സ്വാമി വിവേകാനന്ദന്‍

‘അണ്ടിയോ മൂത്തത്, മാവോ മൂത്തത്’ എന്ന ആ പഴയ പ്രശ്നം നമ്മുടെ സകലവിജ്ഞാനരൂപങ്ങളെസ്സംബന്ധിച്ചും ഉദിക്കുന്നുണ്ട്. ബുദ്ധിചേതനയോ കേവലദ്രവ്യമോ ആദ്യമുണ്ടായത്? ആശയമോ അതിന്റെ ബാഹ്യസ്ഫുരണമോ ആദ്യം? നമ്മുടെ യഥാര്‍ത്ഥഭാവം സ്വാതന്ത്യ്രമോ നിയമാധീനതയോ? വിചാരം ദ്രവ്യത്തെ സൃഷ്ടിക്കുന്നോ, ദ്രവ്യം വിചാരത്തെ സൃഷ്ടിക്കുന്നോ? പ്രകൃതിയിലെ നിരന്തരപരിവര്‍ത്തനം നിശ്ചലാവസ്ഥയുടെ മുന്‍ഗാമിയോ, നിശ്ചലാവസ്ഥ പരിവര്‍ത്തനത്തിന്റെ മുന്‍ഗാമിയോ? ഉത്തരം കണ്ടെത്താന്‍ നിവൃത്തിയില്ലാത്ത ഒരേ ജാതി പ്രശ്നങ്ങളാണിവയെല്ലാം. ഒരു തരംഗപരമ്പരയിലെ തരംഗങ്ങളുടെ ഇടവിട്ടുള്ള ഉയര്‍ച്ചയും താഴ്ചയും പോലെ, അവ ഒന്നിനു പിന്നാലെ മറ്റേത് എന്ന അഭേദ്യക്രമത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യര്‍ അവരവരുടെ അഭിരുചിയേയോ വിദ്യാഭ്യാസത്തേയോ മാനസികസംസ്കാരത്തേയോ അനുസരിച്ച് എതെങ്കിലും ഒരു പക്ഷം പിടിക്കുന്നു.

ഉദാഹരണത്തിന്, ഒരു പക്ഷത്തുനിന്നു പ്രകൃതിയിലെ വിവിധഭാഗങ്ങള്‍ തമ്മിലുള്ള പൊരുത്തം നിരീക്ഷിക്കുമ്പോള്‍, അതു ബുദ്ധിയുടെ പ്രവര്‍ത്തനഫലമെന്നു വ്യക്തമാണെന്നു പറയാമെങ്കില്‍, മറുപക്ഷത്തുനിന്നു ബുദ്ധിതന്നെ പരിണാമഗതിയില്‍ ദ്രവ്യവും ഊര്‍ജ്ജവും (ആകാശവും പ്രാണനും) ചേര്‍ന്നു സൃഷ്ടിച്ചതാകയാല്‍, ഈ ലോകത്തേക്കാള്‍ മുമ്പ് ബുദ്ധി ഉണ്ടായിരുന്നിരിക്കാന്‍ തരമില്ല എന്നു വാദിക്കാം. ഏതൊരു രൂപത്തിന്റെയും ഉല്പാദനത്തിനുമുമ്പ് അതിന്റെ ആശയം മനസ്സില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു-എന്ന വാദത്തിനെതിരായി ആശയംതന്നെ ബാഹ്യമായ അനേകം (രൂപങ്ങളെക്കുറിച്ചുള്ള) അനുഭൂതികളാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നുള്ള വാദം തുല്യശക്തിയോടെ ഉന്നയിക്കാം. ഒരു പക്ഷത്ത് നമുക്കു നിത്യം ബോധമുള്ള സ്വാതന്ത്യ്രാശയമാണ് ബലവത്തായി തോന്നുന്നതെങ്കില്‍, മറുപക്ഷത്ത് ജഗത്തില്‍ കാരണംവിനാ യാതൊന്നുമില്ലാത്തതിനാല്‍, മാനസികമോ ഭൌതികമോ ആയ സമസ്തവും കാര്യകാരണനിയമത്താല്‍ നിബദ്ധമാണെന്നുള്ള വസ്തുതയ്ക്കാണ് പ്രാബല്യം. ഇച്ഛയുടെ പ്രേരണയാല്‍ ശരീരത്തിനുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ കണ്ടിട്ട്, വിചാരമാണ് ഈ ശരീരത്തില്‍ സ്രഷ്ടാവ് എന്നു സിദ്ധാന്തിച്ചാല്‍, ശാരീരികമായ മാറ്റങ്ങള്‍ മാനസികമായ മാറ്റങ്ങള്‍ക്കും പ്രേരകമായിരിക്കുന്നതുകൊണ്ട്, ശരീരം മനസ്സിനെ ഉല്പാദിപ്പിച്ചിരിക്കണം എന്നുള്ളതിനും തുല്യപ്രാമാണ്യം കാണുന്നു. (പ്രകൃതിയില്‍) സാര്‍വത്രികമായി കാണുന്ന ചലനാവസ്ഥ അതിന്റെ മുന്‍ഗാമിയായ ഒരു നിശ്ചലാവസ്ഥയുടെ അനന്തരഫലമായിരിക്കണമെന്നു വാദിക്കുന്നപക്ഷം, നിശ്ചലാവസ്ഥ എന്നത് തരതമവ്യത്യാസങ്ങളില്‍നിന്നുളവാകുന്ന ആപേക്ഷികമായ ഒരു മിഥ്യാഭ്രമം മാത്രമാണെന്നു കാണിക്കാന്‍ തുല്യയുക്തിവാദങ്ങളുന്നയിക്കാം.

അങ്ങനെ, അന്തിമവിശകലനത്തില്‍ എല്ലാ ജ്ഞാനത്തേയും ‘കാര്യകാരണങ്ങളുടെ അനിശ്ചിതമായ പരസ്പരാശ്രയത്വം’ എന്ന ദോഷം ബാധിക്കുന്നു. തര്‍ക്കശാസ്ത്രനിയമങ്ങളനുസരിച്ചു നോക്കിയാല്‍ അത്തരം ജ്ഞാനം പ്രമാദയുക്തമത്രേ. അതോടൊപ്പം, ഏറ്റവും വിചിത്രമായ വസ്തുത, ഈ ജ്ഞാനം പ്രമാദയുക്തമെന്നു തെളിയിക്കുന്നതു പരമാര്‍ത്ഥജ്ഞാനവുമായി തട്ടിച്ചുനോക്കിയിട്ടല്ലെന്നും, (മേല്‍ വിവരിച്ച) അതേ ദോഷത്തെ ആധാരമാക്കി വര്‍ത്തിക്കുന്ന നിയമങ്ങളനുസരിച്ചാണെന്നുമുള്ളതാണ്. അതിനാല്‍ നമ്മുടെ എല്ലാ ജ്ഞാനം സംബന്ധിച്ചും സ്പഷ്ടമായി കാണാവുന്ന സവിശേഷത, അത് അതിന്റെതന്നെ അപര്യാപ്തതയെ തെളിയിക്കുന്നു എന്നതാണ്. എങ്കിലും ഈ ജ്ഞാനം അയഥാര്‍ത്ഥമെന്നു പറഞ്ഞുകൂടാ, എന്തെന്നാല്‍, നമുക്കറിയാവുന്നതും ചിന്തിക്കാന്‍ കഴിയുന്നതുമായ സകലയാഥാര്‍ത്ഥ്യവും ഈ ജ്ഞാനത്തിനുള്ളിലത്രേ. കൂടാതെ, എല്ലാ പ്രായോഗികാവശ്യങ്ങള്‍ക്കും ഇതു മതിയാകുന്നുണ്ട് എന്ന വസ്തുത നിഷേധിക്കാവതുമല്ല. ബാഹ്യവും ആന്തരവുമായ രണ്ടു ലോകങ്ങളിലും വ്യാപാരവ്യാപ്തിയോടുകൂടിയ ഈ മനുഷ്യജ്ഞാനസ്വഭാവത്തെയാണ് മായ എന്നു പറയുന്നത്. അത് അതിന്റെതന്നെ പ്രമാദം തെളിയിക്കുന്നതിനാല്‍ അയഥാര്‍ത്ഥമാകുന്നു; എന്നാല്‍ ‘മൃഗമനുഷ്യ’ന്റെ ആവശ്യങ്ങള്‍ക്കെല്ലാം പര്യാപ്തമായതിനാല്‍, ആ അര്‍ത്ഥത്തില്‍ യഥാര്‍ത്ഥവുമാണ്.

ബാഹ്യലോകത്ത് വ്യാപരിക്കുന്ന മായ ആകര്‍ഷണം, വികര്‍ഷണം എന്നീ രണ്ടു ശക്തികളുടെ രൂപത്തിലാണ് പ്രകടമാകുന്നത്. ആന്തരലോകത്ത് അതിന്റെ അഭിസ്ഫുരണങ്ങള്‍ തൃഷ്ണയും തൃഷ്ണാരാഹിത്യവും (പ്രവൃത്തിയും നിവൃത്തിയും) ആണ്. ജഗത്ത് മുഴുവന്‍ ബഹിര്‍ഭാഗത്തേക്ക് ഇരമ്പിപ്പായാന്‍ ശ്രമിക്കുകയാണ്. ഓരോ അണുവും അതിന്റെ കേന്ദ്രത്തില്‍നിന്ന് ഓടിയകലാന്‍ യത്നിക്കുന്നു. ആന്തരലോകത്ത് ഓരോ വിചാരവും നിയന്ത്രണത്തെ അതിക്രമിച്ചുപോകാന്‍ നോക്കുന്നു. ഇനി, ബാഹ്യലോകത്തെ ഓരോ ചെറുതരിയേയും മറ്റൊരു ശക്തി-കേന്ദ്രാഭിമുഖശക്തി-തടഞ്ഞുനിറുത്തുകയും കേന്ദ്രത്തിലേക്കു വലിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ, മാനസികലോകത്തിലും ബഹിര്‍മുഖമായി പ്രയാണം ചെയ്യുന്ന ഈ തൃഷ്ണകളെയെല്ലാം ഒരു നിയാമകശക്തി നിയന്ത്രിച്ചുനിര്‍ത്തുന്നു.

ഭൌതികമാകാനുള്ള തൃഷ്ണ, അതായത്, യാന്ത്രികപ്രവര്‍ത്തനത്തിന്റെ മേഖലയിലേയ്ക്ക് കൂടുതല്‍ കൂടുതല്‍ വലിക്കപ്പെടുകയെന്നുള്ളത് മൃഗാവസ്ഥയിലിരിക്കുന്ന മനുഷ്യന്റെ സ്വഭാവമാണ്. ഇന്ദ്രിയങ്ങളുമായുള്ള അത്തരം ബന്ധനങ്ങളെയെല്ലാം തടയാന്‍ ആഗ്രഹമുണ്ടാകുമ്പോള്‍ മാത്രമാണ് മനുഷ്യഹൃദയത്തില്‍ മതം ഉദയം ചെയ്യുന്നത്. അങ്ങനെ, മതത്തിന്റെ പ്രയോജനസാകല്യം മനുഷ്യനെ ഇന്ദ്രിയങ്ങളുടെ ബന്ധനത്തിലകപ്പെടാതെ തടയുകയും സ്വസ്വാതന്ത്യ്രം പിടിച്ചുപറ്റുവാന്‍ അവനെ സഹായിക്കുകയും ചെയ്യുകയെന്നതാണ്. ഈ ലക്ഷ്യാഭിമുഖമായുള്ള നിവൃത്തിശക്തിയുടെ പ്രഥമയത്നത്തെ ‘സദാചാരം’ എന്നു പറയുന്നു. സകലസദാചാരത്തിന്റേയും സാധ്യം ഈ അധഃപതനത്തെ തടയുകയും ഈ ബന്ധനത്തെ വിച്ഛേദിക്കുകയുമത്രേ. സദാചാരത്തെ മുഴുവന്‍, വിധ്യാത്മകം, നിഷേധാത്മകം എന്നിങ്ങനെ രണ്ടിനമായി തിരിക്കാം-‘ഇന്നത് ചെയ്യൂ’ എന്നോ ‘ഇന്നതു ചെയ്യരുത്’ എന്നോ അതു ശാസിക്കുന്നു. ‘ചെയ്യരുത്’ എന്നു പറയുമ്പോള്‍, മനുഷ്യനെ അടിമയാക്കുന്ന ഏതെങ്കിലും ഒരു തൃഷ്ണയുടെ നിരോധമാണതെന്നു വ്യക്തം. ‘ചെയ്യൂ’ എന്നു പറയുമ്പോള്‍ അതിന്റെ ഉദ്ദിഷ്ടം, സ്വാതന്ത്യ്രത്തിലേക്കുള്ള വഴി കാട്ടിത്തരികയും മനുഷ്യഹൃദയത്തെ മുമ്പിനാലേ ഗ്രസിച്ചു കഴിഞ്ഞിട്ടുള്ള ഒരു ദുഷ്പ്രവണതയെ നശിപ്പിക്കുകയുമാണ്.

ഇനി ഈ സദാചാരാനുഷ്ഠാനം സാധ്യമാകുന്നത്, മനുഷ്യന്ന് പ്രാപിക്കേണ്ടതായി സ്വാതന്ത്യ്രം എന്നൊന്നുണ്ടെങ്കില്‍ മാത്രമാണ്. പരിപൂര്‍ണ്ണമായ സ്വാതന്ത്യ്രപ്രാപ്തി സാധ്യമോ എന്ന പ്രശ്നം ആലോചിക്കാതിരുന്നാല്‍ത്തന്നെയും വിശ്വം മുഴുവന്‍ വികസനാര്‍ത്ഥം, മറ്റുവിധത്തില്‍ പറഞ്ഞാല്‍ സ്വാതന്ത്യ്രലബ്ധിക്കായി, ആയാസപ്പെട്ടുവരികയാണെന്നും സുവ്യക്തമത്രേ. അനന്തമായ സ്ഥലം ഒരു പരമാണുവിനുപോലും മതിയാകാതെയിരിക്കുന്നു. പരിപൂര്‍ണ്ണസ്വാതന്ത്യ്രത്തിലെത്തുംവരെ വികസനയത്നം അവിരാമം തുടരേണ്ടിയിരിക്കുന്നു. സ്വാതന്ത്യ്രലബ്ധിക്കായുള്ള ഈ യത്നം, ദുഃഖത്തെ ഒഴിക്കാനോ സുഖത്തെ നേടാനോ ആണെന്നും പറഞ്ഞുകൂടാ. അത്തരം വിചാരങ്ങളൊന്നും ഉണ്ടായിരിക്കാന്‍ സാധ്യതയില്ലാത്ത, ഏറ്റവും താഴ്ന്ന പടിയിലുള്ള ജീവികള്‍പോലും വികസനാര്‍ത്ഥം ആയാസപ്പെടുന്നുണ്ട്; അനേകരുടെ അഭിപ്രായത്തില്‍, മനുഷ്യന്‍തന്നെ ഈ ജീവികള്‍ വികസിച്ചതാണുതാനും.