സ്വാമി വിവേകാനന്ദന്‍

(കാലിഫോര്‍ണിയയില്‍ ലോസ് ഏഞ്ജല്സിലെ ഹോം ഓഫ് ട്രൂത്തില്‍ ചെയ്ത പ്രസംഗം)

ഈ പ്രഭാതത്തില്‍ ശ്വാസത്തെയും മറ്റഭ്യാസങ്ങളെയും പറ്റി ചില ആശയങ്ങള്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തിത്തരാന്‍ ഞാന്‍ ശ്രമിക്കാം. നാം ഇക്കാലമത്രയും സിദ്ധാന്തചര്‍ച്ച ചെയ്കയായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ തെല്ലു പ്രായോഗികവിഷയം ചര്‍ച്ച ചെയ്യുന്നതു നന്നായിരിക്കും. ഈ വിഷയത്തെ അധികരിച്ചു വളരെയേറെ ഗ്രന്ഥങ്ങള്‍ ഭാരതത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ആളുകള്‍ വളരെ കാര്യങ്ങളില്‍ പ്രായോഗികരായിരിക്കുംപോലെ, ഞങ്ങളുടെ ആളുകള്‍ ഈ വഴിക്കു പ്രായോഗികരാണെന്നു തോന്നുന്നു. ഈ നാട്ടില്‍ അഞ്ചുപേര്‍ ഒന്നായിച്ചേര്‍ന്നു പറയും: ‘ഞങ്ങള്‍ക്ക് ഒരു ജോയിന്റ് സ്റ്റോക് കമ്പനി വേണം. അഞ്ചു മണിക്കൂറിനകം അതുണ്ടാക്കിയും കഴിഞ്ഞു. ഭാരതത്തില്‍ അമ്പതുകൊല്ലംകൊണ്ടും അവര്‍ക്കതു ചെയ്യാനാവില്ല. ഇത്തരം കാര്യങ്ങളില്‍ അവര്‍ അത്രയ്ക്കു അപ്രയോഗികരാണ്. എന്നാല്‍ ധരിച്ചോളൂ, ഒരുവന്‍ ഒരു തത്ത്വജ്ഞാനപദ്ധതി തുടങ്ങുന്നെങ്കില്‍, അതിന്റെ സിദ്ധാന്തങ്ങള്‍ എത്ര കാടനുമാകട്ടെ, അതിനനുയായികളെ കിട്ടും. ഉദാഹരണത്തിന്, ഒറ്റക്കാലില്‍ പന്ത്രണ്ടുകൊല്ലം, രാപകല്‍, നിന്നാല്‍ മോക്ഷം കിട്ടുമെന്നുപദേശിക്കുന്ന ഒരു സമ്പ്രദായം തുടങ്ങുന്നു-നൂറുകണക്കാളുകളുണ്ടാകും ഒറ്റക്കാലില്‍ നില്‍ക്കാന്‍. എല്ലാ കഷ്ടതകളും ശാന്തമായി സഹിച്ചുകൊള്ളും. വര്‍ഷങ്ങളായി കൈകളുയര്‍ത്തിപ്പിടിക്കുന്നവരുണ്ട്, ധര്‍മ്മോത്കര്‍ഷം കിട്ടുവാനായി. അവരെ നൂറുകണക്കിനു ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ശ്രദ്ധിക്കൂ. അവന്‍ പലപ്പോഴും അറിവില്ലാത്ത വിഡ്ഢികളുമല്ല. തങ്ങളുടെ ബുദ്ധിയുടെ ആഴവും പരപ്പുംകൊണ്ട് നിങ്ങളെ അത്ഭുതപ്പെടുത്തുന്നവരാണ്. അതുകൊണ്ട് നിങ്ങള്‍ക്കു കാണാം, പ്രായോഗികമെന്ന വാക്കും ആപേക്ഷികമാണെന്ന്.

മറ്റുള്ളവരെ വിധിക്കുന്നതില്‍ നാം എപ്പോഴും ഈ തെറ്റു ചെയ്യാറുണ്ട്. നമ്മുടെ ചെറിയ മനോലോകമാണ് ഉള്ളതെല്ലാമെന്നു ചിന്തിക്കാനുള്ള പ്രവണതയാണ് നമുക്കെപ്പോഴും. നമ്മുടെ നീതിശാസ്ത്രം, നമ്മുടെ സദാചാരം, നമ്മുടെ കര്‍ത്തവ്യബോധം. നമ്മുടെ പ്രായോഗികബുദ്ധി-ഇവ മാത്രമാണ് അഭികാമ്യങ്ങള്‍. ഈയിടെ ഒരു ദിവസം ഞാന്‍ യൂറോപ്പിലേക്കു പോകവേ, മാഴ്സെയില്‍സില്‍ക്കൂടി കടക്കുകയായിരുന്നു. അവിടെയുണ്ട് ഒരു കാളപ്പോര്‍ നടക്കുന്നു. കപ്പലിലെ ഇംഗ്ളീഷുകാരെല്ലാം ക്ഷോഭിച്ചുന്മത്തരായി. അതെല്ലാം ക്രൂരമെന്ന ശകാരവും വിമര്‍ശനവും. ഞാന്‍ ഇംഗ്ളണ്ടില്‍ ചെന്നപ്പോള്‍ കേട്ടു. ഒരു സംഘം പന്തയപ്പോരാളികളെപ്പറ്റി. അവര്‍ പാരീസില്‍ പോയിരുന്നു. ഫ്രഞ്ചുകാരാല്‍ നിരുപചാരം ചവുട്ടിപ്പുറത്താകപ്പെടുകയും ചെയ്തു. അവിടുത്തുകാര്‍ കരുതിയതു പന്തയപ്പോര്‍ വളരെ മൃഗീയമെന്നാണ്. പല നാടുകളില്‍ ഇതൊക്കെ കേള്‍ക്കുമ്പോള്‍ ക്രിസ്തുവിന്റെ അത്ഭുവചനം മനസ്സിലാക്കാന്‍ തുടങ്ങുന്നു. ‘വിധിക്കാതിരിക്കുക നിങ്ങള്‍ വിധിക്കപ്പെടാതിരിക്കാന്‍.’ നാം എത്രയേറെ പഠിക്കുന്നുവോ അത്രയേറെക്കാണാം, നാം എത്രയ്ക്കജ്ഞരെന്നും എത്രയ്ക്കു ബഹുരൂപവും ബഹുമുഖവുമാണ് മനുഷ്യമനസ്സെന്നും. ഞാനൊരു കുട്ടിയായിരിക്ക എന്റെ നാട്ടുകാരുടെ താപസശീലങ്ങളെ ഞാന്‍ വിമര്‍ശിച്ചിരുന്നു. ഞങ്ങളുടെ നാട്ടിലെതന്നെ മഹാപ്രഭാഷകന്മാര്‍ അവയെ വിമര്‍ശിച്ചിട്ടുണ്ട്. ജന്മമെടുത്തിട്ടുള്ളവരില്‍ മഹത്തമമനുഷ്യനായ ബുദ്ധന്‍തന്നെ അവയെ വിമര്‍ശിച്ചു. അങ്ങനെയൊക്കെയാണെങ്കിലും പ്രായം കൂടുംതോറും എനിക്കു തോന്നുന്നു, വിധിക്കുവാന്‍ എനിക്കൊരധികാരവുമില്ലെന്ന്. ചിലപ്പോള്‍ ഞാന്‍ അഭിലഷിക്കയാണ്, അവര്‍ക്കെന്തെല്ലാം പൊരുത്തക്കേടുകളുണ്ടായിരുന്നാലും, പ്രവര്‍ത്തിക്കാനും സഹിക്കാനുമുള്ള അവരുടെ കരുത്തിന്റെ ഒരു തരി എനിക്കുണ്ടായിരുന്നെങ്കില്‍! പലപ്പോഴും ഞാന്‍ വിചാരിക്കുന്നുണ്ട്, എന്റെ വിധിക്കലും വിമര്‍ശനവും പുറപ്പെടുന്നതു പീഡനവൈരസ്യത്തില്‍നിന്നൊന്നുമല്ല, പിന്നെയോ തനി ഭീരുത്വത്തില്‍നിന്നാണ്. എനിക്കതു ചെയ്യാന്‍ കഴിവില്ല, എനിക്കതു ചെയ്യാന്‍ ധൈര്യമില്ല.

അപ്പോള്‍, ബലവും വീര്യവും ധൈര്യവും വളരെ അസാധാരണ സംഗതികളാണെന്നു നിങ്ങള്‍ക്കു കാണാം. നാം സാധാരണ പറയാറുണ്ട്-ധീരപുരുഷന്‍, വീരപുരുഷന്‍, ശൂരപുരുഷന്‍ എന്ന്. എന്നാല്‍, ആ ധൈര്യമോ വീര്യമോ മറ്റേതെങ്കിലും ലക്ഷണമോ ആ മനുഷ്യന് എപ്പോഴും സ്വഭാവഭൂതമല്ലെന്ന് നാം ഓര്‍മ്മിക്കണം. പീരങ്കിയുടെ വായിലേക്കു പായുന്നതില്‍ ഉത്സുകനായ അതേ മനുഷ്യന്‍ ശസ്ത്രവൈദ്യന്റെ കത്തിയില്‍നിന്നു ചൂളുന്നു. തോക്കിനെ നേരിടാന്‍ ഒരിക്കലും മുതിരാത്ത വേറൊരുവന്‍, വേണ്ടിവന്നാല്‍, ഉഗ്രശസ്ത്രക്രിയയെ ശാന്തമായി സഹിക്കും. അതുകൊണ്ട്, അന്യരെ വിധിക്കുന്നതില്‍ നിങ്ങളുടെ സംജ്ഞകളായ ധൈര്യത്തെയും മഹത്ത്വത്തെയും നിങ്ങള്‍ എപ്പോഴും നിര്‍വ്വചിക്കണം. നല്ലവനല്ലെന്നു ഞാന്‍ വിമര്‍ശിക്കുന്ന മനുഷ്യന്‍, ഞാന്‍ നല്ലവനല്ലാത്ത ചില സംഗതികളില്‍ അത്ഭുതമായ നന്മയുള്ളവനായിരിക്കാം.

വേറൊരു ദൃഷ്ടാന്തമെടുക്കുക. സ്ത്രീപുരുഷന്മാര്‍ക്ക് ചെയ്യാനാവുന്നതെന്തെന്നു ചര്‍ച്ച ചെയ്യുമ്പോള്‍, ആളുകള്‍ ഈ തെറ്റുതന്നെ വരുത്തുന്നതു പലപ്പോഴും കാണാം. അവരുടെ വിചാരം പുരുഷനെ അവന്റെ അത്യുച്ചഭാവത്തില്‍ കാണിക്കയാണെന്നാണ്. കാരണം അവന്, ഉദാഹരണത്തിന്, പോരടിക്കാം, ഭയങ്കരമായ ശരീരായസത്തിനും വിധേയനാകാം. ഇതിനെ സ്ത്രീകളുടെ ശരീരത്തിന്റെ അബലതയ്ക്കും പോരിനുപറ്റായ്മയ്ക്കും എതിരെ നിര്‍ത്തിയിരിക്കയുമാണ്. ഇതനീതിയാണ്. പുരുഷനോളംതന്നെ സ്ത്രീയും ധീരയാണ്. അവന്റെയോ അവളുടെയോ വഴിക്കു രണ്ടുപേരും ഒരുപോലെ നല്ലവരാണ്. സ്ത്രീയെപ്പോലെ ഇത്ര ക്ഷമയോടും സഹനത്തോടും പ്രേമത്തോടുംകൂടി ശിശുവിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഏതു പുരുഷനു കഴിയും? ഒരാള്‍ പ്രവര്‍ത്തിക്കാനുള്ള ശക്തി വളര്‍ത്തിയിട്ടുണ്ട്. മറ്റെയാള്‍ സഹിക്കാനുള്ള ശക്തിയും. സ്ത്രീക്കു പ്രവര്‍ത്തിക്കാന്‍ വയ്യെങ്കില്‍, പുരുഷനു സഹിക്കാനും വയ്യ. ഈ ജഗത്തു മുഴുവന്‍ സംതുലനാത്മകമാണ്. എനിക്കറിഞ്ഞുകൂടാ; എങ്കിലും, ഒരു ദിവസം നാം ഉണര്‍ന്നു കണ്ടെത്തും, വെറും പുഴുവിനുമുണ്ട് നമ്മുടെ മനുഷ്യത്വത്തെ തോലനം ചെയ്യുന്ന ചിലത് എന്ന്. അത്യന്തദുഷ്ടന്നുമുണ്ടാവാം എനിക്കു തീരെയില്ലാത്ത ചില സദ്ഗുണങ്ങള്‍. എന്റെ ജീവിതത്തിലെന്നാളും ഞാനതു കാണുന്നുണ്ട്. ആ കാട്ടുമാടനെ നോക്കുക. അത്ര മഹനീയമായ ദേഹസമ്പത്ത് എനിക്കുണ്ടായിരുന്നെങ്കില്‍! അവന്‍ ഉള്ളം നിറയെ തിന്നുന്നു, കുടിക്കുന്നു. ഒരുപക്ഷേ രോഗമെന്തെന്നറിയാതെ. അതേസമയം ഞാന്‍ അനുനിമിഷം കഷ്ടപ്പെടുകയാണ്. അവന്റെ ശരീരത്തിനായി എന്റെ മസ്തിഷ്കം വെച്ചുമാറുന്നതില്‍ ഞാന്‍ എത്രയോ വട്ടം സന്തോഷിക്കുമായിരുന്നു! ഈ ജഗത്തു മുഴുവന്‍ തിരയും കുഴിയും മാത്രം. കുഴിയില്ലാതെ തിരയുണ്ടാവില്ല. തോലനം, സര്‍വ്വത്ര. നിങ്ങള്‍ക്കു മഹത്തായ ഒരു വസ്തുവുണ്ട്, നിങ്ങളുടെ അയല്‍ക്കാരന്നു മറ്റൊന്ന് മഹത്തായുണ്ട്. നിങ്ങള്‍ പുരുഷനെയും സ്ത്രീയെയും വിധിക്കുമ്പോള്‍ അവരവരുടെ മഹിമയുടെ മാനദണ്ഡംവെച്ചു വിധിക്കുക. ഒരുവന്നു വേറൊരുവന്റെ ചെരുപ്പ് ചേരുകയില്ല. ഒരുവനു മറ്റൊരുവന്‍ ദുഷ്ടനെന്നു പറയാന്‍ ഒരവകാശവുമില്ല. ‘ഇതു ചെയ്തു പോയാല്‍ ലോകം മുടിഞ്ഞുപോകും’ എന്നു പറയുന്ന പഴയ അതേ അന്ധവിശ്വാസമാണിത്. ഇതുണ്ടായിട്ടും ഇനിയും ലോകം മുടിഞ്ഞിട്ടില്ല. ഈ നാട്ടില്‍ പറഞ്ഞിരുന്നതാണ്, നീഗ്രോകളെ മോചിപ്പിച്ചാല്‍ ഈ നാടു നശിച്ചുപോകുമെന്ന്- എന്നിട്ടു നശിച്ചോ? പിന്നെയും പറഞ്ഞിരുന്നു, സാമാന്യജനത്തെ വിദ്യയഭ്യസിപ്പിച്ചാല്‍ ലോകം നഷ്ടമാകുമെന്ന്. പക്ഷേ ലോകം മെച്ചമായതേ ഉള്ളൂ. വളരെ കൊല്ലം മുമ്പ് ഒരു പുസ്തകം പുറത്തുവന്നു, ഇംഗ്ളണ്ടിനു പെടാവുന്ന അത്യന്തകഷ്ടത്തെ വര്‍ണ്ണിച്ചുകൊണ്ട്. തൊഴിലാളികളുടെ കൂലി പൊങ്ങിയതിനൊപ്പം ഇംഗ്ളീഷ്കച്ചവടം താഴുകയാണെന്ന് ഗ്രന്ഥകാരന്‍ കാണിച്ചു. ഒരു നിലവിളി ഉയര്‍ന്നു. ഇംഗ്ളണ്ടിലെ തൊഴിലാളികള്‍ കടത്തി ചോദിക്കയാണെന്നും ജര്‍മ്മന്‍കാര്‍ കുറഞ്ഞ കൂലിക്കു പണിയെടുക്കുകയാണെന്നും. ഇതന്വേഷിക്കാന്‍ ഒരു കമ്മീഷനെ ജര്‍മ്മനിയിലേക്കയച്ചു. അതു റിപ്പോര്‍ട്ടുചെയ്തു, ജര്‍മ്മന്‍തൊഴിലാളികള്‍ക്കു കൂടുതല്‍ കൂലി കിട്ടുന്നെന്ന്. ഇതെന്തുകൊണ്ട്? സാമാന്യജനങ്ങളുടെ പഠിപ്പുകൊണ്ട്. അപ്പോള്‍ സാമാന്യജനങ്ങളെ പഠിപ്പിച്ചാല്‍ ലോകം നശിച്ചുപോകുന്ന കഥയെന്ത്? ഭാരതത്തില്‍ വിശേഷിച്ചും, നാടാകെ പഴയ മൂഢമതികളെക്കാണാം. അവര്‍ക്ക്, എല്ലാം സാമാന്യജനങ്ങളില്‍നിന്നു രഹസ്യമാക്കിവെക്കണം. തങ്ങള്‍ ഈ വിശ്വത്തിന്റെ സത്തിന്റെ സത്താണെന്നുള്ള ബഹുസംതൃപ്തികരമായ തീരുമാനത്തില്‍ ഈ ആളുകളെത്തിച്ചേരുന്നു. അവര്‍ വിശ്വസിക്കുന്നു ഈ അപകടകരമായ പരീക്ഷണങ്ങള്‍ക്കു തങ്ങളെ ദ്രോഹിക്കാനാവില്ല, ബഹുജനങ്ങള്‍ക്കേ അവകൊണ്ടു ദ്രോഹമുള്ളൂ എന്ന്.

ഇനി, പ്രായോഗികതലത്തിലേക്ക് മടങ്ങുക. മനോവിജ്ഞാനീയത്തിന്റെ പ്രായോഗികവിനിയോഗമെന്ന വിഷയം അതിപ്രാചീനകാലംതൊട്ടേ കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ട്. ക്രിസ്തുവിന്നും 1400 വര്‍ഷംമുമ്പ്, ഭാരതത്തില്‍ പതഞ്ജലിയെന്നു പേരായ മഹാദാര്‍ശനികന്‍ സര്‍വ്വോത്കര്‍ഷേണ വര്‍ത്തിച്ചിരുന്നു. അവിടുന്നു മനോവിജ്ഞാനീയത്തിലെ വസ്തുതകളും തെളിവുകളും ഗവേഷണങ്ങളും മുഴുവന്‍ സംഭരിച്ചു. ഭൂതകാലത്ത് സഞ്ചിതമായ അനുഭൂതിസര്‍വ്വസ്വം മെച്ചത്തില്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. ഓര്‍ക്കുക, ഈ ലോകം വളരെ പഴയതാണ്. വെറും രണ്ടോ മൂന്നോ ആയിരമാണ്ടുകള്‍ക്കു മുമ്പ് സൃഷ്ടിക്കപ്പെട്ടതല്ല ഇത്. ഇവിടെ, പടിഞ്ഞാറ്, പഠിപ്പിക്കപ്പെടുകയാണ്, സമുദായം തുടങ്ങിയത് 1800കൊല്ലം മുമ്പാണെന്ന് പുതിയ നിയമത്തോടുകൂടി. പടിഞ്ഞാറിനെസ്സംബന്ധിച്ച് അതു ശരിയായിരിക്കാം. എന്നാല്‍ സമസ്തലോകത്തെയും സംബന്ധിച്ച് അതു സത്യമല്ല. പലപ്പോഴും ഞാന്‍ ലണ്ടനില്‍ പ്രസംഗിച്ചിരുന്ന കാലത്ത്, ബുദ്ധിപരനും ബുദ്ധിമാനുമായ എന്റെ ഒരു സ്നേഹിതന്‍ എന്നോടു വാദിച്ചിരുന്നു. ഒരു ദിവസം എനിക്കെതിരെ, തന്റെ എല്ലാ ആയുധങ്ങളും പ്രയോഗിച്ചു കഴിഞ്ഞ്, പെട്ടെന്ന് അക്രോശിച്ചു: ‘എന്നിട്ടെന്തേ നിങ്ങളുടെ ഋഷിമാര്‍ ഞങ്ങളെ പഠിപ്പിക്കാന്‍ ഇംഗ്ളണ്ടില്‍ വന്നില്ല?’ ഞാന്‍ മറുപടി പറഞ്ഞു: ‘വരാന്‍ അവിടെ ഒരിംഗ്ളണ്ടില്ലായിരുന്നതുകൊണ്ട്. കാടുകളോട് ആരാനും പ്രവചിക്കുമോ?’

ഇംഗര്‍സോള്‍ എന്നോടു പറഞ്ഞു: ‘‘അമ്പതു കൊല്ലംമുമ്പ് നിങ്ങള്‍ ഈ നാട്ടില്‍ പ്രവചനം ചെയ്യാന്‍ വന്നിരുന്നെങ്കില്‍ നിങ്ങളെ തൂക്കിക്കൊല്ലുമായിരുന്നു. നിങ്ങളെ ജീവനോടെ ചുടുമായിരുന്നു. ഇല്ലെങ്കില്‍ ഗ്രാമങ്ങളില്‍നിന്നു നിങ്ങളെ കല്ലെറിഞ്ഞു പുറത്താക്കുമായിരുന്നു.’’

അതുകൊണ്ട്, ക്രിസ്തുവിന് 1400 കൊല്ലംമുമ്പ് നാഗരികത ഉണ്ടായിരുന്നെന്നു സങ്കല്‍പ്പിക്കുന്നതില്‍ അന്യായമൊന്നുമില്ല. നാഗരികത എപ്പോഴും താഴെനിന്നു മുകളിലേയ്ക്കാണോ വന്നതെന്നത് ഇനിയും തീര്‍ച്ചയായിട്ടില്ല. ഈ പ്രമേയം തെളിയിക്കാന്‍ ഉന്നയിച്ചിട്ടുള്ള അതേ വാദങ്ങളും പ്രമാണങ്ങളും, അപകൃഷ്ടനായ നാഗരികനാണ് കാടനെന്നു കാണിക്കാനും ഉപയോഗിക്കാം. ഉദാഹരണത്തിന്, ചൈനക്കാര്‍ക്ക് ഒരിക്കലും വിശ്വസിക്കാനാവുന്നില്ല, കാടന്റെ നിലയില്‍നിന്നാണ് നാഗരികത ഉണ്ടായതെന്ന്. എന്തെന്നാല്‍, അതിനു വിരുദ്ധമാണ് അവരുടെ അനുഭവം. എന്നാല്‍ അമേരിക്കയുടെ നാഗരികതയെന്നു നിങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത് നിങ്ങളുടെതന്നെ വംശത്തിന്റെ ശാശ്വതത്വവും വളര്‍ച്ചയുമാണ്.

എഴുന്നൂറു കൊല്ലമായി അപക്ഷയിച്ചുവരുന്ന ഹിന്ദുക്കള്‍, പണ്ട് അത്യുച്ചനാഗരികതയുള്ളവരായിരുന്നെന്നു വിശ്വസിക്കാന്‍ വളരെ എളുപ്പമുണ്ട്. അതങ്ങനെയല്ലെന്നു തെളിയിക്കാനാവില്ല.

ഏതെങ്കിലും നാഗരികത സ്വയംഭൂവാണെന്നതിന് ഒരൊറ്റ ഉദാഹരണവുമില്ല. വേറൊരു നാഗരികവംശം വന്നു കലരാതെ, നാഗരികമായിത്തീര്‍ന്ന ഒരു വംശവും ലോകത്തിലില്ല. നാഗരികതയുടെ ഉദയം ഒന്നോ രണ്ടോ വംശങ്ങളുടെ വക ആയിരുന്നു എന്നു പറയാം. അവര്‍ പുറത്തു ചെന്ന് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും മറ്റും വംശങ്ങളുമായി കൂടിക്കലരുകയും ചെയ്തു. അങ്ങനെ നാഗരികത പ്രചരിച്ചു.

പ്രായോഗികകാര്യങ്ങളില്‍ നമുക്കു നവീനശാസ്ത്രത്തിന്റെ ഭാഷയില്‍ പറയാം. എന്നാല്‍ ഒന്നു മനസ്സില്‍ കരുതാന്‍ ഞാന്‍ പറയും; മതപരമായ അന്ധവിശ്വാസമുള്ളതുപോലെ ശാസ്ത്രത്തിന്റെ കാര്യത്തിലുമുണ്ട് ഒരന്ധവിശ്വാസം. മതപ്രവര്‍ത്തനം തങ്ങളുടെ വിശേഷതയായി കൈക്കൊണ്ടിട്ടുള്ള പുരോഹിതന്മാരുണ്ട്. അതുപോലെ, ഭൌതികനിയമങ്ങള്‍ക്കുമുണ്ട് പുരോഹിതന്മാര്‍. സയന്‍സുകാര്‍. ഒരു വലിയ ശാസ്ത്രകാരന്റെ നാമം, ഡാര്‍വിനോ ഹക്സ്ളിയോ മറ്റോ, ഉദ്ധൃതമായാലുടന്‍ നാം അന്ധമായനുഗമിക്കയായി. ഇതാണ് ഇന്നത്തെ ആചാരം. നാം ശാസ്ത്രജ്ഞാനമെന്നു വിളിക്കുന്നതിന്റെ തൊണ്ണൂറ്റൊമ്പതു ശതമാനവും വെറും സിദ്ധാന്തങ്ങളാണ്. അവയില്‍ പലതും, പല തലയും കയ്യുമുള്ള ഭൂതങ്ങളെപ്പറ്റിയ പഴയ അന്ധവിശ്വാസങ്ങളേക്കാള്‍ ഒട്ടും മെച്ചമല്ല. പക്ഷേ ഈ വ്യത്യാസമുണ്ട്: പഴയതു മനുഷ്യനെ കല്ലില്ലും മരത്തിലും നിന്നു വേര്‍തിരിച്ചിരുന്നു. യഥാര്‍ത്ഥശാസ്ത്രം കരുതിയിരിക്കാന്‍ നമ്മോടു പറയുന്നു. പുരോഹിതന്മാരെപ്പറ്റി കരുതിയിരിക്കേണ്ടതുപോലെതന്നെ ശാസ്ത്രകാന്മാരെപ്പറ്റി കരുതല്‍ വേണം. അവിശ്വാസംകൊണ്ടാരംഭിക്കുക. വിശകലനം ചെയ്ക, പരീക്ഷിക്കുക, എല്ലാം തെളിയിക്കുക, എന്നിട്ടതു സ്വീകരിക്കുക. നവീനശാസ്ത്രത്തിന്റെ പ്രചുരമതങ്ങളായ മിക്ക വിശ്വാസങ്ങളും തെളിയിക്കപ്പെട്ടിട്ടില്ല. ഗണിതംപോലുള്ള ശാസ്ത്രത്തില്‍പ്പോലും അതിന്റെ സിദ്ധാന്തങ്ങളുടെ ബഹുഭൂരിഭാഗവും വെറും പ്രവര്‍ത്തകപ്രമേയങ്ങള്‍മാത്രമാണ്. മഹത്തരജ്ഞാനത്തിന്റെ വരവോടെ അവയെല്ലാം ദൂരെ എറിയപ്പെടും.

ക്രി.മു. 1400-ല്‍ ഒരു മഹാസിദ്ധന്‍, മനോവിജ്ഞാനീയവസ്തുതകളെ അടുക്കി അപഗ്രഥിച്ചു സാമാന്യവത്കരിപ്പാന്‍ പരിശ്രമിച്ചു. അവിടുത്തെ മറ്റു വളരെപ്പേര്‍ അനുഗമിച്ചു. അവര്‍ അവിടുന്നു കണ്ടുപിടിച്ചതിന്റെ അംശങ്ങള്‍ കൈക്കൊണ്ടു. അവയെപ്പറ്റി വിശേഷപഠനം നടത്തി. പ്രാചീനവംശങ്ങളിലെല്ലാം വെച്ച് ഹിന്ദുക്കള്‍മാത്രമാണ്, ഈ ജ്ഞാനശാഖയുടെ പഠനം സഗൌരവം കൈക്കൊണ്ടത്. ഞാനിപ്പോള്‍ അതു നിങ്ങളെ പഠിപ്പിക്കുന്നു. പക്ഷേ, നിങ്ങളിലെത്ര പേര്‍ അതഭ്യസിക്കും! എത്ര ദിവസം, എത്രമാസം, ആകും നിങ്ങളതു വിട്ടുകളയുന്നതിനുമുമ്പ്? ഈ വിഷയത്തില്‍ നിങ്ങള്‍ അപ്രായോഗികരാണ്. ഭാരതത്തില്‍ അവര്‍ യുഗയുഗങ്ങളായി സ്ഥിരപരിശ്രമം ചെയ്യും. അവര്‍ക്കു പള്ളിയില്ല, പൊതുപ്രാര്‍ത്ഥനയില്ല, അങ്ങനെയൊന്നുമില്ല എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. എന്നാല്‍ അവര്‍, ഇന്നും എല്ലാ ദിവസവും ശ്വസനം ശീലിക്കുന്നു, മനസ്സ് ഏകാഗ്രമാക്കാന്‍ ശ്രമിക്കയും ചെയ്യുന്നു. അതാണുതാനും അവരുടെ ഉപാസനയുടെ മുഖ്യഭാഗം. ഇവ മുഖ്യസംഗതികളാണ്. ഓരോ ഹിന്ദുവും ഇവ ചെയ്യണം. ഇത് ആ നാടിന്റെ മതമാണ്. ഓരോരുത്തനും ഒരു വിശേഷരീതി ഉണ്ടായിരിക്കാമെന്നുമാത്രം – ഒരു വിശേഷരൂപത്തിലുള്ള ശ്വാസനം. ഒരു വിശേഷരൂപത്തിലുള്ള ഏകാഗ്രീകരണം. തന്റെ വിശേഷരീതിയെന്തെന്നു തന്റെ ഭാര്യപോലും അറിയേണ്ട. അച്ഛന്‍ മകന്റേതറിയേണ്ട. പക്ഷേ, അവരെല്ലാം ഇതു ചെയ്തേ ഒക്കൂ. ഈ സംഗതികളെക്കുറിച്ചു ഗൂഢമായിട്ടൊന്നുമില്ലതാനും. ‘ഗൂഢ’പദത്തിന് അവയോടൊരു ബന്ധവുമില്ല. ഗംഗാനികടത്തില്‍ ആയിരമായിരമാളുകളെ കാണാം, അതിന്റെ തീരത്ത് എന്നുമിരുന്നു ശ്വസിക്കയും കണ്ണടച്ചു ധ്യാനിക്കയും ചെയ്യുന്നതായി. മാനവവര്‍ഗ്ഗത്തിലെ സാമാന്യക്കാര്‍ക്കു ചില അഭ്യാസങ്ങളെ അപ്രായോഗികമാക്കുന്ന രണ്ടു കാരണങ്ങളുണ്ടാവാം. ഒന്ന്: സാമാന്യക്കാര്‍ അവയ്ക്കനര്‍ഹരാണെന്ന ആചാര്യമതം. ഇതില്‍ കുറച്ചു സത്യമുണ്ടായിരിക്കാം. എന്നാല്‍ ഏറെയും അഭിമാനമാണ് കാരണം. രണ്ടാമത്തേതു പീഡാഭയം. ഉദാഹരണത്തിന് ഈ നാട്ടില്‍ ഒരുവന്‍ പരസ്യമായി ശ്വസനം അഭ്യസിക്കാന്‍ ഇഷ്ടപ്പെടില്ല. ആളുകള്‍ അയാളെ അതിവിലക്ഷണനെന്നു കരുതും. ഇതിവിടത്തെ ശിഷ്ടാചാരമല്ല. നേരമറിച്ച്, ഭാരതത്തില്‍ ഒരുവന്‍ ‘അന്നന്നത്തെ അപ്പം ഞങ്ങള്‍ക്കിന്നു തരേണമേ’ എന്നു പ്രാര്‍ത്ഥിച്ചാല്‍ ആളുകള്‍ അവനെ പരിഹസിക്കും. ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്നു പറയുന്നതില്‍ക്കവിഞ്ഞ ഒരു വിഡ്ഢിത്തവും ഹിന്ദുമനസ്സിനില്ല. ആരാധിക്കുമ്പോള്‍ ഹിന്ദു വിചാരിക്കുന്നത്, ഈശ്വരന്‍ തന്നില്‍ത്തന്നെ എന്നാണ്.

യോഗികളുടെ മതപ്രകാരം മൂന്നു നാഡീധാരകളുണ്ട്. ഒന്നിനെ ഇഡ എന്നും മറ്റതിനെ പിംഗള എന്നും നടുക്കുള്ളതിനെ സുഷുമ്ന എന്നും പറയും. ഈ മൂന്നും നട്ടെല്ലിനുള്ളിലാണ്. ഇടത്തും വലത്തുമുള്ള ഇഡാപിംഗളകള്‍ നാഡിക്കൂട്ടമാണ്. നടുക്കുള്ള സുഷുമ്നയാകട്ടെ, പൊള്ളയാണ്, നാഡിക്കൂട്ടമല്ല. ഈ സുഷുമ്ന അടഞ്ഞിരിക്കുന്നു. സാധാരണമനുഷ്യനു നിരുപയോഗവുമാണിത്. കാരണം, അവന്‍ ഇഡാപിംഗളകളിലൂടെമാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഈ നാഡികളിലൂടെ ധാരകള്‍ തുടരെ താഴേക്കു പോവുകയും മുകളിലേക്കു വരികയുമാണ്. ശരീരത്തിന്റെ നാനാവയവങ്ങളിലേയ്ക്കോടുന്ന മറ്റു നാഡികളിലൂടെ ദേഹമാസകലം ശാസനങ്ങളെ വഹിക്കയാണ്.

ഇഡാപിംഗളകളുടെ ക്രമവല്‍ക്കരണവും സമീകരണവുമാണ് ശ്വസനത്തിന്റെ വലിയ ഉദ്ദേശ്യം. എന്നാല്‍ അതു തനിച്ചായാല്‍ വെറുതെ-അത്രയും വായു ശ്വാസകോശങ്ങളിലേക്കെടുത്തെന്നു മാത്രം. രക്തശുദ്ധീകരണമല്ലാതെ അതിലധികം യാതൊരു പ്രയോജനവും അതിനില്ല. നാം ശ്വാസത്തോടുകൂടി ഉള്‍ക്കൊണ്ടു രക്തശുദ്ധീകരണത്തിനായി ലയിപ്പിച്ച വായുവില്‍ ഗൂഢമൊന്നുമില്ല. ആ വ്യാപാരം വെറുമൊരു ചലനമാണ്. ഈ ചലനത്തെ പ്രാണനെന്നു പറയപ്പെടുന്ന ചലനമാത്രമായി ചുരുക്കാം. എങ്ങും ഏതു ചലനവും ഈ പ്രാണന്റെ വിധിപ്രകാശനങ്ങളാണ്. ഈ പ്രാണനാണ് വൈദ്യുതി. ഇതാണ് കാന്തം. ഇതാണ് വിചാരമായി മസ്തിഷ്കം വിസര്‍ജ്ജിക്കുന്നത്. ഏതൊന്നും പ്രാണനാണ്. അതു സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ചലിപ്പിക്കുന്നു.

ഞങ്ങള്‍ പറയുന്നു, ഈ ജഗത്തില്‍ എന്തൊക്കെയുണ്ടോ, അതെല്ലാം പ്രാണസ്പന്ദംകൊണ്ട് വിസൃഷ്ടമാണെന്ന്. സ്പന്ദത്തിന്റെ അത്യുച്ചഫലം വിചാരമാണ്. അതിലും ഉച്ചതരമായി വല്ലതുമുണ്ടെങ്കില്‍ നമുക്കതു ഗ്രഹിച്ചുകൂടാ. നാഡികള്‍, ഇഡയും പിംഗളയും പ്രാണനിലൂടെ പ്രവര്‍ത്തിക്കുന്നു. വിവിധശക്തികളായി ശരീരത്തിന്റെ ഏതു ഭാഗവും ചലിപ്പിക്കുന്നതു പ്രാണനാണ്. ഈശ്വരന്‍, ഫലമുളവാക്കുന്ന എന്തോ ഒന്നാണ്, നീതിവിധാനം ചെയ്തു സിംഹാസനത്തിലിരുന്നരുളുകയാണ് എന്ന ആ പഴയ ആശയം വിട്ടുകളയുക. നാം പ്രവൃത്തിചെയ്തു പ്രക്ഷീണരാകുന്നത് അത്രമാത്രം പ്രാണന്‍ നാം ഉപയോഗിച്ചുതീര്‍ത്തതുകൊണ്ടാണ്.

പ്രാണായാമമെന്നു ചൊല്ലുള്ള ഈ ശ്വാസാഭ്യാസം ശ്വസനത്തിനു ക്രമവും പ്രാണനും സമവ്യാപാരവും ഏര്‍പ്പെടുത്തുന്നു. പ്രാണന്‍ സമമായി വ്യാപരിക്കുമ്പോള്‍ എല്ലാം വേണ്ടതുപോലെ പ്രവര്‍ത്തിക്കുന്നു. യോഗികള്‍ക്കു സ്വന്തം ശരീരങ്ങളുടെമേല്‍ നിയന്ത്രണം കൈവരുമ്പോള്‍, വല്ല ഭാഗത്തും വല്ല രോഗവുമുള്ളപക്ഷം, അവര്‍ക്കറിയാം, പ്രാണനവിടെ സമമല്ലെന്ന്. സാമ്യം വീണ്ടും സ്ഥാപിതമാകുംവരെ, അവര്‍ പ്രാണനെ രോഗബാധിതഭാഗത്തേക്കു നയിക്കുന്നു. നിങ്ങളുടെ സ്വന്തം ശരീരത്തിലെ പ്രാണനെ നിയമിക്കാവുന്നതുപോലെ, നിങ്ങള്‍ വേണ്ടത്ര കരുത്തനാണെങ്കില്‍, ഇവിടെയിരുന്നുകൊണ്ട് ഭാരതത്തിലുള്ള വേറൊരുവന്റെ പ്രാണനെയും നിങ്ങള്‍ക്കു നിയന്ത്രിക്കാം. അതെല്ലാം ഒന്നാണ്. ഒരു വിച്ഛേദവുമില്ല. ഐക്യമാണ് നിയമം. ശാരീരികമായി, വൈകാരികമായി, മാനസികമായി, സദാചാരപരമായി, ആദ്ധ്യാത്മശാസ്ത്രപരമായി, അതെല്ലാം ഒന്ന്. ജീവിതം ഒരു സ്പന്ദംമാത്രം. ഈ ആകാശസാഗരത്തെ സ്പന്ദിപ്പിക്കുന്നതു നിങ്ങളെ സ്പന്ദിപ്പിക്കുന്നു. ഒരു തടാകത്തില്‍, ഗാഢതയുടെ വിവിധമാത്രകളുള്ള പല മഞ്ഞുപാളികളുള്ളതുപോലെ, അഥവാ നീരാവിയുടെ ഒരു കടലില്‍ സാന്ദ്രതയ്ക്കു വിവിധമാത്രകളുള്ളതുപോലെതന്നെ. ഈ വിശ്വം ഒരു ദ്രവ്യസമുദ്രമാണ്. ഇത് ഒരു ആകാശസമുദ്രമാണ്. ഇതില്‍ നമുക്കു സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നമ്മളെത്തന്നെയും ഗാഢതയുടെ വിവിധനിലകളിലായി കാണാം. തുടര്‍ച്ച മുറിഞ്ഞിട്ടില്ല. അതൊന്നുതന്നെയാണ് നെടുനീളെ.

പിന്നെ, നാം ആധിഭൌതികശാസ്ത്രം പഠിക്കുമ്പോള്‍, ലോകം ഒന്നാണെന്നറിയാനിടയാകുന്നു-ആത്മികവും ഭൌതികവും മാനസികവും ഔര്‍ജവുമായ ലോകങ്ങള്‍ വേറെയെന്നല്ല. അതെല്ലാം ഒന്നാണ്. പല ദര്‍ശനതലങ്ങളില്‍നിന്നു കാണപ്പെടുന്നു എന്നുമാത്രം. നിങ്ങള്‍ നിങ്ങളെപ്പറ്റി ഒരു ശരീരമെന്നു വിചാരിക്കുമ്പോള്‍, നിങ്ങള്‍ മനസ്സാണെന്നതു മറക്കും. നിങ്ങള്‍ മനസ്സാണെന്നു വിചാരിക്കുമ്പോള്‍ ശരീരവും മറക്കും. ഒറ്റ വസ്തുവാണ് നിങ്ങളായിരിക്കുന്നത്. അതിനെ നിങ്ങള്‍ക്കു ദ്രവ്യമോ ശരീരമോ ആയിക്കാണാം. അഥവാ, മനസ്സോ ചൈതന്യമോ ആയിക്കണാം. ജന്മവും ജീവിതവും മരണവും പഴയ അന്ധവിശ്വാസങ്ങള്‍മാത്രം. ആരും ഒരിക്കലും ജനിച്ചില്ല, ആരും ഒരിക്കലും മരിക്കയുമില്ല. ഒരുവന്‍ തന്റെ സ്ഥാനം മാറ്റുന്നു- അത്രതന്നെ. പാശ്ചാത്യര്‍ മരണത്തെ എത്രയോ പെരുപ്പിക്കുന്നതു കാണുമ്പോള്‍ എനിക്കു സങ്കടം തോന്നുന്നു. എപ്പോഴും ഒരിത്തിരിജീവിതം പിടിച്ചെടുക്കാനുള്ള ശ്രമമാണ്. ‘ഞങ്ങള്‍ക്ക് മരണാനന്തരജീവിതം തരണേമേ! ഞങ്ങള്‍ക്കു ജീവിതം തരേണമേ!’ അവര്‍ പിന്നെയും ജീവിക്കാന്‍ പോകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ബഹുസുഖമാണ്! അങ്ങനെയൊന്നിനെ സംശയിക്കുന്നതുതന്നെ എങ്ങനെ! ഞാന്‍ മരിച്ചെന്ന് എങ്ങനെ സങ്കല്‍പ്പിക്കാനാണ്! നിങ്ങള്‍ മരിച്ചെന്നു സ്വയം വിചാരിക്കുക. അപ്പോള്‍ കാണാം നിങ്ങളുടെ മൃതശരീരം കാണാന്‍ നിങ്ങളവിടെയുണ്ടെന്ന്. ഒരു നിമിഷവും നിങ്ങള്‍ക്കു മറക്കാനാവാത്തവിധം അത്രയ്ക്കാശ്ചര്യയാഥാര്‍ത്ഥ്യമാണ് ജീവിതം. അതുപോലെ നിങ്ങളുടെ ഉണ്മയെത്തന്നെ നിങ്ങള്‍ക്കു സംശയിക്കാം. ഇതാണ് ബോധത്തിന്റെ പ്രഥമവസ്തുത-ഞാന്‍ ഉണ്ട്. തീരെ ഇല്ലാതിരുന്ന ഒരു വസ്തുസ്ഥിതി ആര്‍ക്കു ഭാവന ചെയ്യാനാവും? സര്‍വ്വസത്യങ്ങളിലുംവെച്ച് ഇത് സ്വതഃസിദ്ധമാണ്. അതുകൊണ്ട് അമൃതത്വമെന്ന ആശയം മനുഷ്യനില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. അചിന്ത്യമായ ഒരു വിഷയത്തെ എങ്ങനെയാണ് ചര്‍ച്ചചെയ്യുക? സ്വതഃസിദ്ധമായ ഒരു വിഷയത്തിന്റെ പൂര്‍വ്വപരപക്ഷങ്ങള്‍ നാം എന്തിനു ചര്‍ച്ച ചെയ്യണം?

ഈ സമസ്തവിശ്വവും അതുകൊണ്ട്, ഏകമാത്രമാണ്. ഏതു നിലപാടില്‍നിന്നു നിങ്ങള്‍ നോക്കിയാലും, ഇപ്പോള്‍ത്തന്നെ നമുക്ക് ഈ വിശ്വം പ്രാണാകാശമാത്രമാണ്. ശക്തിയും ദ്രവ്യവും ഓര്‍ക്കുക. മറ്റെല്ലാ മൂലതത്ത്വങ്ങളുംപോലെ ഇതും സ്വവിരുദ്ധമാണ്. കാരണം, എന്താണ് ശക്തി? ദ്രവ്യത്തെ ചലിപ്പിക്കുന്നത്. അപ്പോള്‍ ദ്രവ്യമോ? ശക്തികൊണ്ടു ചലിക്കുന്നത്, ഇതൊരു തുലാപ്പലകയാണ്! നമ്മുടെ യുക്തിവിചാരത്തിന്റെ ചില മൂലതത്ത്വങ്ങള്‍ അത്യന്തവിചിത്രങ്ങളാണ്, ശാസ്ത്രത്തെയും ജ്ഞാനത്തെയുംപറ്റി നാം വീമ്പിളക്കിയിട്ടും! സംസ്കൃതത്തിലെ പഴഞ്ചൊല്ലുപോലെ ‘തലയില്ലാത്ത തവവേദനായാണിത്’. ഈ വസ്തുസ്ഥിതി മായയെന്നു വിളിക്കപ്പെടുന്നു. അതിനു സത്തയുമില്ല, അസത്തയുമില്ല. കാലദേശങ്ങളെ കടന്നതും സ്വതഃസത്തുമായതുമാത്രമാണ് ‘സത്’ അതുകൊണ്ടിതു സത്തല്ല. എങ്കിലും ഈ വിശ്വം സത്തയെക്കുറിച്ചുള്ള നമ്മുടെ ആശയത്തെ ഒരളവോളം തൃപ്തിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ഇതിനൊരു പ്രത്യക്ഷസത്തയുണ്ട്.

എന്നാല്‍ പരമാര്‍ത്ഥസത്തയുണ്ട്. ഏതിലും ഏതിലൂടെയും ആ പാരമാര്‍ത്ഥ്യം കാലദേശനിമിത്തമായ വലയില്‍ കുടുങ്ങിയതുപോലെയാണ്. അതാണ് പരമാര്‍ത്ഥമനുഷ്യന്‍, അമിതം, അനാദി, അനന്തം, സദാശിവം, നിത്യമുക്തം. അവന്‍ കാലദേശനിമിത്തജാലത്തില്‍ അകപ്പെട്ടു. അങ്ങനെതന്നെ ഈ ലോകത്തിലേതെല്ലാം. എന്തിന്റെയും പാരമാര്‍ത്ഥ്യം ആ അമിതംതന്നെ. ഇതു വിജ്ഞാനവാദമല്ല. ഈ ലോകം ഉള്ളതല്ലെന്നല്ല. ഇതിനൊരു ആപേക്ഷികസത്തയുണ്ട്. അതിന്റെ ആവശ്യങ്ങളെയൊക്കെ അതു നിറവേറ്റുന്നുമുണ്ട്. പക്ഷേ, അതിനൊരു സ്വതന്ത്രസത്തയില്ല. അത് സത്, ദേശകാലനിമിത്താതീതമായ കേവലസസത്യം, കാരണം.

ഞാന്‍ ഏറെദൂരം വ്യതിചലിച്ചിരിക്കുന്നു. ഇനി, നമ്മുടെ മുഖ്യവിഷയത്തിലേക്കു മടങ്ങാം.

എല്ലാ സ്വ(അബോധ)ചലനങ്ങളും സബോധചലനങ്ങലും നാഡികളിലൂടെയുള്ള പ്രാണപ്രവൃത്തികളാണ്. അബോധചലനങ്ങളുടെമേല്‍ നിയന്ത്രണം കിട്ടുന്നത്, വളരെ നല്ല ഒരു സംഗതിയാണെന്ന് നിങ്ങള്‍ ഇപ്പോള്‍ കാണുന്നുവല്ലോ.

വേറൊരവസരത്തില്‍ ഈശ്വരന്റെയും മനുഷ്യന്റെയും നിര്‍വ്വചനം ഞാന്‍ പറഞ്ഞുതരികയുണ്ടായി. മനുഷ്യന്‍ ഒരനന്തവൃത്തമാണ്. അതിന് എങ്ങും പരിധിയില്ല. പക്ഷേ കേന്ദ്രം ഒരു സ്ഥാനത്തു സ്ഥാപിതമാണ്. ഈശ്വരനും ഒരനന്തവൃത്തം. അതിന് എങ്ങും പരിധിയില്ല. കേന്ദ്രം എവിടെയുമുണ്ട്. അവന്‍ എല്ലാ കൈകള്‍കൊണ്ടും പ്രവര്‍ത്തിക്കുന്നു. എല്ലാ കണ്ണുകളിലൂടെയും കാണുന്നു. എല്ലാ കാലുകള്‍കൊണ്ടും നടക്കുന്നു, എല്ലാ ശരീരങ്ങളിലും ശ്വസിക്കുന്നു. എല്ലാ ജീവനിലും ജീവിക്കുന്നു. എല്ലാ വദനങ്ങളിലൂടെയും വചിക്കുന്നു. എല്ലാ മസ്തിഷ്കത്തിലൂടെയും വിചാരിക്കയും ചെയ്യുന്നു. മനുഷ്യന് ഈശ്വരനെപ്പോലെയാകാം. അഖിലജഗന്നിയാമകത്വം നേടാം, തന്റെ അഹംബോധകേന്ദ്രം അനന്തഗുണമാക്കാമെങ്കില്‍, അതുകൊണ്ട് മനസ്സിലാക്കേണ്ട മുഖ്യസംഗതി ബോധമാണ്. ഇവിടെ ഇരുട്ടത്ത് ഒരു അനന്തരേഖയുണ്ടന്നു വെയ്ക്കുക. നാം ആ രേഖ കാണുന്നില്ല. എന്നാല്‍ അതില്‍ ഒരു ഭാസ്വരബിന്ദു ഉണ്ട്, അതു മുന്നോട്ടു നീങ്ങുകയാണ്. രേഖയിലൂടെ ചലിക്കേ, അതിന്റെ നാനാഭാഗങ്ങളെ അതു തുടര്‍ച്ചയായി പ്രകാശിപ്പിക്കുന്നു. പിന്നിട്ടതെല്ലാം വീണ്ടും ഇരുളുകയും ചെയ്യുന്നു. നമ്മുടെ ബോധത്തെ ശരിക്കും ഈ ഭാസ്വരബിന്ദുവോടുപമിക്കാം. അതിന്റെ ഭൂതാനുഭൂതികള്‍ വര്‍ത്തമാനത്തിനു സ്ഥാനം കൊടുത്തിരിക്കുന്നു. അഥവാ ഉപബോധമായിരിക്കുന്നു. നമ്മിലുള്ള അവയുടെ സാന്നിധ്യത്തെ നാം അറിയുന്നില്ല. പക്ഷേ, അവ അവിടെയുണ്ട്. അബോധപൂര്‍വ്വം നമ്മുടെ ശരീരമനസ്സുകളെ സ്വാധീനിച്ചുകൊണ്ട്. ബോധാവലംബംകൂടാതെ ഇപ്പോള്‍ ചെയ്യുന്ന എല്ലാ ചലനവും മുമ്പു സബോധമായിരുന്നു. സ്വയം പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര വേഗം അതിനു നല്‍കിയിട്ടുണ്ട്.

എല്ലാ നീതിസംഹിതകളിലുമുള്ള നിരപവാദമായ വലിയ പിഴവ്, ദുഷ്കൃത്യങ്ങളില്‍നിന്നു മനുഷ്യനെ നിവര്‍ത്തിക്കാനുള്ള ഉപായം പഠിപ്പിക്കാന്‍ വിട്ടുപോയതാണ്. എല്ലാ നീതിസംഹിതകളും ഉപദേശിക്കുന്നുണ്ട്: ‘മോഷ്ടിക്കരുത്!’ വളരെ നല്ലത്, പക്ഷേ മനുഷ്യന്‍ മോഷ്ടിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍, എല്ലാ കളവും കൊള്ളയും മറ്റു ദുഷ്കൃത്യങ്ങളും നിയമേന സ്വയം പ്രവൃത്തങ്ങളായിരിക്കുന്നു. വഴിയുറച്ച കൊള്ളക്കാരനും കള്ളനും നുണയനും അധര്‍മ്മികളായ ആണും പെണ്ണും അങ്ങനെയൊക്കെയിരിക്കുന്നത് അവശരായിട്ടാണ്! പരാമര്‍ത്ഥത്തില്‍ ഇതു ഭയങ്കരമായ ഒരു മാനസികപ്രശ്നമാണ്. അത്യുദാരമായ വെളിച്ചത്തില്‍ നാം മനുഷ്യനെ കാണണം. നന്നാക്കുക അത്ര എളുപ്പമല്ല. സ്വതന്ത്രരാകുംവരെ നിങ്ങള്‍ വെറും യന്ത്രങ്ങളല്ലാതെ എന്താണ്? നിങ്ങള്‍ നല്ലവനാണെന്നുവെച്ചു ഗര്‍വ്വിക്കണോ? തീര്‍ച്ചയായും അരുത്. നിങ്ങള്‍ നല്ലവനായിരിക്കുന്നത് നിങ്ങള്‍ക്കത് ഒഴിച്ചുകൂടാഞ്ഞിട്ടാണ്. വേറൊരുവന്‍ ചീത്തയായിരിക്കുന്നത് അവന്നത് ഒഴിച്ചുകൂടാഞ്ഞിട്ടാണ്. നിങ്ങള്‍ അവന്റെ സ്ഥാനത്തായിരുന്നെങ്കില്‍ നിങ്ങളെന്തായിട്ടുണ്ടാവുമെന്ന് ആരറിയുന്നു? തെരുവിലെ സ്ത്രീയും ജയിലിലെ കള്ളനും നിങ്ങള്‍ നന്നാകട്ടെ എന്നുവെച്ചു ബലികഴിക്കപ്പെടുന്ന ക്രിസ്തുവാണ്. അത്തരമാണ് തോലനനിയമം. എല്ലാ ദുഷ്ടതമന്മാരും, പിശാചുകളും- അവരെല്ലാം എന്റെ ക്രിസ്തുവാണ്! ഞാന്‍ ഈശ്വരനായ ക്രിസ്തുവിനും പിശാചായ ക്രിസ്തുവിനും ഒരാരാധന ചെയ്യാന്‍ കടപ്പെട്ടവനാണ്. ഇതാണെന്റെ തത്ത്വം. എനിക്കത് ഒഴിക്ക വയ്യ. നല്ലവന്റെയും പുണ്യവാന്റെയും പാദങ്ങളിലേക്ക് ദുഷ്ടന്റെയും പൈശാചികന്റെയും പാദങ്ങളിലേക്ക്, എന്റെ പ്രണാമങ്ങള്‍ ചെല്ലുകയാണ്. അവരെല്ലാം എന്റെ ആചാര്യന്മാരാണ്. എന്റെ ആത്മീയപിതാക്കള്‍, എന്റെ രക്ഷകന്മാര്‍! ഞാന്‍ ഒരുവനെ ശപിച്ചേയ്ക്കാം. എങ്കിലും അവന്റെ കുറ്റങ്ങള്‍കൊണ്ടു മെച്ചപ്പെടാം. വേറൊരുവനെ ഞാന്‍ അനുഗ്രഹിച്ചേയ്ക്കാം. അവന്റെ സല്‍ക്കര്‍മ്മങ്ങള്‍കൊണ്ടു ഞാന്‍ മെച്ചപ്പെടാം. ഇത്, ഞാനിവിടെ നില്‍ക്കുന്നു എന്നപോലെതന്നെ സത്യമാണ്. തെരുവാടിസ്ത്രീയെ എനിക്കു ഗര്‍ഹിക്കേണ്ടതുണ്ട്, സമുദായം ആവശ്യപ്പെടുന്നതുകൊണ്ട്! അവള്‍, എന്റെ രക്ഷകി, ആരുടെ തെരുവാട്ടം മറ്റു സ്ത്രീകളുടെ ചാരിത്യ്രഹേതുവായിരിക്കുന്നു, അവള്‍! അതേപ്പറ്റി വിചാരിക്കുക! പുരുഷന്മാരേ, സ്ത്രീകളേ! നിങ്ങളുടെ മനസ്സില്‍ ഈ പ്രശ്നത്തെപ്പറ്റി വിചാരിക്കൂ, ഇതൊരു സത്യമാണ്. നഗ്നവും ധീരവുമായ സത്യം! ഞാന്‍ ലോകത്തെ ഏറെക്കണുംതോറും, സ്ത്രീപുരുഷന്മാരെ കൂടുതല്‍ കാണുംതോറും, ഈ തീര്‍ച്ചയ്ക്കു കരുത്തേറുന്നു. ആരെ ഞാന്‍ പഴിക്കണം? ആരെ ഞാന്‍ സ്തുതിക്കണം? പരിചയുടെ ഇരുപുറവും കാണേണ്ടതുണ്ട്.

നമ്മുടെ മുമ്പിലുള്ള കര്‍ത്തവ്യം വിപുലമാണ്. ആദ്യമായും അഗ്രിമമായും നാം നോക്കേണ്ടത്, അടിഞ്ഞുകിടക്കുന്ന, നമുക്കു സ്വയം പ്രവൃത്തങ്ങളായി ഭവിച്ചിട്ടുള്ള, വിപുലവവിചാരരാശിയെ നിയന്ത്രിക്കാനാണ്.

ദുഷ്പ്രവൃത്തി ബോധതലത്തിലാണ്, സംശയമില്ല. പക്ഷേ, ദുഷ്പ്രവൃത്തിയെ ഉളവാക്കിയ കാരണം വളരെ അപ്പുറത്ത്, അബോധത്തിന്റെയും അദൃഷ്ടത്തിന്റെയും ലോകങ്ങളില്‍, ആയിരിക്കുന്നു. അതുകൊണ്ട് കൂടുതല്‍ പ്രബലങ്ങളും.

പ്രായോഗികമനോവിജ്ഞാനിയും അതിന്റെ ശക്തികളെ ആദ്യം തിരിച്ചുവിടുന്നത് അബോധത്തെ നിയന്ത്രിക്കുന്നതിലേയ്ക്കാണ്. അതു നമുക്കാവുമെന്നും നമുക്കറിയാം. എന്തുകൊണ്ട്? അബോധത്തിന്റെ കാരണം സബോധമാണെന്നു നമുക്കറിയാവുന്നതുകൊണ്ട്. അബോധവിചാരങ്ങള്‍ കോടിക്കണക്കായി അടിഞ്ഞു കിടക്കുന്ന പഴയ സബോധവിചാരങ്ങളാണ്. പഴയ ബോധപ്രവൃത്തികള്‍ കല്ലിച്ചുകഴിഞ്ഞവ. നാം അവയുടെനേരെ നോക്കുന്നില്ല. അവയെ അറിയുന്നില്ല. അവയെ മറന്നിരിക്കുന്നു. എന്നാല്‍, ധരിച്ചുകൊള്‍ക, തിന്മയുടെ ശക്തികള്‍ അബോധതലത്തിലാണെങ്കില്‍, അതുപോലെതന്നെയാണ് നന്മയുടെ ശക്തികളും. പോക്കറ്റിലെന്നപോലെ, നമ്മില്‍ സംഭൃതമായിട്ടു നമുക്കു പലതുമുണ്ട്. നമ്മള്‍ അവയെ മറന്നിരിക്കുന്നു. അവയെ ഓര്‍ക്കുന്നേ ഇല്ല. അവയോ, വളരെ ഉണ്ട്. അഴുകുന്നു, തീര്‍ച്ചയായും അപകടകരങ്ങളായിത്തീരുന്നു. അവ പൊന്തിവരികയാണ്. മനുഷ്യവര്‍ഗ്ഗത്തെ കൊല്ലുന്ന അബോധഹേതുക്കള്‍. അതുകൊണ്ട്, യഥാര്‍ത്ഥമായ മനോവിജ്ഞാനീയം അവയെ ബോധത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. മഹത്തായ യത്നം മനുഷ്യനെ തികച്ചും തന്‍നാഥനാക്കുവാന്‍ വേണ്ടി, അവനെ ഏതാണ്ടു പുനര്‍ജീവിപ്പിക്കയാണ്. നമ്മുടെ ശരീരത്തിലെ കരള്‍ മുതലായ കരണങ്ങളുടെ സ്വയം വ്യാപാരങ്ങളെന്നു നമ്മള്‍ പറയുന്നവയെക്കൊണ്ടുപോലും നമ്മുടെ ശാസനകളെ അനുസരിപ്പിക്കാവുന്നതാണ്.

ഇതാണ് പഠിപ്പിന്റെ ഒന്നാംഭാഗം. അബോധത്തിന്റെ നിയന്ത്രണം. അടുത്തത് സബോധത്തെ കവിഞ്ഞുപോകയാണ്. അബോധപ്രവൃത്തി ബോധത്തിന്റെ അടിയിലായതുപോലെ, ബോധത്തിനു മുകളിലായി വേരൊരു പ്രവൃത്തിയുണ്ട്. ഈ ബോധാതീതത്തിനു മുകളിലായി വേറൊരു പ്രവൃത്തിയുണ്ട്. ഈ ബോധാതീതത്തെ പ്രാപിക്കുമ്പോള്‍ മനുഷ്യന്‍ സ്വതന്ത്രനും മുക്തനുമാകുന്നു. മൃതി അമൃതമാകുന്നു. ദൌര്‍ബ്ബല്യം അനന്തശക്തിയായി ഭവിക്കുന്നു. ഇരുമ്പുകെട്ടു സ്വതന്ത്രമായി മാറുന്നു. അതാണ് ലക്ഷ്യം. ബോധാതീതത്തിന്റെ അനന്തലോകം.

അങ്ങനെ, അതുകൊണ്ട്, രണ്ടുവിധം പ്രവൃത്തി വേണമെന്നു നാം കാണുന്നു. ആദ്യത്തേത്, നിലവിലുള്ള രണ്ടു സാധാരണധാരകളായ ഇഡാപിംഗളകളെ മുറയ്ക്കു പ്രവര്‍ത്തിപ്പിച്ചു ഉപബോധവ്യാപാരം നിയന്ത്രിക്കുക. രണ്ടാമത്തേത്, ബോധത്തിനുമപ്പുറം കടക്കുക.

ദീര്‍ഘകാലം ആത്മൈകാഗ്യ്രം അഭ്യസിച്ച്, ഈ സത്യം പ്രാപിച്ചവന്‍മാത്രമേ യോഗിയാവൂ എന്നു ഗ്രന്ഥങ്ങള്‍ പറയുന്നു. അപ്പോള്‍ സുഷുമ്ന തുറക്കുന്നു. ഈ നവമാര്‍ഗ്ഗത്തില്‍ മുമ്പൊരിക്കലും കടന്നിട്ടില്ലാത്ത ഒരു ധാര അതിലെത്തുകയും ക്രമേണ ഓരോ പത്മകേന്ദ്രങ്ങളെ (എന്നാണ് അലങ്കാരഭാഷയില്‍ ഞങ്ങള്‍പറയുക) ആരോഹണം ചെയ്കയും ഒടുവില്‍ മസ്തിഷ്കത്തെ പ്രാപിക്കയും ചെയ്യും. അപ്പോള്‍ യോഗി, താന്‍ വാസ്തവത്തിലെന്തോ, അതിനെക്കുറിച്ചു ബോധവാനാകും. ഈശ്വരന്‍ തന്നെ എന്ന്.

ഓരോരുവന്നും, ആരെയും ഒഴിക്കാതെ, നമ്മിലോരോരുവന്നും, യോഗത്തിന്റെ ഈ ഉച്ചപദം ആരോഹണം ചെയ്യാനാവും. പക്ഷേ അതൊരു ഭയങ്കരയത്നമാണ്. ഒരുവന് ഈ സത്യം പ്രാപിക്കണമെങ്കില്‍ പ്രവചനം കേള്‍ക്കുക, ചില്ലറ ശ്വാസാഭ്യാസം നടത്തുക എന്നതിലധികമായി ചിലതു ചെയ്യേണ്ടിവരും. എല്ലാം സന്നാഹത്തിലാണ് കിടക്കുന്നത്. വിളക്കു കൊളുത്താന്‍ എത്രനേരം വേണം? ഒരു നിമിഷം മാത്രം. എന്നാല്‍ ഒരു മെഴുകുതിരിയുണ്ടാക്കാന്‍ എത്രനേരമെടുക്കുന്നു! ഒരു സദ്യയുണ്ണാന്‍ എത്രനേരം വേണം? ഒരുപക്ഷേ ഒരു നാഴിക. ഭക്ഷ്യം പാകംചെയ്യാനോ, നാഴികകളും! നമുക്ക് ഒരു നിമിഷംകൊണ്ട് വിളക്കു കൊളുത്തണം. പക്ഷേ മെഴുകുതിരിയുണ്ടാക്കുന്നതാണ് മുഖ്യസംഗതിയെന്നു നാം മറക്കുന്നു.

ലക്ഷ്യപ്രാപ്തി അത്ര കഠിനമായാലും നമ്മുടെ അത്യല്പശ്രമങ്ങളും വിഫലങ്ങളല്ല. നമുക്കറിയാം, ഒന്നും നഷ്ടമാകുന്നില്ല. ഗീതയില്‍ അര്‍ജ്ജുനന്‍ ചോദിക്കുന്നു: ‘ഈ ജന്മം യോഗസിദ്ധിയെ പ്രാപിക്കാത്തവര്‍, അവര്‍, ഗ്രീഷ്മമേഘങ്ങള്‍പോലെ നശിച്ചുപോകുന്നുവോ?’ കൃഷ്ണന്‍ മറുപടി പറയുന്നു: ‘തോഴ, ഒന്നും ഈ ലോകത്തില്‍ നശിക്കുന്നില്ല. ഒരുവന്‍ എന്തൊക്കെ ചെയ്യുന്നുവോ അതൊക്കെ അവന്റേതായിരിക്കുന്നു. യോഗഫലം ഈ ജന്മം ഉണ്ടാവാത്തപക്ഷം, അത് അടുത്ത ജന്മം വീണ്ടുമാരംഭിക്കുന്നു. അല്ലെങ്കില്‍, യേശുവിന്റെയും ബുദ്ധന്റെയും ശങ്കരന്റെയും അത്ഭുതശൈശവത്തെ നിങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കും?

ശ്വസനവും ഇരുപ്പും മറ്റും യോഗസഹായങ്ങളാണ്. സംശയമില്ല. പക്ഷേ, അവ കേവലം കായികങ്ങളാണ്. മഹാസന്നാഹങ്ങള്‍ മാനസികങ്ങളാണ്. വേണ്ടുന്ന ഒന്നാമത്തെ സംഗതി നിശ്ശബ്ദവും ശാന്തിപരവുമായ ഒരു ജീവിതമാണ്.

യോഗിയാകാനാഗ്രഹിക്കുന്നപക്ഷം നിങ്ങള്‍ സ്വതന്ത്രനായിരിക്കണം. ഏകാകിയായി സര്‍വ്വവ്യാകുലതാവിമുക്തമായ ചുറ്റുപാടില്‍ പാര്‍പ്പാക്കുകയും വേണം. സുഖവും സുന്ദരവുമായ ഒരു ജീവിതം കൊതിച്ചുകൊണ്ട്, അതേസമയം ആത്മാവിനെ സാക്ഷാല്‍കരിക്കണമെന്നുള്ളവര്‍, മരക്കഷ്ണമെന്നന്ധാളിച്ചു മുതലയെ പിടികൂടി പുഴകടക്കാനാശിക്കുന്ന മൂഢനെപ്പോലെയാണ്. ‘ആദ്യം നിങ്ങള്‍ ദൈവരാജ്യം തേടുവിന്‍. മറ്റെല്ലാം നിങ്ങളോടു ചേര്‍ക്കപ്പെടും.’ ഇതാണ്, ഒറ്റ മഹാകര്‍ത്തവ്യം. ഇതു ത്യാഗമാണ്. ഒരാദര്‍ശത്തിനുവേണ്ടി ജീവിക്കുക. മറ്റൊന്നിനും മനസ്സില്‍ ഇടം വിടരുത്. ഒരിക്കലും പിഴയ്ക്കാത്തത്, നമ്മുടെ അദ്ധ്യാത്മസിദ്ധി, സമ്പാദിക്കാന്‍ നമ്മുടെ സര്‍വ്വശക്തികളും മുന്നോട്ടു വെയ്ക്കാം. സാക്ഷാല്‍ക്കാരത്തിനു നേരായ വാഞ്ഛയുള്ളപക്ഷം നാം പ്രയത്നിക്കണം. പ്രയത്നത്തിലൂടെ വളര്‍ച്ചവരികയും ചെയ്യും. നാം തെറ്റുകള്‍ ചെയ്തേയ്ക്കാം. പക്ഷ അവ ഓര്‍ക്കാപ്പുറത്തെ ദേവദൂതന്മാരാവാം.

അദ്ധ്യാത്മജീവിതത്തിന് അത്യന്തസഹായം ധ്യാനമാണ്. ധ്യാനത്തില്‍ നാം നമ്മുടെ ഭൌതികോപാധികളെല്ലാം ഉരിഞ്ഞുകളഞ്ഞ്, നമ്മുടെ ദിവ്യപ്രകൃതിയെ അനുഭവിക്കുന്നു. ധ്യാനത്തില്‍ ഒരു ബാഹ്യസഹായത്തെയും അവലംബിക്കുന്നില്ല. ആത്മാവിന്റെ സ്പര്‍ശത്തിന് എത്ര ഇരുണ്ടേടത്തും അത്യുജ്ജ്വലനിറം പൂശാന്‍ സാധിക്കും. അതിനു നീചതമവസ്തുവിന്റെമേലും പരിമളം പൊഴിക്കാന്‍ കഴിയും. അതിനു ദുഷ്ടനെ ദിവ്യനാക്കാനാവും. സര്‍വ്വശത്രുതയും സര്‍വ്വസ്വാര്‍ത്ഥതയും തൂത്തുമായ്ക്കപ്പെടുന്നു. ദേഹചിന്ത എത്രകുറയുന്നോ അത്രയ്ക്കു മെച്ചം. കാരണം, ശരീരമാണ് നമ്മെ താഴേയ്ക്കു വലിക്കുന്നത്. ആസക്തി, അഭിമാനം-ഇതാണ് നമ്മെ ശോകാകുലരാക്കുന്നത്. അതാണ് രഹസ്യം. ഞാന്‍ ചൈതന്യമാണ്, ശരീരമല്ല എന്നു വിചാരിക്കുക. വിശ്വം മുഴുവന്‍, അതിന്റെ സര്‍വ്വബന്ധങ്ങളും, അതിന്റെ എല്ലാ നന്മയും തിന്മയും ഉള്‍പ്പെടെ, വെറുമൊരു വര്‍ണ്ണചിത്രപരമ്പര, തുണിയില്‍ വരച്ച ദൃശ്യങ്ങള്‍. അതിന്റെ സാക്ഷിയാണ് ഞാന്‍.