അനുഭവത്തില്‍ നമുക്ക് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാതെ ഇണചേര്‍ന്നുവരുന്ന രണ്ടു വസ്തുതകളത്രേ സുഖവും ദുഃഖവും – ദുഃഖമുണ്ടാക്കുന്ന വസ്തുക്കള്‍ സുഖവും കൊണ്ടുവരും. നമ്മുടെ ഈ ലോകം ഇവ രണ്ടും ഇടകലര്‍ത്തി നിര്‍മ്മിച്ചതാണ്. അവ ഒഴിവാക്കാന്‍ നമുക്കു കഴിയുന്നില്ല. ജീവിതത്തിന്റെ ഓരോ നാഡിമിടിപ്പിനോടുമൊപ്പം അവയുമുണ്ട്. ലോകം ഈ രണ്ടു വിരുദ്ധകാര്യങ്ങളെ പൊരുത്തപ്പെടുത്താന്‍ പാടുപെടുന്നു. വൈരുദ്ധ്യങ്ങളുടെ ഈ മേളനത്തിനു ഒരു സമാധാനം കാണാന്‍ ജ്ഞാനികള്‍ ശ്രമിക്കുന്നു. വ്യഥയുടെ എരിചൂടിനിടയ്ക്ക് ആശ്വാസത്തിന്റെ മിന്നലുകള്‍ കാണാം-അന്ധകാരത്തെ പിളര്‍ന്നുകൊണ്ടു ഇടയ്ക്കിടെ ആവിര്‍ഭവിക്കുന്ന ഈ ഒളിവീശലുകള്‍ അതിനെ നിബിഡതരമാക്കാനേ ഉതകുന്നുള്ളൂ.
ശിശുക്കള്‍ ജന്മനാ ശുഭൈകദര്‍ശികളാണ്. എന്നാല്‍ ജീവിതത്തിന്റെ ബാക്കി കാലം തുടര്‍ച്ചയായ വ്യാമോഹനിവര്‍ത്തനമാകുന്നു. ഒരൊറ്റ ലക്ഷ്യവും തികച്ചും പ്രാപ്യമാകുന്നില്ല. ഒരൊറ്റ തൃഷ്ണയും നിശ്ശേഷം ശമിപ്പിക്കപ്പെടുന്നില്ല. അതിനാല്‍, ഈ കടങ്കഥയ്ക്കു ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമം അവിരാമം നടന്നുകൊണ്ടേയിരിക്കുന്നു. ആ കൃത്യമാണ് മതം ഏറ്റെടുത്തിരിക്കുന്നത്.
ദ്വൈതമതങ്ങളുടെ കൂട്ടത്തില്‍ പേഴ്സ്യക്കാര്‍ക്ക് ഈശ്വരനും ചെകുത്താനും വെവ്വേറെയുണ്ടായിരുന്നു. ഈ ആശയം ജൂതര്‍മുഖനേ യൂറോപ്പിലും അമേരിക്കയിലും സര്‍വ്വത്ര വ്യാപിച്ചു ആയിരമായിരം കൊല്ലങ്ങള്‍ക്കുമുമ്പ് അതു ഉപയോഗി യോഗ്യമായ ഒരു സങ്കല്‍പ്പമായിരുന്നു. ഇന്നാകട്ടെ അതിനു നില്‍ക്കാന്‍ കാലില്ലെന്നു നമുക്കറിയാം. തികച്ചും നന്മയെന്നോ തിന്മയെന്നോ പറയാവുന്നതായി ഒന്നുമില്ല. ഒരാളുടെ നന്മ മറ്റൊരാളുടെ തിന്മയാകാം. ഇന്നത്തെ തിന്മ നാളത്തെ നന്മയും മറിച്ചുമാവാം.
ആദ്യഘട്ടത്തില്‍ ഈശ്വരന്‍ ഒരു ഗോത്രക്കാരുടെ ദേവനായിരുന്നു. ഒടുവില്‍ ദേവാധിദേവനായി. പുരാതന-ഈജിപ്തുകാരും ബാബിലോണിയക്കാരും (ഈശ്വരന്‍ വേറെ, ചെകുത്താന്‍ വേറെ എന്ന) ഈ ആശയം തികച്ചും പ്രയോഗത്തില്‍ അനുഷ്ഠിച്ചിരുന്നു. അവരുടെ ‘മോളൊക്കി’നെ അവര്‍ ദേവാധിദേവനാക്കി. ജയിച്ചടക്കപ്പെട്ട മറ്റു ദേവന്മാരെല്ലാം മോളോക്കിന്റെ ക്ഷേത്രത്തില്‍ ആരാധിക്കാന്‍ നിര്‍ബ്ബദ്ധരായി.
എന്നിട്ടും ഈ കടങ്കഥ ശേഷിക്കുന്നു-ഈ തിന്മയുടെ അധിപതിയാര്? ആശയ്ക്കെതിരായി പലരും ആശിക്കയാണ്, എല്ലാം നന്മതന്നെയാണെന്ന്, നാം അറിയുന്നില്ലെന്നുമാത്രം. നാം വയ്ക്കോല്‍ത്തുറുമ്പിന്മേല്‍ കയറിപ്പിടിക്കുകയാണ്. മണലില്‍ തല പൂഴ്ത്തി വെയ്ക്കുകയാണ്. എങ്കിലും നാമെല്ലാവരും സദാചാരത്തെ പിന്തുടരാന്‍ ശ്രമിക്കുന്നുണ്ട്. സദാചാരത്തിന്റെ കാതല്‍ ത്യാഗവുമാണ്. ഞാനല്ല, നീതന്നെ എന്ന മനോഭാവം, എങ്കിലും അതു വലിയവനായ നല്ല ജഗദീശ്വരനുമായി എങ്ങനെ ഏറ്റുമുട്ടുന്നു? പ്ളേഗ്, ക്ഷാമം, യുദ്ധം ഇത്യാദി മാരണങ്ങള്‍കൊണ്ടു നമ്മെ ദ്രോഹിക്കുന്ന അവിടുന്നു കടുത്ത സ്വാര്‍ത്ഥിയും പ്രതികാരുബുദ്ധിയുമാകുന്നു.
നാമെല്ലാം ഈ ജീവിതത്തില്‍നിന്ന് അനുഭവങ്ങള്‍ ആര്‍ജ്ജിക്കേണ്ടവരാണ്. അരോചകമായ അനുഭവങ്ങളില്‍നിന്നു ഓടിയൊളിക്കാന്‍ ശ്രമിച്ചാലും, ഇന്നല്ലെങ്കില്‍ നാളെ അവ നമ്മെ പിടികൂടും. അനുഭവങ്ങളെ മുഴുവനും നേരിടാന്‍ സന്നദ്ധനാകാത്തവനോട് എനിക്ക് അനുകമ്പയാണുള്ളത്.
വേദങ്ങളിലെ ‘മനു’ദേവനെ പേഴ്സ്യക്കാര്‍ ‘അഹ്രിമ’നായി മാറ്റി. പ്രശ്നത്തിനു പൌരാണികമായ സമാധാനത്തിന്റെ കാലം കഴിഞ്ഞു. പ്രശ്നം ഉത്തരമോ പരിഹാരമോ ഇല്ലാതെ പിന്നെയും ശേഷിച്ചു.
വേദങ്ങളിലെ ദേവീസ്തോത്രങ്ങളില്‍ മറ്റൊരാശയമുണ്ട്, അതിതാണ്: ‘ഞാന്‍ പ്രകാശമാണ്. ഞാന്‍ സൂര്യനിലേയും ചന്ദ്രനിലേയും പ്രകാശമാണ്. സകലജീവികളെയും ഉന്മേഷിപ്പിക്കുന്ന വായു ഞാനാണ്’. പില്‍ക്കാലത്ത് അംബാരാധനയായി വികസിക്കുന്ന അങ്കുരമിതാണ്. ‘അംബാരാധന’കൊണ്ട് പിതാവും മാതാവും തമ്മില്‍ വ്യത്യാസം വകവെച്ചിട്ടില്ല. അതിലെ പ്രഥമാശയം ‘ശക്തി’യാണ്-സകലജീവികളിലും കുടികൊള്ളുന്ന ‘ശക്തി’ ഞാനത്രേ.
ശിശു ഭയചകിതനായ മനുഷ്യനാണ്. അവന്‍ വളര്‍ന്നുവളര്‍ന്നു ശക്തിയുക്തനായ മനുഷ്യനാകുന്നു. നന്മയും തിന്മയും തമ്മില്‍ ആദ്യം വേര്‍തിരിക്കപ്പെട്ടിരുന്നില്ല. ആശയം വികസിച്ചിരുന്നില്ല. ജ്ഞാനം പുരോഗമിച്ചപ്പോള്‍ ‘ശക്തി’ പ്രാഥമികാശയമായി ഗണിക്കപ്പെട്ടു. ഓരോ അടിവെപ്പിലും പ്രതിരോധവും പോരാട്ടവുമാണ് ജീവിതത്തിന്റെ നിയമം. രണ്ടു ശക്തികളുടെ – ആഭ്യന്തരമായ ഊര്‍ജ്ജത്തിന്റെയും ബാഹ്യമായ പ്രതിരോധത്തിന്റെയും-സംയുക്തഫലമാണ്. നാം ഓരോ അണുവും പ്രവര്‍ത്തിച്ചുകൊണ്ടു മനസ്സിലെ ഓരോവിചാരത്തേയും എതിര്‍ക്കുകയാണ്. കാണുന്നതും അറിയുന്നതുമെല്ലാം ഈ രണ്ടു ശക്തികളുടെ സമ്മിളിതഫലമാണ്.
ഈശ്വരനെപ്പറ്റിയുള്ള (ശക്തിസ്വരൂപനെന്ന) ഈ ആശയം നൂതനമായ ഒന്നാണ്. വേദങ്ങളിലെ സ്തോത്രങ്ങളിലെ ഇന്ദ്രനും വരുണനും ഉപാസകന്മാര്‍ക്കായി അത്യുത്തമങ്ങളായ വരങ്ങളും അനുഗ്രഹങ്ങളും കോരിച്ചൊരിയുന്നതായി കാണുന്ന മനുഷ്യനെക്കാള്‍ മാനുഷികമായ ഒരു ഭാവന.
പുതിയ തത്ത്വമിതാണ്. സകലപ്രതിഭാസങ്ങള്‍ക്കും പിമ്പില്‍ ഒരേ ശക്തിയാണുള്ളത്. തിന്മയുടെ രൂപത്തിലായാലും ലോകരക്ഷകന്റെ രൂപത്തിലായാലും ശക്തി എല്ലായിടത്തും ഒരേ ശക്തിതന്നെ. ഇതാണ് പുതിയ ഭാവന. പഴയ ഭാവന ‘മനുഷ്യനായ ഈശ്വരന്‍’ എന്നതാണ്. സര്‍വ്വത്ര നിറഞ്ഞിരിക്കുന്ന ഒരു ശക്തിയെപ്പറ്റിയുള്ള ഭാവനയുടെ പ്രഥമവികാസം നാം ഇവിടെകാണുന്നു.
‘തിന്മയെ നശിപ്പിക്കുവാന്‍ രുദ്രന്‍ ആഗ്രഹിക്കുമ്പോള്‍, ഞാന്‍ അദ്ദേഹത്തിന്റെ വില്ലു കുലയ്ക്കുന്നു.’
അധികം താമസിയാതെതന്നെ ഗീതയിലെ ഈ വചനങ്ങള്‍ നമുക്കു ലഭിക്കുന്നു. ‘അല്ലയോ അര്‍ജ്ജുന, സത്തും അസത്തും ഞാനാണ്.* നന്മ ഞാനാണ്, തിന്മയും ഞാനാണ്. സിദ്ധാത്മാക്കളിലെ ശക്തി ഞാനാണ്, ദുഷ്ടാത്മാക്കളിലെ (ദുഷ്ട)ശക്തിയും ഞാനാണ്’ എന്നാല്‍, വക്താവു ക്ഷണം സത്യം മൂടിക്കെട്ടുന്നു. ഈ ആശയം വീണ്ടും സുപ്താവസ്ഥയില്‍ ആണ്ടുപോകയും ചെയ്യുന്നു. ‘സദ്വസ്തുക്കളിലെ നന്മ സത്കാര്യങ്ങള്‍ ചെയ്യുന്നിടത്തോളം ഞാനാണ്’. (എന്നിങ്ങനെ ചുരുക്കുന്നു).
പേഴ്സ്യക്കാരുടെ മതത്തില്‍ ചെകുത്താനെപ്പറ്റിയ സങ്കല്‍പ്പം ഉണ്ടായിരുന്നു. എന്നാല്‍ ഭാരതത്തില്‍ അതുണ്ടായിരുന്നില്ല. പില്‍ക്കാലത്തെ പുസ്തകങ്ങള്‍ ഈ പുതിയ ആശയത്തെ മനസ്സിലാക്കിത്തുടങ്ങുന്നതായിക്കാണുന്നു. ലോകത്തു തിന്മയുണ്ട്, അതിന്റെ നേര്‍ക്കു കണ്ണടച്ചതുകൊണ്ട് ഫലമില്ല. പ്രപഞ്ചം ഒരു വസ്തുതയാണ്. അതു വാസ്തവമാണെങ്കില്‍ അതു നന്മയുടെയും തിന്മയുടെയും ഒരു വലിയ കലര്‍പ്പാണെന്നുള്ളതും വാസ്തവമാണ്. ഭരിക്കുന്നവന്‍ ആരായാലും അവന്‍ നന്മയേയും തിന്മേയയും ഭരിക്കണം. ആ ശക്തി നമുക്കു ജീവിക്കാന്‍ ഇടയാക്കുന്നുവെങ്കില്‍ നമുക്കു മരിക്കാനും ഇടയാക്കുന്നു. ചിരിയും കരച്ചിലും ബന്ധുക്കളാണ്. ചിരിയെക്കാള്‍ കൂടുതല്‍ കരച്ചില്‍ ഈ ലോകത്തുണ്ടുതാനും. പുഷ്പങ്ങളെ ആരു സൃഷ്ടിച്ചു? ഹിമാലയത്തെ ആരു സൃഷ്ടിച്ചു? വളരെ നല്ലവനായ ഒരീശ്വരന്‍. എന്റെ പാപങ്ങളും ദൌര്‍ബല്യങ്ങളും ആരു സൃഷ്ടിച്ചു-കര്‍മ്മം, ജഗത്താണ് ഇതിന്റെ ഫലമായി വന്നുകൂടുന്നതു. സ്വാഭാവികമായി ജഗത്തിന്റെ നാഥനും ഈശ്വരനായിത്തീരുന്നു.
നന്മയും തിന്മയും പരസ്പരം ഒരു കലര്‍പ്പുമില്ലാതെ തികച്ചും വിഭിന്നങ്ങളായ സത്തകളാണെന്നുള്ള വീക്ഷണം നമ്മെ സഹതാപലേശമില്ലാത്ത മൃഗബുദ്ധികളാക്കുന്നു. കുലാംഗന വാരാംഗനയുടെ സാമീപ്യത്തില്‍ ചാടിമാറുന്നു. എന്നാല്‍ അവള്‍ മറ്റു ചില വശങ്ങളില്‍ നിങ്ങളെക്കാള്‍ അനേകം മടങ്ങു നല്ലവളാകാം. ഈ വീക്ഷണം ലോകത്ത് അനശ്വരമായ അസൂയയും വിദ്വേഷവും ഉളവാക്കുന്നു. മനുഷ്യന്നും മനുഷ്യന്നും മദ്ധ്യേ, ശാശ്വതമായ ഭിത്തി പണിയുന്നു. അത്തരം ഘോരമായ വീക്ഷണം സാക്ഷാല്‍ ദുഷ്ടതയെക്കള്‍ കൂടിയ ദുഷ്ടതയാണ്. നന്മയും തിന്മയും വിഭിന്നസത്തകളല്ല. പിന്നെയോ നന്മയ്ക്കോ വികാസപരിണാമമുണ്ട്- നന്മ കുറവുള്ളതിനെ നാം തിന്മയെന്നു വിളിക്കുന്നു.
ചിലര്‍ പവിത്രാത്മാക്കളും ചിലര്‍ പാപികളുമാണ്. സൂര്യന്‍ നന്മയുടെയും തിന്മയുടെയും മേല്‍ ഒരുപോലെ പ്രകാശിക്കുന്നു. വല്ല വ്യത്യാസഗണനയും സൂര്യന്‍ കാണിക്കുന്നുണ്ടോ.
ഈശ്വരനെ പിതാവായി കാണുന്ന പഴയ ഭാവന, ഈശ്വരന്‍ സുഖാധിപത്യം വഹിക്കുന്നുവെന്നുള്ള ഹൃദ്യമായ സങ്കല്‍പ്പത്തോടു ബന്ധപ്പെട്ടതാണ്. വസ്തുതകളെ നിഷേധിക്കാന്‍ നാം ആഗ്രഹിക്കുന്നു. തിന്മയില്ല. അതു ശൂന്യമാണ്. ‘അഹന്ത’ തിന്മയാണ്. ഇത് അതിമാത്രം ഉണ്ടുതാനും. ‘ഞാന്‍’ ശൂന്യമാണോ? എന്നെ അങ്ങനെ കാണാന്‍ ഞാന്‍ എന്നും ശ്രമിച്ചിട്ടും പരാജയപ്പെടുന്നു.
ഈ ഭാവനകളെല്ലാം തിന്മയില്‍നിന്ന് ഓടിപ്പോകാനുള്ള ശ്രമങ്ങളാണ്. എന്നാല്‍ നാം അതിനെ അഭിമുഖീകരിച്ചേ തീരൂ.* പൂര്‍ണ്ണത്തെ അഭിമുഖീകരിക്കുക! ദുഃഖവും തിന്മയും വരുന്ന കാലങ്ങളെ വിട്ടിട്ട്, സുഖവും നന്മയും ഉള്ള കാലത്തുമാത്രം ഈശ്വരന് അര്‍ദ്ധസ്നേഹം അര്‍പ്പിക്കുവാന്‍ ആരോടെങ്കിലും ഞാന്‍ ഉടമ്പടി ചെയ്തിട്ടുണ്ടോ?
ഒരുവന്‍ ഒരു വിളക്കിന്റെ പ്രകാശത്തില്‍ ഒരു കള്ളപ്രമാണം ചമയ്ക്കുന്നു. അപരന്‍ ക്ഷാമനിവാരണത്തിനു നല്‍കാനായി ആയിരം ഡോളറിന്റെ ചെക്ക് ഒപ്പിടുന്നു. വിളക്കു രണ്ടുപേരുടെയും മേല്‍ ഒരുപോലെ വ്യത്യാസഗണന കൂടാതെ പ്രകാശിപ്പിക്കുന്നു. പ്രകാശത്തിനു തിന്മബോധമില്ല. നിങ്ങളും ഞാനും അതിനെ നന്മയോ തിന്മയോ ആക്കിത്തീര്‍ക്കുന്നു.
ഈ ആശയത്തിന് ഒരു പുതിയ പേരു വേണം. അതിനെ ‘അമ്മ’ എന്നു വിളിക്കുന്നു, എന്തെന്നാല്‍ വളരെപ്പേരുണ്ട്, ഒരു ദേവതാപദത്തിലേയ്ക്കുയര്‍ത്തപ്പെട്ട ഒരു സ്ത്രീലേഖികയോടൊപ്പമാണ്, വാച്യാര്‍ത്ഥത്തില്‍ത്തന്നെ, അതുത്ഭവിച്ചത്. അതിനുശേഷം ‘സാംഖ്യദര്‍ശന’മുണ്ടായി അതില്‍ സകലശക്തിയും സ്ത്രീരൂപമാണ്. കാന്തം നിശ്ചലമായിരിക്കുന്നു. ഇരുമ്പുചീളുകള്‍ ചലിക്കുന്നു.
സ്ത്രീത്വത്തിന്റെ അത്യുന്നതനിദര്‍ശനം (ഭാരതത്തില്‍)‘അമ്മ’യാണ്-‘സഹധര്‍മ്മിണി’യെക്കാളും ഉയര്‍ന്നത്. ഭാര്യയും കുട്ടികളും ഒരുവനെ ഉപേക്ഷിച്ചെന്നു വരാം. എന്നാല്‍ അമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ല. അമ്മ എന്നും ഒന്നുപോലെയാണ്-എന്നുമാത്രമല്ല, തന്റെ കുഞ്ഞിനെ കൂടുതലായി സ്നേഹിച്ചെന്നു വരാം. അമ്മ, കച്ചവടസ്വഭാവമേശാത്ത, ഒരിക്കലും നശിക്കാത്ത, കറയറ്റ, സ്നേഹത്തെ പ്രതിനിധാനം ചെയ്യുന്നു. അത്തരം സ്നേഹം ആര്‍ക്കാണുണ്ടാവുക? അമ്മയക്കുമാത്രം, പുത്രന്നോ പുത്രിക്കോ ഭാര്യക്കോ അതു സാദ്ധ്യമല്ല.
‘എല്ലായിടത്തും അഭിവ്യക്തമാകുന്ന ശക്തി ഞാനാകുന്നു’ എന്ന് ജഗജ്ജനനി പറയുന്നു. ഈ പ്രപഞ്ചത്തെ ആവിഷ്കരിക്കുന്ന അവള്‍തന്നെ തുടര്‍ന്ന് അതിന്റെ വിനാശത്തേയും സംഭവിപ്പിക്കുന്ന ആ അമ്മ. വിനാശം സൃഷ്ടിയുടെ പ്രാരംഭംമാത്രമാണെന്നു പറയേണ്ടല്ലോ. കുന്നിന്റെ ഉച്ചി അടുത്ത താഴ്വരയുടെ ആരംഭമത്രേ.
ധൈര്യം കൊള്ളുക. വസ്തുതകളെ വസ്തുതകളായി നേരിടുക. തിന്മയെ ഭയന്ന് എല്ലായിടവും ഓടിനടക്കരുത്. തിന്മകള്‍ തിന്മകള്‍തന്നെ. അതുകൊണ്ടെന്ത്?
എന്തായാലും ഇതൊക്കെ അമ്മയുടെ വിനോദം, ലീലമാത്രമാണ്. ഗൌരവമായിട്ടൊന്നുമില്ല. സര്‍വ്വശക്തയ്ക്ക് എന്തു പ്രേരകമാണുള്ളത്? ജഗത്തിനെ സൃഷ്ടിക്കാന്‍ അമ്മയെ പ്രേരിപ്പിച്ചതെന്ത്? അവള്‍ക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടായിരിക്കാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ ലക്ഷ്യമെന്നു വ്യവഹരിക്കാവുന്നതു ഇതുവരെ കൈവരാത്തതിനെയാണ്. പിന്നെയെന്തിനാണീ സൃഷ്ടി? വെറും നേരംപോക്ക്, വിനോദം. നാം ഇതു വിസ്മരിച്ചു വഴക്കുകൂടുകയും കഷ്ടപ്പെടുകയും ചെയ്യുന്നു. നാം അമ്മയുടെ കളിത്തോഴരത്രേ.
കുഞ്ഞിനെ വളര്‍ത്താന്‍ അമ്മ സഹിക്കുന്ന യാതനകള്‍ നോക്കുക. അവള്‍ക്കതു ആനന്ദകരമാണോ? നിശ്ചയമായും. അവള്‍ ഉപവാസങ്ങളനുഷ്ഠിക്കുന്നു, പ്രാര്‍ത്ഥനകള്‍ നടത്തുന്നു, ഉറക്കമിളയ്ക്കുന്നു, അവള്‍ മറ്റേതൊരു വസ്തുവിനെക്കാളും അതിനെ സ്നേഹിക്കുന്നു. എന്തുകൊണ്ട്? സ്വാര്‍ത്ഥമില്ലാത്തതുകൊണ്ട്.
സന്തോഷം വന്നുചേരും-നല്ലത്, ആരു വിലക്കുന്നു? സന്താപം വന്നുചേരും-അതിനും സ്വാഗതം. ഒരു കൊതുകു ഒരു കാളയുടെ കൊമ്പിന്മേല്‍ ഇരിക്കയായിരുന്നു. കുറേക്കഴിഞ്ഞപ്പോള്‍ അവന്റെ മനസ്സാക്ഷി അവനെ കുറ്റപ്പെടുത്തി. അവന്‍ കാളയോടു പറഞ്ഞു: ‘ഹേ, കാളമൂപ്പരേ, ഞാന്‍ ഇവിടെ ഇരിക്കാന്‍ തുടങ്ങിയിട്ടു കുറച്ചേറെ നേരമായി. ഒരുപക്ഷേ ഞാന്‍ നിങ്ങളെ ശല്യപ്പെടുത്തുകയാവാം. ഞാന്‍ ഖേദിക്കുന്നു. ഞാന്‍ പോയ്ക്കൊള്ളാം.’ എന്നാല്‍ കാളപറഞ്ഞു: ‘ഹേയ്, ഒട്ടുമില്ല. നിങ്ങള്‍ സകുടുംബം വന്ന് എന്റെ കൊമ്പിന്മേല്‍ പാര്‍ത്തുകൊള്ളുക. നിങ്ങളില്‍നിന്നു എനിക്കെന്തു ശല്യമുള്ളൂ?’ എന്തുകൊണ്ട് ദുഃഖങ്ങളോടു നമുക്കു ഈ വിധം പറഞ്ഞുകൂടാ. ധീരനാകല്‍ അമ്മയില്‍ ശ്രദ്ധാലുവാകലാണ്.
‘ഞാന്‍ ജീവിതമാണ്, ഞാന്‍ മരണവുമാണ്’. അവളുടെ നിഴലുകളത്രേ ജീവിതവും മരണവും. എല്ലാ സുഖങ്ങളിലുമുള്ള സുഖം അവളാകുന്നു. എല്ലാ ദുഃഖങ്ങളിലുമുള്ള ദുഃഖവും അവളാകുന്നു. ജീവിതം വരുന്നെങ്കില്‍ അത് അമ്മയാണ്. മരണം വരുന്നെങ്കില്‍ അതും അമ്മയാണ്. സ്വര്‍ഗ്ഗം വരുന്നെങ്കില്‍ അവിടെ അമ്മയുണ്ട്. നരകം വരുന്നെങ്കില്‍ അവിടെയും അമ്മയുണ്ട്. മുങ്ങിക്കൊള്ളുക! ഇതു കണ്ടറിയാനുള്ള ക്ഷമയോ വിശ്വാസമോ നമുക്കില്ല. തെരുവിലെ മനുഷ്യനെ നാം വിശ്വസിക്കും. എന്നാല്‍ നാം ഒരിക്കലും വിശ്വസിക്കാത്തതായി പ്രപഞ്ചത്തില്‍ ഒരു സത്തയുണ്ട്-അതാണീശ്വരന്‍. നാം ഇഷ്ടപ്പെടുന്ന വഴിക്കു പ്രവര്‍ത്തിക്കുന്ന വേളയില്‍ മാത്രം നാം അവിടുത്തെ വിശ്വസിക്കും. എന്നാല്‍, തുടരെത്തുടരെയുള്ള പ്രഹരങ്ങളേറ്റ്, സ്വയം പര്യാപ്തനായ ഈ മനസ്സു മരിക്കുന്ന ഒരു കാലം വരും. നാം ചെയ്യുന്ന ഏതിലും അഹന്ത ഫണമുയര്‍ത്തുന്നു. അതിനാല്‍ മാര്‍ഗ്ഗം കണ്ടകാകീര്‍ണ്ണമായിരിക്കുന്നതില്‍ നാം സന്തോഷിക്കുന്നു. മുള്ളുകള്‍ സര്‍പ്പഫണത്തെ അടിച്ചുതാഴ്ത്തുമല്ലോ.
ഒടുവില്‍ ആത്മസമര്‍പ്പണം വരും. അപ്പോള്‍ നമുക്ക് അമ്മയ്ക്കായി, സമ്പൂര്‍ണ്ണം നിവേദിക്കാന്‍ കഴിയും. ദുഃഖം വരുന്നെങ്കില്‍ സ്വാഗതം. സുഖം വരുന്നെങ്കില്‍ സ്വാഗതം. പിന്നെ, നാം ഈ പ്രേമത്തിലെത്തുന്നതോടെ, നമ്മുടെ എല്ലാ വക്രതകളും നേരെയാക്കപ്പെടും. ബ്രാഹ്മണനെയും ചണ്ഡാലനെയും ശ്വാവിനെയും നാം അഭേദമായി കാണും. ജഗത്തിനെ മുഴുവന്‍ സമദൃഷ്ടിയോടെ കാണുകയും പക്ഷഭേദമില്ലാതെ അനശ്വരപ്രേമത്തോടെ സ്നേഹിക്കുകയും ചെയ്യുന്നതുവരെ നമുക്കു കിട്ടേണ്ടതു വീണ്ടും വീണ്ടും കിട്ടാതെ പോകുന്നു, പിന്നെയോ, എല്ലാം മാഞ്ഞുകഴിഞ്ഞിരിക്കും. സമവും അനന്തവും നിത്യവുമായ മാതാവിനെ നാം കാണുകയും ചെയ്യും.