ആകാശപ്രാണങ്ങളുടെ സ്ഥൂലരൂപത്തിലുള്ള അഭിവ്യക്തിയേയും സൂക്ഷ്മഭാവത്തിലേയ്ക്കുള്ള വിലയത്തെയും സംബന്ധിച്ച്, ഭാരതീയചിന്താഗതിയും ആധുനിക പ്രകൃതിവിജ്ഞാനീയവും തമ്മില്‍ ഒട്ടു വളരെ സാദൃശ്യമുണ്ട്. ആധുനികന്മാര്‍ക്ക് പരിണാമവാദമുള്ളതുപോലെ ഭാരതീയയോഗിമാര്‍ക്കുമുണ്ട്. പരിണാമത്തിനു യോഗിമാരുടെ വ്യാഖ്യാനമാണ് മെച്ചമെന്ന് ഞാന്‍ വിചാരിക്കുന്നു. ‘‘ഒരു ജാതി മറ്റൊന്നായി മാറുന്നതു പ്രകൃതിയുടെ ആപൂരണംകൊണ്ടത്രെ.’’ അധിഷ്ഠാനപരമായ ആശയം, ഒരു വര്‍ഗ്ഗം മറ്റൊന്നായി പരിണമിച്ചുകൊണ്ടിരിക്കുന്നുവെന്നും മനുഷ്യനാണ് വര്‍ഗ്ഗങ്ങളുടെയെല്ലാം ഉച്ചസ്ഥാനത്തു നില്‍ക്കുന്നതെന്നുമാണ്. ‘പ്രകൃതിയുടെ ആപുരണ’മെന്നാലെന്തെന്ന് കര്‍ഷകര്‍ കൃഷിഭൂമി നനയ്ക്കുന്നവിധം ഉപമാനമാക്കി പതഞ്ജലി വിശദീകരിക്കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസത്തിന്റെയും പുരോഗതിയുടേയും പൊരുള്‍ പ്രതിബന്ധങ്ങളെ നീക്കം ചെയ്യുകയെന്നാണ്; അപ്പോള്‍ ഈശ്വരത്വം സ്വാഭാവികമായിത്തന്നെ അഭിവ്യക്തമാകും. ഇതു ജീവിതമാത്സര്യത്തെ നിശ്ശേഷം ഒഴിവാക്കുന്നു. മാര്‍ഗ്ഗമധ്യേ ജീവിതത്തിലെ കഷ്ടാനുഭവങ്ങള്‍ വര്‍ത്തിക്കുന്നുണ്ടെന്നേയുള്ളൂ; അവയെ നിശ്ശേഷം ഇല്ലാതാക്കാം. അവ പരിണാമത്തിന് ആവശ്യമല്ല. അവയുടെ അഭാവത്തിലും നാം പുരോഗമിക്കും. സ്വയം അഭിവ്യക്തമാകാനുള്ള പ്രവണത വസ്തുക്കളില്‍ സ്വഭാവേനതന്നെയുണ്ട്. ചലനപ്രചോദനം ബാഹ്യഭാഗത്തു നിന്നല്ല, ഉള്ളില്‍ നിന്നാണ് വരുന്നത്. ഓരോ ജീവാത്മാവും ചുരുണ്ടുകൂടിക്കിടക്കുന്ന അനുഭൂതിസര്‍വ്വസ്വത്തിന്റെ ആകെത്തുകയാണ്. ഈ അനുഭൂതി സമുച്ചയത്തില്‍നിന്ന് തക്ക പരിസ്ഥിതികള്‍ ലഭിക്കുന്നവ മാത്രമേ (ഓരോ കാലത്തും) വെളിയില്‍ വരുന്നുള്ളൂ.
അതിനാല്‍ ബാഹ്യവസ്തുക്കള്‍ ചുറ്റുപാടുകളെ പ്രദാനം ചെയ്യുന്നുവെന്നേയുള്ളു. ഇക്കാണുന്ന മത്സരങ്ങളും പോരാട്ടങ്ങളും മറ്റു തിന്മകളും ഗര്‍ഭീകരണത്തിന്റെ കാര്യഭാവമോ കാരണഭാവമോ അല്ല. അവ വഴിമുടക്കികളായി ഇടയ്ക്കുണ്ടെന്നുമാത്രം. അവയില്ലാഞ്ഞാലും മനുഷ്യര്‍ പുരോഗമിച്ച് ഈശ്വരഭാവത്തിലെത്തും; എന്തെന്നാല്‍ സ്വയം അഭിവ്യക്തമാകുകയെന്നത് (ഗര്‍ഭീകൃതനായ) ആ ഈശ്വരന്റെ സ്വഭാവമാണ്. എന്റെ അഭിപ്രായത്തില്‍, ജീവിതമത്സരമെന്ന ഭയാനകാശയത്തിന്റെ സ്ഥാനത്ത് ഇതു വളരെ ആശാവഹമായ ഒരു സ്ഥിതിഗതി നല്‍കുന്നുണ്ട്. ചരിത്രം കൂടുതല്‍ പഠിക്കുന്തോറും ആ ഭയാനകാശയം തെറ്റാണെന്ന അഭിപ്രായം എനിക്കു കൂടിക്കൂടി വരികയാണ്. മനുഷ്യന്‍ മനുഷ്യനുമായി സമരം ചെയ്തില്ലെങ്കില്‍, അവന്‍ പുരോഗമിക്കില്ലെന്നു ചിലര്‍ പറയുന്നു. ഒരു കാലത്ത് ഞാനും അപ്രകാരം വിചാരിച്ചിരുന്നു; എന്നാല്‍ ഓരോ യുദ്ധവും മനുഷ്യപുരോഗതിയെ അമ്പതു കൊല്ലമെങ്കിലും പിന്നോക്കം പായിച്ചിട്ടുണ്ടെന്നാണ് ഞാനിപ്പോള്‍ കാണുന്നത്. മനുഷ്യര്‍ വേറൊരു കാഴ്ചപ്പാടിലൂടെ ചരിത്രം പഠിച്ചു. തല്‍ഫലമായി മാത്സര്യം (പുരോഗതിക്കു) കാര്യമോ കാരണമോ അല്ലെന്നും, അതു പരിണാമപ്രക്രിയയ്ക്കു തീരെ ആവശ്യമില്ലാതെ കേവലം മാര്‍ഗ്ഗമധ്യേ വര്‍ത്തിക്കുന്ന ഒരു വസ്തുവാണെന്നും കണ്ടെത്തുന്ന കാലം സമാഗതമാകും.
യുക്തിവാദിയും ചിന്താശീലനുമായ മനുഷ്യന് സ്വീകാര്യമായ ഏകവാദം പതഞ്ജലിയുടേതുമാത്രമാണ്. ആധുനികവാദം എന്തൊരു വിനയാണ് വരുത്തിക്കൂട്ടുക! ഒരോ ഖലനും അതിന്റെ കീഴില്‍ തന്റെ ദുഷ്കൃത്യങ്ങള്‍ക്ക് ഒരു തീട്ടൂരം കിട്ടുന്നു. എല്ലാ ക്രിമിനല്‍ക്കുറ്റവാളികളേയും വകവരുത്തേണ്ടതാണെന്നും, സമൂഹമദ്ധ്യത്തില്‍നിന്നു കുറ്റവാളിത്തത്തെ ഉച്ചാടനം ചെയ്യാന്‍ അതേ ഒരു മാര്‍ഗ്ഗമുള്ളുവെന്നും പറയുന്ന പ്രകൃതിശാസ്ത്രജ്ഞന്മാരെ ഈ രാജ്യത്തു (അമേരിക്കയില്‍) ഞാന്‍ കണ്ടിട്ടുണ്ട്. ഇത്തരം ചുറ്റുപാടുകള്‍ക്കു പുരോഗതിയെ തടസ്സപ്പെടുത്താനാവും എന്നല്ലാതെ, അവ പുരോഗതിയ്ക്കാവശ്യമില്ല. ഒരുവന്‍ ചുറ്റുപാടുകളെ ജയിച്ചടക്കിയേക്കാം, പക്ഷേ, അവന്റെ ആ വിജയത്തിന്റെ ഫലമായി അനേകായിരങ്ങളുടെ ഗതി മുട്ടിപ്പോകുന്നുവെന്നുള്ളതാണ് മത്സരമാര്‍ഗ്ഗത്തെസ്സംബന്ധിച്ച ഏറ്റവും ഭയാനകമായ വസ്തുത. അതിനാലത് എങ്ങനെയായാലും തിന്മതന്നെ. ഭൂരിപക്ഷത്തിന്റെ ഗതി തടഞ്ഞുകൊണ്ട് ഒരുവന്നുമാത്രം സാഹായമരുളുന്നൊന്നു നന്മയാവാന്‍ വയ്യ. ഈ മത്സരങ്ങള്‍ നമ്മുടെ അജ്ഞതമൂലം അവശേഷിക്കുന്നവമാത്രമാണെന്നും, അവ ആവശ്യമോ മനുഷ്യന്റെ പരിണാമപുരോഗതിയുടെ ഘടകമോ അല്ലെന്നും പതഞ്ജലി പറയുന്നു. കേവലം നമ്മുടെ അക്ഷമയാണ് അവയെ സൃഷ്ടിക്കുന്നത്. നാം ക്ഷമയോടെ കാത്തുനിന്നദ്ധ്വാനിച്ചു നമുക്കുള്ള വഴി തുറക്കാന്‍ സന്നദ്ധരല്ല. ഉദാഹരണത്തിന്, ഒരു നാടകശാലയില്‍ അഗ്നിബാധയുണ്ടായെന്നു വിചാരിക്കുക-ഏതാനുംപേര്‍ മാത്രമേ രക്ഷപ്പെടുന്നുള്ളു. ബാക്കിയുള്ളവര്‍ പുറത്തേയ്ക്കു ചാടിയിറങ്ങാനുള്ള സാഹസത്തില്‍ അന്യോന്യം തള്ളിവീഴ്ത്തുന്നു. നാടകശാലക്കെട്ടിടത്തേയോ പുറത്തു ചാടിക്കടന്ന ഏതാനും പേരെയോ രക്ഷിക്കാന്‍ ആ തിക്കും തിരക്കും ആവശ്യമില്ല. എല്ലാവരും പതുക്കെ വെളിയിലേയ്ക്കു നീങ്ങിയിരുന്നെങ്കില്‍, ഒരുവന്നും ആപത്തു പറ്റാഞ്ഞേനേ. ഇതുന്നെയാണ് ജീവിതത്തിലെ അവസ്ഥയും. വാതിലുകള്‍ നമുക്കായി തുറന്നു കിടപ്പുണ്ട്. ഈ മത്സരങ്ങളും പോരാട്ടവും കൂടാതെ നമുക്കേവര്‍ക്കും വെളിയില്‍ കടക്കാനൊക്കും; എന്നിട്ടും നാം പോരാടുന്നു. ഈ മത്സരപ്പോരാട്ടങ്ങള്‍ അജ്ഞതയും അക്ഷമയും മൂലം സൃഷ്ടിക്കുന്നതാണ്; നാം ആവശ്യത്തിലും വളരെയധികം തിടുക്കം കൂട്ടുന്നു. ശക്തിയുടെ ഏറ്റവും വലിയ അഭിസ്ഫുരണം നാം അക്ഷോഭ്യരായി, ശാന്തരായി, സ്വന്തം കാലിന്മേല്‍ ഉറച്ചു നില്‍ക്കുന്നതിലാണ്.