോദിക്കുന്നത്. കൃഷീവലബാലനു വിദ്യാഭ്യാസത്തിന്റെ അടുക്കലേക്കു വരാന്‍ നിവൃത്തിയില്ലെങ്കില്‍, നിലം ഉഴുന്നിടത്തോ വ്യവസായശാലിയിലോ എവിടെയാണ് അവനെന്നുവെച്ചാല്‍ അവിടെ ചെന്ന് അവനെ കണ്ടാലെന്ത്? അവന്‍ പോകുന്നിടത്തൊക്കെ അവന്റെ നിഴലിനെപ്പോലെ സഞ്ചരിക്കണം. ജനങ്ങളെ ആത്മീയകാര്യങ്ങളില്‍ ഉദ്‌ബോധിപ്പിച്ചു കൊണ്ടു സഞ്ചരിക്കുന്ന അനേകായിരം സന്ന്യാസിമാരുണ്ട്. ലൗകികകാര്യങ്ങളെ അധികരിച്ചുള്ള മേധാപരമായ വിദ്യാഭ്യസനംകൂടി ഈ ആളുകള്‍ നടത്തിയാലെന്ത്? ചരിത്രം മുതലായ മറ്റനേകം കാര്യങ്ങളെക്കുറിച്ചുകൂടി അവര്‍ക്കു സാമാന്യജനത്തോട് അല്പം സംസാരിച്ചുകൂടേ? ചെവിയില്‍ക്കൂടിയാണ് ഉത്തമമായ വിദ്യാഭ്യാസം സാധിക്കുക. നമ്മുടെ ജീവിതത്തില്‍ ഉപകരിക്കുന്ന ഉത്തമതത്ത്വങ്ങള്‍ നമ്മുടെ അമ്മമാര്‍ പറഞ്ഞ് നാം ചെവിക്കൊണ്ടവയാണ്. പിന്നീട് വളരെ കഴിഞ്ഞാണ് നാം പുസ്തകങ്ങള്‍ കാണുന്നത്. പുസ്തകവിജ്ഞാനം നിസ്സാരമത്രേ. സ്വഭാവത്തിനു രൂപംകൊടുക്കുന്ന ഉത്തമതത്ത്വങ്ങള്‍ നമുക്കു ചെവികളില്‍ക്കൂടി ലഭിക്കുന്നവയാണ്, പിന്നീട് താല്പര്യം വളര്‍ന്നുവരുന്നതിനനുസരിച്ച് നിങ്ങളുടെ പുസ്തകങ്ങളിലേക്കും അവര്‍ വന്നെത്തിയേക്കാം. ആദ്യം അതൊന്നുരുളട്ടെ, പിന്നെ തുടര്‍ന്നു പൊയ്‌ക്കൊള്ളും – ഇതാണെന്റെ ആശയം.
സന്ന്യാസിസമ്പ്രദായത്തിന്റെ പ്രയോജനത്തില്‍ കണക്കറ്റ വിശ്വാസമുള്ള ഒരുവനല്ല ഞാനെന്നുകൂടി നിങ്ങളോടു പ്രസ്താവിച്ചുകൊള്ളട്ടെ. അതിനു വലിയ ഗുണങ്ങളുണ്ട്: വലിയ ദോഷങ്ങളുമുണ്ട്. സന്ന്യാസാശ്രമിയും ഗൃഹസ്ഥാശ്രമിയും ഒരുപോലെ ആവശ്യമാണ്. അവര്‍ അന്യോന്യം ഒരു സന്തുലിതനില പാലിക്കണം. ഭാരതത്തിലാകട്ടെ, സന്ന്യാസം മുഴുവന്‍ പ്രാമാണ്യവും കയ്യടക്കിയിരിക്കുന്നു. ഞങ്ങള്‍ സന്ന്യാസികളാണ് സമുദായത്തിലെ ഏറ്റവും വലിയ ശക്തി. സന്ന്യാസി രാജാവിനെക്കാളും വലിയവനാണ്. ‘കാഷായവസ്ര്തധാരി’ അടുത്തുള്ളപ്പോള്‍ ഇരിക്കാന്‍ ധൈര്യപ്പെടുന്ന നാടുവാഴി ഭാരതത്തിലില്ല. അദ്ദേഹം ഇരിപ്പിടംവിട്ട് എഴുന്നേറ്റുനില്ക്കുന്നു. ഈ സന്ന്യാസിമാര്‍ ജനങ്ങളുടെ പ്രധാനരക്ഷാദുര്‍ഗ്ഗമായിരുന്നിട്ടുണ്ടെങ്കിലും, ഇത്ര വളരെ അധികാര കേന്ദ്രീകരണം നല്ല ആളുകളിലായാലും ദോഷകരംതന്നെയാണ്. സന്ന്യാസിമാര്‍ പൗരോഹിത്യത്തിനും വിജ്ഞാനത്തിനും മധ്യേ വര്‍ത്തിക്കുന്നവരാണ്. വിജ്ഞാനത്തിന്റെയും നവീകരണത്തിന്റെയും ആഗമം അവരില്‍നിന്നാണ്. യഹൂദന്മാരുടെയിടയില്‍ പ്രവാചകന്മാര്‍ എപ്രകാരമോ അപ്രകാരമാണ് ഭാരതത്തില്‍ സന്ന്യാസിമാര്‍. പ്രവാചകന്മാര്‍ അന്ധവിശ്വാസങ്ങളെ നശിപ്പിക്കാന്‍ യത്‌നിച്ചുകൊണ്ട് സദാ പുരോഹിതന്മാര്‍ക്കെതിരായി പ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അതുപോലെയാണ് ഭാരതത്തില്‍ സന്ന്യാസിമാരും ചെയ്യുന്നത്. എന്നിരുന്നാലും അത്ര വളരെ അധികാരം അവര്‍ക്കിരിക്കുന്നതു നന്നല്ല: കുറെക്കൂടി ഭേദപ്പെട്ട രീതികള്‍ പരീക്ഷിച്ചു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ എതിര്‍പ്പ് ഏറ്റവും കുറഞ്ഞ സരണികളില്‍ക്കൂടിയേ നമുക്കു പോകാവൂ. ജനതയുടെ ആത്മാവു മുഴുവന്‍ സന്ന്യാസത്തിലുറച്ചിരിക്കയാണ്. നിങ്ങള്‍ ഒരു ഗൃഹസ്ഥനായി ഭാരതത്തില്‍ ചെന്ന് വല്ല മതത്തെക്കുറിച്ചും പ്രസംഗിക്കുന്നുവെന്നു വിചാരിക്കുക. ഹിന്ദുശ്രോതാക്കള്‍ പുറംതിരിഞ്ഞു പുറത്തുകടക്കും. നിങ്ങള്‍ ലോകം ത്യജിച്ച ഒരുവനാണെങ്കിലോ, അവര്‍ പറയും, ‘അയാള്‍ കൊള്ളാം, ലോകം ത്യജിച്ചവനാണല്ലോ. അയാള്‍ക്കു നിഷ്‌കപടതയുണ്ട്, പ്രസംഗിക്കുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ വിചാരിക്കുന്നുണ്ട്’ എന്ന്. ഞാന്‍ പറഞ്ഞുവന്നതിന്റെ ആശയം സന്ന്യാസം ഒരു വലിയ ശക്തിയെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്നാണ്. അതിനെ ഒന്നു രൂപാന്തരപ്പെടുത്തുക, അതിനു മറ്റൊരു രൂപം കൊടുക്കുക, മാത്രമാണ് നമുക്കു ചെയ്യാവുന്നത്. ഭാരതത്തില്‍ നീളെ ചുറ്റി സഞ്ചരിക്കുന്ന സന്ന്യാസിവര്‍ഗ്ഗത്തിന്റെ ഹസ്തങ്ങളില്‍കുടി കൊള്ളുന്ന ആ സ്വാധീനതയ്ക്ക് ഒരു രൂപഭേദം നല്‌കേണ്ടിയിരിക്കുന്നു. അതപ്പോള്‍ സാമാന്യജനത്തിന്റെ ഉദ്ധാരണത്തിനു പ്രയോജനപ്പെടും.
പദ്ധതി ഞങ്ങള്‍ ഭംഗിയായി കടലാസ്സില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ അതേസമയം ആദര്‍ശലോകത്തില്‍നിന്നാണ് ഞാന്‍ അതു കൈക്കൊണ്ടിട്ടുള്ളതെന്നും പറഞ്ഞുകൊള്ളട്ടെ, പ്രാരംഭത്തില്‍ ആയത് അവ്യക്തവും ആദര്‍ശപരവുമായിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയതോടൊപ്പം അതു കൂടുതല്‍ കൂടുതല്‍ ഒതുങ്ങിയും വ്യക്തമായും തീര്‍ന്നു. അനുഷ്ഠാനമാര്‍ഗ്ഗേണ അതിന്റെ ന്യൂനതകളും മറ്റും എനിക്കു കാണാന്‍ കഴിഞ്ഞു.
ഭൗതികതലത്തിലെ അതിന്റെ പ്രവര്‍ത്തനംവഴി എന്തൊക്കെയാണ് എനിക്കു മനസ്സിലായതെന്നോ? ഒന്നാമതു വിദ്യയഭ്യസിപ്പിക്കുന്ന രീതികളില്‍ ഈ സന്ന്യാസിമാരെ പരിശീലിപ്പിക്കുവാന്‍ കേന്ദ്രങ്ങളുണ്ടാകണം. ഉദാഹരണത്തിന്, ഞാന്‍ എന്റെ ഒരാളെ എങ്ങോട്ടെങ്കിലും അയയ്ക്കുന്നുവെന്നും അയാള്‍ ഒരു ക്യാമറയുമായി സഞ്ചരിക്കുന്നുവെന്നും വിചാരിക്കുക. ആവക കാര്യങ്ങള്‍ അയാളെത്തന്നെ പഠി്പ്പിക്കേണ്ടതുണ്ട്. ഭാരതത്തില്‍ ജനങ്ങള്‍ അക്ഷരാഭ്യാസമില്ലാത്തവരാണെല്ലാം. അവരുടെ ഇടയില്‍ വിദ്യ പ്രചരിപ്പിക്കുവാന്‍ വലിയ കേന്ദ്രങ്ങള്‍ വേണം. അതിന്റെയെല്ലാം അര്‍ത്ഥമെന്താണ്? പണം. അങ്ങനെ നാം ആദര്‍ശലോകത്തുനിന്നു പ്രായോഗികലോകത്തേക്ക് വരുന്നു. എന്നിട്ടോ? നിങ്ങളുടെ രാജ്യത്ത് നാലു കൊല്ലവും ഇംഗ്ലണ്ടില്‍ രണ്ടു കൊല്ലവും ഞാന്‍ കഠിനമായി പണിയെടുത്തു. ചില സ്നേഹിതന്മാര്‍ സഹായാര്‍ത്ഥം എത്തിയെന്നുള്ളതില്‍ ഞാന്‍ വളരെ കൃതജ്ഞനാണ്. നിങ്ങളുടെകൂടെ ഇന്നിവിടെയുള്ള ഒരാള്‍ അവരില്‍പ്പെട്ട ആളാണ്. എന്നോടൊരുമിച്ച് ഭാരതത്തിലേക്ക് വന്ന അമേരിക്കന്‍ സുഹൃത്തുക്കളും ഇംഗ്ലീഷ് സുഹൃത്തുക്കളുമുണ്ട്: അവരുടെയെല്ലാം സഹായത്തോടെ പ്രവര്‍ത്തനങ്ങളുടെ ഒരു പടുതുടക്കം ഇട്ടുകഴിഞ്ഞു. ചില ഇംഗ്ലീഷുകാര്‍ വന്ന് സന്ന്യാസിസംഘത്തില്‍ ചേര്‍ന്നു. ഒരു സാധുമനുഷ്യന്‍ കഠിന ജോലിചെയ്ത് ഭാരതത്തില്‍വെച്ചു മരിച്ചു. റിട്ടയര്‍ ചെയ്ത ഒരിംഗ്ലീഷുകാരനും ഒരിംഗ്ലീഷുകാരിയും വന്നിട്ടുണ്ട്. അവര്‍ സ്വന്തമായി അല്പം സാമ്പത്തികസൗകര്യമുള്ളവരാണ്. അവര്‍ കുട്ടികളെ പഠിപ്പിക്കാന്‍ ഹിമാലയത്തില്‍ ഒരു കേന്ദ്രം തുടങ്ങിയിരിക്കുന്നു. ഞാന്‍ ആരംഭിച്ച മാസികകളില്‍ ഒന്ന് – പ്രബുദ്ധഭാരതം, അതിന്റെ ഒരു പ്രതി ആ മേശപ്പുറത്തു കാണാം – അവരെ ഏല്പിച്ചിരിക്കയാണ്. അവിടെ അവര്‍ ജനങ്ങളെ പഠിപ്പിക്കയും അവരുടെ ഇടയില്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. കല്ക്കത്തയില്‍ എനിക്കു വേറൊരു പ്രവര്‍ത്തനകേന്ദ്രമുണ്ട്. എല്ലാ വലിയ പ്രസ്ഥാനങ്ങളും തലസ്ഥാനത്തുനിന്നാണല്ലോ ഉദ്ഭവിക്കേണ്ടത്. എന്തെന്നാല്‍ തലസ്ഥാനം ജനസമുദായത്തിന്റെ ഹൃദയമാണ്. രക്തം മുഴുവന്‍ ഹൃദയത്തില്‍ കൂടുന്നു: അതു പിന്നെ അവിടെനിന്ന് എല്ലായിടത്തേക്കും വിതരണം ചെയ്യപ്പെടുന്നു: അതുപോലെ എല്ലാ ധനവും എല്ലാ ആശയങ്ങളും എല്ലാ വിദ്യാഭ്യാസവും എല്ലാ ആദ്ധ്യാത്മികതയും തലസ്ഥാനത്തു സമ്മേളിച്ച് അവിടെ നിന്ന് എല്ലായിടത്തേക്കും വ്യാപിക്കുന്നു.
ഒരു പടുതുടക്കം ഇട്ടുകഴിഞ്ഞുവെന്നു നിങ്ങളെ ധരിപ്പിക്കുവാന്‍ സന്തോഷമുണ്ട്. എന്നാല്‍ സമാന്തരമായി സ്ര്തീകള്‍ക്കുവേണ്ടിയും ഇതേമാതിരി ജോലി തുടങ്ങുവാന്‍ ഞാനാഗ്രഹിക്കുന്നു. ‘തനിക്കു താന്‍ തുണ’ എന്നാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ള തത്ത്വം. എന്റെ സഹായം കുറച്ചകലെ നിന്നുകൊണ്ടായിരിക്കും. ഈ ജോലിക്ക് ഇപ്പോള്‍ ഭാരത സ്ര്തീകളും ഇംഗ്ലീഷ്സ്ര്തീകളുമുണ്ട്: അമേരിക്കന്‍ സ്ര്തീകളും വന്നുചേരുമെന്നു ഞാനാശിക്കുന്നു. അവര്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാലുടന്‍ ഞാന്‍ കാര്യങ്ങള്‍ അവരെത്തന്നെ ഏല്പിച്ച് ദൂരെ മാറും. ഒരു പുരുഷനും സ്ര്തീയുടെ മേല്‍ അധികാരം പ്രയോഗിക്കരുത്. അതുപോലെ സ്ര്തീ പുരുഷന്റെമേലും പാടില്ല. ഓരോരുത്തരും സ്വതന്ത്രരാണ്, വല്ല ബന്ധവും ഉണ്ടായിരിക്കാവുന്നത് സ്നേഹബന്ധം മാത്രമാണ്. പുരുഷന്മാര്‍ക്ക് കഴിയുന്നതിലും വളരെ കൂടുതല്‍ ഭംഗിയായി സ്ര്തീകള്‍ക്കു തന്നെ അവരുടെ ഭാഗധേയം രൂപപ്പെടുത്താന്‍ കഴിയും. സ്ര്തീകള്‍ക്കു നേരിട്ട വൈഷമ്യങ്ങളെല്ലാം, അവരുടെ ഭാഗധേയത്തെ പുരുഷന്മാര്‍ രൂപപ്പെടുത്താന്‍ പുറപ്പെട്ടതില്‍നിന്നുളവായതാണ്. പ്രാരംഭത്തിലെ പ്രമാദത്തോടുകൂടിയുള്ള ഒരു തുടക്കം ഒഴിവാക്കാന്‍ ഞാനാഗ്രഹിക്കുന്നു. തുടക്കത്തിലെ ഒരു ചെറിയ പ്രമാദം ക്രമേണ വര്‍ദ്ധിച്ചുവന്ന്, കാലാന്തരത്തില്‍ നേരെയാക്കാന്‍ നിവൃത്തിയില്ലാത്തവിധം ഉഗ്രമായ തോതിലെത്തുന്നു. അതിനാല്‍ സ്ര്തീകളുടെ പങ്കുജോലി നിറവേറ്റാന്‍ പുരുഷന്മാരെ നിയോഗിക്കുകയെന്ന പിശകു ഞാന്‍ ചെയ്താല്‍, സ്ര്തീകള്‍ക്കു പിന്നീടൊരിക്കലും ആ ഏര്‍പ്പാടില്‍നിന്നു മോചിക്കാന്‍ സാദ്ധ്യമല്ലാതെ വരും – അതൊരുറച്ച മാമൂലായിത്തീരും. എന്നാല്‍ എനിക്കൊരു സൗകര്യം കിട്ടിയിട്ടുണ്ട്. എന്റെ ഗുരുപത്‌നിയെപ്പറ്റി ഞാന്‍ മുമ്പു പറഞ്ഞുവല്ലോ. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവരോടു വലിയ ആദരവാണ്. അവര്‍ ഒരിക്കലും ഞങ്ങളുടെമേല്‍ അധികാരം നടത്തുകയില്ല. അതിനാല്‍ അതില്‍ ആശങ്കയ്ക്ക് വകയില്ല.