MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

സീതാസ്വയംവരം

വിശ്വാമിത്രനും പരമാനന്ദം പ്രാപിച്ചപ്പോള്‍
വിശ്വനായകന്‍ തന്നോടീവണ്ണമരുള്‍ ചെയ്‌താന്‍:
“ബാലകന്മാരെ!പോക മിഥിലാപുരിക്കു ന‍ാം
കാലവും വൃഥാ കളഞ്ഞീടുകയരുതല്ലോ.
യാഗവും മഹദേവചാപവും കണ്ടുപിന്നെ
വേഗമോടയോദ്ധ്യയും പുക്കു താതനെക്കാണ‍ാം.”
ഇത്തരമരുള്‍ചെയ്‌തു ഗംഗയും കടന്നവര്‍
സത്വരം ചെന്നു മിഥിലാപുരമകം പുക്കു.
മുനിനായകനായ കൗശികന്‍ വിശ്വാമിത്രന്‍
മുനിവാടംപ്രാപിച്ചിതെന്നതു കേട്ടനേരം
മനസി നിറഞ്ഞൊരു പരമാനന്ദത്തോടും
ജനകമഹീപതി സംഭ്രമസന്വിതം
പൂജാസാധനങ്ങളുമെടുത്തു ഭക്തിയോടു-
മാചാര്യനോടുമൃഷിവാടംപ്രാപിച്ചനേരം
ആമോദപൂര്‍വ്വം പൂജിച്ചാചാരംപൂണ്ടുനിന്ന
രാമലക്ഷ്മണന്മാരെക്കാണാനായി നൃപേന്ദ്രനും
സൂര്യചന്ദ്രന്മാരെന്നപോലെ ഭൂപാലേശ്വര-
നന്ദന്മാരെക്കണ്ടു ചോദിച്ചു നൃപേന്ദ്രനും:
‘കന്ദര്‍പ്പന്‍ കണ്ടു വന്ദിച്ചീടിന ജഗദേക-
സുന്ദരന്മാരാമിവരാരെന്നു കേള്‍പ്പിക്കേണം.
നരനാരയണന്മാരാകിയ മൂര്‍ത്തികളോ
നരവീരാകാരം കൈക്കൊണ്ടു കാണായതിപ്പോള്‍?’
വിശ്വാമിതനുമതു കേട്ടരുള്‍ചെയ്‌തീടിനാന്‍:
‘വിശ്വസിച്ചാലും മമ വാക്യം നീ നരപതേ!
വീരന‍ാം ദശരഥന്‍‍തന്നുടെ പുത്രന്മാരില്‍
ശ്രീരാമന്‍ ജ്യേഷ്‌ഠനിവന്‍ ലക്ഷ്‌മണന്‍ മൂന്നാമവന്‍.
എന്നുടെ യാഗം രക്ഷിച്ചീടുവാനിവരെ ഞാന്‍
ചെന്നു കൂട്ടിക്കൊണ്ടുപോന്നീടിനാനിതുകാലം.
കാടകംപുക്കനേരം വന്നൊരു നിശാചരി
താടകതന്‍നെയൊരു ബാണംകൊണ്ടെയ്‌തു കൊന്നാന്‍.
പേടിയും തീര്‍ന്നു സിദ്ധാശ്രമം പുക്കു യാഗ-
മാടല്‍കൂടാതെ രക്ഷിച്ചീടിനാന്‍ വഴിപോലെ
ശ്രീപാദ‍ാംബുജരജഃസ്‌പൃഷ്ടികൊണ്ടഹല്യതന്‍
പാപവും നശിപ്പിച്ചു പാവനയാക്കീടിനാന്‍
പരമേശ്വരമായ ചാപത്തെക്കാണ്മാനുള്ളില്‍
പരമാഗ്രഹമുണ്ടു നീയതു കാട്ടിടേണം.’
ഇത്തരം വിശ്വാമിത്രന്‍തന്നുടെ വാക്യം കേട്ടു
സത്വരം ജനകനും പൂജിച്ചുവഴിപോലെ
സല്‍ക്കാരായോഗ്യന്മാര‍ാം രജപുത്രന്മാരെക്ക-
ണ്ടുള്‍ക്കുരുന്നിങ്കല്‍ പ്രീതി വര്‍ദ്ധിച്ച ജനകനും
തന്നുടെ സചിവനെ വിളിച്ചു നിയോഗിച്ചു
“ചെന്നു നീ വരുത്തേണമീശ്വരനുടെ ചാപം”
എന്നതുകേട്ടു മന്ത്രിപ്രവരന്‍ നടകൊണ്ടാ-
നന്നേരം ജനകനും കൗശികനോടു ചൊന്നാന്‍:
“രാജനന്ദനനായ ബാലകന്‍ രഘുവരന്‍
രാജീവലോചനന്‍ സുന്ദരന്‍ ദാശരഥി
വില്ലിതുകുലച്ചുടന്‍ വലിച്ചു മൂറിച്ചീടില്‍
വല്ലഭനിവന്‍ മമ നന്ദനയ്‌ക്കെന്നു നൂനം.”
“എല്ലാമീശ്വരനെന്നേ ചൊല്ലാവിതെനിക്കിപ്പോള്‍
വില്ലിഹ വരുത്തീടു”കെന്നരുള്‍ചെയ്തു മുനി.
കിങ്കരന്മാരെ നിയോഗിച്ചിതു മഹീന്ദ്രനും
ഹുങ്കാരത്തോടു വന്നു ചാപവാഹകന്‍മാരും
സത്വരമയ്യായിരം കിങ്കരന്മാരും കൂടി
മൃത്യുശാസനചഅപമെടുത്തു കൊണ്ടുവന്നാര്‍.
ഘണ്ടാസഹസ്രമണിവസ്ത്രാദി വിഭൂഷിതം
കണ്ടാലും ത്രൈയംബകമെന്നിതു മന്ത്രീന്ദ്രനും.
ചന്ദ്രശേഖരനുടെ പള്ളിവില്‍ കണ്ടു രാമ-
ചന്ദ്രനുമാനന്ദമുള്‍ക്കൊണ്ടു വന്ദിച്ചീടിനാന്‍.
“വില്ലെടൂക്കമോ? കുലച്ചീടാമോ? വലിക്കാമോ?
ചൊല്ലുകെ”ന്നതു കേട്ടുചൊല്ലിനാന്‍ വിശ്വാമിത്രന്‍:
‘എല്ലാമാ,മാകുന്നതു ചെയ്താലും മടിക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ’.
മന്ദഹാസവും പൂണ്ടു രാഘവനിതു കേട്ടു
മന്ദംമന്ദം പോയ് ചെന്നുനിന്നു കണ്ടിതു ചാപം.
ജ്വലിച്ച തേജസ്സോടുമെടുത്തു വേഗത്തോടെ
കുലച്ചു വലിച്ചുടന്‍ മുറിച്ചു ജിതശ്രമം
നിന്നരുലുന്നനേരമീരേഴുലോകങ്ങളു-
മൊന്നു മാറ്റൊലിക്കൊണ്ടു, വിസ്മയപ്പെട്ടു ജനം
പാട്ടുമാട്ടവും കൂത്തും പുഷ്‌പവൃഷ്‌ടിയുമോരോ
കൂട്ടമേ വാദ്യങ്ങളും മംഗലസ്തുതികളൂം
ദേവകലൊക്കെപ്പരമാനന്ദം പൂണ്ടു ദേവ-
ദേവനെസേവിക്കയുമപ്‌സരസ്ത്രീകളെല്ല‍ാം
ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ-
ഹോത്സവാരംഭഘോഷം കണ്ടു കൗതുകം പൂണ്ടാര്‍.
ജനകന്‍ ജഗത്‌സ്വാമിയാകിയ ഭഗവാനെ-
ജ്ജനസംസദി ഗാഢാശ്ലേഷവും ചെയ്താനല്ലോ.
ഇടിവെട്ടീടും വണ്ണം വില്‍മുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയില്പ്പേടപോലെ സന്തോഷംപൂണ്ടാള്‍
കൗതുകമുണ്ടായ്‌വന്നു ചേതസി കൗശികനും.
മൈഥിലിതന്നെപ്പരിചാരികമാരും നിജ-
മാതാക്കന്മാരും കൂടി നന്നായിചമയിച്ചാര്‍.
സ്വര്‍ണ്ണവര്‍ണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി
സ്വര്‍ണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വര്‍ണ്ണമാലയും ധരിച്ചാദരഅല്‍ മന്ദം മന്ദ-
മര്‍ണ്ണോജനേത്രന്‍ മുന്‍പില്‍ സത്രപം വിനീതയായ്‌
വന്നുടന്‍ നേത്രോത്പലമാലയുമിട്ടാള്‍ മുന്നേ,
പിന്നാലേ വരണാര്‍ത്ഥമാലയുമിട്ടീടിനാള്‍
മാലയും ധരിച്ചു നീലോല്പലകാന്തി തേടും
ബാലകന്‍ ശ്രീരാമനുമേറ്റവും വിളങ്ങീടിനാന്‍.
ഭൂമിനന്ദനയ്‌ക്കനുരൂപനായ് ശോഭിച്ചീടും
ഭൂമിപാലകബാലന്‍തന്നെക്കണ്ടവര്‍കളും
ആനന്ദാബുധിതന്നില്‍ വീണുടന്‍ മുഴുകിനാര്‍
മാനവവീരന്‍ വാഴ്‌കെന്നാശിയും ചൊല്ലീടിനാര്‍
അന്നേരം വിശ്വാമിത്രന്‍ തന്നോടു ജനകനും
വന്ദിച്ചുചൊന്നാ “നിനിക്കാലത്തെക്കളയാതെ
പത്രവും കൊടുത്തയച്ചീടേണം ദൂതന്മാരെ-
സ്സത്വരം ദശരഥഭൂപനെ വരുത്തുവാന്‍.”
വിശ്വാമിത്രനും മിഥിലാധിപന്‍താനും കൂടി
വിശ്വാസം ദശരഥന്‍ തനിക്കു വരുംവണ്ണം
നിശ്ശേഷ വൃത്താന്തങ്ങളെഴുതിയയച്ചിതു
വിശ്രമത്തോടു നടകൊണ്ടിതു ദൂതന്മാരും.
സാകേതപുരി പുക്കു ഭൂപാലന്‍തന്നെക്കണ്ടു
ലോകൈകാധിപന്‍കൈയില്‍ കൊടുത്തു പത്രമതും
സന്ദേശം കണ്‍റ്റു പംക്തിസ്യന്ദനന്താനുമിനി-
സ്സന്ദേഹമില്ല പുറപ്പെടുകെന്നുരചെയ്തു.
അഗ്നിമാനുപാദ്ധ്യായനഅകിയ വസിഷ്‌ഠനും
പത്നിയാമരുന്ധതിതഅനുമായ് പുറപ്പെട്ടു.
കൗതുകം പൂണ്ടു ചതുരംഗവാഹിനിയോടും
കൗസല്യാദികളായ ഭാര്യമാരോടും കൂടി
ഭരതശത്രുഘ്‌നന്മാരാകിയ പുത്രന്മാരും
പരമോത്സവയോഗ്യവാദ്യഘോഷങ്ങളോടും
മിഥിലാപുരമകം പുക്കിതു ദശരഥന്‍
മിഥിലാധിപന്‍താനും ചെന്നെതിരേറ്റുകൊണ്ടാന്‍.
വന്ദിച്ചു ശതാനന്ദന്‍ തന്നോടും കൂടെച്ചെന്നു
വന്ദ്യന‍ാം വസിഷ്‌ഠനെത്തദനു പത്നിയേയും
അര്‍ഘ്യാപാദ്യാദികളാലര്‍പ്പിച്ചു യഥാവിധി
സത്ക്കരിച്ചിതു തഥായോഗ്യമുര്‍വ്വീന്ദ്രന്‍താനും.
രാമലക്ഷ്‌മണന്മാരും വന്ദിച്ചു പിതാവിനെ-
സ്സാമോദം വസിഷ്‌ഠനാമാചാര്യപാദ‍ാംബ്ജവും
തൊഴുതു മാതൃജനങ്ങളേയും യഥാക്രമം
തൊഴുതു ശ്രീരാമപാദ‍ാംഭോജമനുജന്മാര്‍.
തൊഴുതു ഭരതനെ ലക്ഷ്‌മണകുമാരനും
തൊഴുതു ശത്രുഘ്‌നനും ലക്ഷ്‌മണപാദ‍ാംഭോജം.
വക്ഷസി ചേര്‍ത്തു താതന്‍ രാമനെപ്പുണര്‍ന്നിട്ടു
ലക്ഷ്‌മണനെയും ഗാഢാശ്ലേഷവും ചെയ്തീടിനാന്‍
ജനകന്‍ ദശരഥന്‍ തന്നുടെ കൈയുംപിടി-
ച്ചനുമോദത്തോടുരചെയ്തിതു മധുരമായ്‌:
“നാലു കന്യകമാരുണ്ടെനിക്കു കൊടുപ്പാനായ്‌
നാലുപുത്രന്മാര്‍ ഭവാന്‍തനിക്കുണ്ടല്ലോതാനും
ആകയാല്‍ നാലു കുമാരന്മാര്‍ക്കും വിവാഹം ചെ-
യ്‌താകിലോ നിരൂപിച്ചാലേതുമേ മടിക്കേണ്ട.”
വസിഷ്‌ഠന്‍താനും ശതാനന്ദനും കൗശികനും
വിധിച്ചു ഘൂര്‍ത്തവും നാല്വര്‍ക്കും യഥാക്രമം
ചിത്രമായിരിപ്പൊരു മണ്ഡപമതും തീര്‍ത്തു
മുത്തുമാലകള്‍ പുഷ്പഫലങ്ങള്‍ തൂക്കി നാനാ-
രത്നമഡിതസ്തംഭതോരണങ്ങളും നാട്ടി
രത്നമഡിതസ്വര്‍ണ്ണപീഠവും വച്ചു ഭക്ത്യാ
ശ്രീരാമപാദ‍ാംഭോജം കഴുകിച്ചനന്തരം
ഭേരിദുന്ദുഭിമുഖ്യവാദ്യഘോഷങ്ങളോടും
ഹോമവും കഴിച്ചു തന്‍പുത്രിയ‍ാം വൈദേഹിയെ
രാമനു നല്‍കീടിനാന്‍ ജനകമഹീന്ദ്രനും.
തല്പാദതീര്‍ത്ഥം നിജ ശിരസി ധരിച്ചുട-
നാള്‍പുളക‍ാംഗത്തോടെ നിന്നിതു ജനകനും.
യാതൊരു പാദതീര്‍ത്ഥം ശിരസി ധരിക്കുന്നു
ഭൂതേശവിധിമുനീന്ദ്രാദികള്‍ ഭക്തിയോടെ.
ഊര്‍മ്മിളതന്നെ വേട്ടു ലക്ഷ്‌മണകുമാരനും
കാമ്യ‍ാംഗിമാര‍ാം ശ്രുതകീര്‍ത്തിയും മാണ്ഡവിയും
ഭരതശറ്ഋരുഘ്‌നന്മാര്‍തന്നുടെ പത്നിമാരായ്;
പരമാനന്ദംപൂണ്ടു വസിച്ചാരെല്ലാവരും.
കൗശികാത്മജനോടും വസിഷ്‌ഠനോടും കൂടി
വിശദസ്മിതപൂര്‍വ്വം പറഞ്ഞു ജനകനും:
“മുന്നം നാരദനരുള്‍ചെയ്തു കേട്ടിരിപ്പു ഞാ-
നെന്നുടെ മകളായ സീതാവൃത്താന്തമെല്ല‍ാം
യാഗഭൂദേശം വിശുദ്ധ്യാര്‍ത്ഥമായുഴുതപ്പോ-
ളേകദാ സീതാമദ്ധ്യേ കാണായി കന്യാരത്നം
ജാതയായൊരു ദിവ്യകന്യകതനിക്കു ഞാന്‍
സീതയെന്നൊരു നാമം വിളിച്ചേനേതുമൂലം
പുത്രിയായ് വളര്‍ത്തു ഞാനിരിക്കും കാലത്തിങ്ക-
ലത്ര നാരദനെഴുന്നള്ളിനാനൊരുദിനം
എന്നോടു മഹാമുനിതാനരുള്‍ചയ്‌താനപ്പോള്‍:
‘നിന്നുടെ മകളായ സീതാവൃത്താന്തം കേള്‍ നീ
പരമാനന്ദമൂര്‍ത്തി ഭഗവാന്‍ നാരായണന്‍
പരമാത്മാവാമജന്‍ ഭക്തവത്സലന്‍ നാഥന്‍
ദേവകാര്യാര്‍ത്ഥം പംക്തികണ്ഠനിഗ്രഹത്തിനഅയ്
ദേവേന്ദ്രവിരിഞ്ചരുദ്രാദികളര്‍ത്ഥിക്കയാല്‍
ഭൂമിയില്‍ സൂര്യാന്വയേ വന്നവതരിച്ചിതു
രാമനായ് മായാമര്‍ത്ത്യവേഷമ്പൂണ്ടറിഞ്ഞാലും.
യോഗേശ്വരന്‍ മനുഷ്യനായിടുമ്പോളതുകാലം
യോഗമായാദേവിയും മാനുഷവേഷത്തോടെ
ജാതയായിതു തവ വേശ്മനി തല്‍ക്കാരണത്താല്‍
സാദരം ശ്രീരാമനു കൊടുക്ക മടിയാതെ’
ഇത്ഥം നാരദനരുളിച്ചെയ്‌തു മറഞ്ഞിതു
പുത്രിയായ് വളര്‍ത്തിതു ഭക്തികൈക്കൊണ്ടു ഞാനും
സീതയെ ശ്രീരാഘവനെങ്ങനെ കൊടുക്കാവൂ!
ചേതസി നിരൂപിച്ചാലെങ്ങനെയറിയുന്നു?
എന്നതോര്‍ത്തിരിക്കുമ്പോളൊന്നു മാനസേ തോന്നി
പന്നഗവിഭൂഷണന്‍തന്നനുഗ്രഹശക്ത്യാ.
മൃത്യുശാസനാചഅപം മുറിച്ചീടുന്ന പുമാന്‍
ഭര്‍ത്താവാകുന്നതു മല്പുത്രിക്കെന്നൊരു പണം
ചിത്തത്തില്‍ നിരൂപിച്കുവരുത്തി നൃപന്മാരെ
ശക്തിയില്ലിതിനെന്നു പൃഥ്വീപാലകന്മാരും
ഉദ്ധതഭാവമെല്ലാമകലെക്കളഞ്ഞുടന്‍
ബുദ്ധിയും കെട്ടുപോയങ്ങടങ്ങിക്കൊണ്ടാരല്ലോ
അത്ഭുതപുരുഷനാമുല്പലനേത്രന്‍തന്നെ
ത്വല്പ്രസാദത്തിലിന്നു സിദ്ധിച്ചേന്‍ ഭാഗ്യവശാല്‍.”
ദര്‍പ്പകസമനായ ചില്പുരുഷനെ നോക്കി
പില്പാടു തെളിഞ്ഞുരചെയ്‌തിതു ജനകനും:
“അദ്യ മേ സഫലമായ് വന്നു മാനുഷജന്മം
ഖദ്യോതായുതസഹസ്രോദ്യോതരൂപത്തൊടും
ഖദ്യോതാന്വയേ പിറന്നൊരു നിന്തിരുവടി
വിദ്യുത്സംയുതമായ ജീമൂതമെന്നപോലെ
ശക്തിയ‍ാം ദേവിയോടും യുക്തനായ് കാണ്‍കമൂലം
ഭക്തവത്സല! മമ സിദ്ധിച്ചു മനോരഥം.
രക്തപങ്കജചരണാഗ്രേ സന്തതം മമ
ഭക്തി സംഭവിക്കേണം മുക്തിയും ലഭിക്കേണം
ത്വല്‍ പാദ‍ാംബുജഗളീത‍ാംബുധഅരണം കൊണ്ടൂ
സര്‍പ്പഭൂഷണന്‍ ജഗത്തൊക്കെസ്സംഹരിക്കുന്നു;
ത്വല്‍ പാദ‍ാംബുജഗളിതഅംബുധാരണം കൊണ്ടു
സല്പുമാന്‍ മഹാബലി സിദ്ധിച്ചാനൈന്ദ്രം പദം
ത്വല്‍ പാദ‍ാംബുജരജഃ സ്പൃഷ്ടികൊണ്ടഹല്യയും
കില്‌ബിഷത്തോടു വേര്‍പെട്ടു നിര്‍മ്മലയാള്‍.
നിന്തിരുവടിയുടെ നാമകീര്‍ത്തനം കൊണ്ടു
ബന്ധവുമകന്നു മോക്ഷത്തെയും പ്രാപിക്കുന്നു
സന്തതം യോഗസ്ഥന്‍മാരാകിയ മുനീന്ദ്രന്മാര്‍;
ചിന്തിക്കായ് വരേണമേ പാദപങ്കജദ്വയം”
ഇത്ഥമോരോന്നേ ചൊല്ലി സ്തുതിച്ചു ജനകനും
ഭക്തികൈക്കൊണ്ടു കൊടുത്തീടിനാന്‍ മഹാധനം;
കരികളറുനൂറും പതിനായിരം തേരും
തുരഗങ്ങളെയും നല്‍കീടിനാന്‍ നൂറായിരം;
പത്തിയുമൊരുലക്ഷം മുന്നൂറു ദാസികളും
വസ്ത്രങ്ങള്‍ ദിവ്യങ്ങളായുള്ളതും ബഹുവിധം.
മുത്തുമാലകള്‍ ദിവ്യരത്നങ്ങള്‍ പലതരം
പ്രത്യേകം നൂറുകോടിക്കാഞ്ചനഭാരങ്ങളും
സീതാദേവിക്കു കൊടുത്തീടിനാന്‍ ജനകനും;
പ്രീതികൈക്കൊണ്ടു പരിഗ്രഹിച്ചു രാഘവനും.
വിധിനന്ദനപ്രമുഖന്മാര‍ാം മുനികളെ
വിധിപൂര്‍വ്വം ഭക്ത്യാ പൂജിച്ചു വണങ്ങിനാന്‍.
സമ്മാനിച്ചിതു സുമന്ത്രാദി മന്ത്രികളെയും
സമ്മോദം പൂണ്ടു ദശരഥനും പുറപ്പെട്ടു
കല്‌മഷമകന്നൊരു ജനകനൃപേന്ദ്രനും
തന്മകളായ സീതതന്നെയുമാശ്ലേഷിച്ചു
നിര്‍മ്മലഗാത്രിയായ പുത്രിക്കു പതിവ്രതാ-
ധര്‍മ്മങ്ങളെല്ലാമുപദേശിച്ചു വഴിപോലെ.
ചിന്മയന്‍ മായാമയനായ രാഘവന്‍ നിജ-
ധര്‍മ്മാദാരങ്ങളൊടും കൂടവേ പുറപ്പെട്ടു.
മൃദംഗാനകഭേരീതൂര്യാഘോഷങ്ങളോടും
മൃദുഗാനങ്ങള്‍ തേടും വീനയും കുഴലുകള്‍
ശൃംഗകാഹളങ്ങളും മദ്ദളമിടക്കകള്‍
ശൃംഗാരരസപരിപൂര്‍ണ്ണവേഷങ്ങളോടും
ആന തേര്‍ കുതിര കാലാളായ പടയോടു-
മാനന്ദമോടും പിതൃമാതൃഭ്രാതാക്കളോടും
കൗശികവസിഷ്‌ഠാദിതാപസേന്ദ്രന്മാരായ
ദേശികന്മാരോടും ഭൃത്യാമാത്യാദികളോടും
വേഗമോടെഅയോദ്ധ്യയ്‌ക്കാമ്മാറങ്ങു തിരിച്ചപ്പോ-
ളാകാശദേശേ വിമാനങ്ങളും നിറഞ്ഞുതേ.
സന്നാഹത്തോടു നടന്നീടുമ്പോള്‍ ജനകനും
പിന്നാലെ ചെന്നു യാത്രയയച്ചോരനന്തരം
വെണ്‍കൊറ്റക്കുട തഴ വെണ്‍ചാമരങ്ങളോടും
തിങ്കള്‍മണ്ഡലം തൊഴുമാലവട്ടങ്ങളോടും
ചെങ്കൊടിക്കൂറകള്‍കൊണ്ടങ്കിതധ്വജങ്ങളും
കുങ്കുമമലയജകസ്തൂരിഗന്ധത്തോടും
നടന്നു വിരവോടു മൂന്നു യോജന വഴി
കടന്നനേരം കണ്ടു ദുര്‍ന്നിമിത്തങ്ങളെല്ല‍ാം.