സ്വാമി വിവേകാനന്ദന്‍

ഭൂതകാലത്തിന്റെ നെടുവീഥികളിലൂടെ ശതാബ്ദങ്ങളുടെ ശബ്ദം നമ്മെ സമീപിച്ചുകൊണ്ടിരിക്കുന്നു – ഹിമാലയത്തിലെ ഋഷിവര്യന്മാരുടേയും അരണ്യവാസികളായ മുനിമാരുടേയും ശബ്ദം; സെമിറ്റിക് വര്‍ഗ്ഗങ്ങളിലെത്തിച്ചേര്‍ന്ന ശബ്ദം; ബുദ്ധന്‍ തുടങ്ങിയുള്ള അതിശ്രേഷ്ഠരായ ആദ്ധ്യാത്മിക ഗുരുക്കന്മാരില്‍ക്കൂടി നിര്‍ഗ്ഗളിതമായ ശബ്ദം; മനുഷ്യന്റെ ഭൂതലവാസാരംഭംമുതല്‍ അവനെ അനുഗമിച്ച്, അവന്‍ പോകുന്നിടമെല്ലാം പ്രഭാപൂരിതമാക്കി, അവന്റെ സന്തതസഹചാരിയായി വര്‍ത്തിക്കുന്ന ആ പ്രകാശത്തില്‍ത്തന്നെ ജീവിക്കുന്നവരില്‍നിന്ന് ഉദീരിതമായ ശബ്ദം-ഇതാ ഇപ്പോഴും നമ്മില്‍ വന്നെത്തുന്നുണ്ട്. ഈ ശബ്ദം മാമലമുകളില്‍നിന്ന് ഒഴുകിവരുന്ന ചെറുകുല്യകളെപ്പോലെയാണ് – ചിലപ്പോള്‍ അത് അപ്രത്യക്ഷമാകുന്നു, കൂടുതല്‍ ശക്തിയുള്ള ഒരൊഴുക്കായി വീണ്ടും പ്രത്യക്ഷമാകുന്നു, ഒടുവില്‍ എല്ലാ ഒഴുക്കുകളും കൂടിച്ചേര്‍ന്ന് ഒരു വിപുലപ്രവാഹമായിച്ചമയുന്നു. എല്ലാ മതസമ്പ്രദായങ്ങളിലും ജനസമുദായങ്ങളിലുംപെട്ട, സ്ത്രീകളും പുരുഷന്മാരുമായ സമസ്തപ്രവാചകന്മാരിലും മഹാത്മാക്കളിലുംനിന്നു നമുക്കു ലഭിച്ചിട്ടുള്ള ആദ്ധ്യാത്മികസന്ദേശങ്ങള്‍, അവയുടെ ശക്തി ഒന്നിച്ചുചേര്‍ത്തു നമ്മോടു ഭൂതകാലത്തിന്റെ കാഹളധ്വനിയില്‍ സംസാരിക്കുകയാണ്. അതു നമുക്കു നല്‍കുന്ന ഒന്നാമത്തെ സന്ദേശം, ‘നിങ്ങള്‍ക്കും സമസ്തധര്‍മ്മമാര്‍ഗ്ഗങ്ങള്‍ക്കും ശാന്തി ഭവിക്കട്ടെ’ എന്നത്രേ. അത് പരസ്പരസംഘര്‍ഷത്തിന്റെ സന്ദേശമല്ല, ഏകമതത്തിന്റെ സന്ദേശമാണ്.

ആദ്യമായി, നമുക്ക് ഈ സന്ദേശമെന്താണെന്നു പരീക്ഷിക്കാം. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍, മതത്തിന്റെ കഥ കഴിഞ്ഞു എന്ന് പൊതുവേ ഒരാശങ്കയുണ്ടായി. ശാസ്ത്രീയഗവേഷണങ്ങളാകുന്ന കൊടിയ ഇരുമ്പുകൂടപ്രഹരങ്ങളേറ്റ് പഴയ അന്ധ(മത)വിശ്വാസങ്ങളെല്ലാം കളിമണ്‍പാത്രങ്ങള്‍ കണക്കെ പൊട്ടിത്തകര്‍ന്നുകൊണ്ടിരുന്നു. മതമെന്നത് ഒരുപിടി വിശ്വാസപ്രമാണങ്ങളും അര്‍ത്ഥശൂന്യമായ അനുഷ്ഠാനങ്ങളുമാണെന്നു കരുതിയവര്‍ നിരാശരായി, ഇതികര്‍ത്തവ്യതാമൂഢരായി, സമസ്തവും അവരുടെ കൈവിരല്‍പ്പഴുതിലൂടെ വഴുതിപ്പൊയ്ക്കൊണ്ടിരുന്നു. അജ്ഞേയതാവാദത്തിന്റേയും ഭൌതികവാദത്തിന്റേയും ഇരമ്പിപ്പാഞ്ഞുവന്ന പ്രവാഹം സകലതും തൂത്തടിച്ചുകൊണ്ടു പോവുകയെന്നത് അനിവാര്യമെന്നു കുറച്ചുകാലം വിചാരിക്കപ്പെട്ടു. പലരും തങ്ങളുടെ വിചാരങ്ങള്‍ പുറത്തുപറയാന്‍ ധൈര്യപ്പെടാതെ കഴിഞ്ഞുകൂടി. അനേകം പേര്‍ മതത്തിന്റെ പ്രാമാണ്യം എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടുവെന്നും, അതു സംബന്ധിച്ച് മേലില്‍ യാതൊരാശയ്ക്കും വഴിയില്ലെന്നും വിചാരിച്ചു. എന്നാല്‍ കാറ്റു തിരിഞ്ഞടിച്ചു; ഒരു രക്ഷാമാര്‍ഗ്ഗം കണ്ടെത്തി. എന്താണത്? മതങ്ങളുടെ താരതമ്യപഠനം. നാനാമതങ്ങളുടെ പഠനത്തില്‍നിന്ന് അവയെല്ലാം സാരാംശത്തില്‍ ഒന്നാണെന്ന് നാം കാണുന്നു. കുട്ടിയായിരുന്നപ്പോള്‍ എന്നെയും ഈ സംശയാത്മകത്വം ബാധിച്ചു; മതത്തെസ്സംബന്ധിച്ച് എല്ലാ ആശയും വെടിയേണ്ടിവരുമെന്നും കുറച്ചു നാളേയ്ക്ക് എനിക്കു തോന്നി. എന്നാല്‍ ഭാഗ്യവശാല്‍ ക്രിസ്തുമതം, മുഹമ്മദുമതം, ബുദ്ധമതം മുതലായ മറ്റുമതങ്ങള്‍ പഠിക്കാന്‍ എനിക്കു സംഗതിയായി; എന്റെ മതം പഠിപ്പിച്ച മൌലികതത്ത്വങ്ങളെത്തന്നെയാണ് അവയും പഠിപ്പിക്കുന്നതെന്നു കണ്ടപ്പോള്‍ എനിക്കുണ്ടായ ആശ്ചര്യത്തെപ്പറ്റി എന്തു പറയട്ടെ! ഈ വിധത്തിലാണ് അതെന്റെ ചിന്താശക്തിയെ സ്പര്‍ശിച്ചത്.

ഞാന്‍ സ്വയം ചോദിച്ചു, എന്താണ് സത്യം? ഈ ലോകം സത്യമാണോ? അതെ; എന്തുകൊണ്ട്? ഞാന്‍ അതു കാണുന്നു എന്നതുകൊണ്ട്. നാമിപ്പോള്‍ കേട്ട മധുരധ്വനികള്‍ സത്യമാണോ? അതെ. എന്തുകൊണ്ട്? നാം അവ കേട്ടു എന്നതുകൊണ്ട്. നമുക്കറിയാം, മനുഷ്യന് ഒരു ശരീരവും കണ്ണും ചെവിയുമെല്ലാമുണ്ടെന്ന്; മാത്രമല്ല, നമ്മുടെ ദൃഷ്ടിക്കു ഗോചരമല്ലാത്ത ഒരു ആദ്ധ്യാത്മികസ്വഭാവവും അവനുണ്ടെന്നു നമുക്കറിയാം. ആദ്ധ്യാത്മികകരണങ്ങള്‍ ഉപയോഗിച്ച് അവന് ഈ വിവിധമതങ്ങളെപ്പറ്റി പഠിക്കാം, അങ്ങനെ എല്ലാ മതങ്ങളും-അവ ഭാരതത്തിലെ വനാന്തര്‍ഭാഗങ്ങളില്‍വെച്ചുപദേശിക്കപ്പെട്ടതായാലും ശരി, ഒരു ക്രൈസ്തവരാജ്യത്തോ മറ്റെവിടെയെങ്കിലുമോവെച്ച് ഉപദേശിക്കപ്പെട്ടതായാലും ശരി-സാരാംശത്തില്‍ ഒന്നുതന്നെയാണെന്നു മനസ്സിലാക്കാനും അവന്നു കഴിയും. മതം മനുഷ്യമനസ്സിന്റെ ഒരു സ്വാഭാവികാവശ്യമാണെന്നുമാത്രമാണ് ഇതു വെളിവാക്കുന്നത്. ഒരു മതത്തിന്റെ സത്യാവസ്ഥയെസ്സംബന്ധിച്ച തെളിവ്, മറ്റു മതങ്ങളുടെ സത്യാവസ്ഥയെസ്സംബന്ധിച്ച തെളിവിനെ ആശ്രയിച്ചുനില്‍ക്കുന്നു. ഉദാഹരണമായി, എനിക്ക് ആറു വിരലുകളുണ്ടെന്നും മറ്റാര്‍ക്കും അങ്ങനെയില്ലെന്നും വന്നാല്‍ അതൊരു അസ്വാഭാവികതയാണെന്ന് (അതിനാല്‍ ശരിയായുള്ളതില്‍നിന്നു വ്യതിരിക്തമാണെന്ന്) നിങ്ങള്‍ക്കു തീര്‍ച്ചയായിട്ടും പറയാം. ഒരു മതമേ സത്യമായിട്ടുള്ളൂ, മറ്റെല്ലാം തെറ്റാണ് എന്ന വാദഗതിയിലും ഇതേ യുക്തി സംഗതമത്രേ. ലോകത്തില്‍ ഒരാള്‍ക്കുമാത്രം ആറു വിരലുകളുണ്ടായിരിക്കുക എന്നതിലെപ്പോലെ, (മറ്റു മതങ്ങളില്‍നിന്നു വ്യത്യസ്തമായി) ഒരു മതം മാത്രം ഉണ്ടായിരിക്കുക എന്നുള്ളതും അസ്വാഭാവികമായിരിക്കും. അതിനാല്‍, ഒരു മതം ശരിയാണെങ്കില്‍ മറ്റെല്ലാ മതങ്ങളും ശരിയാകണമെന്നു നാം കാണുന്നു. അപ്രധാനാംശങ്ങളില്‍ വ്യത്യാസമുണ്ടായിരിക്കും; എന്നാല്‍ സാരാംശങ്ങളില്‍ അവയെല്ലാം ഒന്നുതന്നെ. എന്റെ അഞ്ചുവിരലുകള്‍ ശരിയാണെങ്കില്‍, ആയതു നിങ്ങളുടെ അഞ്ചു വിരലും ശരിതന്നെ എന്നു തെളിയിക്കുന്നു. മനുഷ്യന്‍ എവിടെയിരുന്നാലും അവന്‍ ആസ്തിക്യബുദ്ധിയെ വികസിപ്പിക്കണം. ആദ്ധ്യാത്മികത വളര്‍ത്തിക്കൊണ്ടുവരണം.

വിവിധമതങ്ങളുടെ പഠനത്തില്‍നിന്നു ഞാന്‍ കാണുന്ന മറ്റൊരു വസ്തുത, ആത്മാവിനേയും ഈശ്വരനേയും സംബന്ധിച്ച ആശയങ്ങള്‍ക്കു മൂന്നു പടികളുണ്ടെന്നുള്ളതാണ്. ഒന്നാമതായി, നശ്വരമായ ദേഹത്തിനു പുറമെ, ദേഹത്തെപ്പോലെ മാറിക്കൊണ്ടിരിക്കാത്ത ഒരംശം,അവികാര്യവും ശാശ്വതവും മരണരഹിതവുമായ ഏതോ ഒന്ന് ഉണ്ടെന്ന് എല്ലാ മതങ്ങളും സമ്മതിക്കുന്നു. എന്നാല്‍ പില്‍ക്കാലത്തുണ്ടായ ചില മതങ്ങള്‍, വിനാശമില്ലാത്ത ഒരംശം നമ്മിലുണ്ടെന്നു സമ്മതിക്കുന്നതോടൊപ്പം അതിന് ആദിയുണ്ടായിരുന്നു എന്നും സിദ്ധാന്തിക്കുന്നുണ്ട്. എന്നാല്‍ ആദിയുള്ള ഏതൊന്നിനും അവശ്യം അന്തവുമുണ്ടാവണം. നമുക്ക്, അതായത്-നമ്മിലെ സത്തായ അംശത്തിന്-ഒരിക്കലും ആദിയുണ്ടായിട്ടില്ല. ഒരിക്കലും അന്തവുമുണ്ടാകയില്ല. നമുക്കെല്ലാം മേലെ, നിത്യമായ ഈ പ്രകൃതിക്കും മേലെ, നിത്യവും ശാശ്വതവുമായി മറ്റൊരു സത്തയുണ്ട്- ഈശ്വരന്‍. ആളുകള്‍ ലോകാരംഭത്തെപ്പറ്റിയും മനുഷ്യന്റെ ഉല്‍പ്പത്തിയെപ്പറ്റിയും സംസാരിക്കാറുണ്ട്. ‘ആരംഭ’മെന്നതിന് ഒരു കല്‍പ്പത്തിന്റെ ആരംഭമെന്നേ അര്‍ത്ഥമുള്ളു. ആകെക്കൂടിയുള്ള പ്രപഞ്ചത്തിന്റെ ആരംഭമെന്ന് അതിനൊരിടത്തും അര്‍ത്ഥമില്ല. സൃഷ്ടിക്ക് ഒരാരംഭം ഉണ്ടാവുകയെന്നത് അസാധ്യം. ഒരാരംഭകാലത്തെ വിഭാവനം ചെയ്യുക നിങ്ങളിലാര്‍ക്കും സാദ്ധ്യമല്ല. ആരംഭമുള്ള ഏതൊന്നിനും അവസാനവുമുണ്ടാവണം. “ഞാന്‍ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല, നീയും അങ്ങനെതന്നെ. നമ്മളാരും മേലില്‍ ഇല്ലാതാകയുമില്ല. “എന്നാണ് ഭഗവദ്ഗീത* പറയുന്നത്. സൃഷ്ടിയുടെ ആരംഭത്തെപ്പറ്റി പറയുന്നിടത്തെല്ലാം കല്‍പ്പത്തിന്റെ ആരംഭമാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. നിങ്ങളുടെ ശരീരം നാശമടയും. എന്നാല്‍ ആത്മാവ് ഒരിക്കലും നശിക്കില്ല.

ആത്മാവിനെക്കുറിച്ചുള്ള ഈ ആശയത്തോടൊപ്പം അതിന്റെ പരിപൂര്‍ണ്ണതയെസ്സംബന്ധിച്ച് മറ്റൊരു കൂട്ടം ആശയങ്ങളും കാണുന്നുണ്ട്. ആത്മാവ് സ്വയംപൂര്‍ണ്ണമാണ്. യഹൂദന്മാരുടെ ‘പുതിയ നിയമം’ മനുഷ്യന്‍ ആദിയില്‍ പൂര്‍ണ്ണനായിരുന്നുവെന്നു സമ്മതിക്കുന്നുണ്ട്. അവന്‍ സ്വന്തം കര്‍മ്മങ്ങള്‍കൊണ്ടാണ് അശുദ്ധനായത്. അവനു തന്റെ പൂര്‍വ്വപ്രകൃതിയെ, പരിശുദ്ധാവസ്ഥയെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ചിലര്‍ അര്‍ത്ഥവാദങ്ങളും കെട്ടുകഥകളും പ്രതീകങ്ങളും മറ്റും മുഖേനയാണ് ഈ കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്. ഈ പ്രസ്താവനകളെ അപഗ്രഥിച്ചുതുടങ്ങുമ്പോള്‍, മനുഷ്യാത്മാവ് അതിന്റെ യഥാര്‍ത്ഥരൂപത്തില്‍ പരിപൂര്‍ണ്ണമാണെന്നും അതിന് ആ പൂര്‍വ്വവിശുദ്ധി വീണ്ടെടുക്കേണ്ടതുണ്ടെന്നും അവയെല്ലാം പഠിപ്പിക്കുന്നതായി കാണാം. എങ്ങനെ? ഈശ്വരജ്ഞാനത്താല്‍. യഹൂദന്മാരുടെ ബൈബിള്‍ പറയുംപോലെ, “പുത്രനില്‍ക്കൂടിയല്ലാതെ ആര്‍ക്കും (പിതാവായ) ഈശ്വരനെ കാണാന്‍ കഴിയില്ല.” എന്താണിതിന്റെ ആശയം? ഈശ്വരനെ കണ്ടെത്തലാണ് മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും. പിതാവുമായി ഐക്യം പ്രാപിക്കുന്നതിനുമുമ്പു പുത്രഭാവമുണ്ടാവണം. മനുഷ്യന് അവന്റെ പവിത്രത പൊയ്പ്പോയതു സ്വന്തം കര്‍മ്മങ്ങളുടെ ഫലമായിട്ടാണെന്ന് ഓര്‍മ്മിക്കണം. നാം കഷ്ടതയനുഭവിക്കുന്നെങ്കില്‍, അതു നമ്മുടെ സ്വന്തം പ്രവൃത്തികളുടെ ഫലമാണ്; അതിന് ഈശ്വരനെ കുറ്റപ്പെടുത്താവുന്നതല്ല. യൂറോപ്യന്മാര്‍ വികൃതമാക്കുന്നതിനുമുമ്പ് സാര്‍വ്വത്രികമായിരുന്ന പുനര്‍ജ്ജന്മസിദ്ധാന്തം ഈ ആശയങ്ങളുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്.

നിങ്ങളില്‍ ചിലര്‍ അതു കേട്ടിരിക്കാം, അവഗണിക്കയും ചെയ്തിരിക്കാം. മനുഷ്യാത്മാവ് സനാതനമാണെന്ന സിദ്ധാന്തത്തോടു സമാന്തരമായി പോകുന്നതാണ് ഈ പുനര്‍ജ്ജന്മസിദ്ധാന്തം. ഒരു ക്ളിപ്തസമയത്ത് അവസാനിക്കുന്ന ഏതൊന്നിനും ഒരാരംഭമില്ലാതിരിക്കാന്‍ വയ്യ; ഒരു ക്ളിപ്തസമയത്ത് ആരംഭിക്കുന്ന ഏതൊന്നിനും ഒരവസാനമില്ലാതിരിക്കാനും വയ്യ. മനുഷ്യാത്മാവിന്റെ ആരംഭം എന്നതുപോലെയുള്ള ഒരു ഭീമമായ അസാധ്യതയില്‍ വിശ്വസിക്കുവാന്‍ നമുക്കാവില്ല. പുനര്‍ജ്ജന്മസിദ്ധാന്തം ആത്മാവിന്റെ സ്വാതന്ത്യ്രത്തെ പ്രഖ്യാപനം ചെയ്യുന്നു. (പ്രപഞ്ചത്തിന്നാകെക്കൂടി) കേവലമായ ഒരാദിയുണ്ടായിരുന്നു എന്നു സങ്കല്‍പ്പിക്കുക. അപ്പോള്‍, മനുഷ്യനിലുള്ള അവിശുദ്ധിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഈശ്വരനില്‍ ചെന്നുചേരുന്നു. സര്‍വ്വകാരുണികനായ പിതാവ് ലോകത്തിലെ പാപങ്ങള്‍ക്കെല്ലാം ഉത്തരവാദി! പാപത്തിന്റെ ഉല്‍പ്പത്തി ഈ വിധത്തിലാണെങ്കില്‍ ഒരുവന്‍ മറ്റൊരുവനെക്കാളേറെ ദുഃഖം അനുഭവിക്കേണ്ടിവരുന്നതെന്തുകൊണ്ട്? അതു സര്‍വ്വകാരുണികനായ ഈശ്വരനില്‍നിന്നു വരുന്നതാണെങ്കില്‍, ഈ പക്ഷപാതം എന്തുകൊണ്ട്? ലക്ഷക്കണക്കിനാളുകള്‍ (മറ്റുള്ളവരുടെ) കാല്‍ച്ചവിട്ടുകള്‍ക്കിരയാകുന്നതെന്തുകൊണ്ട്? പട്ടിണി അര്‍ഹിക്കത്തക്കവണ്ണം യാതൊന്നും ചെയ്തിട്ടില്ലാത്തവര്‍ പട്ടിണികിടക്കേണ്ടിവരുന്നതെന്തുകൊണ്ട്? ആരാണുത്തരവാദി? മനുഷ്യര്‍ക്കല്ല ഇതില്‍ കര്‍ത്തൃത്വമെങ്കില്‍, തീര്‍ച്ചയായും ഈശ്വരന്‍ ഉത്തരവാദിയാകണം. അതിനാല്‍, ഒരുവന്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കെല്ലാം അവന്‍തന്നെ ഉത്തരവാദി എന്നുള്ളതാണ് കുറേക്കൂടി മെച്ചമായ സമാധാനം. ഞാന്‍ (കര്‍മ്മ)ചക്രത്തെ ചുഴറ്റിവിട്ടാല്‍ അതിന്റെ ഫലത്തിനും ഞാന്‍ ഉത്തരവാദിയാണ്. എനിക്കു ദുഃഖം വരുത്തുവാന്‍ കഴിയുമെങ്കില്‍ അതില്ലാതാക്കുവാനും കഴിയും. ഇതില്‍നിന്നു നാം സ്വതന്ത്രരാണെന്നു സിദ്ധിക്കുന്നു. വിധി എന്നൊന്നില്ല. നമ്മെ ബലാല്‍ പ്രവര്‍ത്തിപ്പിക്കുന്നതായി യാതൊന്നുമില്ല. നാം ചെയ്തതു റദ്ദാക്കാന്‍ നമുക്കു കഴിയുകയും ചെയ്യും.

ഈ സിദ്ധാന്തത്തോടനുബന്ധിച്ച ഒരു വാദഗതിയിലേയ്ക്കു നിങ്ങളുടെ ക്ഷമാപൂര്‍വ്വമായ ശ്രദ്ധ ഞാനര്‍ത്ഥിക്കുന്നു; കാരണം അത് അല്പം സൂക്ഷ്മമാണ്. നാം നമ്മുടെ എല്ലാ അറിവും സമ്പാദിക്കുന്നത് അനുഭവങ്ങള്‍ വഴിക്കാണ്; അറിവ് നേടാന്‍ അതേ വഴിയുള്ളൂ. നാം അനുഭവങ്ങളെന്നു പറയുന്നതു ബോധതലത്തിലാണ് നടക്കുന്നത്. ഉദാഹരണത്തിന്, ഒരാള്‍ പിയാനോവില്‍ ഒരു രാഗം വായിച്ചു പഠിക്കുമ്പോള്‍ ആദ്യം ഓരോ കട്ടയിലും ബോധപൂര്‍വ്വം മനസ്സുവെച്ചു വിരല്‍ നടത്തുന്നു. വിരലുകളുടെ ആ നടപ്പു ശീലമാകുംവരെ അയാള്‍ ആ പ്രക്രിയ ആവര്‍ത്തിക്കുന്നു. പിന്നീടയാള്‍ക്ക് ഓരോ കട്ടയിലും പ്രത്യേകം മനസ്സുവെയ്ക്കാതെ രാഗം വായിക്കുവാന്‍ കഴിയുന്നു. അതുപോലെ, നമ്മെസ്സംബന്ധിച്ചു നമ്മുടെ കര്‍മ്മപ്രവണതകള്‍, മുമ്പു ബോധപൂര്‍വ്വം ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെ ഫലമാണെന്നു കാണാം. ശിശു ചില വാസനകളോടുകൂടി ജനിക്കുന്നു. അവ എവിടെനിന്നു വന്നു? ഒരു ശിശുവും ഒന്നുമെഴുതാത്ത സ്ളേറ്റുപോലെ ശൂന്യമായ മനസ്സുമായല്ല ജനിക്കുന്നത്. മുന്നേ അതില്‍ ചില എഴുത്തുകള്‍ നടന്നിട്ടുണ്ട്. ഒരു കുട്ടിയും ശൂന്യമായ മനസ്സോടുകൂടി പിറക്കുന്നില്ലെന്നു ഗ്രീസിലേയും ഈജിപ്തിലേയും പുരാതനതത്ത്വശാസ്ത്രജ്ഞന്മാര്‍ പഠിപ്പിച്ചിരുന്നു. മുമ്പു ബോധപൂര്‍വ്വം ചെയ്യപ്പെട്ട കര്‍മ്മങ്ങളുടെ ഫലമായി, ഒരു നൂറു സംസ്കാരങ്ങളോടുകൂടിയാണ് ഓരോ ശിശുവും ജനിക്കുന്നത്. അവ കുട്ടി ഈ ജന്മത്തില്‍ സമ്പാദിച്ചതല്ല; അതിനാല്‍ മുന്‍ജന്മങ്ങളില്‍ ആര്‍ജ്ജിച്ചതാവണമെന്നു സമ്മതിക്കാന്‍ നാം നിര്‍ബ്ബദ്ധരാകുന്നു. ഈ പ്രവണതകള്‍ മുന്‍കര്‍മ്മങ്ങളുടെ ഫലമാണെന്ന്, അതിതീവ്രനായ ഭൌതികവാദിക്കും സമ്മതിക്കേണ്ടിവന്നിരിക്കുന്നു; എന്നാല്‍ അവ പാരമ്പര്യം വഴിക്കാണ് വരുന്നതെന്ന് അവരഭിപ്രായപ്പെടുന്നുവെന്നു മാത്രം. ഈ പാരമ്പര്യനിയമമനുസരിച്ച്, നമ്മുടെ പിതൃ-പിതാമഹ-പ്രപിതാമഹന്മാര്‍ നമ്മിലേയ്ക്ക് അവതീര്‍ണ്ണരാകുന്നു. പാരമ്പര്യനിയമം മാത്രം ഇതിനു സമാധാനമാകുമെങ്കില്‍, പിന്നെ ആത്മാവില്‍ വിശ്വസിക്കേണ്ട ആവശ്യം തീരെയില്ല; എന്തെന്നാല്‍ ശരീരംതന്നെ എല്ലാത്തിനും സമാധാനം നല്‍കും. ഭൌതികസിദ്ധാന്തത്തേയും ആദ്ധ്യാത്മികസിദ്ധാന്തത്തേയും സംബന്ധിച്ചുണ്ടായിട്ടുള്ള നാനാവാദങ്ങളിലേയ്ക്ക് കടക്കേണ്ടതില്ല. ഒരു പ്രത്യഗാത്മാവില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതുവരെയും മാര്‍ഗ്ഗം സ്പഷ്ടമാണ്. യുക്തിയുക്തമായ ഒരു നിഗമനത്തിലെത്തിച്ചേരാന്‍, നമുക്കു പൂര്‍വ്വജന്മങ്ങള്‍ ഉണ്ടായിരുന്നു എന്നു സമ്മതിച്ചേ തീരൂ. പ്രാചീനരും ആധുനികരുമായ തത്ത്വചിന്തകന്മാരുടേയും ആത്മജ്ഞാനികളുടേയും വിശ്വാസമിതാണ്. യഹൂദരുടെ ഇടയില്‍ ഈ സിദ്ധാന്തം വിശ്വസിക്കപ്പെട്ടിരുന്നു. യേശുക്രിസ്തു ഇതില്‍ വിശ്വസിച്ചിരുന്നു. ‘എബ്രഹാമിനുമുമ്പും ഞാനുണ്ട്’ എന്ന് അദ്ദേഹം ബൈബിളില്‍ പറഞ്ഞിരിക്കുന്നു. മറ്റൊരു ഭാഗത്ത് ഇങ്ങനെയും പറയുന്നുണ്ട്, ‘(മുമ്പ്) വന്നിട്ടുണ്ടെന്നു പറയപ്പെടുന്ന ഏലിയാസ് ഇദ്ദേഹമാണ്.’

നാനാജനസമുദായങ്ങളുടെ ഇടയില്‍ നാനാപരിസ്ഥിതികളിലും സാഹചര്യങ്ങളിലും വളര്‍ന്നുവന്നിട്ടുള്ള നാനാമതങ്ങളുടെയെല്ലാം ഉത്ഭവസ്ഥാനം ഏഷ്യയത്രേ. ഏഷ്യക്കാര്‍ അവയെ ശരിക്കു മനസ്സിലാക്കുകയും ചെയ്യുന്നു. ജന്മഭൂമിക്കു പുറത്തു കടന്നപ്പോള്‍ അവയില്‍ പ്രമാദങ്ങള്‍ കൂടിക്കലര്‍ന്നു. ക്രിസ്തുമതത്തിലെ ഏറ്റവും ഗഹനങ്ങളും ഉല്‍ക്കൃഷ്ടങ്ങളുമായ ആശയങ്ങള്‍ യൂറോപ്പില്‍ ഒരിക്കലും ഗ്രഹിക്കപ്പെട്ടിട്ടില്ല; കാരണം, ബൈബിള്‍ എഴുതിയവര്‍ ഉപയോഗിച്ച ആശയങ്ങളും ഭാവനകളും യൂറോപ്പിന് അപരിചിതങ്ങളായിരുന്നു. ഉദാഹരണത്തിന്, വിശുദ്ധകന്യകയുടെ (ങമറീിിമ) ചിത്രങ്ങള്‍തന്നെ എടുക്കുക. ഒരോ ചിത്രകാരനും താന്‍ മുന്‍കൂട്ടി രൂപവല്‍ക്കരിച്ച സ്വന്തം ആശയങ്ങള്‍ക്കനുസരിച്ചാണ് വിശുദ്ധകന്യകയെ ചിത്രീകരിക്കുക. യേശുക്രിസ്തുവിന്റെ ‘തിരുവത്താഴ’ത്തിന്റെ ചിത്രങ്ങള്‍ നൂറുകണക്കിനു ഞാന്‍ കണ്ടിട്ടുണ്ട്; അവയിലെല്ലാം അദ്ദേഹത്തെ ഒരു മേശയ്ക്കരികില്‍ ഇരുത്തിയിരിക്കുന്നു. എന്നാല്‍ ക്രിസ്തു ഒരിക്കലും മേശമേല്‍ വെച്ച് ആഹാരം കഴിച്ചിട്ടില്ല; അദ്ദേഹം മറ്റുള്ളവരോടൊപ്പം തറയില്‍ ഇരിക്കയാണ് ചെയ്തിട്ടുള്ളത്. അവര്‍ക്ക് ഓരോ കുടുവന്‍പാത്രവും (യീംഹ) ഉണ്ടായിരുന്നു. അതില്‍ അവര്‍ റൊട്ടിമുക്കിയിരുന്നു- ആ റൊട്ടി നിങ്ങള്‍ ഇന്നു കഴിക്കുന്ന തരമല്ല, അന്യജനങ്ങളുടെ അപരിചിതങ്ങളായ ആചാരങ്ങള്‍ മനസ്സിലാക്കുക ഏതൊരു ജനതയ്ക്കും പ്രയാസമാണ്. ഗ്രീക്കുകാരുടേയും റോമാക്കാരുടേയും മറ്റും സമ്പര്‍ക്കം നിമിത്തം അനേകനൂറ്റാണ്ടുകളിലൂടെ വന്നുചേര്‍ന്ന മാറ്റങ്ങള്‍ക്കും കൂടിക്കലര്‍പ്പുകള്‍ക്കും ശേഷം, യഹൂദന്മാരുടെ ആചാരങ്ങളെ ശരിക്കു മനസ്സിലാക്കുക എന്നത് യൂറോപ്യന്മാര്‍ക്ക് എത്രയോ കൂടുതല്‍ ദുഷ്കരമായിരുന്നു! ക്രിസ്തുമതത്തെ ആവരണം ചെയ്തിട്ടുള്ള കെട്ടുകഥകളിലും പുരാണകഥാവലികളിലുംകൂടി സുന്ദരമായ ആ മതത്തിന്റെ വളരെ ചെറിയ ഒരംശമേ ജനങ്ങള്‍ക്ക് കിട്ടുന്നുള്ളുവെങ്കില്‍ അത്ഭുതമില്ല; ഇന്നത്തെ ജനങ്ങള്‍ ആ മതത്തെ ഒരു കച്ചവടച്ചരക്കാക്കിയിട്ടുള്ളതും അത്ഭുതമല്ല.

നമുക്കു പ്രതിപാദ്യത്തിലേക്കു മടങ്ങാം. ആത്മാവ് സനാതനമാണ്, അതിന്റെ പ്രഭ മങ്ങിപ്പോയിരിക്കുന്നു, ഈശ്വരജ്ഞാനം കൊണ്ട് അതിന്റെ പൂര്‍വ്വപരിശുദ്ധി വീണ്ടെടുക്കേണ്ടിയിരിക്കുന്നു – ഇത്രയും എല്ലാം മതങ്ങളും പഠിപ്പിക്കുന്നതായി നാം കാണുന്നു. ഈ വിവിധമതങ്ങളിലെല്ലാം ഈശ്വരനെപ്പറ്റിയുള്ള ആശയമെന്താണ്? ആദ്യകാലത്തെ ആശയം വളരെ അവ്യക്തമായിരുന്നു. ഏറ്റവും പ്രാചീനരായ ജനസമുദായങ്ങള്‍ക്ക്, സൂര്യന്‍, ഭൂമി, അഗ്നി, ജലം ഇത്യാദി പല ദേവന്മാരുണ്ടായിരുന്നു. പുരാതനയഹൂദന്മാരുടെ ഇടയില്‍ ഇങ്ങനെയുള്ള അനേകം ദേവന്മാര്‍ പരസ്പരം ഉഗ്രമായ പോരാട്ടം നടത്തിയിരുന്നതായി കാണുന്നു. അനന്തരം, യഹൂദന്മാരും ബാബിലോണിയന്മാരും ആരാധിച്ചിരുന്ന ‘ഇളോഹിം’ എന്ന ദേവനെ കാണുന്നു. കുറേക്കൂടി കഴിഞ്ഞാല്‍, ഒരീശ്വരന്‍ എല്ലാവരിലും മേലെ നിലകൊള്ളുന്നതായി കാണാം. എന്നാല്‍ ആ അധീശദേവനെസ്സംബന്ധിച്ചു വിഭിന്നവര്‍ഗ്ഗക്കാര്‍ക്ക് ആശയൈക്യമില്ലായിരുന്നു. തങ്ങളുടെ ഈശ്വരനാണ് ഏറ്റവും വലിയവനെന്ന് ഓരോ കൂട്ടരും ശഠിച്ചു. അവര്‍ യുദ്ധംവഴി അതു സമര്‍ത്ഥിക്കുവാനും ശ്രമിച്ചു. യുദ്ധത്തില്‍ ഏറ്റവും നിപുണത പ്രദര്‍ശിപ്പിച്ച വര്‍ഗ്ഗം അതുവഴി തങ്ങളുടെ ഈശ്വരനാണ് ഏറ്റവും വലിയവനെന്നു തെളിയിച്ചു. ആ മനുഷ്യവര്‍ഗ്ഗങ്ങള്‍ ഏറെക്കുറെ അനാഗരികരായിരുന്നു. എന്നാല്‍ ക്രമേണ പഴയ ആശയങ്ങളുടെ സ്ഥാനത്ത് ഉത്തരോത്തരം മെച്ചപ്പെട്ട ആശയങ്ങള്‍ വന്നുചേര്‍ന്നു. പഴയ ആശയങ്ങളെല്ലാം, ഉപയോഗമില്ലാത്ത സാധനങ്ങള്‍ നിക്ഷേപിക്കുവാനുള്ള കലവറയിലേയ്ക്കു നീക്കപ്പെട്ടു. അല്ലെങ്കില്‍ നീക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആ മതങ്ങളെല്ലാം അനേകം നൂറ്റാണ്ടുകളിലൂടെ ഉണ്ടായി വളര്‍ന്നുവന്നവയാണ്. ഒന്നും ആകാശത്തില്‍നിന്നു പൊട്ടിവീണതല്ല. ഓരോന്നും പടിപടിയായി ആവിഷ്കരിക്കപ്പെടേണ്ടിയിരുന്നു; തുടര്‍ന്നുവരുന്നത്, ഏകേശ്വരപരമായ ആശയങ്ങളാണ്; സര്‍വ്വശക്തനും സര്‍വ്വജ്ഞനും വിശ്വത്തിനുമുഴുവന്‍ നാഥനുമായ ഒരേ ഈശ്വരനിലുള്ള വിശ്വാസം. ഈ ഏകേശ്വരന്‍ പ്രപഞ്ചത്തിനു വെളിയ്ക്കു വര്‍ത്തിക്കുന്നവനാണ്. അവിടുന്നു സ്വര്‍ഗ്ഗത്തില്‍ വാണരുളുന്നു. അവിടുത്തെ സങ്കല്‍പ്പിച്ചവരുടെ സ്ഥൂലഭാവനകള്‍ അവിടുത്തെമേല്‍ ആരോപിച്ചിരിക്കുന്നു. അവിടുത്തേയ്ക്കു വലതുവശവും ഇടതുവശവുമുണ്ട്, കയ്യില്‍ ഒരു പക്ഷിയുണ്ട് എന്നും മറ്റും. പക്ഷേ, ഒരു കാര്യം നമ്മുടെ ശ്രദ്ധയില്‍ പെടുന്നു-വര്‍ഗ്ഗദേവതകള്‍ എന്നേയ്ക്കുമായി മറഞ്ഞുവെന്നും അവയുടെ സ്ഥാനം വിശ്വത്തിന്റെ ഏകനാഥനായ ഒരീശ്വരന്‍, ഒരു ദേവാധിദേവന്‍ ഏറ്റെടുത്തുകഴിഞ്ഞുവെന്നും. എങ്കിലും അവിടുന്നു പ്രപഞ്ചബാഹ്യനാണ്; അനഭിഗമ്യന്‍. യാതൊന്നിനും അവിടുത്തെ അടുത്തു ചെല്ലാന്‍ സാധ്യമല്ല. ക്രമേണ ഈ ആശയത്തിനുമുണ്ടായി പരിവര്‍ത്തനം. തല്‍ഫലമായി അടുത്തപടിയില്‍ പ്രകൃതിയുടെ അന്തര്യാമിയായ ഒരീശ്വരനെ നാം കാണുന്നു.

ബൈബിളിലെ പുതിയ നിയമത്തില്‍, ‘സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവ്’-മനുഷ്യരില്‍നിന്നു വിട്ട് സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന ഈശ്വരന്‍- എന്നു പറഞ്ഞിരിക്കുന്നു. നാം ഭൂമിയില്‍ താമസിക്കുന്നു. അവിടുന്നു സ്വര്‍ഗ്ഗത്തിലും. എന്നാല്‍ ഇതിനുമുമ്പ് കാണുന്നുണ്ട്, അവിടുന്നു പ്രപഞ്ചത്തില്‍ അന്തര്യാമിയാണെന്നും സ്വര്‍ഗ്ഗത്തിലെമാത്രമല്ല, ഭൂമിയിലെയും ഈശ്വരനാണെന്നും പ്രസ്താവിക്കുന്ന ഭാഗങ്ങള്‍. നമ്മുടെ ഉള്ളിലിരിക്കുന്ന ഈശ്വരനാണവിടുന്ന്. ഈശ്വരന്ന് നമ്മോട് ഇതേനിലയിലുള്ള അടുപ്പത്തെ കുറിക്കുന്ന ഒരു ഘട്ടം ഹൈന്ദവതത്ത്വശാസ്ത്രങ്ങളിലും കാണാം. പക്ഷേ, ഞങ്ങള്‍ അവിടംകൊണ്ടവസാനിപ്പിക്കുന്നില്ല. താന്‍ ആരാധിച്ചുവന്നിരുന്ന ഈശ്വരന്‍ സ്വര്‍ഗ്ഗത്തിലേയും ഭൂമിയിലേയും പിതാവെന്നുമാത്രമല്ല, ‘ഞാനും എന്റെ പിതാവും ഒന്നാണ്’ എന്ന് മനുഷ്യന്‍ അനുഭവപ്പെടുത്തുന്ന ഒരു അദ്വൈതഘട്ടവുമുണ്ട്. അവിടെ, താന്‍ ഈശ്വരന്‍തന്നെയെന്ന് അവനു തന്റെ ആത്മാവില്‍ അനുഭൂതമാകുന്നു-താന്‍ ഈശ്വരന്റെ കുറഞ്ഞ തോതിലുള്ള ഒരഭിസ്ഫുരണം മാത്രമാണെന്ന്. എന്നില്‍ സത്തായിട്ടുള്ളതെല്ലാം ഈശ്വരന്‍തന്നെ; ഈശ്വരനില്‍ സത്തായിട്ടുള്ളതെല്ലാം ഞാനും. ഈശ്വരനും മനുഷ്യനും തമ്മിലുള്ള വിടവ് ഇങ്ങനെ നികത്തപ്പെട്ടിരിക്കുന്നു. ഇപ്രകാരം, ഈശ്വരനെ അറിയുന്നതുമൂലം സ്വര്‍ഗ്ഗരാജ്യം നമ്മില്‍ത്തന്നെയായിരിക്കുന്നത് എങ്ങനെയെന്ന് നമുക്കു മനസ്സിലാകുന്നു.

ഒന്നാമത്തെ ഘട്ടത്തില്‍, അതായത് ദ്വൈതാവസ്ഥയില്‍, മനുഷ്യന്‍ താനൊരു ചെറിയ വ്യക്തി-ജോണോ ജെയിംസോ ടോമോ-ആണെന്നു വിചാരിക്കുന്നു; “ഞാന്‍ എക്കാലവും ജോണോ ജെയിംസോ ടോമോ ആയിരിക്കും, ഒരിക്കലും മറ്റൊന്നുമാവില്ല” എന്നു പറയുകയും ചെയ്യുന്നു. ഒരു കൊലപാതകി വന്ന്, ‘ഞാന്‍ എന്നും ഒരു കൊലപാതകിയായിത്തന്നെ ഇരിക്കും’ എന്നു പറയുന്നതിനേക്കാള്‍ കുറഞ്ഞതല്ല ഈ നിലപാട്. എന്നാല്‍, കാലഗതിയില്‍ ടോം അന്തര്‍ദ്ധാനം ചെയ്യുന്നു; ആദ്യത്തെ ശുദ്ധനായ ആദാമായി (പാപം തീണ്ടാത്ത ആത്മാവായി) മടങ്ങിയെത്തുന്നു.

“ഹൃദയശുദ്ധിയുള്ളവര്‍ അനുഗൃഹീതര്‍, എന്തെന്നാല്‍ അവര്‍ ഈശ്വരനെ കാണും.” നമുക്ക് ഈശ്വരനെ കാണാന്‍ കഴിയുമോ? തീര്‍ച്ചയായുമില്ല. നമുക്ക് ഈശ്വരനെ അറിയാന്‍ സാധിക്കുമോ? തീര്‍ച്ചയായുമില്ല. ഈശ്വരനെ അറിയാന്‍ സാധിച്ചാല്‍പ്പിന്നെ അവിടുന്ന് ഈശ്വരനല്ല. അറിവ് പരിമിതിയാണ്. എന്നാല്‍ ഞാനും എന്റെ പിതാവും ഒന്നത്രേ-പരമാര്‍ത്ഥതത്ത്വത്തെ ഞാന്‍ എന്റെ ആത്മാവില്‍ കാണുന്നു. ഈ ആശയങ്ങള്‍ ചില മതങ്ങളില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്; മറ്റു ചിലവയില്‍ സൂചനകളേ ഉള്ളൂ. ചില മതങ്ങളില്‍ അവ നിരസിക്കപ്പെട്ടു. ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ ഈ രാജ്യത്ത് ഇപ്പോള്‍ വളരെ ചുരുക്കമായിട്ടേ മനസ്സിലാക്കപ്പെടുന്നുള്ളൂ. നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ അവ ഒരിക്കലും ശരിയായി ഗ്രഹിക്കപ്പെട്ടിട്ടില്ലെന്നു ഞാന്‍ പറയും.

പരിശുദ്ധിയും പൂര്‍ണ്ണതയും പ്രാപിക്കുവാന്‍ വളര്‍ച്ചയുടെ നാനാഘട്ടങ്ങള്‍ തികച്ചും ആവശ്യമാണ്. പലതരം മതസമ്പ്രദായങ്ങളെല്ലാം ഒരേ ആശയങ്ങളാകുന്ന അടിത്തറയിന്മേലാണ് ഉറപ്പിച്ചിട്ടുള്ളത്. ‘സ്വര്‍ഗ്ഗരാജ്യം നിങ്ങളുടെ ഉള്ളിലാണ്’ എന്നു ക്രിസ്തു പറയുന്നുണ്ട്; ‘നമ്മുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ്’ എന്നും പറയുന്നു. ഈ രണ്ടു വചനങ്ങളേയും നിങ്ങള്‍ എങ്ങനെ പൊരുത്തപ്പെടുത്തും? ഈവിധത്തില്‍-രണ്ടാമത്തെ വാക്യം വിദ്യാഭ്യാസമില്ലാത്ത, മതാഭ്യസനം ലഭിച്ചിട്ടില്ലാത്ത, സാമാന്യജനത്തോടു സംസാരിച്ചപ്പോള്‍ പറഞ്ഞതാണ്. അവരോട് അവരുടെ സ്വന്തം ഭാഷയില്‍ സംസാരിക്കേണ്ടിയിരുന്നു. സാധാരണജനങ്ങള്‍ക്ക് ഇന്ദ്രിയഗ്രാഹ്യമായ സ്ഥൂലാശയങ്ങള്‍ വേണം. ഒരാള്‍ ലോകത്തിലെ ഏറ്റവും വലിയ തത്ത്വശാസ്ത്രപണ്ഡിതനാവാം; പക്ഷേ മതവിഷയത്തില്‍ ഒരു ശിശുവാണെന്നു വരാം. ഒരുവന്‍ ആദ്ധ്യാത്മികതയുടെ ഒരുയര്‍ന്ന പടിയിലെത്തുമ്പോള്‍, അവന്നു സ്വര്‍ഗ്ഗരാജ്യം തന്റെ ഉള്ളിലാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. അതാണ് സാക്ഷാല്‍ മാനസികരാജ്യം. അങ്ങനെ, എല്ലാ മതങ്ങളിലും സ്ഥൂലദൃഷ്ടിയില്‍ തോന്നിക്കുന്ന വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും വളര്‍ച്ചയുടെ വിവിധഘട്ടങ്ങളെ കുറിക്കുകമാത്രമാണ് ചെയ്യുന്നതെന്ന് നാം കാണുന്നു. അതിനാല്‍ ഒരുവനേയും അവന്റെ മതവിശ്വാസം സംബന്ധിച്ചു കുറ്റപ്പെടുത്തുവാന്‍ നമുക്കധികാരമില്ല. വളര്‍ച്ചയുടെ ചില ഘട്ടങ്ങളില്‍ പ്രതിമകളും പ്രതീകങ്ങളുമെല്ലാം വേണം; അവയാണ് ആ ഘട്ടങ്ങളില്‍ വര്‍ത്തിക്കുന്ന ആളുകള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഭാഷ.

ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനാഗ്രഹിക്കുന്ന അടുത്ത ആശയം, മതം വിശ്വാസപ്രമാണങ്ങളിലും അഭിപ്രായങ്ങളിലുമല്ല അടങ്ങിയിരിക്കുന്നതെന്നുള്ളതാണ്. നിങ്ങള്‍ എന്തു വായിക്കുന്നു, അല്ലെങ്കില്‍ എന്തഭിപ്രായങ്ങളില്‍ വിശ്വസിക്കുന്നു എന്നുള്ളതല്ല പ്രധാനം, എന്തു സാക്ഷാല്‍ക്കരിക്കുന്നു എന്നുള്ളതാണ്. “ഹൃദയശുദ്ധിയുള്ളവര്‍ അനുഗൃഹീതര്‍, എന്തെന്നാല്‍ അവര്‍ ഈശ്വരനെ കാണും.” അതേ, ഈ ജന്മത്തില്‍ത്തന്നെ; അതാണ് മുക്തിയെന്നു പറയുന്നതും, ചില ശബ്ദങ്ങള്‍ ഉരുവിടുന്നതുകൊണ്ട് ഇതു സാധിക്കാമെന്നു പഠിപ്പിക്കുന്നവരുണ്ട്. എന്നാല്‍ മഹാന്മാരായ ആചാര്യന്മാരിലാരുംതന്നെ, മുക്തിക്കു ബാഹ്യാനുഷ്ഠാനങ്ങള്‍ ആവശ്യമാണെന്ന് ഇതുവരെ പഠിപ്പിച്ചിട്ടില്ല. മുക്തി പ്രാപിക്കാനുള്ള കഴിവ് നമ്മളില്‍ത്തന്നെയുണ്ട്. നാം ജീവിക്കുന്നതും ചലിക്കുന്നതും ഈശ്വരനിലാണ്. മതവിശ്വാസങ്ങള്‍ക്കും മതസമ്പ്രദായങ്ങള്‍ക്കും നിര്‍വ്വഹിക്കേണ്ടതായി അവയുടെ അനുഷ്ഠാനവിഭാഗങ്ങളുണ്ട്. എന്നാല്‍ അവ കുട്ടികള്‍ക്കുള്ളതാണ്, അല്പകാലത്തേയ്ക്കേ അവ നിലനില്‍ക്കുന്നുമുള്ളു. ഗ്രന്ഥങ്ങള്‍ ഒരിക്കലും മതങ്ങളെ സൃഷ്ടിക്കുന്നില്ല; മറിച്ച് മതങ്ങള്‍ ഗ്രന്ഥങ്ങളെ സൃഷ്ടിക്കുന്നു. ഈ വസ്തുത നാം വിസ്മരിക്കരുത്. ഒരു ഗ്രന്ഥവും ഈശ്വരനെ സൃഷ്ടിച്ചിട്ടില്ല; എന്നാല്‍ ഈശ്വരന്‍ എല്ലാ മഹാഗ്രന്ഥങ്ങള്‍ക്കും പ്രചോദനം നല്‍കി. ഒരു ഗ്രന്ഥവും ഒരിക്കലും ഒരാത്മാവിനെ സൃഷ്ടിച്ചിട്ടില്ല; അതു നാം ഒരിക്കലും വിസ്മരിക്കരുത്. ഈശ്വരനെ ആത്മാവില്‍ സാക്ഷാല്‍ക്കരിക്കുകയെന്നതാണ് എല്ലാ മതങ്ങളുടെയും ലക്ഷ്യം. അതാണ് സാര്‍വ്വജനീനമായ ഏകമതം. എല്ലാ മതങ്ങളിലും പൊതുവായ ഒരു സാര്‍വ്വത്രികതത്ത്വമുണ്ടെങ്കില്‍, അത് ഇക്കാര്യത്തിലാണ്, ഈശ്വരസാക്ഷാല്‍ക്കാരത്തിലാണ് എന്ന് ഞാന്‍ പറയുന്നു, ആദര്‍ശങ്ങളും മാര്‍ഗ്ഗങ്ങളും വ്യത്യാസപ്പെടാം; എന്നാല്‍ അവയ്ക്കെല്ലാം കേന്ദ്രമായിരിക്കുന്ന ആശയം ഇതാണ്. വിഭിന്നങ്ങളായ ഒരായിരം ആചാരങ്ങളുണ്ടാവാം; അവയെല്ലാം ഒരു കേന്ദ്രബിന്ദുവില്‍ ചെന്നുചേരുന്നു-അതാണ് ഈശ്വരാനുഭൂതി. ഈ ഇന്ദ്രിയലോകത്തിന്റെ പിന്നിലുള്ള യാഥാര്‍ത്ഥ്യമാണത്; വിരാമമില്ലാതെ, തീനുംകുടിയും നിരര്‍ത്ഥകപ്രലപനങ്ങളുമായി കഴിയുന്ന ഈ ലോകത്തിന്റെ സ്വാര്‍ത്ഥതാപൂര്‍ണ്ണമായ ഈ മായാപ്രപഞ്ചത്തിന്റെ, പിന്നിലുള്ള യാഥാര്‍ത്ഥ്യമാണത്. ഗ്രന്ഥങ്ങള്‍ക്കെല്ലാം മേലേ. വിശ്വാസപ്രമാണങ്ങള്‍ക്കെല്ലാം മേലേ, ഈ ലോകത്തിലെ മിഥ്യാഭ്രമങ്ങള്‍ക്കെല്ലാംമേലേ, ഒന്നുണ്ട്. അതത്രേ നിങ്ങളില്‍ത്തന്നെ ഈശ്വരനെ സാക്ഷാല്‍ക്കരിക്കുക എന്നത്. ഒരുവന്‍ ലോകത്തിലുള്ള എല്ലാ ആരാധനാസമ്പ്രദായങ്ങളിലും വിശ്വസിക്കുന്നുവെന്നുവരാം, എഴുതപ്പെട്ട എല്ലാ മതഗ്രന്ഥങ്ങളിലേയും ഉള്ളടക്കം തലയിലേറ്റിയിട്ടുണ്ടെന്നുവരാം. ലോകത്തിലുള്ള എല്ലാ നദീതീര്‍ത്ഥങ്ങളിലും ‘ജ്ഞാനസ്നാനം’ ചെയ്തിട്ടുണ്ടെന്നുവരാം. എന്നാലും ഈശ്വരദര്‍ശനമുണ്ടായിട്ടില്ലെങ്കില്‍ ഞാനയാളെ മുഴുത്ത നാസ്തികന്റെ കൂട്ടത്തിലാണെണ്ണുക. മറ്റൊരുവന്‍ ഒരിക്കലും ഒരു ദേവാലയത്തില്‍ കയറിയിട്ടില്ലെന്നുവരാം, പൂജാനുഷ്ഠാനങ്ങളൊന്നും നടത്തിയിട്ടില്ലെന്നുവരാം; എന്നാല്‍ ഉള്ളില്‍ ഈശ്വരസാന്നിധ്യം അനുഭൂതമാകയും, തന്നിമിത്തം ലൌകികമായ മിഥ്യാഭ്രമങ്ങള്‍ക്കെല്ലാം അതീതനായിരിക്കയും ചെയ്യുന്നുവെങ്കില്‍, അവന്‍ ഒരു പുണ്യാത്മാവാണ്. സിദ്ധപുരുഷനാണ്-അല്ലെങ്കില്‍ ഇഷ്ടംപോലെ എന്തെങ്കിലും വിളിച്ചുകൊള്ളുക. ഒരുവന്‍ എഴുന്നേറ്റുനിന്ന് ‘ഞാന്‍ പറയുന്നതു ശരി, എന്റെ മതം മാത്രം ശരി, മറ്റുള്ളതെല്ലാം തെറ്റ്’ എന്നു പറയുമ്പോള്‍ അയാള്‍ക്കു പാടേ തെറ്റുപറ്റിയിരിക്കുന്നു. മറ്റു മതങ്ങളുടെ സാധുത്വത്തിന്റെ തെളിവിനെ ആശ്രയിച്ചാണ് തന്റെ മതത്തിന്റേയും സാധുത്വത്തിന്റെ തെളിവിരിക്കുന്നതെന്ന് അയാളറിയുന്നില്ല. മനുഷ്യസമുദായത്തോടു മുഴുവനുമുള്ള സ്നേഹവും ഉദാരമനോഭാവവുമത്രേ യഥാര്‍ത്ഥമതനിഷ്ഠയുടെ ലക്ഷണം. എല്ലാ മനുഷ്യരും സഹോദരരാണെന്നുള്ള വികാരാത്മകമായ ഒരു പ്രസ്താവനയല്ല ഞാന്‍ വിവക്ഷിക്കുന്നത്; എല്ലാ മനുഷ്യജീവനും ഒന്നാണെന്ന അനുഭൂതിയുണ്ടാവണമെന്നുള്ളതാണ്. എല്ലാ മതങ്ങളും സമ്പ്രദായങ്ങളും അവ ആരെയും ഒഴിച്ചു നിര്‍ത്താത്തിടത്തോളം, എനിക്കുള്ളവയെന്നു ഞാന്‍ കാണുന്നു. അവയെല്ലാം ഉല്‍ക്കൃഷ്ടങ്ങള്‍തന്നെ; എല്ലാം മനുഷ്യരെ യഥാര്‍ത്ഥമതത്തിലെത്തിക്കുവാന്‍ സഹായിക്കുന്നു. പള്ളിയില്‍ ജനിക്കുന്നതു നല്ലതാണ്; പക്ഷേ അവിടെ മരിക്കുന്നതു നല്ലതല്ല എന്നുകൂടി ഞാന്‍ പറയും. ശിശുവായി ജനിക്കുന്നത് നല്ലതാണ്. എന്നാല്‍ മേലിലും ശിശുവായിട്ടുതന്നെ ഇരിക്കുന്നതു നല്ലതല്ല. ദേവാലയങ്ങളും ക്രിയാനുഷ്ഠാനങ്ങളും പ്രതീകങ്ങളും മറ്റും കുട്ടികളായിരിക്കുന്നവര്‍ക്ക് പറ്റിയതാണ്. കുട്ടി വളരുമ്പോള്‍ അവന്‍ ദേവാലയത്തെ ഭേദിച്ചു പുറത്തു കടക്കണം; അല്ലാത്തപക്ഷം അവന്‍തകരുകയാണ് ഫലം. നാം എന്നും ശിശുക്കളായിക്കഴിയരുത്. പല വലിപ്പത്തിനും വളര്‍ച്ചയ്ക്കും ഒരേ കുപ്പായം യോജിപ്പിക്കുവാന്‍ ശ്രമിക്കുന്നതുപോലെയാണത്. ലോകത്തില്‍ മതവിഭാഗങ്ങള്‍ ഉണ്ടായിരിക്കുന്നതില്‍ എനിക്കെതിരഭിപ്രായമില്ല. ഈശ്വരേച്ഛയാ അവ ഇനിയും ഇരുപതു ലക്ഷംകൂടി ഉണ്ടാവട്ടെ; എന്തെന്നാല്‍, അവ എത്രകണ്ടു വര്‍ദ്ധിക്കുന്നുവോ, അത്രകണ്ടു തിരഞ്ഞെടുക്കാനുള്ള മണ്ഡലവും വിസ്തൃതമാകുമല്ലോ. ഞാന്‍ എതിര്‍ക്കുന്നത് ഒരേ മതം ഏവര്‍ക്കും യോജിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനെയാണ്. എല്ലാ മതങ്ങളും സാരാംശത്തില്‍ ഒന്നാണെങ്കിലും, അവയ്ക്കു വിഭിന്ന ജനസമുദായങ്ങളുടെ ഇടയിലെ പരിസ്ഥിതിഭേദങ്ങള്‍കൊണ്ടു വന്നുചേരുന്ന രൂപവൈവിധ്യം ഒഴിവാക്കാവതല്ല. നമുക്കോരോരുത്തര്‍ക്കും വേണം നമ്മുടെ സ്വന്തം മതം-അതായത് ബാഹ്യാനുഷ്ഠാനങ്ങളെസ്സംബന്ധിച്ചിടത്തോളം പ്രത്യേകം.

കുറേ കൊല്ലം മുമ്പ് ഞാന്‍ ഞങ്ങളുടെ ദേശത്തിലെ ഒരു മഹാത്മാവിനെ, ഒരു വലിയ സിദ്ധപുരുഷനെ സന്ദര്‍ശിച്ചു. ഞങ്ങളുടെ വെളിപാടുപുസ്തകമായ വേദങ്ങള്‍, നിങ്ങളുടെ ബൈബിള്‍, ഖുറാന്‍ മുതലായവയെപ്പറ്റിയും വെളിപാടുഗ്രന്ഥങ്ങളെപ്പറ്റി പൊതുവിലും ഞങ്ങള്‍ സംസാരിച്ചു. സംഭാഷണാവസാനത്തില്‍ മേശപ്പുറത്തുനിന്ന് ഒരു പുസ്തകമെടുക്കുവാന്‍ അവിടുന്ന് എന്നോടു പറഞ്ഞു. മറ്റു കാര്യങ്ങളുടെ കൂട്ടത്തില്‍ ആ കൊല്ലത്തെ മഴയെപ്പറ്റിയ പ്രവചനവും അതിലുണ്ടായിരുന്നു. അതു വായിക്കുവാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. പെയ്യാനുള്ള മഴയുടെ അളവു ഞാന്‍ വായിച്ചു കേള്‍പ്പിച്ചു. “ഇനി പുസ്തകമെടുത്തു പിഴിയൂ” എന്നായി അവിടുന്ന്. ഞാന്‍ അപ്രകാരം ചെയ്തു. ഉടനെ അവിടുന്നു പറഞ്ഞു: “കണ്ടോ കുഞ്ഞേ, ഒരു തുള്ളി വെള്ളവും വരുന്നില്ലല്ലോ. വെള്ളം കിട്ടാത്തിടത്തോളം ഇതു വെറും പുസ്തകംമാത്രം. അതുപോലെ ഈശ്വരസാക്ഷാല്‍ക്കാരം അരുളാത്തിടത്തോളം മതവും നിഷ്പ്രയോജനമാണ്. ആത്മജ്ഞാനത്തിനുവേണ്ടി പുസ്തകപഠനംമാത്രം നടത്തുന്നവന്‍, പഞ്ചസാരയുടെ മാധുര്യമറിയാതെ അതിന്റെ ഒരു പെരുംചുമടു ചുമക്കുന്ന കഴുതയുടെ സ്ഥിതിയാണോര്‍മ്മിപ്പിക്കുന്നത്.”

“ഞങ്ങള്‍ കെട്ട പാപികളാണേ!”എന്നു മുട്ടുകുത്തിനിന്നു കേഴാന്‍ ആളുകളെ ഉപദേശിക്കയാണോ നാം വേണ്ടത്? അല്ല; മറിച്ച്, അവരെക്കൊണ്ട് അവരുടെ ദിവ്യപ്രകൃതിയെ അനുസ്മരിപ്പിക്കയാണ് വേണ്ടത്. ഒരു കഥ കേള്‍ക്കുക; ഇരതേടി നടന്ന ഒരു പെണ്‍സിംഹം ഒരാട്ടിന്‍പറ്റത്തെ കണ്ടെത്തി. അത് ഒരാടിന്റെ മേല്‍ ചാടിവീണപ്പോള്‍ ഒരു സിംഹകുട്ടിയെ പ്രസവിച്ചു, പെട്ടെന്ന് മരിച്ചുപോയി. സിംഹക്കുട്ടി ആട്ടിന്‍പറ്റത്തില്‍ ആടുകളെപ്പോലെ പുല്ലുതിന്നു ‘മേ’ എന്നു കരഞ്ഞും വളര്‍ന്നുവന്നു, താനൊരു സിംഹമാണെന്ന ബോധം അതിനൊരിക്കലും ഉണ്ടായില്ല. കുറെക്കാലം കഴിഞ്ഞൊരുനാള്‍ വേറൊരു സിംഹം ഈ ആട്ടിന്‍പറ്റത്തെ കാണാനിടയായി. പുല്ലു തിന്നുകയും ആടിനെപ്പോലെ കരയുകയും ചെയ്യുന്ന വലിയൊരു സിംഹത്തെ പറ്റത്തിനിടയില്‍ കണ്ട് അതു വളരെ ആശ്ചര്യപ്പെട്ടു. പുതിയ സിംഹത്തെ കണ്ട ഉടനെ ആട്ടിന്‍ പറ്റം ഓടിപ്പോയി; അവയോടൊപ്പം അജസിംഹവും. എന്നാല്‍ സിംഹം തക്കം പാര്‍ത്തിരുന്നു. ഒരു നാള്‍ അജസിംഹം കിടന്നുറങ്ങുമ്പോള്‍ സിംഹം അതിനെ സമീപിച്ച് ഉണര്‍ത്തിയിട്ട് പറഞ്ഞു, ‘നീയൊരു സിംഹമാണ്’ എന്ന്. ‘അല്ല’ എന്നു പറഞ്ഞ് അജസിംഹം ആടിനെപ്പോലെ ‘മേ’ എന്നു കരഞ്ഞുതുടങ്ങി. അപ്പോള്‍ സിംഹം അതിനെ ഒരു തടാകത്തിനരികിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. വെള്ളത്തില്‍ അതിന്റെ നിഴല്‍ കാണിച്ച്, അതു തന്നെപ്പോലിരിക്കുന്നില്ലേ എന്നു നോക്കുവാന്‍ പറഞ്ഞു. അജസിംഹം നോക്കിയിട്ട് അങ്ങനെതന്നെ എന്നു സമ്മതിച്ചു. അപ്പോള്‍ സിംഹം ഗര്‍ജ്ജിച്ചു; തന്നെ അനുകരിക്കാന്‍ ആവശ്യപ്പെട്ടു. അജസിംഹം തന്റെ ശബ്ദം പരീക്ഷിച്ചുനോക്കി; തനിക്കും മറ്റേ സിംഹത്തെപ്പോലെ ഗംഭീരധ്വനിയില്‍ ഗര്‍ജ്ജിക്കാമെന്നു വൈകാതെ മനസ്സിലാക്കുകയും ചെയ്തു. അതു പിന്നീടൊരിക്കലും ആടായി നടന്നിട്ടില്ല.

സ്നേഹിതരേ, നിങ്ങളെല്ലാവരും സിംഹത്തെപ്പോലെ പ്രഭാവമുള്ളവരാണെന്നു പറയുവാന്‍ ഞാനാഗ്രഹിക്കുന്നു.

മുറിയിലിരുട്ടാണെങ്കില്‍, ‘ഇരുട്ട്, ഇരുട്ട്’ എന്നു മുറവിളികൂട്ടിയും മാറത്തടിച്ചും ചുറ്റിത്തിരിയുകയാണോ ചെയ്യുക? അല്ല, വെളിച്ചം കിട്ടുവാനുള്ള ഒറ്റ വഴി വിളക്കു കത്തിക്കുകയാണ്; അപ്പോള്‍ ഇരുട്ടു നീങ്ങും. നിങ്ങള്‍ക്കു മീതെയുള്ള പ്രകാശത്തെ സാക്ഷാല്‍ക്കരിക്കുവാനുള്ള ഏകമാര്‍ഗ്ഗം നിങ്ങളുടെ ഉള്ളിലെ അദ്ധ്യാത്മദീപം കൊളുത്തുകയാണ്. അതോടെ പാപമാലിന്യങ്ങളാകുന്ന തമസ്സു പറന്നുപോകും. നിങ്ങളുടെ ആത്മാവിന്റെ ഉല്‍കൃഷ്ടഭാവത്തെപ്പറ്റി സദാ ചിന്തിക്കുക; അധമഭാവത്തെപ്പറ്റി ചിന്തിക്കാതിരിക്കുക.

ഇതിനെത്തുടര്‍ന്ന് ഏതാനും ചോദ്യോത്തരങ്ങള്‍ നടന്നു. ശ്രോതാക്കളില്‍ ഒരാള്‍ പറഞ്ഞു: “ധര്‍മ്മോപദേഷ്ടാക്കള്‍ നരകാഗ്നിയെപ്പറ്റിയുള്ള പ്രസംഗം നിര്‍ത്തിയാല്‍ അവര്‍ക്ക് ജനങ്ങളുടെ മേലുള്ള പിടിപാടു നഷ്ടപ്പെടും.”

ഉത്തരം: “എങ്കില്‍ അതു നഷ്ടപ്പെടുകയാണ് നല്ലത്. ഭയപ്പെട്ടു മതമാചരിക്കുന്ന ഒരുവന് ലേശവും മതപ്രതിപത്തിയുണ്ടാവില്ല. അവനെ അവന്റെ മൃഗീയപ്രകൃതിയെക്കുറിച്ചു പഠിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഐശ്വരപ്രകൃതിയെക്കുറിച്ചു പഠിപ്പിക്കുന്നതാണ്.”

ചോ: “സ്വര്‍ഗ്ഗരാജ്യം ഈ ലോകത്തെസ്സംബന്ധിച്ചതല്ല എന്ന് യേശു പറഞ്ഞതിനെന്താണര്‍ത്ഥം?”

ഉ: “സ്വര്‍ഗ്ഗരാജ്യം നമ്മുടെ ഉള്ളിലാണെന്ന്. ഈ ഭൂമിയില്‍ത്തന്നെ ഒരു സ്വര്‍ഗ്ഗരാജ്യം എന്നാതായിരുന്നു യഹൂദന്മാരുടെ ഇടയിലെ ആശയം. യേശുവിന്റെ ആശയം അതായിരുന്നില്ല.”

ചോ: “നാം മൃഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നവരാണെന്ന് അങ്ങു വിശ്വസിക്കുന്നോ?”

ഉ: “പരിണാമനിയമമനുസരിച്ച് ഉയര്‍ന്ന ജീവികള്‍, താഴ്ന്നതരം ജന്തുമണ്ഡലങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നവയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.”

ചോ: “തന്റെ പൂര്‍വ്വജന്മത്തെക്കുറിച്ച് ഓര്‍മ്മയുള്ള ആരെയെങ്കിലും അങ്ങേയ്ക്കറിയാമോ?”

ഉ: “തങ്ങളുടെ പൂര്‍വ്വജന്മം ഓര്‍മ്മയുണ്ട് എന്ന് എന്നോടു പ്രസ്താവിച്ച ചിലരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ തങ്ങളുടെ മുന്‍ജന്മങ്ങളെ ഓര്‍മ്മിക്കാന്‍ കഴിയുന്ന ഒരു സ്ഥിതിയില്‍ എത്തിയിരിക്കുന്നു.”

ചോ: “ക്രിസ്തുവിന്റെ കുരിശാരോഹണത്തില്‍ അങ്ങു വിശ്വസിക്കുന്നുണ്ടോ?”

ഉ: ക്രിസ്തു ഈശ്വരാവതാരമായിരുന്നു: അവിടുത്തെ കൊല്ലാന്‍ അവര്‍ക്ക് സാധ്യമായിരുന്നില്ല. കുരിശില്‍ തറയ്ക്കപ്പെട്ടത് അവിടുത്തെ ഒരു പ്രതിരൂപം, നിഴല്‍, മാത്രമാണ്.”

ചോ: “അത്തരം ഒരു പ്രതിരൂപമുണ്ടാക്കുവാന്‍ അവിടുത്തേയ്ക്കു കഴിഞ്ഞെങ്കില്‍, ആയത് ഏറ്റവും വലിയ അത്ഭുതകൃത്യമല്ലേ?”

ഉ: “സത്യപഥത്തിലെ ഏറ്റവും വലിയ വിലങ്ങുതടികളായിട്ടാണ് ഞാന്‍ അത്ഭുതകൃത്യങ്ങളെ കരുതിയിട്ടുള്ളത്. ബുദ്ധന്റെ ശിഷ്യന്മാര്‍ ഏതോ ഒരത്ഭുതകൃത്യം പ്രവര്‍ത്തിച്ച ഒരാളെപ്പറ്റി-വളരെ ഉയരത്തിലിരുന്ന ഒരു പാത്രം അതിന്മേല്‍ തൊടാതെ അയാള്‍ എടുത്തുവത്രേ-അവിടുത്തോടു പറയുകയും ആ പാത്രം കാണിക്കയും ചെയ്തപ്പോള്‍, അവിടുന്നു പാത്രമെടുത്തു ചവിട്ടിപ്പൊട്ടിക്കയാണ് ചെയ്തത്: ഒരിക്കലും തങ്ങളുടെ വിശ്വാസത്തെ അത്ഭുതകൃത്യങ്ങളിന്മേല്‍ സ്ഥാപിച്ചുനിര്‍ത്തരുതെന്നും, സ്ഥായിയായ തത്ത്വങ്ങളില്‍ സത്യത്തെ ആരായുകയാണ് വേണ്ടതെന്നും അവിടുന്ന് ഉപദേശിക്കയും ചെയ്തു. ശരിയായ ആന്തരപ്രകാശത്തെപ്പറ്റി, ആത്മജ്യോതിസ്സിനെക്കുറിച്ച്-അതുമാത്രമാണ് അപകടശങ്കയില്ലാതെ നമുക്കാശ്രയിക്കാവുന്ന ഏകമാര്‍ഗ്ഗദര്‍ശി-അവിടുന്ന് അവരെ പഠിപ്പിച്ചു. അത്ഭുതകൃത്യങ്ങള്‍ മാര്‍ഗ്ഗത്തിലെ വിലങ്ങുതടികളാണ്; നമുക്ക് അവയെ ദൂരെ പരിത്യജിക്കുക.”

ചോ: “യേശു മലമേല്‍വെച്ചു പ്രസംഗം ചെയ്തുവെന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ?”

ഉ: “അങ്ങനെതന്നെ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റുള്ളവരെപ്പോലെ എനിക്കും പുസ്തകങ്ങളുടെ സാക്ഷ്യത്തെ അവലംബിക്കേണ്ടിയിരിക്കുന്നു. പുസ്തകത്തിന്റെമാത്രം സാക്ഷ്യം അത്ര ഉറപ്പുള്ള അവലംബമല്ലെന്ന് എനിക്കറിയാം. എന്നാല്‍ മലമേല്‍വെച്ചുള്ള പ്രസംഗത്തിലെ ഉപദേശങ്ങളെ മാര്‍ഗ്ഗദര്‍ശകമായി സ്വീകരിക്കുന്നതുകൊണ്ടു നമുക്കാര്‍ക്കും ദോഷം പറ്റാനില്ല. നമ്മുടെ അന്തരാത്മാവിനു ബോധിക്കുന്നതിനെ നാം കൈക്കൊള്ളേണ്ടതാണ്. ക്രിസ്തുവിന് അഞ്ഞൂറു കൊല്ലംമുമ്പാണ് ബുദ്ധന്‍ ധര്‍മ്മോപദേശം ചെയ്തത്. അവിടുത്തെ വാക്കുകള്‍ ആശീര്‍വ്വാദനിര്‍ഭരങ്ങളുമായിരുന്നു. ഒരൊറ്റ ശാപവാക്കുപോലും അവിടുത്തെ ചുണ്ടുകളില്‍നിന്നു പുറപ്പെട്ടിട്ടില്ല. അതുപോലെ, സൊറാസ്റ്ററില്‍നിന്നും ഉണ്ടായിട്ടില്ല. കണ്‍ഫ്യൂഷസില്‍നിന്നുമില്ല.”