എല്ലാ ജീവികളും കളിക്കയാണ്-ചിലര്‍ ബോധപൂര്‍വ്വം ചിലര്‍ അബോധപൂര്‍വ്വം. ബോധപൂര്‍വ്വം കളിക്കാന്‍ പഠിക്കുന്നതാണ് മതം.
നമ്മുടെ ലൌകികജീവിതത്തിനുള്ള അതേ നിയമമാണ് നമ്മുടെ ആദ്ധ്യാത്മികജീവിതത്തിനും സമസ്തപ്രപഞ്ചത്തിന്റെ ജീവിതത്തിനുമുള്ളത്. അത് ഒന്നുമാത്രവും സാര്‍വ്വത്രികവുമാണ്. മതത്തിന് ഒരു നിയമം, സംസാരത്തിനു വേറൊന്ന് എന്നില്ല. സുഖലോലുപന്നും പിശാചിന്നും ഈശ്വരനില്‍നിന്നു വ്യത്യാസം മാത്രയില്‍ മാത്രം.
പാശ്ചാത്യദേശങ്ങളിലെ മതശാസ്ത്രജ്ഞരും തത്ത്വചിന്തകരും പ്രകൃതിശാസ്ത്രജ്ഞരും തങ്ങള്‍ മരണാനന്തരവും ജീവിക്കുമെന്നുള്ളതിനു തെളിവന്വേഷിച്ചു നടക്കുകയാണ്. ചായക്കോപ്പയില്‍ എന്തൊരു കൊടുങ്കാറ്റ്! ഇതിനെക്കാള്‍ എത്രയോ ഉല്‍കൃഷ്ട വിഷയങ്ങളുണ്ട് ചിന്തിക്കാന്‍ നിങ്ങള്‍ വല്ലപ്പഴും നശിക്കുമെന്നോ? എത്ര ബാലിശമായ മൂഢവിശ്വാസം നാം മരിക്കില്ലെന്നു പാതിരിയോ പ്രേതമോ ഭൂതമോ നമ്മോടു വന്നു പറയേണ്ടതില്ല. എല്ലാറ്റിലുംവെച്ച് ഏറ്റവും സ്വയംപ്രത്യക്ഷമായ സത്യമാണത്. സ്വന്തം വിനാശത്തെ സങ്കല്‍പ്പിക്കുകയേ മനുഷ്യനു സാദ്ധ്യമല്ല. താന്‍ അമൃതനാണ്, നിത്യനാണ് എന്ന ബോധം മനുഷ്യനില്‍ നൈസര്‍ഗ്ഗികമത്രേ.
ജീവിതമുള്ളേടത്തെല്ലാം അതിനോടു ചേര്‍ന്നു മരണവുമുണ്ട്. ജീവിതം മരണത്തിന്റെ നിഴലാണ്. മരണം ജീവിതത്തിന്റെയും. ഇവ രണ്ടിനേയും വേര്‍തിരിക്കുന്ന രേഖ നിര്‍ണ്ണയിക്കാന്‍ പ്രയാസമാംവിധം അതിസൂക്ഷ്മമാണ്, പിടി കിട്ടാത്തതാണ്. തുടരെ പിടിച്ചു നില്‍ക്കുക അത്യന്തം ദുഷ്കരവുമാണ്.
നാം എന്നും പുരോഗമിച്ചുവരികയാണെന്ന ആശയത്തില്‍ അതായത് നാം ഋജുരേഖയില്‍ക്കൂടി എന്നെന്നേയ്ക്കും മുന്നോട്ടു പൊയ്ക്കേണ്ടിരിക്കയാണെന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതു വിശ്വസിക്കരുതാത്തവിധം അത്ര അസംബന്ധമാണ്. ഒരു ഋജുരേഖയിലൂടെ പ്രയാണം എന്നൊന്നു സാദ്ധ്യമല്ല. ഒരു ഋജ്ജുരേഖയെ അനന്തമായി നീട്ടിയാല്‍ അതൊരു വൃത്തമാകും. ഒരു ശക്തിയെ അപ്രകാരം വിക്ഷേപിച്ചാല്‍, അതു പുറപ്പെട്ട സ്ഥാനത്തുതന്നെ തിരിച്ചെത്തി വൃത്തം പൂര്‍ത്തിയാക്കും.
ഋജുരേഖയിലൂടെ പുരോഗതി എന്നൊന്നില്ല. എല്ലാ ജീവനും ഒരു ചക്രഗതിയില്‍ ചലിക്കുന്നു എന്നു പറയാം. ആ വൃത്തം പൂര്‍ത്തിയാക്കുകയും വേണം. ഏതു ജീവനും എത്ര താണുപോയാലും എന്നെങ്കിലും അതിന്റെ ഗതി മേലോട്ടു തിരിച്ചുവിടേണ്ടുന്ന ഒരുകാലം വരാതിരിക്കില്ല. അത് ആദ്യം നേരെ കീഴ്പ്പോട്ടു പോയേയ്ക്കാം. എന്നാല്‍ വൃത്തം പൂര്‍ത്തിയാക്കാനായി അതിനു മേല്‍പ്പോട്ടു തിരിയാതെ നിര്‍വ്വാഹമില്ല. ഈശ്വരനെന്ന ഒരു പൊതുകേന്ദ്രത്തില്‍നിന്നു പ്രസര്‍ജ്ജിക്കപ്പെട്ടവരാണ് നാമെല്ലാം. വൃത്തം പൂര്‍ത്തിയാക്കി ആ പുറപ്പെട്ട കേന്ദ്രത്തിലേക്കു മടങ്ങുകയും ചെയ്യും.
ഓരോ ജീവനും ഓരോ വൃത്തമാണ്. അതിന്റെ കേന്ദ്രം ശരീരത്തിലാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവിടെ അഭിവ്യക്തമാകയും ചെയ്യുന്നു. നിങ്ങള്‍ ഒരൊറ്റ സ്ഥലത്തു (ശരീരത്തില്‍) കേന്ദ്രീകൃതമായിരിക്കുന്നു എന്ന ബോധമാണ് നിങ്ങള്‍ക്കുള്ളതെങ്കിലും നിങ്ങള്‍ സര്‍വ്വവ്യാപിയാണ്. ആ കേന്ദ്രം, അതിനു സ്വയം അഭിവ്യക്തമാകാന്‍ വേണ്ടി, ദ്രവ്യകണങ്ങളെ സംഭരിച്ച് അവയെ ഒരു യന്ത്രമായി രൂപപ്പെടുത്തിയിരിക്കുന്നു. യാതൊന്നിലൂടെ അത് അഭിവ്യക്തമാകുന്നുവോ അതിനെ ശരീരമെന്നു പറയുന്നു. നിങ്ങള്‍ എല്ലായിടത്തുമുണ്ട്. ഒരു യന്ത്രം, അതായത് ശരീരം, നിങ്ങള്‍ക്കു കൊള്ളില്ലെന്നു വന്നാല്‍ കേന്ദ്രം ആ സ്ഥനത്തുനിന്നു പോയി, സൂക്ഷ്മമോ സ്ഥൂലമോ ആയ മറ്റു പദാര്‍ത്ഥങ്ങളെ ശേഖരിച്ചു മറ്റൊരു ശരീരമുണ്ടാക്കി അതിലൂടെ പ്രവര്‍ത്തിക്കുന്നു. ഇതാണ് മനുഷ്യന്‍. ഇനി ഈശ്വരസ്വരൂപമെങ്ങനെ? ഒരിടത്തും പരിധിയില്ലാത്തതും എല്ലായിടത്തും കേന്ദ്രത്തോടുകൂടിയതുമായ ഒരു വൃത്തമാണ് ഈശ്വരന്‍. ഈ വൃത്തത്തിലെ എല്ലാ സ്ഥാനങ്ങളും സജീവവും സചേതനവും തുല്യനിലയില്‍ പ്രവര്‍ത്തനനിരതവുമാണ്. പരിമിതജീവന്മാരായ നമ്മുടെ കാര്യത്തില്‍ ഒറ്റ കേന്ദ്രമേ ബോധയുക്തമായിട്ടുള്ളൂ. ആ കേന്ദ്രം മുമ്പോട്ടും പുറകോട്ടും നീങ്ങിക്കൊണ്ടിരിക്കുയും ചെയ്യുന്നു.
ജീവന്‍ ഒരിടത്തും പരിധിയില്ലാത്തതും എന്നാല്‍ ഒരു ശരീരത്തില്‍ കേന്ദ്രത്തോടു കൂടിയതുമായ വൃത്തമാണ്. മരണമെന്നത് ഈ വൃത്തകേന്ദ്രത്തിന്റെ സ്ഥാനമാറ്റംമാത്രം. ഈശ്വരന്‍ ഒരിടത്തും പരിധിയില്ലാത്തതും എല്ലായിടത്തും കേന്ദ്രത്തോടും കൂടിയതുമായ വൃത്തമാണ്. നമുക്ക് എപ്പോള്‍ ശരീരമാകുന്ന പരിമിതകേന്ദ്രത്തില്‍ നിന്നു പുറത്തു കടക്കാന്‍ കഴിയുന്നുവോ അപ്പോള്‍ ഈശ്വരന്റെ, നമ്മുടെ യഥാര്‍ത്ഥ-ആത്മാവിന്റെ സാക്ഷാല്‍ക്കാരം ലഭിക്കുന്നു.
ഒരു മഹാനദി അങ്ങിങ്ങായി ചില കടലാസുകഷ്ണങ്ങളും വൈക്കോല്‍ത്തുണ്ടുകളും എടുത്തുകൊണ്ടു സമുദ്രത്തിനുനേരെ ഒഴുകുന്നു. അവ പുറകോട്ടു പോകാന്‍ ശ്രമിച്ചെന്നു വരാം. എന്നാല്‍ ഒടുവില്‍ സമുദ്രത്തില്‍ ചെന്നെത്താതെ നിവൃത്തയില്ല. നിങ്ങളും ഞാനും ഈ സമസ്തപ്രകൃതിയും ഈ വൈക്കോല്‍ത്തുണ്ടുകളെപ്പോലാണ്. പരിപൂര്‍ണ്ണതയാകുന്ന ആ സച്ചിദാനന്ദസമുദ്രത്തിലേക്ക് നാം അതിദ്രുതം ഒഴുക്കപ്പെടുകയാണ്. ഈ ഒഴുക്കിനെതിരായി പുറകോട്ടു പോകാന്‍ നാം എത്ര ശ്രമിച്ചാലും എന്തെല്ലാം വേലത്തരങ്ങള്‍ കാട്ടിയാലും ദീര്‍ഘകാലാന്തത്തിലെങ്കിലും ആ സച്ചിദാനന്ദമാകുന്ന മഹാസമുദ്രത്തില്‍ ചെന്നു ചേര്‍ന്നേ തീരൂ.
സകലജ്ഞാനവും ആദ്യമേ നമ്മില്‍ സംഭൃതമായിരിക്കുന്നു-ഇതിങ്ങനെ അല്ലാതാവുന്നതെങ്ങനെയെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല. നിങ്ങളും ഞാനും ഒരു മഹാസമുദ്രത്തിലെ ചെറുതിരകളാണെങ്കില്‍, ആ മഹാസമുദ്രം നമ്മുടെ ആധാരവുമത്രേ.
ദ്രവ്യം, മനസ്സ്, ആത്മാവ് എന്നിവ തമ്മില്‍ യഥാര്‍ത്ഥത്തില്‍ അന്തരമൊന്നുമില്ല. അവ ഒരേ വസ്ത്വാനുഭൂതിയിലെ വിവിധവശങ്ങളെന്നേയുള്ളൂ. ഈ ലോകംതന്നെ പഞ്ചേന്ദ്രിയങ്ങള്‍ക്കു ദ്രവ്യമായും ദുര്‍ജ്ജനങ്ങള്‍ക്കു നരകമായും, സജ്ജനങ്ങള്‍ക്കു സ്വര്‍ഗ്ഗമായും സിദ്ധന്മാര്‍ക്ക് ഈശ്വരനായും ഗോചരമാകുന്നു.
ബ്രഹ്മംമാത്രമാണ് സത്യം എന്ന് ഇന്ദ്രിയങ്ങള്‍ക്കു ബോധപ്പെടുമാറ് തെളിയിച്ചുകൊടുക്കുക സാദ്ധ്യമല്ല. എന്നാല്‍ ഈ ഒരൊറ്റ നിഗമനത്തിലേ നമുക്കെത്തിച്ചേരാനാവൂ എന്നു കാണിക്കാം. എല്ലാറ്റിലും, സാധാരണപദാര്‍ത്ഥങ്ങളില്‍പ്പോലും, ഈ ഏകത്വം ഉണ്ടായിരിക്കണം. സമാനീകരണത്തിന്റെ കഥയെടുക്കുക. നാനാത്വം നാമരൂപങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നു നാം പറയുന്നു. എന്നാല്‍ അവയെ ഗ്രസിച്ചു വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അവ എങ്ങുമില്ല. നാമമോ രൂപമോ നിമിത്തങ്ങളോ തനിച്ചു നില്‍ക്കുന്നതായി ഒരിക്കലും കാണാവതല്ല. അതിനാല്‍ ഈ പ്രപഞ്ചദൃശ്യങ്ങള്‍ മായയത്രേ-അതായത് അവികാര്യമായ വസ്തുവിനെ ആശ്രയിച്ചു നില്‍ക്കുന്നതും അതില്‍നിന്നു വേറിട്ട് ഉണ്മയില്ലാത്തതുമായ എന്തോ ഒന്ന്, സമുദ്രത്തിലെ ഒരു തിരയെ നോക്കുക. അത്രയും വെള്ളം തിരയുടെ രൂപത്തില്‍ ഇരിക്കുന്നിടത്തോളം സമയം ആ തിരയുണ്ട്. എന്നാല്‍ അതു താണു സമുദ്രമാകുന്ന നിമിഷം തിര ഇല്ലാതാകുന്നു. എന്നാല്‍ സമുദ്രത്തിലെ ജലരാശി ഒന്നാകെ അതിന്റെ ഉണ്മയ്ക്കുവേണ്ടി രൂപത്തെ ആശ്രയിക്കുന്നില്ല. തിരയുടെ രൂപം നിശ്ശേഷം ഇല്ലാതായാലും സമുദ്രം ശേഷിക്കുന്നു.
യഥാര്‍ത്ഥവസ്തു ഒന്നേയുള്ളൂ. മനസ്സാണ് അതിനെ അനേകമായി തോന്നിക്കുന്നത്. നാം നാനാത്വം കാണുമ്പോള്‍ ഏകത്വം മറയുന്നു. ഏകത്വം കാണുമ്പോള്‍ നാനാത്വവും പോകുന്നു. നിത്യജീവിതത്തിലെന്നപോലെ ഏകത്വം കാണുമ്പോള്‍ നാനാത്വം കാണുന്നില്ല. ഏകത്വത്തിലാണ് നാം തുടങ്ങുന്നത്. ചൈനക്കാരന്‍ രണ്ട് അമേരിക്കക്കാരെ തമ്മില്‍ തിരിച്ചറിയില്ല എന്നുള്ളത് ഒരു സവിശേഷവസ്തുതയാണ്. നിങ്ങള്‍ ചൈനക്കാരേയും തിരിച്ചറിയില്ല.
വസ്തുക്കളെ അറിയത്തക്കതാക്കുന്നതു മനസ്സാണെന്നു തെളിയിക്കാം. വല്ല വിശേഷധര്‍മ്മങ്ങളുള്ള വസ്തുക്കളേ ജ്ഞാത-ജ്ഞേയങ്ങളുടെ പരിധിക്കുള്ളില്‍ വരുന്നുള്ളൂ. ധര്‍മ്മങ്ങളില്ലാത്ത ഒന്ന് അജ്ഞേയമാണ്. നമുക്കുപുറമെ ഏതോ ഒരു ലോകമുണ്ട്. അതു അജ്ഞാതവും അജ്ഞേയവുമാണ്. അത് X എന്നിരിക്കട്ടെ. ഞാന്‍ അതിനെ നോക്കുമ്പോള്‍ എനിക്കു ഗോചരമാകുന്നത് X+ മനസ്സാണ്. ഞാന്‍ അറിയുന്ന ലോകത്തിന്റെ മുക്കാല്‍ പങ്കും സംഭാവന ചെയ്യുന്നത് എന്റെ മനസ്സാണ്. അതുപോലെ യഥാര്‍ത്ഥമായ അന്തര്‍ലോകം Y ആണെങ്കില്‍ എനിക്കു ഗോചരമാകുന്ന അന്തര്‍ലോകം Y+ മനസ്സായിരിക്കും. ബാഹ്യലോകം X+ മനസ്സും. ബാഹ്യമോ, ആഭ്യന്തരമോ ആയ ലോകങ്ങളിലെ എല്ലാ ഭേദകല്‍പ്പനകളും ഉളവാക്കുന്നത് മനസ്സാണ്. യഥാര്‍ത്ഥസത്ത അറിയപ്പെടുന്നില്ല. അറിയപ്പെടാവതുമല്ല. അത് അറിവിന്റെ പരിധിക്കപ്പുറമാണ് അറിവിന്റെ പരിധിക്കപ്പുറമുള്ളതില്‍ ഭേദാവസ്ഥ ഉണ്ടാവാനും വയ്യ അതിനാല്‍ ബാഹ്യലോകമായ X അന്തര്‍ലോകമായ Y യില്‍നിന്ന് അഭിന്നമത്രേ. അതുകൊണ്ട് യഥാര്‍ത്ഥസത്ത ഒന്നേയുള്ളൂ.
ഈശ്വരന്‍ യുക്തിചിന്ത ചെയ്യുന്നില്ല. നിങ്ങള്‍ക്ക് ഒന്നിനെപ്പറ്റി പൂര്‍ണ്ണമായ അറിവുണ്ടെങ്കില്‍ പിന്നെ യുക്തിചിന്തയെന്തിന്? ഏതാനും ചില വസ്തുതകള്‍ സംഭവിക്കുവാന്‍ വേണ്ടി നാമിങ്ങനെ പുഴുവിനെപ്പോലെ ഇഴഞ്ഞിഴഞ്ഞു നീങ്ങേണ്ടിവരുന്നത് ദുര്‍ബ്ബലതയുടെ ഒരു ലക്ഷണമാണ്. എന്നിട്ട് എല്ലാംകൂടി തകര്‍ന്നുവീഴുകയും ചെയ്യുന്നു. ആത്മാവ് മനസ്സിലും മറ്റെല്ലാറ്റിലും പ്രതിബിംബിതമാകുന്നു. ആത്മാവിന്റെ പ്രകാശമാണ് മനസ്സിനെ ചേതനമാക്കുന്നത്. സര്‍വ്വവും ആത്മാവിന്റെ അഭിവ്യക്തി. ഓരോ മനസ്സും ഓരോ കണ്ണാടിയാണ്. നാം സ്നേഹം ഭയം ദ്വേഷം നന്മ തിന്മ എന്നൊക്കെ പറയുന്നത് ആത്മാവിന്റെ പ്രതിഫലനങ്ങള്‍മാത്രം. ദര്‍പ്പണം മലിനമായിരിക്കെ പ്രതിഫലനം ദുഷ്ടമാകും.
യഥാര്‍ത്ഥസത്ത അഭിവ്യക്തിയില്ലാത്തതാണ്. അതു നമ്മുടെ ഭാവനയ്ക്കു വിഷയമല്ല. എന്തെന്നാല്‍ ഭാവന മനസ്സുമുഖേനയാണു നടത്തേണ്ടത്. മനസ്സുതന്നെ ഒരഭിവ്യക്തിയുമാണ്. യഥാര്‍ത്ഥസത്തയുടെ മഹിമ, അതു ഭാവനാതീതമാണെന്നതിലാണ്. പ്രകാശത്തിന്റെ ഏറ്റവും താണതരം സ്പന്ദങ്ങളും ഏറ്റവും കൂടിയതരം സ്പന്ദങ്ങളും നമുക്കു കാണാവതല്ലെന്നോര്‍മ്മിക്കുക-എന്നാല്‍ രണ്ടും വിപരീതപരകോടികളിലെ അവസ്ഥകളാണ്. നമുക്കിപ്പോള്‍ അറിവില്ലെങ്കിലും അറിയാവുന്ന ചില സംഗതികളുണ്ട്. അജ്ഞാനം ഹേതുവായി നാം അവയെ അറിയുന്നില്ലെന്നേയുള്ളൂ. എന്നാല്‍ നമുക്കൊരിക്കലും അറിയാവതല്ലാത്ത ചില കാര്യങ്ങളുണ്ട്-അവ ജ്ഞാനത്തിന്റെ ഉച്ചതമസ്പന്ദനങ്ങള്‍ക്കും അതീതമായിരിക്കുന്നതാണ്. കാരണം, നമുക്ക് അറിയാന്‍ കഴിയുന്നില്ലെങ്കിലും നാം സര്‍വ്വദാ ആ അനന്തവസ്തുതന്നെയാണ്. അവിടെ ജ്ഞാനം അസാദ്ധ്യമാണ്. ഭാവനയുടെ പരിമിതി തന്നെയാണ്. അതിന്റെ അസ്തിത്വത്തിന്നാസ്പദം. ‘ഞാന്‍ ഉണ്ട്’ എന്നുള്ളതാണ്. എന്നിലെ ഏറ്റവും നിശ്ചയമുള്ള വസ്തു എന്നാല്‍ ഈ എന്നെ ശരീരമനസ്സുകളായിട്ടോ സുഖിയായിട്ടോ ദുഃഖിയായിട്ടോ പുരുഷനായിട്ടോ സ്ത്രീയായിട്ടോ ഒക്കെ മാത്രമേ എനിക്കു സങ്കല്‍പ്പിക്കാനാവുന്നുള്ളൂ. അതോടൊപ്പം ഞാന്‍ എന്റെ അസ്തിത്വത്തെ അതിന്റെ യഥാര്‍ത്ഥസ്വരൂപത്തില്‍ സങ്കല്‍പ്പിക്കുവാന്‍ ശ്രമിച്ചാല്‍, അതിനെ താണ നിലയിലേക്കു വലിച്ചുകൊണ്ടുവരാതെ സാദ്ധ്യമല്ലെന്നു കാണുന്നു. എങ്കിലും അതിന്റെ യാഥാര്‍ത്ഥ്യത്തെപ്പറ്റി എനിക്കു ഉറച്ച ബോധമുണ്ട്. ‘അല്ലയോ പ്രിയേ, ഒരുവളും ഭര്‍ത്താവിനുവേണ്ടിയല്ല ഭര്‍ത്താവിനെ സ്നേഹിക്കുന്നത്. ആത്മാവിനുവേണ്ടിയാണ്. ആത്മാവിലും ആത്മാവിലൂടെയുമാണ് അവള്‍ ഭര്‍ത്താവിനെ സ്നേഹിക്കുന്നത്. ഒരുവനും ഭാര്യക്കുവേണ്ടിയല്ല ഭാര്യയെ സ്നേഹിക്കുന്നത്. ആത്മാവിനുവേണ്ടിയാണ്. ആത്മാവിലും ആത്മാവിലൂടെയുമാണ് ഒരുവന്‍ ഭാര്യയെ സ്നേഹിക്കുന്നത്’. നമ്മുടെ അറിവില്‍പ്പെടുന്നതായ ആ ഏകവസ്തുവേ ഉള്ളൂ. എന്തെന്നാല്‍ അതിനുള്ളിലും അതിലൂടെയുമത്രേ മറ്റെല്ലാത്തിനേയും നാം അറിയുന്നത്. എങ്കിലും നമുക്ക് അതിനെ സങ്കല്‍പ്പിക്കാന്‍ കഴിവില്ല. ‘ജ്ഞാതാവിനെ (അറിയുന്നവനെ) എങ്ങനെ അറിയാനൊക്കും?’ നാം അതിനെ അറിഞ്ഞുവെങ്കില്‍,അതു ജ്ഞാതാവല്ല, ജ്ഞാതമാണ് എന്നു വരും. ദ്രഷ്ടാവു ദൃശ്യമായി ഭവിക്കും.
ഏറ്റവും ഉച്ചമായ സാക്ഷാല്‍ക്കാരത്തോടുകൂടിയവന്‍ ഉദ്ഘോഷിക്കുന്നു-‘ഞാന്‍ രാജാധിരാജനാണ്. എന്നെക്കാള്‍ വലിയ രാജാവില്ല. ഞാന്‍ ദേവാധിദേവനാണ്, എന്നെക്കാള്‍ വലിയ ദേവനില്ല. ഞാന്‍ മാത്രമാണുള്ളത്. ‘ഏകമേവാദ്വിതീയം’ ഈ അദ്വൈതവേദാന്താശയം അനേകര്‍ക്കും വളരെ ഭയാനകമായി തോന്നുന്നു. പക്ഷേ അതു അന്ധവിശ്വാസം മൂലമാണ്. നാം ആത്മാവാണ്, നിത്യവിശ്രാന്തിയിലും നിത്യശാന്തിയിലും ഇരിക്കുന്ന ആത്മാവ്. നാം വിലപിക്കരുത്. ആത്മാവിനു വിലാപമില്ല. ഈശ്വരന്‍ നമ്മോടുള്ള അനുകമ്പമൂലം തന്റെ സിംഹാസനത്തിലിരുന്നു കരയുന്നതായി നാം ഭാവനയില്‍ കാണുന്നു. അങ്ങനെയുള്ള ഒരീശ്വരന്‍ നമുക്കു പ്രാപിക്കാന്‍ യോഗ്യനല്ല. ഈശ്വരന്‍ എന്തിനു കരയണം? കരച്ചില്‍ ദൌര്‍ബ്ബല്യത്തിന്റെ അടിമത്തത്തിന്റെ ലക്ഷണമാണ്.
ഉച്ചതമത്തെ തേടുവിന്‍, എന്നും ഉച്ചതമത്തെ അന്വേഷിക്കുവിന്‍, എന്തെന്നാല്‍ നിത്യമായ ആനന്ദം അതിലാണ്. ഞാന്‍ വേട്ടയാടുന്നെങ്കില്‍, സിംഹത്തെ വേട്ടയാടും. ഞാന്‍ കൊള്ള ചെയ്യുന്നെങ്കില്‍ രാജഭണ്ഡാരം കൊള്ള ചെയ്യും. ഉച്ചതമത്തെ തേടുവിന്‍.
അഹോ! കൂട്ടിലടയ്ക്കാനൊക്കാത്ത അനിര്‍വ്വചനീയവസ്തു! ഹൃദയകേന്ദ്രത്തില്‍ ഗോചരമാകുന്ന വസ്തു! ഒരിടത്തും ഉപമയില്ലാത്തതായി, സീമയില്ലാത്തതായി, നീലാകാശത്തെപ്പോലെ നിര്‍വ്വികാരമായി വര്‍ത്തിക്കുന്ന വസ്തു അല്ലയോ നിര്‍മ്മലാത്മാവേ, ആ അഖിലത്തെ അറിഞ്ഞാലും! മറ്റൊന്നിനേയും തേടാതിരിക്ക!
യാതൊന്നില്‍ പ്രകൃതിപരിണാമങ്ങള്‍ക്ക് എത്താനാവില്ലയോ, യാതൊന്നു ഭാവനകള്‍ക്കെല്ലാം അതീതവും നിര്‍വ്വികാരവും നിശ്ചലവുമായിരിക്കുന്നുവോ, യാതൊന്നിനെ സര്‍വ്വവേദങ്ങളും പ്രഖ്യാപിക്കുകയും സര്‍വ്വഋഷിമാരും ഉപാസിക്കുകയും ചെയ്യുന്നുവോ, അല്ലയോ നിര്‍മ്മലാത്മാവേ മറ്റൊന്നു തേടാതിരിക്ക!
ഔപമ്യമറ്റ, അനന്തമായ, ഏകവസ്തു! അതിനോടു താരതമ്യപ്പെടുത്താന്‍ മറ്റൊന്നില്ല. മുകളില്‍ വെള്ളം. താഴേ വെള്ളം. വലതുഭാഗത്തുവെള്ളം ഇടതുഭാഗത്തു വെള്ളം. ഈ അനന്തജലരാശിയില്‍ തരംഗങ്ങളില്ല. ഒരു കൊച്ചുതിരപോലുമില്ല. സര്‍വ്വവും ശാന്തം. എല്ലാം നിത്യമായ ആനന്ദം. അതു നിന്റെ ഹൃദയത്തില്‍ പ്രത്യക്ഷമാകും. മറ്റൊന്നിനേയും തേടാതിരിക്ക!
ഹേ! സോദര, എന്തിനു കരയുന്നു? നിനക്കു മരണമില്ല. രോഗവുമില്ല. സോദരാ, എന്തിനു കരയുന്നു? നിനക്കു ദുഃഖങ്ങളില്ല. ദുരിതങ്ങളുമില്ല. സോദരാ, എന്തിനു കരയുന്നു? നിനക്കു മാറ്റമോ മരണമോ പറഞ്ഞിട്ടില്ല. നീ കേവലസത്തയത്രേ. ഈശ്വരന്‍ എങ്ങനെയുള്ളവനെന്ന് എനിക്കറിയാം-ഈശ്വരനെക്കുറിച്ചു നിന്നോടു വിവരിച്ചു പറയാന്‍ എനിക്കു കഴിവില്ല.
ഈശ്വരന്‍ എങ്ങനെയുള്ളവനെന്നു ഞാനറിയുന്നില്ല-ഈശ്വരനെക്കുറിച്ചു നിന്നോടു വിവരിക്കാന്‍ എനിക്കെങ്ങനെ സാധിക്കും? എന്നാല്‍, സോദരാ, നീ കാണുന്നില്ലേ? അവിടുന്നു തന്നെയാണെന്ന്, നീ തന്നെയാണെന്ന്? നീ ഈശ്വരനെ തേടി എന്തിനു അങ്ങുമിങ്ങും അലയുന്നു? തേടുകയേ വേണ്ടാ- അതുതന്നെ ഈശ്വരന്‍. നീ തന്നെയായിരുന്നാലും!
അവിടുന്നാണ് ഞങ്ങള്‍ക്കച്ഛന്‍. ഞങ്ങള്‍ക്കമ്മ, ഞങ്ങള്‍ക്കു പ്രിയതോഴന്‍, വിശ്വഭാണ്ഡം നീ വഹിക്കുന്നു. ഞങ്ങളുടെ ജീവിതഭാരം വഹിക്കാന്‍ ഞങ്ങളെ സഹായിച്ചാലും നീ തന്നെ ഞങ്ങള്‍ക്കു സുഹൃത്ത്. ഞങ്ങള്‍ക്കു പ്രേഷ്ഠന്‍. ഞങ്ങള്‍ക്കു വല്ലഭന്‍. നീ തന്നെ ഞങ്ങള്‍!