മനുഷ്യചരിത്രത്തിലാദ്യം ഉദയം ചെയ്യുന്നതായി നാം കാണുന്ന മതപരമായ ഭാവനകളെല്ലാംതന്നെ-അംഗീകൃതമതാശയങ്ങളെയാണ് ഞാന്‍ വിവക്ഷിക്കുന്നത്. മതമെന്ന പേരിനര്‍ഹമല്ലാത്ത വളരെ താണതരം ആശയങ്ങളെയല്ല-ആവിഷ്ടജ്ഞാനം, വെളിപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങള്‍ മുതലായ ആശയങ്ങളുള്‍ക്കൊണ്ടവയാണ്. ഈശ്വരനെന്ന ഭാവനയോടെയാണ് ആദ്യത്തെ മതപരമായ ആശയാവലി ആവിര്‍ഭവിക്കുന്നത്. നമ്മുടെ മുമ്പിലിതാ ദൃശ്യപ്രപഞ്ചം. ഈ പ്രപഞ്ചം ഏതോ ഒരു സത്ത്വം സൃഷ്ടിച്ചതാണ്. പ്രപഞ്ചത്തിലുള്ള സകലതും അവന്‍ സൃഷ്ടിച്ചതത്രേ. ഇതോടൊപ്പം, അടുത്തൊരു കാലഘട്ടത്തില്‍, ആത്മാവിനെസ്സംബന്ധിച്ച ആശയം ഉദിക്കുന്നു- നമ്മുടെ ഈ ശരീരത്തിനുള്ളില്‍ ശരീരവ്യതിരിക്തമായ ഏതോ ഒന്നുണ്ടായിരിക്കണമെന്ന്. നമുക്കറിയാവുന്നതില്‍വെച്ച് ഏറ്റവും പ്രാഥമികമായ മതഭാവനകളാണിത്രയും. ഭാരതത്തില്‍ ഇതിനു കുറെ അനുയായികളെ കാണ്മാനുണ്ട്. എന്നാല്‍ വളരെ പണ്ടുതന്നെ അവിടെ ഈ ആശയങ്ങള്‍ തിരസ്കരിക്കപ്പെട്ടു. ഭാരതീയമതങ്ങളുടെ തുടക്കം ഒരു പ്രത്യേകതരത്തിലാണ്. ഈ ഘട്ടം ഭാരതീയമതങ്ങള്‍ക്കുണ്ടായിരുന്നു എന്നു വിചാരിക്കാന്‍ ന്യായം കിട്ടുന്നതുതന്നെ, കര്‍ശനമായ അപഗ്രഥനത്തിനും ഒട്ടുവളരെ കണക്കുകൂട്ടലുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ശേഷംമാത്രമാകുന്നു. അവയെസ്സംബന്ധിച്ച ദൃഷ്ടിഗോചരമായ ഘട്ടം അടുത്ത ഘട്ടമാകുന്നു, ഒന്നാമത്തേതല്ല. ഏറ്റവും ആദ്യത്തെ പടിയില്‍ സൃഷ്ടിയെസ്സംബന്ധിച്ച ഭാവന വളരെ വിചിത്രമാണ്-ഈശ്വരന്റെ ഇച്ഛാമാത്രത്താല്‍ പ്രപഞ്ചം മുഴുവന്‍ ശൂന്യത്തില്‍നിന്നു സൃഷ്ടിക്കപ്പെട്ടു എന്നാണത്. ഈ പ്രപഞ്ചമൊന്നും തന്നെ പ്രാരംഭത്തിലില്ലായിരുന്നു. അത്തരം അഭാവാവസ്ഥയില്‍ നിന്ന് ഇക്കാണായതെല്ലാം ഭവിച്ചു. അടുത്തഘട്ടത്തില്‍ ഈ നിഗമനം ചോദ്യം ചെയ്യപ്പെടുന്നതായി നാം കാണുന്നു. അസത്തില്‍നിന്ന് എങ്ങനെ സത്ത ഉണ്ടാകും? വേദാന്തചിന്തയുടെ ഒന്നാമത്തെ പിടിയില്‍വെച്ചുതന്നെ ഈ ചോദ്യം ഉന്നയിക്കപ്പെട്ടു. ഈ പ്രപഞ്ചം നിലവിലുള്ളതാണെങ്കില്‍ അത് എന്തോ ഒന്നില്‍നിന്നു വന്നതായിരിക്കണം. എന്തെന്നാല്‍ എവിടേയും ശൂന്യത്തില്‍നിന്നു ശൂന്യമല്ലാതെ ഒന്നുംതന്നെ ഭവിക്കുന്നില്ല എന്ന വസ്തുത ഏവര്‍ക്കും സുതരാം വ്യക്തമാണ്. മനുഷ്യഹസ്തങ്ങള്‍കൊണ്ടു ചെയ്യാവുന്ന ഏതു പണിക്കും എന്തെങ്കിലും ഉപാദാനം ആവശ്യമാകുന്നു. ഒരു വീടു പണിയണമെങ്കില്‍, അതിനുള്ള ഉപാദാനങ്ങള്‍ മുമ്പിനാലേ ഉണ്ടായിരിക്കണെം. ഒരു നൌക നിര്‍മ്മിക്കണമെങ്കില്‍ അതിനുള്ള ഉപാദാനങ്ങള്‍ മുമ്പുതന്നെ ഉണ്ടായിരിക്കണം. അങ്ങനെ ‘കാരണ’വസ്തുവില്‍നിന്നാണ് കാര്യം ഉല്‍പ്പന്നമാകുന്നത്. അതിനാല്‍ ഈ ലോകം ശൂന്യത്തില്‍നിന്നു സൃഷ്ടിക്കപ്പെട്ടതാണെന്നുള്ള പ്രാരംഭാശയം സ്വാഭാവികമായി തിരസ്കരിക്കപ്പെട്ടു. ഈ ലോകത്തിന്റെ ഉപാദാനകാരണമായി വല്ലതുമൊരു വസ്തു ആവശ്യമായിരുന്നു. മതത്തിന്റെ ചരിത്രം ആകമാനം യഥാര്‍ത്ഥത്തില്‍ ഈ ഉപാദാനത്തെ അന്വേഷിച്ചുകൊണ്ടുള്ള സഞ്ചാരമാകുന്നു.
ഇക്കാണായതെല്ലാം എന്തില്‍നിന്നുല്‍പ്പാദിപ്പിക്കപ്പെട്ടു? ഇതിന്റെ നിമിത്തകാരണത്തെ (ഈശ്വരനെ) സംബന്ധിച്ച പ്രശ്നമെടുക്കാതെ, ഈശ്വരന്‍ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവാണെന്ന പ്രശ്നത്തിലേക്കു കടക്കാതെതന്നെ, അവന്‍ എന്തില്‍നിന്ന് അതു സൃഷ്ടിച്ചു എന്നുള്ളത് പ്രശ്നങ്ങളിലേക്കും വലിയ പ്രശ്നമായി നിലക്കൊള്ളുന്നുണ്ട്. സകല തത്ത്വശാസ്ത്രങ്ങളും ഈ പ്രശ്നമാകുന്നചുഴിയില്‍ കറങ്ങുന്നു എന്നു പറയാം. പ്രകൃതി, ഈശ്വരന്‍, ജീവാത്മാവ് ഇവ മൂന്നു നിത്യസത്തകളാകുന്നു എന്നാണ് ഒരു നിര്‍ദ്ധാരണം-ഏതാണ്ട്, എക്കാലവും സമാന്തരങ്ങളായി നീണ്ടുപോകുന്ന മൂന്നു രേഖകളെപ്പോലെ. ഇവയില്‍ പ്രകൃതിയും ആത്മാവും അസ്വതന്ത്രസത്തകളും ഈശ്വരന്‍ സ്വതന്ത്രസത്തയുമാകുന്നു. ഓരോ ജഡവസ്തുവിനേയുംപോലേ ഓരോ ആത്മാവും തികച്ചും ഈശ്വരേച്ഛയ്ക്കു വിധേയമാകുന്നു. മറുപടികളെപ്പറ്റി പ്രതിപാദിക്കുന്നതിനുമുമ്പായി, നമുക്ക് ആത്മാവിന്റെ കാര്യമെടുക്കാം. ഇവിടെ വേദാന്തദാര്‍ശനികന്മാര്‍ക്കു പൊതുവെ, പാശ്ചാത്യതത്ത്വശാസ്ത്രങ്ങളില്‍നിന്നെല്ലാം ഒരു വലിയ വ്യതിയാനം നമുക്കു കാണാറാകും. വേദന്തദാര്‍ശനികന്മാരെല്ലാവരും ഒരു പൊതുമനശ്ശാസ്ത്രമാണവലംബിക്കുന്നത്. അവരുടെ തത്ത്വദര്‍ശനങ്ങള്‍ എന്തുതന്നെയായിരുന്നാലും അവരെല്ലാവരും സ്വീകരിച്ചിട്ടുള്ള മനശ്ശാസ്ത്രം ഒന്നാണ്-അതായത് പുരാതനസാംഖ്യമനശ്ശാസ്ത്രം. ഈ മനശ്ശാശാസ്ത്രമനുസരിച്ച് വസ്തുക്കളുടെ ഉപലബ്ധിയുണ്ടാകുന്നത്, ഇന്ദ്രിയങ്ങളുടെ ബാഹ്യകരണങ്ങളില്‍ പതിക്കുന്ന സ്പന്ദങ്ങള്‍ (വിഷയസംവേദനങ്ങള്‍) അവിടെനിന്ന് അന്തരിന്ദ്രിയങ്ങളിലേക്കും അവിടങ്ങളില്‍നിന്ന് മനസ്സിലേക്കും അവിടെനിന്നു ബുദ്ധിയിലേക്കും അവിടെനിന്ന് ഏകമായ ആത്മാവിലേയ്ക്കും നയിക്കപ്പെടുന്നതു നിമിത്തമാണ്. ആധുനികശരീരശാസ്ത്രത്തിലേയ്ക്കുകൂടി നോക്കുമ്പോള്‍, വിവിധേന്ദ്രിയവേദനങ്ങള്‍ക്കും പ്രത്യേകം സിരാകേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ആ ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ടെന്നും നമുക്കറിയാം. താഴ്ന്നതും ഉയര്‍ന്നതുമായ രണ്ടുതരം കേന്ദ്രങ്ങളെ ശരീരശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇവ യഥാക്രമം അന്തരിന്ദ്രിയങ്ങളുടേയും മനസ്സിന്റേയും സ്ഥാനത്തു വരുന്നു. എന്നാല്‍, ഈ കേന്ദ്രങ്ങളെയെല്ലാംകൂടി നിയന്ത്രിക്കുന്ന ഒരു കേന്ദ്രം (ശരീരത്തിലെങ്ങും) കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഈ കേന്ദ്രങ്ങളെയെല്ലാം ഏകീകരിക്കുന്ന വസ്തുവെന്തെന്നു പറയാന്‍ ശരീരശാസ്ത്രത്തിനു സാധിക്കുന്നില്ല. ഇവ എവിടെയാണ് ഏകീകരിക്കപ്പെടുന്നത്? മസ്തിഷ്കത്തിലുള്ള കേന്ദ്രങ്ങള്‍ വിഭിന്നങ്ങളാണ്. മറ്റെല്ലാ കേന്ദ്രങ്ങളേയും നിയന്ത്രിക്കുന്ന ഒരു കേന്ദ്രം കാണുന്നുമില്ല. അതിനാല്‍ ഇതുവരെ കണ്ടേടത്തോളം ഈ കാര്യത്തില്‍ ഭാരതീയ മനശ്ശാസ്ത്രം അനഭിഭൂതമായി നിലകൊള്ളുന്നു. ഈ ഏകീകരണം, ഒരു പൂര്‍ണ്ണവസ്തുബോധം ലഭിക്കുമാറ് എല്ലാ ഇന്ദ്രിയവേദനങ്ങളേയും പ്രതിഫലിപ്പിക്കുമാറ് വല്ലതുമൊന്ന്, അവശ്യാവശ്യമാകുന്നു. ആ വല്ലതുമൊന്ന് (എന്നില്‍) ഇല്ലാത്തപക്ഷം, നിങ്ങളെപ്പറ്റിയോ ഒരു പടത്തെപ്പറ്റിയോ ഒരു ആശയരൂപവത്കരണം എനിക്കു സാധ്യമല്ലെന്നുവരും. ഇങ്ങനെ ഏകീകരിക്കുന്ന വല്ലതുമൊന്നു നമ്മളിലില്ലായിരുന്നുവെങ്കില്‍, ആദ്യം നാം കാണും. പിന്നെ കേള്‍ക്കും. പിന്നെ ശ്വാസോച്ഛ്വാസം ചെയ്യും-ഇങ്ങനെ ഓരോന്നും ഒന്നിനുപിന്നാലെ മറ്റൊന്ന് എന്ന മട്ടിലായിരിക്കും നടക്കുന്നത്. ഒരു മനുഷ്യന്‍ സംസാരിക്കുന്നതു ഞാന്‍ കേള്‍ക്കുമ്പോള്‍, അയാളെ കാണാന്‍ എനിക്കു സാധിക്കയില്ല. കാരണം, ആ രണ്ട് ഇന്ദ്രിയങ്ങള്‍ക്കും കേന്ദ്രങ്ങള്‍ വെവ്വേറെയാണ്.
ഈ ശരീരം, ദ്രവ്യം എന്നു നാം പറയുന്ന ജഡവും അചേതനവുമായ പദാര്‍ത്ഥാംശങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. വേദാന്തികള്‍ സൂക്ഷ്മശരീരം എന്നു പറയുന്നതിന്റേയും നിര്‍മ്മാണം ഇപ്രകാരംതന്നെ. അവരുടെ മതമനുസരിച്ച്, ഈ സൂക്ഷ്മശരീരം ദ്രവ്യമയമെങ്കിലും പ്രകാശപൂര്‍ണ്ണമാകുന്നു. സൂക്ഷ്മദര്‍ശിനികള്‍ക്കൊന്നിനും ഗോചരമല്ലാത്തവണ്ണം അത്ര സൂക്ഷ്മകണങ്ങളെക്കൊണ്ടാണ് അതു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഈ ശരീരത്തിന്റെ ഉപയോഗമെന്ത്? അതു സൂക്ഷ്മശക്തികളുടെ കോശം (വാഹനം) ആകുന്നു. ഈ സ്ഥൂലശരീരം സ്ഥൂലശക്തികളുടെ വാഹനമായിരിക്കുന്നതുപോലെ സൂക്ഷ്മശരീരം, നാം വിചാരമെന്നു പറയുന്നു-അതിന്റെ നാനാവിധഭേദങ്ങളുള്‍പ്പെടെ- സൂക്ഷ്മശക്തികളുടെ വാഹനമാകുന്നു. ഒന്നാമതു സ്ഥൂലശരീരം- അതു സ്ഥൂലപദാര്‍ത്ഥനിര്‍മ്മിതവും സ്ഥൂലശക്തികളുടെ ഇരിപ്പിടവുമാകുന്നു. ശക്തിക്ക് (പ്രാണന്) ദ്രവ്യത്തെവിട്ട് നിലനില്‍ക്കാന്‍ കഴിയുന്നതല്ല. ഏതെങ്കിലും ദ്രവ്യത്തോടു ചേര്‍ന്നേ അതിനു നിലനില്‍ക്കാനൊക്കൂ. അതിനാല്‍ സ്ഥൂലതരങ്ങളായ ശക്തികള്‍ സ്ഥൂലശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതേ ശക്തികള്‍തന്നെ സൂക്ഷ്മതരങ്ങളായിത്തീരുന്നു-സ്ഥൂലരൂപത്തില്‍ പ്രവര്‍ത്തിച്ച അതേ ശക്തി സൂക്ഷ്മരൂപത്തില്‍ പ്രവര്‍ത്തിച്ചു വിചാരമായിത്തീരുന്നു. അവയ്ക്കു തമ്മില്‍ വ്യത്യാസമില്ലാതെ, ഒരു വസ്തുവിന്റെ സ്ഥൂലരൂപത്തിലുള്ള അഭിവ്യക്തിയാണ് ഒന്നെങ്കില്‍ മറ്റേത് അതിന്റെ സൂക്ഷ്മരൂപത്തിലുള്ള അഭിവ്യക്തിയാണെന്നുമാത്രം. സ്ഥൂലസൂക്ഷ്മശരീരങ്ങള്‍ തമ്മിലും വ്യത്യാസമില്ല. സൂക്ഷ്മശരീരവും ദ്രവ്യനിര്‍മ്മിതമാണ്. ദ്രവ്യം അവിടെ അതിസൂക്ഷ്മാവസ്ഥയിലാണെന്നുമാത്രം. ഈ സ്ഥൂലശരീരം സ്ഥൂലശക്തികളെ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഉപകരണമായിരിക്കുന്നതുപോലെ, സൂക്ഷ്മശരീരം സൂക്ഷ്മശക്തികളെ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഉപകരണമാകുന്നു. ഈ ശക്തികളെല്ലാം എവിടെ നിന്നുവരുന്നു? വേദാന്തദര്‍ശനമനുസരിച്ച് പ്രകൃതിയില്‍ രണ്ടു വസ്തുക്കളുണ്ട് – ഒന്ന് അത്യന്തസൂക്ഷ്മമായ ആകാശവും മറ്റേതു ശക്തിരൂപമായ പ്രാണനും. ഭൂമി, വായു ഇത്യാദി ഏതെങ്കിലും രൂപത്തില്‍ നിങ്ങള്‍ കാണുകയോ കേള്‍ക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യുന്നതെല്ലാം ദ്രവ്യാത്മകമാണ്, ആകാശത്തിന്റെ ഉല്‍പ്പന്നങ്ങള്‍. അതു പ്രാണന്റെ പ്രവര്‍ത്തനഫലമായി ഉപര്യുപരി സൂക്ഷ്മമായിട്ടോ അല്ലെങ്കില്‍ ഉപര്യുപരി സ്ഥൂലമായിട്ടോ തീര്‍ന്ന് സദാ മാറ്റത്തിനു വിധേയമാകുന്നു. ആകാശത്തെപ്പോലെ പ്രാണനും സര്‍വ്വവ്യാപിയായി സര്‍വ്വത്തിലും ഇടതൂര്‍ന്നു വര്‍ത്തിക്കുന്നു. ആകാശത്തെ വെള്ളത്തിനോടും പ്രപഞ്ചത്തിലുള്ള മറ്റു സകലവസ്തുക്കളേയും വെള്ളംകൊണ്ടുതന്നെ നിര്‍മ്മിക്കപ്പെട്ടവയും വെള്ളത്തില്‍ത്തന്നെ ചരിക്കുന്നവയുമായ മഞ്ഞുകട്ടികളോടും സാദൃശ്യപ്പെടുത്താം. പ്രാണന്‍ ഈ ആകാശത്തെ ഇങ്ങനെ നാനാരൂപത്തിലാക്കിമാറ്റുന്ന ശക്തിയുമാകുന്നു. നടക്കുക, ഇരിക്കുക, സംസാരിക്കുക മുതലായ മാംസപേശിപരമായ ചലനങ്ങളെപ്പോലുള്ള പ്രാണന്റെ സ്ഥൂലരൂപമായ അഭിവ്യക്തിക്കു വേണ്ടി ആകാശംകൊണ്ടു നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഉപകരണമാകുന്നു സ്ഥൂലശരീരം. അതേ പ്രാണന്റെ സൂക്ഷ്മതരരൂപമായ വിചാരത്തിന്റെ അഭിസ്ഫുരണത്തിനുവേണ്ടിയുള്ള സൂക്ഷ്മശരീരവും ആകാശംകൊണ്ടുതന്നെ-അതിസൂക്ഷ്മരൂപത്തിലുള്ള ആകാശംകൊണ്ട്-നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ, ഒന്നാമത് ഈ സ്ഥൂലശരീരം, അതിനപ്പുറം സൂക്ഷ്മശരീരം, അതിനപ്പുറം ജീവാത്മാവ്. അഥവാ യഥാര്‍ത്ഥമനുഷ്യന്‍ അനേകം പ്രാവശ്യം മുറിച്ചുകളയപ്പെടുന്നുവെങ്കിലും നഖങ്ങള്‍ നമ്മുടെ ശരീരത്തിന്റെ ഒരംശമായി അതില്‍നിന്ന് അഭിന്നമായി ഗണിക്കപ്പെടുന്നു. അതുപോലെയാണ് നമ്മുടെ സ്ഥൂലശരീരത്തിനു സൂക്ഷ്മശരീരത്തോടുള്ള ബന്ധം. ഒരു മനുഷ്യന് സ്ഥൂലവും സൂക്ഷ്മവുമായി രണ്ടു വിഭിന്നശരീരങ്ങളുണ്ടെന്നല്ല ആശയം, ഒറ്റശ്ശരീരമേയുള്ളൂ-അതിന്റെ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഭാഗത്തിനു സൂക്ഷ്മശരീരമെന്നും വേഗം നശിച്ചുപോകുന്ന ഭാഗത്തിനു സ്ഥൂലശരീരമെന്നും പറയുന്നുവെന്നുമാത്രം. എന്റെ ഈ നഖങ്ങള്‍ എത്ര പ്രാവശ്യം വേണമെങ്കിലും മുറിച്ചുകളയാന്‍ കഴിയുന്നതുപോലെ ഈ ശരീരം ലക്ഷോപലക്ഷം പ്രാവശ്യം കൊഴിച്ചുകളഞ്ഞാലും സൂക്ഷ്മശരീരം നിലനില്‍ക്കും. ദ്വൈതികളുടെ വിവരണമനുസരിച്ച് ജീവന്‍ അതിസൂക്ഷ്മമാണ് വളരെ ചെറുതാണ് അണുപ്രായം. അങ്ങനെ മനുഷ്യന്‍, വളരെ വേഗം വിലയിക്കുന്ന ഒരു സ്ഥൂലശരീരം, പിന്നെ യുഗയുഗങ്ങളിലൂടെ നിലനില്‍ക്കുന്ന ഒരു സൂക്ഷ്മശരീരം. പിന്നെ ഒരു ജീവന്‍-ഇത്രയും അംശങ്ങളോടുകൂടിയ ഒരു ജീവിയാണെന്നാണ് ഇത്രയുംകൊണ്ടു നാം മനസ്സിലാക്കിയത്. വേദാന്തദര്‍ശനമനുസരിച്ച് ഈ ജീവന്‍ ഈശ്വരനെപ്പോലെതന്നെ നിത്യനാകുന്നു. പ്രകൃതിയും നിത്യമാണ്. പക്ഷേ, ആപേക്ഷികനിത്യത്വമാണതിന്റേത്. പ്രകൃതിയുടെ കാരണവസ്തുക്കളായ പ്രാണനും ആകാശവും നിത്യവസ്തുക്കളാകുന്നു; എന്നാല്‍ അവയ്ക്കെന്നും രൂപഭേദങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ജീവന്‍ ആകാശത്തില്‍ നിന്നോ പ്രാണനില്‍നിന്നോ സൃഷ്ടിക്കപ്പെട്ടതല്ല. അത് അഭൌതികമാണ്. അതിനാല്‍ എന്നും നിലനില്‍ക്കുകയും ചെയ്യും. അത് ആകാശപ്രാണങ്ങളുടെ സംയോജനകാര്യമായി ഉണ്ടായതല്ല. അങ്ങനെ സംയോജനകാര്യമല്ലാത്തതു ഒരിക്കലും നശിക്കയുമില്ല. എന്തെന്നാല്‍, വിനാശമെന്നത്, കാര്യം കാരണത്തില്‍ വിലയിക്കുന്നതാണ്. സ്ഥൂലശരീരം ആകാശപ്രാണങ്ങളുടെ ഒരു സംഘാതമാണ്. അതിനാല്‍ അതു വിലയിക്കും. സൂക്ഷ്മശരീരവും ഒരു ദീര്‍ഘകാലത്തിനുശേഷം വിലയിക്കും. എന്നാല്‍ ജീവന്‍ ഒരു കേവലവസ്തുവായതിനാല്‍ ഒരിക്കലും നശിക്കുന്നതല്ല. അതേ കാരണത്താല്‍ അതൊരിക്കലും ജനിക്കുന്നുമില്ല. ഒരു കേവലവസ്തു ജനിക്കുകയെന്നത് സംഭാവ്യമല്ല. രണ്ടിനും ഒരേ യുക്തിതന്നെ ഉപപന്നം. സംഘാതവസ്തുവിനുമാത്രമേ ജനിക്കാനൊക്കൂ. കോടാനുകോടി ജീവികളുള്‍ക്കൊണ്ട ഈ പ്രകൃതി മുഴുവന്‍ ഈശ്വരന്റെ ഇച്ഛയ്ക്കു വിധേയമാണ്. ഈശ്വരന്‍ സര്‍വ്വവ്യാപിയും സര്‍വ്വജ്ഞനും നിരാകാരനുമാണ്. അവന്‍ പ്രകൃതിയിലൂടെ അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആ പ്രകൃതി മുഴുവന്‍ അവന്റെ ആധിപത്യത്തിലാണ്. അവന്‍ അവയുടെ നിത്യനിയാമകനുമാണ്. ഇങ്ങനെയാണ് ദ്വൈതികള്‍ പറയുന്നത്. അപ്പോള്‍ പിന്നെ ഒരു പ്രശ്നം ഉദിക്കുന്നു. ഈശ്വരന്‍ ഈ ജഗത്തിന്റെ നിയാമകനാണെങ്കില്‍ ഇത്തരം ദുഷ്ടമായ ഒരു ജഗത്തിനെ അവന്‍ എന്തിനു സൃഷ്ടിച്ചു? എന്തുകൊണ്ടാണ് നാമിത്ര വളരെ കഷ്ടതയനുഭവിക്കേണ്ടിയിരിക്കുന്നത്? അതു ഈശ്വരന്റെ കുറ്റമല്ലെന്നവര്‍ പറയുന്നു. കഷ്ടതയനുഭവിക്കുന്നതു നമ്മുടെതന്നെ കുറ്റംകൊണ്ടാണ്. നാം വിതയ്ക്കുന്നതു നാം കൊയ്യുന്നു. നമ്മെ ശിക്ഷിക്കാനായി ഈശ്വരനൊന്നും ചെയ്തിട്ടില്ല. മനുഷ്യന്‍ ദരിദ്രനായിട്ടും അന്ധനായിട്ടും മറ്റും ജനിക്കുന്നുണ്ട്. എന്താണതിനു കാരണം? അങ്ങനെ ജാതനാകുന്നതിനുമുമ്പ് അവനെന്തെങ്കിലും കര്‍മ്മം ചെയ്തിട്ടുണ്ട്. ജീവന്‍ എക്കാലവും ഉണ്ടായിരുന്നു. അതൊരിക്കലും സൃഷ്ടിക്കപ്പെട്ടതല്ല. ഓരോരോ വിധത്തിലുള്ള കര്‍മ്മങ്ങള്‍ അത് എക്കാലത്തും ചെയ്തുകൊണ്ടിരുന്നു. നമ്മുടെ ഏതു പ്രവൃത്തിക്കും നമ്മുടെമേല്‍ ഒരു പ്രത്യാഘാതമുണ്ട്. നാം നന്മ ചെയ്താല്‍ നമുക്കു സുഖാനുഭവവും തിന്മ ചെയ്താല്‍ ദുഃഖാനുഭവവും ഉണ്ടാകും. അതിനാല്‍ ജീവന്‍ പല തരത്തിലുള്ള കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടും അവയുടെ ഫലമായി സുഖദുഃഖങ്ങള്‍ അനുഭവിച്ചുകൊണ്ടുമിരിക്കുന്നു.
മരണശേഷം എന്തുസംഭവിക്കുന്നു? ജീവന്‍ സ്വഭാവേന നിര്‍മ്മലനാണെന്ന് എല്ലാ വേദാന്തദാര്‍ശനികന്മാരും സമ്മതിക്കുന്നു. എന്നാല്‍ അജ്ഞാനം അതിന്റെ സ്വതേയുള്ള പ്രകൃതിയെ ആവരണം ചെയ്യുന്നുവെന്ന് അവര്‍ പറയുന്നു. ദുഷ്കര്‍മ്മങ്ങളിലൂടെ അതു സ്വയം അജ്ഞാനാവൃതമായിത്തീര്‍ന്നെങ്കില്‍, സല്‍ക്കര്‍മ്മങ്ങളിലൂടെ അതിനു സ്വീയഭാവത്തെക്കുറിച്ചുള്ള ബോധം വീണ്ടെടുക്കാവുന്നതുമാണ്. അതു സനാതനമായിരിക്കുന്നതുപോലെ അതിന്റെ പ്രകൃതി നിര്‍മ്മലവുമാകുന്നു. എല്ലാ ജീവന്മാരുടേയും പ്രകൃതി നിര്‍മ്മലമാണ്. സത്കര്‍മ്മങ്ങള്‍വഴി അതിന്റെ എല്ലാ പാപവൃത്തികളും ദുഷ്കൃത്യങ്ങളും കഴുകികളയപ്പെടുന്നതോടെ ജീവന്‍ വീണ്ടും പവിത്രനായിത്തീരുന്നു. പവിത്രത വീണ്ടെടുത്തുകഴിഞ്ഞാല്‍ പിന്നെ അതു ദേവയാനം എന്നു പറയപ്പെടുന്ന മാര്‍ഗ്ഗത്തിലൂടെ പോകുന്നു. അതിന്റെ വാഗിന്ദ്രിയം മനസ്സില്‍ ലയിക്കുന്നു. വാക്കുകളില്ലാതെ വിചാരം ചെയ്യാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. എവിടെയൊക്ക ചിന്താവ്യാപാരം നടക്കുന്നുവോ അവിടെ വാക്കുകളും ഉണ്ടായിരിക്കണം. വാക്കുകള്‍ മനസ്സില്‍ ലയിക്കുന്നു. അതുപോലെ, മനസ്സു പ്രാണനിലും പ്രാണന്‍ ജീവനിലും ലയിക്കുന്നു. അനന്തരം ജീവന്‍ വേഗം ശരീരത്തില്‍നിന്നു പുറത്തു കടക്കുകയും സൂര്യലോകത്തിലേക്കു പോവുകയും ചെയ്യുന്നു. ഈ വിശ്വത്തില്‍ ലോകങ്ങളനേകമുണ്ട്. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങളെല്ലാമുള്ള ഈ ഭൂമി ഭൂര്‍ലോകമാണ്. ഇതിനപ്പുറത്തു സൂര്യലോകമുണ്ട്. അതിനും അപ്പുറത്ത് ചന്ദ്രലോകം എന്നു വിളിക്കപ്പെടുന്ന ഒരു ലോകമുണ്ട്. അതിനും അപ്പുറത്ത് വിദ്യുല്ലോകം എന്നു പേരോടുകൂടിയ ലോകമുണ്ട്. ജീവന്‍ അവിടെയെത്തുമ്പോള്‍ പൂര്‍ണ്ണത പ്രാപിക്കയും മറ്റൊരു ജീവന്‍ വന്ന് അതിനെ സ്വീകരിക്കുകയും ബ്രഹ്മലോകം എന്നു പറയപ്പെടുന്ന അത്യുന്നതലോകത്തേയ്ക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. പിന്നീടു ജനിക്കുകയോ മരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലാത്തവണ്ണം പൂര്‍ണ്ണത കൈവന്ന പ്രസ്തുതജീവന്‍ എക്കാലവും അവിടെത്തന്നെ വസിക്കുന്നു. അത് അനന്തകാലമത്രയും സുഖമായി ജീവിക്കുകയും സൃഷ്ടി നടത്താനുള്ള കഴിവൊഴിച്ച് എല്ലാ വിഭൂതികളും ആര്‍ജ്ജിക്കുകയും ചെയ്യുന്നു. വിശ്വത്തിന് ഒരു ഭരണാധിപനേ ഉള്ളൂ. അതാണ് ഈശ്വരന്‍. മറ്റാര്‍ക്കുംതന്നെ ഈശ്വരപദവി ലഭ്യമല്ല-നിങ്ങള്‍ ഈശ്വരനാണെന്നു സ്വയം പറയുന്നുവെങ്കില്‍ അതൊരു ഈശ്വരനിന്ദയാകുമെന്നാണ് ദ്വൈതികളുടെ അഭിപ്രായം. സൃഷ്ടിശക്തിയൊഴിച്ച് മറ്റെല്ലാ ശക്തികളും ജീവാത്മാവിനു ലഭിക്കാം. ശരീരം സ്വീകരിച്ച് ജഗത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ അതിന് ഇഷ്ടം തോന്നുന്നെങ്കില്‍ അപ്രകാരം ചെയ്യാവുന്നതാണ്. ദേവന്മാരെല്ലാം തന്റെ മുമ്പില്‍ വരണമെന്നോ പിതൃക്കള്‍ വരണമെന്നോ ആ ജീവന്‍ ആജ്ഞാപിച്ചാല്‍ അവരെല്ലാം ആ ആജ്ഞയനുസരിക്കാന്‍ ചുമതലപ്പെട്ടവരാണ്. മേലില്‍ ദുഃഖമെന്നതേ അതിനുണ്ടാവുന്നില്ല. തന്റെ ഇച്ഛയതാണെങ്കില്‍ അനന്തകാലവും ബ്രഹ്മലോകത്തു വസിക്കയും ചെയ്യാം-അതാര്‍ജ്ജിച്ചിരിക്കുന്ന വിഭുത്വം അതിവിശിഷ്ടമാകുന്നു. ഈശ്വരപ്രേമം കൈവന്ന, സമ്പൂര്‍ണ്ണനിസ്സ്വാര്‍ത്ഥതയും പവിത്രതയും ആര്‍ജ്ജിച്ചുകഴിഞ്ഞ, സര്‍വകാമനകളേയും വെടിഞ്ഞ, ഈശ്വരപ്രേമത്തിലും ഈശ്വരോപാസനയിലുമൊഴികെ ഒന്നിലും സ്പൃഹയില്ലാത്ത, അത്യുച്ചപദസ്ഥനായ, മനുഷ്യന്റെ കഥയാണിത്.
ഇത്രയുമുയര്‍ന്നിട്ടില്ലാത്തവരുണ്ടിനി-സത്കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതിനു വല്ലതും പ്രതിഫലം വേണമെന്നുള്ളവര്‍. ഞങ്ങള്‍ സാധുക്കള്‍ക്ക് ഇത്രയുമൊക്കെ കൊടുക്കാം. എന്നാല്‍ അതിന്റെ പ്രതിഫലമായി ഞങ്ങള്‍ക്കു സ്വര്‍ഗ്ഗം കിട്ടണം-ഇതാണവരുടെ മനോഭാവം. അവര്‍ മരിക്കുമ്പോള്‍ അവര്‍ക്കെന്തു സംഭവിക്കുന്നു? വാക്കു മനസ്സില്‍ ലയിക്കുന്നു. മനസ്സു പ്രാണനിലും പ്രാണന്‍ ജീവനിലും ലയിക്കുന്നു. അനന്തരം ജീവന്‍ ശരീരത്തിനു പുറത്തു കടന്നു ചന്ദ്രലോകത്തേയ്ക്കു പോകുന്നു. അതിന് അവിടെ ഒരു നീണ്ട ഉല്ലാസകാലം ലഭിക്കുന്നു-അതിന്റെ പുണ്യകര്‍മ്മങ്ങളുടെ ഫലമൊടുങ്ങുന്നതുവരേയും അതവിടെ സുഖഭോഗങ്ങളനുഭവിക്കുന്നു. അതൊടുങ്ങുമ്പോള്‍ വീണ്ടും ഭൂമിയിലേക്കു പതിക്കുകയും അവിടെ അതിന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഏതെങ്കിലും ജീവിതം സ്വീകരിക്കുകയും ചെയ്യുന്നു. ചന്ദ്രലോകത്ത് ജീവന്മാര്‍ ഞങ്ങളുടെ ഗ്രന്ഥങ്ങളില്‍ പറയുന്ന ദേവന്മാരായിട്ടോ അഥവാ ക്രിസ്ത്യാനികളുടേയോ മുഹമ്മദീയരുടേയോ പുസ്തകങ്ങളില്‍ പറയുന്ന മാലാഖമാരായിട്ടോ തീരുന്നു. ഈ ദേവസംജ്ഞകള്‍ ചില ഉദ്യോഗസ്ഥാനങ്ങളുടെ പേരുകളാണ്. ഉദാഹരണത്തിന് ദേവരാജാവായ ഇന്ദ്രന്‍ എന്നത് ഒരു സ്ഥാനത്തിന്റെ പേരാണ്. ആയിരമായിരം ആളുകള്‍ ആ സ്ഥാനം പ്രാപിക്കുന്നുണ്ട്. ഏറ്റവും ശ്രേഷ്ഠമായ വൈദികയജ്ഞം നടത്തിയിട്ടുള്ള പുണ്യപുരുഷന്‍ മരിക്കുമ്പോള്‍ ദേവരാജാവായിത്തീരുന്നു. അപ്പോഴേയ്ക്കും പഴയ രാജാവ് വീണ്ടും നിപതിച്ചു മനുഷ്യനായിത്തീര്‍ന്നിരിക്കും. ഭൂമിയില്‍ രാജാക്കന്മാര്‍ മാറിമാറി വരുന്നതുപോലെ. ദേവന്മാരും മരിക്കേണ്ടതായിട്ടുണ്ട്. സ്വര്‍ഗ്ഗവാസികളെല്ലാവരും മരിക്കും. മരണമില്ലാത്ത സ്ഥലം ബ്രഹ്മലോകംമാത്രമാണ്. അവിടെമാത്രം ജനനമരണങ്ങളില്ല.
അങ്ങനെ ജീവന്മാര്‍ സ്വര്‍ഗ്ഗത്തേയ്ക്കു പോവകുയും അവിടെ സുഖമായിക്കഴിയുകയും ചെയ്യുന്നു. അതായത് ഇടയ്ക്കിടെ അസുരന്മാര്‍ അവരെ ശല്യപ്പെടുത്തുന്ന സന്ദര്‍ഭങ്ങളിലൊഴിച്ച് ദേവന്മാരെ ചിലപ്പോഴിങ്ങനെ ശല്യപ്പെടുത്തുന്ന അസുരന്മാരെപ്പറ്റി ഞങ്ങളുടെ പുരാണങ്ങളില്‍ പറയുന്നുണ്ട്. ദേവന്മാരും അസുരന്മാരും തമ്മില്‍ യുദ്ധങ്ങള്‍ നടത്തിയിരുന്നതായും ചിലപ്പോള്‍ അസുരന്മാര്‍ ദേവന്മാരെ തോല്‍പ്പിച്ച് കീഴടക്കിയിരുന്നതായും മറ്റുമുള്ള കഥകള്‍ എല്ലാ പുരാണങ്ങളിലും കാണാവുന്നതാണ്. എന്നാല്‍ പലപ്പോഴും ദേവന്മാര്‍ ചെയ്തത്ര ചീത്ത കാര്യങ്ങള്‍ അസുരന്മാര്‍ ചെയ്തിരുന്നില്ലെന്നും തോന്നുന്നു. ഉദാഹരണത്തിന്, ദേവന്മാര്‍ക്ക് സ്ത്രീകളെ ഇഷ്ടമായിരുന്നുവെന്ന് എല്ലാ പുരാണങ്ങളില്‍നിന്നും വെളിവാകുന്നു. അങ്ങനെ അവരുടെ പുണ്യത്തിന്റെ പ്രതിഫലം അവസാനിക്കുമ്പോള്‍ അവര്‍ വീണ്ടും നിപതിക്കുന്നു-ജീവന്മാര്‍ മേഘങ്ങളില്‍ക്കൂടിയും മഴയില്‍ക്കൂടിയും വന്നു വല്ല ധാന്യത്തിലോ ചെടിയിലോ പ്രവേശിക്കുകയും മനുഷ്യര്‍ ആ ധാന്യമോ ചെടിയോ ഭക്ഷിക്കുമ്പോള്‍ അതുവഴി മനുഷ്യശരീരത്തില്‍ കടന്നുകൂടുകയും ചെയ്യുന്നു. അവര്‍ക്കു യോജിച്ച ഒരു ശരീരത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ ഉപാദാനം പിതാവില്‍നിന്നു ലഭിക്കുന്നു. ഈ ഉപാദാനം യോജിക്കാത്തതായിത്തീരുമ്പോള്‍ അവര്‍ക്കു മറ്റു ശരീരങ്ങളെ നിര്‍മ്മിക്കേണ്ടിവരും. ഇനി, എല്ലാത്തരം പൈശാചികകൃത്യങ്ങളും ചെയ്യാറുള്ള അതിദുഷ്ടന്മാരായ ആളുകളുണ്ട്. അവര്‍ മൃഗങ്ങളായിട്ടാണ് വീണ്ടും ജനിക്കുന്നത് വളരെ നീചന്മാരാണെങ്കില്‍, അതിനികൃഷ്ടജന്തുക്കളായി ജന്മമെടുക്കുകയോ അല്ലെങ്കില്‍ ചെടികളോ കല്ലുകളോ ആയി ഭവിക്കുകയോ ചെയ്യുന്നു.
ദേവജീവിതത്തില്‍ അവര്‍ കര്‍മ്മങ്ങളൊന്നും ആര്‍ജ്ജിക്കുന്നില്ല. മനുഷ്യന്‍മാത്രമേ അപ്രകാരം ചെയ്യുന്നുള്ളു. ‘കര്‍മ്മ’മെന്നാല്‍ ഫലോല്‍പ്പാദകമായ പ്രവൃത്തിയെന്നാണര്‍ത്ഥം. ഒരു മനുഷ്യന്‍ മരിച്ചു ദേവനായിത്തീരുമ്പോള്‍, അയാള്‍ക്കു ഒരു നിയതകാലത്തേയ്ക്കുള്ള സുഖാനുഭവമേ ലഭിക്കുന്നുള്ളു. ആ കാലഘട്ടത്തിനിടയില്‍ അയാള്‍ പുതിയ കര്‍മ്മങ്ങള്‍ സഞ്ചയിക്കുന്നില്ല. അയാളുടെ അനുഭവങ്ങള്‍ കഴിഞ്ഞ കാലത്തെ അയാളുടെ പുണ്യകര്‍മ്മങ്ങളുടെ പ്രതിഫലംമാത്രമാണ്. പുണ്യകര്‍മ്മങ്ങളുടെ ഫലമെല്ലാം അനുഭവിച്ചുതീരുമ്പോള്‍, ശേഷിക്കുന്ന കര്‍മ്മങ്ങള്‍ ഫലമുതിര്‍ത്തുതുടങ്ങുകയും ജീവന്‍ ഭൂമിയിലേക്കു പതിക്കുകയും ചെയ്യുന്നു. അയാള്‍ വീണ്ടും മര്‍ത്ത്യനായി പിറക്കുന്നു. എന്നാല്‍ വളരെ നല്ല കര്‍മ്മങ്ങളനുഷ്ഠിച്ചു നിര്‍മ്മലനായിത്തീരുന്ന പക്ഷം ഒരിക്കലും നരലോകത്തേയ്ക്കു മടങ്ങിവരാത്തവണ്ണം ബ്രഹ്മലോകം പ്രാപിക്കുന്നതിനും സാധ്യതയുണ്ട്.
അധമമാതൃകകളില്‍നിന്നു പരിണാമദ്വാരാ ഉദ്ഗമിച്ചുവരുന്ന ജീവന് ഒരിടത്താവളംപോലെയാണ് മൃഗജീവിതം. കാലാന്തരത്തില്‍ മൃഗം മനുഷ്യനായിത്തീരുന്നു. മനുഷ്യരുടെ സംഖ്യ വര്‍ദ്ധിക്കുന്തോറും മൃഗങ്ങളുടെ സംഖ്യ കുറഞ്ഞുവരുന്നുണ്ടെന്നുള്ളത് ഒരര്‍ത്ഥവത്തായ വസ്തുതയാണ്. പല ജന്തുവര്‍ഗ്ഗങ്ങളും ഇതിനിടെ മനുഷ്യരായിത്തീര്‍ന്നിട്ടുണ്ട്. ഇല്ലെങ്കില്‍ അവയൊക്കെ എങ്ങോട്ടു പോയി?
വേദങ്ങളില്‍ നരകത്തെപ്പറ്റി പ്രസ്താവമൊന്നുമില്ല. എന്നാല്‍, ഞങ്ങളുടെ മതഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ പില്‍ക്കാലത്തുണ്ടായ പുരാണങ്ങള്‍ വിചാരിച്ചു, നരകങ്ങള്‍കൂടി അനുബന്ധിക്കാതെ ഒരു മതവും പൂര്‍ണ്ണമാവുകയില്ലെന്ന്. അതിനാല്‍ അവര്‍ എല്ലാത്തരം നരകങ്ങളും സൃഷ്ടിച്ചു. ഇവയില്‍ ചിലതില്‍, മനുഷ്യരെ അറപ്പുവാള്‍കൊണ്ടു രണ്ടായി അറുത്തു മുറിയ്ക്കുക തുടങ്ങിയ ഭയങ്കരയാതനകള്‍ തുടരെ അനുഭവിപ്പിക്കുകയും മറ്റും ചെയ്യുന്നു. എന്നാലും അവര്‍ മരിക്കുകയില്ല. ജീവികള്‍ തുടരെ ഉഗ്രമായ വേദന അനുഭവിക്കുന്നു. എന്നാല്‍ ഇതെല്ലാം ഒരു നിശ്ചിതകാലത്തേയ്ക്കേയുള്ളു എന്നു പറയാന്‍ മാത്രം ദയവു ഗ്രന്ഥങ്ങള്‍ കാണിക്കുന്നുണ്ട്. ദുഷ്കര്‍മ്മങ്ങളിങ്ങനെ അനുഭവിച്ചുതീര്‍ന്നശേഷം വീണ്ടും അവര്‍ ഭൂമിയിലേക്കു വരുന്നു. അങ്ങനെ മറ്റൊരവസരംകൂടി അവര്‍ക്കു ലഭിക്കുന്നു. അതിനാല്‍ മനുഷ്യാകാരമാണ് മഹത്തായ അവസരം. നമ്മുടെ ഭാഗധേയത്തെ നാം തന്നെ നിര്‍ണ്ണയിക്കുന്നത് ഈ മനുഷ്യശരീരംകൊണ്ടാകയാല്‍ കര്‍മ്മശരീരമെന്നാണിതിനെ പറയുന്നതും. നാം ഒരു വലിയ വൃത്തത്തിലൂടെ ഓടിക്കൊണ്ടിരിക്കുകയാണ്. വൃത്തപരിധിയിലെ ഈ ഒരു ബിന്ദുവില്‍വെച്ചാണ് നമ്മുടെ ഭാവി നിര്‍ണ്ണയിക്കപ്പെടുന്നത്. അതിനാല്‍ ഈ മനുഷ്യാകാരം ഉള്ളതിലേക്കും ഏറ്റവും പ്രാധാന്യമുള്ള ആകാരമാകുന്നു. മനുഷ്യന്‍ ദേവന്മാരേക്കാള്‍ ശ്രേഷ്ഠനത്രേ.
തനി ദ്വൈതാശയങ്ങളെപ്പറ്റിയാണിത്രയും. അടുത്തതായി, ഈ ഭാവനകളെ നിഷേധിക്കുന്ന, കുറേക്കൂടി ഉയര്‍ന്ന വേദാന്തദര്‍ശനത്തിലേക്കു കടക്കാം. ഈശ്വരന്‍ ഈ വിശ്വത്തിന്റെ ഉപാദാനകാരണവും നിമിത്തകാരണവും രണ്ടുമാകുന്നു. അനന്തമായ ഒരു ഈശ്വരനുണ്ടെന്നും പിന്നെ അനന്തമായ ആത്മാവും അനന്തമായ പ്രകൃതിയുമുണ്ടെന്നും പറയുകയാണെങ്കില്‍, ഇങ്ങനെ അനന്തങ്ങളുടെ എണ്ണം അറുതിയില്ലാതെ വര്‍ദ്ധിപ്പിച്ചു കൊണ്ടുപോകാന്‍ സാധിക്കും. അതു സകല യുക്തിബോധത്തേയും നിഹനിക്കുന്ന ശുദ്ധ അസംബന്ധമാകുന്നു. അതുകൊണ്ട്, ഈശ്വരന്‍ ജഗത്തിന്റെ ഉപാദാനകാരണവും നിമിത്തകാരണവുമാകുന്നു. അവന്‍ തന്നില്‍നിന്നുതന്നെ ഈ വിശ്വത്തെ പ്രസര്‍ജ്ജിക്കുന്നു. അങ്ങനെയെങ്കില്‍, ഈശ്വരന്‍ ഈ മേശയും ഈ ഭിത്തികളുമൊക്കെ ആയതെങ്ങനെ? ഈശ്വരന്‍ പന്നിക്കുട്ടിയും കൊലപാതികയും ലോകത്തിലെ മറ്റെല്ലാ ദുഷ്ടവസ്തുക്കളും ആയതെങ്ങനെ? ഈശ്വരന്‍ പവിത്രനാണെന്നു നാം പറയുന്നു. അങ്ങെനയുള്ള അവന്‍ എങ്ങനെ ഈ ദുഷ്ടവസ്തുക്കളൊക്കെയാകും? അതിനുത്തരമിതാണ്: ഒരു ജീവാത്മാവായ എനിക്ക് ഒരു ശരീരമുണ്ട്. ഒരര്‍ത്ഥത്തില്‍ ഈ ശരീരം എന്നില്‍നിന്നു ഭിന്നമല്ലെങ്കിലും യഥാര്‍ത്ഥ ഞാന്‍ ഈ ശരീരമല്ല. ഉദാഹരണത്തിന് ഞാനൊരു ശിശുവാണ്, ഒരു യുവാവാണ്, ഒരു വൃദ്ധനാണ് എന്നൊക്കെ ഞാന്‍ പറയുമെങ്കിലും എന്റെ ആത്മാവിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. അത് എന്നും ഒരേ രൂപത്തിലിരിക്കുന്നു. അതുപോലെ, പ്രകൃതിയും അസംഖ്യം ആത്മാക്കളും ചേര്‍ന്ന ഈ ജഗത്ത് ഈശ്വരന്റെ അന്തമില്ലാത്ത ശരീരമെന്നതുപോലെയാകുന്നു. അവന്‍ അതില്‍ എല്ലാറ്റിലും ഇടതൂര്‍ന്നു വര്‍ത്തിക്കുന്നു. അവന്‍മാത്രമാണ് മാറ്റമില്ലാത്തത്. ജീവാത്മാക്കള്‍ക്കു മാറ്റമുണ്ട്. പ്രകൃതിയ്ക്കും മാറ്റമുണ്ട്. പ്രകൃതിയിലേയോ ജീവനിലേയോ മാറ്റങ്ങള്‍ അവനെ ബാധിക്കുന്നില്ല. പ്രകൃതി ഏതുവിധത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്? അതിന്റെ രൂപം സംബന്ധിച്ച്; അതായത് അത് നവംനവങ്ങളായ രൂപങ്ങള്‍ കൈക്കൊള്ളുന്നു. എന്നാല്‍ ആത്മാവിന് ആ വിധത്തില്‍ മാറ്റമുണ്ടാവാന്‍ നിവൃത്തിയില്ല. ആത്മാവ് ജ്ഞാനവിഷയകമായി സങ്കോചിക്കുകയോ വികസിക്കുകയോ ചെയ്യുന്നു. ദുഷ്പ്രവൃത്തികള്‍നിമിത്തം അതു സങ്കോചിക്കുന്നു. ആത്മാവിന്റെ നൈസര്‍ഗ്ഗികമായ ജ്ഞാനത്തേയും പവിത്രതയേയും സങ്കോചിപ്പിക്കുന്ന പ്രവൃത്തികളാണ് ദുഷ്പ്രവൃത്തികള്‍. ആത്മാവിന്റെ നൈസര്‍ഗ്ഗിക മഹിമയെ പ്രകാശിപ്പിക്കാനുതകുന്ന പ്രവൃത്തികള്‍ സല്‍പ്രവൃത്തികളെന്നു പറയപ്പെടുന്നു. ഈ ആത്മാക്കളെല്ലാം പവിത്രരായിരുന്നു. എന്നാല്‍ അവയ്ക്കു സങ്കോചം ഭവിച്ചു. ഈശ്വരകാരുണ്യംകൊണ്ട് സത്കര്‍മ്മങ്ങള്‍ ചെയ്ത് വികാസം പ്രാപിച്ച് അവയ്ക്കു സ്വീയപവിത്രത പുനരാര്‍ജ്ജിക്കാവുന്നതാകുന്നു. എല്ലാവര്‍ക്കും തുല്യസന്ദര്‍ഭമാണുള്ളത്. ദീര്‍ഘകാലാന്തരത്തില്‍ എല്ലാവരും മോചിതരാവുകയും ചെയ്യും. എന്നാല്‍ ഈ ജഗത്ത് ഒരിക്കലും അവസാനിക്കയില്ല-അതു നിത്യമാകുന്നു. ഇതാണ് രണ്ടാമത്തെ സിദ്ധാന്തം. ആദ്യം പറഞ്ഞതു ദ്വൈതസിദ്ധാന്തമാകുന്നു. വിശിഷ്ടാദ്വൈതമെന്ന പേരിലറിയപ്പെടുന്ന ഈ രണ്ടാമത്തെ സിദ്ധാന്തമനുസരിച്ച് ഈശ്വരനും ആത്മാവും പ്രകൃതിയുമുണ്ട്. പ്രകൃതിയും ആത്മാവും ചേര്‍ന്നതാണ് ഈശ്വരശരീരം. അതിനാല്‍ ഇവ മൂന്നുംകൂടി ഒരു ഏകകമാകുന്നു. ഇത് മതാശയങ്ങളുടെ വികസനത്തിലെ, കുറേക്കൂടി ഉയര്‍ന്ന ഒരു പടിയെ കുറിക്കുന്നു. ദ്വൈതത്തില്‍, വിശ്വത്തെ ഈശ്വരന്‍ നടത്തുന്ന ഒരു വലിയ യന്ത്രമായി വിഭാവനം ചെയ്തിരിക്കുന്നു. വിശിഷ്ടാദ്വൈതത്തിലാകട്ടെ, ഇത് ഈശ്വരസത്തയാല്‍ സര്‍വ്വത്ര വ്യാപ്തമായ ജീവല്‍സത്ത്വമായും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു.
ഒടുവിലത്തേത് അദ്വൈതികളാണ്. ഈശ്വരന്‍ ഈ ജഗത്തിന്റെ ഉപാദാനകാരണവും നിമിത്തകാരണവും രണ്ടുമായിരിക്കണമെന്ന് അവരും പറയുന്നു. ഈശ്വരന്‍തന്നെയാണ് ഈ ജഗത്തു സര്‍വം ആയിത്തീര്‍ന്നിട്ടുള്ളത്. ആ നിഗമനത്തിനിനി അഴവില്ല. എന്നാല്‍ വിശിഷ്ടാദ്വൈതികള്‍ ഈശ്വരന്‍ ആത്മാവാണെന്നും ജഗത്ത് ഈശ്വരശരീരമാണെന്നും ആ ശരീരത്തിനു മാറ്റമുണ്ടെന്നും എന്നാല്‍ ഈശ്വരനു മാറ്റമില്ലെന്നും മറ്റും പറയുമ്പോള്‍, ഇതെല്ലാം അസംബന്ധം എന്നാണ് അദ്വൈതികള്‍ പ്രസ്താവിക്കുന്നത്. അതാണ് വസ്തുതയെങ്കില്‍, ഈശ്വരനെ ജഗത്തിന്റെ ഉപാദാനകാരണമെന്നു പറയുന്നതുകൊണ്ടെന്തു പ്രയോജനം? ഉപാദാനകാരണമാണ് കാര്യമായി പരിണമിക്കുന്നത്. കാര്യം കാരണത്തിന്റെ രൂപാന്തരമല്ലാതെ മറ്റൊന്നുമല്ല. എവിടേയും കാര്യം കാരണത്തിന്റെ പുനര്‍ഭവംതന്നെയാണ്. ജഗത്തു കാര്യവും ഈശ്വരന്‍ അതിന്റെ കാരണവുമാണെങ്കില്‍, അതു ഈശ്വരന്റെ പുനരാവിര്‍ഭാവംതന്നെയാണ്. ജഗത്ത് ഈശ്വരന്റെ ശരീരമാണെന്നും. ഈ ശരീരം സങ്കോചിച്ചു സൂക്ഷ്മാവസ്ഥയിലായി, അതാണ് കാരണമായിത്തീരുന്നതെന്നും, അതില്‍നിന്നാണ് ജഗത്ത് പരിണമിച്ചുല്‍പ്പന്നമാകുന്നതെന്നും വിശിഷ്ടാദ്വൈതികള്‍ പറയുമ്പോള്‍ അതങ്ങനെയല്ല, ഈശ്വരന്‍തന്നെയാണ് ഈ ജഗത്തായിത്തീര്‍ന്നിട്ടുള്ളതെന്ന് അദ്വൈതികള്‍ പ്രസ്താവിക്കുന്നു. ഇവിടെ രസകരമായ ഒരു പ്രശ്നം ഉദിക്കുന്നു. ഈശ്വരനാണ് ഈ ജഗത്തായിത്തീര്‍ന്നിട്ടുള്ളതെങ്കില്‍ നിങ്ങളും ഞാനും ഈ കാണുന്ന സകലവസ്തുക്കളും ഈശ്വരനാണ്. നിശ്ചയമായും ഈ പുസ്തകം ഈശ്വരനാണ്. എന്റെ ശരീരം ഈശ്വരനാണ്, എന്റെ മനസ്സ് ഈശ്വരനാണ്, എന്റെ ആത്മാവ് ഈശ്വരനാണ്, സമസ്തവും ഈശ്വരനാണ്. എങ്കില്‍ ഇത്ര വളരെ ജീവന്മാരുള്ളതെന്തുകൊണ്ട്? ഈശ്വരന്‍ ലക്ഷോപലക്ഷം ജീവന്മാരായി വേര്‍തിരിഞ്ഞോ? ഏകേശ്വരന്‍ ലക്ഷോപലക്ഷം ജീവന്മാരായി വിഭക്തനാകുന്നുണ്ടെന്നോ? എങ്കില്‍ അതെങ്ങനെ സംഭവിച്ചു? ആ അനന്തശക്തി, ആ അനന്തവസ്തു, ആ ജഗദേകസത്ത്വം എങ്ങനെ വിഭക്തനാവും? അനന്തത്തെ അംശിക്കുക സാധ്യമല്ല. ആ ശുദ്ധവസ്തു എങ്ങനെ ഈ ജഗത്തായിത്തീരും? ഈശ്വരന്‍ ജഗത്തായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍, അവന്‍ വികാര്യനാണ്. ഈശ്വരന്‍ വികാര്യനാണെങ്കില്‍ പ്രകൃതിയുടെ ഒരംശമാണ്. പ്രകൃതിയിലുള്‍പ്പെടുന്നതും വികാര്യവുമായ ഏതൊന്നിനും ജനനമരണങ്ങള്‍ (ഉല്പത്തിവിലയങ്ങള്‍)ഉണ്ട്. നമ്മുടെ ഈശ്വരന്‍ വികാര്യനാണെങ്കില്‍ അവന്‍ എന്നെങ്കിലുമൊരിക്കല്‍ മരിക്കണം. അതു ധാരണയിലിരിക്കട്ടെ. ഇനി, ഈശ്വരന്റെ എത്ര ഭാഗമാണ് ഈ ജഗത്തായിത്തീര്‍ന്നിട്ടുള്ളത്? ഒരു ഭാഗം എന്നു പറയുന്നപക്ഷം ഇപ്പോഴത്തെ ഈശ്വരന്‍, അതിന്റെ ഒരു ഭാഗം ആയിരിക്കയാണ്. അവന്റെ ഏതാനും ഭാഗം ഈ ജഗത്തായിത്തീര്‍ന്നുപോയി.
അതിനാല്‍ അദ്വൈതികള്‍ പറയുന്നതിങ്ങനെയാണ്: “ഈ ജഗത്ത് നിലവിലില്ലതന്നെ. അതു മുഴുവന്‍ ഭ്രമമാകുന്നു. ജനനമരണങ്ങള്‍ക്കു വിധേയമായ ഈ പ്രപഞ്ചം മുവുവന്‍, ഈ ദേവന്മാരും മാലാഖമാരും മറ്റു സമസ്തജീവികളും വന്നും പോയുമിരിക്കുന്ന ഈ അനന്തകോടി ജീവാത്മാക്കളും എല്ലാം സ്വപ്നങ്ങളാകുന്നു.” ജീവന്‍ തന്നെ ഇല്ലാത്തതാണ്. അനന്തമായ ഏകവസ്തുവേ ഉള്ളു. അപ്പോള്‍പ്പിന്നെ അനേകങ്ങള്‍ക്കു സാധ്യതയെവിടെ. അനേകജലാശയങ്ങളില്‍ പ്രതിബിംബിതനാകുന്ന ഒരേ സൂര്യന്‍ അനേകങ്ങളായി തോന്നിയ്ക്കുന്നു. ലക്ഷോപലക്ഷം ജലബിന്ദുക്കള്‍ ലക്ഷോപലക്ഷം സൂര്യന്മാരെ പ്രതിബിംബിക്കുന്നു. ഓരോ ജലബിന്ദുവിലും സൂര്യന്റെ ഒരു പൂര്‍ണ്ണപ്രതിബിംബംതന്നെയുണ്ടായിരിക്കുമെങ്കിലും സൂര്യനൊന്നേയുള്ളു. അതുപോലെ ഈ ജീവന്മാരും വിഭിന്നമനസ്സുകളിലെ പ്രതിബിംബങ്ങളാകുന്നു. ഈ വിഭിന്നമനസ്സുകള്‍ ആ ഏകസത്ത്വത്തെ പ്രതിബിംബിപ്പിക്കുന്ന അത്രയും ജലബിന്ദുക്കളെപ്പോലെയാകുന്നു. ഈശ്വരന്‍ ഈ വിഭിന്നമനസ്സുകളിലും പ്രതിബിംബിതനാവുകയാണ് ചെയ്യുന്നത്. എന്നാല്‍ പശ്ചാത്തലമായ ഒരു യാഥാര്‍ത്ഥ്യമില്ലാതെ സ്വപ്നമുണ്ടായിരിക്കാന്‍ തരമില്ല. ആ യാഥാര്‍ത്ഥ്യം ആ അനന്തസത്തയാണ്. ശരീരമെന്നോ മനസ്സെന്നോ ജീവനെന്നോ ഉള്ള നിലയില്‍ ‘നിങ്ങള്‍’ ഒരു സ്വപ്നം മാത്രമാകുന്നു. യഥാര്‍ത്ഥത്തിലുള്ള നിങ്ങള്‍ സച്ചിദാനന്ദസ്വരൂപമാണ്. നിങ്ങള്‍ ഈ ജഗത്തിന്റെ ഈശ്വരനാകുന്നു. നിങ്ങള്‍ ജഗത്തു മുഴുവന്‍ സൃഷ്ടിക്കുകയും പിന്നെ അതു നിങ്ങളില്‍ത്തന്നെ വിലയിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് അദ്വൈതികള്‍ പറയുന്നത്. അതിനാല്‍ ഈ ജനനവും പുനര്‍ജനനവും, വരവും പോക്കും, എല്ലാം മായയെ ആശ്രയിച്ചുള്ളതാണ്. നിങ്ങള്‍ അനന്തമാണ്. നിങ്ങള്‍ക്കെവിടെ പോകാനൊക്കും? സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും വിശ്വം മുഴുവനും നിങ്ങളുടെ പരമോന്നതഭാവത്തോടു തട്ടിച്ചുനോക്കുമ്പോള്‍ വെറും കണങ്ങള്‍മാത്രം. ആ നിങ്ങള്‍ക്കു ജനിക്കാനോ മരിക്കാനോ ഒക്കുന്നതെങ്ങനെ? ഞാനൊരിക്കലും ജനിച്ചിട്ടില്ല. ഒരിക്കലും ജനിക്കുകയുമില്ല. എനിക്കൊരിക്കലും അച്ഛനോ അമ്മയോ ബന്ധുക്കളോ ശത്രുക്കളോ ഉണ്ടായിരുന്നില്ല. എന്തെന്നാല്‍ ഞാന്‍ കേവലസച്ചിദാനന്ദമാണ്. ‘ശിവോഽഹം,’ ‘ശിവോഽഹം.’ അതിനാല്‍ ഈ തത്ത്വശാസ്ത്രപ്രകാരമുള്ള ലക്ഷ്യമെന്ത്? ഈ ജ്ഞാനം സിദ്ധിക്കുന്നവര്‍ ജഗത്തുമായി ഐക്യം പ്രാപിക്കുന്നുവെന്ന്. അവരെസ്സംബന്ധിച്ചിടത്തോളം എല്ലാ സ്വര്‍ഗ്ഗങ്ങളും, ബ്രഹ്മലോകംപോലും ഭാഗ്നമായിത്തീരുന്നു. സ്വപ്നപ്രപഞ്ചം മുഴുവന്‍ അന്തര്‍ദ്ധാനം ചെയ്യുന്നു. തങ്ങള്‍ ജഗത്തിന്റെ സനാതനനാഥനാണെന്ന് അവന്‍ കാണുന്നു. അവന്‍ അനന്ത ജ്ഞാനാനന്ദമായ അവരുടെ യഥാര്‍ത്ഥവ്യക്തിത്വത്തെ പ്രാപിക്കുകയും അങ്ങനെ സ്വതന്ത്രരാവുകയും ചെയ്യുന്നു. ക്ഷുദ്രവസ്തുക്കളില്‍ തോന്നുന്ന സുഖം നിലയ്ക്കുന്നു. ഞാന്‍ ഈ ചെറുശരീരത്തില്‍ ഈ ചെറുവ്യക്തിത്വത്തില്‍, സുഖം കാണുന്നുണ്ടെങ്കില്‍, ഈ ജഗത്തു മുഴുവന്‍ എന്റെ ശരീരമാകുമ്പോഴുള്ള സുഖം എത്ര വലുതായിരിക്കും! ഒരു ശരീരത്തില്‍ സുഖമുണ്ടെങ്കില്‍, എല്ലാ ശരീരങ്ങളും എന്റേതാകുമ്പോള്‍ അതെത്ര കൂടുതലായിരിക്കും! അപ്പോഴത്രേ സ്വാതന്ത്യ്രം കൈവരുന്നത്. ഇതാണ് അദ്വൈതദര്‍ശനം.
വേദാന്തദര്‍ശനം അവലംബിച്ചിട്ടുള്ള മൂന്നു പടികളിവയാണ്. ഇതിനപ്പുറം പോകാന്‍ നമുക്കു സാധ്യമല്ല. എന്തെന്നാല്‍ ഏകത്വത്തെ കടന്നുപോകാന്‍ കഴിയുന്നതല്ല. ഒരു ശാസ്ത്രം ഏകത്വത്തിലെത്തിക്കഴിഞ്ഞാല്‍, പിന്നീടു പുരോഗതിക്കു യാതൊരു വിധത്തിലും പഴുതില്ല. കേവലബ്രഹ്മമെന്ന ഈ ആശയത്തിനപ്പുറം പോകാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല.
അദ്വൈതദര്‍ശനമുള്‍ക്കൊള്ളാന്‍ എല്ലാ ആളുകള്‍ക്കും കഴിവില്ല-അത് അത്രയ്ക്കു ഗഹനമാണ്. അതിന്റെ മേധാപരമായ ഗ്രഹണംതന്നെ അതിദുഷ്കരമാകുന്നു. അതിസൂക്ഷ്മമായ ബുദ്ധി, പതറാത്ത ധാരണാശക്തി അതിനാവശ്യമാണ്. രണ്ടാമത്, അത് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അനുയോജ്യമല്ല. അതിനാല്‍ ഈ മൂന്നു പടികളും നമുക്കുണ്ട്. ആദ്യത്തേതില്‍ തുടങ്ങുക. അതിനെക്കുറിച്ചു ചിന്തിച്ചു മനസ്സിലാക്കിക്കഴിയുന്നതോടെ, രണ്ടാമത്തേതു സ്വയം ആവിഷ്കൃതമാകും. ഒരു മനുഷ്യവര്‍ഗ്ഗം പുരോഗമിക്കുന്ന രീതിയില്‍ത്തന്നെ വ്യക്തികളും പുരോഗമിക്കേണ്ടതാണ്. ആദ്ധ്യാത്മികചിന്തയുടെ അത്യുന്നതശൃംഗങ്ങളിലെത്തിച്ചേരാന്‍ മനുഷ്യവര്‍ഗ്ഗം സ്വീകരിച്ച പടവുകളിലൂടെ ഓരോ വ്യക്തിയും കടന്നുപോകേണ്ടതുണ്ട്. മനുഷ്യവര്‍ഗ്ഗത്തിന് ഒരു പടവില്‍നിന്നു മറ്റൊന്നിലേക്കു കടക്കാന്‍ ലക്ഷോപലക്ഷം വത്സരങ്ങള്‍ വേണ്ടിവന്നുവെങ്കില്‍, വ്യക്തികള്‍ക്കു കുറഞ്ഞ കാലയളവുകൊണ്ട് തരണം ചെയ്യാന്‍ സാധിച്ചേയ്ക്കുമെന്നുള്ള വ്യത്യാസം മാത്രമുണ്ട്. എന്നാല്‍ നമ്മിലോരോരുത്തനും ഈ പടവുകളില്‍ക്കൂടി കടന്നുപോയേ മതിയാവൂ. നിങ്ങള്‍ ഉറച്ച ദ്വൈതികളായിരുന്ന പൂര്‍വ്വജീവിതഘട്ടത്തിലേക്കു തിരിഞ്ഞുനോക്കുക. നിങ്ങള്‍ ശരീരമനസ്സുകളാണെന്നുള്ള വിചാരം ഉണ്ടാകുന്നതോടൊപ്പം, ഈ സ്വപ്നപ്രപഞ്ചം മുഴുവനും കൂടി സ്വീകരിക്കാതെ നിങ്ങള്‍ക്കു നിവൃത്തിയില്ല. ഒരംശം സ്വീകരിക്കുന്നുവെങ്കില്‍ മുഴുവനും സ്വീകരിച്ചേ പറ്റൂ. ഈ കാണായ ലോകമുണ്ടെന്നും എന്നാല്‍ സഗുണനായ ഈശ്വരനില്ലെന്നും പറയുന്ന മനുഷ്യന്‍ മൂഢനാണ്-എന്തെന്നാല്‍, ഒരു ലോകമുണ്ടെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കണം. അതിനെയാണ് ഈശ്വരനെന്നു പറയുന്നതും. ‘കാരണ’മുണ്ടെന്നുള്ള അറിവിന്റെ അഭാവത്തില്‍ ‘കാര്യ’വും ഉണ്ടായിരിക്കാവതല്ല. അതിനാല്‍, ഈശ്വരന്‍ അന്തര്‍ദ്ധാനം ചെയ്യുന്നത് ഈ ലോകം അന്തര്‍ദ്ധാനം ചെയ്യുമ്പോള്‍ മാത്രമാണ്. അപ്പോള്‍ നിങ്ങള്‍ ഈശ്വരന്‍ (കേവലബ്രഹ്മം) ആയിത്തീരും. അതോടെ ഈ ലോകം നിങ്ങളെസ്സംബന്ധിച്ച് ഇല്ലാതാകയും ചെയ്യും. നിങ്ങളൊരു ശരീരമാണെന്നുള്ള സ്വപ്നം നിലവിലുള്ളിടത്തോളം കാലം നിങ്ങള്‍ ജനിക്കുന്നതായും മരിക്കുന്നതായും തോന്നാനേ നിവൃത്തിയുള്ളു. എന്നാല്‍, ആ സ്വപ്നം അന്തര്‍ദ്ധാനം ചെയ്യുന്ന നിമിഷത്തില്‍ നിങ്ങള്‍ ജനിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നുള്ള സ്വപ്നവും അന്തര്‍ദ്ധാനം ചെയ്യും. മാത്രമല്ല, ഈ പ്രപഞ്ചമുണ്ടെന്നുള്ള മറ്റെ സ്വപ്നവും അന്തര്‍ദ്ധാനം ചെയ്യും. ഈ പ്രപഞ്ചരൂപത്തില്‍ ഇപ്പോള്‍ നാം കാണുന്ന അതേ വസ്തു അപ്പോള്‍ ഈശ്വരനായി (കേവലബ്രഹ്മമായി) നമുക്കു വേദ്യമാവുകയും നാളിതുവരെ ബഹിര്‍വര്‍ത്തിയായിരുന്ന അതേ ഈശ്വരനെ അന്തര്യാമിയായി, നമ്മുടെ സ്വന്തം ആത്മാവായി, നാം സാക്ഷാല്‍കരിക്കുകയും ചെയ്യും.