ഭക്തിയോഗപ്രഭാഷണങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും.
I ഒരുക്കം
ഭക്തിയോഗത്തിനു നല്‍കപ്പെട്ടിട്ടുള്ള ഉത്തമമായ നിര്‍വ്വചനം ഒരുപക്ഷേ, ഈ ശ്ളോകം ഉള്‍ക്കൊള്ളുന്നു.
യാ പ്രീതിരവിവേകാനാം വിഷയേഷ്വനപായിനീ ത്വാമനുസ്മരതഃ സാ മേ ഹൃദയാന്മാപസര്‍പ്പതു.
‘അവിവേകികള്‍ക്കു ക്ഷണികവിഷയങ്ങളിലുള്ള ഒടുങ്ങാത്ത ഏതു പ്രീതിയുണ്ടോ അത് അങ്ങയെത്തേടുന്ന എന്റെ ഈ ഹൃദയത്തില്‍നിന്നു നീങ്ങാതിരിക്കട്ടെ.’ ഇന്ദ്രിയവിഷയങ്ങള്‍ ധനം, വസ്ത്രം, ഭാര്യ, മക്കള്‍, മിത്രം, സ്വത്ത് എന്നിവയില്‍, ഇതിലും മെച്ചപ്പെട്ടതൊന്നും അറിവില്ലാത്ത ആളുകള്‍ക്ക് എത്ര പ്രബലമായ പ്രീതിയാണുള്ളതെന്നു നാം കാണുന്നുണ്ടല്ലോ. ഈ സാധനങ്ങളോടെല്ലാം എത്ര ഭയങ്കരമായ പിടുത്തമാണവര്‍ക്ക്! അതുകൊണ്ട് മേല്‍ച്ചൊന്ന പ്രാര്‍ത്ഥനയില്‍ സിദ്ധന്‍ പറയുകയാണ്: ‘ആ ആസക്തി, ഭയങ്കരമായ പിടുത്തം, എനിക്കു വേണം. അവിടുത്തോടുമാത്രം’ ഈ പ്രീതി ഈശ്വരനിലാക്കിയാല്‍ ഭക്തിയെന്നു പറയപ്പെടുന്നു. ഭക്തി വിനാശകമല്ല. അതുപദേശിക്കുന്നതു നമുക്കുള്ള കഴിവുകളൊന്നും വെറുതെ നല്‍കപ്പെട്ടതല്ലെന്നും, അവയിലൂടെയാണ് സ്വാഭാവികമായ മോക്ഷമാര്‍ഗ്ഗമെന്നുമാണ്. നമ്മുടെ പ്രവണതകളെ ഭക്തി കൊന്നുകളയുന്നില്ല. അതു പ്രകൃതിവിരുദ്ധമായിപ്പോകുന്നില്ല. പിന്നെയോ ഉത്കൃഷ്ടതരവും പ്രബലതരവുമായ ഒരു ഗതി അതിനു നല്‍കുന്നതേയുള്ളു. എത്രയോ സ്വാഭാവികമായി നാം ഇന്ദ്രിയവിഷയങ്ങളെ പ്രിയപ്പെടുന്നു! അല്ലാതെ നമുക്കു വയ്യ. കാരണം അവ നമുക്ക് അത്രയ്ക്കു യഥാര്‍ത്ഥങ്ങളാണ്. സാധാരണ ഉല്‍കൃഷ്ടതരങ്ങളായ സംഗതികളില്‍ നാം യാഥാര്‍ത്ഥ്യമൊട്ടും കാണുന്നില്ല. എന്നാല്‍, ഇന്ദ്രിയങ്ങള്‍ക്കപ്പുറം, ഇന്ദ്രിയജഗത്തിനപ്പുറം, ഒരുവന്‍ യഥാര്‍ത്ഥമായ ചിലതു കണ്ടാല്‍ അവനു പ്രബലാസക്തിയുണ്ടാവാമെന്നാണാശയം. അത് ഇന്ദ്രിയാതീതവിഷയത്തിലേക്ക്, ഈശ്വരനിലേക്ക് മാറണമെന്നേയുള്ളു. മുമ്പ് ഇന്ദ്രിയവിഷയങ്ങള്‍ക്കു നല്‍കിയിരുന്ന അതേ തരം പ്രീതി ഈശ്വരനിലാക്കിയാല്‍ അതിനെ ഭക്തിയെന്നു പറയും. സിദ്ധനായ രാമാനുജന്റെ മതപ്രകാരം ആ തീവ്രപ്രേമം ലഭിക്കാനുള്ള ഒരുക്കങ്ങള്‍ താഴെ പറയുന്നവയാണ്.
ആദ്യത്തേതു വിവേകം, ഇതു വളരെ അസാധാരണമായ ഒരു സംഗതിയാണ്. വിശേഷിച്ചും പാശ്ചാത്യര്‍ക്ക്. രാമാനുജമതപ്രകാരം ഇതിന്നര്‍ത്ഥം ‘ആഹാരവിവേകം’ എന്നാണ്. നമ്മുടെ ശരീരമനഃശക്തികളെ സഞ്ചയിക്കുന്ന സര്‍വ്വവീര്യവും ആഹാരത്തിലുണ്ട്. അതിനെ എന്റെ ശരീരത്തില്‍ സംക്രമിപ്പിച്ചു സൂക്ഷിച്ചു പുതിയ വഴിക്കു നയിച്ചിരിക്കുന്നു. എങ്കിലും ഞാന്‍ കഴിച്ച ആഹാരത്തില്‍നിന്നു സാരത്തില്‍ വ്യത്യസ്തമായി എന്റെ ശരീരമനസ്സുകള്‍ക്കു യാതൊന്നുമില്ല. ഭൌതികലോകത്തില്‍ കാണുന്ന ദ്രവ്യവും ശക്തിയും തമ്മില്‍ ശരീരവും മനസ്സുമായിരിക്കുംപോലെ, ശരീരമനസ്സുകളും നാം ഭക്ഷിച്ച ആഹാരവും തമ്മില്‍ സാരമായ വ്യത്യാസം പ്രകാശനത്തില്‍മാത്രമാണ്. അതങ്ങനെയിരിക്കെ-നമ്മുടെ ആഹാരത്തിന്റെ ഭൌതികകണങ്ങളില്‍നിന്നു നാം വിചാരകരണത്തെ വിരചിക്കയും ഈ കണങ്ങളിലടങ്ങിയിട്ടുള്ള സൂക്ഷ്മതരശക്തികളില്‍നിന്നു നാം വിചാരത്തെത്തന്നെ സംസ്കരിക്കയും ചെയ്താല്‍-ഈ വിചാരവും വിചാരകാരണവും രണ്ടും, നാം കഴിക്കുന്ന ആഹാരംകൊണ്ടു വികാരപ്പെടുമെന്നു സ്വാഭാവികമായി വന്നുകൂടുന്നു. മനസ്സില്‍ ചില മാറ്റങ്ങള്‍ വരുത്തുന്ന ചിലതരം ആഹാരമുണ്ട്. അതു നാം നിത്യേന കാണുന്നുണ്ട്. മറ്റു തരങ്ങളുണ്ട്. അവ ശരീരത്തില്‍ മാറ്റമുണ്ടാക്കും. ദീര്‍ഘകാലംകൊണ്ടു മനസ്സില്‍ ഭയങ്കരമായി ഫലിക്കയും ചെയ്യും. ഇതു പഠിക്കേണ്ട വലിയൊരു സംഗതിയാണ്. നാം അനുഭവിക്കുന്ന ക്ളേശത്തിന്റെ നല്ലൊരളവ് നാം കഴിക്കുന്ന ആഹാരംമൂലമാണ്. കനത്തതും ദഹിക്കാത്തതുമായ ഭക്ഷണത്തിനു ശേഷം മനോനിയമനം അതികഠിനമെന്നു നിങ്ങള്‍ക്കു കാണാം. അത് എപ്പോഴും ഓട്ടംതന്നെ. ഓട്ടം, ഉദ്വേഗകരങ്ങളായ ചില ആഹാരങ്ങളുണ്ട്. അത്തരം ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്കു മനസ്സിനെ നിയന്ത്രിക്കാനാവില്ലെന്നു കാണാം. ഒരുവന്‍ അതിമാത്രം മുന്തിരിച്ചാറോ മറ്റു മാദകപാനീയമോ കുടിച്ചാല്‍ തന്റെ മനസ്സു നിയന്ത്രിക്കാനാവുന്നതല്ലെന്നു കാണാറുള്ളതു പ്രത്യക്ഷമാണ്. അത് അവന്റെ മനസ്സിന്റെ പിടിവിട്ടോടിപോകുന്നു.
രാമാനുജപക്ഷപ്രകാരം, ആഹാരത്തില്‍ വര്‍ജ്ജ്യങ്ങളായി മൂന്നു കാര്യങ്ങളുണ്ട്. ആദ്യം ജാതി, ഭക്ഷ്യപ്രകൃതി പരിഗണിക്കണം. ഉദ്വേഗകരങ്ങളായ ഭക്ഷ്യങ്ങളെല്ലാം വര്‍ജ്ജ്യമാണ്. ഉദാഹരണം, മാംസം. അതു പ്രകൃത്യാതന്നെ അശുദ്ധമാണ്. മറ്റൊന്നിനു പ്രാണഹാനി വരുത്തിയേ നമുക്കതു കിട്ടൂ. നമുക്ക് ഒരു ക്ഷണത്തേക്കു സുഖം കിട്ടുന്നു. പക്ഷേ നമുക്കാ തൃപ്തി തരാന്‍ വേറൊരു ജീവി അതിന്റെ പ്രാണന്‍കളയേണ്ടിയിരിക്കുന്നു. മാത്രമല്ല, മറ്റുമനുഷ്യരെ നാം ധര്‍മ്മഭ്രഷ്ടരാക്കുന്നു. ഓരോ മാംസഭോജിയും താന്‍തന്നെ മൃഗത്തെ കൊന്നെങ്കില്‍ അതു പിന്നെയും നന്നായേനെ.പക്ഷേ അങ്ങനെ ചെയ്യുന്നതിനുപകരം തങ്ങള്‍ക്കുവേണ്ടി ഒരു വര്‍ഗ്ഗത്തെക്കൊണ്ട് ആ തൊഴില്‍ ചെയ്യിക്കുകയും അതു ചെയ്യുന്നതിന് അവരെ വെറുക്കുകയും ചെയ്യുന്നു. ഇംഗ്ളണ്ടില്‍ ഒരു കശാപ്പുകാരന്നും നീതിസഭാംഗമാകാന്‍ പാടില്ല. അയാള്‍ പ്രകൃത്യാ ക്രൂരനെന്നാണ് സങ്കല്‍പ്പം. അവനെ ക്രൂരനാക്കുന്നതാര്? സമുദായം. നാം മാട്ടിറച്ചിയും ആട്ടിറച്ചിയും തിന്നില്ലെങ്കില്‍ ഒരു കശാപ്പുകാരനും ഉണ്ടാവില്ല. കടുംപണിയെടുക്കുന്നവര്‍ക്കും ഭക്തന്മാരാകാന്‍ ഇടയില്ലാത്തവര്‍ക്കും മാത്രമേ മാംസാഹാരം അനുഭവനീയമാവൂ. നിങ്ങള്‍ ഭക്തന്മാരാകാന്‍ പോവുകയാണെങ്കിലോ മാംസത്തെ ഒഴിവാക്കണം. കൂടാതെ ചുവന്നുള്ളിയും വെളുത്തുള്ളിയും പോലം ഉദ്വേജകങ്ങളായ എല്ലാ ഭക്ഷ്യങ്ങളും. ‘അമ്ളലവണം’! പോലെ ദുര്‍ഗ്ഗന്ധികളായ സര്‍വ്വഭക്ഷ്യങ്ങളും. ദിവസങ്ങള്‍ കഴിഞ്ഞു തനതു ഗുണംപേയെ ഏതാഹാരവും, സ്വരസം മിക്കവാറും ഉണങ്ങിപ്പോയ ഏതാഹാരവും നാറുന്ന ഏതാഹാരവും വര്‍ജ്ജ്യമാണ്.
ആഹാരകാര്യത്തില്‍ അടുത്തു പരിഗണിക്കാനുള്ളതു പാശ്ചാത്യമനസ്സിനു കുറേക്കൂടെ സങ്കീര്‍ണ്ണമാണ്-അതിനെ ആശ്രയമെന്നാണ് പറയുക. അതായത് ആഹാരം ആരില്‍നിന്നു വരുന്നുവോ, അവന്‍. ഇതു ഹിന്ദുക്കളുടെ ഒരു ദുര്‍ജ്ഞേയസിദ്ധാന്തമാണ്. ആശയമിതാണ്. ഓരോരുത്തന്റെയും ചൂഴെ ഒരു വിശേഷപ്രഭയുണ്ട്. അയാള്‍ എന്തു തൊട്ടാലും തന്റെ സ്വഭാവത്തിന്റെ, പ്രഭാവത്തിന്റെ ഒരംശം-എന്നു പറയട്ടെ-അതില്‍ അവശേഷിക്കുന്നു. ഒരുവന്റെ സ്വഭാവം ഒരു ഭൌതികശക്തിപോലെ അവനില്‍നിന്നു പ്രസരിക്കുന്നതുപോലെയാണ്. അവന്‍ തൊടുന്നതിനെയെല്ലാം അതു ബാധിക്കയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം. അതുകൊണ്ട് ആഹാരം പചിക്കപ്പെടുമ്പോള്‍ അതു തൊടുന്നതാരെന്നതു ഗൌനിക്കേണ്ടതുണ്ട്. ദുഷ്ടനോ ദുഷ്ചിന്തനോ അതു തൊടരുത്. ഭക്തനാകണമെന്നുള്ളവന്‍ അതിദുഷ്ട്മാരെന്നു തനിക്കറിവുളള ആളുകളുടെകൂടെ ഉണ്ണരുത്. കാരണം അവരുടെ ദോഷം ആഹാരത്തില്‍ക്കൂടി പകര്‍ന്നുവരും.
വീക്ഷിക്കേണ്ടുന്ന ശുദ്ധിയുടെ വേറൊരു രൂപം നിമിത്തമാണ്. ആഹാരത്തില്‍ ചെളിയും പൊടിയും പാടില്ല. ചന്തയില്‍നിന്ന് ആഹാരം കൊണ്ടുവന്നു കഴുകാതെ മേശപ്പുറത്തു (വിളമ്പാന്‍) വെക്കരുത്. തുപ്പല്‍ മുതലായവയെപ്പറ്റി കരുതിരിയിക്കണം. ഉദാഹരണമായി, ഒരിക്കലും വിരല്‍കൊണ്ടു തൊട്ടുകൂടാ. ശരീരത്തിലെ അതിലോലഭാഗമാണ് ഉള്ളൂരി(mucous membarane) സര്‍വ്വ പ്രവണതകളും തുപ്പലിലൂടെ അതിശീഘ്രം സംക്രമിക്കുന്നു. അതുകൊണ്ട് അതിന്റെ സ്പര്‍ശം അപരാധമെന്നുമാത്രമല്ല അപകടകരമെന്നുകൂടെ ഗണിക്കേണ്ടിയിരിക്കുന്നു. പിന്നെ, മറ്റു വല്ലവരും പകുതി തിന്നതിന്റെ ബാക്കി (എച്ചില്‍) നാം തിന്നരുത്. ഈ ദോഷങ്ങളെല്ലാം ഒഴിവാക്കിയാല്‍ ആഹാരം ശുദ്ധമാകുന്നു. ശുദ്ധമായ ആഹാരം ശുദ്ധമായ ചിത്തത്തെ ഉളവാക്കുന്നു. ശുദ്ധചിത്തത്തിലാണ് നിരന്തരമായ ഈശ്വരസ്മരണയും.
ഇതേ സംഗതി മറ്റൊരു ഭാഷ്യകാരനായ ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിച്ചവിധം പറഞ്ഞുതരാം. ആഹാരമെന്ന ഈ പദം സംഭരിക്കുക എന്നര്‍ത്ഥമായ ‘ആഹൃ’ എന്ന സംസ്കൃതധാതുവില്‍നിന്നു നിഷ്പന്നമാണ്. ആഹാരമെന്നാല്‍ അകത്തേക്കു സംഭരിക്ക എന്നര്‍ത്ഥം. എന്താണവിടുത്തെ വ്യാഖ്യാനം? ആഹാരം ശുദ്ധമായാല്‍ ചിത്തം ശുദ്ധമാകുമെന്ന വാക്യത്തിന്റെ വാസ്തവാര്‍ത്ഥം നാം ഇന്ദ്രിയങ്ങള്‍ക്കു വിധേയരാകാതിരിക്കാന്‍ താഴെപ്പറയുന്നവയെ ഒഴിവാക്കണമെന്നാണ്. ആദ്യം രാഗത്തെപ്പറ്റി-ഈശ്വരനൊഴിച്ച് ഒന്നിനോടും അത്യാസക്തരാകരുത്. അത്യാസക്തി വരുന്നതോടെ, ഒരുവന്‍ നശിക്കുന്നു, പിന്നെ അവന്‍ തന്റെ ഉടയവനല്ല. അടിമയാണ്. സ്ത്രീ പുരുഷനോട് ഭയങ്കരമായി ആസക്തിയായാല്‍ അവള്‍ അയാള്‍ക്കടിമയാകുന്നു. അടിമയായതുകൊണ്ടു ഒരു പ്രയോജനവുമില്ല. ഒരു മനുഷ്യസത്ത്വത്തിന്നടിമയാകുന്നതിനെക്കാള്‍ മേന്മയേറിയ സംഗതികള്‍ ലോകത്തിലുണ്ട്. എല്ലാവരെയും സ്നേഹിക്കയും എല്ലാവര്‍ക്കും നന്മ ചെയ്കയും ചെയുക, പക്ഷേ, അടിമയാകാതിരിക്കുക ആസക്തി ഒന്നാമതു നമ്മെ വ്യക്തിപരമായി അധഃപതിപ്പിക്കയും രണ്ടാമതു അത്യന്തം സ്വാര്‍ത്ഥികളാക്കുകയും ചെയ്യുന്നു. ഈ പോരായ്മകാരണം നാം ഇഷ്ടപ്പെടുന്നവര്‍ക്കു നന്മ ചെയ്യുവാന്‍ മറ്റുള്ളവരെ നമുക്കു ദ്രോഹിക്കണം. ഈ ലോകത്തില്‍ ചെയ്യപ്പെടുന്നതു ചിലരോടുള്ള ആസക്തി കാരണമാണ്. അതുകൊണ്ട് സല്‍കര്‍മ്മങ്ങളോടൊഴിച്ചുള്ള ആസക്തികളൊക്കെ ഒഴിവാക്കണം. പക്ഷേ സ്നേഹം സര്‍വ്വര്‍ക്കും നല്‍കണം. പിന്നെ ദ്വേഷത്തെപ്പറ്റി ഇന്ദ്രിയവിഷയങ്ങളെക്കുറിച്ച് ഒരു ദ്വേഷവും പാടില്ല. ദ്വേഷം സകലദോഷങ്ങള്‍ക്കും ചുവടാണ്. ജയിക്കാന്‍ ഏറ്റവും വിഷമമുള്ള കാര്യവുമാണ്. ഇനി മോഹത്തെപ്പറ്റി നാം സദാ ഒന്നിനെ മറ്റൊന്നായി ധരിക്കുന്നു. ആ ധാരണവെച്ചു പ്രവര്‍ത്തിക്കയും ചെയ്യുന്നു. അതിന്റെ ഫലമായി നാം നമുക്കു തന്നെ കഷ്ടപാടുണ്ടാക്കുന്നു. നാം ചീത്തയെ നന്നെന്നു ധരിക്കുന്നു. നമ്മുടെ നാഡികളെ ഒരു നിമിഷത്തേയ്ക്കു ഇക്കിളിയാക്കുന്ന എന്തും പരമനന്മയെന്നു നാം വിചാരിക്കുന്നു. അതനികത്തേയ്ക്കു എടുത്തുചാടുകയും ചെയ്യുന്നു. പക്ഷേ, വൈകിയ വേളയിലാണ് നാം കാണുന്നത്. അത് നമുക്ക് ഒരു ഭയങ്കരപ്രഹരമേല്‍പ്പിച്ചതായി. ഓരോ ദിവസവും നാം ഈ പിഴവില്‍ ചെന്നുചാടുന്നു. മിക്കവാറും അതില്‍ത്തന്നെ ആയുഷ്കാലം മുഴുവന്‍ തുടരുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങള്‍ അതിരാഗമില്ലാതെ, ദ്വേഷമോ മോഹമോ ഇല്ലാതെ ലോകത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത്തരം പ്രവൃത്തി അഥവാ അനുഭവാഹരണം ശങ്കരപക്ഷത്തില്‍ ശുദ്ധാഹാരമെന്നു പറയപ്പെടുന്നു. ശുദ്ധാഹാരത്തെ ഉള്‍ക്കൊള്ളുമ്പോള്‍ ചിത്തത്തിനു വിഷയങ്ങളെ അകത്തേയ്ക്കെടുത്തു അവയെപ്പറ്റി രാഗദ്വേഷമോഹരഹിതമായി വിചാരിക്കാന്‍ കഴിയുന്നു. അപ്പോള്‍ ചിത്തം ശുദ്ധമാകുന്നു. അപ്പോള്‍ ആ ചിത്തത്തില്‍ ഈശ്വരസ്മരണ നിരന്തരമാകയും ചെയ്യുന്നു.
ശങ്കരവ്യാഖ്യാനമാണ് ഉത്തമമെന്നു പറയുക തികച്ചും സ്വാഭാവികമാണെങ്കിലും രാമാനുജന്റെ വ്യാഖ്യാനത്തെ അവഗണിച്ചുകൂടാ എന്നെടുത്തുപറയാന്‍ ഞാനാഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തിലുള്ള ഭൌതികാഹാരത്തെപ്പറ്റി നിഷ്കര്‍ഷിക്കുമ്പോഴേ ബാക്കിയുള്ളതു വരൂ. മനസ്സാണ് നാഥനെന്നതു വളരെ ശരി. പക്ഷേ നമ്മളില്‍ വളരെ ചുരുക്കം പേരേ ഉള്ളൂ ഇന്ദ്രിയബദ്ധരല്ലാതെ. നാമെല്ലാം ഭൌതികനിയന്ത്രിതരാണ്. അങ്ങനെ നിയന്ത്രിതരായിരിക്കുന്ന കാലത്തോളം ഭൌതികസഹായങ്ങള്‍ നാം കൈക്കൊള്ളണം. അപ്പോള്‍, നാം കരുത്തരായിക്കഴിഞ്ഞാല്‍ നമുക്കിഷ്ടംപോലെ എന്തും തിന്നുകയും കുടിക്കയും ചെയ്യാം. അന്നപാനനിഷ്കര്‍ഷയില്‍ നാം രാമാനുജനെ അനുസരിക്കണം.; അതേ സമയം നമ്മുടെ മാനസാഹാരത്തെക്കുറിച്ചും കരുതല്‍ വേണം. ഭൌതികാഹാരനിഷ്കര്‍ഷ വളരെ എളുതാണ്. പക്ഷേ മനോവ്യാപാരം അതിന്റെ കൂടെച്ചെല്ലണം. അപ്പോള്‍ ക്രമേണ നമ്മുടെ ആത്മികവ്യക്തി കൂടുതല്‍ കൂടുതല്‍ ബലവാനാകും. ശാരീരികവ്യക്തി കുറച്ചു മികവു കുറഞ്ഞതുമാകും. അപ്പോള്‍ ആഹാരം പിന്നെയൊട്ടും ദ്രോഹിക്കയില്ല. ഓരോരുവന്നും വേണം ഒറ്റച്ചാട്ടത്തിനു ഉത്തമദര്‍ശനത്തിലെത്തുക. പക്ഷേ ചാട്ടമല്ല മാര്‍ഗ്ഗം. അതു വീഴ്ച്ചയിലേ കലാശിക്കൂ. നാം ഇവിടെ കെട്ടുപെട്ടു കിടക്കുന്നു. നമുക്കു സാവകാശം നമ്മുടെ ചങ്ങലകളെ പതുക്കെ പൊട്ടിക്കണം. ഇതാണ് വിവേകമെന്നു പറയുന്നത്.
അടുത്തതു വിമോകമെന്നു പറയപ്പെടുന്നു. ആശകളില്‍നിന്നു സ്വാതന്ത്യ്രം. ഈശ്വരനെ പ്രേമിക്കണമെന്നുള്ളവന്‍ അത്യാശകളെ ഒഴിവാക്കണം. ഈശ്വരനെയൊഴിച്ച് ഒന്നും ആശിക്കരുത്. ഉയര്‍ന്ന ലോകത്തിലേക്ക് പോകാന്‍ ഉപകരിക്കുന്നിടത്തോളം ഈ ലോകം നല്ലതാണ്. ഉയര്‍ന്ന വിഷയങ്ങള്‍ പ്രാപിക്കുവാന്‍ ഉപകരിക്കുന്നിടത്തോളം ഇന്ദ്രിയവിഷയങ്ങള്‍ നല്ലതാണ്. ഈ ലോകം ഒരുപേയത്തിനുള്ള ഉപായമാണ്. സ്വയം ഉപേയമല്ല എന്നു നാം എപ്പോഴും മറന്നുകളയുന്നു. ഇതായിരുന്നു ഉപേയമെങ്കില്‍ നാം ഇവിടെ ഈ ശരീരത്തില്‍ത്തന്നെ അമൃതരാകണം. നാം ഒരിക്കലും മരിക്കരുത്. പക്ഷേ ആളുകള്‍ അനുനിമിഷം നമ്മുടെ ചുറ്റും മരിക്കുന്നതു നാം കാണുന്നുണ്ട്. എന്നിട്ടും നാം മൂഢമായി വിചാരിക്കുന്നു, നാം മരിക്കില്ലെന്ന്. ആ ഉറപ്പില്‍നിന്നു ഈ ജീവിതമാണ് ലക്ഷ്യമെന്നു നാം വിചാരിക്കാനുമിടയാകുന്നു. അതാണ് നമ്മില്‍ തൊണ്ണൂറ്റൊമ്പതു ശതമാനം പേരുടെയും സ്ഥിതി. ഈ ധാരണ ഉടനെ വിട്ടുകളയണം. ഈ ലോകം നമ്മെ സംസിദ്ധരാക്കാനുള്ള ഒരുപായമായിരിക്കുന്ന കാലത്തോളം നന്ന്. അങ്ങനെയല്ലാതാകുന്നതോടെ അതു തിന്മയുമാകുന്നു. അതുകൊണ്ട്, ഭാര്യയും ഭര്‍ത്താവും മക്കളും ധനവും വിദ്യയും നമ്മെ മുന്നോട്ടു തുണയ്ക്കുന്ന കാലത്തോളം നന്ന്. അങ്ങനെയല്ലാതാകുന്നതോടെ അവ തിന്മയല്ലാതെ മറ്റൊന്നുമല്ല. ഭാര്യ ഈശ്വരപ്രാപ്തിക്കു നമ്മെ തുണയ്ക്കുന്നപക്ഷം അവള്‍ നല്ല ഭാര്യയാണ്. അതുപോലെ ഭര്‍ത്താവിന്റെയും പുത്രന്റെയും കാര്യത്തിലും. ധനം പരോപകാരത്തിനുതകുന്നെങ്കില്‍ അതിന്നല്പം വിലയുണ്ട്. അല്ലാത്തപക്ഷം അതു തിന്മയുടെ ഒരു രാശിമാത്രമാണ്. അതെത്ര വേഗം വിട്ടുകളയുന്നുവോ അത്ര നല്ലതുമാണ്.
അടുത്തത് അഭ്യാസം. മനസ്സ് എപ്പോഴും ഈശ്വരനിലേക്ക് ചെല്ലണം. അതിനെ പിടിച്ചുവെയ്ക്കാന്‍ യാതൊന്നിനും ഒരവകാശവുമില്ല. അതു നിരന്തരം ഈശ്വരനെ വിചാരിക്കണം. അതു ദുഃസാധ്യമാണെങ്കിലും. എന്നാലും സ്ഥായിയായ അഭ്യാസംകൊണ്ട് സാധിക്കാം. നമ്മുടെ പൂര്‍വ്വാഭ്യാസഫലമാണ് നമ്മുടെ ഇപ്പോഴത്തെ ഉണ്മ. അതുപോലെ നമ്മുടെ ഇപ്പോഴത്തെ അഭ്യാസം ഭാവി ഉണ്മയെയും ഉളവാക്കുന്നു. അതുകൊണ്ടു മറുവഴി അഭ്യസിക്കുക. ഒരുതരം വട്ടംതിരിയല്‍ നമ്മെ ഈ വഴിയ്ക്കെത്തിച്ചു. മറ്റുവഴി തിരിഞ്ഞ് ഇതില്‍നിന്നു എത്ര വേഗം പുറത്തു കടക്കാമോ അത്ര വേഗമാകട്ടെ. ഇന്ദ്രിയങ്ങളെക്കുറിച്ചുള്ള വിചാരം നമ്മെ ഇവിടേക്കു വീഴ്ത്തിയിരിക്കുന്നു. ഒരു നിമിഷം കരയാന്‍. അടുത്ത നിമിഷം രസിക്കാന്‍. ഏതിളംകാറ്റിന്റെയും ദയയ്ക്കു പാത്രമാകാന്‍-എന്തിനും അടിമ! ഇതു ലജ്ജാകരം. എന്നിട്ടും നാം നമ്മെ ആത്മാക്കളെന്നു വിളിക്കുന്നു. മറുവഴി പോകു ഈശ്വരനെ വിചാരിക്കൂ മനസ്സു ശാരീരികമോ മാനസികമോ ആയ ഒരു ഭോഗത്തേയോ നിനയ്ക്കാതെ ഈശ്വരനെത്തന്നെ വിചാരിക്കട്ടെ. അതു മറ്റെന്തെങ്കിലും വിചാരിക്കാന്‍ നോക്കുമ്പോള്‍ അതിനു നല്ല ഒരടി കൊടുക്കുക. അതു തിരിഞ്ഞുവന്ന് ഈശ്വരനെ വിചാരിക്കട്ടെ. ഒരു പാത്രത്തില്‍നിന്നു വേറൊരു പാത്രത്തിലേക്കൊഴിക്കുന്ന എണ്ണ ധാര മുറിയാതെ വീഴുംപോലെ. വിദൂരമണിക്വാണം ഒരേ ശബ്ദധാരയില്‍ കാതില്‍ വന്നുവീഴുംപോലെ. അങ്ങനെ മനസ്സ് ഈശ്വരന്റെ നേര്‍ക്ക് ഒരവിച്ഛിന്നധാരയായി പ്രവഹിക്കണം. ഈ അഭ്യാസം മനസ്സിന്റെമേല്‍ ചുമത്തിയാല്‍മാത്രം പോര, ഇന്ദ്രിയങ്ങളെയും വിനിയോഗിക്കണം. വിഡ്ഢിത്തരങ്ങള്‍ കേള്‍ക്കുന്നതിനുപകരം നാം ഈശ്വരനെപ്പറ്റി ശ്രവിക്കണം. വിഡ്ഢിവാക്കുകള്‍ പറയുന്നതിനുപകരം നാം ഈശ്വരനെക്കുറിച്ചു പറയണം. വിഡ്ഢിപ്പുസ്തകങ്ങള്‍ വായിക്കുന്നതിനുപകരം നാം ഈശ്വരകഥനങ്ങളായ നല്ലവ പാരായണം ചെയ്യണം.
ഈശ്വരനെ സ്മൃതിയിലുറപ്പിക്കുന്ന ഈ അഭ്യാസത്തിന് ഒരു പക്ഷേ ഏറ്റവും വലിയ സഹായമാണ്. സംഗീതം. ഭക്തിമഹാചാര്യനായ നാരദനോട് പ്രഭു അരുളിച്ചെയ്യുന്നു.
നാഹം വസാമി വൈകുണ്ഠേ യോഗിനാം ഹൃദയേ ന തു മദ്ഭക്താ യത്ര ഗായന്തി തത്ര തിഷ്ഠാമി നാരദ.
‘ഞാന്‍ സ്വര്‍ഗ്ഗത്തിലോ യോഗിഹൃദയത്തിലോ അല്ല വാഴുന്നത്. പിന്നെയോ എവിടെ എന്റെ ഭക്തന്മാര്‍ എന്നെ വാഴ്ത്തിപ്പാടുന്നുവോ അവിടെയാണ് ഞാന്‍.’ സംഗീതത്തിനു അത്ര ഗംഭീരശക്തിയാണ് മനുഷ്യമനസ്സിന്മേലുള്ളത്. അതു മനസ്സിനെ നിമിഷംകൊണ്ടു ഏകാഗ്രമാക്കുന്നു. മൂഢരും അജ്ഞരും നീചരും മൃഗപ്രായരുമായ മനുഷ്യര്‍, മറ്റു സമയങ്ങളില്‍ ഒരു നിമിഷത്തേയ്ക്കും മനസ്സ് ഒരു കാലവും നേരെ നിര്‍ത്താത്തവര്‍, മനോഹരമായ സംഗീതം കേള്‍ക്കുമ്പോള്‍ പെട്ടെന്നു മയങ്ങി എകാഗ്രരാകുന്നതു നിങ്ങള്‍ക്കു കാണാം. നായ, സിംഹം, പൂച്ച, സര്‍പ്പം മുതലായ ജന്തുക്കളുടെ മനസ്സുപോലും, സംഗീതംകൊണ്ടു മയങ്ങുന്നുണ്ട്.
അടുത്തതു ക്രിയയാണ്. പ്രവൃത്തി-അന്യര്‍ക്ക് നല്ലതു ചെയ്ക. സ്വാര്‍ത്ഥിക്ക് ഈശ്വരസ്മരണ വരുന്നതല്ല. നാം എത്രനേരം പുറത്തുവന്നു പരോപകാരം ചെയ്യുന്നുവോ അത്രയേറെ നമ്മുടെ ഹൃദയങ്ങള്‍ വിശുദ്ധങ്ങളാകും. ഈശ്വരന്‍ അവയില്‍ വാഴുകയും ചെയ്യും. ഞങ്ങളുടെ ശാസ്ത്രങ്ങളനുസരിച്ച് അഞ്ചുതരം കര്‍മ്മങ്ങളുണ്ട്. പഞ്ചയജ്ഞങ്ങളാണെന്നാണ് പറയുക. ഒന്നാമതു പഠിപ്പ് (ബ്രഹ്മയജ്ഞം) ഒരുവന്‍ പുണ്യവും ഹിതവുമായ എന്തെങ്കിലും നിത്യവും പഠിക്കണം. രണ്ടാമതു ഈശ്വരപൂജനം അഥവാ ദേവസിദ്ധപൂജനം (ദേവയജ്ഞം). മൂന്നാമത് നമ്മുടെ പിതൃക്കളോടു നമുക്കുള്ള കര്‍ത്തവ്യം (പിതൃയജ്ഞം). നാലാമത് മനുഷ്യജീവികളോടു നമുക്കുള്ള കര്‍ത്തവ്യം (മനുഷ്യയജ്ഞം). മനുഷ്യനു സ്വന്തമായി ഒരു വീട്ടില്‍ പാര്‍ക്കാന്‍ ഒരവകാശവുമില്ല. പാവങ്ങള്‍ക്കോ വീടു വേണ്ട. ആര്‍ക്കെങ്കിലുമോ കൂടില്‍ കെട്ടിക്കൊടുക്കുന്നതുവരെ, പാവങ്ങളും കഷ്ടപ്പെടുന്നവരുമായ ഏതൊരുവന്നും ഗൃഹസ്ഥന്റെ വീടു തുറന്നു കിടക്കണം. അപ്പോള്‍ അയാള്‍ യഥാര്‍ത്ഥ ഗൃഹസ്ഥനാണ്. തനിക്കും തന്റെ ഭാര്യക്കും വേണ്ടിമാത്രം വീടെടുക്കുന്നവന്‍ ഒരിക്കലും ഈശ്വരപ്രേമിയാവില്ല. ഒരുവന്നു തനിക്കുവേണ്ടിമാത്രം ആഹാരം പാകം ചെയ്യാന്‍ അവകാശമില്ല. അന്യര്‍ക്കുവേണ്ടിയാണ്. അതിന്റെ ശിഷ്ടം അയാള്‍ കഴിക്കണം. ചെറുപഴങ്ങളോ മാമ്പഴമോ പോലുള്ള ഓരോ കാലത്തെയും വിളവ് ആദ്യം ചന്തയിലെത്തുമ്പോള്‍ കുറെ വാങ്ങി പാവങ്ങള്‍ക്കു കൊടുക്കുക ഭാരതത്തിലെ ഒരു സാമാന്യനടപ്പാണ്. അതു കഴിഞ്ഞേ അവന്‍ തിന്നൂ. ഇത് ഈ നാട്ടിലെ അനുവര്‍ത്തിക്കാവുന്ന നല്ലൊരു മാതൃകയാണ്. ഈ പരിശീലനം ഒരുവനെ നിസ്സ്വാര്‍ത്ഥിയാക്കുന്നു. അതേ സമയം തന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഉത്തമമായ ഒരു നിദര്‍ശനപാഠവുമായിരിക്കും. പണ്ടുകാലങ്ങളില്‍ ഹീബ്രൂക്കള്‍ ആദ്യഫലം ഈശ്വരനു നല്‍കാറുണ്ടായിരുന്നു. എന്തിന്റെയും ആദ്യത്തേതു പാവങ്ങള്‍ക്കു ചെല്ലണം. ശേഷമുളളതിനേ നമുക്കവകാശമുള്ളു. പാവങ്ങള്‍ ഈശ്വരപ്രതിനിധികളാണ്. കഷ്ടപ്പെടുന്ന ഏതൊരാളും അവിടുത്തെ പ്രതിനിധികളാണ്. കൊടുക്കാതെ തിന്നുന്നവനും തിന്നു രസിക്കുന്നവനും പാപം ഭുജിക്കുന്നു. അഞ്ചാമത്, താഴ്ന്ന ജന്തുക്കളോടുള്ള നമ്മുടെ കര്‍ത്തവ്യം (ഭൂതയജ്ഞം). എല്ലാ ജന്തുക്കളെയും സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യനുവേണ്ടിയാണ്. അവനു കൊല്ലാനും സ്വച്ഛന്ദം ഉപയോഗിക്കാനുമുള്ളതാണ് എന്നു പറയുന്നത് പൈശാചികമാണ്. അതു പിശാചിന്റെ സുവിശേഷമാണ്. ഈശ്വരന്റേതല്ല. ശരീരത്തിന്റെ ഒരു ഭാഗത്തു ചില നാഡികള്‍ വിറക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കാന്‍ അവയെ മുറിച്ചു മലര്‍ത്തുന്നത് എത്ര പൈശാചികമെന്നു വിചാരിച്ചു നോക്കൂ. ഞങ്ങളുടെ നാട്ടില്‍ അത്തരം സംഗതികളെ ഹിന്ദുക്കള്‍ തുണക്കുന്നില്ല എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഞങ്ങളെ അടിപ്പെടുത്തിയ ആ വിദേശഭരണത്തില്‍നിന്നു എന്തെല്ലാം പ്രോത്സാഹനം തങ്ങള്‍ക്കു കിട്ടുമെങ്കിലും ഒരു വീട്ടില്‍ വേവിക്കുന്ന ആഹാരത്തിന്റെ ഒരംശം ജന്തുക്കള്‍ക്കും അവകാശപ്പെട്ടതാണ്. അവയ്ക്കെന്നും തീറ്റ കൊടുക്കണം. ഈ നാട്ടില്‍ എല്ലാ നഗരങ്ങളിലും പാവങ്ങളോ മുടന്തരോ കുരുടരോ ആയ കുതിരകള്‍, പശുക്കള്‍, പട്ടികള്‍, പൂച്ചകള്‍ ഇവയ്ക്ക് ആശുപത്രികള്‍ വേണം. അവിടെ അവയെ തീറ്റിപ്പോറ്റണം.
പിന്നെയും കല്യാണം അഥവാ പവിത്രത. അതു താഴെപ്പറയുന്നവയെ ഉള്‍ക്കൊള്ളുന്നതാണ് സത്യം. സത്യത്തിലേക്ക് സത്യമായ ഈശ്വരന്‍ വരുന്നു. മനസ്സും വാക്കും കര്‍മ്മവും സമ്പൂര്‍ണ്ണം സത്യമായിരിക്കണം. അടുത്തത് ആര്‍ജ്ജവം. ഋജുത്വം ഈ വാക്കിനര്‍ത്ഥം സരളത. ഹൃദയത്തില്‍ കുടിലതയില്ലായ്മ. ഇരുവേലയില്ലായ്മ എന്നാണര്‍ത്ഥം. ഇതു കുറച്ചു കര്‍ക്കശമെങ്കിലും നേര്‍നിലയില്‍ മുന്നോട്ടുപോക. വളഞ്ഞിട്ടാകരുത്. ദയ, അനുകമ്പ, അഹിംസ, മനോവാക്കര്‍മ്മങ്ങളാല്‍ ഒന്നിനെയും ദ്രോഹിക്കായ്ക. ദാനം, ഔദാര്യം. ഔദാര്യത്തില്‍ പരം ധര്‍മ്മമില്ല. വാങ്ങി അകത്തേയ്ക്കു വലിയുന്ന കയ്യുള്ളവനാണ് നീചതമന്‍. കൊടുത്തു പുറത്തേയ്ക്കു ചെല്ലുന്ന കയ്യുള്ളവന്‍ ഉത്തമനുമാണ്. സദാ ദാനം ചെയ്വാനാണ് കയ്യുണ്ടാക്കിയിരിക്കുന്നത്. നിങ്ങള്‍ക്കുള്ള അപ്പത്തിന്റെ അവസാന കഷ്ണവും കൊടുക്കുക. നിങ്ങള്‍ പട്ടിണി കിടക്കയാണെങ്കിലും, പരനു ദാനം ചെയ്തു പട്ടിണി കിടന്നു മരിച്ചാല്‍ നിങ്ങള്‍ നിമിഷംകൊണ്ടു മുക്തനാവും. നിങ്ങള്‍ സദ്യഃസംസിദ്ധനാകും. ഈശ്വരനാകും. കുട്ടികളുള്ളവര്‍ ഇപ്പോഴേ കെട്ടിലാണ്. അവര്‍ക്കങ്ങു കൊടുക്കാന്‍ കഴിയുന്നില്ല. അവര്‍ക്കു തങ്ങളുടെ കുട്ടികളുമായി രസിക്കണം. അവര്‍ അതിനു വിലകൊടുക്കയും വേണം. ഈ ലോകത്തില്‍ വേണ്ടത്ര കുട്ടികളില്ലേ? ‘എനിക്കൊരു കുട്ടി സ്വന്തമായി വേണം’ എന്നു പറയുന്നതു തനി സ്വാര്‍ത്ഥതയാണ്.
അടുത്തത് അനവസാദം (വിഷാദമില്ലായ്മ),പ്രസന്നത. വിഷാദം മതമല്ല. മറ്റെന്തായാലും എപ്പോഴും ചിരിച്ചു പ്രസാദിച്ചിരുന്നാല്‍, ഏതു പ്രാര്‍ത്ഥനയ്ക്കുമാവുന്നതിലധികം അതു നിങ്ങളെ ഈശ്വരങ്കലേയ്ക്കടുപ്പിക്കുന്നു. മങ്ങി ഇരുണ്ടിരിക്കുന്ന മനസ്സുകള്‍ക്കു പ്രേമിക്കാന്‍ കഴിയുന്നതെങ്ങനെ? അവര്‍ പ്രേമത്തെക്കുറിച്ചു പറയുന്നെങ്കില്‍ അതു അസത്യമാണ്, അവര്‍ അന്യരെ ദ്രോഹിക്കാന്‍ ആഗ്രഹിക്കുന്നു. മതഭ്രാന്തന്മാരെക്കുറിച്ചു വിചാരിക്കുക. ഏറ്റവുമധികം മുഖം നീട്ടുന്നവര്‍ അവരാണ്. അവരുടെ മതം മുഴുവന്‍ കര്‍മ്മണാ വാചാ അന്യരോടു യുദ്ധം ചെയ്യാനാണ്. അവര്‍ മുമ്പു ചെയ്തതെന്തൊക്കെ എന്നൊന്നാലോചിക്കുക. ഒരു കൈ വിട്ടുകൊടുത്താല്‍ ഇന്നെന്തൊക്കെ ചെയ്യുമെന്നും ആലോചിക്കുക. അവര്‍ ഈ ലോകം മുഴുവന്‍ ചോരയില്‍ മുക്കും. അതുകൊണ്ടവര്‍ക്കധികാരം കൈവരുമെങ്കില്‍. അധികാരത്തെ ആരാധിച്ചും മുഖം നീട്ടിയും തങ്ങളുടെ ഹൃദയത്തിലെ പ്രേമത്തിന്റെ ഓരോ തരിയും അവര്‍ക്കു നഷ്ടമായിരിക്കുന്നു. അതുകൊണ്ട് സദാ അഴല്‍ തോന്നുന്നവന്‍ ഒരിക്കലും ഈശ്വരങ്കല്‍ ചെല്ലില്ല. ‘ഞാന്‍ വളരെ അഴലുന്നു’ എന്നു പറയുന്നതു മതമല്ല, പൈശാചികതയാണ്. ഓരോരുവന്നും അവന്റെ ചുമടു താങ്ങാനുണ്ട്. നിങ്ങള്‍ അഴലുന്നെങ്കില്‍ ആനന്ദിക്കുവാന്‍ നോക്കുക.
ഈശ്വരനെ ബലഹീനന്നു പ്രാപിച്ചുകൂടാ. ഒരിക്കലും ദുര്‍ബ്ബലനാകരുത്. നിങ്ങള്‍ പ്രബലരാകണം. അനന്തബലം നിങ്ങളിലുണ്ട്. ഇല്ലാതെ നിങ്ങളെങ്ങനെ എന്തെങ്കിലും ആക്രമിക്കും? ഇല്ലാതെ നിങ്ങളെങ്ങനെ ഈശ്വരനിലേക്കു വരും? അതേസമയം അതിഹര്‍ഷത്തെ ഒഴിവാക്കണം. ഉദ്ധര്‍ഷമെന്നാണതിനു പറയുക. ആ അവസ്ഥയിലുള്ള മനസ്സ് ഒരിക്കലും ശാന്തമാവില്ല. അതു ചപലമാകുന്നു. അതിഹര്‍ഷം എപ്പോഴും ദുഖാനുഗമമാണ്. കണ്ണീരും ചിരിയും അടുത്ത ബന്ധുക്കളാണ്. ആളുകള്‍ ഒട്ടുമിക്കപ്പോഴും ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേയ്ക്കു ഓടുന്നു. മനസ്സു സന്തുഷ്ടമായിരിക്കട്ടെ. പക്ഷേ ശാന്തം. ഒരിക്കലും അമിതങ്ങളിലേക്കു. ഓടുവാന്‍ അതിനെ വിടരുത്. കാരണം ഓരോ അമിതത്തിന്റെയും പിന്നാലെ ഒരു പ്രതികരണമുണ്ട്.
ഇവയാണ് രാമാനുജമതത്തില്‍ ഭക്തിക്കുള്ള ഒരുക്കങ്ങള്‍.