ആത്മാവിന്റെ സ്വഭാവവും അതിന്റെ ലക്ഷ്യവും
ആത്മാവിന്റെ ലക്ഷ്യമെന്താണ്? ഇന്ത്യയില്‍ സകലമതസമ്പ്രദായക്കാരെസ്സംബന്ധിച്ചും ആത്മാവിന്റെ ലക്ഷ്യം ഒന്നുതന്നെ എന്നു തോന്നുന്നു. മുക്തി എന്ന ആശയം എല്ലാവര്‍ക്കും പൊതുവെ ഉള്ളതാണ്. മനുഷ്യന്‍ അനന്തമാണ്; ഇപ്പോഴത്തെ അവന്റെ ഈ പരിമിതാവസ്ഥ അവന്റെ സ്വതവേയുള്ള പ്രകൃതിയല്ല. ഈ പരിമിതികളെല്ലാം താണ്ടി മുമ്പോട്ടു പോകാന്‍, ഉയര്‍ന്നുയര്‍ന്നു പോകാന്‍-ആ അനന്തതയില്‍, അപരിമിതത്തില്‍, തന്റെ ജന്മാവകാശമായ സ്വസ്വരൂപത്തില്‍, എത്തിച്ചേരാന്‍-അവന്‍ വെമ്പുകയാണ്. നമ്മുടെ ചുറ്റിലും കാണുന്ന ഈ സംവിധാനങ്ങളും പുനസ്സംവിധാനങ്ങളും അഭിവ്യക്തികളുമൊന്നും ലക്ഷ്യമോ ഉന്നമോ അല്ല; അവയൊക്കെ ഇടത്താവളങ്ങള്‍; ഭൂമികള്‍, സൂര്യന്മാര്‍, ചന്ദ്രന്മാര്‍, ജ്യോതിര്‍ഗണങ്ങള്‍, ധര്‍മ്മാധര്‍മ്മങ്ങള്‍ ,നന്മതിന്മകള്‍, സന്തോഷസന്താപങ്ങള്‍, സുഖദുഃഖങ്ങള്‍ മുതലായ സംവിധാനങ്ങളെല്ലാം. നമ്മുടെ ആത്മാവിന് തന്റെ പൂര്‍ണ്ണഭാവത്തെ പ്രകാശിപ്പിക്കാനും പരിമിതികളെ അതിക്രമിക്കാനും ഉപയുക്തമായ അനുഭവങ്ങള്‍ പ്രദാനംചെയ്യാന്‍ വേണ്ടിയുള്ളതത്രേ. (ആ പൂര്‍ണ്ണാവസ്ഥാപ്രാപ്തിക്ക്) പിന്നീട്, അത് ആഭ്യന്തരമോ ബാഹ്യമോ ആയ യാതൊരു നിയമത്താലും ബദ്ധമല്ല. അതു സകലനിയമങ്ങള്‍ക്കും, സകലപരിമിതികള്‍ക്കും പ്രകൃതിക്കു മുഴുവനും അതീതമാകുന്നു. ആത്മാവ് പ്രകൃതിക്കധീനമാകുന്നതിനു പകരം (ഇപ്പോള്‍ അതു സ്വയം അങ്ങനെ വിചാരിക്കുന്നു). പ്രകൃതി ആത്മാവിന്റെ അധീനതയിലാവുന്നു. ആത്മാവിന്റെ ഏകലക്ഷ്യം ഇതത്രേ. ഈ ലക്ഷ്യത്തിലെത്താനായി, അത് അനുക്രമം തരണം ചെയ്യുന്ന പടികളെ, കടന്നുപോരുന്ന അനുഭവപരമ്പരകളെ, അതിന്റെ ജന്മങ്ങളായി സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ആത്മാവ് ഒരു താഴ്ന്നതരം ശരീരമെടുത്ത് (അങ്ങനെ ഭാവനചെയ്യാം) അതില്‍ക്കൂടി സ്വയം പ്രകാശിക്കാന്‍ ശ്രമിക്കുന്നു. ആ ശരീരം അപര്യാപ്തമെന്നു കാണുന്നു. അതിനാല്‍ അതുപേക്ഷിച്ചിട്ടു കുറേക്കൂടി മെച്ചമായ വേറൊന്നെടുത്ത് അതില്‍ക്കൂടി സ്വയം പ്രകാശിക്കാന്‍ യത്നിക്കുന്നു. അതും അപര്യാപ്തമെന്നു കാണുമ്പോള്‍ അതു തള്ളി കൂടുതല്‍ ശ്രേഷ്ഠമായ മറ്റൊന്നെടുക്കുന്നു. ഇങ്ങനെ, അവസാനം ആത്മാവിന്റെ പരമോന്നതഭാവം പ്രകാശിപ്പിക്കാന്‍ പര്യാപ്തമായ ഒരു ശരീരം കണ്ടെത്തുംവരെ ഈ പ്രക്രിയ ആവര്‍ത്തിക്കുന്നു. അതോടെ, ആത്മാവ് മുക്തനാവുകയും ചെയ്യുന്നു.
ഇനി, ആത്മാവ് അനന്തവും സര്‍വ്വവ്യാപിയുമാണെങ്കില്‍-അതു ചൈതന്യാത്മകമായിരിക്കുന്ന സ്ഥിതിക്ക് അങ്ങനെയാവാതെ തരമില്ല- അതു ശരീരങ്ങളെ സ്വീകരിക്കുന്നുവെന്നും തുടരെ അനേകം ശരീരങ്ങളില്‍ക്കൂടി കടന്നുപോകുന്നുവെന്നും പറയുന്നതിനെന്താണര്‍ത്ഥമെന്ന പ്രശ്നമുദിക്കുന്നു. യഥാര്‍ത്ഥത്തില്‍ ആത്മാവു വരുന്നുമില്ല, പോകുന്നുമില്ല; ജനിക്കുന്നുമില്ല, മരിക്കുന്നുമില്ല. സര്‍വ്വവ്യാപിക്കു ജനിക്കാന്‍ കഴിയുന്നതെങ്ങനെ? ആത്മാവ് ഒരു ശരീരത്തില്‍ വസിക്കുന്നു എന്നു പറഞ്ഞാല്‍ അത് ഒരര്‍ത്ഥവുമില്ലാത്ത അസംബന്ധമാണ്. അപരിമിതം എങ്ങനെ പരിമിതസ്ഥലത്തിരിക്കും? പുസ്തകം വായിക്കുന്ന മനുഷ്യന്‍ അതിനെ ഒരു പുറം വായിച്ചുതീരുമ്പോള്‍ അതു മറിച്ചിട്ട് അടുത്ത പുറത്തിലേക്കു കടക്കുന്നു. അതും വായിച്ചു കഴിയുമ്പോള്‍ മറിക്കുകയും അതിനടുത്ത് പുറം എടുക്കുകയും ചെയ്യുന്നു. ഇങ്ങനെ, പുസ്തകം മുഴുവന്‍ വായിച്ചുതീരുംവരെ അയാള്‍ പുറങ്ങള്‍ മറിച്ചുപോകുന്നു. ഇവിടെ പുസ്തകം,അഥവാ അതിലെ പുറങ്ങള്‍,ആണ് മറിഞ്ഞുകൊണ്ടിരിക്കുന്നത്. വായനക്കാരനല്ല. അയാള്‍ സര്‍വ്വദാ സ്വസ്ഥാനത്തുതന്നെ ഇരിക്കുന്നു. ആത്മാവിന്റെ സംഗതിയും ഇതുപോലെയാണ്. പ്രകൃതി സമസ്തവും ആത്മാവു വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമാണ്, ഓരോ ജന്മവും അതിലെ ഓരോ പുറംപോലെയാണ്. അതു വായിച്ചു കഴിയുമ്പോള്‍ മറിക്കുന്നു. അങ്ങനെ ഗ്രന്ഥം മുഴുവന്‍ വായിച്ചുതീരുംവരെ, പ്രകൃതിയെസ്സംബന്ധിച്ച എല്ലാ അനുഭവങ്ങളും സിദ്ധിച്ച് ആത്മാവ് പൂര്‍ണ്ണതയിലെത്തുംവരെ, ഗ്രന്ഥത്തിന്റെ പുറങ്ങള്‍ ഓരോന്നായി മറിക്കപ്പെടുന്നു. എന്നാല്‍ ആത്മാവ് ഒരിക്കലും ചലിച്ചിട്ടില്ല. എങ്ങും പോയില്ല, വന്നുമില്ല. അത് അനുഭവങ്ങള്‍ ആര്‍ജ്ജിക്കുകമാത്രം ചെയ്തു. എന്നാല്‍ നാം സഞ്ചരിക്കുന്നതായിട്ടാണ് നമുക്കു തോന്നുന്നത്. ഭൂമി സഞ്ചരിക്കുന്നു; എങ്കിലും ഭൂമിയല്ല സൂര്യനാണ് സഞ്ചരിക്കുന്നതെന്നു നമുക്കു തോന്നുന്നു. ഇതൊരു പ്രമാദം, ഇന്ദ്രിയങ്ങളുടെ ഭ്രമം, മാത്രമാണെന്നു നമുക്കറിയാം. അതുപോലുള്ള ഒരു ഭ്രമം മാത്രമാണ്, നാം ജനിക്കുന്നു, മരിക്കുന്നു. വരുന്നു, പോകുന്നു ഇത്യാദി തോന്നലുകള്‍. നാം വരുന്നില്ല, പോകുന്നില്ല, നാമൊട്ടു ജനിച്ചിട്ടുമില്ല. എന്തെന്നാല്‍ ആത്മാവ് എവിടേയ്ക്കു പോകാനാണ്? അതിന് എങ്ങോട്ടും നീങ്ങാനിടമില്ല. അത് ഇപ്പോള്‍ത്തന്നെ ഇല്ലാത്തതെവിടെ?
അങ്ങനെ ഈ സിദ്ധാന്തം പ്രകൃതിയുടെ പരിണാമവും ആത്മാവിന്റെ അഭിവ്യക്തിയും എന്ന രൂപമെടുക്കുന്നു. പരിണാമപ്രക്രിയകള്‍, ഏറെയേറെ ഉല്‍കൃഷ്ടങ്ങളായ സംവിധാനങ്ങള്‍, ആത്മാവിലല്ല നടക്കുന്നത്; അത് പൂര്‍വ്വസ്ഥിതിയില്‍ത്തന്നെ വര്‍ത്തിക്കുന്നു; അവയൊക്കെ പ്രകൃതിയിലാണ് നടക്കുന്നത്. എന്നാല്‍ പ്രകൃതിപരിണാമങ്ങള്‍ ഒന്നിനൊന്ന് ഉത്കൃഷ്ടങ്ങളായ സംവിധാനങ്ങളായി മുന്നേറുന്തോറും , ആത്മാവിന്റെ മഹിമയും ഏറെയേറെ അഭിവ്യക്തമാകുന്നു. ഇവിടെ ഒരു തിരശ്ശീലയും അതിന്റെ പിന്നിലായി അത്ഭുതാവഹമായ ഒരു പ്രകൃതിദൃശ്യവും ഉണ്ടെന്നു വിചാരിക്കു. തിരശ്ശീലയിലെ ഒരു ചെറുസുഷിരത്തില്‍ക്കൂടി അപ്പുറത്തുള്ള ആ ദൃശ്യത്തിന്റെ ഒരു ചെറിയ അംശമേ നമുക്കു കാണാന്‍ കഴിയൂ. എന്നാല്‍ ആ സുഷിരം വലുതാകാന്‍ തുടങ്ങുന്നുവെന്നു വിചാരിക്കുക. അതു വലുതാകുംതോറും ദൃശ്യത്തിന്റെ കൂടുതല്‍ കൂടുതല്‍ ഭാഗങ്ങള്‍ ദൃഷ്ടിഗോചരമാകുന്നു. തിരസ്കരണി പാടേ നീങ്ങിയാല്‍പ്പിന്നെ ദൃശ്യത്തിനും നമുക്കും മധ്യേ ഒന്നും അവശേഷിക്കായ്കയാല്‍ അതു മുഴുവനും കാണുമാറാകുന്നു. ഈ തിരശ്ശീലയാണ് മനുഷ്യമനസ്സ്. അതിന്നപ്പുറത്ത് ഗംഭീരനും പവിത്രനും അനന്തശക്തനുമായ ആത്മാവു സ്ഥിതിചെയ്യുന്നു. മനസ്സ് മേല്‍ക്കുമേല്‍ സ്വച്ഛവും നിര്‍മ്മലവുമാകുന്നതിനൊപ്പം ആത്മാവിന്റെ മഹിമ ഏറെയേറെ പ്രകാശിതമാകുന്നു. ആത്മാവില്‍ മാറ്റങ്ങളുണ്ടാകുന്നില്ല; മാറ്റങ്ങള്‍ തിരസ്കരണിയിലാണ്. ആത്മാവ് അവികാര്യനും നിത്യശുദ്ധനും നിത്യമുക്തനുമാണ്.
അതിനാല്‍ ഇതത്രെ സിദ്ധാന്തസാരം: ഏറ്റവും ഉന്നതന്‍ മുതല്‍ ഏറ്റവും അധമനും ദുഷ്ടനുമായ മനുഷ്യന്‍വരെ, ഏറ്റവും മഹാനായ വ്യക്തി മുതല്‍ നമ്മുടെ കാല്‍ച്ചുവട്ടിലിഴയുന്ന അതിനികൃഷ്ടമായ പുഴുവരെ, എല്ലാറ്റിലും നിര്‍മ്മലനും പൂര്‍ണ്ണനും അനന്തനും നിത്യമുക്തനുമായ ആത്മാവ് സ്ഥിതിചെയ്യുന്നു. പുഴുവില്‍ ആ ആത്മാവ് തന്റെ ശക്തിയുടേയും പവിത്രതയുടേയും ഒരു അത്യല്പാംശംമാത്രം പ്രകാശിപ്പിക്കുന്നു; മഹാപുരുഷനില്‍ അതു വളരെ കൂടിയ മാത്രയില്‍ പ്രകാശിപ്പിക്കുന്നു. വ്യത്യാസം അഭിവ്യക്തിയിലെ മാത്രയിലല്ലാതെ, സാരാംശത്തിലില്ല. എല്ലാ ജീവികളിലും ഒരേ നിര്‍മ്മലനും പൂര്‍ണ്ണനുമായ ആത്മാവ് സ്ഥിതിചെയ്യുന്നു.
സ്വര്‍ഗ്ഗാദിലോകങ്ങളെക്കുറിച്ചുള്ള ഭാവനകളും കാണുന്നുണ്ട്. എന്നാല്‍ അവയെല്ലാം രണ്ടാംകിടയായി ഗണിക്കപ്പെടുന്നു. സ്വര്‍ഗ്ഗമെന്ന ആശയം ഒരുത്കൃഷ്ടാശയമായി കരുതപ്പെടുന്നില്ല. ഭോഗാനുഭവത്തിനു പറ്റിയ ഒരു സ്ഥലത്തെക്കുറിച്ചുള്ള അഭിനിവേശത്തില്‍ നിന്നാണ് അതുത്ഭവിച്ചിട്ടുള്ളത്. നമ്മുടെ ഇപ്പോഴത്തെ അനുഭവങ്ങളുടെ അധിഷ്ഠാനത്തില്‍ പ്രപഞ്ചത്തെ മുഴുവന്‍ പരിമിതമാക്കുവാന്‍ നാം മൂഢമായാഗ്രഹിക്കുന്നു. ശിശുക്കള്‍ വിചാരിക്കുന്നു ഈ വിശ്വം നിറയെ ശിശുക്കളാണെന്ന്. ഭ്രാന്തന്മാരുടെ ദൃഷ്ടിയില്‍ ലോകമെല്ലാംകൂടി ഒരു ഭ്രാന്താശുപത്രിയാണ്. അതുപോലെ, ഇന്ദ്രിയഭോഗങ്ങള്‍മാത്രമാണ് ഈ ലോകത്തു കാര്യമായിട്ടുള്ളതെന്നു കരുതുന്നവര്‍, മൃഗങ്ങളില്‍നിന്നു വളരെ വ്യത്യാസമില്ലാതെ, ജീവിതമാകെ തീറ്റിയിലും കുടിയിലും വിരുന്നൂണിലുമായി കഴിയുന്നവര്‍. സ്വാഭാവികമായി ഇവിടത്തേക്കാള്‍ കൂടുതല്‍ സുഖഭോഗങ്ങള്‍ കിട്ടുന്ന സ്ഥലങ്ങളെക്കുറിച്ചു വിഭാവനം ചെയ്യുന്നവരായി കാണപ്പെടുന്നു; എന്തെന്നാല്‍ ഈ ജീവിതം ഹ്രസ്വമാണ്. അവരോ, ഇന്ദ്രിയവിഷയങ്ങളില്‍ ഒടുങ്ങാത്ത തൃഷ്ണയോടുകൂടിയവരും. അതിനാല്‍ അവര്‍ അവിരാമമായ ഭോഗാനുഭൂതിക്കു സൌകര്യമുള്ള സ്ഥലങ്ങളെപ്പറ്റി ചിന്തിക്കുക അനിവാര്യമത്രേ. അങ്ങനെയുള്ള സ്ഥലങ്ങളില്‍ പോകാനാഗ്രഹിക്കുന്നവര്‍ അപ്രകാരം പോയേ തീരൂ എന്നും. മുമ്പോട്ടു ചെല്ലുന്തോറും നമുക്കു കാണാം. അവര്‍ അപ്രകാരം സ്വപ്നം കാണും. ആ സ്വപ്നം അവസാനിക്കുമ്പോള്‍, ഭോഗാസ്വാദനത്തിന് ധാരാളം വകയുള്ള മറ്റൊരു സ്വപ്നത്തിലേക്കു കടക്കും. ആ സ്വപ്നവും അവസാനിക്കുമ്പോള്‍ അവര്‍ക്കു മറ്റു വല്ലതിനേയും കുറിച്ചു ചിന്തിക്കേണ്ടിവരും. അങ്ങനെ അവര്‍ സ്വപ്നലോകത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കും.
ഇനി ഒടുവിലത്തെ സിദ്ധാന്തം; ആത്മാവിനെപ്പറ്റി ഒരാശയംകൂടി; ആത്മാവ് സ്വഭാവേന നിര്‍മ്മലനും പരിപൂര്‍ണ്ണനുമാണെന്നും അതേ സമയം ഓരോ ആത്മാവും അനന്തവും സര്‍വ്വവ്യാപിയുമാണെന്നും വരികില്‍, അനേകം ആത്മാക്കളുണ്ടാകുന്നതെങ്ങനെ? ‘അനന്ത’ങ്ങള്‍ അനേകമുണ്ടാകുവാന്‍ നിര്‍വ്വാഹമില്ല; അനേകത്തിന്റെ കാര്യം പോയിട്ട്, രണ്ടുപോലും ഉണ്ടാവാന്‍ വയ്യ; രണ്ട് അനന്തങ്ങളുണ്ടായാല്‍ ഒന്നു മറ്റേതിനെ പരിമിതപ്പെടുത്തും, അപ്പോള്‍ രണ്ടും പരിമിതങ്ങളാവുകയും ചെയ്യും. അതിനാല്‍ അനന്തം ഒന്നേ ഉണ്ടാകാന്‍ തരമുള്ളു. അങ്ങനെ നാം അവസാനത്തെ നിഗമനത്തെ ധീരമായി സമീപിക്കയാണ്-അതായത് ആത്മാവ് ഒന്നേയുള്ളു, രണ്ടില്ല എന്ന്.
രണ്ടു പക്ഷികള്‍- രണ്ടും അഴകേറിയ തൂവലുകളുള്ളവ- ഒരു വൃക്ഷത്തില്‍ ഇരിക്കുന്നു. ഒന്നു മുകളിലും മറ്റേതു താഴേയും. ഒന്നു വൃക്ഷത്തിലെ പഴങ്ങള്‍ തിന്നുന്നു. മറ്റേതാകട്ടെ, ശാന്തഗംഭീരനായി, സ്വന്തമഹിമാവില്‍ ഏകാഗ്രചിത്തനായിരിക്കുന്നു. കീഴ്ഭാഗത്തിരിക്കുന്ന പക്ഷി, നല്ലതും ചീത്തയുമായ പഴങ്ങള്‍ തിന്നുന്നു. അതായത് ഇന്ദ്രിയസുഖങ്ങള്‍ക്കു പിന്നാലെ പോകുന്നു. ഇടയ്ക്കിടെ ഒരു കയ്പേറിയ ഫലം തിന്നുമ്പോള്‍, അത് അല്പം മുകളിലേക്കു നീങ്ങി മറ്റേ പക്ഷിയെ നോക്കുന്നു. മറ്റേ പക്ഷിയാകട്ടെ, നല്ല ഫലത്തെക്കുറിച്ചോ ചീത്ത ഫലത്തെക്കുറിച്ചോ താല്പര്യമില്ലാതെ, തന്നിലും മേലെ ഒരു സുഖാനുഭൂതിയേയും അന്വേഷിക്കാതെ, സ്വയം തൃപ്തനായി, ശാന്തഗംഭീരനായി സ്ഥിതിചെയ്യുന്നതു താഴത്തെ പക്ഷി കാണുന്നു. മുകളിലത്തെ പക്ഷി സ്വയം സുഖസ്വരൂപിയാണ്. അതു തന്നിലും മേലെ എന്തന്വേഷിക്കാനാണ്? താഴത്തെ പക്ഷി മുകളിലത്തെ പക്ഷിയെ നോക്കുകയും അതിന്റെ അടുത്തു പോകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അത് അല്പം മുകളിലേക്കു നീങ്ങുന്നു; എന്നാല്‍ അതിന്റെ പഴയ സംസ്കാരങ്ങളുടെ പ്രേരണനിമിത്തം, അതേ പഴങ്ങള്‍ വീണ്ടും ഭക്ഷിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കെ, അതു വല്ലാത്ത കയ്പുള്ള ഒരു പഴം തിന്നുന്നു; സ്തബ്ധപ്രജ്ഞനാകുന്നു, മുകളിലേക്കു നോക്കുന്നു. അവിടെയതാ, മറ്റേതു അതേ ശാന്തഗംഭീരഭാവത്തില്‍ നിലകൊള്ളുന്നു. താഴത്തെ പക്ഷി കുറച്ചുകൂടി അടുത്തു ചെല്ലുന്നു; എന്നാല്‍ വീണ്ടും പൂര്‍വ്വകര്‍മ്മസംസ്കാരത്താല്‍ കീഴോട്ടു വലിക്കപ്പെടുകയും, പിന്നേയും മധുരിക്കുന്നതും കയ്ക്കുന്നതുമായ ഫലങ്ങളെ തുടര്‍ന്നു ഭക്ഷിക്കുകയും ചെയ്യുന്നു. വീണ്ടും കൊടുംകയ്പുള്ള ഒരു പഴം; ഉടനെ അതു മേലോട്ടു നോക്കുകയും മുകളിലത്തേതിനോടു കുറേക്കൂടി അടുക്കുകയും ചെയ്യുന്നു. ഇങ്ങനെ അടുത്തടുത്തു ചെല്ലുന്തോറും മുകളിലത്തെ പക്ഷിയുടെ തൂവലിന്മേലുള്ള പ്രകാശം ഇതിന്റെ മേല്‍ പ്രതിബിംബിക്കുന്നു. അതിന്റെ സ്വന്തം തൂവല്‍ക്കൂട്ടം ഉരുകിമറയുന്നു; കൂടാതെ, വളരെ അടുത്തു വന്നതോടെ കാഴ്ചയ്ക്കു ആകമാനം ഒരു ഭാവപ്പകര്‍ച്ച സംഭവിക്കുകയും ചെയ്യുന്നു; അതായത്, താഴത്തെ പക്ഷി ഒരിക്കലും ഉണ്ടായിരുന്നതേയില്ല; മുകളിലത്തേതുമാത്രമേ സദാകാലവും ഉണ്ടായിരുന്നുള്ളു. താഴത്തെ പക്ഷിയായി കരുതപ്പെട്ടിരുന്നത് മുകളിലത്തേതിന്റെ ഒരു ചെറിയ പ്രതിബിംബം മാത്രമായിരുന്നു.
ഇപ്രകാരമാണ് ആത്മസ്വരൂപം. ഈ മനുഷ്യാത്മാവ് ഇന്ദ്രിയസുഖങ്ങളുടെ, ലൌകികങ്ങളായ നിസ്സാരവസ്തുക്കളുടെ, പിന്നാലെ പോകുന്നു. മൃഗങ്ങള്‍കണക്കെ, അതു ഇന്ദ്രിയങ്ങളില്‍ ജീവിക്കുന്നു; സിരാസഞ്ചയത്തിന്റെ ക്ഷണികങ്ങളായ ഇക്കിളിപ്പെടുത്തലുകളില്‍ കഴിഞ്ഞുകൂടുന്നു. ഒരു ഊക്കേറിയ അടി കിട്ടുമ്പോള്‍ അതിന് ഒരു നിമിഷനേരത്തേക്കു തല ചുറ്റുകയും സകലതും തിരോധാനം ചെയ്യുന്നതുപോലെ തോന്നുകയും ചെയ്യുന്നു. ലോകം വിചാരിച്ചിരുന്നതുപോലെയല്ല, ജീവിതപന്ഥാവ് അക്ളിഷ്ടസുഗമമല്ല എന്ന് അതു മനസ്സിലാക്കുന്നു. അതു മേലോട്ടു നോക്കുന്നു, സര്‍വാധിനാഥനെ ഒരു നോക്കു കാണുന്നു. അനന്തഗംഭീരന്റെ ഒരു ക്ഷണികദര്‍ശനം നേടുന്നു. അവിടുത്തോട് അല്പം അടുത്തു ചെല്ലുകയും ചെയ്യുന്നു. എന്നാല്‍ പൂര്‍വ്വകര്‍മ്മവാസനകള്‍ അതിനെ വീണ്ടും വലിച്ചകത്തുന്നു. മറ്റൊരു പ്രഹരം കൂടി കിട്ടുമ്പോള്‍ അതു പിന്നെയും മടങ്ങിവരുന്നു. ‘അനന്തസാന്നിധ്യ’ത്തിന്റെ മറ്റൊരു ക്ഷണികദര്‍ശനംകൂടി അതിനു ലഭിക്കുന്നു, കുറേക്കൂടി അതിനോടു അടുത്തു ചെല്ലുകയും ചെയ്യുന്നു. ഇങ്ങനെ അടുത്തടുത്തു ചെല്ലുന്തോറും തന്റെ വ്യക്തിത്വം- അധമവും അപകൃഷ്ടവും സ്വാര്‍ത്ഥജടിലവുമായ വ്യക്തിത്വം- ക്ഷയോന്മുഖമാകുന്നതും അതു കാണുന്നു. ആ ചെറുസാധനത്തെ (വ്യക്തിത്വത്തെ) സന്തുഷ്ടമാക്കാന്‍ വേണ്ടി ലോകത്തെ മുഴുവന്‍ ബലികഴിക്കാനുള്ള ആഗ്രഹം ഉരുകി അകലുന്നതായി കാണുന്നു. അത് അടുത്തടുത്തു ചെല്ലുന്തോറും പ്രകൃതി ഉരുകിത്തുടങ്ങുന്നു. ഒടുവില്‍ വേണ്ടത്ര അടുത്തെത്തുമ്പോള്‍, ദൃശ്യത്തിന് ആകമാനം ഒരു ഭാവപ്പകര്‍ച്ച സംഭവിക്കുന്നു; അതായത്, താന്‍തന്നെയായിരുന്നു ആ മറ്റേ പക്ഷിയെന്ന്, വിദൂരതയില്‍നിന്നെന്നതുപോലെ താന്‍ നോക്കിക്കൊണ്ടിരുന്ന ആ അനന്തവസ്തു സ്വന്തം ആത്മാവുതന്നെയാണെന്ന്, തന്നെ അത്ഭുതസ്തബ്ധനാക്കിയ മഹിമഗാംഭീര്യങ്ങളെല്ലാം സ്വന്തം ആത്മവിന്റേതുതന്നെയായിരുന്നെന്ന്, ആ സത്യവസ്തു താന്‍തന്നെയായിരുന്നെന്ന്, അതു മനസ്സിലാക്കുന്നു, ഇതോടെ, എല്ലാ വസ്തുക്കളിലും സത്യമായിട്ടുള്ള ആ ഒന്നിനെ ആത്മാവു കണ്ടെത്തുന്നു. യാതൊന്ന് എല്ലാ അണുക്കളിലും സ്ഥിതിചെയ്യുന്നു, സര്‍വ്വത്ര വ്യാപിച്ചിരിക്കുന്ന, സകലത്തിന്റെയും സൂക്ഷ്മാംശവും അതേ സമയം പ്രപഞ്ചത്തിന്റെ അധിനായകനുമായിരിക്കുന്നു, അതു നിങ്ങള്‍തന്നെയെന്നറിയുക; നിങ്ങള്‍ സ്വതന്ത്രനാണെന്നറിയുക.