ഭാരതത്തിലെ മതപരമായ ചിന്താഗതി (398)
(ബ്രൂക്ളിന്‍ എത്തിക്കല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചെയ്ത പ്രസംഗത്തിന്റെ സംഗ്രഹം)
ഭാരതത്തിന് അമേരിക്കന്‍ ഐക്യനാടുകളുടെ പകുതിയോളമേ വലുപ്പമുള്ളുവെങ്കിലും ജനസംഖ്യ ഇരുപത്തൊമ്പതു കോടിയില്‍പരമുണ്ട്. മുഹമ്മദുമതം, ബുദ്ധമതം,* ഹിന്ദുമതം എന്നീ മൂന്നു മതങ്ങള്‍ അവിടെ പ്രാബല്യത്തിലിരിക്കുന്നു. മുഹമ്മദുമതത്തിന് ഏതാണ്ട് ആറു കോടിയും ബുദ്ധമതത്തിനു തൊണ്ണൂറുലക്ഷവും ഹിന്ദുമതത്തിന് ഇരുപതുകോടി അറുപതുലക്ഷവും അനുയായികളുണ്ട്. ഹിന്ദുമതത്തെസ്സംബന്ധിച്ച പ്രധാനവസ്തുതകള്‍ അവരുടെ പല വേദഗ്രന്ഥങ്ങളില്‍ അടങ്ങിയിട്ടുള്ള ഉന്നതചിന്താജന്യവും ധ്യാനാത്മകവുമായ ദര്‍ശനശാസ്ത്രങ്ങളിലും ധര്‍മ്മാനുശാസനങ്ങളിലും പ്രതിഷ്ഠിതമായിരിക്കുന്നു. പ്രപഞ്ചം സ്ഥലപരമായും കലാപരമായും അന്തമില്ലാത്തതാണെന്നു വേദങ്ങള്‍ പ്രഖ്യാപിക്കുന്നു. അതിന് ഒരിക്കലും ഒരാരംഭമുണ്ടായിരുന്നില്ല. ഒരിക്കലും അവസാനമുണ്ടാകയുമില്ല. ഭൌതികമേഖലയില്‍ ആത്മപ്രഭാവത്തിന്റെ സ്ഫുരണം, പരിമിതത്തിന്റെ മണ്ഡലത്തില്‍ അപരിമിതത്തിന്റെ അഭിവ്യക്തി, എണ്ണമില്ലാതെയുണ്ടായിട്ടുണ്ട്. എന്നാല്‍ അനന്താത്മാവ് സ്വയം സിദ്ധനും ശാശ്വതനും അവികാര്യനുമാകുന്നു. അനന്തതയാകുന്ന ഘടികാരമുഖത്തു കാലപ്രയാണം യാതൊരടയാളവും പതിക്കുന്നില്ലതന്നെ. ഇന്ദ്രിയങ്ങള്‍ക്കതീതവും മനുഷ്യബുദ്ധിക്കു കേവലം അവിഷയവുമായ അതിന്റെ മേഖലയില്‍ ഭൂതഭാവിഭേദങ്ങളില്ല. മനുഷ്യാത്മാവ് അമൃതനാണെന്നു വേദങ്ങള്‍ പഠിപ്പിക്കുന്നു. ശരീരം വൃദ്ധിക്ഷയങ്ങളെസ്സംബന്ധിച്ച നിയമങ്ങള്‍ക്കധീനമാണ്. വളരുന്ന ഒന്ന് അവശ്യം ജീര്‍ണ്ണിക്കുകയും വേണം. എന്നാല്‍ അന്തര്യാമിയായ ചൈതന്യം അനന്തനിത്യജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനൊരിക്കലും ആദിയുണ്ടായിരുന്നില്ല. ഒരിക്കലും അന്ത്യമുണ്ടാകയുമില്ല. ഹിന്ദുമതത്തിനും ക്രിസ്തുമതത്തിനും തമ്മിലുള്ള പ്രധാനവ്യത്യാസങ്ങളിലൊന്നിതാണ്. ഓരോ മനുഷ്യാത്മാവും അത് ഈ ലോകത്തു ജനിക്കുന്ന സമയത്ത് ആരംഭിക്കുന്നതാണെന്നു ക്രിസ്തുമതം പഠിപ്പിക്കുമ്പോള്‍, മനുഷ്യാത്മാവ് അനന്താത്മാവിന്റെതന്നെ ഒരു പ്രസ്രവണമാണെന്നും ഈശ്വരനെപ്പോലെ അതും അനാദിയാണെന്നും ഹിന്ദുമതം പ്രഖ്യാപനം ചെയ്യുന്നു. മഹത്തായ ആദ്ധ്യാത്മികപരിണാമനിയമത്തിനു വിധേയമായി വ്യക്തിത്വങ്ങള്‍ മാറി മാറി സ്വീകരിക്കുന്നതിനിടയില്‍ അതിന്റെ അസംഖ്യം അഭിവ്യക്തികള്‍, മുമ്പു സംഭവിച്ചിട്ടുണ്ട്. മേലില്‍ അസംഖ്യം അഭിവ്യക്തികള്‍, പരിണാമം ഇല്ലാത്ത സമ്പൂര്‍ണ്ണാവസ്ഥയില്‍ അതെത്തുന്നതുവരേയ്ക്കും നടക്കുകയും ചെയ്യും.
ഇതാണ് വസ്തുതയെങ്കില്‍ നമ്മുടെ മുജ്ജന്മങ്ങളിലെ അനുഭവങ്ങളൊന്നുംതന്നെ നമുക്കു ഓര്‍മ്മയില്ലാത്തതെന്താണ് എന്ന ചോദ്യം കൂടെക്കൂടെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പ്രജ്ഞ എന്നതു ചിത്തസാഗരത്തിന്റെ ഉപരിതലം മാത്രമാണെന്നും സുഖകരമോ ദുഃഖകരമോ ആയി നമുക്കുണ്ടായിട്ടുള്ള എല്ലാ അനുഭൂതികളും അതിന്റെ അഗാധതലങ്ങളിലാണ് സഞ്ചയിക്കപ്പെട്ടിട്ടുള്ളതെന്നുമാകുന്നു ഇതിനു ഞങ്ങള്‍ക്കു പറയാനുള്ള സമാധാനം. സ്ഥിരമായി നില്‍ക്കുന്ന ഒന്നിനെ കണ്ടെത്തുവാനാണ് മനുഷ്യാത്മാവ് അഭിലഷിക്കുന്നത്. മനസ്സും ശരീരവും മാത്രമല്ല, പ്രകൃതിയിലുള്ള സകലപ്രതിഭാസങ്ങളും നിരന്തരമായി ഒരു പരിവര്‍ത്തനാവസ്ഥയിലാണ്. എന്നാല്‍ നമ്മുടെ ആത്മാവിന്റെ പരമോന്നതമായ അഭിലാഷം മാറ്റമില്ലാത്ത ഒന്നിനെ, ചിരസ്ഥായിയായ പൂര്‍ണ്ണതയിലെത്തിയ ഒന്നിനെ, കണ്ടെത്തുകയെന്നുള്ളതാണ്. ആനന്ത്യത്തെപ്രതിയുള്ള മനുഷ്യാത്മാവിന്റെ അഭിലാഷമാണിത്. നമ്മുടെ സാന്മാര്‍ഗ്ഗികവും മേധാപരവുമായ വികാസം എത്രകണ്ടു സൂക്ഷ്മത പ്രാപിച്ചിട്ടുണ്ടോ, അവികാര്യമായ ആ നിത്യത്വത്തെ പ്രാപിക്കാനുള്ള നമ്മുടെ അഭിവാഞ്ഛയും അത്രകണ്ടു ശക്തിമത്തായിരിക്കും.
പഞ്ചേന്ദ്രിയദ്വാരാ ജ്ഞാതവ്യമല്ലാത്തതൊക്കെ അസ്തിത്വമില്ലാത്തവയാണെന്നും, മനുഷ്യന്‍ ഒരു സ്വതന്ത്രസത്തയാണെന്നുള്ള വിചാരം കേവലം ഭ്രമമാണെന്നും ആധുനികബുദ്ധമതക്കാര്‍ പഠിപ്പിക്കുന്നു. നേരെമറിച്ച്, ഓരോ വ്യക്തിയും ഓരോ സ്വതന്ത്രസത്തയാണെന്നും, അവന്റെ മാനസികഭാവനയിലല്ലാതെ ബാഹ്യലോകം സ്ഥിതിചെയ്യുന്നില്ലെന്നും വിജ്ഞാനവാദികള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ പ്രശ്നത്തിന്റെ ശരിയായ സമാധാനം പ്രകൃതി സ്വാതന്ത്യ്രാസ്വാതന്ത്യ്രങ്ങളുടെ, സങ്കല്‍പ്പപ്രത്യക്ഷങ്ങളുടെ ഒരു മിശ്രിതമാണെന്നുള്ളതാകുന്നു. നമ്മുടെ ശരീരമനസ്സുകള്‍ ബാഹ്യപ്രപഞ്ചത്തെ ആശ്രയിച്ചു വര്‍ത്തിക്കുന്നു. അവയ്ക്ക് അതിനോടുള്ള ബന്ധത്തിന്റെ സ്വഭാവമനുസരിച്ച് ഈ ആശ്രയഭാവം വ്യത്യാസപ്പെടുകയും ചെയ്യുന്നു. എന്നാല്‍, അതേ സമയം അന്തര്യാമിയായ ആത്മാവ് ഈശ്വരസമാനം സ്വതന്ത്രനാകുന്നു. മനശ്ശരീരങ്ങളുടെ ഗതിവിഗതികളെ അവയുടെ വികാസത്തിന്റെ ഭേദമനുസരിച്ചു ഏറിയ തോതിലോ കുറഞ്ഞ തോതിലോ നയിക്കുന്നതിന് ആ ആത്മാവിനു കഴിയുകയും ചെയ്യുന്നു.
മരണം ഒരവസ്ഥാന്തരം മാത്രമാണ്. മരണാനന്തരവും നാം അതേ പ്രപഞ്ചത്തില്‍ അതേ നിയമങ്ങള്‍ക്കു വിധേയരായി തുടരുന്നു. ജ്ഞാനത്തിലും ഉന്നതവികാസദശകളെ പ്രാപിച്ചു. ഈ ജീവിതത്തെ അതിക്രമിച്ചുപോയവര്‍, അവരുടെ പിന്നാലെ വരുന്ന ഒരു സാര്‍വ്വലൌകികസൈന്യത്തിന്റെ മുന്നോടി വിഭാഗം മാത്രമാണ്. ഏറ്റവും ഉയര്‍ന്ന പടിയിലെത്തിയവന്റേയും ഏറ്റവും താഴ്ന്ന പടിയിലിരിക്കുന്നവന്റെയും ആത്മാക്കള്‍ക്കു സാജാത്യമുണ്ട്. അനന്തവികാസനത്തിന്റെ ബീജം എല്ലാവരിലും കുടികൊള്ളുകയും ചെയ്യുന്നു. ഏതൊന്നിലുമുള്ള ശുഭാംശങ്ങളില്‍ ശ്രദ്ധപതിച്ചു ഗുണൈകദൃക്കുകളാവാന്‍ നാം ശ്രമിക്കണം. നമ്മുടെ ശരീരമനസ്സുകളുടെ പോരായ്മകളെക്കുറിച്ച് ഒരിടത്തു കുത്തിയിരുന്നു വിലപിച്ചതുകൊണ്ട് ഒരു ഫലവുമില്ല. വിപരീതപരിസ്ഥിതികളെ ജയിച്ചടക്കാനുള്ള സുധീരപരിശ്രമമൊന്നുമാത്രമേ നമ്മുടെ ആത്മവീര്യം ഉത്തേജിപ്പിക്കൂ. ആദ്ധ്യാത്മികപുരോഗതിയുടെ നിയമങ്ങള്‍ അഭ്യസിക്കുകയാണ് ജീവിതോദ്ദേശ്യം. ക്രിസ്ത്യാനികള്‍ക്ക് ഹിന്ദുക്കളില്‍നിന്നു പഠിക്കാനുണ്ട്. ഹിന്ദുക്കള്‍ക്ക് ക്രിസ്ത്യാനികളില്‍നിന്നും പഠിക്കാനുണ്ട്. ലോകത്തിലെ ജ്ഞാനസമ്പത്തിന് ഓരോ കൂട്ടരും വിലയേറിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ശരിയായ മതം വിധ്യാത്മകമാണെന്നും നിഷേധാത്മകമല്ലെന്നും നിങ്ങളുടെ കുട്ടികളെ ഉദ്ബോധിപ്പിക്കു- അതായതു ചീത്തക്കാര്യങ്ങളില്‍നിന്നു വിരമിക്കുന്നതില്‍മാത്രമല്ല. ഉല്‍കൃഷ്ടകര്‍മ്മങ്ങളുടെ അനുഷ്ഠാനത്തില്‍ നിരന്തരവ്യഗ്രതയോടെ എര്‍പ്പെടുന്നതിലാണ് അതന്തര്‍ഭവിച്ചിരിക്കുന്നതെന്ന്. ശരിയായ മതം മനുഷ്യരുടെ ഉപദേശങ്ങളില്‍നിന്നോ പുസ്തകപാരായണംകൊണ്ടോ സിദ്ധിക്കുന്നതല്ല. പവിത്രവും വീരോചിതവുമായ കര്‍മ്മാനുഷ്ഠാനങ്ങളുടെ ഫലമായി അന്തരാത്മാവിന്നുണ്ടാകുന്ന പ്രബുദ്ധതയാണിത്. ഓരോ ശിശുവും മുന്‍ജന്മങ്ങളില്‍നിന്നു സഞ്ചിതമായ ഒരനുഭൂതിസഞ്ചയത്തോടെ ലോകത്തു ജനിക്കുന്നു. അതിന്റെ മനശ്ശരീരങ്ങളുടെ ഘടനയില്‍ ആ അനുഭൂതികളുടെ മുദ്ര നിഴലിച്ചുകാണുകയും ചെയ്യാം. എന്നാല്‍ നമ്മളിലേവരിലും സ്വതവേയുള്ള ആ സ്വാതന്ത്യ്രബോധം മനശ്ശരീരങ്ങള്‍ക്കുപുറമേ നമ്മില്‍ മറ്റെന്തോ ഒന്നകൂടിയുണ്ടെന്നു ജ്ഞാപനം ചെയ്യുന്നു. ഉള്ളിലിരുന്നു ഭരിക്കുന്ന ആത്മാവ് സ്വതന്ത്രനാണ്. അതു സ്വാതന്ത്യ്രത്തിനുള്ള വാഞ്ഛ സൃഷ്ടിക്കുകയും ചെയ്യുന്നു. നാം സ്വതന്ത്രരല്ലെങ്കില്‍ ലോകത്തെ നന്നാക്കാന്‍ നമുക്കെങ്ങനെ ആശിക്കാം? മനുഷ്യാത്മാവിന്റെ വ്യാപാരഫലമാണ് മനുഷ്യപുരോഗതിയെന്നത്രേ ഞങ്ങള്‍ വിചാരിക്കുന്നത്. ലോകത്തിന്റെ ഇന്നത്തെ നിലയും നമ്മുടെതന്നെ ഇന്നത്തെ നിലയും ആത്മസ്വാതന്ത്യ്രത്തിന്റെ ഫലമാകുന്നു.
നമ്മുടെയെല്ലാം പിതാവായി സര്‍വ്വവ്യാപിയും സര്‍വ്വശക്തനുമായ ഒരീശ്വരനുണ്ടെന്നും നിസ്സീമമായ സ്നേഹവായ്പോടെ അവന്‍ തന്റെ സന്താനങ്ങളെ നയിക്കുകയും കാക്കുകയും ചെയ്യുന്നുണ്ടെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ക്രിസ്ത്യാനികളെപ്പോലെ ഒരു സഗുണേശ്വരനില്‍ ഞങ്ങളും വിശ്വസിക്കുന്നു. എന്നാല്‍ ഞങ്ങള്‍ കുറേക്കൂടി മുമ്പോട്ടു പോകുന്നു. അതായത് നമ്മള്‍തന്നെയാണ് അവന്‍ എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു! അവന്റെ വ്യക്തിത്വം നമ്മില്‍ പ്രകാശിക്കുന്നു. ഈശ്വരന്‍ നമ്മുടെ ഉള്ളില്‍ വര്‍ത്തിക്കുന്നു. നാം ഈശ്വരനിലും വര്‍ത്തിക്കുന്നു. എല്ലാ മതങ്ങളിലും സത്യത്തിന്റെ ബീജങ്ങളുണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍ ഹിന്ദു അവയ്ക്കെല്ലാം നാമോവാകം അര്‍പ്പിക്കുന്നു. എന്തെന്നാല്‍ ഈ ലോകത്ത സത്യം വ്യവകലനമാര്‍ഗ്ഗേണയല്ല, സങ്കലനമാര്‍ഗ്ഗേണയാണ് കണ്ടെത്തേണ്ടത്. വിവിധമതങ്ങളാകുന്ന സുരഭിലകുസുമങ്ങള്‍ കൊരുത്തുകെട്ടിയ ഒരു മാല്യമാണ് ഞങ്ങള്‍ ഈശ്വരന്നര്‍പ്പിക്കുക. സ്നേഹത്തിനുവേണ്ടി നാം ഈശ്വരനേ സ്നേഹിക്കണം. പ്രതിഫലം പ്രതീക്ഷിച്ചല്ല. കര്‍ത്തവ്യത്തിനുവേണ്ടി നാം കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കണം. സുന്ദരവസ്തുക്കളെ അവയുടെ സൌന്ദര്യത്തിനുവേണ്ടി നാം ആരാധിക്കണം. പ്രതിഫലം ഇച്ഛിച്ചാകരുത്. ഇങ്ങനെ ഹൃദയനൈര്‍മ്മല്യം സിദ്ധിച്ച് നാം ഈശ്വരനെ കണ്ടെത്തും. യജ്ഞകര്‍മ്മങ്ങളും നമസ്കാരക്രിയകളും മന്ത്രോച്ഛാരണങ്ങളും സ്തോത്രാലാപനങ്ങളുമല്ല മതം. അവയൊക്കെ സുന്ദരങ്ങളായ വീരകൃത്യങ്ങളനുഷ്ഠിക്കുന്നതിനു നമ്മെ ഉത്തേജിപ്പിക്കുകയും ഈശ്വരന്റെ സമ്പൂര്‍ണ്ണത്വം ഉള്‍ക്കൊള്ളാന്‍ നമ്മുടെ ചിന്താമണ്ഡലത്തെ ഉദാത്തമാക്കുകയും ചെയ്യുന്നുവെങ്കില്‍ അത്രയ്ക്കു പ്രയോജനകരമെന്നുമാത്രം.
നാം നമ്മുടെ ദൈനന്ദിനജീവിതത്തില്‍ എല്ലാ മനുഷ്യരോടും സ്വസോദരന്മാരോടെന്നപോലെ പെറുമാറാതെ, പ്രാര്‍ത്ഥനാവേളയില്‍മാത്രം ഈശ്വരനെ എല്ലാവരുടേയും പിതാവായി അംഗീകരിക്കുന്നതുകൊണ്ടെന്തു ഗുണം? ഉന്നതജീവിതത്തിലേയ്ക്കുള്ള വഴി ചൂണ്ടിക്കാണിക്കാന്‍മാത്രമാണ് പുസ്തകങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. പതറാത്ത അടികള്‍വെച്ച് ആ വഴിയേ സഞ്ചരിക്കാത്തപക്ഷം യാതൊരു നന്മയും കൈവരുന്നില്ല. ഓരോ മനുഷ്യവ്യക്തിയേയും ഓരോ സ്ഫടികഗോളത്തോടു സാദൃശ്യപ്പെടുത്താം. ഓരോന്നിന്റെയും കേന്ദ്രത്തില്‍, ഈശ്വരനില്‍നിന്നുതന്നെ പ്രസൃതമായ ഓരോ ഭാവപ്രകാശമാണുള്ളത്. എന്നാല്‍ കണ്ണാടി പല കനത്തിലും നിറത്തിലുമുള്ളവയാകയാല്‍, ബഹിസ്ഫുരണ സന്ദര്‍ഭത്തില്‍ പ്രകാശകിരണങ്ങള്‍ നാനാഭാവം കൈക്കൊള്ളുന്നു. കേന്ദ്രദീപങ്ങള്‍ക്കെല്ലാം തുല്യസുഷമയും പ്രഭയുമാണുള്ളത്. അവയുടെ ബഹിസ്ഫുരണത്തിനുള്ള താല്‍ക്കാലികകരണങ്ങളുടെ കൈവല്യ-വൈവിധ്യങ്ങള്‍ ഹേതുവായി അവ അസമങ്ങളായി കാണപ്പെടുന്നു. ജീവിതശ്രേണിയില്‍ക്കൂടി നാം ഉയര്‍ന്നുയര്‍ന്നു പോകുന്തോറും ഈ മാധ്യമങ്ങള്‍ (പ്രകാശനോപകരണങ്ങള്‍) ഉപര്യുപരി സ്ഫടികസങ്കാശമായിത്തീരുന്നതാണ്.