സ്വാമി വിവേകാനന്ദന്‍

മനോവിജ്ഞാനീയമെന്ന ആശയം പടിഞ്ഞാറു വളരെ മോശമായിരിക്കുന്നു. മനോവിജ്ഞാനീയം ശാസ്ത്രങ്ങളുടെ ശാസ്ത്രമാണ്. പക്ഷേ, പടിഞ്ഞാറ് അതിനെ വെച്ചിരിക്കുന്നതു മറ്റു ശാസ്ത്രങ്ങളുടെയെല്ലാം അതേ തലത്തിലാണ്. അതായത് അതിനെ വിധിക്കുന്നതും അതേ മാനദണ്ഡംവെച്ചാണ്-പ്രയോജനം.

മനുഷ്യകത്തിനു അത് എന്തുമാത്രം പ്രായോഗികമായ ഉപകാരം ചെയ്യും? പെട്ടെന്നു പെരുകിക്കൊണ്ടിരിക്കുന്ന നമ്മുടെ സുഖത്തെ ഇതു എന്തുമാത്രം പോഷിപ്പിക്കും? പെട്ടെന്നു പെരുകിക്കൊണ്ടിരിക്കുന്ന നമ്മുടെ ദുഃഖത്തെ ഇതെന്തുമാത്രം ശോഷിപ്പിക്കും? അത്തരം മാനദണ്ഡംകൊണ്ടാണ് പടിഞ്ഞാറ് എല്ലാറ്റിനെയും വിധിക്കുന്നത്.

നമ്മുടെ സര്‍വ്വജ്ഞാനത്തിന്റെയും ഏതാണ്ടു തൊണ്ണൂറു ശതമാനവും വാസ്തവപ്രകൃത്യാതന്നെ. നമ്മുടെ ഭൌതികസുഖം വര്‍ദ്ധിപ്പിക്കുവാനോ ദുഃഖം ക്ഷയിപ്പിക്കുവാനോ പ്രായോഗികമായി വിനിയോഗിക്കാനാവാത്തതാണെന്ന് ആളുകള്‍ മറന്നുകളയുന്നതുപോലെ തോന്നുന്നു. നമ്മുടെ ശാസ്ത്രീയവിജ്ഞാനത്തിന്റെ അത്യല്‍പ്പമായ അംശത്തിനുമാത്രമേ നമ്മുടെ പ്രതിദിനജീവിതത്തില്‍ അത്തരം എന്തെങ്കിലും പ്രായോഗികവിനിയോഗം കൈവരാനാവൂ. ഇതിങ്ങനെയായതു നമ്മുടെ സബോധമനസ്സിന്റെ വളരെ ചെറിയ ഒരു ശതമാനംമാത്രമേ ഐന്ദ്രിയതലത്തിലുള്ളു എന്നതുകൊണ്ടാണ്. നമുക്കു വളരെകുറച്ച് ഐന്ദ്രിയബോധമുണ്ട്. എന്നിട്ടു ഭാവിക്കയാണ് അതുതന്നെ നമ്മുടെ മുഴുവന്‍ മനസ്സും ജീവിതവുമെന്ന്. എന്നാല്‍, വാസ്തവത്തില്‍ ഉപബോധമനസ്സെന്ന പെരുംകടലിലെ ഒരു തുള്ളിമാത്രമാണത്. ഒരു കെട്ട് ഇന്ദ്രിയപ്രത്യക്ഷം മാത്രമാണ് നമ്മുടേതായുള്ളതെങ്കില്‍ നമുക്കു കിട്ടാവുന്ന അറിവെല്ലാം നമ്മുടെ ഇന്ദ്രിയസുഖതര്‍പ്പണത്തിന് ഉപയോഗിക്കാമായിരുന്നു. എന്നാല്‍ ദൌര്‍ഭാഗ്യത്തിനു സംഗതി അങ്ങനെയല്ല. നാം മൃഗാവസ്ഥയില്‍നിന്നു അകന്നകുന്നു മാറും തോറും നമ്മുടെ ഇന്ദ്രിയസുഖങ്ങള്‍ കുറഞ്ഞുകുറഞ്ഞുവരുന്നു. നമ്മുടെ ആനന്ദം, ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ നമ്മുടെ ജ്ഞാനത്തെസ്സംബന്ധിച്ചു പെട്ടെന്നു പെരുകിവരുന്ന നമ്മുടെ ബോധത്തില്‍, കൂടുതല്‍ കൂടുതല്‍ തീക്ഷ്ണവുമാകുന്നു. മാത്രമല്ല, ജ്ഞാനാര്‍ത്ഥമായ ജ്ഞാനം, അതു നല്‍കിയേക്കാവുന്ന ഇന്ദ്രിയസുഖത്തിന്റെ അളവിനെ ഗണിക്കാതെ, മനസ്സിന്റെ പരമസുഖമായും തീരുന്നു.

എന്നാല്‍ പ്രയോജനമെന്ന പാശ്ചാത്യാശയത്തെ മതിപ്പിന്റെ ഒരു മാനദണ്ഡമായെടുത്താല്‍ത്തന്നെ മനോവിജ്ഞാനീയം, അത്തരം തോതുകൊണ്ടുപോലും ശാസ്ത്രങ്ങളുടെ ശാസ്ത്രമാണ്. എന്തുകൊണ്ട്? നമ്മളെല്ലാം നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കടിമകളാണ്. സബോധവും ഉപബോധവുമായ സ്വന്തം മനസ്സുകള്‍ക്കടിമകളാണ്. ഒരു പാതകി പാതകിയായിരിക്കുന്നത് അയാള്‍ അതാകാനാഗ്രഹിക്കുന്നതുകൊണ്ടല്ല. പിന്നെയോ അയാളുടെ മനസ്സ് അയാള്‍ക്കു സ്വാധീനമല്ല, അതുകൊണ്ടു സ്വന്തം സബോധവും ഉപബോധവുമായ മനസ്സിനും മറ്റെല്ലാവരുടെയും മനസ്സിനും അടിമയാണ്. അയാള്‍ സ്വന്തം മനസ്സിന്റെ പ്രബലഗതിയെ അനുസരിച്ചേ ഒക്കൂ. അയാള്‍ അതില്‍ നിസ്സഹായനാണ്. താനെതിരായിട്ടും സ്വന്തം ഉല്‍ക്കൃഷ്ടതരപ്രേരണകള്‍, സ്വന്തം ഉല്‍കൃഷ്ടതരപ്രകൃതി, ഉണ്ടായിട്ടും അയാള്‍ പിടിച്ചുതള്ളപ്പെടുന്നു. സ്വന്തം മനസ്സിന്റെ പ്രബലശാസനം അയാളെ പിടിച്ചനുസരിപ്പിക്കുന്നു. പാവം, അയാളെ ചെറുക്കാന്‍ അയാള്‍ക്കുതന്നെ ആവുന്നില്ല. ഇതു നമ്മുടെ ജീവിതത്തില്‍ത്തന്നെ സദാ കാണുന്നുണ്ട്. നമ്മുടെ പ്രകൃതിയുടെ ഉല്‍കൃഷ്ടതരമായ വശത്തിനെതിരായാണ് നാം എപ്പോഴും കാര്യങ്ങള്‍ ചെയ്യുന്നത്. എന്നിട്ടങ്ങനെ ചെയ്യുന്നതിനു നാം നമ്മെത്തനെ ശകാരിക്കയും ചെയ്യുന്നു. പിന്നെ നാം ഇങ്ങനെ അത്ഭുതപ്പെടുകയാണ്. എന്താവാം നാം വിചാരിച്ചുകൊണ്ടിരുന്നത്, നമുക്കങ്ങനെയൊന്നു ചെയ്യാന്‍ എങ്ങനെ കഴിഞ്ഞു! എങ്കിലും വീണ്ടും വീണ്ടും നാമതു ചെയ്യുന്നു. വീണ്ടും വീണ്ടും അതിനു കഷ്ടപ്പെടുകയും നമ്മെത്തന്നെ ശകാരിക്കയും ചെയ്യുന്നു. ആ സമയം, ഒരുപക്ഷേ നാം വിചാരിക്കുന്നു അതു ചെയ്യാന്‍ നാമാഗ്രഹിക്കുന്നെന്ന്. എന്നാല്‍ നാമതാഗ്രഹിക്കുന്നത്, നമ്മെ പിടിച്ച് ആഗ്രഹിപ്പിച്ചതുകൊണ്ടു മാത്രമാണ്. നമ്മെ പിടിച്ചുതള്ളുകയാണ്. നാം നിസ്സഹായരാണ്! നമ്മളെല്ലാം നമ്മുടെതന്നെയും മറ്റെല്ലാവരുടെയും മനസ്സിനടിമകളാണ്. നാം നല്ലതോ ചീത്തയോ അതുകൊണ്ടാ കാര്യത്തിനൊരു വ്യത്യാസവുമില്ല. നാം ഇവിടെയും അവിടെയും നയിക്കപ്പെടുന്നതു നാം നിസ്സഹായരായതുകൊണ്ടാണ്. നാം പറയുന്നുണ്ട്, നാം വിചാരിക്കുന്നു പ്രവര്‍ത്തിക്കുന്നു എന്നൊക്കെ. അതങ്ങനെയല്ല. നാം വിചാരിക്കുന്നു, വിചാരിച്ചേ പറ്റൂ എന്നതുകൊണ്ട്; നാം പ്രവര്‍ത്തിക്കുന്നു, പ്രവര്‍ത്തിച്ചേ പറ്റൂ എന്നതുകൊണ്ടും നാം നമുക്കും മറ്റുള്ളവര്‍ക്കും അടിമകളാണ്. നമ്മുടെ ഉപബോധമനസ്സിന്റെ അത്യഗാധതയില്‍ സംഭൃതമായിക്കിടപ്പുണ്ട്, കഴിഞ്ഞ കാലത്തെ നമ്മുടെ സര്‍വ്വവിചാരങ്ങളും പ്രവൃത്തികളും ഈ ജന്മത്തേതുമാത്രമല്ല നാം ജീവിച്ച മറ്റെല്ലാ ജന്മങ്ങളിലേതും. ഈ അതിരറ്റ പെരുംകടല്‍, വിഷയിമനസ്സ്, കഴിഞ്ഞകാലത്തെ സര്‍വ്വവിചാരങ്ങളും പ്രവൃത്തികളും കൊണ്ടുനിറഞ്ഞതാണ്. ഇവയിലൊരോന്നും അംഗീകാരത്തിനു പാടുപെടുകയാണ്. വെളിപ്പെടാന്‍വേണ്ടി പുറത്തേയ്ക്കു തള്ളുകയാണ്. പുറത്തേയ്ക്കു വിഷയമനസ്സിന്റെ, സബോധമനസ്സിന്റെ മേല്‍ അലയോടലയടിക്കയാണ്. ഈ വിചാരങ്ങള്‍, ഈ സംഭൃതശക്തി, സ്വാഭാവികാഗ്രഹങ്ങളും കഴിവുകളുമാണെന്നു നാം കൈക്കൊള്ളുന്നു. അവയുടെ യഥാര്‍ത്ഥമായ ഉദയം നാമറിയാത്തതാണ്. അതിനു കാരണം നാമവയെ അന്ധമായും ചോദ്യം ചെയ്യാതെയും അനുസരിക്കുന്നു. ഫലം അടിമത്തം. തീരെ ഗതികെട്ട ഒരുതരം അടിമത്തം. എന്നിട്ടു നമ്മെ സ്വതന്ത്രരെന്നു നാം വിളിക്കയും ചെയ്യുന്നു. സ്വതന്ത്രര്‍! നമ്മള്‍, ഒരു നിമിഷം നമ്മുടെ മനസ്സിനെ ഭരിക്കാന്‍ കഴിയാത്തവര്‍. പോരാ, ഒരു നിമിഷം ഒരു വിഷയത്തില്‍ മനസ്സു നിര്‍ത്താനാവാത്തവര്‍, മറ്റെല്ലാം പുറംതള്ളി ഒരു ബിന്ദുവില്‍ മനസ്സിനെ ഒതുക്കാനാവാത്തവര്‍! എന്നിട്ടും നാം നമ്മളെ സ്വതന്ത്രരെന്നു വിളിക്കുന്നു! അതൊന്നു വിചാരിച്ചുനോക്കൂ! നാം ചെയ്യേണ്ടത് നമുക്കറിയാവുന്നതുപോലെ ചെയ്യുവാന്‍ അത്യല്‍പ്പസമയത്തേയ്ക്കുപോലും നമുക്കാവില്ല. വല്ല ഇന്ദ്രിയാഭിലാഷവും പൊന്തിവരും. അപ്പോഴേ നാമതനുസരിക്കയും ചെയ്യും. അത്തരം ദൌര്‍ബ്ബല്യത്തിനു മനഃസാക്ഷി നമ്മെ കുത്തുന്നു. പക്ഷേ, വീണ്ടും വീണ്ടും നാമതു ചെയ്യുന്നു. സര്‍വ്വദാ നാമതു ചെയ്കയാണ്. ഒരുയര്‍ന്ന ജീവിതത്തോടൊത്തു നമുക്കു ജീവിക്കാനാവുന്നില്ല. നാമെത്ര ശ്രമിച്ചാലും. പൂര്‍വ്വചിന്തകളാകുന്ന ഭൂതങ്ങള്‍, പൂര്‍വ്വജന്മങ്ങള്‍, നമ്മെ പിടിച്ചുതാഴ്ത്തുന്നു. ലോകത്തിലെ ക്ളേശമെല്ലാം ഈ ഇന്ദ്രിയദാസ്യംകൊണ്ടുണ്ടായതാണ്. ഇന്ദ്രിയജീവിതത്തിനുപരി ഉയരാനുള്ള നമ്മുടെ കഴിവില്ലായ്മയാണ്, ശാരീരികസുഖത്തിനുവേണ്ടിയുള്ള പാടുപെടലാണ്, ലോകത്തിലെ സര്‍വ്വഭയങ്ങള്‍ക്കും ക്ളേശങ്ങള്‍ക്കും കാരണം.

മനസ്സിന്റെ കൊടുംചുഴറ്റുകളെ തടഞ്ഞുനിര്‍ത്താനും അതിനെ ഇച്ഛയുടെ പിടിക്കടിപ്പെടുത്താനും അങ്ങനെ അതിന്റെ ഹിംസ്രശാസനത്തില്‍നിന്നു നമ്മെ മോചിപ്പിക്കാനും നമ്മെ പഠിപ്പിക്കുന്നതു മനോവിജ്ഞാനീയമാണ്. മനോവിജ്ഞാനീയം ശാസ്ത്രങ്ങളുടെ ശാസ്ത്രമാണ്. അതിനെ കൂടാതെ സര്‍വ്വശാസ്ത്രങ്ങളും മറ്റു സര്‍വ്വവിജ്ഞാനവും സാരരഹിതമാകുന്നു.

അനിയന്ത്രിതവും അവിനീതവുമായ മനസ്സു നമ്മെ എന്നെന്നും വലിച്ചു താഴ്ത്തിത്താഴ്ത്തിക്കൊണ്ടു പോകും. നമ്മെ പിളര്‍ക്കും, നമ്മെ കൊല്ലും. നിയന്ത്രിതവും വിനീതവുമായ മനസ്സു നമ്മെ രക്ഷിക്കും. മോചിപ്പിക്കും. അതുകൊണ്ട് അതിനെ നിയന്ത്രിക്കണം. അതെങ്ങനെ ചെയ്യാമെന്നു മനോവിജ്ഞാനീയം നമ്മെ പഠിപ്പിക്കയും ചെയ്യുന്നു.

ഏതു ഭൌതികശാസ്ത്രത്തെയും പഠിക്കയും അപഗ്രഥിക്കയും ചെയ്യാന്‍ വേണ്ടത്ര വസ്തുതകള്‍ കിട്ടിയിട്ടുണ്ട്. ഈ വസ്തുതകളെ പഠിക്കുന്നു, അപഗ്രഥിക്കുന്നു. ഫലം ശാസ്ത്രവിജ്ഞാനവുമാകുന്നു. എന്നാല്‍ മനസ്സിനെ പഠിക്കയും അപഗ്രഥിക്കയും ചെയ്യുന്നതില്‍ ഒരു വസ്തുതയുമില്ല. എല്ലാവര്‍ക്കും ഒരുപോലെ സുലഭമായതരം ഒരു വസ്തുതയും. പുറത്തുനിന്നുകിട്ടില്ല. മനസ്സ് അതിനെത്തന്നെ അപഗ്രഥിക്കുന്നു. അതുകൊണ്ട്, മഹത്തമശാസ്ത്രം മനസ്സിന്റെ ശാസ്ത്രമാണ്. മനോവിജ്ഞാനീയമെന്ന ശാസ്ത്രം.

മനസ്സിന്റെ ശക്തികള്‍, വിശേഷിച്ച്, അസാധാരണശക്തികള്‍, മന്ത്രവാദത്തോടും ഗുഹ്യവിദ്യയോടും അതിനടുപ്പമുള്ളതെന്നു പാശ്ചാത്യര്‍ കരുതുന്നു. ഗുഹ്യജല്‍പ്പകസമ്പ്രദായക്കാരായ ചില ഹിന്ദുസന്ന്യാസിമാര്‍ ചെയ്യുംപോലെ, ഉണ്ടെന്നു വെറുതെ വെച്ചിട്ടുള്ള മാനസപ്രതിഭാസങ്ങളും മനോവിജ്ഞാനീയവും ഒന്നെന്നു കരുതപ്പെട്ട് ഉച്ചതരമായ ആ ശാസ്ത്രത്തിന്റെ പഠനം പിന്നോക്കമായിട്ടുണ്ട്.

ഭൌതികശാസ്ത്രജ്ഞന്മാര്‍ ലോകമൊട്ടുക്ക് ഏതാണ്ട് ഒരേ ഫലം നേടുന്നു. അവര്‍ അവരുടെ സാമാന്യവസ്തുതകളില്‍ വ്യത്യസ്തരാവുന്നില്ല. അത്തരം വസ്തുതകളില്‍നിന്നു സ്വാഭാവികമായി വന്നുകൂടുന്ന ഫലങ്ങളിലുമില്ല. ഭൌതികശാസ്ത്രത്തിന്റെ വസ്തുതകള്‍ സര്‍വ്വസുലഭങ്ങളും സര്‍വ്വസമ്മതങ്ങളും, ഫലങ്ങള്‍ ഈ സര്‍വ്വസമ്മതവസ്തുതകളില്‍ അധിഷ്ഠിതമായ ന്യായനിഗമനങ്ങളുമായതത്രേ ഇതിനുകാരണം. മനോമണ്ഡലത്തില്‍ കാര്യം വേറെയാണ്. ഇവിടെ വസ്തുതകളൊന്നുമില്ല. ഭൌതികേന്ദ്രിയവേദ്യങ്ങളായ വസ്തുതകളില്ല. സര്‍വ്വസമ്മതമായ സാധനങ്ങളുമില്ല. മനസ്സിനെ പഠിക്കുന്നവരെല്ലാം അവയുടെ മേല്‍ ഒരുപോലെ പരീക്ഷണം നടത്തിയിട്ടു വേണമല്ലൊ അതില്‍ നിന്നു ഒരു മനോവിജ്ഞാനീയസമ്പ്രദായം പടുത്തുയര്‍ത്താന്‍.

ആഴത്തിലാഴത്തില്‍ ഉള്ളിലാണ് ചേതനന്‍. യഥാര്‍ത്ഥമനുഷ്യന്‍, ആത്മാവ്. മനസ്സിനെ അകത്തേയ്ക്കു തിരിക്കുക, അതോടു യുക്തനാകുക. ആ അചലമായ നിലപാടില്‍നിന്നു മനസ്സിന്റെ ചുഴറ്റുകളെ നോക്കിനില്‍ക്കാം. വസ്തുതകളെ നിരീക്ഷിക്കാം. അവയെ എല്ലാവരിലും കണ്ടെത്താം. അത്തരം വസ്തുതകള്‍, അത്തരം വിവരങ്ങള്‍, വേണ്ടത്ര ആഴത്തിലെത്തുന്നവര്‍ക്ക് കാണാനാവും. അത്തരക്കാര്‍ക്കു മാത്രം. ലോകമൊട്ടുക്കുമുള്ള സ്വയം യോഗിമാനികളായ ആ വലിയ വര്‍ഗ്ഗത്തിന്റെയിടയില്‍ മനസ്സിനെയും അതിന്റെ സ്വഭാവത്തെയും ശക്തികളെയും മറ്റും പറ്റി വലിയ അഭിപ്രായവ്യത്യാസമുണ്ട്. ഇതിനു കാരണം, അത്തരക്കാര്‍ വേണ്ടത്ര ആഴത്തില്‍ പോകാത്തതാണ്. അവര്‍ താന്താങ്ങളുടെയും മറ്റുള്ളവരുടെയും മനസ്സുകളുടെ അല്പം ചില വ്യാപാരങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്. എന്നിട്ട് അത്തരം ഉപരിതലപ്രകാശനങ്ങളുടെ യഥാര്‍ത്ഥസ്വഭാവത്തെപ്പറ്റി ഒന്നും അറിയാതെ വിശ്വവിനിയോജ്യതയുള്ള വസ്തുതകളാണവയെന്നു പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ഓരോ മതക്കിറുക്കനും യോഗിഭ്രാന്തന്നും വസ്തുതകളും വിവരങ്ങളുമൊക്കെയുണ്ട്. അവ വിശ്വാസയോഗ്യങ്ങളായ ഗവേഷണമാനദണ്ഡങ്ങളാണെന്നാണ് അവന്‍ അവകാശപ്പെടുന്നത്. എന്നാല്‍ അവ വാസ്തവത്തില്‍ അവന്റെ സ്വന്തം ഭാവനകളില്‍ ഒട്ടും കൂടുതലല്ല, കുറവുമല്ല.

നിങ്ങള്‍ക്കു മനസ്സിനെ പഠിക്കണമെന്നുണ്ടെങ്കില്‍ മുറയ്ക്കുള്ള പരിശീലനം വേണംതന്നെ. മനസ്സിനെ നിയന്ത്രണാധീനമാക്കാന്‍, മനസ്സിനെ പഠിക്കാനും അതിന്റെ ഏതു കൊടുംചുഴറ്റുകള്‍കൊണ്ടും ചലിക്കാതിരിക്കാനും യാതൊരു ബോധത്തില്‍നിന്നു സാധിക്കുമോ അതിനെ പ്രാപിക്കാന്‍, നിങ്ങള്‍ക്കു പരിശീലനം കൂടിയേ ഒക്കൂ. അല്ലാത്തപക്ഷം നിരീക്ഷിച്ച വസ്തുതകള്‍ വിശ്വസനീയങ്ങളാവില്ല. അവ എല്ലാവരിലും വിനിയോഗിച്ചുകൂടാ. അതുകൊണ്ട് അവ യഥാര്‍ത്ഥത്തില്‍ വസ്തുതകളോ വിവരങ്ങളോ ആയിരിക്കയേ ഇല്ല.

മനസ്സിന്റെ പഠനത്തില്‍ ആഴത്തില്‍ പോയിട്ടുള്ള ആ വര്‍ഗ്ഗത്തിന്നിടയ്ക്കു നിരീക്ഷിക്കപ്പെട്ട വസ്തുതകള്‍ ഒന്നുതന്നെ. അവര്‍ ലോകത്തിന്റെ ഏതു ഭാഗത്തായാലും അവര്‍ക്കുണ്ടായിരിക്കാവുന്ന മതവിശ്വാസം എന്തായാലും കാര്യമില്ല. മനസ്സിന്നുള്ളിലേക്കു വേണ്ടത്ര ആഴത്തില്‍ പോയിട്ടുള്ളവര്‍ക്കെല്ലാം കിട്ടിയ ഫലങ്ങള്‍ ഒന്നുതന്നെ.

മനസ്സു വ്യാപരിക്കുന്നതു പ്രത്യക്ഷവും പ്രേരണയും കൊണ്ടാണ്. ഉദാഹരണത്തിന്, പ്രകാശരശ്മികള്‍ എന്റെ കണ്ണില്‍ കടക്കുന്നു. അവയെ നാഡികള്‍ മസ്തിഷ്കത്തിലെത്തിക്കുന്നു. എന്നിട്ടും ഞാന്‍ വെളിച്ചം കാണുന്നില്ല. മസ്തിഷ്കം പ്രേരണയെ മനസ്സിലേക്കു വഹിക്കുന്നു, എങ്കിലും ഞാന്‍ വെളിച്ചം കാണുന്നില്ല. പിന്നെ മനസ്സു പ്രതികരിക്കുന്നു. മനസ്സു നിറയെ വെളിച്ചം നിറയുകയും ചെയ്യുന്നു. മനസ്സിന്റെ പ്രതികരണമാണ് പ്രേരണ. അതിന്റെ ഫലമായി കണ്ണ് വിഷയത്തെ പ്രത്യക്ഷീകരിക്കുന്നു.

മനസ്സിനെ നിയന്ത്രിക്കാന്‍ ഉപബോധമനസ്സിന്റെ ആഴത്തില്‍ പോകേണ്ടിയിരിക്കുന്നു. അവിടെ കൂട്ടംകൂടിയിട്ടുള്ള വിവിധ മുദ്രകളെയും വിചാരങ്ങളെയും മറ്റും ക്രമത്തിനു വര്‍ഗ്ഗം തിരിച്ചെടുക്കണം. എന്നിട്ടവയെ നിയന്ത്രിക്കണം. ഇതാണ് ആദ്യത്തെ പടി. ഉപബോധമനസ്സിന്റെ നിയന്ത്രണംകൊണ്ടു നിങ്ങള്‍ക്കു സബോധമനസ്സിന്റേയും നിയന്ത്രണം കിട്ടുന്നു.