സ്വാമി വിവേകാനന്ദന്‍

ജ്ഞാനയോഗപ്രഭാഷണങ്ങള്‍
വേദാന്തശാസ്ത്രത്തില്‍ മഹാചാര്യന്‍ ശ്രീശങ്കരാചാര്യസ്വാമികളത്രേ, അദ്ദേഹം വേദങ്ങളില്‍നിന്നു വേദാന്തസത്യങ്ങളെ നിഷ്കര്‍ഷണം ചെയ്തു കനത്ത യുക്തികളുപയോഗിച്ച് അവയിന്മേല്‍ അതിവിശിഷ്ടമായ ജ്ഞാനയോഗത്തെ കെട്ടിപ്പടുത്ത് തന്റെ ഭാഷ്യങ്ങളിലൂടെ ഉപദേശിച്ചു. പരസ്പരവിരുദ്ധങ്ങളായ ബ്രഹ്മനിര്‍വ്വചനങ്ങളെ സമന്വയിക്കുകയും അനന്തസത്ത ഒന്നേയുള്ളുവെന്നു സ്ഥാപിക്കുകയും ചെയ്തു. മനുഷ്യനു പതുക്കെയേ ഉയരാന്‍ കഴിയൂ എന്നുള്ളതിനാല്‍ അവന്റെ കഴിവിന്റെ വിവിധനിലകള്‍ക്കും യോജിക്കുമാറു നാനാപ്രകാരത്തിലുള്ള വ്യാഖ്യാനങ്ങളെല്ലാം ആവശ്യമാണെന്നു അദ്ദേഹം കാണിച്ചു. യേശുക്രിസ്തുവിന്റെ ഉപദേശങ്ങളിലും കാണാം, ഇമ്മാതിരി ശ്രോതാക്കളുടെ അദികാരഭേദമനുസരിച്ച് ഉപദേശങ്ങളെ ക്രമപ്പെടുത്തിയിരുന്നത്. ആദ്യം അവിടുന്നു സ്വര്‍ഗ്ഗസ്ഥനായ ഒരു പിതാവിനെ നിര്‍ദ്ദേശിച്ച് അവിടുത്തോടു പ്രാര്‍ത്ഥിക്കാന്‍ ഉപദേശിക്കുന്നു. അടുത്ത ഘട്ടത്തില്‍ ഒരു പടികൂടി ഉയര്‍ന്ന്, ‘ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ അതിന്റെ ചില്ലകളുമാണ്’ എന്നു പറയുന്നു. ഏറ്റവും ഒടുവിലത്രേ ‘ഞാനും’ എന്റെ പിതാവും ഒന്നാണ്’, ‘സ്വര്‍ഗ്ഗരാജ്യം നിങ്ങളുടെ ഉള്ളിലാണ്’, എന്ന ഉച്ചതമസത്യം ഉപദേശിക്കുന്നത്. മൂന്നു കാര്യങ്ങള്‍ ഈശ്വരാനുഗ്രഹംകൊണ്ടു സിദ്ധിക്കുന്നതാണെന്ന് ശ്രീശങ്കരന്‍ പറഞ്ഞിരിക്കുന്നു. മനുഷ്യജന്മം, ഈശ്വരപ്രാപ്തിക്കുള്ള തീവ്രാഭിലാഷം, ജ്ഞാനപ്രകാശം കാണിച്ചു തരാന്‍ കഴിവുള്ള ഒരു ഗുരു. ഇതു മൂന്നും കിട്ടിയാല്‍ നമ്മുടെ മോചനം അടുത്തു എന്നു തീര്‍ച്ചയാക്കാം. ജ്ഞാനത്തിനുമാത്രമേ നമ്മെ മോചിപ്പിക്കാനും ത്രാണനം ചെയ്യാനും കഴിയൂ. എന്നാല്‍ ജ്ഞാനത്തോടൊപ്പം സന്മാര്‍ഗ്ഗനിഷ്ഠയും ഉണ്ടായിരിക്കണം.

സത്ത ഒന്നേ ഉളളുവെന്നും ഓരോ ആത്മാവും പൂര്‍ണ്ണമായിത്തന്നെ ആ സദ്വസ്തുവാണെന്നുമത്രേ വേദത്തിന്റെ രത്നചുരുക്കം. ഓരോ മഞ്ഞുതുള്ളിയിലും മുഴുവന്‍ സൂര്യനും പ്രതിബിംബിക്കുന്നുണ്ട്. ഈ സത്ത ദേശകാലനിമിത്തങ്ങളില്‍ക്കൂടി നാമറിയുന്ന മനുഷ്യനാകുന്നു. എന്നാല്‍ എല്ലാ കാഴ്ചകളുടെയും പിന്നില്‍ ഏകസത്ത നിലകൊള്ളുന്നു. അധമമായ അഥവാ മിഥ്യയായ അഹന്തയുടെ നിരസനത്തിനാണ്. നിസ്സ്വാര്‍ത്ഥത എന്നു പറയുന്നത്. നാം ശരീരമാണെന്നുള്ള ഈ നികൃഷ്ടസ്വപ്നത്തില്‍നിന്ന് നമുക്കു മോചിക്കേണ്ടിയിരിക്കുന്നു. ‘സോഽഹം’ തത്ത്വം സാക്ഷാല്‍ക്കരിക്കേണ്ടിയിരിക്കുന്നു. സമുദ്രത്തില്‍ വീണു ലയിക്കേണ്ട വെള്ളത്തുള്ളികളല്ല നാം. ഓരോരുത്തനും അനന്തമായ പൂര്‍ണ്ണസമുദ്രംതന്നെയാണ്. മോഹബന്ധത്തില്‍ നിന്നു മുക്തരാകുമ്പോള്‍ നമുക്കതറിയാറാകും. അനന്തത അവിഭാജ്യമത്രേ. അദ്വിതീയമായ ഏകവസ്തു സദ്വിതീയമാകയില്ല. എല്ലാം ആ ഒന്നുമാത്രം ഈ ജ്ഞാനം എല്ലാവര്‍ക്കും സിദ്ധിക്കും. എന്നാല്‍ ഇപ്പോള്‍ത്തന്നെ അതു കയ്യിലാക്കാന്‍ നാം പ്രയത്നിക്കണം. എന്തെന്നാല്‍ അതു ലഭിക്കുന്നതുവരെയും മനുഷ്യസമുദായത്തിനു യഥാര്‍ത്ഥത്തില്‍ ഉത്തമമായ സേവനം നല്‍കാന്‍ നമുക്കു കഴിയില്ല. ജീവന്മുക്തന്നുമാത്രമേ യഥാര്‍ത്ഥപ്രേമവും യഥാര്‍ത്ഥദാനവും യഥാര്‍ത്ഥസത്യവും വിതരണം ചെയ്യാന്‍ കഴിയൂ. സത്യത്തിനു മാത്രമേ നമ്മെ മുക്തരാക്കാന്‍ കഴിയൂ. തൃഷ്ണ നമ്മെ അടിമകളാക്കുന്നു. തനിക്കിരയായവര്‍ക്ക് ഒരു വിശ്രാന്തിയും അനുവദിക്കാത്ത, അതര്‍പ്പണീയനായ, സ്വേച്ഛാപ്രഭുവാണ് തൃഷ്ണ, ജീവന്മുക്തനാകട്ടെ താന്‍ ഏകസത്തയാണെന്നും തനിക്ക് ആഗ്രഹിക്കത്തക്ക മറ്റൊരു വസ്തു അവശേഷിച്ചിട്ടില്ലെന്നുമുള്ള ജ്ഞാനം ഹേതുവായി എല്ലാ തൃഷ്ണകളേയും ജയിച്ചടക്കിയിരിക്കുന്നു.

മനസ്സാണ് എല്ലാത്തരം വ്യാമോഹങ്ങളേയും കൊണ്ടുവരുന്നത്-ശരീരബോധം, സ്ത്രീപുരുഷഭേദം, മതഭേദം, ജാതിഭേദം, ബദ്ധഭാവം ഇത്യാദി. അതിനാല്‍ മനസ്സു സത്യത്തെ സാക്ഷാല്‍ക്കരിക്കുവാന്‍ നിര്‍ബ്ബദ്ധമാകുംവരെ നാം അതിനോടു നിരന്തരം സത്യം ഉണര്‍ത്തിച്ചുകൊണ്ടിരിക്കണം. നമ്മുടെ യഥാര്‍ത്ഥഭാവം മുഴുവന്‍ ആനന്ദമാണ്. നമുക്കറിവുള്ള സുഖങ്ങളെല്ലാം ആ ആനന്ദത്തിന്റെ പ്രതിബിംബംമാത്രം -നമ്മുടെ യഥാര്‍ത്ഥഭാവത്തെ സ്പര്‍ശിക്കുന്നതിലുണ്ടാകുന്ന ആനന്ദത്തിന്റെ കണികകള്‍മാത്രമാണവ. ആ സത്തയാകട്ടെ, സുഖദുഃഖങ്ങള്‍ക്കു രണ്ടിനും അതീതമാണ്. ജഗത്തിന്റെ സാക്ഷിയാണ്. ജീവിതഗ്രന്ഥത്തിന്റെ താളുകള്‍ മുമ്പില്‍ മുറയ്ക്കു മറിഞ്ഞുകൊണ്ടിരിക്കുന്നതു നോക്കിയിരിക്കുന്ന ചിരന്തനനായ വായനക്കാരന്‍.

അഭ്യാസത്തില്‍നിന്നു യോഗം (ചിത്തവൃത്തിനിരോധം അഥവാ ഏകാഗ്രത) സിദ്ധിക്കുന്നു. യോഗത്തില്‍നിന്നു ജ്ഞാനവും ജ്ഞാനത്തില്‍നിന്നു പ്രേമവും പ്രേമത്തിലൂടെ ആനന്ദവും കൈവരുന്നു. ‘

ഞാന്‍ എന്റേതു ഇവ മൂഡവിശ്വാസങ്ങളാണ്. അവയെ ദൂരത്തെറിയുക. മിക്കവാറും അസാദ്ധ്യമാംവിധം നാം അതിദീര്‍ഘകാലം അവയില്‍ ജീവിച്ചുപോയി. എങ്കിലും പരമമായ ലക്ഷ്യത്തിലേയ്ക്കുയരുവാന്‍ നാമവയെ വലിച്ചറിഞ്ഞേ കഴിയൂ. നാം പ്രസന്നവദനരും ഉന്മേഷവാന്മാരുമാകണം. വിഷാദമോ വിലാപമോ മതത്തിന്റെ ലക്ഷണമല്ല. മതം മനുഷ്യനുള്ള വസ്തുക്കളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമാകയാല്‍ ഏറ്റവും ആനന്ദദായകമാകണം. കഠിനതപശ്ചര്യകള്‍ നമ്മെ വിശുദ്ധരാക്കില്ല. ഈശ്വരഭക്തനും നിര്‍മ്മലനുമായ മനുഷ്യന്‍ ദുഃഖാധീനനാകേണ്ട കാര്യമെന്ത്?

അയാള്‍ ഉന്മേഷവാനായ ശിശുവിനെപ്പോലിരിക്കണം-ശരിക്കും ഒരീശ്വരസന്താനം. മതവിഷയത്തില്‍ കാതലായ കാര്യം ഹൃദയശുദ്ധിയാണ്. സ്വര്‍ഗ്ഗരാജ്യം നമ്മുടെ ഉള്ളില്‍ത്തന്നെയാണ്. പക്ഷേ ഹൃദയശുദ്ധിയുള്ളവര്‍ക്കേ രാജാവിനെ കാണാന്‍ പറ്റൂ. നാം ലോകത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അതു നമുക്കു ലോകംമാത്രമാണ്. ലോകം ഈശ്വരനാണെന്ന ഭാവനയോടെ അതിനെ സമീപിച്ചാലോ, നമുക്കു ഈശ്വരനെ കിട്ടും. എല്ലാവരോടും എല്ലാറ്റിനോടും നമുക്കുള്ള മനോഭാവം അതായിരിക്കണം-മാതാപിതാക്കളോടും സന്താനങ്ങളോടും ഭര്‍ത്താക്കന്മാരോടും ഭാര്യമാരോടും സ്നേഹിതന്മാരോടും ശത്രുക്കളോടുമെല്ലാം. ഇപ്രകാരം ഈ ജഗത്തിനെ ബോധപൂര്‍വ്വം ഈശ്വരനെക്കൊണ്ടു നിറച്ചാല്‍, ജഗത്തു മുഴുവന്‍ നമ്മെസ്സംബന്ധിച്ച് എങ്ങനെ രൂപാന്തരപ്പെടുമെന്നാലോചിക്കുക! ഈശ്വരനെയൊഴികെ മറ്റൊന്നും കാണാതിരിക്കുക! നമ്മെസ്സംബന്ധിച്ച് എല്ലാ ദുഃഖങ്ങളും ക്ളേശങ്ങളും വ്യഥകളും അതോടെ എന്നേയ്ക്കുമായി മറഞ്ഞുപോകും!

ജ്ഞാനം ‘വിശ്വാസപ്രമാണ’രഹിതമായ ഒരവസ്ഥയാണ്. എന്നാല്‍ അതു വിശ്വാസപ്രമാണങ്ങളെ നിഷേധിക്കുന്നു എന്നര്‍ത്ഥമില്ല. വിശ്വാസപ്രമാണങ്ങള്‍ക്കതീതമായ ഒരു നിലയെ പ്രാപിച്ചിരിക്കുന്നു എന്നാണര്‍ത്ഥം. ജ്ഞാനി ഒരു വിശ്വാസത്തെയും ധ്വംസിക്കാന്‍ ഒരുമ്പെടുന്നില്ല. പ്രത്യുത എല്ലാവരെയും സഹായിക്കാനാഗ്രഹിക്കുന്നു. എല്ലാ നദികളും അവയിലെ ജലം സമുദ്രത്തിലെത്തിച്ച് അവിടെ ഏകീഭവിക്കുംപോലെ. എല്ലാ മതവിശ്വാസങ്ങളും ജ്ഞാനത്തിലേക്കു ചെന്ന് അവിടെ ഏകീഭവിക്കണം.

എല്ലാ വസ്തുക്കളുടെയും സത്ത ബ്രഹ്മത്തെ ആശ്രയിച്ചിരിക്കുന്നു. ഈ വസ്തുത ശരിയായി ഗ്രഹിക്കുന്നതോടൊപ്പമേ നമുക്കുതന്നെ യാഥാര്‍ത്ഥ്യമുള്ളൂ. നമ്മുടെ ഭേദദര്‍ശനം അവസാനിക്കുമ്പോള്‍, ‘ഞാനും എന്റെ പിതാവും ഒന്ന്’ എന്ന ജ്ഞാനം നമ്മിലുദിക്കും.

ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ ജ്ഞാനമാര്‍ഗ്ഗം വളരെ വിശദമായി ഉപദേശിക്കുന്നുണ്ട്. ഈ വിശിഷ്ടകാവ്യം ഭാരതത്തിലെ ആദ്ധ്യാത്മികസാഹിത്യങ്ങളുടെയെല്ലാം ചൂഡാരത്നമായി കരുതപ്പെടുന്നു. അതു വേദങ്ങളുടെ ഒരുതരം ഭാഷ്യമാണ്. ആദ്ധ്യാത്മികതയ്ക്കുവേണ്ടിയുള്ള സമരം ഈ ജീവിതത്തില്‍ത്തന്നെ നടത്തേണ്ടതാണെന്നും നാം അതില്‍നിന്നു ഓടിപ്പോകയല്ല പ്രത്യുത അതില്‍നിന്നു ലഭിക്കാവുന്ന നേട്ടങ്ങളെല്ലാം നേടിയെടുക്കുകയാണ് വേണ്ടതെന്നും ഗീത പഠിപ്പിക്കുന്നു. ഗീത ഉല്‍കൃഷ്ടകാര്യങ്ങള്‍ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തിന്റെ നിദര്‍ശനമാകയാല്‍, അതുപദേശിക്കപ്പെട്ട രംഗം ഒരു രണഭൂമിയാക്കിയത് അത്യന്തം കാവ്യാത്മകമാണ്. അന്യോന്യസംഘട്ടനത്തിന് ഒരുങ്ങിനില്‍ക്കുന്ന ഇരുസൈന്യങ്ങളിലൊന്നിന്റെ നായകനാണ് അര്‍ജ്ജുനന്‍. അര്‍ജ്ജുനന്റെ സാരഥിയായി അഭിനയിക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്‍, വിഷാദത്തിനടിപ്പെടരുതെന്നും മരണത്തെത്തന്നെ ഭയപ്പെടേണ്ടതില്ലെന്നും അര്‍ജ്ജുനനെ ഉദ്ബോധിപ്പിക്കുന്നു-മനുഷ്യന്റെ യഥാര്‍ത്ഥസത്തയില്‍ വികാര്യമായി ഒന്നുമില്ലെന്നും അതായത് അമൃതമാണെന്നും ബോധപ്പെട്ടാല്‍ പിന്നെ എന്തിനു മരണത്തെ ഭയപ്പെടണം? ഓരോ അദ്ധ്യായത്തിലായി തത്ത്വശാസ്ത്രങ്ങളിലേയും ധര്‍മ്മശാസ്ത്രങ്ങളിലേയും ഉന്നതസത്യങ്ങളെല്ലാം ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്നു പറഞ്ഞുകൊടുക്കുന്നു. ഈ ഉപദേശങ്ങളത്രേ ഗീതാകാവ്യത്തെ ഇത്ര വിശിഷ്ടമാക്കിയിട്ടുള്ളത്. കാര്യമായ വേദാന്തശാസ്ത്രം മുഴുവന്‍ ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു. ആത്മാവ് അനന്തമാണെന്നും ശരീരനാശം ഒരു തരത്തിലും അതിനെ ബാധിക്കുന്നില്ലെന്നും വേദങ്ങള്‍ പഠിപ്പിക്കുന്നു. ഒരിടത്തും പരിധിയില്ലാത്തതും എന്നാല്‍ ഒരു ശരീരത്തില്‍ കേന്ദ്രത്തോടു കൂടിയതുമായ ഒരു വൃത്തമാണ് ജീവാത്മാവ്. മരണമെന്നു പറയപ്പെടുന്നത് ഈ കേന്ദ്രത്തിന്റെ സ്ഥാനമാറ്റംമാത്രം. ഒരിടത്തും പരിധിയില്ലാത്തതും എല്ലായിടത്തും കേന്ദ്രത്തോടുകൂടിയതുമായ വൃത്തമാണീശ്വരന്‍. ഈ ഇടുങ്ങിയ ശരീരകേന്ദ്രത്തില്‍നിന്നു പുറത്തു കടക്കാന്‍ കഴിഞ്ഞാല്‍ നാം ഈശ്വരനെ-നമ്മിലെ പരമാര്‍ത്ഥസത്തയെ-സാക്ഷാല്‍കരിക്കും.

വര്‍ത്തമാനം ഭൂതഭാവികളുടെ ഇടയ്ക്കുള്ള ഒരതിര്‍ത്തിരേഖമാത്രമാണ്. അതുകൊണ്ട് നാം വര്‍ത്തമാനകാലത്തിലേ ഉള്ളൂ എന്നു പറയുന്നതു യുക്തിക്കു ചേര്‍ന്നതല്ല. എന്തെന്നാല്‍, ഭൂതഭാവികളില്‍നിന്നു വിട്ടു വര്‍ത്തമാനത്തിനു നിലനില്‍പ്പേ ഇല്ല. ഭൂതവര്‍ത്തമാനഭാവികള്‍ മൂന്നും ചേര്‍ന്ന് ഒരു പൂര്‍ണ്ണ-ഏകകമാണ്. നമ്മുടെ ഗ്രഹണേന്ദ്രിയത്തിന്റെ (ബുദ്ധിയുടെ) ഘടനാവിശേഷം ഹേതുവായി നമ്മില്‍ ആരോപിക്കപ്പെട്ട ഉപാധിമാത്രമാണ് കാലഭാവന.