മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള മുഖ്യവ്യത്യാസം ഏകാഗ്രതയുടെ ശക്തിയില്‍ അവര്‍ക്കുള്ള വ്യത്യാസമാണ്. ഏതു കര്‍മ്മമാര്‍ഗ്ഗത്തിലുമുള്ള സര്‍വ്വവിജയവും ഇതിന്റെ ഫലമാണ്. ഏകാഗ്രതയെക്കുറിച്ച് അല്പമൊക്കെ ആര്‍ക്കുമറിയാം. എന്നും നാമതിന്റെ ഫലങ്ങള്‍ കാണുന്നുണ്ട്. കലയിലും സംഗീതത്തിലും മറ്റുമുള്ള ഉയര്‍ന്ന നേട്ടങ്ങള്‍ ഏകാഗ്രതയുടെ ഫലങ്ങളാണ്. മൃഗത്തിനു ഏകാഗ്രതാശക്തി അത്യല്പമാണ്. മൃഗശിക്ഷകന്മാര്‍ക്കു നേരിടുന്ന വലിയ വിഷമം, പറഞ്ഞുകൊടുക്കുന്നതെന്തും മൃഗം സര്‍വ്വദാ മറക്കുന്നു എന്നതാണ്. അതിന് ഏറെനേരം ഒന്നിലും ഒരിക്കല്‍ മനസ്സു നിര്‍ത്താന്‍ വയ്യ. ഇവിടെയാണ് മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം-മനുഷ്യനു വലിയ ഏകാഗ്രതാശക്തിയുണ്ട്. ഏകാഗ്രതാശക്തിയിലുള്ള വ്യത്യാസംതന്നെയാണ് മനുഷ്യനും മനുഷ്യനും തമ്മിലുള്ള വ്യത്യാസമാകുന്നത്. അധമനെ ഉത്തമനോടു താരതമ്യപ്പെടുത്തുക. ഏകാഗ്രതാ മാത്രയിലാണ് വ്യത്യാസം അതുമാത്രമാണ് വ്യത്യാസം. ആരുടെയും മനസ്സ് ചിലപ്പോള്‍ ഏകാഗ്രമാകാറുണ്ട്. നാം സ്നേഹിക്കുന്ന വസ്തുക്കളില്‍ നാം ഏകാഗ്രരാകണം. നമ്മുടെ മനസ്സ് യാതൊന്നില്‍ ഏകാഗ്രമാകുന്നുവോ അതിനെ നാം സ്നേഹിക്കുന്നു. ഏതമ്മയുണ്ട്, തന്റെ ഏറ്റവും എളിയ കുഞ്ഞിന്റെപോലും മുഖത്തെ ഇഷ്ടപ്പെടാതെ? ആ മുഖമാണ് അവള്‍ക്ക് ആ ലോകത്തില്‍ സുന്ദരതമം. അവള്‍ അതിഷ്ടപ്പെടുന്നതു മനസ്സ് അതില്‍ ഏകാഗ്രമാക്കുന്നതുകൊണ്ടാണ്. അതേ മുഖത്തില്‍ മനസ്സേകാഗ്രമാകാമെങ്കില്‍ ഏവരും അതിഷ്ടപ്പെടും. ആ മുഖം എല്ലാവര്‍ക്കും സുന്ദരതമമാകും. നാം സ്നേഹിക്കുന്ന വസ്തുക്കളില്‍ നാമെല്ലാം നമ്മുടെ മനസ്സ് ഏകാഗ്രമാക്കുന്നുണ്ട്. സുന്ദരഗീതം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ് അതിലൊട്ടിപ്പോകുന്നു. നമുക്കതു പറിച്ചെടുക്കാന്‍ വയ്യതാനും. നിങ്ങള്‍ പറയുന്ന ശാസ്ത്രീയസംഗീതത്തില്‍ മനസ്സ് ഏകാഗ്രമാക്കുന്നവര്‍ക്കു നാടോടിപ്പാട്ട് ഇഷ്ടമല്ല. മറിച്ചും. ദ്രുതപരമ്പരയില്‍ സ്വരങ്ങള്‍ വരുന്ന സംഗീതം മനസ്സിനെ എളുപ്പം പിടികൂടുന്നു. ശിശുവിനു സജീവസംഗീതം ഇഷ്ടമാണ്. കാരണം സ്വരവേഗം മനസ്സിനലയാന്‍ ഒരവസരവും കൊടുക്കുന്നില്ല. നാടോടിപ്പാട്ടിഷ്ടപ്പെടുന്നവന് ശാസ്ത്രീയസംഗീതം അനിഷ്ടമാണ്. എന്തെന്നാല്‍ അതു കൂടുതല്‍ സങ്കീര്‍ണ്ണമാണ്, അതിനെ അനുഗമിക്കാന്‍ ഏകാഗ്രതയുടെ കൂടുതല്‍ മാത്ര വേണംതാനും.
അത്തരം ഏകാഗ്രതകളിലുമുള്ള വലിയ കുഴപ്പം നാം മനസ്സിനെ നിയന്ത്രിക്കുന്നില്ലെന്നതാണ്. അതു നമ്മെ നിയന്ത്രിക്കുന്നു. നമ്മുടെ പുറത്തുള്ള എന്തോ ഒന്നു മനസ്സിനെ അങ്ങോട്ടു വലിക്കയും ഇഷ്ടമുള്ളത്ര നേരം പിടിക്കയും ചെയ്യുന്ന മട്ടാണ് നാം. ഈ കളാരവങ്ങള്‍ കേള്‍ക്കുന്നു അഥവാ സുന്ദരചിത്രം കാണുന്നു. മനസ്സ് ദൃഢഗൃഹീതമാകയും ചെയ്യുന്നു. നമുക്കതു പറിച്ചെടുത്തുകൂടാ.
നിങ്ങള്‍ക്കിഷ്ടമുള്ള ഒരു വിഷയത്തെപ്പറ്റിയാണ് ഞാന്‍ പറയുന്നതെങ്കില്‍ അതില്‍ നിങ്ങളുടെ മനസ്സ് ഏകാഗ്രമാകുന്നു. ഞാന്‍ നിങ്ങളുടെ മനസ്സിനെ നിങ്ങളില്‍നിന്നുതന്നെ വലിച്ചെടുത്തു വിഷയത്തില്‍ നിര്‍ത്തുന്നു. നിങ്ങള്‍ എതിരായിട്ടും അങ്ങനെ നമ്മുടെ അവധാനം ഗൃഹീതമാകയും പല വസ്തുക്കളിലും നമ്മുടെ മനസ്സ് ഏകാഗ്രമാകയും ചെയ്യുന്നു. നാം എതിരായിട്ടും, നമുക്കതു തടുത്തുകൂടാ.
ഇപ്പോള്‍ ചോദ്യമിതാണ്: ഈ ഏകാഗ്രതയെ വളര്‍ത്താമോ, നമുക്കതിന്റെ ഉടമകളാകാമോ? യോഗികള്‍ പറയുന്നു, ആകാം. യോഗികള്‍ പറയുന്നു, നമുക്കു മനസ്സിന്റെ മേല്‍ സമ്പൂര്‍ണ്ണനിയന്ത്രണം കിട്ടാനാവുമെന്ന്. സദാചാരപക്ഷത്തില്‍. ഏകാഗ്രതാശക്തിയുടെ വളര്‍ച്ചയില്‍ അപകടമുണ്ട്. മനസ്സിനെ ഒരു വിഷയത്തില്‍ ഏകാഗ്രമാക്കിയിട്ട് അതിനെ സ്വച്ഛന്ദം അസക്തമാക്കാനാവായ്ക എന്ന അപകടം. ഈ അവസ്ഥ വലിയ കഷ്ടപ്പാടിനു കാരണമാകുന്നു. നമ്മുടെ കഷ്ടതയ്ക്കു ഒട്ടുമിക്കവാറും കാരണം നമുക്ക് അസക്തമാക്കാന്‍ ശക്തിയില്ലാത്തതാണ്. അതുകൊണ്ട് ഏകാഗ്രതയെ വളര്‍ത്തുന്നതോടുകൂടി അസംഗശക്തിയും വളര്‍ത്തണം. ഒക്കെ വിട്ടും ഒന്നില്‍ മനസ്സു സക്തമാക്കാന്‍മാത്രം പോരാ. വെറും ഒരു നിമിഷത്തെ മുന്നറിവോടെ, അസക്തമാക്കി മറ്റെന്തെങ്കിലുമൊന്നില്‍ വെയ്ക്കാനും പഠിക്കണം. അതിനെ സുരക്ഷിതമാക്കാന്‍ ഈ രണ്ടും ഒന്നിച്ചു വളര്‍ത്തണം.
ഇതാണ് മനസ്സിനെ മുറയ്ക്കു വളര്‍ത്തല്‍. എനിക്കു വിദ്യാഭ്യാസ സാരംതന്നെ മനസ്സിന്റെ ഏകാഗ്രതയാണ്, വസ്തുതകള്‍ ശേഖരിക്കലല്ല. വീണ്ടു എനിക്കെന്റെ വിദ്യാഭ്യാസം ചെയ്യേണ്ടിവന്നാല്‍, അക്കാര്യത്തില്‍ എന്തെങ്കിലും (നിര്‍ണ്ണായക)ശബ്ദം എനിക്കുണ്ടെങ്കില്‍, ഞാന്‍ വസ്തുതകള്‍ പഠിക്കയേ ഇല്ല. ഏകാഗ്രതയുടെയും അനാസക്തിയുടെയും ശക്തികളെ ഞാന്‍ വളര്‍ത്തും. എന്നിട്ട് ഒരു സംസിദ്ധകാരണത്തോടെ ഞാന്‍ സ്വച്ഛന്ദം വസ്തുക്കള്‍ ശേഖരിക്കും. ശിശുവില്‍, ഏകാഗ്രതയുടെയും അസംഗത്തിന്റെയും ശക്തികളെ ഒപ്പത്തിനൊപ്പം വളര്‍ത്തിക്കൊണ്ടുവരണം.
എക്കാലവും എന്റെ വളര്‍ച്ച ഒരു വശത്തുമാത്രമായിരുന്നു. ഞാന്‍ ഏകാഗ്രതയെ വളര്‍ത്തി, എന്റെ മനസ്സിനെ സ്വച്ഛന്ദം അസക്തമാക്കാനുള്ള ശക്തികൂടാതെ. എന്റെ ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കഷ്ടപ്പാട് ഇതുകൊണ്ടായിരുന്നുതാനും. ഇപ്പോള്‍ എനിക്ക് അസംഗശക്തിയുണ്ട്. പക്ഷേ ജീവിതത്തില്‍ കുറെ വൈകിയിട്ട് വേണ്ടിവന്നു അതു പഠിക്കുവാന്‍.
നാം നമ്മുടെ മനസ്സിനെ വിഷയങ്ങളില്‍ നിര്‍ത്തുകയല്ലാതെ അവ നമ്മുടെ മനസ്സിനെ അങ്ങോട്ടു വലിക്കാന്‍ പാടില്ല. സാധാരണ എകാഗ്രരാകാന്‍ നാം നിര്‍ബ്ബന്ധിതരാണ്. നമുക്കു മറക്കാനാവാത്തതായി വിവിധവിഷയങ്ങളിലുള്ള ഒരാകര്‍ഷണം നമ്മുടെ മനസ്സിനെ പിടിച്ചു അവയിലുറപ്പിക്കയാണ്. മനസ്സിനെ നിയമിക്കാന്‍, നമുക്കിഷ്ടമുള്ളിടത്ത് അതിനെ സ്ഥാപിക്കാന്‍, വിശേഷാല്‍ പരിശീലനം വേണം. മറ്റൊരുതരത്തിലും അതു സാധ്യമല്ല. മതപഠനത്തില്‍ മനഃസംയമനം അത്യന്താപേക്ഷിതമാണ്. ഈ പഠിപ്പിന് മനസ്സിനെ മനസ്സിലേക്കുതന്നെ തിരിച്ചുവിടേണ്ടിയിരിക്കുന്നു.
മനസ്സിനെ പരിശീലിപ്പിക്കുന്നതില്‍ ആദ്യത്തെ പടി ശ്വാസക്രമീകരണമാണ്. ക്രമശ്വാസം ശരീരത്തെ അനുരഞ്ജനാവസ്ഥയിലാക്കുന്നു. അപ്പോള്‍ പിന്നെ മനസ്സിനെ പ്രാപിക്ക കൂടുതല്‍ എളുപ്പമാണ്. ശ്വാസാഭ്യാസത്തില്‍ ആദ്യം ഗണിക്കേണ്ടത് ആസനത്തെയാണ്. ഇരിപ്പിനെ, ഒരുവനു സുഖമായിരിക്കാവുന്ന ഏതാസനവും, അവന്നു യോഗ്യമായ അവസ്ഥാനമാണ്. നട്ടെല്ലിനെ നിര്‍ബാധം നിര്‍ത്തണം. ശരീരഭാഗത്തെ വാരിയെല്ലുകള്‍ താങ്ങുകയും വേണം. മനസ്സിനെ നിയന്ത്രിക്കാന്‍ സൂത്രപ്പണിയൊന്നും നോക്കരുത്. ലഘുവായ ശ്വാസംമാത്രമേ ആ വഴിക്കു വേണ്ടൂ. മനോനിയമനത്തിനുള്ള കൃഛ്രങ്ങളൊക്കെ തെറ്റാണ്. അവ അഭ്യസിക്കരുത്.
മനസ്സ് ശരീരത്തിന്മേലും ശരീരം അതിന്റെ മുറയ്ക്കു മനസ്സിന്മേലും പ്രവര്‍ത്തിക്കുന്നു. അവ അന്യോന്യം പ്രവര്‍ത്തിക്കയും പ്രതിപ്രവര്‍ത്തിക്കയും ചെയ്യുന്നു. ഓരോ മാനസികാവസ്ഥയും ശരീരത്തില്‍ തദനുരൂപാവസ്ഥയെ ഉളവാക്കുന്നു. ശരീരത്തിലെ ഓരോ പ്രവൃത്തിക്കും തദനുരൂപമായ ഫലം മനസ്സിന്മേലുണ്ട്. ശരീരമനസ്സുകള്‍ രണ്ടു ഭിന്നവസ്തുക്കളാണെന്നു വിചാരിച്ചാലും അവ രണ്ടുംകൂടി ഒറ്റ ശരീരമാണെന്നു കരുതിയാലും ഒരു വ്യത്യാസവുമില്ല. കാരണം, ഭൌതികശരീരം സ്ഥൂലഭാഗവും മനസ്സ് സൂക്ഷ്മഭാഗവുമാണ്. അവ അനോന്യം പ്രവര്‍ത്തിക്കയും പ്രതിപ്രവര്‍ത്തിക്കയും ചെയ്യുന്നു. മനസ്സ് സദാ ശരീരമായിക്കൊണ്ടിരിക്കയാണ്. മനസ്സിനെ ശിക്ഷണം ചെയ്യുന്നതില്‍ ശരീരദ്വാരാ അതിനെ പ്രാപിക്കുന്നതാണ് ഏറെയെളുപ്പം. മനസ്സിനെ നിയന്ത്രിക്കുന്നതിനേക്കാള്‍ എളുപ്പമാണ് ശരീരനിയന്ത്രണം.
ഉപകരണം സൂക്ഷ്മതരമാകുംതോറും ശക്തി മഹത്തരമാണ്. മനസ്സ് ശരീരത്തേക്കാള്‍ ഏറെ സൂക്ഷ്മവും കൂടുതല്‍ ശക്തിമത്തുമാണ്. ഇക്കാരണത്താല്‍ ശരീരത്തെക്കൊണ്ട് തുടങ്ങുന്നതാണ് കൂടുതല്‍ എളുപ്പം.
ശ്വസനശാസ്ത്രം മനസ്സിനെ പ്രാപിക്കുവാന്‍ ശരീരത്തിലൂടെയുള്ള പ്രവര്‍ത്തനമാണ്. ഇതുവഴി ശരീരനിയന്ത്രണം നമുക്കു കിട്ടുന്നു. അനന്തരം ശരീരത്തിന്റെ സൂക്ഷ്മതരപ്രവര്‍ത്തനങ്ങളെ-സൂക്ഷ്മതരവും ആന്തരതരവുമായവയെ-നാം തൊട്ടറിയുന്നു. അങ്ങനെ ചെന്ന് നാം ഒടുവില്‍ മനസ്സിനെ പ്രാപിക്കയും ചെയ്യുന്നു. ശരീരത്തിന്റെ സൂക്ഷ്മതരപ്രവര്‍ത്തനങ്ങളെ തൊട്ടറിയുന്നതോടെ അവ നമ്മുടെ പിടിയില്‍ വരുന്നു. കുറേക്കഴിഞ്ഞു ശരീരോപരി മനസ്സിനുള്ള വ്യാപാരത്തെ തൊട്ടറിയാന്‍ നിങ്ങള്‍ക്കു കഴിയും. മനസ്സിന്റെ ഒരു പകുതി മറ്റേ പകുതിയുടെ മേല്‍ പ്രവര്‍ത്തിക്കുന്നതും മനസ്സ് ഇന്ദ്രിയകേന്ദ്രങ്ങളെ നവീകരിക്കുന്നതും നമുക്കു തൊട്ടറിയാന്‍ കഴിയും. എന്തെന്നാല്‍, മനസ്സ് നാഡീനിചയത്തെ നിയന്ത്രിക്കയും ഭരിക്കയും ചെയ്യുന്നു. വിവിധനാഡീധാരകളിലൂടെ മനസ്സു വ്യാപരിക്കുന്നതു നിങ്ങള്‍ക്കറിയാറാകും.
അങ്ങനെ, നിയതവും ക്രമവത്തുമായ ശ്വസനംകൊണ്ട് ആദ്യം സ്ഥൂലശരീരത്തേയും പിന്നെ സൂക്ഷ്മശരീരത്തേയും നിയമിച്ച്, മനസ്സിനെ നിയന്ത്രണാധീനമാക്കുന്നു.
ആദ്യത്തെ ശ്വസനാഭ്യാസം തികച്ചും അപായരഹിതവും ആരോഗ്യകരവുമാണ്. അതു നിങ്ങള്‍ക്കു നല്ല ആരോഗ്യം നല്‍കി, നിങ്ങളുടെ നിലയെ കൂടുതല്‍ നന്നാക്കുകയെങ്കിലും ചെയ്യും. മറ്റഭ്യാസങ്ങളെ പതുക്കെയും കരുതിയും കൈക്കൊള്ളേണ്ടതാണ്.