കാരണം കാര്യമായിത്തീരുന്നു. കാരണം ഒന്നും, കാര്യം ഫലമായി നിലകൊള്ളുന്നു വേറൊന്നുമല്ല. കാര്യം എപ്പോഴും പരിണമിച്ച കാരണമാണ്. എപ്പോഴും കാരണം കാര്യമായിത്തീരുന്നു. സാധാരണ ധാരണ, കാര്യം തദന്യവും സ്വതന്ത്രവുമായ ഒരു കാരണത്തിന്റെ വ്യാപാരഫലമാണെന്നാണ്. ഇതങ്ങനെയല്ല. എപ്പോഴും മറ്റൊരവസ്ഥയിലേക്ക് പരിണതമായ കാരണമാണ് കാര്യം.
വിശ്വം യഥാര്‍ത്ഥത്തില്‍ ഏകരൂപമാണ്. വൈരൂപ്യം കാഴ്ചയില്‍മാത്രം പ്രകൃതിയിലുടനീളം വിവിധവസ്തുക്കളും വിവിധ ശക്തികളും ഉണ്ടെന്നു തോന്നുന്നു. എന്നാല്‍ രണ്ടു വ്യത്യസ്ത വസ്തുക്കളെടുക്കുക, ഒരു പളുങ്കുമണിയും ഒരു കഷണം മരവും. അവയൊന്നിച്ച് പൊടിച്ച് വേണ്ടത്ര നേര്‍പ്പിക്കുക. ഇനി ലഘുകരിക്കാനാവാത്തത്ര ലഘൂകരിക്കുക. അപ്പോള്‍ അവശേഷിക്കുന്ന വസ്തു ഏകരൂപമായി തോന്നും. അന്തിമമായ അപഗ്രഥനത്തില്‍ സര്‍വ്വവസ്തുക്കളും ഒന്നാണ്. ഐകരൂപ്യമാണ് വസ്തു, യാഥാര്‍ത്ഥ്യം പല വസ്തുക്കളെന്ന മട്ടില്‍ പല സാധനങ്ങളുടെ വെളിപ്പെടലാണ് വൈരൂപ്യം. ഏകമായത് ഐകരൂപ്യം. ഏകം പലതായി വെളിപ്പെടുത്തുന്നതു വൈരൂപ്യം.
വിവിധ വ്യാപാരാവസ്ഥകളിലുമുള്ള മനസ്സാണ് കേള്‍ക്കലും കാണലും രുചിക്കലും മറ്റും.
ഒരു മുറിയിലെ അന്തരീക്ഷം പ്രമുഗ്ദ്ധമാക്കാവുന്നതാണ്. അതില്‍ കടക്കുന്നവരെല്ലാം എന്തും കാണും. മനുഷ്യരും സാധനങ്ങളും വായുവില്‍ കൂടി പറക്കുന്നത്.
എല്ലാവരും ഇപ്പോഴേ മുഗ്ദ്ധരാണ്. മോക്ഷപ്രാപ്തിക്ക്, സ്വസ്വരൂപസാക്ഷാല്‍ക്കാരത്തിനുള്ള പ്രയത്നം പ്രതിപ്രമോഹനമാണ്.
ഒന്നോര്‍ക്കാനുളളത്, നാം ശക്തി സമ്പാദിക്കുന്നേയില്ലെന്നാണ്. നമുക്കവ ഇപ്പോഴെ ഉണ്ട്.
മനസ്സ് എത്രയേറെ ശുദ്ധമോ അത്രയേറെ എളുപ്പമാണ് നിയന്ത്രണം. മനോനിയന്ത്രണം വേണമെങ്കില്‍ മനഃശുദ്ധി അത്യന്താപേക്ഷിതമാക്കണം. വെറും മനഃശക്തികളെപ്പറ്റി കൊതി പൂണ്ടു ചിന്തിക്കേണ്ട. അവ പോകട്ടെ. മനഃശക്തികളെ തേടുന്നവന്‍ അവയ്ക്കടിമപ്പെടുന്നു. മനഃശക്തികളെ ആഗ്രഹിക്കുന്ന മിക്കപേരും അവയില്‍ കുടുങ്ങിപ്പോകുന്നു.
സമ്പൂര്‍ണ്ണചാരിത്യ്രമാണ് മനഃസംയമസര്‍വ്വസ്വം. തികച്ചും സുചരിതനായവന്‍ ഒന്നും ചെയ്യേണ്ടതില്ല. അവന്‍ മുക്തനാണ്. തികഞ്ഞ ചാരിത്യ്രമുള്ളവന്നു മിക്കവാറും ഒന്നിനെയും ഒരുവനെയും ദ്രോഹിക്കാനാവില്ല. മുക്തനാവണമെന്നുള്ളവര്‍ അഹിംസ സാധിക്കേണ്ടിയിരിക്കുന്നു. തികഞ്ഞ അഹിംസ സധിച്ചവനെക്കാള്‍ ബലവാന്‍ ആരുമില്ല. അവന്റെ സാന്നിദ്ധ്യത്തില്‍ ആര്‍ക്കും പൊരുതാവതല്ല. ആര്‍ക്കും കലഹിച്ചുകൂടാ. അതേ, അവന്റെ വെറും സാന്നിധ്യമാണ്, മറ്റൊന്നുമല്ല, ശാന്തി, പ്രേമം, അവന്‍ എവിടെയിരുന്നാലും അവന്റെ തിരുമുമ്പില്‍ ആര്‍ക്കും കോപിച്ചുകൂടാ, പൊരുതിക്കൂടാ. മൃഗങ്ങള്‍ ഹിംസ്രമൃഗങ്ങള്‍പോലും, അവന്റെ മുമ്പില്‍ സംശാന്തരായിരിക്കും.
ഒരിക്കല്‍ എനിക്കൊരു യോഗിയെ (പവഹാരിബാബ) പരിചയമായിരുന്നു. വളരെ പ്രായമായ ഒരാള്‍. അദ്ദേഹം നിലത്തൊരു ഗുഹയില്‍ കേവലം ഒറ്റയ്ക്കു പാര്‍ത്തുപോന്നു. ഭക്ഷണം പാകംചെയ്യാന്‍ ഒന്നോ രണ്ടോ ചട്ടിയാണ്. തനിക്കുണ്ടായിരുന്നതെല്ലാംകൂടെ അദ്ദേഹം അത്യല്പമേ കഴിച്ചുള്ളു. മിക്കവാറും ഒന്നുമേ ധരിച്ചിരുന്നില്ല. തന്റെ സമയം മിക്കവാറും ധ്യാനത്തില്‍ ചെലവാക്കി.
അദ്ദേഹത്തിന് എല്ലാവരും സമമായിരുന്നു. അദ്ദേഹം അഹിംസാപ്രതിഷ്ഠനായിരുന്നു. അദ്ദേഹം എന്തു വസ്തുവിലും ഏതാളിലും ഏതു മൃഗത്തിലും കണ്ടതു പരമാത്മാവിനെയാണ്, ജഗദീശ്വരനെ. അദ്ദേഹത്തിനു ഏതാളും ഏതു ജന്തുവും ‘എന്റെ നാഥ’നായിരുന്നു. അദ്ദേഹം ആരെയും ഒരു ജന്തുവിനെയും ഒരിക്കലും മറ്റൊരുവിധത്തിലും വിളിച്ചിരുന്നില്ല. അങ്ങനെയിരിക്കെ, ഒരുനാള്‍ ഒരു കള്ളന്‍ അതുവഴി വന്ന് അദ്ദേഹത്തിന്റെ ഒരു ചട്ടി മോഷ്ടിച്ചു. അദ്ദേഹം അവനെ കണ്ടു പിന്നാലെ ഓടി. ആ ഓട്ടം വളരെ നീണ്ടു. ഒടുവില്‍ കള്ളന്‍ തളര്‍ന്നു നിന്നുപോയി. യോഗിയാകട്ടെ, ഓടിച്ചെന്ന് അവന്റെ മുമ്പില്‍ സാഷ്ടാംഗം നമസ്കരിച്ചു പറഞ്ഞു: ‘എന്റെ നാഥ, അങ്ങ് എന്റെ വഴിക്കു വന്ന് എന്നെ ബഹുമാനിക്കയാണ്. മറ്റേ ചട്ടികൂടി കൈക്കൊണ്ട് എന്നെ ആദരിക്കണേ. അതും അവിടുത്തേതാണ്.’ ഈ വൃദ്ധന്‍ ഇപ്പോള്‍ മരിച്ചിരിക്കുന്നു. അദ്ദേഹം ലോകത്തിലുള്ള എന്തിനോടും പ്രേമപൂര്‍ണ്ണനായിരുന്നു. ഒരുറുമ്പിനു വേണ്ടി അദ്ദേഹം മരിക്കുമായിരുന്നു. ഈ വൃദ്ധന്‍ തങ്ങളുടെ മിത്രമെന്നു വന്യജന്തുക്കളും നൈസര്‍ഗ്ഗികമായറിഞ്ഞു. സര്‍പ്പങ്ങളും ക്രൂരമൃഗങ്ങളും ഗുഹയില്‍ കടന്ന് അദ്ദേഹത്തോടൊത്തുറങ്ങി. അവയെല്ലാം അദ്ദേഹത്തെ സ്നേഹിച്ചു. തത്സാന്നിധ്യത്തില്‍ ഒരിക്കലും യുദ്ധം ചെയ്തില്ല.
ഒരിക്കലും പരദോഷം പറയരുത്. അവര്‍ എത്ര ചീത്തയായാലും സാരമില്ല. അതുകൊണ്ട് ഒരു നേട്ടവുമില്ല. ഒരുവന്റെ കുറ്റങ്ങള്‍ പറയുന്നത് അവനെ ഒരിക്കലും സഹായിക്കുന്നില്ല. നിങ്ങള്‍ അവന്ന് ഒരു ദ്രോഹം ചെയ്യുന്നു. സ്വയം നിങ്ങളെയും അങ്ങനെതന്നെ ദ്രോഹിക്കുന്നു. ആഹാരത്തിലും അഭ്യാസത്തിലും മറ്റുമുള്ള നിയമങ്ങളെല്ലാം നല്ലതുതന്നെ. അവയെല്ലാം ആത്മീയോത്കര്‍ഷത്തിന് അംഗങ്ങളായിരിക്കുന്ന കാലത്തോളം. അവ സ്വയം സാധ്യങ്ങളല്ല, സാധകങ്ങള്‍ മാത്രമാണ്.
ഒരിക്കലും മതത്തെച്ചൊല്ലി കലഹിക്കരുത്. മതത്തെസ്സംബന്ധിച്ച സര്‍വ്വകലഹങ്ങളും വിവാദങ്ങളും കാണിക്കുന്നത് ആദ്ധ്യാത്മികതയുടെ അഭാവത്തെ മാത്രമാണ്. മതകലഹം എപ്പോഴും തോടിനു വേണ്ടിയാണ്. ആത്മാവിനെ രസരഹിതമാക്കി വിട്ട് എപ്പോഴോ ശുദ്ധി, എപ്പോഴോ ആദ്ധ്യാത്മികത പോയ്ക്കളയുന്നു. അപ്പോള്‍ കലഹം തുടങ്ങുകയായി; അതിനു മുമ്പില്ല.