സ്വാമി വിവേകാനന്ദന്‍

ബോസ്റ്റണിലെ ഒരു പ്രഭാഷണത്തിനിടയില്‍ സന്ന്യാസി എന്ന പദത്തെ വ്യാഖ്യാനിച്ചുകൊണ്ടു സ്വാമിജി പറഞ്ഞു:

‘ഒരുവന്‍ താന്‍ ജനിച്ച ജീവിതഘട്ടത്തിലെ കടമകളും കര്‍ത്തവ്യങ്ങളും നിറവേറ്റിക്കഴിഞ്ഞാല്‍, ആദ്ധ്യാത്മികജീവിതത്തെ തേടുവാനും, പരിഗ്രഹം, കീര്‍ത്തി, ബലം ഇവയ്ക്കു വേണ്ടിയുള്ള ലൌകികാനുധാവനം തീരെ വിടുവാനും തന്റെ ഉത്കര്‍ഷേച്ഛ തന്നെ പ്രേരിപ്പിക്കുമ്പോള്‍, ലോകപ്രകൃതിയുടെ ഉള്ളിലേക്കുള്ള നോട്ടം കൂടിയിട്ട് അതിന്റെ അനിത്യതയും കലഹവും കഷ്ടതയും പന്തയങ്ങളുടെ ക്ഷുദ്രതയും കണ്ട് ഇതില്‍നിന്നെല്ലാം തിരിഞ്ഞകലുമ്പോള്‍, അപ്പോള്‍, അയാള്‍ സത്യത്തെ, നിത്യപ്രേമത്തെ, അഭയത്തെ അന്വേഷിക്കുന്നു. അയാള്‍ ലൌകികങ്ങളായ സ്ഥാനധനമാനങ്ങളെല്ലാം സമ്പൂര്‍ണ്ണം സന്ന്യസിച്ച്, പ്രേമകാരുണ്യങ്ങളില്‍ അതിശയിക്കാനും ശാശ്വതമായ അന്തര്‍ദൃഷ്ടി നേടാനും പ്രയത്നിച്ച്, ത്യാഗജീവിതം നയിക്കാനും അദ്ധ്യാത്മജ്ഞാനം തന്നിഷ്ഠനായി തേടാനും ലോകത്തിലേക്കിറങ്ങിയങ്ങു പോകുന്നു. വര്‍ഷങ്ങളായുള്ള ധ്യാനവും തപസ്സും ജിജ്ഞാസയുംകൊണ്ട് ഈ വിജ്ഞാനമുത്തുകള്‍ നേടി അയാള്‍, തന്റെ മുറയ്ക്ക്, ഒരു ഗുരുവാകയും തനിക്കാവതു വിജ്ഞാനവും വരവും തന്നോടര്‍ത്ഥിക്കുന്ന ശിഷ്യന്മാര്‍ക്ക്- അവര്‍ ദീക്ഷിതരോ അദീക്ഷിതരോ ആകട്ടെ-കൈമാറുകയും ചെയ്യുന്നു.

സന്ന്യാസിക്ക് ഒരു മതത്തിലും പെടാനാവില്ല. എന്തെന്നാല്‍ സകലമതങ്ങളില്‍നിന്നും കൈക്കൊള്ളുന്ന സ്വതന്ത്രചിന്തയുടെ ജീവിതമാണ് അയാളുടേത്. അയാളുടേത് സാക്ഷാല്‍ക്കാരത്തിന്റെ ജീവിതമാണ്. വെറും സിദ്ധാന്തത്തിന്റേയോ വിശ്വാസത്തിന്റേയോ അല്ല, അത്രപോലും വിശ്വാസവാക്യങ്ങളുടേതല്ല.

സന്ന്യാസിയും ഗൃഹസ്ഥനും

‘സന്ന്യാസിമാരുടെ കാര്യത്തില്‍ ലൌകികര്‍ക്ക് ഒരു മിണ്ടാട്ടവും പാടില്ല. സന്ന്യാസിക്കു ധനികരോട് ഒരിടപാടുമില്ല. അയാളുടെ കര്‍ത്തവ്യം പാവങ്ങളുടേതാണ്. അയാള്‍ പാവങ്ങളോടു പ്രേമപൂര്‍വ്വമായ അവധാനത്തോടെ പെരുമാറണം. സര്‍വ്വശക്തിയുമുപയോഗിച്ച് അവരെ സസന്തോഷം സേവിക്കയും വേണം. ധനികരെ മാനിക്കലും സഹായത്തിന് അവരുടെമേല്‍ തൂങ്ങുകയും നമ്മുടെ നാട്ടിലെ സന്ന്യാസിസമൂഹങ്ങള്‍ക്കു പെട്ടിട്ടുള്ള ഒറ്റവിഷമാണ്. ഒരു യഥാര്‍ത്ഥസന്ന്യാസി അത് അത്യന്തസൂക്ഷ്മതയോടെ ഒഴിവാക്കണം. അത്തരം നടത്തം ഒരു വാരനാരിക്കാണ് കൊള്ളുക. ലോകത്തെ ത്യജിച്ചെന്നു പറയുന്ന സന്ന്യാസിക്കല്ല. കാമകാഞ്ചനനിമഗ്നനായ ഒരുവന്‍ എങ്ങനെ കാമകാഞ്ചനത്യാഗം കേന്ദ്രാദര്‍ശമായവന്റെ ഉപാസകനാകും? കാമകാഞ്ചനക്കറ അത്യല്‍പ്പം കലരാത്ത ഒരുവനെ തനിക്കു സംഭാഷണം ചെയ്യാന്‍ അയച്ചുതരണമെന്ന് ശ്രീരാമകൃഷ്ണന്‍ ദിവ്യജനനിയോടു കരഞ്ഞു യാചിച്ചു. എന്തെന്നാല്‍ ‘ലൌകികമനസ്കരോടു പറയുമ്പോള്‍ എന്റെ ചുണ്ടു ചുടുന്നു.’ എന്ന് അവിടുന്നു പറയും. ലൌകികമനസ്കരുടെയും അശുദ്ധരുടെയും സ്പര്‍ശംപോലും തനിക്കു താങ്ങുവാന്‍ കഴിഞ്ഞില്ല എന്നവിടുന്നു പറയാറുണ്ടായിരുന്നു. സന്ന്യാസികളുടെ രാജാവായ അവിടുത്തെപ്പറ്റി പ്രവചനം ചെയ്യുക ലൌകികര്‍ക്ക് ഒരിക്കലും സാധ്യമല്ല. അവര്‍ക്കു തികച്ചും ഋജുവാകാന്‍ ഒരിക്കലുമാവില്ല. ഏതെങ്കിലും സ്വാര്‍ത്ഥതാല്‍പര്യം അവര്‍ക്കു സേവിക്കാനുണ്ടാവാതിരിക്കില്ല. ഭഗവാന്‍ സ്വയം ഗൃഹസന്ഥനായവതരിച്ചാല്‍ അവിടുന്ന് ഋജുവായിരിക്കുമെന്ന് എനിക്കൊരിക്കലും വിശ്വസിക്ക വയ്യ. ഗൃഹസ്ഥന്‍ ഒരു മതവിഭാഗത്തിന്റെ നേതൃത്വമേല്‍ക്കുമ്പോള്‍ തത്ത്വത്തിന്റെ പേരില്‍ ആ വേഷത്തില്‍ ഒളിച്ച്, സ്വാര്‍ത്ഥതാല്‍പര്യത്തെ സേവിക്കാന്‍ തുടങ്ങുന്നു. തല്‍ഫലമായി ആ വിഭാഗം കാതലോളം അഴുകുന്നു. ഗൃഹസ്ഥന്‍ തലവനായ എല്ലാ മതപ്രസ്ഥാനങ്ങളുടെയും ഗതി അതുതന്നെ. ത്യാഗത്തെ വിട്ട് മതത്തിനു തീരെ നിലയില്ല.’

ഇവിടെ സ്വാമിജിയോട് ഇങ്ങനെ ചോദിച്ചു: ‘സന്ന്യാസിമാരായ നാം കാഞ്ചനത്യാഗംകൊണ്ട് എന്താണ് അര്‍ത്ഥമാക്കേണ്ടത്?’ അതിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു:

‘സാധ്യവിശേഷങ്ങളെ ലാക്കാക്കി സാധനവിശേഷങ്ങളെ കൈക്കൊള്ളണം. കാലം, ദേശം, വ്യക്തി മുതലായവയുടെ അവസ്ഥയ്ക്കനുസരിച്ച് സാധനങ്ങള്‍ മാറുന്നു. സന്ന്യാസിയുടെ പക്ഷത്തില്‍ സാധ്യം ആത്മമോക്ഷവും ജഗദ്ധിതവുമാണ്. തത്പ്രാപ്തിക്കുള്ള സാധനങ്ങളില്‍ മുഖ്യതമം കാമകാഞ്ചനത്യാഗമാണ്. സ്വാര്‍ത്ഥഭാവത്തിന്റെ സമ്പൂര്‍ണ്ണാഭാവമാണ് ത്യാഗം. അല്ലാതെ വേറൊരാളിന്റെ പക്കലുള്ള സ്വന്തം പണം തൊടാതെ കഴിക്കയും അതേസമയം അതിന്റെ ഗുണമൊക്കെ ആസ്വദിക്കയും ചെയ്യുന്നതരം വെറും ബാഹ്യസ്പര്‍ശവര്‍ജ്ജനമല്ല. അതു ത്യാഗമാകുമോ? മുന്‍പറഞ്ഞ രണ്ടു സാധ്യങ്ങളും സാധിക്കാന്‍ ഭിക്ഷാടനം ഒരു കാലത്തു വലിയ സഹായമായിരുന്നു-ഗൃഹസ്ഥന്മാര്‍ യതികളായ അതിഥികള്‍ക്ക് പക്വാന്നത്തിന്റെ പങ്കു മാറ്റിവെച്ചു മനുവിന്റെയും മറ്റു ശാസ്ത്രകാരന്മാരുടെയും വിധികളെ നിഷ്കൃഷ്ടമായി അനുസരിച്ച കാലത്ത്. ഇക്കാലത്തു സംഗതികള്‍ ഗണ്യമായി മാറിയിട്ടുണ്ട്. വിശേഷിച്ചു മധുകരിസമ്പ്രദായം നടപ്പിലില്ലാത്ത ബംഗാളിലെന്നപോലെ ഇവിടെ മധുകരികൊണ്ടു ജീവിക്കാന്‍ നോക്കുന്നതു വെറും ശക്തിവ്യയമായിരിക്കും. നിങ്ങള്‍ക്കതുകൊണ്ടു പ്രയോജനവും ഒന്നുമില്ല. ഭിക്ഷാചര്യവിധി മേല്‍ച്ചൊന്ന രണ്ടു സാധ്യങ്ങള്‍ക്കുതകേണ്ട സാധനങ്ങളാണ്, ഇന്ന് ആ വഴിക്ക് അതിനുതകുകയുമില്ല. അതുകൊണ്ട് ഈ പരിതസ്ഥിതിയില്‍, വെറും ജീവിതാവശ്യത്തിനു കരുതുകയും താന്‍ സ്വീകരിച്ച സന്ന്യാസത്തിന്റെ സാധ്യത്തെ നിറവേറ്റാന്‍ സര്‍വ്വകഴിവും സമര്‍പ്പിക്കയും ചെയ്യുന്നെങ്കില്‍ അതു സന്ന്യാസധര്‍മ്മത്തെ മറുത്തുപോകയല്ല. സാധനങ്ങള്‍ക്കു മൂഢമായി കണക്കിലേറെ പ്രാധാന്യം കല്‍പ്പിക്കുന്നതു കുഴക്കുണ്ടാക്കുന്നു. സാധ്യം നോട്ടത്തില്‍നിന്ന് ഒരിക്കലും നഷ്ടമാകരുത്.’