നിങ്ങള്‍ സഗുണനായ, വ്യഷ്ടിയായ, ഈശ്വരന്‍ എന്നു പറയുന്നതുതന്നെയാണ് നിര്‍ഗുണനായ, സമഷ്ടിയായ, ഈശ്വരനും എന്നാണെന്റെ മതം – ഈശ്വരന്‍ ഒരേ സമയം സഗുണനും നിര്‍ഗുണനും, വ്യഷ്ടിയും സമഷ്ടിയുമാണ്. നാമെല്ലാം വ്യക്തിരൂപം കൈക്കൊണ്ടിട്ടുള്ള സമഷ്ടിജീവികളാണ്. നാം പരമാര്‍ത്ഥത്തില്‍ സമഷ്ടിയും വ്യാവഹാരികാര്‍ത്ഥത്തില്‍ വ്യഷ്ടികളുമാണ്. നിങ്ങളില്‍ ഒരോരുത്തനും ഒരോ സമഷ്ടിജീവിയാണ്-ഒരോരുത്തനും സര്‍വവ്യാപിയാണ്. ഇത് അമ്പരപ്പിക്കുന്ന ഒരു പ്രസ്താവനയായി ആദ്യം തോന്നാം; എന്നാല്‍ ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നു എന്നതുപോലെ എനിക്കു നിശ്ചയമുള്ള ഒരു വസ്തുതയാണിത്. ആത്മാവ് സര്‍വവ്യാപിയാകാതിരിക്കുന്നതെങ്ങനെ? അതിനു നീളമോ, വീതിയോ, കനമോ അതുപോലുള്ള മറ്റെന്തെങ്കിലും ഭൌതികധര്‍മ്മങ്ങളോ ഇല്ല. നാമെല്ലാം ആത്മാക്കളാണെങ്കില്‍, ദേശത്തിനു നമ്മെ പരിമിതരാക്കുക സാദ്ധ്യമല്ല. ദേശം ദേശത്തെമാത്രമേ പരിമിതമാക്കൂ. ജഡം ജഡത്തെയും. നാം ഈ ശരീരത്തിലൊതുങ്ങി നില്‍ക്കുന്നവരാണെങ്കില്‍, നാമൊരു ഭൌതികവസ്തു മാത്രമാകും. ശരീരവും ജീവാത്മാവും സകലതും ഭൌതികമാകും. ‘ശരീരത്തിലിരിക്കുന്ന,’ ‘ആത്മാവിനെ ഉള്‍ക്കൊള്ളുന്ന,’ എന്നൊക്കെ പറയാറുള്ളത്, കേവലം സൌകര്യാര്‍ത്ഥമുള്ള പദപ്രയോഗങ്ങളാണ്; അല്ലാതെ, അതിനപ്പുറം അവയ്ക്കു ഒരര്‍ത്ഥവുമില്ല. ഞാന്‍ ജീവാത്മാവിനു നല്‍കിയ നിര്‍വചനം നിങ്ങളില്‍ പലരും ഓര്‍ക്കുന്നുണ്ടാവാം – അതായത്, ഒരോ ആത്മാവും ഒരു നിശ്ചിതബിന്ദുവില്‍ കേന്ദ്രമുള്ളതും എന്നാല്‍ ഒരിടത്തും പരിധിയില്ലാത്തതുമായ ഒരോ വൃത്തമാണ്. വൃത്തത്തിന്റെ കേന്ദ്രം ശരീരത്തിലാണ്; അവിടെയാണതിന്റെ പ്രവര്‍ത്തനം പ്രകടമാകുന്നതും. നിങ്ങള്‍ സര്‍വ്വവ്യാപിയാണ്; ഒരു ബിന്ദുവില്‍ കേന്ദ്രീകൃതനാണെന്ന പ്രതീതി നിങ്ങള്‍ക്കുണ്ടെന്നുമാത്രം. ആ ബിന്ദു സ്വയം പ്രകാശിക്കാന്‍, ഭൂതശകലങ്ങളെ എടുത്തു ഒരു യന്ത്രമാക്കി രൂപപ്പെടുത്തിയിരിക്കുന്നു. ഏതൊന്നില്‍ക്കൂടി അതു പ്രകാശിക്കുന്നുവോ അതാണ് ശരീരം. അതിനാല്‍ നിങ്ങള്‍ എല്ലായിടത്തുമുണ്ട്. ഒരു യന്ത്രം അഥവാ ശരീരം കൊള്ളില്ലെന്നു വരുമ്പോള്‍ നിങ്ങള്‍ (കേന്ദ്രം) ഉപേക്ഷിച്ചിട്ട്, സൂക്ഷ്മതരമോ സ്ഥൂലതരമോ ആയ മറ്റു ദ്രവ്യശകലങ്ങളെ ശേഖരിച്ച് മറ്റൊരു ശരീരമുണ്ടാക്കി അതില്‍ക്കൂടി പ്രവര്‍ത്തിച്ചുതുടങ്ങുന്നു. ഇതാണ് മനുഷ്യനെന്നു പറയുന്നത്. ഇനി ഈശ്വരനെന്താണ്? ഒരിടത്തും പരിധിയില്ലാത്തതും എല്ലായിടത്തും കേന്ദ്രത്തോടുകൂടിയതുമായ ഒരു വൃത്തമാണ് ഈശ്വരന്‍. ആ വൃത്തത്തിലെ ഒരോ ബിന്ദുവും ചേതനാത്മകവും, ബോധയുക്തവും, കര്‍മ്മോന്മുഖവും, തുല്യവുമായി പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നതുമാണ്. ജീവാത്മാക്കളായ നമ്മുടെ സംഗതിയില്‍ (വൃത്തത്തിലെ) ഒരു ബിന്ദുമാത്രമാണ് ബോധയുക്തം, ആ ബിന്ദു മുമ്പോട്ടും പിമ്പോട്ടും നീങ്ങിക്കൊണ്ടിരിക്കയും ചെയ്യുന്നു. ജഗത്തിനോട് താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ ശരീരം അത്യന്തം അണുപ്രായമായ ഒരു വസ്തുവായിരിക്കുമ്പോലെ, ഈശ്വരനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജഗത്താകക്കൂടിയും വെറും നിസ്സാരമാണ്. ഈശ്വരന്‍ സംസാരിക്കുന്നതായി പറയുമ്പോള്‍ അവിടുന്ന് അവിടുത്തെ ജഗത്തില്‍ക്കൂടി സംസാരിക്കുന്നുവെന്നാണാശയം. ഈശ്വരന്‍ സകല ദേശകാലപരിമിതികള്‍ക്കും അതീതനാണെന്നു പറയുമ്പോള്‍ അവിടുന്ന് ഒരു സമഷ്ടിജീവിയെന്നാണ് വിവക്ഷിക്കുന്നത്. എങ്കിലും, ഈശ്വരനു വ്യത്യാസം ഭവിക്കുന്നില്ല.
ഒരുദാഹരണം പറയാം. നാം ഭൂമിയില്‍നിന്നു സൂര്യനെ കാണുന്നുണ്ടല്ലോ. നിങ്ങള്‍ സൂര്യനിലേയ്ക്കു പോകുന്നുവെന്നു വിചാരിക്കുക. ഏതാനുമായിരം നാഴിക അടുത്തു ചെല്ലുമ്പോള്‍ നിങ്ങള്‍ മറ്റൊരു സൂര്യനെയാണ് കാണുക-ഭൂമിയില്‍നിന്ന് കണ്ടതിനേക്കാള്‍ വളരെ വലിയ ഒന്നിനെ. പിന്നെയും വളരെദൂരം ചെന്നടുക്കുമ്പോള്‍ പൂര്‍വ്വാധികം ബൃഹത്തായ ഒരു സൂര്യനെ കാണും. ഒടുവില്‍ സൂര്യനിലെത്തിച്ചേരുമ്പോള്‍ ലക്ഷോപലക്ഷം നാഴിക വിസ്താരമുള്ള യഥാര്‍ത്ഥസൂര്യനെ കണ്ടെത്തും. ഈ സഞ്ചാരത്തെ പല ഘട്ടങ്ങളായി വിഭജിച്ച്, ഒരോ ഘട്ടത്തിലും വെച്ചു കണ്ട സൂര്യന്റെ ഫോട്ടോവെടുക്കുന്നുവെന്നും അന്ത്യഘട്ടത്തില്‍ കണ്ട യഥാര്‍ത്ഥസൂര്യന്റെ ഫോട്ടോയും എടുത്തു മടങ്ങിവന്ന് ഫോട്ടോകള്‍ താരതമ്യപ്പെടുത്തിനോക്കുന്നുവെന്നും വിചാരിക്കുക. അവയെല്ലാം ഒന്നിനൊന്നു വ്യത്യാസപ്പെട്ടിരിക്കും; ഒന്നാമത്തെ കാഴ്ച ഒരു ചുവന്ന പന്തുപോലെയാണെങ്കില്‍, യഥാര്‍ത്ഥസൂര്യന്‍ ലക്ഷോപലക്ഷം നാഴിക വിസ്താരമുള്ള ഒരു ഗോളമാണ്. എങ്കിലും എല്ലായ്പ്പോഴും ഒരു സൂര്യനെത്തന്നെയാണ് കണ്ടിരുന്നത്. ഈശ്വരനെസ്സംബന്ധിച്ചും ഇതുപോലെയാണ്, അനന്തവസ്തുവിനെ വിവിധവീക്ഷണസ്ഥാനത്തുനിന്നാണ് അഥവാ വിവിധമാനസികഭൂമികളില്‍നിന്നാണ്, നാം വീക്ഷിക്കുന്നത്. ഏറ്റവും താണ പടിയില്‍ വര്‍ത്തിക്കുന്ന മനുഷ്യന്‍ ഈശ്വരനെ ഒരു പൂര്‍വ്വികനായി കാണുന്നു. അയാളുടെ ദാര്‍ശനികശക്തി ഉയരുമ്പോള്‍ ഒരു ഗോളത്തിന്റെ (ഗ്രഹത്തിന്റെ) ഭരണാധിപനായും, കുറേക്കൂടി ഉയരുമ്പോള്‍ ജഗത്തിന്റെ ഭരണകര്‍ത്താവായും കാണുന്നു. ഏറ്റവും ഉയര്‍ന്ന പടിയിലെത്തിയ മനുഷ്യന്‍ ഈശ്വരനെ താനായിത്തന്നെ കാണുന്നു. ഈ ദര്‍ശനത്തിനെല്ലാം വിഷയമാകുന്നത് ഒറ്റ ഈശ്വരന്‍തന്നെ; അനുഭൂതിവൈവിധ്യം വീക്ഷണത്തിന്റെ മാത്രാവ്യത്യാസം നിമിത്തമാണ്.