ജ്ഞാനയോഗപ്രഭാഷണങ്ങള്‍
ജഗത്തിലുള്ള സകലതിനും വ്യവസ്ഥ ആത്മാവാണ്. അതു മറ്റൊന്നിനാലും വ്യവസ്ഥിതമല്ല. നാം അതുതന്നെ എന്നറിയുന്ന നിമിഷത്തില്‍ നാം സ്വതന്ത്രരാവുന്നു. മര്‍ത്ത്യര്‍ എന്ന നിലയില്‍ നാം സ്വതന്ത്രരല്ല. ആകാനും വയ്യ. സ്വതന്ത്രമര്‍ത്ത്യത ഉക്തിവൈരുദ്ധ്യമാണ്. എന്തെന്നാല്‍ മര്‍ത്ത്യതയില്‍ പരിവര്‍ത്തനം ഉപലക്ഷിതമാണ്. പരിവര്‍ത്തനമില്ലാത്തതേ സ്വതന്ത്രമാകൂ. ആത്മാവുമാത്രമാണ് സ്വതന്ത്രം. അതാണ് നമ്മുടെ യഥാര്‍ത്ഥസാരവും. ഈ ആഭ്യന്തരസ്വാതന്ത്യ്രത്തെക്കുറിച്ച് നമുക്ക് ഉള്ളിലറിയാം. എതിരായി എന്തെല്ലാം സിദ്ധാന്തങ്ങളും വിശ്വാസങ്ങളും പ്രചരിച്ചാലും നമുക്കു അതിനെക്കുറിച്ചു ബോധമുണ്ട്. ബോധമുണ്ടെന്നതിന് നമ്മുടെ ഓരോ പ്രവൃത്തിയും തെളിവാണ്. ഇച്ഛ സ്വതന്ത്രമല്ല. അതില്‍ക്കാണുന്ന സ്വാതന്ത്യ്രം സത്യവസ്തുവില്‍നിന്നുള്ള ഒരു പ്രതിഫലനംമാത്രം, ലോകം കാരണകാര്യങ്ങളുടെ അറുതിയറ്റ ചങ്ങലയാണെങ്കില്‍, അതിനെ സഹായിക്കേണ്ടവന്‍ എവിടെ വന്നു കാലുറപ്പിക്കും? രക്ഷിതാവിനു നല്‍കാന്‍ ശകലം ഉണങ്ങിയ ഭൂമി അവശ്യം വേണം. അല്ലാഞ്ഞാല്‍ ഇരമ്പിപ്പായുന്ന നീര്‍ക്കുത്തില്‍നിന്ന് അയാള്‍ വല്ലവരെയും മുങ്ങിച്ചാവാതെ രക്ഷിക്കുന്നതെങ്ങനെ? ‘ഞാനൊരു കീടമാണ്’ എന്നു കേഴുന്ന മതഭ്രാന്തന്‍പോലും താന്‍ ഒരു വിശുദ്ധാത്മാവാകാനുള്ള വഴിക്കാണ് സഞ്ചരിക്കുന്നതെന്നു വിചാരിക്കുന്നു. കീടത്തില്‍പ്പോലും അയാള്‍ വിശുദ്ധപുരുഷനെ കാണുന്നു.
മനുഷ്യജീവിതത്തിനു രണ്ടു ലക്ഷ്യങ്ങളാണുള്ളത്-വിജ്ഞാനവും ആനന്ദവും. മുക്തിയുടെ അഭാവത്തില്‍ ഇവ രണ്ടും അസാധ്യം. അവ എല്ലാ ജീവിതത്തെയും വിലയിരുത്താനുള്ള മാനദണ്ഡമാണ്. സകലപാപരതന്മാര്‍ക്കുംവേണ്ടി നാംതന്നെയാണ് പാപം ചെയ്യുന്നതെന്ന ബോധത്തോടെ കണ്ണുനീര്‍ വാര്‍ക്കത്തക്കവണ്ണം ചിരസ്ഥായിയായ ഏകത്വം നമുക്കു അത്ര പ്രബലമായനുഭവപ്പെടണം. സ്വാര്‍ത്ഥാഹുതിയാണ് നിത്യനിയമം. സ്വാര്‍ത്ഥപോഷണമല്ല. എല്ലാം ഞാനായിരിക്കെ എന്തു സ്വാര്‍ത്ഥമുണ്ട് സ്ഥാപിക്കാന്‍? അവകാശങ്ങള്‍ എന്നൊന്നില്ല. എല്ലാം സ്നേഹംമാത്രം. യേശു പഠിപ്പിച്ച മഹാസത്യങ്ങള്‍ ഒരിക്കലും അനുഷ്ടിക്കപ്പെട്ടിട്ടില്ല. അവിടുത്തെ മാര്‍ഗ്ഗം നമുക്കൊന്നു പരീക്ഷിച്ചുനോക്കാം. അതു ലോകത്തെ രക്ഷിക്കുമോ എന്നു നോക്കാം. അതിനു വിപരീതമായ പോക്ക് ലോകത്തെ മിക്കവാറും നശിപ്പിച്ചിരിക്കുകയാണ്. നിസ്സ്വാര്‍ത്ഥതയ്ക്കല്ലാതെ സ്വാര്‍ത്ഥതയ്ക്കു പ്രശ്നം പരിഹരിക്കാന്‍ വയ്യ. അവകാശാശയം ഒരു അവച്ഛേദകമാണ്. യഥാര്‍ത്ഥത്തില്‍ ‘എന്റെതോ’ ‘നിങ്ങളുടെതോ’ ഇല്ല. എന്തെന്നാല്‍ ഞാന്‍ നിങ്ങളും നിങ്ങള്‍ ഞാനുമാണ്. നമുക്ക് ‘ചുമതലക’ളുണ്ട് ‘അവകാശങ്ങ’ളില്ല ‘വിശ്വം മുഴുവന്‍ ഞാനാണ്’ എന്നാണ് നാം പറയേണ്ടത്. ‘ഞാന്‍ ജോണ്‍’ അല്ലെങ്കില്‍ ‘ഞാന്‍ മേരി’ എന്നല്ല. ഈ അവച്ഛേദനങ്ങളെല്ലാം മതിവിഭ്രാന്തികളാണ്. അവയാണ് നമ്മെ കെട്ടിലിട്ടിരിക്കുന്നത്. എന്തെന്നാല്‍, ‘ഞാന്‍ ജോണാണ്’ എന്ന വിചാരം എന്നിലുളവാകുന്ന നിമിഷംമുതല്‍ ഞാന്‍ ചില വസ്തുക്കളിന്മേല്‍ അനന്യാവകാശം ആവശ്യപ്പെടുന്നു. ‘ഞാന്‍ എന്റേത്’ എന്നുരുവിട്ടുതുടങ്ങുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി തുടരെ പുതിയ വിവേചനങ്ങള്‍ ചമച്ചുകൊണ്ടുമിരിക്കുന്നു. ഇത്തരം ഓരോ പുതുവിവേചനത്തോടുമൊപ്പം നമ്മുടെ ബന്ധനവും പെരുകുന്നു. തല്‍ഫലമായി കേന്ദ്രമാകുന്ന ഏകത്വത്തില്‍നിന്നു അവിഭക്തമായ ആനന്ത്യത്തില്‍നിന്നു നാം അടിക്കടി അകന്നു പോരികയും ചെയ്യുന്നു. ഈ ജഗത്തില്‍ ഒറ്റ വ്യഷ്ടിയേയുള്ളൂ. നാമോരോരുത്തനും അതാണ്. ഏകത്വബോധത്തില്‍മാത്രമാണ് പ്രേമവും നിര്‍ഭയത്വവും പൃഥഗ്ഭാവം വിദ്വേഷത്തിലേക്കും ഭയത്തിലേക്കും നയിക്കുന്നു. ഏകത്വം (ധാര്‍മ്മികത) നിയമത്തെ പരിപൂര്‍ണ്ണം ചെയ്യുന്നു. ഇവിടെ ഈ ഭൂമിയിലെ ചെറുവിഭാഗങ്ങളെ വേലികെട്ടിയടയ്ക്കാനും അന്യരെ പുറത്തു നിര്‍ത്താനും നാം ശ്രമിക്കുന്നു. എന്നാല്‍ ആകാശത്ത് അപ്രകാരം ചെയ്യാന്‍ നമുക്കു വയ്യ. എങ്കിലും ‘ഈ വഴി പോയാലേ രക്ഷകിട്ടൂ. മറ്റുവഴികളെല്ലാം തെറ്റ്’ എന്നു പറയുമ്പോള്‍, മതസമ്പ്രദായങ്ങള്‍ അതാണ് ചെയ്യാന്‍ ശ്രമിക്കുന്നത്. ഈ ചെറിയ കെട്ടിയടപ്പുകളെ പൊളിച്ചകറ്റുകയും, അതിര്‍ത്തികള്‍ മേല്‍ക്കുമേല്‍ വിസ്തൃതമാക്കി ഒടുവില്‍ അദൃശ്യമാക്കുകയും, അങ്ങനെ സര്‍വ്വമതങ്ങളും ഈശ്വരനിലേക്കു നയിക്കുന്നു എന്നു സാക്ഷാല്‍കരിക്കുകയുമാകണം ഒരു പുതു ഉന്നം. ഈ ക്ഷുദ്രമായ ‘അഹം’ ആഹുതി ചെയ്യപ്പെടണം. ഒരു പുതു ജീവിതത്തിലേക്കുള്ള ജ്ഞാനസ്നാനകര്‍മ്മം ഈ വസ്തുതയെയാണ് പ്രതീകാത്മകമായി സൂചിപ്പിക്കുന്നത്-അതായത് പഴയ മനുഷ്യന്റെ മരണവും പുതിയ മനുഷ്യന്റെ ജനനവും. മിഥ്യാഹത്തിന്റെ ച്യുതിയും ആത്മാവിന്റെ സാക്ഷാല്‍ക്കരണവും.
വേദങ്ങള്‍ക്കു കര്‍മ്മകാണ്ഡം ജ്ഞാനകാണ്ഡം എന്നു രണ്ടു മുഖ്യവിഭാഗങ്ങളുണ്ട്. മതപരമായ ആശയങ്ങളുടെ മുഴുവന്‍ വളര്‍ച്ചയും വേദങ്ങളില്‍ കാണാം. ഉച്ചതരസത്യം കണ്ടെത്തിയപ്പോഴും അതിലേയ്ക്കു നയിച്ച താഴ്ന്ന ദര്‍ശനത്തെ നശിപ്പിക്കാതെ അതിനെയും സൂക്ഷിച്ചുപോന്നതിനാലാണ് ഇതു സാധിക്കുന്നത്. ഈ സംസാരം എന്നും നിലനില്‍ക്കുന്നതാകകൊണ്ട് ജ്ഞാനത്തിന്റെ ആദ്യപടികള്‍ ആവശ്യമുള്ളവരും എന്നുമുണ്ടാകുമെന്നും. അത്യുന്നതതത്ത്വജ്ഞാനം ഏവര്‍ക്കുമായി തുറന്നിരിക്കയാണെങ്കിലും അതു ഒരിക്കലും എല്ലാവര്‍ക്കും സുഗ്രഹമല്ലെന്നും ഋഷിമാര്‍ മനസ്സിലാക്കിയതുനിമിത്തമാണ് ഇപ്രകാരം ചെയ്യാനിടയായത്. മിക്കവാറും മറ്റു മതങ്ങളിലെല്ലാം ഏറ്റവും ഒടുവില്‍ കണ്ടെത്തി, അല്ലെങ്കില്‍ ഏറ്റവും ഉയര്‍ന്ന, സത്യത്തെയേ സൂക്ഷിക്കുന്നുള്ളൂ. തല്‍ഫലമായി, ആദ്യകാലാശയങ്ങള്‍ പൊയ്പോകയും, വളരെ ചുരുക്കംപേര്‍ക്കുമാത്രം, മനസ്സിലാകാവുന്ന നൂതനാശയങ്ങള്‍ ഭൂരിപക്ഷം ജനങ്ങളെസ്സംബന്ധിച്ചു നിരര്‍ത്ഥകങ്ങളായി ശേഷിക്കയും ചെയ്തു. ഈ പരിണാമം, പഴയ പാരമ്പര്യങ്ങളേയും പ്രമാണങ്ങളേയും ഏറെയേറെ ധിക്കരിക്കുന്നതില്‍ ദൃഷ്ടാന്തപ്പെടുന്നു. ആധുനികമനുഷ്യന്‍ അവയെ സ്വീകരിക്കുന്നതിനുപകരം അവയുടെ അവകാശവാദങ്ങള്‍ക്കു തക്ക യുക്ത്യടിസ്ഥാനങ്ങള്‍ കാണിക്കാന്‍, എന്തു കാരണങ്ങളാല്‍ അവയെ സ്വീകരിക്കണമെന്നു വ്യക്തമാക്കുവാന്‍, വാശിയോടെ വെല്ലുവിളി നടത്തുന്നു. ക്രിസ്തുമതത്തിലെ ഏറിയ അംശവും അതിനുമുമ്പേയുള്ള ക്രൈസ്തവേതരങ്ങളായ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പുതിയ പേരുകളും വ്യാഖ്യാനങ്ങളും നല്‍കി സ്വീകരിച്ചിട്ടുള്ളവയാണ്. അവയുടെ പഴയ ഉത്ഭവസ്ഥാനങ്ങളെ പൊയ്പോകാതെ സൂക്ഷിക്കയും രൂപാന്തരപ്രാപ്തിക്കുള്ള കാരണങ്ങള്‍ വേണ്ടവിധം വിശദീകരിക്കുകയും ചെയ്തിരുന്നുവെങ്കില്‍, അനേകം കാര്യങ്ങള്‍ ഇന്നും കൂടുതല്‍ വ്യക്തമായേനെ. വേദങ്ങള്‍ പഴയ ആശയങ്ങളെ നശിപ്പിക്കാതെ സൂക്ഷിച്ചു. തന്മൂലം ആ ആശയങ്ങളേയും അവ സൂക്ഷിക്കപ്പെട്ടതിന്റെ കാരണങ്ങളേയും വിശദീകരിക്കാന്‍ വിസ്തൃതങ്ങളായ ഭാഷ്യങ്ങള്‍ വേണ്ടിവന്നു. കൂടാതെ, അതു പലേ അന്ധവിശ്വാസങ്ങളിലേക്കു വഴി തെളിയിക്കയും ചെയ്തു- പഴയ ചടങ്ങുകള്‍ക്കു പില്‍ക്കാലത്ത് ഒരര്‍ത്ഥവുമില്ലാതായതിനുശേഷവും ജനത അവയെ അനുഷ്ഠിച്ചുപോന്നതിനാലാണത്. അനേകം മതകര്‍മ്മങ്ങളില്‍, ഇപ്പോള്‍ ലുപ്തപ്രചാരമായ ഏതോ ഭാഷയില്‍നിന്ന് അതിജീവിച്ചിട്ടുള്ള വാക്കുകള്‍ ഉരുവിടുന്നുണ്ട്. ഇന്ന് ആ വാക്കുകള്‍ക്ക് ശരിയായ ഒരര്‍ത്ഥവും കല്‍പ്പിക്കാവതല്ല. ക്രിസ്ത്വബ്ദം തുടങ്ങുന്നതിനു വളരെ പണ്ടുതന്നെ പരിണാമവാദാശയം വേദങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിരുന്നു. എങ്കിലും ഡാര്‍വിന്റെ സാക്ഷിപത്രം ലഭിക്കുംവരെയും അതു ഹിന്ദുക്കളുടെ ഒരു വെറും അന്ധവിശ്വാസമായി ഗണിക്കപ്പെട്ടുപോന്നു.
പ്രാര്‍ത്ഥനയുടേയും ഉപാസനയുടേയും എല്ലാ ബാഹ്യരൂപങ്ങളും കര്‍മ്മകാണ്ഡത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേവലം ചടങ്ങായി അധഃപതിക്കാനിടവരുത്താതെ നിഃസ്വാര്‍ത്ഥഭാവത്തോടെ അനുഷ്ഠിക്കപ്പെടുന്നപക്ഷം, അവ ഫലപ്രദങ്ങളാണ്. അവ ഹൃദയത്തെ ശുദ്ധീകരിക്കുന്നു. തനിക്കു മുമ്പേ മറ്റെല്ലാവരും മുക്തരാകണമെന്ന് കര്‍മ്മയോഗി ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ മോചനത്തിനു സഹായിക്കുകയാണ് അയാളുടെ ഏകമോചനമാര്‍ഗ്ഗം. ‘കൃഷ്ണഭൃത്യന്മാര്‍ക്ക് സേവനം അനുഷ്ഠിക്കുന്നതുതന്നെ പരമമായ ആരാധന’. ഒരു വിശുദ്ധാത്മാവ് ഇപ്രകാരം പ്രാര്‍ത്ഥിക്കുകയുണ്ടായി: ‘ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുകൊണ്ടു നരകത്തിലേക്കു പോകാന്‍ എന്നെ അനുവദിച്ചാലും. അങ്ങനെ ലോകം രക്ഷപ്പെടട്ടെ’. ഈ യഥാര്‍ത്ഥമായ ആരാധന ഉഗ്രമായ ആത്മത്യാഗത്തിലേക്കു നയിക്കുന്നു. ഒരു മഹാത്മാവു താനാര്‍ജ്ജിച്ച പുണ്യമത്രയും നീണാള്‍ വിശ്വാസപൂര്‍വ്വം തന്നെ സേവിച്ച തെന്റ ശ്വാവിനെ സ്വര്‍ഗ്ഗത്തിലയയ്ക്കാന്‍വേണ്ടി ദാനം ചെയ്യാനും താന്‍ സ്വയം നരകത്തിലേക്കു പോകാനും സന്നദ്ധനായി പറയപ്പെടുന്നു.
ജ്ഞാനംമാത്രമേ മുക്തി നല്‍കൂ എന്നാണ് ജ്ഞാനകാണ്ഡം പഠിപ്പിക്കുന്നത്. അതായത് ‘മോക്ഷപ്രാപ്തിക്കു ജ്ഞാനി’യാകണം ജ്ഞാനമത്രേ പ്രഥമലക്ഷ്യം-ജ്ഞാതാവ് തന്നെത്തന്നെ അറിയുക. ഏകജ്ഞാതാവായ ആത്മാവ് അഭിവ്യക്താവസ്ഥയില്‍ സ്വയം അറിയാന്‍ ശ്രമിക്കുന്നു. കണ്ണാടി എത്രകണ്ട് സ്വച്ഛമോ അത്രകണ്ടു നന്നായിരിക്കും. അതിലെ പ്രതിച്ഛായ. മനുഷ്യനാണ് ഉത്തമമായ കണ്ണാടി. അവന്‍ എത്രയ്ക്കു നിര്‍മ്മലനോ അത്രയ്ക്കു വിശദമായി അവന് ഈശ്വരനെ പ്രതിബിംബിപ്പിക്കാം. മനുഷ്യന്‍ ഈശ്വരനുമായി വേര്‍പെട്ടു സ്വശരീരവുമായി താദാത്മ്യപ്പെടുക എന്ന തെറ്റു ചെയ്യുന്നു. ഈ പ്രമാദം മായകൊണ്ടത്രേ. മായ കേവലം വ്യാമോഹമല്ല. യഥാര്‍ത്ഥവസ്തുവിനെ ഉള്ളവണ്ണമല്ലാതെ മറ്റൊന്നായി കാണുന്നതാണെന്നു പറയാം. ശരീരവുമായുള്ള ഈ താദാത്മ്യഭാവം നമ്മെ അസമത്വബോധത്തിലേക്കും ആയത് അസൂയയിലേക്കും മാത്സര്യങ്ങളിലേക്കും നയിക്കുന്നു. അതിനാല്‍ ഈ അസമത്വബോധം നിലനില്‍ക്കുന്നിടത്തോളം കാലം നമുക്കു സൌഖ്യമില്ല. ‘അജ്ഞാനവും അസമത്വ(ബോധ)വുമാണ്. സകലദുഃഖങ്ങള്‍ക്കുമുള്ള രണ്ടു നിദാനങ്ങള്‍ എന്നാണ് ജ്ഞാനയോഗത്തിന്റെ മതം.
ലോകത്തില്‍നിന്നു വേണ്ടത്ര ഇട്ടുതട്ടുകള്‍ കിട്ടുമ്പോള്‍ മനുഷ്യന്‍ മോക്ഷച്ഛായയിലേക്കുണരുന്നു. അപ്പോഴവന്‍ ഈ ലൌകികവാഴവിന്റെ പാഴ്ഭ്രമത്തില്‍നിന്നു രക്ഷോപായം തേടി ജിജ്ഞാസുവാകയും തന്റെ യഥാര്‍ത്ഥസ്വരൂപം സാക്ഷാല്‍ക്കരിച്ചു മുക്തനാവുകയും ചെയ്യുന്നു. അതിനുശേഷം അവന്‍ ലോകത്തെ സദാ ചുറ്റിക്കൊണ്ടിരിക്കുന്ന വലിയൊരു യന്ത്രത്തെപ്പോലെ കരുതുന്നു. അതിന്റെ ചക്രങ്ങളില്‍ തന്റെ വിരല്‍ അകപ്പെടാതെ കഴിക്കാന്‍ കരുതിയിരിക്കുന്നു. മുക്തപുരുഷന്നു കര്‍ത്തവ്യങ്ങള്‍ നിലച്ചുപോകുന്നു. മോക്ഷം പ്രാപിച്ചവനെ നിര്‍ബ്ബന്ധിക്കുവാന്‍ ഏതു ശക്തിക്കു കഴിയും? നന്മ ചെയ്യുക അവന്റെ പ്രകൃതിയായതുകൊണ്ട് അവന്‍ നന്മ ചെയ്യുന്നു. അല്ലാതെ, വല്ല സാങ്കല്‍പ്പികകര്‍ത്തവ്യവും നിര്‍ബന്ധിക്കുന്നതുകൊണ്ടല്ല. എന്നാല്‍, ഇന്ദ്രിയബന്ധനങ്ങളില്‍ കിടക്കുന്നവരെസ്സംബന്ധിച്ച് ഇതു ശരിയല്ല-താഴ്ന്ന പടിയിലുള്ള ‘അഹ’ത്തെ അതിക്രമിച്ചവന്നേ സ്വാതന്ത്യ്രമുള്ളൂ. അവന്‍ സ്വാത്മാവില്‍ത്തന്നെ നിലകൊള്ളുന്നു. അവന്‍ ഒരു നിയമവും അനുസരിക്കുന്നില്ല. അവന്‍ സ്വതന്ത്രനും പൂര്‍ണ്ണനുമാണ്. അവന്‍ പഴയ അന്ധവിശ്വാസങ്ങളുടെ കെട്ടുകള്‍ അഴിച്ചിരിക്കുന്നു. സംസാരചക്രത്തിനു പുറത്തു കടന്നിരിക്കുന്നു. പ്രകൃതി നമ്മുടെ ദര്‍പ്പണം മാത്രം. മനുഷ്യജീവികളുടെ പ്രവര്‍ത്തനശേഷിക്ക് അതിരുണ്ട്. തൃഷ്ണക്കതില്ല. അതിനാല്‍, നാം സ്വപ്രയത്നത്തെ ഒഴിവാക്കി, മറ്റുള്ളവരുടെ പ്രവര്‍ത്തനശേഷികളെ ഉപയോഗിച്ച് അവരുടെ വേലയുടെ ഫലം കവര്‍ന്നെടുക്കുന്നു. നമുക്കു വേണ്ടി പണിയെടുക്കാന്‍ യന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നതു മനുഷ്യശ്രേയസ്സിനെ ഒരിക്കലും വര്‍ദ്ധിപ്പിക്കില്ല. കാരണം തൃഷ്ണാതര്‍പ്പണത്തില്‍ നാം തൃഷ്ണയെ കണ്ടെത്തുന്നേ ഉള്ളൂ. അതേത്തുടര്‍ന്നു നമുക്കു പിന്നേയും പിന്നേയും അതു വേണമെന്ന് അറുതിയില്ലാതെ തോന്നുകയും ചെയ്യുന്നു. അപൂരിതങ്ങളായ തൃഷ്ണകളുമായി രമിച്ചിട്ട് നാം അവയെ തൃപ്തിപ്പെടുത്താനുള്ള പാഴ്വേലയ്ക്കു വീണ്ടും വീണ്ടും ജനിക്കുന്നു. ‘മനുഷ്യശരീരം കിട്ടുന്നതിനുമുമ്പ് എണ്‍പതുലക്ഷം ശരീരം നാം സ്വീകരിച്ചിട്ടുണ്ട്’ എന്നാണ് ഹിന്ദുക്കള്‍ പറയുന്നത്. ‘തൃഷ്ണയെ നശിപ്പിച്ച് അതിനെ ഒഴിവാക്കുക’ എന്ന്. ജ്ഞാനയോഗം ഉപദേശിക്കുന്നു. വഴി ഇതേയുള്ളൂ.
കാര്യകാരണനിയമത്തെ തള്ളി ആത്മാവിനെ സാക്ഷാല്‍ക്കരിക്കുക. സ്വാതന്ത്യ്രത്തിന്നേ ശരിയായ സദാചാരത്തെ ആവിഷ്കരിക്കാന്‍ കഴിയൂ. ഒരിക്കലും ഒടുങ്ങാത്ത ഒരു കാര്യ-കാരണശൃംഖലയേ ഉണ്ടായിരുന്നുള്ളുവെങ്കില്‍, ‘നിര്‍വ്വാണം’, അസാദ്ധ്യമായേനേ. ഈ ശൃംഖലയില്‍ ബദ്ധമായ പ്രാതിഭാസികാത്മാവിന്റെ കെടലാണത്. അതിലാണ് സ്വാതന്ത്യ്രം, ഈ നിമിത്തവല്‍ക്കരണത്തെ (കാര്യകാരണശൃംഖലയെ) ഉല്ലംഘിക്കുന്നതില്‍, നമ്മുടെ യഥാര്‍ത്ഥസ്വരൂപം നന്മയുറ്റതാണ്. അതു സ്വതന്ത്രമാണ്, ഒരിക്കലും തെറ്റു ചെയ്യാന്‍ കഴിയാത്ത ശുദ്ധസത്ത്വം. നാം കണ്ണുകൊണ്ടും മനസ്സുകൊണ്ടും ഈശ്വരനെ ഗ്രഹിക്കുമ്പോള്‍ അവിടുത്തേയ്ക്കു പല പേരുകളും നല്‍കുന്നു. എന്നാല്‍ സത്ത ഒന്നേയുള്ളൂ. വൈവിധ്യങ്ങളെല്ലാം ആ ഒന്നിനെപ്പറ്റിയ നമ്മുടെ വ്യാഖ്യാനങ്ങളത്രേ. നാം മറ്റൊന്നാവുകയില്ല. നമ്മുടെ യഥാര്‍ത്ഥസ്വരൂപത്തെ വീണ്ടെടുക്കുകയാണ്. ദുഃഖത്തിനു ശ്രീബുദ്ധന്റെ സംക്ഷിപ്തനിര്‍വ്വചനം-അതു അജ്ഞാനത്തിന്റെയും ജാതിയുടെയും (അസമത്വത്തിന്റെയും) സന്താനമാണെന്നുള്ളത്-വേദാന്തികളും സ്വീകരിച്ചിരിക്കുന്നു. കാരണം ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഉത്തമമായ നിര്‍വ്വചനം അതുതന്നെ. ഈ അദ്വിതീയമഹാത്മാവിന്റെ അത്ഭുതാവഹമായ അന്തര്‍ദര്‍ശനശക്തിയെ അതുദാഹരിക്കുന്നു. അതിനാല്‍, നമുക്കു ധീരതയും ആര്‍ജ്ജവവുമുള്ളവരാകാം-നിഷ്ഠയോടെ ഏതു വഴിക്കു പോയാലും നാം സ്വാതന്ത്യ്രത്തില്‍ എത്താതെ വയ്യ.
ചങ്ങലയുടെ ഒരു കണ്ണി പിടികിട്ടിയാല്‍ ക്രമേണ ചങ്ങല മുഴുവന്‍ പിന്നാലെ വന്നേ തീരൂ. വൃക്ഷത്തിന്റെ ചുവടു നനച്ചാല്‍ വൃക്ഷത്തിനു മുഴുവന്‍ വെള്ളം കിട്ടും. ഓരോ ഇലയും നനയ്ക്കാന്‍ മിനക്കെടേണ്ട. മറ്റുവിധത്തില്‍ പറഞ്ഞാല്‍, ഈശ്വരനെ തേടുക. അവിടുത്തെ ലഭിക്കുന്നതോടെ എല്ലാം ലഭിക്കും. ദേവാലയങ്ങള്‍, മതശാസനങ്ങള്‍. അനുഷ്ഠാനങ്ങള്‍ ഇവയെല്ലാം മതമാകുന്ന തയ്യിനെ രക്ഷിക്കാനുള്ള വേലികള്‍മാത്രം. പില്‍ക്കാലത്ത് തായ്മരമായി വളരാന്‍ ഈ വേലിയെല്ലാം പൊളിച്ചുമാറ്റണം. അതുപോലെ നാനാമതസമ്പ്രദായങ്ങളും മതഗ്രന്ഥങ്ങളും വേദങ്ങളും ബൈബിളുകളും മറ്റും തയ്യിനു നില്‍ക്കാനുള്ള ചട്ടികളാണ്. എന്നാല്‍ അതു പിന്നീടു ചട്ടിക്കു പുറത്തു കടന്നു ലോകം നിറഞ്ഞുനില്‍ക്കേണ്ടതാണ്.
നാം ഇവിടെയെന്നപോലെ സൂര്യനിലും നക്ഷത്രങ്ങളിലും സന്നിഹിതരാണെന്ന ബോധം സമ്പാദിക്കണം. ചൈതന്യം സ്ഥലകാലാതീതമാണ്. കാണുന്ന ഓരോ കണ്ണും എന്റെ കണ്ണാണ്. ഈശ്വരനെ കീര്‍ത്തിക്കുന്ന ഓരോ വായും എന്റെ വായാണ്. ഓരോ പാപിയും ഞാന്‍തന്നെ. നമുക്കൊരിടത്തും പരിമിതിയില്ല. നാം ശരീരമല്ല, ഈ സമസ്തവിസ്വമത്രേ നമ്മുടെ ശരീരം. എല്ലാത്തിനെയും പ്രതിബിംബിക്കുന്ന ശുദ്ധസ്ഫടികമാണ് നാം. എന്നാല്‍ സ്ഫടികം സ്വയം എന്നും അഭേദമായിരിക്കുന്നു. മാന്ത്രികദണ്ഡു ചുഴറ്റി ഇഷ്ടംപോലെ ഓരോരോ കാഴ്ചകള്‍ മുമ്പില്‍ വരുത്തുന്ന മാന്ത്രികന്മാരാണ് നാം. എന്നാല്‍ മിഥ്യാദര്‍ശനങ്ങള്‍ക്കു പിമ്പില്‍ ചെന്ന് ആത്മാവിനെ അറിയണം. ഈ ലോകം കെറ്റിലില്‍ കിടന്നു തിളയ്ക്കാന്‍ തുടങ്ങുന്ന വെള്ളംപോലെയാണ്.ആദ്യം ഒരു കുമിള, പിന്നെ മറ്റൊന്ന്. പിന്നേ അനേകം കുമിളകള്‍. ഒടുവില്‍ എല്ലാം കൂടി തിളച്ചു മറിഞ്ഞ് ആവിയായി പോയ്മറയുന്നു. തിളയുടെ ആരംഭത്തിലെ ഏതാനും കുമിളകള്‍പോലെയാണ് മഹാചാര്യന്മാര്‍. അങ്ങുമിങ്ങുമൊക്കെ ഒരോന്നുമാത്രം. ഒടുവില്‍ ഓരോ ജീവിയും ഓരോ കുമിളയായി മാറി മോചനം നേടേണ്ടിയിരിക്കുന്നു. സൃഷ്ടിവ്യാപാരം എന്നും പുത്തനായി നടന്നുകൊണ്ടിരിക്കും. പുതിയ വെള്ളം കൊണ്ടു വന്നു പഴയ പ്രക്രിയ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ രണ്ടു കുമിളകളാണ് ബുദ്ധനും ക്രിസ്തുവും. സ്വന്തമുക്തി നേടി മറ്റുള്ളവരുടെ മോചനത്തിനു സഹായിച്ച മഹാത്മാക്കളാണവര്‍. രണ്ടുപേരും പൂര്‍ണ്ണരല്ലായിരുന്നു. എന്നാല്‍ അവരെ മതിക്കേണ്ടത് അവരിലെ നന്മകളെ വെച്ചാണ്. ഒരിക്കലും ന്യൂനതകളെ വെച്ചല്ല, യേശുവിന്റെ കുറവ് അവിടുന്നു എല്ലായ്പ്പോഴും തന്റെതന്നെ ഉച്ചതമാദര്‍ശനത്തിനൊത്തു ജീവിക്കാഞ്ഞതിലും എല്ലാത്തിനും മേലെ സ്ത്രീക്കു പുരുഷനുതുല്യമായ സ്ഥാനം നല്‍കാഞ്ഞതിലുമത്രേ. സ്ത്രീ അവിടേയക്കു എല്ലാ സേവനങ്ങളും ചെയ്തെങ്കിലും ഒരു സ്ത്രീപോലും അപ്പോസ്തോലയാക്കപ്പെട്ടില്ല. ഇത് അവിടുന്ന് ഒരു സെമിറ്റിക് വര്‍ഗ്ഗജനായതുകൊണ്ടാണെന്നു തീര്‍ച്ച. മഹത്തായ ആര്യജനത-അവരില്‍ മറ്റനേകം പേരുടെ കൂട്ടത്തില്‍ ബുദ്ധനും-സ്ത്രീകള്‍ക്കു സര്‍വ്വദാ പുരുഷതുല്യസ്ഥാനം നല്‍കിപ്പോന്നു. അവര്‍ മതത്തില്‍ സ്ത്രീപുരുഷവ്യത്യാസം ഗണിച്ചില്ല. വേദങ്ങളിലും ഉപനിഷത്തുകളിലും സ്ത്രീകള്‍ അത്യുന്നതമായ ആദ്ധ്യാത്മികസത്യങ്ങളെ പഠിപ്പിച്ചിരുന്നു. അവര്‍ പുരുഷന്മാരോടൊപ്പം മാനിക്കപ്പെടുകയും ചെയ്തിരുന്നു. ഢക