പ്രകൃതിയിലെ സകലവസ്തുക്കളും ചില സൂക്ഷ്മബീജരൂപങ്ങളില്‍നിന്നുളവായി, മേല്ക്കുമേല്‍ സ്ഥൂലങ്ങളായിവരുകയും ഒരു നിയതകാലം നിലനിന്നശേഷം വീണ്ടും ആദ്യത്തെ സൂക്ഷ്മരൂപത്തിലേക്കു മടങ്ങിപ്പോകയും ചെയ്യുന്നു. ഉദാഹരണത്തിന്, നമ്മുടെ ഭൂമിതന്നെ വാതകരൂപമായ സൂക്ഷ്മവസ്തുക്കളില്‍നിന്നുണ്ടായതാണ്; വാതകം ക്രമേണ തണുത്തും ഘനീഭവിച്ചും ഇന്നു നാമധിവസിക്കുന്ന ഭൂമിയുടെ രൂപത്തിലായി. ഭാവിയില്‍ ഇതു വിഘടിച്ചു പഴയ വാതകരൂപത്തിലേക്കു മടങ്ങുകയും ചെയ്യും. ജഗത്തില്‍ ഈ വിധം നടന്നുവരുന്നു, അനാദികാലമായി നടന്നുവന്നു. ഇതാണ് മനുഷ്യന്റെ ചരിത്രസര്‍വ്വസ്വം; ഇതുതന്നെ പ്രകൃതിയുടെ ചരിത്രസര്‍വ്വസ്വവും ജീവന്റെയെല്ലാം ചരിത്രസര്‍വ്വസ്വവും.
ഓരോ വികസനത്തിനും (പ്രഭവത്തിനും) മുന്‍ഗാമിയായുണ്ട്, ഓരോ സങ്കോചനം (പ്രലയം). വൃക്ഷമാകെ അതിന്റെ കാരണവസ്തുവായ വിത്തില്‍ അടങ്ങിയിരിക്കുന്നു. മനുഷ്യജീവിയാകെ പ്രോട്ടോപ്ളാസത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ഈ ജഗത്ത് മുഴുവന്‍ സൂക്ഷ്മപ്രപഞ്ചത്തില്‍ സ്ഥിതിചെയ്യുന്നു. ഓരോന്നും അതാതിന്റെ സൂക്ഷ്മരൂപമായ കാരണവസ്തുവില്‍ സന്നിഹിതമാണ്. പരിണാമം, അഥവാ സ്ഥൂലരൂപത്തിലേക്കുള്ള ക്രമികവികസനം. ഒരു വസ്തുത തന്നെ; എന്നാല്‍ ഓരോ വികസനത്തിനും പൂര്‍വ്വഗാമിയായി ഓരോ സങ്കോചനമുണ്ട്. ഈ പ്രപഞ്ചം ഉണ്ടാകുന്നതിനുമുമ്പ് അത് മുഴുവന്‍ പ്രലയരൂപത്തില്‍ വര്‍ത്തിച്ചിരിക്കണം. ഇപ്പോള്‍ അതു നാനാരൂപങ്ങളില്‍ വികസ്വരമായിരിക്കുന്നതു വീണ്ടും പ്രലയത്തിലേക്കു സങ്കോചിക്കുവാനാണുതാനും. ഉദാഹരണമായി ഒരു ചെറിയ ചെടിയുടെ ജീവിതകഥയെടുക്കാം. ചെടിയെ ഒരു യൂണിറ്റ്* (ഏകകം) ആക്കുന്ന രണ്ടു വസ്തുത കാണുന്നു- ഒന്നാമത് അതിന്റെ വളര്‍ച്ചയും വികസനവും, രണ്ടാമത് അതിന്റെ ക്ഷയവും മരണവും. ഇവ രണ്ടും ചേര്‍ന്നാണ് ‘ചെടിജീവിതം’ എന്ന ഏകകത്തിനു നിദാനമാകുന്നത്. ഈ ചെടിജീവിതത്തെ ജീവിതമാകുന്ന ശൃംഖലയിലെ ഒരു കണ്ണിയായിമാത്രം കണക്കാക്കി. പ്രോട്ടോപ്ളാസത്തില്‍ തുടങ്ങി പരിപൂര്‍ണ്ണമനുഷ്യന്‍വരെയുള്ള പരമ്പരാസാകല്യത്തെ ഒരൊറ്റ ജീവിതമായി ഗണിക്കാം. മനുഷ്യന്‍ അതിലെ ഒരു കണ്ണി, പലതരം മൃഗങ്ങളും ജന്തുക്കളും ചെടികളും മറ്റൊരോരോ കണ്ണികള്‍. ഈ പരമ്പരാസാകല്യത്തെ ഒരൊറ്റ ജീവിതമായി പരിഗണിച്ച് അതിന്റെ ഉല്‍പ്പത്തിയെ ആരാഞ്ഞാല്‍, ഓരോന്നും അതിനുമുമ്പുണ്ടായിരുന്ന ഒന്നിന്റെ പരിണാമമാണെന്നു കാണുമാറാകും.
അത് ആരംഭിക്കുന്നതെവിടെയോ അവിടെത്തന്നെ അവസാനിക്കുന്നു. ഈ ജഗത്തിന്റെ പരിണാമമെന്ത്? പരിണാമവാദക്കാരുടെ മതമനുസരിച്ച് സൃഷ്ടിക്രമത്തിലെ അവസാനവസ്തു ചേതനയാണ്. ആ സ്ഥിതിക്കു സൃഷ്ടിയുടെ ആരംഭവും-അതിന്റെ കാരണവസ്തുവും-അതാകണം. പ്രാരംഭത്തില്‍ ആ ചേതന ഗുപ്തഭാവത്തില്‍ വര്‍ത്തിക്കുന്നു; ഒടുവില്‍ അതു വികസ്വരമാകുന്നു. അതിനാല്‍, ജഗത്തില്‍ പ്രകടമാകുന്ന ചേതനയുടെ ആകെത്തുക, ഇപ്പോള്‍ വികസിതമായിരിക്കുന്നതും ഒരിക്കല്‍ ലീനരൂപത്തിലിരുന്നതുമായ വിശ്വചേതനതന്നെയാകണം. ഈ വിശ്വചേതനയെയാണ് ഞങ്ങള്‍ ഈശ്വരന്‍ എന്നു പറയുന്നത്. നാം ഈശ്വരനില്‍നിന്നുത്ഭവിച്ചിട്ട് അങ്ങോട്ടു മടങ്ങിച്ചെല്ലുന്നു എന്നാണല്ലോ മതശാസ്ത്രങ്ങള്‍ പറയുന്നതും. പേരെന്തു പറഞ്ഞാലും വേണ്ടില്ല, ആ അനന്തവിശ്വചൈതന്യമുണ്ടെന്നുള്ളതു നിഷേധിക്കാവതല്ല.
സംഘാതമെന്നാലെന്ത്? ‘കാരണ’ങ്ങള്‍ സംയോജിച്ചു ‘കാര്യ’മായിച്ചമഞ്ഞതാണ് സംഘാതം. അതിനാല്‍ ഈ സംഘാതവസ്തുക്കള്‍ കാര്യകാരണനിയമവലയത്തിനുള്ളിലാകാനേ തരമുള്ളു. കാര്യകാരണനിയമങ്ങളുടെ പ്രവര്‍ത്തനം എത്തുന്നിടംവരെ. സംഘാതങ്ങളും സംയുക്തങ്ങളും ഉണ്ടാവാം. അതിനുപുറമാകട്ടെ സംയുക്തങ്ങളെപ്പറ്റിയുള്ള വ്യവഹാരം അസാധ്യമത്രെ; എന്തെന്നാല്‍ അവിടെ നിയമം പ്രവര്‍ത്തിക്കുന്നില്ല. നിയമത്തിന്റെ പ്രവര്‍ത്തനം നാം കാണുകയും കേള്‍ക്കുകയും വിചാരിക്കുകയും സങ്കല്‍പ്പിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന പ്രപഞ്ചത്തില്‍ മാത്രമാണ്; അതിനപ്പുറത്തേയ്ക്കു നിയമമെന്ന ആശയത്തിനു വ്യാപ്തിയില്ല. നാം ഇന്ദ്രിയങ്ങള്‍കൊണ്ടു ഗ്രഹിക്കുന്നതും മനസ്സുകൊണ്ടു സങ്കല്‍പ്പിക്കുന്നതും ഉള്‍പ്പെടുന്നതാണ് നമ്മുടെ പ്രപഞ്ചം. ഇന്ദ്രിയങ്ങള്‍ക്കു നേരെ ഗോചരമാകുന്ന വസ്തുകളെ നാം ഇന്ദ്രിയങ്ങളില്‍ക്കൂടി ഗ്രഹിക്കുന്നു; മനസ്സിലുള്ളവ സങ്കല്‍പ്പത്തിനും വിഷയമാകുന്നു. ശരീരത്തിന്നതീതമായത് ഇന്ദ്രിയങ്ങള്‍ക്കതീതമാണ്; മനസ്സിന്നതീതമായത് സങ്കല്‍പ്പത്തിനും അതീതമാണ്. അതിനാല്‍ ആ അതീതവസ്തു നമ്മുടെ വ്യാവഹാരികപ്രപഞ്ചത്തിന്നതീതമാണ്. നിമിത്തനിയമത്തിനും അതീതമാണ്. കാര്യാകരണനിയമത്തിന് അതീതമായി വര്‍ത്തിക്കുന്ന മനുഷ്യാത്മാവ് ഒരു സംയുക്തവസ്തുവല്ല, അത് ഒരു ‘കാരണ’ജന്യമായ ‘കാര്യ’മല്ല അതിനാല്‍ അതു നിത്യസ്വതന്ത്രവും നിയമത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന സകലതിന്റേയും നിയാമകവുമാണ്. അതു സംയുക്തമല്ലാത്തതിനാല്‍ ഒരിക്കലും മരിക്കുന്നില്ല; എന്തെന്നാല്‍ മരണമെന്നതിന്റെ അര്‍ത്ഥം ഘടകവസ്തുക്കളായി വേര്‍തിരിയുകയെന്നാണ്. വിനാശമെന്നാല്‍ ‘കാരണ’ത്തിലേക്കു മടങ്ങുകയെന്നാണ്. മരിക്കാന്‍ കഴിയാത്തതാകയാല്‍ അതിനു ജീവിക്കാനും കഴിവില്ല. എന്തെന്നാല്‍, ജീവിതമരണങ്ങള്‍ ഒരേ വസ്തുതയുടെ അഭിവ്യക്തിവിധങ്ങളത്രേ. അതിനാല്‍ ആത്മാവ് ജീവിതമരണങ്ങള്‍ക്കതീതമാണ്. നിങ്ങള്‍ ഒരിക്കലും ജനിച്ചിട്ടില്ല. ഒരിക്കലും മരിക്കുകയുമില്ല. ജനനമരണങ്ങള്‍ ഒരു ശാരീരികകാര്യംമാത്രം.
അദ്വൈതസിദ്ധാന്തപ്രകാരം ഈ ജഗത്തുമാത്രമാണുള്ളത്. സ്ഥൂലരൂപത്തിലായാലും സൂക്ഷ്മരൂപത്തിലായാലും സമസ്തവും ഇതിലുണ്ട്. കാര്യവും കാരണവും രണ്ടും ഇവിടെത്തന്നെ; വിശദീകരണം ഇവിടെത്തന്നെ. വ്യഷ്ടി എന്നറിയപ്പെടുന്നത് സമഷ്ടിയുടെ അണുതോതിലുള്ള ആവര്‍ത്തനം മാത്രമാണ്. ജഗത്തിനെക്കുറിച്ചുള്ള നമ്മുടെ ആശയം നമ്മുടെ ആത്മാവിനെസ്സംബന്ധിച്ച പഠനത്തില്‍ നിന്നു ലഭിക്കുന്നു. ആത്മാവിനെസ്സംബന്ധിച്ചു പരമാര്‍ത്ഥമായതു ബാഹ്യപ്രപഞ്ചത്തെസ്സംബന്ധിച്ചും പരമാര്‍ത്ഥമാണ്. സ്വര്‍ഗ്ഗാദിവിവിധലോകങ്ങളെപ്പറ്റിയ ആശയങ്ങളും അവ യഥാര്‍ത്ഥങ്ങളാണെങ്കില്‍ത്തന്നെ. ഈ ജഗത്തിലുള്‍പ്പെടുന്നു. അവയെല്ലാം കൂടിച്ചേര്‍ന്നാണ് ഈ ഏകത്വം ഉണ്ടാകുന്നു. അതിനാല്‍ പ്രഥമതഃ ഒരു പൂര്‍ണ്ണത്തിന്റെ, അസംഖ്യം ചെറുഘടകങ്ങള്‍ ചേര്‍ന്നുള്ള ഒരു ഏകകത്തിന്റെ ആശയമാണുളവാക്കുന്നത്. നമ്മിലോരോരുത്തനും ഈ ഏകകത്തിന്റെ അംശമാണെന്നതുപോലെയാണ്. അഭിവ്യക്തജീവികളെന്ന നിലയില്‍, നാം വെവ്വേറെയാണെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഒന്നത്രേ. ഈ പൂര്‍ണ്ണത്തില്‍നിന്നു നാം വേറാണെന്നുള്ള വിചാരം നമ്മില്‍ എത്രകണ്ടു പ്രബലമായിരിക്കുന്നോ അത്രകണ്ടു കൂടുതലായിരിക്കും. നമ്മുടെ കഷ്ടതയും. അതിനാല്‍ അദ്വൈതമാണ് നീതിശാസ്ത്രത്തിന്റെ അടിത്തറ.