സ്വാമി വിവേകാനന്ദന്‍

ഭക്തിയോഗപ്രഭാഷണങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും.

IV പ്രതീകങ്ങളുടെ ആവശ്യം

ഭക്തിക്കു രണ്ടു വിഭാഗമുണ്ട്-ഒന്നു വൈധി, അതായതു സോപചാരം, അഥവാ അനുഷ്ഠാനപരം. രണ്ട്, മുഖ്യ അല്ലെങ്കില്‍ പര. ഭക്തിപദം ഏറ്റവും താണതരം ആരാധനമുതല്‍ അത്യുച്ചജീവിതരൂപംവരെ സകലഭൂമികകളേയും ഉള്‍ക്കൊള്ളുന്നു. ലോകത്തിലെ ഏതു രാജ്യത്തോ ഏതു മതത്തിലോ നിങ്ങള്‍ കണ്ടിട്ടുള്ള എല്ലാ ആരാധനകളും ഭക്തികൊണ്ടു നിയമിതമാണ്. വെറും ചടങ്ങുകളായത് ഒട്ടധികമുണ്ട്. ചടങ്ങുകളല്ലെങ്കിലും, ഭക്തിയല്ലാതെ അതിനെക്കാള്‍ താണപടിയിലുള്ളതും ഒട്ടധികമുണ്ട്. എങ്കിലും ഈ ചടങ്ങുകള്‍ ആവശ്യമാണ്. ജീവനെ മുന്നോട്ടു സഹായിക്കുന്നതിനു ഭക്തിയുടെ ബാഹ്യാംശം അത്യന്താപേക്ഷിതമാണ്. ഒറ്റച്ചാട്ടത്തിന് അത്യുച്ചപദത്തിലെത്താമെന്നു വിചാരിക്കുമ്പോള്‍ മനുഷ്യന്നു വലിയ തെറ്റു പറ്റുന്നു. താന്‍ ഒരു ദിവസംകൊണ്ടു വൃദ്ധനാകാന്‍ പോകയാണെന്നു ഒരു ശിശു വിചാരിക്കുന്നെങ്കില്‍, അവനു പിഴച്ചിരിക്കുന്നു. മതം പുസ്തകങ്ങളിലോ ബുദ്ധിസമ്മതത്തിലോ യുക്തി ചിന്തിയിലുമോ അല്ല എന്ന ആദര്‍ശം നിങ്ങള്‍ സര്‍വ്വദാ ഓര്‍മ്മിക്കുമെന്നു ഞാന്‍ പ്രത്യാശിക്കയും ചെയ്യുന്നു. യുക്തിവാദങ്ങള്‍ പ്രമാണപത്രങ്ങള്‍, സിദ്ധാന്തങ്ങള്‍, ഗ്രന്ഥങ്ങള്‍, മതപരമായ ചടങ്ങുകള്‍ ഇവയെല്ലാം മതത്തിനു സഹായങ്ങളാകുന്നു. മതം സ്വയം സാക്ഷാല്‍ക്കാരാത്മകമാണ്. ‘ഈശ്വരനുണ്ട്’ എന്നു നമെല്ലാം പറയുന്നു. നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോ? അതാണ് ചോദ്യം. ‘ഈശ്വരന്‍ സ്വര്‍ഗ്ഗത്തുണ്ട്’ എന്നൊരാള്‍ പറയുന്നതു കേള്‍ക്കാം. അയാള്‍ അവിടുത്തെ കണ്ടിട്ടുണ്ടോ എന്നു നിങ്ങള്‍ ചോദിക്കുക. ‘ഉണ്ട്’ എന്നയാള്‍ പറകയാണെങ്കില്‍ നിങ്ങള്‍ അയാളെ പരിഹസിക്കും. ഭ്രാന്തെന്നു പറകയും ചെയ്യും. മിക്കവരെസ്സെംബന്ധിച്ചും മതം ഒരുവക ബുദ്ധിസമ്മതംമാത്രമാണ്. അതൊരു പ്രമാണപത്രത്തില്‍ കവിഞ്ഞൊന്നുമല്ല. അതിനെ മതമെന്നു ഞാന്‍ പറയില്ല. അത്തരം മതം ഉള്ളതിനെക്കാള്‍ നല്ലത് ഒരു നാസ്തികനാകുന്നതാണ്. നമ്മുടെ ബുദ്ധിപരമായ സമ്മതത്തെയോ വിസമ്മതത്തെയോ ആശ്രയിക്കുന്നതല്ല മതം. ആത്മാവുണ്ടെന്നു നിങ്ങള്‍ പറയുന്നു. നിങ്ങള്‍ കണ്ടിട്ടുണ്ടോ ആത്മാവിനെ? നമുക്കെല്ലാം ആത്മാവുണ്ടായിരുന്നിട്ടും നാം ആത്മാവിനെ കാണാത്തതെന്ത്? ഈ ചോദ്യത്തിനു നിങ്ങള്‍ സമാധാനം പറകയും ആത്മാവിനെ കാണാനുള്ള വഴി കണ്ടുപിടിക്കയും വേണം. അല്ലെങ്കില്‍ മതത്തെപ്പറ്റി പറയുന്നതു നിഷ്പ്രയോജനം. ഏതെങ്കിലും മതം സത്യമാണെങ്കില്‍, നമുക്ക് ആത്മാവിനെയും ഈശ്വരനെയും നമ്മില്‍ത്തന്നെയുള്ള യാഥാര്‍ത്ഥ്യത്തെയും കാണിച്ചുതരാന്‍ അതിനു കഴിവുണ്ടായിരിക്കണം. നിങ്ങളും ഞാനും ഇവയിലേതെങ്കിലും സിദ്ധാന്തത്തെയോ പ്രമാണപത്രത്തേയോ അധികരിച്ച് അനന്തകാലം യുദ്ധം ചെയ്താലും ഒരിക്കലും നാം ഒരു തീര്‍പ്പിലെത്തില്ല. ആളുകള്‍ യുഗങ്ങളായി യുദ്ധം ചെയ്കയായിരുന്നു. എന്നിട്ടെന്തുണ്ടായി? ബുദ്ധിക്ക് അവിടെയെത്താനേ കഴിവില്ല. നാം ബുദ്ധിയേയും അതിക്രമിക്കേണ്ടിയിരിക്കുന്നു. മതത്തിന്റെ തെളിവ് സാക്ഷാല്‍ പ്രത്യക്ഷത്തിലാണ്. ഈ ഭിത്തിയുണ്ടെന്നുള്ളതിന്റെ തെളിവു നാം അതു കാണുന്നു എന്നതാണ്. നിങ്ങള്‍ ഒരിടത്തിരുന്ന് അതിന്റെ അസ്തിത്വത്തെയോ നാസ്തിത്വത്തെയോ കുറിച്ചു യുഗങ്ങളായി വാദിച്ചാലും വല്ല തീര്‍പ്പിലുമെത്താനാവില്ല. എന്നാല്‍ നേരില്‍ കാണുക. അതുമതി. ലോകത്തുള്ളവരെല്ലാം ചേര്‍ന്ന് അതവിടെയില്ലെന്നു പറഞ്ഞാലും, നിങ്ങളവരെ വിശ്വസിക്കില്ല. എന്തെന്നാല്‍ നിങ്ങളുടെ സ്വന്തം കണ്ണുകളുടെ സാക്ഷ്യം ലോകത്തുള്ള സകലസിദ്ധാന്തങ്ങള്‍ക്കും പ്രമാണപത്രങ്ങള്‍ക്കും മീതെയാണെന്നു നിങ്ങള്‍ക്കറിയാം.

മതനിഷ്ഠനാകാന്‍ നിങ്ങള്‍ ആദ്യം വേണ്ടതു പുസ്തകങ്ങളെ എറിഞ്ഞുകളയുകയാണ്. പുസ്തകങ്ങള്‍ എത്ര കുറച്ചു വായിക്കുന്നുവോ അത്രയ്ക്കു നിങ്ങള്‍ക്കു നന്ന്. ഒരു സമയത്ത് ഒരു കാര്യം ചെയ്യുക പാശ്ചാത്യരാജ്യങ്ങളില്‍ ആധുനികകാലത്തു കണ്ടുവരുന്ന ഒരു പ്രവണതയാണ്. മസ്തിഷ്കത്തെ മിശ്രീകരിക്കയെന്നുള്ളത്, സാത്മീകരിക്കാത്ത പലതരം ആശയങ്ങള്‍ മണ്ടയില്‍ കിടന്നു കൂത്താടുകയാണ്. അവയ്ക്കൊന്നിനും ഒരിടത്തടിഞ്ഞ് ഒരു വ്യക്തരൂപത്തില്‍ ദൃഢീഭവിപ്പാന്‍ ഇടകിട്ടാതെ ഒരു കുഴക്കമാണവിടെ. പലപ്പോഴും ഇതൊരു തരം രോഗമായി കലാശിക്കുന്നു. എന്നാല്‍ ഇതു മതമല്ല. ഇനി ചിലര്‍ക്ക് ഒരു സിരാകമ്പം വേണം. അവരെ പ്രേതകഥകള്‍ കേള്‍പ്പിക്കുക. അതല്ലെങ്കില്‍ ഉത്തരധ്രുവത്തില്‍നിന്നോ മറ്റേതെകിലും വിദൂരദേശത്തുനിന്നോ ആളുകള്‍ ചിറകുകള്‍ വിരിച്ചോ മറ്റു വല്ലരൂപത്തിലോ വരുന്നുണ്ടെന്നും അവര്‍ അദൃശ്യരായി നിന്നു തങ്ങളെ കാക്കുന്നുണ്ടെന്നും മറ്റും പറഞ്ഞ് അവരിലൊരു സിരാകമ്പമുണ്ടാക്കുക-അപ്പോള്‍ അവര്‍ സംതൃപ്തരായി വീട്ടിലേക്കു പൊയ്ക്കൊള്ളും. പക്ഷേ ഇരുപത്തിനാലു മണിക്കൂറിനകം അവര്‍ പുതിയൊരു സിരാകമ്പത്തിനു തയ്യാറാകും. ഇതിനെയാണ് ചിലര്‍ മതമെന്നു പറയുന്നത്. ഇത് ഭ്രാന്താലയത്തിലേക്കുള്ള വഴിയാണ്, മതത്തിലേക്കുള്ളതല്ല. ഭഗവാന്‍ ദുര്‍ബ്ബലപ്രാപ്യനല്ല. ഈ മായികവസ്തുക്കളൊക്കെ ബലക്ഷയത്തിനിടയാക്കും. അതിനാല്‍ അവയ്ക്കടുത്തു പോകൊല്ല. അവ മനുഷ്യരെ ദുര്‍ബ്ബലരാക്കുകയും തലച്ചോറിനു കുഴപ്പുണ്ടാക്കുകയും മനസ്സിനെ ക്ഷീണിപ്പിക്കയും ആത്മാവിനെ അധഃപതിപ്പിക്കയും മാത്രമേ ചെയ്യൂ-ഫലമോ നൈരാശ്യജനകമായ ഒരു കുഴപ്പവും വെറും പറയലിലല്ല. സിദ്ധാന്തങ്ങളിലോ പുസ്തകങ്ങളിലോ അല്ല, സാക്ഷാല്‍ക്കരണത്തിലാണ് മതം സ്ഥിതിചെയ്യുന്നതെന്നു നിങ്ങള്‍ സദാ ധരിച്ചിരിക്കണം. അതൊരു പഠിക്കലല്ല, ‘ആകലാ’ണ് മോഷ്ടിക്കരുതെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ അതുകൊണ്ടെന്ത്? മോഷ്ടിക്കാത്തവനാണ് യഥാര്‍ത്ഥത്തില്‍ അറിഞ്ഞിരിക്കുന്നവന്‍. അന്യരെ ദ്രോഹിക്കരുതെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ അതുകൊണ്ടെന്തു പ്രയോജനം? അങ്ങനെ ചെയ്യാത്തവര്‍ അതു സാക്ഷാല്‍ക്കരിച്ചിരിക്കുന്നു, അവര്‍ക്കറിയാം അതിന്മേല്‍ തങ്ങളുടെ സ്വഭാവം കെട്ടിപ്പടുത്തിരിക്കുന്നെന്ന്. മതം സാക്ഷാല്‍ക്കാരമാണ്. അതിനാല്‍, നിങ്ങളെ ഈശ്വരോപാസകനെന്നു ഞാന്‍ വിളിക്കാം, ആ തത്ത്വം നിങ്ങള്‍ക്കു സാക്ഷാല്‍കരിക്കാറാകുമ്പോള്‍, അതിനുമുമ്പ്, അതു വാക്കിലെ അക്ഷരവിന്യാസംമാത്രം. അതിലധികമില്ല. ഈ സാക്ഷാല്‍ക്കാരശക്തിയാണ് മതം. നിങ്ങളുടെ തലച്ചോറില്‍ കുത്തിച്ചെലുത്തിയിട്ടുള്ള സിദ്ധാന്തങ്ങളോ തത്ത്വശാസ്ത്രങ്ങളോ ധര്‍മ്മഗ്രന്ഥങ്ങളോ എത്രമാത്രമായിരുന്നാലും വലിയ കാര്യമില്ല. നിങ്ങള്‍ എന്ത് ആണ് എന്തു സാക്ഷാല്‍ക്കരിച്ചിരിക്കുന്നു ഇതുമാത്രമാണ് കാര്യം. അതിനാല്‍, നമുക്കു മതം സാക്ഷാല്‍ക്കരിക്കണം. എന്നാല്‍ ഈ സാക്ഷാല്‍ക്കരണം ഒരു ദീര്‍ഘപ്രക്രിയയാണ്. വളരെ ഉല്‍കൃഷ്ടവും അത്ഭുതവുമായ വല്ല വസ്തുവിനെയും കുറിച്ചു കേള്‍ക്കുമ്പോള്‍, എല്ലാവരും വിചാരിക്കുന്നു തങ്ങള്‍ക്കതു ലഭിക്കുമെന്ന്. അങ്ങോട്ടു സ്വന്തം വഴി വെട്ടി കേറണമെന്നു നിരൂപിക്കാന്‍ ആരും ഒരു നിമിഷം നില്‍ക്കുന്നില്ല. എല്ലാവര്‍ക്കും അങ്ങോട്ടു ചാടണം. അത്യുച്ചമാണെങ്കില്‍, നമുക്കതു വേണം. എന്നാല്‍ അതിനുള്ള ശക്തി നമുക്കുണ്ടോ എന്നാലോചിക്കാന്‍ മെനക്കെടുന്നില്ല. തല്‍ഫലമായി, നാം ഒന്നുമേ ചെയ്യുന്നില്ല. ഒരു മനുഷ്യനെ കൊടിലുകൊണ്ടെടുത്ത് അങ്ങോട്ടുന്തിയുയര്‍ത്തുക സാധ്യമല്ല. നമുക്കെല്ലാം ക്രമേണ പ്രയത്നിച്ചുയരേണ്ടിയിരിക്കുന്നു. അതുകൊണ്ട്, മതത്തിന്റെ ഒന്നാമത്തെ ഘട്ടം വൈധീഭക്തിയാകുന്നു-ആരാധനയുടെ നിമ്നഭാവം.

ആരാധനയുടെ ഈ നിമ്നഭാവങ്ങളെന്തെല്ലാം? അവ അനേകങ്ങളാണ്. സാക്ഷാല്‍ക്കാരം സാധ്യമാക്കുന്ന അവസ്ഥയിലെത്തുവാന്‍, നാം ആദ്യം മൂര്‍ത്തത്തിലൂടെ കടക്കണം. കുട്ടികള്‍ ആദ്യം മൂര്‍ത്തത്തിലൂടെ പഠിക്കയും ക്രമേണ അമൂര്‍ത്തത്തിലേക്കു ചെല്ലുകയും ചെയ്യുന്നതു പോലെ, ‘അയ്രണ്ടു പത്ത്’ എന്ന് ഒരു കൊച്ചുകുട്ടിയോട് പറഞ്ഞാല്‍ അതിനു മനസ്സിലാവില്ല. എന്നാല്‍ പത്തു സാധനം കൊണ്ടുവന്ന്, അയ്രണ്ടു പത്താകുമെന്നു കാണിച്ചുകൊടുത്താല്‍ അതിനു മനസ്സിലാകും. മതം ഒരു ദീര്‍ഘ-മന്ദ-പ്രക്രിയയാണ്. ഇതില്‍ നാമെല്ലാം ശിശുക്കളാണ്. നാം വയസ്സന്മാരായിരിക്കാം. ലോകത്തിലെ ഗ്രന്ഥങ്ങളെല്ലാം പഠിച്ചുമിരിക്കാം. പക്ഷേ ആത്മീയശിശുക്കളാണ് നാമെല്ലാം. നാം സിദ്ധാന്തങ്ങളും പ്രമാണങ്ങളും പഠിച്ചിട്ടുണ്ട്. എന്നാല്‍ ജീവിതത്തില്‍ യാതൊന്നും സാക്ഷാല്‍കരിച്ചിട്ടില്ല. നാമിപ്പോള്‍ മൂര്‍ത്തങ്ങളില്‍ തുടങ്ങേണ്ടിയിരിക്കുന്നു-രൂപങ്ങളിലും വാക്കുകളിലും പ്രാര്‍ത്ഥനകളിലും ചടങ്ങുകളിലും കൂടെ. മൂര്‍ത്തരൂപങ്ങളാണെങ്കില്‍ ആയിരിക്കണക്കുണ്ട്. എല്ലാവര്‍ക്കും ഒരേ രൂപം ആകണമെന്നില്ല. ചിലര്‍ക്കു പ്രതിമകള്‍ സഹായകമായിരിക്കാം. ചിലര്‍ക്ക് അല്ലായിരിക്കാം. ചിലര്‍ക്കു പുറത്തൊരു വിഗ്രഹം വേണം, ചിലര്‍ക്കു ഒന്നു തലച്ചോറില്‍ അതകത്തു വെയ്ക്കുന്നവന്‍ പറയുന്നു: ‘ഞാന്‍ ശ്രേഷ്ഠപുരുഷനാണ് അതകത്താണെങ്കില്‍ എല്ലാം ശരി. പുറത്താണെങ്കില്‍ വിഗ്രഹാരാധന. ഞാനതിനോടു പൊരുതും, പള്ളിയുടെയോ അമ്പലത്തിന്റെയോ രൂപത്തില്‍ ഒരു വിഗ്രഹം വെച്ചാല്‍ അതു പാവനമാണെന്നു കരുതുന്നു. അതൊരു മനുഷ്യരൂപത്തിലാണെങ്കിലോ, അതിനെ എതിര്‍ക്കുന്നു!

മനസ്സിനു മൂര്‍ത്തമായ അഭ്യാസം കൈവരുത്തുന്ന പലതരം രൂപങ്ങളുണ്ട്. അവയിലൂടെ പടിപടിയായി അമൂര്‍ത്തബോധരൂപത്തിലേക്കും അമൂര്‍ത്തസാക്ഷാല്‍ക്കാരത്തിലേക്കും നാം വരും. ഇനി ഒരേ രൂപമല്ല എല്ലാവര്‍ക്കും. നിങ്ങള്‍ക്കു യോജിക്കുന്ന ഒരു രൂപമുണ്ട്, വേറൊരാള്‍ക്കു യോജിക്കുന്ന വേറൊന്നും-ഇങ്ങനെ പോകുന്നു.രൂപങ്ങളെല്ലാം ഒരേ ലക്ഷ്യത്തിലേക്കു നയിക്കുന്നവയെങ്കിലും നമുക്കെല്ലാവര്‍ക്കും വേണ്ടിയല്ല. ഇവിടെയാണ് നാം സാധാരണ വരുത്താറുള്ള വേറൊരു തെറ്റ്. എന്റെ ആദര്‍ശം നിങ്ങള്‍ക്കു ചേരുന്നില്ല. പിന്നെയെന്തിനു ഞാനതു നിങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നു? പളളി പണിയുന്നതിനും സ്തോത്രപാരായണത്തിനും എനിക്കുള്ള രീതി നിങ്ങള്‍ക്കു ചേരുന്നില്ല. ഞാന്‍ അതെന്തിനു നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കണം? ലോകത്തിലേക്കു ചെല്ലൂ. തന്റെ രൂപമാണ് ശരിയെന്നും മറ്റു രൂപമെല്ലാം പൈശാചികമാണെന്നും താന്‍ മാത്രമാണ് ലോകത്തു ജനിച്ചിട്ടുള്ളവരില്‍ അനുഗൃഹീതനെന്നും ഓരോ മടയനും പറയുന്നുണ്ട്. എന്നാല്‍ വാസ്തവത്തില്‍ ഈ രൂപങ്ങളെല്ലാം നല്ലതും സഹായകവുമാകുന്നു. മനുഷ്യപ്രകൃതിയില്‍ ചില വൈവിധ്യങ്ങളുള്ളതുപോലെ മതത്തിലും വേണം അത്രതന്നെ രൂപങ്ങള്‍. അവ എത്രയേറെയുണ്ടോ അത്രയും ലോകത്തിനു നല്ലതുതന്നെ. ലോകത്തു ഇരുപതു മതരൂപങ്ങളുണ്ടെങ്കില്‍ അതു വളരെ നല്ലത്. നാനൂറുണ്ടെങ്കില്‍ അത്രയ്ക്കു കൂടുതല്‍ നല്ലത്-കൂടുതലെണ്ണത്തില്‍നിന്നു തിരഞ്ഞെടുക്കാമല്ലോ. അതിനാല്‍, മതസംഖ്യയും മതാശയങ്ങളും പെരുകിവരുമ്പോള്‍ നാം സന്തോഷിക്കണം! എന്തെന്നാല്‍, അവയപ്പോള്‍ എല്ലാ മനുഷ്യരെയും ഉള്‍ക്കൊളളുകയും മനുഷ്യവര്‍ഗ്ഗത്തിനു കൂടുതല്‍ ഉപകരിക്കയും ചെയ്യും. ഓരോ മനുഷ്യന്നും മറ്റേതൊരുവന്റേതില്‍നിന്നു പാടേ ഭിന്നമായി തനതുമതം ഉണ്ടായിവരുംവരെ മതങ്ങള്‍ പെരുകാന്‍ ഈശ്വരന്‍ കനിഞ്ഞിരുന്നെങ്കില്‍! ഇതാണ് ഭക്തിയോഗിയുടെ ആശയം. അന്തിമമായ ആശയം ഇതാണ്. എന്റെ മതം നിങ്ങള്‍ക്കോ നിങ്ങളുടേത് എനിക്കോ ആയിരിക്കില്ല. ലക്ഷ്യവും ഉദ്ദേശ്യവും ഒന്നാണെങ്കിലും എന്നാലും, ഓരോരുവന്റെ മനസ്സിന്റെ പ്രവണതകള്‍ക്കനുസരിച്ച് ഓരോരുവനു ഓരോ ഭിന്നമാര്‍ഗ്ഗം കൈക്കൊള്ളണം. ഈ പാതകള്‍ വിഭിന്നങ്ങളായാലും ഒരേ ലക്ഷണത്തിലേക്കു നയിക്കുകകൊണ്ട് എല്ലാം ശരിയുമാകണം. ഒന്നു ശരി. മറ്റൊന്നുമല്ല എന്നു വരാവതല്ല. ഒരുവന്‍ തനതു വഴി തിരഞ്ഞെടുക്കുന്നതിനെ ഭക്തിയുടെ ഭാഷയില്‍ ‘ഇഷ്ടം’ എന്നു പറയുന്നു.

അടുത്തതായി വാക്കുകള്‍. വാക്ശക്തിയെപ്പറ്റി നിങ്ങളെല്ലാം കേട്ടിട്ടുണ്ട്. അവ എത്ര അത്ഭുതം! ഓരോ ഗ്രന്ഥവും ബൈബിളും കൊറാനും വേദങ്ങളും വാക്ശക്തികൊണ്ടു നിറഞ്ഞിരിക്കുന്നു. ചില വാക്കുകള്‍ക്ക് മനുഷ്യരാശിയുടമേല്‍ അത്ഭുതസ്വാധീനമുണ്ട്. വീണ്ടും പ്രതീകങ്ങളെന്നറിയപ്പെടുന്ന മറ്റു രൂപങ്ങളുണ്ട്. പ്രതീകങ്ങള്‍ക്കു മനുഷ്യമനസ്സിന്റെ മേല്‍ വലിയ പ്രഭാവമുണ്ട്. മതത്തിലെ മഹാപ്രതീകങ്ങളെ തോന്നിയ മാതിരി സൃഷ്ടിച്ചതല്ല. അവ ചിന്തയുടെ സ്വാഭാവികപ്രകാശനങ്ങളാണെന്നു കാണാം. നാം പ്രതീകങ്ങള്‍ വഴിക്കാണ് ചിന്തിക്കുന്നത്. നമ്മുടെ വാക്കുകളെല്ലാം ചിന്തയുടെ പ്രതീകങ്ങള്‍ മാത്രം. വിഭിന്നജനങ്ങള്‍, എന്തു കാരണമെന്നറിയാതെ, വിഭിന്നപ്രതീകങ്ങള്‍ ഉപയോഗിച്ചു വന്നിട്ടുണ്ട്. അവ പിന്നിലുണ്ടായിരുന്നു. പ്രതീകങ്ങള്‍ ചിന്താസംബദ്ധങ്ങളാണ്. ചിന്തയ്ക്കു പുറത്തു പ്രതീകത്തെ ആനയിക്കാനാവുംപോലെ മറിച്ച്, പ്രതീകത്തിനകത്തു ചിന്തയെ ആനയിക്കാനാവും. അതിനാല്‍ ഭക്തിയുടെ ഒരംശം പ്രതീകങ്ങളും വാക്കുകളും പ്രാര്‍ത്ഥനകളുമായ വിവിധവിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. എല്ലാ മതത്തിലും ഈ പ്രാര്‍ത്ഥനകളുണ്ട്. എന്നാല്‍, ഒരു കാര്യം നിങ്ങള്‍ മനസ്സില്‍ കരുതണം-ആരോഗ്യത്തിനും ധനത്തിനുമുള്ള പ്രാര്‍ത്ഥന ഭക്തിയല്ല. അതെല്ലാം കര്‍മ്മം, പുണ്യപ്രവൃത്തി. വല്ല ശാരീരിക ലാഭത്തിനുമുള്ള പ്രാര്‍ത്ഥന സ്വര്‍ഗ്ഗപ്രാപ്തിക്കും മറ്റുമുള്ള പ്രാര്‍ത്ഥന, കേവലം കര്‍മ്മമാണ്. ഈശ്വരനെ പ്രേമിക്കാന്‍, ഭക്തനാകാന്‍, ആഗ്രഹിക്കുന്നവര്‍ അത്തരം പ്രാര്‍ത്ഥനകളെല്ലാം വെടിയണം. ജ്യോതിര്‍ലോകങ്ങളിലേക്കു പോകേണ്ടവന്‍. ഒന്നാമത് ഈ ‘കച്ചവട’മതം വിട്ടുകളയണം. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന വസ്തു നിങ്ങള്‍ക്കു ലഭിക്കുന്നില്ലെന്നല്ല; നിങ്ങള്‍ക്കൊക്കെ ലഭിക്കും. എന്നാല്‍ അത്തരം പ്രാര്‍ത്ഥന യാചകന്റെ മതമാണ്. ‘ഗംഗാതീരത്തു പാര്‍ത്തു വെള്ളത്തിനുവേണ്ടി ചെറുകിണര്‍ കുഴിക്കുന്നവന്‍ തീര്‍ച്ചയായും മടയനാണ്. വജ്രഖനിയില്‍ ചെന്നിട്ടു പളുങ്കുമണികള്‍ തേടുന്നവന്‍ തീര്‍ച്ചയായും മടയനാണ്. ഈ ശരീരം ഒരിക്കല്‍ മരിക്കും. അപ്പോള്‍ അതിന്റെ ആരോഗ്യത്തിനായി കൂടെക്കൂടെ പ്രാര്‍ത്ഥിക്കുന്നതുകൊണ്ടെന്തു പ്രയോജനം? ആരോഗ്യത്തിലും ധനത്തിലും എന്തിരിക്കുന്നു? അതിധനികനും തന്റെ ധനത്തിന്റെ ലേശാംശമേ ഉപയോഗിക്കാനും അനുഭവിക്കാനും കഴിയൂ. ഈ ലോകത്തിലെ വസ്തുക്കളെല്ലാം നമുക്കൊരിക്കലും കിട്ടാവതല്ല. ഇല്ലെങ്കിലോ ആര്‍ ഗൌനിക്കുന്നു? ഈ ശരീരംപോകും ഈ വക വസ്തുക്കളെയൊക്കെ ആര്‍ ഗൌനിക്കുന്നു? നല്ല വസ്തുക്കള്‍ വരുന്നെങ്കില്‍, സ്വാഗതം അവ പോകുന്നെങ്കില്‍, സ്വസ്തി, പൊയ്ക്കൊള്ളട്ടെ. അവ വരുമ്പോള്‍ ധന്യങ്ങള്‍, പോകുമ്പോഴും ധന്യങ്ങള്‍. നാം രാജാധിരാജന്റെ സന്നിധാനത്തില്‍ പ്രവേശിക്കാന്‍ യത്നിക്കയാണ്. അവിടെ നമുക്കു യാചകന്റെ വേഷത്തില്‍ ചെല്ലാവതല്ല. ഒരു ചക്രവര്‍ത്തിയുടെ സന്നിധിയിലേക്കാണെങ്കിലും നമ്മെ കടത്തിവിടുമോ? തീര്‍ച്ചയായും ഇല്ല. നമ്മളെ അടിച്ചോടിക്കും. ഇതു ചക്രവര്‍ത്തിമാരുടേയും ചക്രവര്‍ത്തിയാണ്. ഈ യാചകന്റെ കീറത്തുണി ചുറ്റി നമുക്കവിടെ കടന്നുകൂടാ. ‘പീടികക്കച്ചവട’ക്കാര്‍ക്ക് അവിടെ ഒരിക്കലും പ്രവേശനമില്ല. കൊള്ളക്കൊടകള്‍ക്ക് അവിടെ സ്ഥാനമില്ല. യേശു കൊള്ളക്കൊടക്കാരെ ദേവാലയത്തില്‍നിന്നു ഓടിച്ചതായി നാം ബൈബിളില്‍ വായിക്കുന്നുണ്ടല്ലോ. ഈ ക്ഷുദ്രവസ്തുകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കരുത്. നിങ്ങള്‍ ശാരീരികസുഖങ്ങള്‍ മാത്രമാണ് ആരായുന്നതെങ്കില്‍, മനുഷ്യരും മൃഗങ്ങളും തമ്മില്‍ വ്യത്യാസമെവിടെ? നിങ്ങളുടെ സ്ഥാനം അതിലല്പം മേലെയാണെന്നു സ്വയം വിചാരിക്കുക.

അതിനാല്‍, ഭക്തനാവുക എന്നതിലെ ഒന്നാമത്തെ പ്രയത്നം, സ്വര്‍ഗ്ഗം മുതലായ വസ്തുക്കളോടുള്ള സര്‍വ്വകാമങ്ങളും സന്ത്യജിക്കാനാണെന്ന് അനുക്തസിദ്ധം. ഈ കാമങ്ങളെ എങ്ങനെ ഒഴിച്ചുവിടാം എന്നതാണ് പ്രശ്നം. മനുഷ്യരെ ദുഃഖികളാക്കുന്നതെന്ത്? അവര്‍ അടിമകളാകുന്നത്-നിയമനിബദ്ധര്‍, പ്രകൃതിയുടെ ഹസ്തങ്ങളില്‍ പാവകള്‍, എങ്ങും തട്ടിയിടപ്പെടുന്ന കളിപ്പാട്ടങ്ങള്‍. ഏതൊന്നിനും തട്ടിയിടാവുന്ന ഈ ശരീരത്തെ നാം നിരന്തരം കാത്തുസൂക്ഷിക്കയാണ്. അതിനാല്‍ നാം സ്ഥിരഭയാവസ്ഥയില്‍ ജീവിക്കയും ചെയ്യുന്നു. കലമാനിനു ഭയം കാരണം നാള്‍തോറും ശരാശരി അറുപതോ എഴുപതോ നാഴിക ഓടേണ്ടിവരുമെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. ഈ കലമാനിനേക്കാള്‍ കഷ്ടമായ ഒരവസ്ഥയിലാണ് നമ്മളെന്ന് അറിയേണ്ടതാണ്. മാനിനു അല്പം വിശ്രമമുണ്ട്, നമുക്കൊട്ടുമില്ല. വേണ്ടത്ര പുല്ലു കിട്ടിയാല്‍ മാനിനു തൃപ്തിയായി. നാമാകട്ടെ നമ്മുടെ ആവശ്യങ്ങളെ സര്‍വ്വദാ വര്‍ദ്ധിപ്പിക്കയാണ്. ആവശ്യങ്ങളെ വര്‍ദ്ധിപ്പിക്കയെന്നതു നമ്മുടെ ഒരു കെടുതൃഷ്ണയായിരിക്കയാണ്. നാം അതിമാത്രം വിഘടിതരും വിപ്രകൃതികളുമായിരിക്കയാല്‍ പ്രകൃത്യാഉള്ളതൊന്നും നമ്മെ തൃപ്തപ്പെടുത്തില്ല. നാം സര്‍വ്വദാ കെടുവിഷയങ്ങളെ പിടികൂടാന്‍ പായുന്നു. നമുക്കു പ്രകൃതിവിരുദ്ധമായ ഉദ്വേഗം വേണം. പ്രകൃതിവിരുദ്ധമായ തീറ്റയും കുടിയും ചുറ്റുപാടും ജീവിതവും. ഭയത്തെസ്സംബന്ധിച്ചാണെങ്കില്‍, നമ്മുടെ ജീവിതംതന്നെ ഭയഭാണ്ഡങ്ങളല്ലാതെന്ത്? മാനിനു ഒരു ജാതിയില്‍നിന്നുള്ള ഭയമേയുള്ളു-അതായതു കടുവ ചെന്നായ മുതലായവയില്‍നിന്നുള്ളത്. മനുഷ്യനു ഭയപ്പെടേണ്ടതായി പ്രപഞ്ചം മുഴുവനുമുണ്ട്.

നമുക്കെങ്ങനെ ഈ അവസ്ഥയില്‍നിന്നു നമ്മെ മോചിപ്പിക്കാം എന്നാണ് പ്രശ്നം പ്രയോജനവാദികള്‍ പറയുന്നു: ‘ഈശ്വരനെയും പാരത്രികത്തെയും പറ്റി പറയരുത്. ഈ കാര്യങ്ങളെപ്പറ്റി നമുക്കു ഒന്നുമറിഞ്ഞുകൂടാ. നമുക്ക് ഈ ലോകത്ത് സുഖമായിക്കഴിയാം’ അങ്ങനെ ചെയ്യാന്‍ ഞാനാദ്യമായിരിക്കും, നമുക്കതാകുമായിരുന്നെങ്കില്‍, പക്ഷേ, ലോകം നമ്മെ അതിനനുവദിക്കില്ല. നിങ്ങള്‍ പ്രകൃതിയുടെ ഒരടിമയായിരിക്കുന്നിടത്തോളം നിങ്ങള്‍ക്കതെങ്ങനെയാവും? നിങ്ങള്‍ എത്രയധികം പണിപ്പെടുന്നോ അത്രയധികം കുടുങ്ങിപ്പോകുന്നു. നിങ്ങളെ സുഖിപ്പിക്കാന്‍ നിങ്ങള്‍ പദ്ധതികള്‍ രചിക്കുകയായിരുന്നു. എത്ര കൊല്ലമായെന്ന് എനിക്കറിഞ്ഞുകൂടാ-പക്ഷേ, ഓരോ കൊല്ലവും കാര്യങ്ങള്‍ കൂടുതല്‍ മോശമായി വരുന്നെന്നു തോന്നുന്നു: ഇരുനൂറു കൊല്ലംമുമ്പ് പഴയ (പൌരസ്ത്യ)ലോകത്ത് ആളുകള്‍ക്കു കുറച്ചാവശ്യങ്ങളേ ഉണ്ടായിരുന്നുള്ളു. അവരുടെ വിജ്ഞാനം ദശഗുണം വര്‍ദ്ധിച്ചപ്പോഴാകട്ടെ, അവരുടെ ആവശ്യങ്ങള്‍ ശതഗുണം വര്‍ദ്ധിച്ചു. നിത്യരക്ഷയില്ലെങ്കിലും നമ്മുടെ തൃഷ്ണകളെല്ലാം പൂരിതമാകുമെന്നു നാം വിചാരിക്കുന്നു. അതിനാല്‍ സ്വര്‍ഗ്ഗത്തു പോകാന്‍ ആഗ്രഹിക്കുന്നു. ഈ നിത്യമായ, കെടാത്ത ദാഹം! എപ്പോഴും വല്ലതും വേണം! മനുഷ്യന്‍ യാചകനായിരിക്കുമ്പോള്‍ അയാള്‍ക്കു പണം വേണം. അയാള്‍ക്കു പണം കിട്ടിയാല്‍ മറ്റു കാര്യങ്ങള്‍, സമുദായം വേണം, അതിനെത്തുടര്‍ന്നു വേറെ വല്ലതും. ഒരിക്കലും വിശ്രാന്തിയില്ല, എങ്ങനെ ഇതു കെടുത്താം? നാം സ്വര്‍ഗ്ഗത്തിലായാല്‍ അതു തൃഷ്ണയെ വര്‍ദ്ധിപ്പിക്കയേയുള്ളു. ദരിദ്രന്‍ ധനവാനായാല്‍, അതയാളുടെ തൃഷ്ണകളെ കെടുത്തുന്നില്ല. അതു എരിതീയില്‍ നെയ്യൊഴിക്കുംപോലെ മാത്രമാണ്. അതിന്റെ ഉജ്ജ്വലജ്വാലകളെ വര്‍ദ്ധിപ്പിക്കുന്നു. സ്വര്‍ഗ്ഗത്തു പോവുകയെന്നുവെച്ചാല്‍ നിര്‍ഭരധനികനാവുകയെന്നര്‍ത്ഥം. അപ്പോള്‍ ഏറെയേറെ തൃഷ്ണകളും വരും. ലോകത്തിലെ വിവിധമതഗ്രനഥങ്ങളില്‍ നാം വായിക്കുന്നുണ്ട്. സ്വര്‍ഗ്ഗത്തുള്ള അനേകം മാനുഷികവസ്തുക്കളെക്കുറിച്ച്, അവ അവിടെ എപ്പോഴും അത്ര നന്നല്ല. എങ്ങനെ നോക്കിയാലും ഈ സ്വര്‍ഗ്ഗപ്രാപ്തിക്കു തൃഷ്ണ ഒരു ഭോഗതൃഷ്ണയാണ്. ഇതുപേക്ഷിച്ചേ മതിയാവൂ. സ്വര്‍ഗ്ഗത്തുപോക്കിനെപ്പറ്റി ചിന്തിക്കുന്നതു നിങ്ങള്‍ക്കു അതിതുച്ഛം. അതിപ്രാകൃതംതന്നെ. ഞാനൊരു ‘കോടീശ്വരനായി ജനങ്ങളെ കുതിരകയറും’ എന്നു വിചാരിക്കുന്നതിനൊപ്പംതന്നെയാണത്. ഈ സ്വര്‍ഗ്ഗങ്ങള്‍ അനേകമുണ്ട്. എന്നാല്‍ അവയിലൂടെ നിങ്ങള്‍ക്കു മതത്തിന്റെയും ഭക്തിയുടെയും കവാടങ്ങളില്‍ കടക്കാനുള്ള അവകാശം ലഭിക്കാവതല്ല.