സ്വാമി വിവേകാനന്ദന്‍

1900 ജനുവരി 8-നു കാലിഫോര്‍ണിയയില്‍ ലോസ് ഏന്‍ജല്‍സില്‍ ചെയ്ത പ്രസംഗം

ലോകമൊട്ടുക്കു യുഗങ്ങളിലുടനീളം അലൌകികത്തില്‍ വിശ്വാസമുണ്ടായിട്ടുണ്ട്. അസാധാരണസംഭവങ്ങളെപ്പറ്റി നമ്മളൊക്കെ കേട്ടിട്ടുണ്ട്, നമ്മളില്‍ പലര്‍ക്കും അവയെപ്പറ്റി വ്യക്തിപരമായ ചില അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്റെ സ്വന്തം അനുഭവത്തില്‍ വന്ന ചില വസ്തുതകള്‍ നിങ്ങളോടു പറഞ്ഞുകൊണ്ടുതന്നെ വിഷയം അവതരിപ്പിക്കാം. മനസ്സില്‍ വല്ല ചോദ്യവുമായി വല്ലവരും ചെന്നാല്‍ അവയ്ക്ക് ഉടന്‍ മറുപടി കൊടുക്കുന്ന ഒരാളെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ കേട്ടു. അയാള്‍ സംഭവങ്ങള്‍ മുന്‍കൂട്ടി പറയുമെന്ന വിവരവും ധരിച്ചു. ഞാന്‍ കുതുകിയായി. ചില കൂട്ടരോടൊത്ത് അയാളെക്കാണാന്‍ ചെന്നു. ഞങ്ങള്‍ക്കോരോരുത്തനും മനസ്സില്‍ ചിലതു ചോദിക്കാനുണ്ടായിരുന്നു. തെറ്റു പറ്റാതിരിക്കാന്‍ ഞങ്ങള്‍ ചോദ്യങ്ങള്‍ എഴുതി പോക്കറ്റിലിട്ടു. അയാള്‍ ഞങ്ങളിലൊരുവനെ കണ്ടയുടന്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ എടുത്തു പറഞ്ഞു. അവയ്ക്കുത്തരവും തന്നു. പിന്നെ അയാള്‍ കടലാസ്സില്‍ ചിലതെഴുതി, മടക്കി, പുറത്തടയാളം വെയ്ക്കാന്‍ എന്നോടാവശ്യപ്പെട്ടിട്ടു പറഞ്ഞു: ‘അതു നോക്കേണ്ട. നിങ്ങളുടെ പോക്കറ്റിലിടുക. ഞാന്‍ ചോദിക്കുന്നതുവരെ അതവിടെ കിടക്കട്ടെ.’ അങ്ങനെ മുറയ്ക്ക് ഒരോരുത്തനോടും അടുത്തതായി ഭാവിയില്‍ ഞങ്ങള്‍ക്കു ഭവിക്കുന്ന ചില സംഗതികള്‍ അയാള്‍ ഞങ്ങളോടു പ്രവചിച്ചു. പിന്നെ പറഞ്ഞു: ‘ഇനി, ഒരു വാക്കോ വാക്യമോ വിചാരിക്കുക. നിങ്ങള്‍ക്കിഷ്ടമുള്ള ഏതെങ്കിലും ഭാഷയില്‍നിന്ന്.’ ഞാന്‍ സംസ്കൃതത്തിലെ ഒരു നെടുങ്കന്‍ വാക്യം ഓര്‍ത്തു. അയാള്‍ക്കറിഞ്ഞുകൂടാത്ത ഒരു ഭാഷ. ‘ഇനി പോക്കറ്റില്‍ നിന്നു കടലാസെടുക്കുക.’ അയാള്‍ പറഞ്ഞു. ആ സംസ്കൃതവാക്യമുണ്ട്, അവിടെ എഴുതിയിരിക്കുന്നു! അയാള്‍ അത് ഒരു മണിക്കൂര്‍ മുമ്പേ എഴുതിയിരുന്നു. ‘ഞാന്‍ എഴുതിയിട്ടുള്ളതിന്നുറപ്പായി ഈ മനുഷ്യന്‍ ഈ വാചകം വിചാരിക്കും’ എന്നു നിരൂപിച്ചിട്ട് അതു ശരിയായിരുന്നു. ഞങ്ങളില്‍ വേറൊരാളോടും ഒരു വാചകം വിചാരിക്കാന്‍ പറഞ്ഞു. അയാളും അതുപോലൊരു കടലാസ്സ് എഴുതിക്കിട്ടിയത് അടയാളം വെച്ചു പോക്കറ്റിലിട്ടിരുന്നു. അയാള്‍ അറബിയിലാണ് ഒരു വാക്യം വിചാരിച്ചത്. അതറിയാന്‍ ആ മനുഷ്യന് അത്രയും ഇടയില്ല. അതു ഖുര്‍-ആനിലെ ഏതോ ഒരു വാക്യമായിരുന്നു. ഇതും കടലാസ്സില്‍ എഴുതിയിരുന്നതായി എന്റെ സ്നേഹിതന്‍ കണ്ടു.

ഞങ്ങളില്‍ വേറൊരുവന്‍ വൈദ്യനായിരുന്നു. അയാള്‍ ജര്‍മ്മന്‍ ഔഷധഗ്രന്ഥത്തില്‍നിന്ന് ഒരു വാക്യമാണ് വിചാരിച്ചത്. അത് അയാളുടെ കടലാസ്സിലും എഴുതിയിരുന്നു.

കുറേ നാളുകള്‍ക്കുശേഷം ഞാന്‍ ഈ മനുഷ്യന്റെയടുക്കല്‍ വീണ്ടും ചെന്നു. മുമ്പു ഞാന്‍ ഏതോ തരത്തില്‍ വ്യാമോഹിപ്പിക്കപ്പെട്ടതാവണം എന്നു വിചാരിച്ചുകൊണ്ട് മറ്റു സ്നേഹിതന്മാരെയും കൂട്ടി. ഇത്തവണയും അയാള്‍ ആശ്ചര്യകരമാംവണ്ണം വിജയിച്ചു പുറത്തു വന്നു.

വേറൊരിക്കല്‍ ഞാന്‍ ഭാരതത്തിലെ ഹൈദ്രാബാദ് നഗരത്തിലായിരുന്നു. അവിടെയൊരു ബ്രാഹ്മണനെപ്പറ്റി എന്നോടു ചിലര്‍ പറഞ്ഞു. അയാള്‍ക്ക് അനേകം സാധനങ്ങള്‍ ഉളവാക്കാം. എവിടെ നിന്നെന്ന് ആര്‍ക്കും അറിവില്ല. അയാള്‍ അവിടെ പ്രവൃത്തിയിലാണ്, ഒരു മാന്യസജ്ജനം, ഈ സൂത്രങ്ങള്‍ എനിക്കു കാണിച്ചു തരണമെന്ന് ഞാന്‍ അയാളോടു പറഞ്ഞു. യാദൃച്ഛികമായിട്ടാണ്, അയാള്‍ക്കെന്തോ പനിയായിരുന്നു. ഭാരതത്തില്‍ പരക്കെ ഒരു വിശ്വാസമുണ്ട്, ഒരു പുണ്യപുരുഷന്‍ രോഗിയുടെ മേല്‍ കൈവെച്ചാല്‍ അയാള്‍ സ്വസ്ഥനാകുമെന്ന്. ഈ ബ്രാഹ്മണന്‍ എന്റെയടുക്കല്‍ വന്നു. ‘മഹാത്മന്‍, അങ്ങയുടെ കൈ എന്റെ നെറ്റിയില്‍ വെച്ചാലും, എന്റെ പനി പോകട്ടെ’ എന്നായി. ആകട്ടെ, കൊള്ളാം. പക്ഷേ നിങ്ങളുടെ സൂത്രങ്ങള്‍ എനിക്കു കാണിച്ചുതരൂ’ എന്നു ഞാനും. അയാള്‍ സമ്മതിച്ചു. അയാള്‍ ആഗ്രഹിച്ചതിന്‍വണ്ണം ഞാന്‍ അയാളുടെ നെറ്റിയില്‍ കൈവെച്ചു. പിന്നീട് അയാള്‍ വാഗ്ദാനം നിറവേറ്റാന്‍ വന്നു. അയാളുടെ അരയ്ക്ക് ഒരു കീറത്തുണിയേ ഉള്ളൂ. ബാക്കിയെല്ലാം മാറ്റിവെച്ചു. എന്റെ പക്കല്‍ ഒരു പുതപ്പുണ്ട്, തണുപ്പായിരുന്നതുകൊണ്ട് അതു ഞാന്‍ അയാള്‍ക്കു ചുറ്റിപ്പുതയ്ക്കാന്‍ കൊടുത്തു. അയാളെ ഒരു സ്ഥലത്തിരുത്തി. ഇരുപത്തഞ്ചു ജോഡി കണ്ണുകള്‍ അയാളെ ഉറ്റുനോക്കുന്നു. അയാള്‍ പറഞ്ഞു: ‘ഇതാ നോക്കൂ. നിങ്ങള്‍ക്കു വേണ്ടതെന്തെന്നാല്‍ എഴുതുക’ ഞങ്ങളെല്ലാം ആ നാട്ടിലൊരിക്കലും ഉണ്ടാകാത്ത പഴങ്ങളുടെ പേരുകളെഴുതി-മുന്തിരിക്കുലകളെന്നും, മധുരനാരങ്ങയെന്നും മറ്റും. ആ കടലാസ്സുകഷണങ്ങള്‍ അയാള്‍ക്കു കൊടുത്തു. ഉടന്‍ വന്നു, അയാളുടെ പുതപ്പിന്റെ അടിയില്‍നിന്നു കൊട്ടക്കണക്കിനു മുന്തിരിങ്ങയും നാരങ്ങയും മറ്റും. ആ പഴമെല്ലാംകൂടെ തൂക്കിയാല്‍ അയാളുടെ ഇരട്ടി തൂക്കം കാണും. അയാള്‍ ഞങ്ങളോട് ആ പഴങ്ങള്‍ തിന്നാന്‍ പറഞ്ഞു. ഞങ്ങളില്‍ ചിലര്‍ മടിച്ചു. അതു മയക്കുവിദ്യയാണെന്നു വിചാരിച്ചിട്ട്. പക്ഷേ ആ മനുഷ്യന്‍ സ്വയം തിന്നുതുടങ്ങി. അപ്പോള്‍ ഞങ്ങളെല്ലാവരും തിന്നു. അതൊക്കെ നന്നായിരുന്നു.

അയാള്‍ റോസാപ്പുക്കൂട്ടമുളവാക്കി അവസാനിപ്പിച്ചു. ഓരോ പൂവും അവികലം, ഇതളുകളില്‍ മഞ്ഞുതുള്ളിവരെ-ഒന്നും ഉടഞ്ഞിരുന്നില്ല. ഒന്നും ചതഞ്ഞിരുന്നില്ല. അതോ, അവയുടെ കൂട്ടങ്ങള്‍തന്നെ! വിശദീകരണം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഇതെല്ലാം കയ്യടക്കമാണ്. ’

എന്തായാലും അതു വെറും കയ്യടക്കമാകുക അസാധ്യമെന്നു തോന്നി. എവിടെനിന്നാവാം ഇത്ര വലിയ അളവില്‍ സാധനങ്ങള്‍ കിട്ടാന്‍ അയാള്‍ക്ക് കഴിഞ്ഞത്?

ശരി, ഇങ്ങനെ പലതും ഞാന്‍ കണ്ടു. ഭാരതത്തില്‍ പര്യടനം ചെയ്താല്‍ ഇത്തരം കാര്യങ്ങള്‍ നൂറുകണക്കിനു കാണാം. ഇവ എല്ലാ നാടുകളിലുമുണ്ട്. ഈ നാട്ടിലും കാണാം, ഇത്തരം ചില അത്ഭുതസംഗതികള്‍. സ്വാഭാവികമായും ഇതില്‍ കുറെ ചതിയുണ്ട്. സംശയമില്ല. എന്നാല്‍ ചതി കാണുമ്പോഴൊക്കെ അതൊരനുകരണമാണെന്നു നിങ്ങള്‍ക്കു സമ്മതിക്കേണ്ടിവരും. കുറച്ചു സത്യം എവിടെയോ ഉണ്ടാവണം. അതിനെയാണനുകരിക്കുന്നത്. ശൂന്യത്തെ അനുകരിക്കാന്‍ വയ്യ. വസ്തുതയാ സത്യമായ ഒന്നിന്റെയാവണം അനുകരണം.

ഭാരതത്തില്‍, അതിപുരാതനകാലങ്ങളില്‍, ആയിരമായിരത്താണ്ടുകള്‍ക്കുമുമ്പ്, ഇന്നത്തേതിലും കൂടുതല്‍ ഇത്തരം വസ്തുതകള്‍ സംഭവിച്ചിരുന്നു. നാട്ടില്‍ ആളുകള്‍ വളരെ തിങ്ങിപ്പാര്‍പ്പാക്കുമ്പോള്‍ മാനസികശക്തി ക്ഷയിക്കുമെന്ന് എനിക്കു തോന്നി. ആള്‍പ്പാര്‍പ്പു ചുരുങ്ങിയ വലിയൊരു നാടുണ്ടെങ്കില്‍ അവിടെ, പക്ഷേ മാനസികശക്തി അധികമുണ്ടാവാം. അപഗ്രഥനമനസ്സായ ഹിന്ദു ഈ വസ്തുതകളെ എടുത്തന്വേഷിച്ചു. അവര്‍ ചില അത്ഭുതസിദ്ധാന്തങ്ങളിലെത്തുകയും ചെയ്തു. അതായത്, അവര്‍ അതിനെക്കൊണ്ടൊരു ശാസ്ത്രമുണ്ടാക്കി. ഇതെല്ലാം അസാധാരണങ്ങളെങ്കിലും പ്രകൃതിയില്‍ പെട്ടവതന്നെ എന്നവര്‍ കണ്ടെത്തി. പ്രകൃതിയില്‍ കവിഞ്ഞൊന്നുമില്ല. അവ നിയമവിധേയങ്ങളാണ്. മറ്റേതൊരു ഭൌതികപ്രതിഭാസവും പോലെതന്നെ. ഒരുവന്‍ അത്തരം സിദ്ധികളുമായി ജനിക്കുന്നതു പ്രകൃതിയുടെ ചാപല്യമല്ല. അവയെ മുറയ്ക്കു പഠിക്കാം, അഭ്യസിക്കാം, ആര്‍ജ്ജിക്കാം. ഈ ശാസ്ത്രത്തെ അവര്‍ ‘രാജയോഗ’മെന്നു വിളിക്കുന്നു. ഈ ശാസ്ത്രപ്പഠിപ്പു പുലര്‍ത്തുന്നവര്‍ ആയിരക്കണക്കിനുണ്ട്. ആ ജനതയ്ക്കു മുഴുവന്‍ ഇത് ആഹ്നികോപാസനയുടെ ഒരംശവുമായിരിക്കുന്നു.

അവര്‍ എത്തിച്ചേര്‍ന്ന സിദ്ധാന്തം. ഈ അസാധാരണസിദ്ധികളെല്ലാം മനുഷ്യന്റെ മനസ്സിലുണ്ടെന്നാണ്. ഈ മനസ്സ് വിശ്വമനസ്സിന്റെ ഒരംശമാണ്. ഓരോ മനസ്സും മറ്റൊരോ മനസ്സുമായി സംബന്ധമാണ്. ഓരോ മനസ്സും, അത് എവിടെ നിലകൊള്ളുന്നതായാലും സമസ്തലോകവുമായി സത്യമായ സംസര്‍ഗ്ഗത്തിലാണ്.

വിചാരസംക്രമണമെന്ന പ്രതിഭാസം എന്നെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇവിടെ ഒരുവന്‍ ഒന്നു വിചാരിക്കുന്നു, ആ വിചാരം വേറൊരിടത്തു വേറൊരുവനില്‍ വെളിപ്പെടുന്നു. യാദൃച്ഛികമായല്ല. കരുതിക്കൂട്ടി ഒരുവന്‍ ദൂരെയുള്ള വേറൊരു മനസ്സിലേക്ക് ഒരു വിചാരമയയ്ക്കാന്‍ ഇച്ഛിക്കുന്നു. ആ മറ്റേ മനസ്സിന് ഒരു വിചാരം വരുന്നുണ്ടെന്നറിയാം. അത് അയച്ച പ്രകരമോ സ്വീകരിക്കയും ചെയ്യുന്നു. ദൂരം ഒരു വ്യത്യാസവും വരുത്തുന്നില്ല. വിചാരം ചെന്നു മറ്റവനെ പ്രാപിക്കയും അവനതു മനസ്സിലാക്കയും ചെയ്യുന്നു. നിങ്ങളുടെ മനസ്സ് ഒരൊറ്റപ്പെട്ട വസ്തു. ഇവിടെ എന്റെ മനസ്സ് ഒരൊറ്റപ്പെട്ട വസ്തു. അവിടെ ഇവയ്ക്കു തമ്മില്‍ ബന്ധവുമില്ല-എങ്കില്‍ എന്റെ വിചാരത്തിന് എങ്ങനെ നിങ്ങളെ പ്രാപിക്കാനാവും? സാധാരണാര്‍ത്ഥത്തില്‍ നിങ്ങളെ നേരിട്ടു പ്രാപിക്കുന്നത് എന്റെ വിചാരമല്ല. പിന്നെയോ, എന്റെ വിചാരത്തെ അംബരസ്പന്ദങ്ങളായി പ്രലയിപ്പിക്കണം. ആ അംബരസ്പന്ദങ്ങള്‍ നിങ്ങളുടെ മസ്തിഷ്കത്തില്‍ കടക്കും. അവയെ പിന്നെ നിങ്ങളുടെ സ്വന്തം വിചാരങ്ങളായി പ്രഭവിപ്പിക്കണം. ഇവിടെ ഒരു വിചാരപ്രലയനം. അവിടെ ഒര വിചാരപ്രഭവനം. ഇതൊരു വട്ടംചുറ്റുന്ന രീതിയാണ്. എന്നാല്‍ ദൂരശ്രവണത്തില്‍ അങ്ങനെയൊന്നുമില്ല. അതു നേരിട്ടാണ്.

ഇതു കാണിക്കുന്നത്, യോഗികള്‍ പറയുംപോലെ, മനസ്സിനു തുടര്‍ച്ചയുണ്ട്. മനസ്സ് വൈശ്വമാണ്. നിങ്ങളുടെ മനസ്സ്, എന്റെ മനസ്സ്, ഈ ചെറുമനസ്സുകളെല്ലാം ആ വിശ്വമനസ്സിന്റെ ശകലങ്ങളാണ്. കടലിലെ ചിറ്റലകള്‍. ഈ തുടര്‍ച്ചകാരണം നമുക്ക് അന്യോന്യം നേരിട്ടു വിചാരസഞ്ചാരണം നടത്താം.

നമ്മുടെ ചുറ്റും നടക്കുന്നതെന്തെന്നു നോക്കൂ, ഈ ലോകം വശീകരണാത്മകമാണ്. നമ്മുടെ ശക്തിയുടെ ഒരു ഭാഗം സ്വശരീരത്തിന്റെ സംരക്ഷണത്തിനു ചെലവാകുന്നു. അതില്‍ കവിഞ്ഞ ശക്തിയുടെ ഒരോ കണികയും രാപകലുപയോഗിക്കുന്നതു മറ്റുള്ളവരെ വശീകരിക്കുന്നതിലാണ്. നമ്മുടെ ശരീരങ്ങള്‍, നമ്മുടെ ഗുണങ്ങള്‍, നമ്മുടെ ബുദ്ധി, നമ്മുടെ ആദ്ധ്യാത്മികത-ഇതെല്ലാം തുടര്‍ച്ചയായി മറ്റുള്ളവരെ വശീകരിക്കയാണ്. അതുപോലെ, മറിച്ച്, നമ്മള്‍ അവരാലും വശീകരിക്കപ്പെടുന്നുണ്ട്. ഇതു നമ്മുടെ ചുറ്റും നടന്നുകൊണ്ടേയിരിക്കുന്നു. ഒരു മൂര്‍ത്തദൃഷ്ടാന്തം എടുക്കാം. ഒരാള്‍ വരുന്നു-നിങ്ങള്‍ക്കറിയും അയാള്‍ വളരെ പഠിച്ചവനാണ്. ഭാഷ സുന്ദരമാണ്, ഒരു മണിക്കൂറോളം നിങ്ങളോടു സംസാരിക്കയും ചെയ്യുന്നു. പക്ഷേ അയാള്‍ ഒരു മുദ്രയും പതിപ്പിക്കുന്നില്ല. വേറൊരാള്‍ വരുന്നു-ചുരുക്കം വാക്കുകള്‍ പറയുന്നു, നല്ല അടുക്കിലല്ല. വ്യാകരണപ്പിഴയുണ്ടാവാം. എന്നിരിക്കിലും അയാള്‍ വളരെ വലിയ മുദ്ര പതിപ്പിക്കുന്നു. നിങ്ങളില്‍ പലരും അതു കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇതു വ്യക്തമാണ്. വെറും വാക്കുകള്‍ക്ക് എപ്പോഴും മതിപ്പുണ്ടാക്കുക സാധ്യമല്ല. വാക്കുകള്‍, വിചാരങ്ങള്‍പോലും, മതിപ്പുണ്ടാക്കുന്നതില്‍ വശീകരണത്തിന്റെ മൂന്നിലൊന്നേ നല്‍കുന്നുള്ളു. ആ മനുഷ്യന്‍ മൂന്നില്‍ രണ്ടും. പൌരുഷകാന്തശക്തിയെന്നു നിങ്ങള്‍ പറയാറുണ്ടല്ലോ-അതാണ് ബഹിര്‍ഗ്ഗമിച്ചു മതിപ്പുണ്ടാക്കുന്നത്.

നമ്മുടെ കുടുംബങ്ങളില്‍ കാരണവന്മാരുണ്ട്. അവരില്‍ കുറച്ചു പേര്‍ വിജയികളാണ്. മറ്റുള്ളവര്‍ അല്ല. എന്തുകൊണ്ട്? നമ്മുടെ പരാജയങ്ങളില്‍ നാം മറ്റുള്ളവരെപ്പറ്റി പരാതിപ്പെടുന്നു. പരാജിതനായ നിമിഷം ഞാന്‍ പറയും, ഇന്നയാളാണ് പരാജയഹേതുവെന്ന്. പരാജയങ്ങളില്‍ സ്വന്തം കുറ്റങ്ങളും ദൌര്‍ബ്ബല്യങ്ങളും സമ്മതിച്ചുകൊള്ളാന്‍ നമുക്കിഷ്ടമില്ല. താന്‍ സ്വയം കുറ്റമറ്റവനെന്നുറപ്പിക്കാനും വല്ലവരേയുമോ വല്ലതിനേയുമോ ദൌര്‍ഭാഗ്യത്തെയോ പഴിചാരാനുമാണ് ഓരോരുത്തനും ശ്രമിക്കുന്നത്. കുടുംബത്തലവന്മാര്‍ പരാജയപ്പെടുമ്പോള്‍, ചിലര്‍ എത്രയും നന്നായി കുടുംബം ഭരിക്കുന്നതും മറ്റുള്ളവര്‍ അങ്ങനെ ചെയ്യാതിരിക്കുന്നതും എന്തുകൊണ്ടെന്ന് തന്നെത്താന്‍ ചോദിക്കേണ്ടതാണ്. അപ്പോള്‍ നിങ്ങള്‍ക്കു കാണാം, വ്യത്യാസം ആളിനെ ആശ്രയിച്ചിരിക്കുന്നെന്ന്-അയാളുടെ സാന്നിധ്യത്തെ, പൌരുഷത്തെ.

മനുഷ്യവര്‍ഗ്ഗത്തിന്റെ മഹാനേതാക്കളിലേക്കു വരുമ്പോള്‍ നമുക്കെപ്പോഴും കാണാം, ആളിന്റെ പൌരുഷമാണ് എണ്ണപ്പെട്ടിരുന്നതെന്ന്. ഇനി, കഴിഞ്ഞ കാലത്തെ മഹാഗ്രന്ഥകാരന്മാരെയെല്ലാം എടുക്കാം. മഹാചിന്തകന്മാരെ. വാസ്തവം പറഞ്ഞാല്‍, എത്ര ചിന്തകള്‍ അവര്‍ ചിന്തിച്ചിട്ടുണ്ട്? മനുഷ്യവര്‍ഗ്ഗത്തിന്റെ കഴിഞ്ഞുപോയ നായകന്മാര്‍ എഴുതി നമുക്കായി തന്നുപോയിട്ടുള്ളതെല്ലാം എടുക്കുക. അവരുടെ ഗ്രന്ഥങ്ങള്‍ ഒരോന്നും എടുത്തു വിലയിരുത്തുക. ഈ ലോകത്തില്‍ ഇന്നോളം ചിന്തിക്കപ്പെട്ടിട്ടുള്ള യഥാര്‍ത്ഥചിന്തകള്‍-നവവും ശുദ്ധവും-ആകെക്കൂടി ഒരു പിടിയേ ഉള്ളൂ. അവര്‍ നമുക്കു തന്നുപോയിട്ടുള്ള ചിന്തകള്‍, അവരുടെ ഗ്രന്ഥങ്ങളില്‍ വായിക്കുക. ഗ്രന്ഥകാരന്മാര്‍ അതിമാനുഷന്മാരെന്നു തോന്നുന്നില്ല. എങ്കിലും അവരുടെ നാളുകളില്‍ അവര്‍ അതിമാനുഷന്മാരായിരുന്നെന്നു നമുക്കറിയാം. എന്താണ് അവരെ അങ്ങനെയാക്കിയത്? അവര്‍ ചിന്തിച്ച ചിന്തകള്‍മാത്രമല്ല. അവര്‍ എഴുതിയ ഗ്രന്ഥങ്ങളുംഅവരുടെ പ്രസംഗങ്ങളുമല്ല. അത് ഇന്നു പൊയ്പ്പോയിരിക്കുന്ന മറ്റെന്തോ ആണ്. അതവരുടെ പൌരുഷമാണ്. ഞാന്‍ നേരത്തേ നിരൂപിച്ചതുപോലെ ഒരു മനുഷ്യന്റെ പൌരുഷം മൂന്നില്‍ രണ്ട്, അയാളുടെ ബുദ്ധിയും അയാളുടെ വാക്കുകളും മൂന്നിലൊന്നുമാത്രം. യഥാര്‍ത്ഥമനുഷ്യന്‍, ആ മനുഷ്യന്റെ പൌരുഷം, അതാണ് നമ്മിലൂടെ പറയുന്നത്. നമ്മുടെ പ്രവൃത്തികള്‍ ഫലങ്ങള്‍മാത്രം. ആ മനുഷ്യന്‍ അവിടെയുള്ളപ്പോള്‍, പ്രവൃത്തികള്‍ വരികതന്നെ വേണം. ഫലം ഹേതുവെ പിന്‍തുടരാന്‍ നിര്‍ബ്ബദ്ധമാണ്.

എല്ലാ വിദ്യാഭ്യാസത്തിന്റേയും സര്‍വ്വശിക്ഷണങ്ങളുടേയും ആദര്‍ശം ഈ മനുഷ്യനിര്‍മ്മാണമായിരിക്കണം. അതിനുപകരം നമ്മളെപ്പോഴും നോക്കുന്നതു പുറം മിനുക്കാനാണ്. അകമേ ഇല്ലാതിരിക്കെ, പുറം മിനുക്കിയിട്ടെന്തു പ്രയോജനം? സര്‍വ്വശിക്ഷണത്തിന്റേയും അന്ത്യവും ലക്ഷ്യവും മനുഷ്യനെ വളര്‍ത്തലാണ്. വശീകരിക്കുന്ന മനുഷ്യന്‍, സഹജീവികളുടെമേല്‍ തന്റെ ഇന്ദ്രജാലം വീശുന്ന മട്ടുള്ളവന്‍, ഒരു ശക്തികൂടമാണ്. ആ മനുഷ്യന്‍ തയ്യാറായിക്കഴിഞ്ഞാല്‍ അയാള്‍ക്കിഷ്ടമുള്ള എന്തും ഏതും ചെയ്യാന്‍ കഴിയും. ആ പൌരുഷം ഏതിന്മേല്‍ വിന്യസ്തമായാലും, അതിനെ പ്രവര്‍ത്തിപ്പിക്കും.

ഇതൊരു വസ്തുതയാണെന്നു നാം കാണുന്നെങ്കിലും നമുക്കറിവുളള ഒരു ഭൌതികനിയമവും ഇതിനെ വ്യാഖ്യാനിക്കയില്ല. രാസവും ഭൌതികവുമായ വിജ്ഞാനംവെച്ച് അതിനെ എങ്ങനെ വ്യാഖ്യാനിക്കാന്‍? എന്തുമാത്രം ഓക്സിജന്‍, ഹൈഡ്രജന്‍, കാര്‍ബണ്‍-ഏതെല്ലാം നിലയിലുള്ള എത്ര ഭൌതികാണുക്കള്‍, എത്ര അണുകോശങ്ങള്‍, ഇങ്ങനെ ഏതിനെങ്കിലും കഴിയുമോ, ഈ ഗഹനപൌരുഷത്തെ വ്യാഖ്യാനിക്കാന്‍? എന്നിട്ടും അതൊരു വസ്തുതയെന്നു നാം കാണുന്നു. മാത്രവുമല്ല, അതാണ് പരമാര്‍ത്ഥമനുഷ്യന്‍. ആ മനുഷ്യനാണ് ജീവിക്കുന്നതും ചരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ആ മനുഷ്യനാണ് വശീകരിക്കുന്നതും സഹജീവികളെ ഇളക്കുന്നതും ബഹിഷ്ക്രമിക്കുന്നതും അയാളുടെ ബുദ്ധിയും പുസ്തകങ്ങളും കര്‍മ്മങ്ങളുമെല്ലാം അയാള്‍പിന്നിട്ട പാടുകള്‍മാത്രം. ഇതു ചിന്തിക്കുക. മതമഹാചാര്യന്മാരെ മഹാദാര്‍ശനികന്മാരോടു താരതമ്യം ചെയ്യുക. ദാര്‍ശനികന്മാര്‍ ചുരുക്കമായിട്ടേ ആരുടെയെങ്കിലും അന്തഃപുരുഷനെ വശീകരിച്ചിട്ടുള്ളു. നേരെമറിച്ച്, മതാചാര്യന്മാര്‍, അവരുടെ ആയുഷ്കാലത്തുതന്നെ രാജ്യങ്ങളെ ഇളക്കി. വ്യത്യാസം പൌരുഷം കൊണ്ടുണ്ടായതാണ്. ദാര്‍ശനികനില്‍ ഒരു മങ്ങിയ പൌരുഷമാണ് വശീകരിക്കുന്നത്. മഹാപ്രവാചകന്മാരില്‍ അതു ഭയങ്കരമാണ്. മുമ്പത്തേതില്‍ നാം ബുദ്ധിയെ സ്പര്‍ശിക്കുന്നു. മറ്റേതില്‍ ജീവിതത്തെ സ്പര്‍ശിക്കുന്നു. ഒന്നു വെറും രാസപ്രക്രിയയാണ്-ചില രാസാംശങ്ങള്‍ ഒന്നിച്ചുകൂട്ടുന്നു. അവ ക്രമേണ കലരുന്നു. പറ്റിയ പരിസ്ഥിതികളില്‍ വെളിച്ചത്തിന്റെ ഒരു മിന്നല്‍ ഉണ്ടാക്കുന്നു, അഥവാ പരാജയപ്പെടുന്നു. മറ്റേതു സത്വരം ചുറ്റി, മറ്റുള്ളവയെ കൊളുത്തുന്ന പന്തം പോലെയാണ്.

ഈ പൌരുഷത്തെ വികസിപ്പിക്കുന്ന നിയമങ്ങള്‍ സ്വയം കണ്ടുപിടിച്ചിട്ടുണ്ടെന്നും, ആ നിയമങ്ങളിലും മുറകളിലും മനസ്സിരുത്തിയാല്‍ നമുക്കോരോരുത്തനും വളര്‍ന്നു പൌരുഷത്തെ ബലപ്പെടുത്താമെന്നും യോഗശാസ്ത്രം അവകാശപ്പെടുന്നു. പ്രായോഗികമായ വലിയ സംഗതികളിലൊന്നാണിത്. ഇതാണുതാനും സര്‍വ്വവിദ്യാഭ്യാസത്തിന്റെയും രഹസ്യം. ഇതിന് ഒരു വൈശ്വപ്രയോജനമുണ്ട്. ഗൃഹസ്ഥന്റെ ജീവിതത്തില്‍ ദരിദ്രന്റെയും ധനികന്റെയും വ്യാപാരിയുടെയും ആദ്ധ്യാത്മികന്റെയും എല്ലാവരുടെയും ജീവിതത്തില്‍ ഇതൊരു വലിയ സംഗതിയാണ്, ഈ പൌരുഷത്തെ ബലപ്പെടുത്തല്‍. നാം അറിയുന്നമാതിരി ഭൌതികനിയമങ്ങളുടെ പിന്നില്‍ വളരെ സൂക്ഷ്മങ്ങളായ നിയമങ്ങളുണ്ട്. എന്നുവെച്ചാല്‍ ഒരു ഭൌതികലോകം. ഒരു മാനസലോകം ഒരു ആത്മികലോകം എന്നിങ്ങനെ യാഥാര്‍ത്ഥ്യങ്ങളില്ല. ഇത് ഒരുതരം സങ്കുചിതസത്തയാണെന്നു പറയാം. സ്ഥൂലതമമായ ഭാഗം ഇവിടെയാണ്. അതു സങ്കോചിച്ചു സൂക്ഷ്മാത്സൂക്ഷ്മതരമാകുന്നു. സൂക്ഷ്മതമം ചൈതന്യമെന്നു നാം പറയുന്നതാണ് സ്ഥൂലതമം ഈ ശരീരവും. ഇവിടെ ഈ പിണ്ഡാണ്ഡത്തിലെന്നപോലെതന്നെ. അതുപോലെതന്നെയാണ് ബ്രഹ്മാണ്ഡത്തിലും നമ്മുടെ ഈ വിശ്വം അതുപോലെതന്നെ. ഇതു സ്ഥൂലമായ പുറംകട്ടിയാണ്. അതു സങ്കോചിച്ചു സൂക്ഷ്മാത്സൂക്ഷ്മതരമായി ഒടുവില്‍ ഈശ്വരനായിത്തീരുകയും ചെയ്യുന്നു.

ഏറ്റവും വലിയ ശക്തി കുടികൊള്ളുന്നതു പരുക്കനിലല്ല. നേര്‍ത്തതിലാണെന്നു നമുക്കറിയാം. ഒരുവന്‍ ഒരു പെരുംഭാരമെടുത്തുയര്‍ത്തുന്നതു നാം കാണുന്നു. അയാളുടെ മാംസപേശികള്‍ വീര്‍ക്കുന്നതു കാണാം. അയാളുടെ മേലാകേ ശ്രമലക്ഷണങ്ങളും കാണുന്നുണ്ട്. നാം വിചാരിക്കുന്നു. മാംസപേശികള്‍ ശക്തിയുറ്റവയെന്ന്. എന്നാല്‍ മാംസപേശികളിലേക്കു ശക്തിയെ ആവാഹിക്കുന്നതു നൂലുപോലെ നേര്‍ത്ത സാധനങ്ങളാണ് ഞരമ്പുകള്‍. ഈ നൂലുകളിലൊന്നു മുറിഞ്ഞുപോയി മാംസപേശികളിലെത്താതായാല്‍ അവയ്ക്കു തീരെ പ്രവര്‍ത്തിക്കുക സാധ്യമല്ല. ഈ ചെറുഞരമ്പുകള്‍ അതിലും സൂക്ഷ്മതരമായ എന്തോ ഒന്നില്‍നിന്നാണ് ശക്തികൊണ്ടുവരുന്നത്. അതും അതിന്റെ ഊഴത്തില്‍, അതിലും സൂക്ഷ്മതരമായ ഒന്നില്‍നിന്നു-വിചാരത്തില്‍നിന്നു-കൊണ്ടുവരുന്നു* ഇതിങ്ങനെ പോകുന്നു. അതുകൊണ്ട് ശക്തിയുടെ ഇരിപ്പിടം സൂക്ഷ്മമാണ്. പക്ഷേ സൂക്ഷ്മചലനങ്ങള്‍ ഉണ്ടാകുമ്പോള്‍ നമുക്കവ കാണാന്‍ കഴിയുന്നില്ല. സ്ഥൂലവസ്തു ചലിക്കുമ്പോള്‍ നാം അതു ഗ്രഹിക്കുന്നു. ചലനത്തെ സ്വാഭാവികമായി സ്ഥൂലവസ്തുക്കളോട് ഒന്നിക്കയും ചെയ്യുന്നു. എന്നാല്‍ ശക്തിയെല്ലാംതന്നെ സൂക്ഷ്മതലത്തിലത്രേ. സൂക്ഷ്മത്തില്‍ നാം ഒരു ചലവനും കാണുന്നില്ല. പക്ഷേ, ചലനം അതിതീവ്രമാകയാല്‍ നമുക്കു കാണാനാവാഞ്ഞിട്ടാവാം. എന്നാല്‍ ഏതെങ്കിലും ശാസ്ത്രം, ഗവേഷണം, പ്രകടനഹേതുക്കളായ ഈ സൂക്ഷ്മതരശക്തികളെ പിടികൂടുന്നതില്‍ നമ്മെ തുണയ്ക്കുമെങ്കില്‍ പ്രകടനവും പിടിയില്‍പ്പെടും. ഒരു ചെറുകുമിള തടാകത്തിന്റെ അടിത്തട്ടില്‍നിന്നു വരുന്നുണ്ട്. ഈ നേരമത്രയും അതു വരുന്നതു നാം കാണുന്നില്ല. മുകള്‍പ്പരപ്പില്‍ വന്നു പൊട്ടുമ്പോള്‍മാത്രം നാം കാണുന്നു. അതുപോലെ ചിന്തകളെ വന്നു പൊട്ടുമ്പോള്‍ മാത്രം നാം കാണുന്നു. അതുപോലെ ചിന്തകളെ നമുക്കു കാണാനാവുന്നത്, അവ വളരെയളവു വളര്‍ന്നതിനുശേഷമോ കര്‍മ്മങ്ങളായിക്കഴിഞ്ഞതിനുശേഷമോ മാത്രമാണ്. നാം സദാ പരാതിപ്പെടുകയാണ്. നമുക്കു നമ്മുടെ പ്രവൃത്തികളുടെമേല്‍, വിചാരങ്ങളുടെ മേല്‍, ഒരു നിയന്ത്രണവുമില്ലെന്ന്. എന്നാല്‍ അതു നമുക്കെങ്ങനെ കിട്ടാം? സൂക്ഷ്മചലനങ്ങളുടെമേല്‍ നമുക്കു പിടികിട്ടാമെങ്കില്‍, വിചാരത്തെ അതിന്റെ വേരിങ്കല്‍-അതു വിചാരമായിത്തീരുംമുമ്പേ, പ്രവൃത്തിയായിത്തീരുംമുമ്പേ-പിടികൂടാമെങ്കില്‍, അപ്പോള്‍, മുഴുവനേ നിയന്ത്രിക്കാന്‍ കഴിയൂ. ഈ സൂക്ഷ്മശക്തികളെ, സൂക്ഷ്മകാരണങ്ങളെ, അപഗ്രഥിക്കാനും അന്വേഷിക്കാനും അറിയാനും ഒടുക്കം പിടിക്കാനും കഴിയുന്ന ഒരു രീതിയുണ്ടെങ്കില്‍, അപ്പോള്‍മാത്രമേ നമ്മെത്തന്നെ പിടികിട്ടാന്‍ കഴിയൂ. തന്റെ സ്വന്തം മനസ്സിന്മേല്‍ നിയന്ത്രണമുള്ളവനു തീര്‍ച്ചയായും മറ്റെല്ലാ മനസ്സിന്റേയുമേല്‍ നിയന്ത്രണം കിട്ടുന്നു. അതുകൊണ്ടാണ് എക്കാലത്തും ശുദ്ധിയും സദാചാരവും മതവിഷയമായിരുന്നിട്ടുള്ളത്. ശുദ്ധനും സുചരിതനുമായുള്ളവന് ആത്മനിയന്ത്രണമുണ്ട്. എല്ലാ മനസ്സും സമമാണ്, ഒരേ മനസ്സിന്റെ വിവിധഭാഗങ്ങള്‍. ഒരു മണ്‍കട്ടയെ അറിയുന്നവന്‍ വിശ്വത്തിലെ മണ്ണു മുഴുവനും അറിഞ്ഞിരിക്കുന്നു. തന്റെ സ്വന്തം മനസ്സിനെ അറിയുകയും അടക്കുകയും ചെയ്യുന്നവന് എല്ലാ മനസ്സിന്റെയും രഹസ്യം അറിയാം. എല്ലാ മനസ്സിന്റെയും മേല്‍ ശക്തിയുമുണ്ട്.

നമ്മുടെ ശാരീരികതിന്മയുടെ വലിയൊരളവും പരിഹരിക്കാം. സൂക്ഷ്മാംശങ്ങളുടെമേല്‍ നമുക്കു നിയന്ത്രണമുണ്ടെങ്കില്‍, വളരെയേറെ വ്യാകുലതകളെ വലിച്ചെറിയാം. സൂക്ഷ്മചലനങ്ങളുടെമേല്‍ നമുക്കു നിയന്ത്രണമുണ്ടെങ്കില്‍, വളരെയേറെ പരാജയങ്ങള്‍ ഒഴിവാക്കാം. ഈ സൂക്ഷ്മശക്തികളുടെമേല്‍ നമുക്കു നിയന്ത്രണമുണ്ടെങ്കില്‍ ഇത്രത്തോളവും പ്രയോജനം. അതിന്നുമപ്പുറം ഉച്ചതരമായ ചിലതുണ്ട്.

ഇനി ഞാന്‍ നിങ്ങളോട് ഒരു സിദ്ധാന്തം പറയാം. അതിനെപ്പറ്റി ഇപ്പോള്‍ വാദിക്കുന്നില്ല. വെറുതെ തീരുമാനം നിങ്ങളുടെ മുമ്പില്‍ വെയ്ക്കുന്നതേയുള്ളു. ശൈശവത്തില്‍ ഓരോ മനുഷ്യനും, സ്വവംശം കയറിപ്പോന്നിട്ടുള്ള പടികളില്‍ക്കൂടി ഓടുന്നുണ്ട്. വംശത്തിന് ആയിരക്കണക്കില്‍ വര്‍ഷങ്ങളെടുത്തെങ്കില്‍, ശിശുവിനു കുറച്ചു വര്‍ഷങ്ങളേ വേണ്ടു. ശിശു ആദ്യം ആ പഴയ പ്രാകൃതമനുഷ്യനാണ്- അവന്‍ ആ ശലഭത്തെ ചവിട്ടടിയിലിട്ടരയ്ക്കയും ചെയ്യുന്നു. തന്റെ വംശത്തിന്റെ പ്രഥമ പിതാമഹന്മാരെപ്പോലെയാണ് ശിശു ആദ്യം. വളരുന്നതോടെ അവന്‍ പല പടികളില്‍ക്കൂടി കടന്നുപോകുന്നു, ഒടുവില്‍ സ്വവംശവികാസത്തെ പ്രാപിക്കുന്നു. അവന്‍ അതു പെട്ടെന്നും വേഗത്തിലും ചെയ്യുന്നെന്നുമാത്രം ഇനി, മാനവവര്‍ഗ്ഗത്തെ മുഴുവന്‍ ഒരു വംശമായെടുക്കുക. അഥവാ ജന്തുവര്‍ഗ്ഗം മുഴുവനെടുക്കുക. മനുഷ്യനും താണ ജന്തുക്കളും കൂടെ ഒറ്റസ്സമഷ്ടിയായിട്ട്. ഒരു ലക്ഷ്യമുണ്ട്, ഈ സമഷ്ടി അങ്ങോട്ടു നീങ്ങുകയാണ്. അതിനെ നാം സംസിദ്ധിയെന്നു വിളിക്കുക. മനുഷ്യവര്‍ഗ്ഗത്തിന്റെ പുരോഗതി മുഴുവന്‍ മുന്‍കൂട്ടി കാണുന്ന ചില പുരുഷന്മാരും സ്ത്രീകളുമുണ്ട്. മനുഷ്യവംശം മുഴുവന്‍ സംസിദ്ധിയെ പ്രാപിക്കുംവരെ കാത്തിരിക്കയും യുഗങ്ങളായി മേല്‍ക്കുമേല്‍ പുനര്‍ഭവിക്കയും ചെയ്യുന്നതിനുപകരം. അവര്‍ കുറഞ്ഞ കാലപിരിധിക്കുള്ളില്‍ അവയിലൂടെ ഓടിപ്പോകുന്നതുപോലെയാണ്. നാം നമ്മോടുതന്നെ നേരുള്ളവരാണെങ്കില്‍ ആ പരിപാടികളെ ത്വരിപ്പിക്കാമെന്നു നമുക്കറികയും ചെയ്യാം. കുറച്ചുപേരെ, ഒരു സംസ്കാരവും കൂടാതെ ഒരു ദ്വീപില്‍ ജീവിക്കാന്‍ വിടുകയും ഉണ്ണാനും ഉടുക്കാനും കിടക്കാനും കഷ്ടിച്ചു വേണ്ടതു കൊടുക്കയും ചെയ്താല്‍ അവര്‍ പരിഷ്കാരത്തിന്റെ ഉത്തരോത്തരം ഉന്നതങ്ങളായ ഘടകങ്ങളെ ഉളവാക്കിയുംകൊണ്ടു ക്രമേണ മുന്നോട്ടു മുന്നോട്ടു പോകും. ഈ വളര്‍ച്ചയെ അധികോപായങ്ങള്‍കൊണ്ടു ത്വരിപ്പിക്കാമെന്നും നമുക്കറിയാം. നാം മരങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നുണ്ട്. ഇല്ലേ? പ്രകൃതിക്കു വിട്ടുകൊടുത്താല്‍ അവ വളരും. കൂടുതല്‍ നീണ്ടകാലമെടുക്കുമെന്നുമാത്രം. അന്യഥാ എടുക്കുന്നതിലും കുറഞ്ഞകാലംകൊണ്ടു വളരാന്‍ നാം അവയെ സഹായിക്കുന്നു. നാം എന്നും ചെയ്യുന്നത് അതുതന്നെയാണ്. കൃത്രിമോപായങ്ങള്‍കൊണ്ടു സാധനങ്ങളുടെ വളര്‍ച്ചയെ ത്വരിപ്പിക്കല്‍. മനുഷ്യന്റെ വളര്‍ച്ചയെ എന്തുകൊണ്ടു ത്വരിപ്പിക്കാനാവില്ല? ഒരു വംശമെന്ന നിലയ്ക്ക് അതു നമുക്കു കഴിയും. മറ്റു രാജ്യങ്ങളിലേക്കു ആചാര്യന്മാരെ അയയ്ക്കുന്നതെന്തുകൊണ്ട്? എന്തെന്നാല്‍ ഈ ഉപായങ്ങള്‍കൊണ്ട് വംശത്തിന്റെ വളര്‍ച്ചയെ നമുക്കു ത്വരിപ്പിക്കാം. അപ്പോള്‍ വ്യക്തികളുടെ വളര്‍ച്ചയെ ത്വരിപ്പിക്കാനാവില്ലേ? ആവും. ത്വരയ്ക്കതിരിടാനാവുമോ? ഒരുവന് ഒരു ജന്മം എത്രത്തോളം വളരാമെന്നു നമുക്കു പറഞ്ഞുകൂടാ. ഒരു മനുഷ്യന്ന് ഇത്രയേ ചെയ്യാവൂ അധികം വയ്യ എന്നു പറയാന്‍ നിങ്ങള്‍ക്കു യുക്തിയില്ല. പരിസ്ഥിതികള്‍ക്കു അയാളെ ആശ്ചര്യകരമായി ത്വരിപ്പിക്കാം. അപ്പോള്‍ വല്ല അതിരുമുണ്ടാകുമോ? നിങ്ങള്‍ സംസിദ്ധനാവുംവരെ അതുകൊണ്ട് എന്തു വന്നുകൂടുന്നു? ഒരു സംസിദ്ധപുരുഷന്‍, അതായത് ഈ വംശത്തിന്റെ – വത്സരദശലക്ഷങ്ങള്‍ കഴിഞ്ഞാവാം- വരാനിരിക്കുന്ന മാതൃക, ആ മനുഷ്യന്‍ ഇന്നു വരാമെന്ന്. യോഗികള്‍ പറയുന്നതും ഇതുതന്നെ. എല്ലാ വലിയ അവതാരങ്ങളും പ്രവാചകന്മാരും അത്തരക്കാരായിരുന്നെന്ന്. അവര്‍ ഈ ഒരു ജന്മത്തില്‍ത്തന്നെ സംസിദ്ധരായെന്ന്. നമുക്ക് അത്തരക്കാരുണ്ടായിരുന്നിട്ടുണ്ട്. ലോകചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും എല്ലാ കാലങ്ങളിലും ഈയിടെത്തന്നെ അങ്ങനെയൊരു മനുഷ്യനുണ്ടായിരുന്നു. മനുഷ്യവംശത്തിന്റെ മുഴുവന്‍ ജീവിതം ഈ ജന്മംതന്നെ ജീവിക്കയും ലക്ഷ്യം പ്രാപിക്കയും ചെയ്തയാള്‍. വളര്‍ച്ചയുടെ ഈ ത്വരിതപ്പെടുത്തല്‍തന്നെ നിയമങ്ങള്‍ക്കധീനമായിരിക്കണം. ഈ നിയമങ്ങളെ അന്വേഷിക്കയും അവയുടെ രഹസ്യങ്ങള്‍ മനസ്സിലാക്കയും നമ്മുടെ സ്വന്തം ആവശ്യത്തിനുപയോഗിക്കയും ചെയ്യാമെങ്കിലോ, നാം വളരുന്നെന്നു വന്നുകൂടുന്നു. നാം നമ്മുടെ വളര്‍ച്ചയെ ത്വരിപ്പിക്കുന്നു. നാം നമ്മുടെ വികാസത്തെ ത്വരിപ്പിക്കുന്നു. ഈ ജന്മംതന്നെ നാം സംസിദ്ധരാവുകയും ചെയ്യുന്നു. ഇതാണ് നമ്മുടെ ജീവിതത്തിന്റെ ഉച്ചതരഭാഗം. മനസ്സിനെയും അതിന്റെ ശക്തികളെയും പഠിപ്പിക്കുന്ന ശാസ്ത്രത്തിന്റെ യഥാര്‍ത്ഥലക്ഷ്യമായുള്ളത് ഈ സംസിദ്ധിയാണുതാനും. പണവും മറ്റും ഭൌതികവസ്തുക്കളും കൊണ്ടു മറ്റുള്ളവരെ സഹായിക്കുന്നതും ദൈനന്ദിനജീവിതത്തില്‍ എങ്ങനെ ജീവിക്കുമെന്ന് അവര്‍ക്കുപദേശിക്കുന്നതും വെറും വിസ്താരങ്ങള്‍ മാത്രം.

ഈ ശാസ്ത്രത്തിന്റെ പ്രയോജനം സംസിദ്ധപുരുഷനെ ആവിഷ്കരിക്കയാണ്. അല്ലാതെ ഭൌതികപ്രപഞ്ചത്തിന്റെ കൈകളില്‍ തനിക്കളിപ്പാട്ടമായി ഒരു കഷ്ണം പൊങ്ങുതടിപോലെ തിരമാലകളില്‍ തുള്ളിമറിഞ്ഞ് യുഗങ്ങളായി കാത്തു കാത്തു കഴിയാന്‍ അവനെ വിട്ടേയ്ക്കുകയല്ല. ഈ ശാസ്ത്രം നിങ്ങളോടാവശ്യപ്പെടുന്നതു കരുത്തനാകാനും, കര്‍മ്മത്തെ പ്രകൃതിയുടെ കരങ്ങളില്‍ വിട്ടേയ്ക്കാതെ നിങ്ങളുടെ സ്വന്തം കൈകളിലെടുക്കാനും, ഈ ക്ഷുദ്രജീവിതത്തെ അതിക്രമിക്കാനുമാണ്. അതാണ് മഹത്തായ ആശയം.

മനുഷ്യന്‍ ജ്ഞാനത്തിലും ശക്തിയിലും സുഖത്തിലും വളരുകയാണ്. അനുസ്യൂതം നാം വളരുകയാണ്. ഒരു വംശമെന്ന നിലയ്ക്ക്, അതു സത്യമെന്ന്, തികച്ചും സത്യമെന്ന് നമുക്കു കാണാം. വ്യക്തികളെപ്പറ്റി ഇതു ശരിയോ? ഒട്ടളവോളം, അതേ. എന്നാലും ആ ചോദ്യം വീണ്ടും വരുന്നു. നിങ്ങള്‍ എവിടെയാണ് അതിരുറപ്പിക്കുന്നത്? ഇത്രമാത്രം ദൂരത്തോളമേ എനിക്കു കാണാനാവൂ. എന്നാല്‍, അടുത്ത മുറിയില്‍ നടക്കുന്നതെന്തെന്നു കണ്ണടച്ചു കാണുന്ന ഒരാളിനെ ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളതു വിശ്വസിക്കുന്നില്ലെങ്കില്‍, പക്ഷേ, മൂന്നാഴ്ചയ്ക്കകം നിങ്ങളെക്കൊണ്ടതു ചെയ്യിക്കാന്‍ അയാള്‍ക്കു കഴിയും. ഇത് ആര്‍ക്കും പഠിപ്പിച്ചെടുക്കാം. വേറൊരുവന്റെ മനസ്സില്‍ നടക്കുന്നതു ചിലരെ അഞ്ചു നിമിഷംകൊണ്ട് വായിപ്പിക്കാം. ഈ വസ്തുതകള്‍ കാട്ടിക്കൊടുക്കാവുന്നതാണ്.

ഇനി. ഈ സംഗതികള്‍ നേരാണെങ്കില്‍ എവിടെയാണ് ഒരതിരിടാനാവുക? ഒരുവന് ഈ മുറിയുടെ മൂലയ്ക്കു ഒരുവന്റെ മനസ്സില്‍ സംഭവിക്കുന്നതു വായിക്കാമെങ്കില്‍, അടുത്ത മുറിയിലേത് എന്തുകൊണ്ടാവില്ല? എവിടുത്തേതും എന്തുകൊണ്ടില്ല? എന്തുകൊണ്ടില്ല എന്നു നമുക്കു പറഞ്ഞുകൂടാ. അതു സാധ്യമല്ലെന്നു പറയാന്‍ നമുക്കു ത്രാണിയില്ല. നമുക്കിത്ര പറയാം: അതു നടക്കുന്നതെങ്ങനെയെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. ഇത്തരം കാര്യങ്ങള്‍ സംഭവ്യമല്ലെന്നു ജഡശാസ്ത്രജ്ഞന്മാര്‍ക്കു പറയാന്‍ ഒരധികാരവുമില്ല. ‘ഞങ്ങള്‍ക്കറിഞ്ഞുകൂടാ’ എന്നു മാത്രം പറയാം. ശാസ്ത്രം വസ്തുതകള്‍ ശേഖരിക്കണം, അവയെ വെച്ചു സമാനീകരിക്കണം. തത്ത്വങ്ങള്‍ നിഷ്പദിക്കണം. സത്യം പ്രസ്താവിക്കണം. അത്രതന്നെ. പക്ഷേ, വസ്തുതകളെ നിഷേധിച്ചുകൊണ്ടാണ് തുടങ്ങുന്നതെങ്കില്‍ എങ്ങനെ ഒരു ശാസ്ത്രമാകും?

മനുഷ്യന്നു നേടാവുന്ന ശക്തിക്കവസാനമില്ല. ഇതാണ് ഭാരതീയ മനസ്സിന്റെ അസാമാന്യത. എന്തെങ്കിലും അതിനെ രഞ്ജിപ്പിച്ചാല്‍ അത് അതില്‍ ഗ്രസ്തമാകുന്നു. മറ്റ് സംഗതികള്‍ ഉപേക്ഷിതങ്ങളാകുന്നു. നിങ്ങള്‍ക്കറിയാം, എത്ര ശാസ്ത്രങ്ങളുടെ ഉദയം ഭാരതത്തില്‍ ആയിരുന്നെന്ന്. ഗണിതം അവിടെ തുടങ്ങി. ഇന്നും 1,2,3 എന്നിങ്ങനെ പൂജ്യംവരെ നിങ്ങളെണ്ണുന്നതു സംസ്കൃതം -അക്കങ്ങളെ അനുസരിച്ചാണ്. നിങ്ങള്‍ക്കെല്ലാം അറിയാം, ബീജഗണിതവും ഭാരതത്തിലാണ് ആരംഭിച്ചതെന്ന്. ന്യൂട്ടണ്‍ ജനിക്കുന്നതിനു സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ‘വസ്ത്വാകര്‍ഷണം ഭാരതീയര്‍ക്കും വിജ്ഞാതമായിരുന്നു.

ഈ അസാമാന്യത നിങ്ങള്‍ കാണുക. ഭാരതചരിത്രത്തിന്റെ ഒരു കാലഘട്ടത്തില്‍ മനുഷ്യനും അവന്റെ മനസ്സുമെന്ന ഈ ഒറ്റ വിഷയം അവരുടെ താല്‍പര്യത്തെ മുഴുവന്‍ വിഴുങ്ങി. അതത്ര ലോഭനീയമായിരുന്നു. തങ്ങളുടെ ലക്ഷ്യങ്ങള്‍ പ്രാപിക്കാന്‍ ഏറ്റവും എളുതായ വഴി അതാണെന്ന് അവര്‍ക്കു തോന്നിയതുകൊണ്ട് മനസ്സിനു നിയമാനുസാരം എന്തും ഏതും ചെയ്യാനാവുമെന്നതില്‍ ഭാരതീയമനസ്സിന് തികഞ്ഞ തീര്‍ച്ചയായിരുന്നതിന്റെ ഫലമായി അതിന്റെ സിദ്ധികള്‍ വലിയ പഠനവിഷയമായിത്തീര്‍ന്നു. വശ്യവും ഇന്ദ്രജാലവും മറ്റു സിദ്ധികളുമൊക്കെ ഒട്ടും അസാധാരണമായിരുന്നില്ല. അവര്‍ മുമ്പേ പഠിപ്പിച്ചുവന്ന ഭൌതികശാസ്ത്രങ്ങള്‍പോലെതന്നെ മുറയ്ക്കു പഠിപ്പിക്കപ്പെട്ട ഒരു ശാസ്ത്രം മാത്രമായിരുന്നു. ആ വംശത്തിന് ഈ സംഗതികളില്‍ അത്രമാത്രം വിശ്വാസം വന്നുകൂടിയതിനാല്‍ ഭൌതികശാസ്ത്രങ്ങള്‍ മൃതപ്രായങ്ങളായി. അവരുടെ മുമ്പില്‍ വന്നുനിന്ന ഒറ്റസ്സംഗതി ഇതായി. യോഗികളുടെ വിവിധ വിഭാഗങ്ങള്‍ എല്ലാത്തരം പരീക്ഷണങ്ങളും ചെയ്യുവാന്‍ തുടങ്ങി. ചിലര്‍ പ്രകാശത്തെക്കൊണ്ട് പരീക്ഷണം നടത്തി. പല നിറത്തിലുള്ള വെളിച്ചങ്ങള്‍ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ നോക്കി. അവര്‍ ചില നിറമുള്ള വസ്ത്രം ധരിച്ചു. ചില നിറത്തിനകത്തു താമസിച്ചു. ചില നിറമുള്ള ആഹാരം കഴിച്ചു. ഇങ്ങനെ എല്ലാത്തരം പരീക്ഷണങ്ങളും നടന്നു. മറ്റു ചിലര്‍ കാതടച്ചും തുറന്നും ശബ്ദത്തില്‍ പരീക്ഷണം നടത്തി. പിന്നെ ചിലര്‍ ഘ്രാണേന്ദ്രിയപരീക്ഷണം ചെയ്തു. ഇങ്ങനെ ഓരോ തരം.

ഉദ്ദേശ്യം മുഴുവന്‍ ചുവട്ടിലെത്തിക്കിട്ടാനായിരുന്നു, വസ്തുവിന്റെ സൂക്ഷ്മാംശങ്ങളെ പ്രാപിക്കാന്‍ അവരില്‍ ചിലര്‍ വാസ്തവത്തില്‍ അത്ഭുതസിദ്ധികളെ പ്രകടിപ്പിച്ചു. അവരില്‍ പലരും വായുവില്‍ പൊങ്ങിപ്പോകാനോ അതില്‍ സഞ്ചരിക്കാനോ ശ്രമിച്ചു. ഒരു വലിയ പാശ്ചാത്യപണ്ഡിതനില്‍ നിന്നു കേട്ട ഒരു കഥ പറയാം. സംഭവം കണ്ട ഒരു സിലോണ്‍ ഗവര്‍ണര്‍ അയാളോടു പറഞ്ഞതാണ്. നെടുകെയും കുറുകെയും അടുക്കിയ കമ്പുകളുടെ ഒരട്ടിയിന്മേല്‍ ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്നിരുത്തി. അവള്‍ ഇരുന്നു കുറച്ചുനേരം കഴിഞ്ഞ് പ്രകടനക്കാരന്‍ ഈ കമ്പുകള്‍ ഓരോന്നൂരാന്‍ തുടങ്ങി. എല്ലാം എടുത്തുകഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുണ്ട് വായുവില്‍ തങ്ങിയിരിക്കുന്നു. എന്തോ കളിപ്പിക്കലുണ്ടെന്നു വിചാരിച്ച ഗവര്‍ണര്‍ വാളൂരി ബാലികയുടെ അടിയില്‍ക്കൂടെ ഊക്കോടെ വീശി. അവിടെ ഒന്നുമുണ്ടായിരുന്നില്ല. അപ്പോള്‍, ഇതെന്തായിരുന്നു? അത് ഇന്ദ്രജാലമോ അസാധാരണം വല്ലതുമോ അല്ലായിരുന്നു. അതാണ് വിശേഷം. ഇതൊന്നും ഉള്ളതല്ലെന്നു ഭാരതത്തില്‍ ആരും പറയില്ല. ഹിന്ദുവെസ്സംബന്ധിച്ച് ഇതൊരു സാധാരണസംഗതിയാണ്. ശത്രുക്കളോടു യുദ്ധം ചെയ്യേണ്ടിവരുമ്പോള്‍ അവര്‍ സാധാരണ പറയുന്നത് നിങ്ങള്‍ക്കറിയാമല്ലോ! ‘ഞങ്ങളുടെ ഒരു യോഗി വന്ന് ഇവറ്റെയൊക്കെ ഓടിക്കും! ആ വംശത്തിന്റെ തീവ്രവിശ്വാസമാണ് കയ്യിലും വാളിലും എന്തുബലം? ബലം മുഴുവന്‍ ചൈതന്യത്തില്‍.

ഇതു സത്യമെങ്കില്‍ പരമാവധി പരിശ്രമിക്കാന്‍ മനസ്സിന് വേണ്ടത്ര പ്രലോഭനമാണിത്. എന്നാല്‍ മറ്റ് ഏതു ശാസ്ത്രത്തെസ്സംബന്ധിച്ചും വലിയ നേട്ടങ്ങള്‍ വളരെ വിഷമമാണല്ലോ. അതുപോലെതന്നെ, അല്ല, അതിലെത്രയോ ഏറെയാണ് ഇതിനെസ്സംബന്ധിച്ച് എങ്കിലും മിക്കവരും വിചാരിക്കുന്നത് ഈ സിദ്ധികള്‍ എളുതായി കയ്യടക്കാമെന്നാണ്. ഒരു വലിയ സമ്പത്തു നേടാന്‍ വേണ്ടുന്ന കൊല്ലങ്ങള്‍ എത്രെ വളരെ? അതോര്‍ക്കൂ! വൈദ്യശാസ്ത്രമോ യന്ത്രശാസ്ത്രമോ പഠിക്കാന്‍ നിങ്ങള്‍ എത്ര കൊല്ലമെടുക്കുന്നു? എന്നിട്ട് ആയുശ്ശേഷം മുഴുവന്‍ പണിയെടുക്കുകയും വേണം.

പിന്നെ, മറ്റു ശാസ്ത്രങ്ങളെല്ലാം ഇളകാത്തവയെയാണ് കൈകാര്യം ചെയ്യുന്നത്. സ്ഥാവരങ്ങളെ നിങ്ങള്‍ക്ക് ഒരു കസേരയെ വിശകലനം ചെയ്യാം. കസേര നിങ്ങളുടെ അടുത്തുനിന്നു പറന്നുപോകുന്നില്ല. എന്നാല്‍ ഈ ശാസ്ത്രം മനസ്സിനോടാണിടപെടുന്നത്, അതു നിത്യചഞ്ചലമാണ്. അതിനെ പഠിക്കാന്‍ നോക്കുന്ന നിമിഷം അതു വഴുതിക്കളയുന്നു. ഇപ്പോള്‍ മനസ്സ് ഒരു മട്ടിലാണ്, ഉത്തരക്ഷണം അതു പക്ഷേ വേറെയാണ്, എപ്പോഴും മാറിമാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തിന്റെയെല്ലാം നടുക്കുവെച്ചു വേണം അതിനെ പഠിക്കുക, ധരിക്കുക, പിടിക്കുക, അടക്കുക. അപ്പോള്‍ ഈ ശാസ്ത്രം എത്രയേറെ വിഷമമാണ്! ഇതിനു നിഷ്കൃഷ്ടമായ പരിശീലനം വേണം. ആളുകളെന്നോടു ചോദിക്കുകയാണ്, ഞാന്‍ എന്തുകൊണ്ടാണ് അവര്‍ക്കു പ്രായോഗികപാഠങ്ങള്‍ കൊടുക്കാത്തതെന്ന്. എന്ത്, ഇതു തമാശൊന്നുമല്ല. ഞാന്‍ നിങ്ങളോടു പ്രസംഗിച്ചുകൊണ്ട് ഈ മണ്ഡപത്തില്‍ നില്‍ക്കുന്നു. നിങ്ങള്‍ വീട്ടില്‍ പോകുന്നു, ഒരു പ്രയോജനവും കിട്ടുന്നില്ല. എനിക്കുമില്ല. എന്നിട്ടു നിങ്ങള്‍ പറയുന്നു, ‘ഇതൊക്കെ ഭോഷ്ക്.’ അതുതന്നെ, ഒരു ഭോഷ്കാക്കാനാണല്ലോ നിങ്ങള്‍ നോക്കിയതും. ഈ ശാസ്ത്രത്തെപ്പറ്റി എനിക്കത്യല്‍പമേ അറിഞ്ഞുകൂടൂ. എന്നാല്‍ ഈ അല്പംതന്നെ നേടിയത്, എന്റെ ആയുസ്സിലെ മുപ്പതു കൊല്ലം അതിനു പരിശ്രമിച്ചിട്ടാണ്. ആറുകൊല്ലമായി എനിക്കറിവുള്ള ഈ അല്പത്തെ ആളുകള്‍ക്കു പറഞ്ഞുകൊടുക്കയുമാണ്. ഇതു പഠിക്കാന്‍ എനിക്കു മുപ്പതു കൊല്ലം വേണ്ടിവന്നു. മുപ്പതുകൊല്ലത്തെ കഠിനപരിശ്രമം. ചിലപ്പോള്‍ ഇരുപത്തിനാലു മണിക്കൂറില്‍ ഇരുപത്തിനാലു മണിക്കൂറും ഇതില്‍ത്തന്നെ പ്രയത്നിച്ചു. ചിലപ്പോള്‍ രാത്രി ഒരു മണിക്കൂറേ ഞാനുറങ്ങിയുള്ളു. ചിലപ്പോള്‍ രാത്രികള്‍ മുഴുവന്‍ ഞാന്‍ ശ്രമിച്ചു. ചിലപ്പോള്‍ ഞാന്‍ ചിലേടത്തു താമസിച്ചു. ഒരു ശബ്ദവും കഷ്ടിയായുളളിടത്ത്, ഒരു ശ്വാസംപോലും കഷ്ടി. ചിലപ്പോള്‍ ഗുഹകളില്‍ പാര്‍ക്കേണ്ടിവന്നു. അതോര്‍ക്കൂ. എന്നിട്ടും എനിക്കല്പമേ അറിയാവൂ. അഥവാ ഒന്നുമറിഞ്ഞുകൂടാ. ഈ ശാസ്ത്രത്തിന്റെ ചേലാഞ്ചലത്തില്‍ കഷ്ടിച്ചു ഞാനൊന്നു തൊട്ടിട്ടുണ്ട്. എങ്കിലും എനിക്കറിയാന്‍ കഴിയുന്നു, അതു സത്യവും വിശാലവും അത്ഭുതവുമാണെന്ന്.

ഇപ്പോള്‍, ഈ ശാസ്ത്രം വാസ്തവത്തില്‍ പഠിക്കണമെന്നുള്ള ആരെങ്കിലും നിങ്ങളുടെയിടയ്ക്കുണ്ടെങ്കില്‍, ജീവിതത്തിലെ ഏതു വ്യാപാരത്തിലും ചെലുത്തുന്നതരം, പോരാ, അതില്‍ കവിഞ്ഞതരം നിശ്ചയത്തോടെ അയാള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.

വ്യാപാരത്തില്‍ത്തന്നെ എത്രമാത്രം മനസ്സു വെയ്ക്കണം! എന്തു കഠിനനായ കാര്യശാസകനാണത്? അച്ഛനോ അമ്മയോ ഭാര്യയോ കുട്ടിയോ മരിച്ചാല്‍ത്തന്നെയും വ്യാപാരം നിന്നുകൂടാ! ഹൃദയം പൊളിയുകയാണെങ്കിലും വ്യാപാരസ്ഥലത്തു പോയേ പറ്റൂ. പ്രവൃത്തിയുടെ ഓരോ മണിക്കൂറും യാതനയാണെങ്കിലും, അതാണ് വ്യാപാരം. അതു ന്യായമാണ്, അതു ശരിയാണ് എന്നു നാം വിചാരിക്കുന്നുമുണ്ട്.

ഈ ശാസ്ത്രം ആവശ്യപ്പെടുന്നത് ഏതു വ്യാപാരത്തിനും എന്നെങ്കിലും വേണ്ടുന്നതിലേറേ താല്‍പര്യമാണ്. വ്യാപാരത്തില്‍ വളരെപ്പേര്‍ക്കു വിജയിക്കാം. ഇതിലോ വളരെക്കുറച്ചു പേര്‍ക്ക്. എന്തെന്നാല്‍ ഇതു പഠിക്കുന്നവന്റെ ഘടനാവിശേഷത്തെ ആശ്രയിച്ചിരിക്കയാണ് വളരെയേറെ. വ്യാപാരത്തില്‍ എല്ലാവരും വലിയ സമ്പത്തുണ്ടാക്കിയെന്നു വരില്ല, ആര്‍ക്കും കുറച്ചൊക്കെയുണ്ടാക്കാം. അതുപോലെ ഈ ശാസ്ത്രപഠിപ്പിലും ഓരോരുത്തന്നും ഒരീഷദ്ദര്‍ശനം കിട്ടും. അത്, അതിന്റെ സത്യതയിലും അതു പൂര്‍ണ്ണമായി സക്ഷാല്‍കരിച്ചവര്‍ ഉണ്ടായിരുന്നു എന്ന വസ്തുതയിലും അവനു വിശ്വാസമുളവാക്കും.

ഈ ശാസ്ത്രത്തിന്റെ ഒരു രേഖാചിത്രമാണിത്. ഇതു തന്‍കാലിലും തന്‍വെളിച്ചത്തിലും നിലകൊള്ളുന്നു. മറ്റേതു ശാസ്ത്രവുമായും താരതമ്യത്തെ വെല്ലുവിളിക്കുന്നു. കപടന്മാരുണ്ട്, മായാവികളുണ്ട്, ചതിയന്മാരുണ്ട്, മറ്റേതു മണ്ഡലത്തിലേതിനേയുംകാള്‍ കൂടുതല്‍ ഇതിലുണ്ട്. എന്തുകൊണ്ട്? ഒരേ കാരണംതന്നെ: വ്യാപാരം ലാഭകരമാകുംതോറും കാപടികന്മാരും ചതിയന്മാരും അത്ര കൂടുതലാണ്. എന്നാലും വ്യാപാരം നന്നായിക്കൂടാത്തതിനു കാരണം അതൊന്നുമല്ല. ഒരു സംഗതികൂടി: എല്ലാ വാദങ്ങളും കേട്ടുകൊള്ളുന്നതു നല്ല ഒരു ബുദ്ധിക്കസര്‍ത്താവാം; അത്ഭുതങ്ങളെക്കുറിച്ചൊക്കെ കേള്‍ക്കുന്നത് ഒരു ബൌദ്ധസംതൃപ്തിയുമാവാം. എന്നാല്‍ അതിലപ്പുറം എന്തെങ്കിലും പഠിക്കണമെന്നു വാസ്തവത്തില്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍, വെറും പ്രസംഗം കേട്ടുകൊള്ളുന്നതുകൊണ്ടു കാര്യമില്ല. അതു പ്രസംഗങ്ങളില്‍ പഠിപ്പിച്ചുകൂടാ. അതു ജീവിതമാണ്. ജീവിതത്തിന്നേ ജീവിതത്തെ ആവഹിക്കാനാവൂ. അതു പഠിക്കാന്‍ വാസ്തവത്തില്‍ നിശ്ചയബുദ്ധികള്‍ ആരാനുമുണ്ടെങ്കില്‍ അയാളെ സഹായിക്കാന്‍ എനിക്കു വളരെ സന്തോഷമായിരിക്കും.