മറ്റു വിഷയങ്ങളേക്കാള്‍ നമ്മെ ഏറ്റവുമധികം സംബന്ധിക്കുന്നത് ഈശ്വരന്‍, ആത്മാവ് മുതലായ മതപരമായ ആശയങ്ങളാണ്. വേദങ്ങളിലെ സംഹിതകളെത്തന്നെ നോക്കാം. അവ സ്തോത്രങ്ങളുടെ സമാഹാരമാണ്. അവ ആര്യന്മാരുടെ അതിപ്രാചീനമായ സാഹിത്യമൊന്നുമല്ല. വാസ്തവത്തില്‍ ലോകത്തിലെ അതിപ്രീചാനസാഹിത്യവുമാണ്. അവയ്ക്കു മുമ്പ് അങ്ങിങ്ങായി ചില്ലറ സാഹിത്യശകലങ്ങള്‍ വല്ലതും ഉണ്ടായിരുന്നിരിക്കാമെങ്കിലും പുസ്തകമെന്നോ സാഹിത്യമെന്നോ പറയത്തക്കതായിട്ടു ഒന്നുമില്ല. ഇതാണ് ലോകത്തിലെ അതിപ്രാചീനമായ സമാഹൃതഗ്രന്ഥം. ഇതില്‍ ആര്യജനതയുടെ അതിപ്രാചീനകാലത്തെ വികാരങ്ങള്‍, അഭിലാഷങ്ങള്‍, ജീവിതരീതികള്‍, പൊരുമാറ്റങ്ങള്‍ എന്നിവ സംബന്ധിച്ചിണ്ടായ പ്രശ്നങ്ങള്‍ മുതലായവ ചിത്രീകരിച്ചുകാണാം. ആദ്യംതന്നെ ആശ്ചര്യകരമായ ഒരാശയം നമ്മുടെ ശ്രദ്ധയില്‍ പെടുന്നു. ഈ സ്തോത്രങ്ങളെല്ലാം വിഭിന്നദേവന്മാരെപ്പറ്റി പാടിയവയാണ്. ദേവന്മാര്‍ എന്നുവെച്ചാല്‍ ദീപ്തിയുള്ളവര്‍, പ്രകാശിക്കുന്നവര്‍ എന്നര്‍ത്ഥം. ഇന്ദ്രന്‍, വരുണന്‍, മിത്രന്‍, പര്‍ജ്ജന്യന്‍, തുടങ്ങി ദേവന്മാര്‍ വളരെയുണ്ട്. കല്‍പ്പിതങ്ങളും പൌരാണികങ്ങളുമായ അനേകം കഥാപാത്രങ്ങള്‍ ഒന്നിനുപുറകെ ഒന്നായി നമ്മുടെ മുമ്പില്‍ ആവിര്‍ഭവിക്കുന്നു. ഉദാഹരണത്തിന്, ഇന്ദ്രന്‍ ഭൂമിയില്‍ മഴപെയ്യുന്നതിനെ തടസ്സംചെയ്യുന്ന സര്‍പ്പത്തെ തന്റെ വജ്രംകൊണ്ടു നിഹനിക്കുകയും തല്‍ഫലമായി മഴ ധാരാളമായി പെയ്യുകയും ചെയ്യുന്നു. ജനങ്ങള്‍ സന്തുഷ്ടരായി ഇന്ദ്രനെ യജ്ഞാഹുതികള്‍കൊണ്ട് പൂജിക്കുന്നു. അവര്‍ യജ്ഞകുണ്ഡത്തില്‍ അഗ്നി ജ്വലിപ്പിച്ച് അതില്‍ ചില മൃഗങ്ങളുടെ മാംസം പൊരിച്ച് ഇന്ദ്രനു നിവേദിക്കുന്നു. കൂടാതെ, അവര്‍ക്ക് അക്കാലത്ത് വളരെ പ്രചാരത്തിലിരുന്ന ‘സോമ’ എന്നൊരു ചെടിയുണ്ടായിരുന്നു. അത് എന്തു ചെടിയായിരുന്നുവെന്നു ഇപ്പോഴാര്‍ക്കും അറിവില്ല. അതു നിശ്ശേഷം നശിച്ചുപോയി. എങ്കിലും അതു പിഴിഞ്ഞാല്‍, പാല്‍മാതിരി ഒരു നീരു കിട്ടിയിരുന്നുവെന്നും, അതു പുളിപ്പിച്ചു ലഹരിയുള്ള ഒരു മദ്യമാക്കിയിരുന്നുവെന്നും മറ്റും ഗ്രന്ഥങ്ങളിലെ വിവരണങ്ങളില്‍നിന്നും മനസ്സിലാക്കാം. ഇത് അവര്‍ ഇന്ദ്രന്നും മറ്റു ദേവന്മാര്‍ക്കും അര്‍പ്പിക്കുകയും സ്വയം കുടിക്കുകയും ചെയ്തിരുന്നു. ചിലപ്പോള്‍ അവരും ദേവന്മാരും കുടിച്ചു ബോധം കെട്ടിരുന്നതായും കാണുന്നു. ഒരിക്കല്‍ ഇന്ദ്രന്‍ ഈ സോമരസം കണക്കറ്റു കുടിച്ചതിന്റെ ഫലമായി പിച്ചും പേയും പറഞ്ഞതായി ഒരിടത്തു പ്രസ്താവിച്ചിട്ടുണ്ട്. അതുപോലെ വരുണദേവനും. വരുണന്‍ ശക്തിയേറിയ വേറൊരു ദേവനാണ്. അവിടുന്ന് ഇന്ദ്രനെപ്പോലെ തന്റെ ഉപാസകരെ രക്ഷിക്കുകയും അവര്‍ അവിടുത്തേക്കു സോമഹവനം അര്‍പ്പിച്ചു സ്തുതിഗീതക്ഷള്‍ പാടുകയും ചെയ്യുന്നു. രണദേവന്റെയും മറ്റു പല ദേവന്മാരുടെയും കഥ ഇതുപോലെയാണ്. എന്നാല്‍ മറ്റു പൌരാണികോപാഖ്യാനങ്ങളില്‍ നിന്നു വേദസംഹിതകളിലെ വേര്‍തിരിച്ചുകാട്ടുന്ന ഒരു വ്യത്യാസം, ഈ ഓരോ ദേവനിലും അനന്തശക്തി കുടകൊണ്ടിരുന്നതായും ആ ആശയം ജനതാമദ്ധ്യത്തില്‍ പ്രചുരപ്രചാരമായിരുന്നതായും കാണുന്നതാണ്. ഈ അനന്തതയെന്ന ആശയത്തെ പൃഥക്കരിച്ച് ചിലപ്പോള്‍ ‘ആദിത്യനായി’ വര്‍ണ്ണിച്ചിരിക്കുന്നു. മറ്റു ചിലപ്പോള്‍ അതു മറ്റെല്ലാ ദേവന്മാരിലും ആരോപിച്ചുകാണാം. ഉദാഹരണത്തിന് ഇന്ദ്രനെ നോക്കുക. ചിലേടത്ത് ഇന്ദ്രന് ഒരു ദേഹമുണ്ടെന്നും നല്ല ബലവാനാണെന്നും, ചിലപ്പോള്‍ സ്വര്‍ണ്ണകവചം ധരിക്കുന്നുണ്ടെന്നും, ഭൂമിയില്‍ വന്ന് ഉപാസകന്മാരോടു കൂടി താമസിച്ച് ആഹാരം കഴിക്കുമെന്നും, അസുരന്മാരോടും സര്‍പ്പങ്ങളോടും പോരാട്ടം നടത്തുമെന്നും മറ്റും വര്‍ണ്ണിച്ചിരിക്കുന്നു. പിന്നെ മറ്റൊരു സ്തോത്രത്തില്‍ ഇന്ദ്രന് അത്യുന്നതമായ സ്ഥാനം നല്‍കിയിരിക്കുന്നു. അതായത്, അവിടുത്തെ സര്‍വ്വവ്യാപിയും സര്‍വ്വശക്തനും സര്‍വ്വജീവികളുടേയും ഹൃദയവ്യാപാരങ്ങളെ അറിയുന്നവനുമായി ചിത്രീകരിക്കുന്നു. അതുപോലെ വരുണനെയും മുമ്പ് ഇന്ദ്രനെപ്പോലെ വരുണന്‍ വായുവന്റെയും വെള്ളത്തിന്റെയും അദ്ധ്യക്ഷനായിരുന്നു. പിന്നീടു പെട്ടെന്ന്, അവിടുത്തേയും വളരെ ഉയര്‍ത്തി സര്‍വ്വവ്യാപിയും സര്‍വ്വശക്തനും മറ്റുമായി വര്‍ണ്ണിച്ചിരിക്കുന്നു. വരുണനെ അത്യുന്നതനായി വര്‍ണ്ണിക്കുന്ന ഒരു ഭാഗം ഞാന്‍ നിങ്ങളെ വായിച്ചുകേള്‍പ്പിക്കാം. അതില്‍നിന്നു എന്റെ വിവക്ഷ നിങ്ങള്‍ക്കു മനസ്സിലാകും. അതു ഇംഗ്ളീഷില്‍ പദ്യമായി വിവര്‍ത്തനം ചെയ്തിട്ടുള്ളതിനാല്‍ അതുതന്നെ വായിക്കാം. (ആ ഇംഗ്ലീഷ് കവിതയുടെ പരിഭാഷയാണ് താഴെ കൊടുത്തിട്ടുള്ളത്)
‘ബലിഷ്ഠനുച്ചസ്ഥനടുത്തവന്‍പോല്‍
കാണുന്നു ഗൂഢം ജനകര്‍മ്മമീശന്‍
മോദേന മര്‍ത്ത്യന്‍ നിജകര്‍മ്മമെല്ലാം
മറയ്ക്കിലും തേവരറിഞ്ഞുകൊള്ളും
എന്നാലുമാര്‍നില്‍പു ചരിച്ചിടുന്നി-
താരാണ് കക്കുന്നതു നാടുതോറും
അകത്തറയ്ക്കുള്ളിലമര്‍ന്നതാരോ
കണ്ടെത്തുമേ ദേവരവന്റെ നീക്കം.
രണ്ടാളൊളിച്ചെങ്ങു നിനപ്പതുണ്ടു
ചിന്തിപ്പു മറ്റില്ലവിടാരുമെന്നും
മൂന്നാമനങ്ങുണ്ടവര്‍കൂടതന്ത്രം
കണ്ടേ കഴിഞ്ഞോന്‍ വരുണന്‍ ജനേശന്‍.
ഇമ്മന്നവന്റേതവാനുള്ളതാണോ
വിണ്ണന്തമില്ലാത്ത വിശാലദേശം
തന്നുള്ളിലുണ്ടാഴികള്‍ രണ്ടുമെന്നാല്‍ ക
ിടപ്പവന്‍ കൊച്ചുകുളത്തിലല്ലോ.
ആരാനുമാകാശമതിക്രമിച്ചു ത
ന്മാര്‍ഗ്ഗമേ പോവതിനോര്‍ത്തിടുന്നു
അവന്നതങ്ങും തരമായിടാ വി-
ട്ടൊഴിക്കുവാനോ വരുണപ്പിടുത്തം
നാകത്തില്‍നിന്നെത്തുമവന്റെ ചാര-
രീലോകമാകെ പ്രചരിച്ചീടുന്നു
അക്കണ്‍കളൊക്കെച്ചികയും സഹസ്രം ചി-
ക്കെന്നും ലോകാവധിയോളമെത്തും.’
ഇപ്രകാരം മറ്റു ദേവന്മാരെക്കുറിച്ച് ദൃഷ്ടാന്തങ്ങള്‍ വര്‍ദ്ധിപ്പിക്കാം. അവരെല്ലാം ഒന്നിനുമേലൊന്നായി ഒരേതരം ഭാഗ്യത്തിനു പാത്രമാകുന്നു-അതായത് ആദ്യം സാധാരണദേന്മാരെന്ന നിലയില്‍ തുടങ്ങി ഒടുവില്‍ സര്‍വ്വജഗത്തിനും ആധാരഭൂതനും, സര്‍വ്വഹൃദയസാക്ഷിയും വിശ്വൈകനാഥനുമായി ഉയര്‍ത്തപ്പെടുന്നു. വരുണനെപ്പറ്റി പറയുന്നിടത്തു മറ്റൊരാശയംകൂടി കാണുന്നു-ഒരാശയബീജം മാത്രം. എന്തെന്നാല്‍, ആവിര്‍ഭാവവേളയില്‍ത്തന്നെ അത് അടക്കിവെയ്ക്കപ്പെട്ടു-അതായത് ‘ഭയ’മെന്ന ആശയം. തങ്ങള്‍ പാപം ചെയ്തുപോയതിനാല്‍ ഭയമുള്ളതായും വരുണനോടു ക്ഷമയര്‍ത്ഥിക്കുന്നതായും ഒരിടത്തു കാണുന്നു. ‘പാപം’ ‘ഭയം’ എന്നീ ആശയങ്ങളുടെ ബീജം മുളച്ചുതുടങ്ങിയെങ്കിലും ഭാരതത്തിലെ മണ്ണില്‍ അവയെ വളരാന്‍ വിട്ടില്ല. കാരണം പിന്നാലെ നിങ്ങള്‍ക്കു മനസ്സിലാകും.‘
ഏകേശ്വരമതം’ എന്നറിയപ്പെടുന്ന ആശയമാണ് ഇവിടെ കാണുന്നത്. ഈ ഏകേശ്വരമതം ഭാരതത്തില്‍ അതിപ്രാചീനകാലം മുതല്‍ക്കേ ഉണ്ടായിരുന്നു. സംഹിതകളിലെ പഴക്കമേറിയ ആദ്യഭാഗം മുഴുവന്‍ ഈ ‘ഏകേശ്വരപര’മായ ആശയങ്ങളാല്‍ നിര്‍ഭരമാണ്. എന്നാല്‍ അത് ആര്യന്മാരുടെ ചിന്തയെ തൃപ്തിപ്പെടുത്താന്‍ മതിയായില്ല. അതിനാല്‍ കേവലം പ്രാഥമികമായ ചിന്താഗതിയെന്ന നിലയില്‍ അവരതിനെ തള്ളിക്കളഞ്ഞു. കുറേക്കൂടി മുമ്പോട്ടുപോയി എന്നാണ് ഹിന്ദുക്കളായ ഞങ്ങള്‍ വിചാരിക്കുന്നത്. വേദങ്ങളെ അധികരിച്ച് യൂറോപ്യന്മാര്‍ എഴുതിയ ഗ്രന്ഥങ്ങളും നിരൂപണങ്ങളും വായിക്കുന്ന ഹിന്ദുവിന്, ഈ കൃതികള്‍ ആ ഗ്രന്ഥകാരന്മാരുടെ പൂര്‍വ്വസംസ്കാരത്തിലെ ആശയങ്ങള്‍കൊണ്ടുമാത്രം നിറയ്ക്കപ്പെട്ടിരിക്കുന്നു എന്നു കാണുമ്പോള്‍, ഒന്നു പുഞ്ചിരിക്കൊള്ളാതെ നിവൃത്തിയില്ല. ഈശ്വരനെപ്പറ്റി പരമോല്‍കൃഷ്ടാദര്‍ശമായി ‘സഗുണേശ്വര’നെന്ന ഭാവനയെ അമ്മയുടെ മുലപ്പാലെന്നവണ്ണം ശൈശവം മുതല്‍ നുകര്‍ന്നു വളര്‍ന്നുവരുന്നവര്‍ക്ക്, ഭാരതത്തിലെ ഈ പുരാതനചിന്തകന്മാരുടെ സരണിയില്‍ ചിന്തിക്കാനേ ധൈര്യമില്ല. ഏകേശ്വരാശയംകൊണ്ടു സങ്കുലമായ ‘സംഹിതാ’ഭാഗം കഴിഞ്ഞ്, ആ ആശയം ദാര്‍ശനികന്മാര്‍ക്കും ചിന്തകന്മാര്‍ക്കും സ്വീകാര്യമോ ഉപയോഗപ്രദമോ അല്ലെന്നു കണ്ട്, ആര്യന്മാര്‍ കുറേക്കൂടി തത്ത്വചിന്താപരവും അതീന്ദ്രിയവുമായ ഒരാശയത്തിനുവേണ്ടി കഠിനയത്നം ചെയ്തു മുമ്പോട്ടു പോകുമ്പോള്‍, അവരോടൊപ്പം പോകാന്‍ യൂറോപ്യന്മാര്‍ ധൈര്യപ്പെടുന്നില്ല. ആര്യന്മാര്‍ ഏകേശ്വരനെപ്പറ്റി ‘പ്രപഞ്ചം മുഴുവന്‍ അവയും നായകനത്രേ’ എന്നെല്ലാം വര്‍ണ്ണച്ചിട്ടുണ്ടെങ്കിലും ആ ആശയം അവര്‍ക്കു തീരെ മാനുഷികമായി തോന്നി. ഹിന്ദുക്കള്‍ തങ്ങളുടെ ആശയങ്ങളെസ്സംബന്ധിച്ച് പരമാവധിചിന്താധീരരായിരുന്നു. ഈ പ്രശംസ അവര്‍ക്കു വകവെച്ചുകൊടുക്കാതെ വയ്യ. അവരുടെ ചിന്തയുടെ ഒരു സ്ഫുലിംഗംപോലും പാശ്ചാത്യരുടെ ഇടയില്‍ ധീരചിന്തകരെന്നറിയപ്പെടുന്നവരെ ഭയവിഹ്വലരാക്കുമാറ് അവര്‍ അത്ര വലിയ ചിന്താധീരത പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ ഹൈന്ദവചിന്തകരെസ്സംബന്ധിച്ച്, ‘തങ്ങളുടെ ശ്വാസകോശങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ശ്വസിക്കാന്‍ വയ്യാത്ത ഉന്നതമേഖലകളിലേക്ക് അവര്‍ കേറിച്ചെന്നു. അവിടെ മറ്റു ജീവികളുടെ ശ്വാസകോശങ്ങള്‍ പൊട്ടിപ്പോയോനേ’ എന്ന് പ്രൊഫസ്സര്‍ മാക്സ്മുള്ളര്‍ പ്രസ്താവിച്ചിട്ടുള്ളതു ശരിയാണ്. ഈ ധീരമനുഷ്യര്‍ യുക്തിചിന്ത എങ്ങോട്ടെല്ലാം നയിച്ചുവോ അങ്ങോട്ടെല്ലാം അതിനെ പിന്‍തുടര്‍ന്നു. അതിലവര്‍ ഒരു ക്ളേശവും ഗണ്യമാക്കിയില്ല. തങ്ങളുടെ പ്രിയതമങ്ങളായ അന്ധവിശ്വാസങ്ങള്‍ തകര്‍ന്നുപോകുന്നതു വകവെച്ചില്ല. ജനസമുദായം തങ്ങളെക്കുറിച്ച് എന്തു വിചാരിക്കുമെന്നോ പറയുമെന്നോ തെല്ലും ശ്രദ്ധിച്ചില്ല. പ്രത്യുത, തങ്ങള്‍ക്കു ശരിയെന്നും സത്യമെന്നും തോന്നിയതിനെ അവര്‍ പ്രഖ്യാപിക്കയും പ്രവചിക്കയും ചെയ്തു.
വൈദികകാലത്തെ ഋഷിമാരുടെ സമുന്നതചിന്തകളെ പ്രതിപാദിക്കുന്നതിനുമുമ്പ്, വേദങ്ങളിലെ ഒന്നുരണ്ട് അസാധാരണവിഷയങ്ങളെ പ്രസ്താവിക്കട്ടെ. ദേവന്മാരെ ഒരോരുത്തരെ മേലേയ്ക്കു മേലെ ഉദാത്തീകരിച്ച്-എന്നു പറയട്ടെ-ഒടുവില്‍ അനന്തനും സര്‍വ്വവ്യാപിയുമായ പ്രപഞ്ചേശ്വരപദംവരെ ഉയര്‍ത്തുന്ന ഈ സവിശേഷത ഒരു വിശദീകരണം ആവശ്യപ്പെടുന്നു. ഇതു ഹിന്ദുമതത്തില്‍ മാത്രം കാണപ്പെടുന്ന ഒരു വൈശിഷ്ട്യമാണെന്നഭിപ്രായമുള്ള പ്രൊഫസ്സര്‍ മാക്സ്മുള്ളര്‍ അതിനു ‘ഹീനോതീയിസം’ എന്നൊരു പേരുണ്ടാക്കി. (ഹീനോതീയിസം – ഏതു ദേവനെ ഉപാസിക്കുമ്പോഴും ആ ദേവന്‍ സര്‍വ്വേശ്വരനാണെന്ന വിശ്വാസം, പരമേശ്വരവാദം.) ഇതിന്റെ വിശദീകരണത്തിന് നാം ദൂരെയെങ്ങും തേടേണ്ട. അത് ആ ഗ്രന്ഥത്തില്‍ത്തന്നെയുണ്ട്. ദേവന്മാരെ ഉദാത്തീകരിച്ചുയര്‍ത്തുന്ന ഭാഗത്തിനടുത്തുതന്നെ, ഇതിന്റെ വിശദീകരണവും കാണാം. ഹിന്ദുപുരാണകഥകള്‍ ഏതുപ്രകാരവും അനന്യസാധാരണവും മറ്റു രാജ്യങ്ങളിലെ പുരാണങ്ങളില്‍നിന്നെല്ലാം വ്യത്യസ്തവുമാണെന്ന പ്രശ്നം വരുന്നു. ബാബിലോണിയയിലേയും ഗ്രീസിലേയും മറ്റും പുരാണങ്ങളില്‍ ഒരീശ്വരന്‍ മറ്റുള്ളവയോട് മത്സരിച്ച് ഉയര്‍ന്നുവരുന്നതു കാണാം. ഒടുവില്‍ അയാള്‍ എല്ലാറ്റിലും കവിഞ്ഞ സ്ഥാനത്തെത്തുകയും അവിടെ സ്ഥിരമായി കൂടുകയും അതോടെ മറ്റു ദേവന്മാരെല്ലാം നാശമടയുകയും ചെയ്യുന്നു. എല്ലാ ‘മോളോക്കു’കളിലും വെച്ച് യഹോവ സര്‍വ്വാധിപതിയാകുന്നു. മറ്റു മോളോക്കുകളെല്ലാം വിസ്മരിക്കപ്പെടുന്നു. എന്നേക്കുമായി മറയുന്നു. അതുപോലെ, ഗ്രീക്കുദേവന്മാരുടെ കൂട്ടത്തില്‍നിന്നു ‘സീയൂസ്’ വലിപ്പംവെച്ചു മുന്‍പന്തിയിലെത്തി ജഗത്തിന്റെ അധിപതിയാകയും അതോടെ മറ്റു ദേവന്മാരെല്ലാം ചില്ലറ മാലാഖമാരായി താഴ്ത്തപ്പെടുകയും ചെയ്യുന്നു. ഈ കഥ പില്‍ക്കാലങ്ങളിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ബൌദ്ധന്മാരും ജൈനന്മാരും തങ്ങളുടെ പ്രവാചന്മാരില്‍ ഓരോരുത്തനെ ഈശ്വരപദത്തിലേക്കുയര്‍ത്തി. മറ്റു ദേവന്മാരെയെല്ലാം ബുദ്ധന്റെയോ ജിനന്റെയോ കീഴിലുള്ളവരാക്കി. ഇതാണ് ലോകത്തെല്ലായിടത്തും കാണുന്ന രീതി. അതിനൊരു വ്യത്യസ്തതപോലെയാണ് പുരാതനാര്യന്മാരുടെ ആരാധനാസമ്പ്രദായം. ഒരു ദേവന്‍ പ്രകീര്‍ത്തിതനാകുമ്പോള്‍, തല്‍ക്കാലം മറ്റു ദേവന്മാര്‍ അവിടുത്തെ ആജ്ഞാനുസാരികളായി ചിത്രീകരിക്കപ്പെടുന്നു. എന്നാല്‍, വരുണനെ പൂജിച്ച ദേവന്‍തന്നെ അടുത്ത പുസ്തകത്തില്‍ ഉച്ചതമസ്ഥാനത്തേയ്ക്കുയര്‍ത്തപ്പെടുന്നു. ദേവന്മാരില്‍ ഓരോരുത്തനും മാറി മാറി സര്‍വ്വാധിപതിയായ സഗുണേശ്വരന്റെ സ്ഥാനം വഹിക്കുന്നു. ഇതിനു സമാധാനവും അവിടെ അതേ പുസ്തകത്തിലുണ്ട്. ഭാരതത്തില്‍ പില്‍ക്കാലത്തുണ്ടായ സകലചിന്തകള്‍ക്കും വിഷയീഭവിച്ചതും മതലോകത്തിനു മുഴുവന്‍ മേലില്‍ വിഷയമാകുന്നതുമായ ഒരു അത്യുദാരസമാധാനമാണത്. ഏകം സദ് വിപ്രാ ബഹുധാ വദന്തി- ‘ഉള്ളതൊന്നുമാത്രം, ജ്ഞാനികള്‍ അതിനെ പല പേരില്‍ വിളിക്കുന്നു’. നാനാദേവന്മാരെപ്പറ്റി നാനാസ്തോത്രങ്ങള്‍ രചിക്കപ്പെട്ടിരുന്ന ഈ ദൃഷ്ടാന്തങ്ങളിലെല്ലാം ഒരേ സത്തയാണ് ദര്‍ശിക്കപ്പെട്ടത്. ദ്രഷ്ടാക്കളാണ് വ്യത്യാസങ്ങളുണ്ടാക്കിയത്. സ്തോത്രകര്‍ത്താക്കളും ഋഷിമാരും കവികളും ഏകസത്തയെക്കുറിച്ചു വിഭിന്നഭാഷകളിലും വിവിധപദങ്ങള്‍ പ്രയോഗിച്ചും സ്തുതിഗീതങ്ങള്‍ നിര്‍മ്മിച്ചുവെന്നുമാത്രം. ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ ഈയൊരു മന്ത്രത്തില്‍നിന്നു അതിമഹത്തായ ഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. മതപരമായ മനുഷ്യപീഡനം ഒരിക്കലുമുണ്ടാകാഞ്ഞത്. ഒരു മനുഷ്യന്നും തന്റെ മതവിശ്വാസത്തെച്ചൊല്ലി ശല്യം സഹിക്കേണ്ടിവരാഞ്ഞത്, ഭാരതത്തില്‍ മാത്രമാണെന്ന വസ്തുത നിങ്ങളില്‍ ചിലരെ പക്ഷേ ആശ്ചര്യപ്പെടുത്തിയിരിക്കാം. അവിടെ ആസ്തികനും നാസ്തികനും ദ്വൈതിയും അദ്വൈതിയും ഏകേശ്വരവാദിയുമെല്ലാം സര്‍വ്വദാ നിര്‍ബ്ബാധം ജീവിക്കുന്നു. ഭൌതികവാദികള്‍ ബ്രാഹ്മണക്ഷേത്രങ്ങളുടെ ഗോപുരത്തില്‍നിന്ന് ദേവന്മാര്‍ക്കും ദേവാധിദേവനായ സര്‍വ്വേശ്വരന്നും എതിരായി പ്രസംഗിക്കാന്‍ അനുവദിക്കപ്പെട്ടിരുന്നു. ഈശ്വരവിശ്വാസം വെറും അന്ധവിശ്വാസമാണെന്നും ദേവന്മാരും വേദങ്ങളും മതവുമെല്ലാം പുരോഹിതന്മാര്‍ സ്വകാര്യലാഭത്തിനു കണ്ടുപിടിച്ച മൂഢവിശ്വാസങ്ങളാണെന്നും മറ്റും അവര്‍ നാടൊട്ടുക്കു നടന്നു പ്രസംഗിച്ചു. ഒരുപദ്രവത്തിനും പാത്രമാകാതെ അതുപോലെ ബുദ്ധന്‍ ചെന്നേടത്തെല്ലാം ഹിന്ദുക്കള്‍ പരിപാവനമായി കരുതിയ പഴയ വിശ്വാസങ്ങളെ വലിച്ചു മണ്ണിലിടുവാന്‍ യത്നിച്ചു. എന്നിട്ടും ബുദ്ധന്‍ മുഴുത്ത വാര്‍ദ്ധക്യം പ്രാപിച്ചാണ് മരിച്ചത്. ഈശ്വരഭാവനയെ പരിഹസിച്ച ജൈനന്മാരും നിര്‍ബ്ബാധം ജീവിച്ചുപോന്നു. ‘ഈശ്വരനെന്ന ഒന്ന് എങ്ങനെയുണ്ടാവാനാണ്? അതു വെറും മൂഢവിശ്വാസം’ എന്നാണവര്‍ പറഞ്ഞിരുന്നത്. ഇങ്ങനെ അനവധി ഉദാഹരണങ്ങള്‍ പറയാനുണ്ട്. മുഹമ്മദീയതരംഗം ഭാരതത്തിലേക്കു ്രപവഹിക്കുന്നതിനുമുമ്പ് മതപരമായ മനുഷ്യപീഡനം അവിടെ ഒരിക്കലും അറിയപ്പെട്ടിട്ടില്ല. വിദേശീയാക്രമികളില്‍നിന്നു ഹിന്ദുക്കള്‍ അതനുഭവിക്കയേ ചെയ്തിട്ടുള്ളു. ക്രിസ്ത്യാനികളുടെ പള്ളികള്‍ പണിയുവാന്‍ ഹിന്ദുക്കള്‍ എത്രമാത്രം സഹായിച്ചിട്ടുണ്ടെന്നും ഇപ്പോഴും അവരെ സഹായിക്കാന്‍ എത്രമാത്രം സന്നദ്ധരാണെന്നും ആര്‍ക്കും പ്രത്യക്ഷമായി കാണാം. അവിടെ ഒരിക്കലും രക്തച്ചൊരിച്ചല്‍ ഉണ്ടായിട്ടില്ല. ഭാരതത്തിലുണ്ടായ അവൈദികധര്‍മ്മങ്ങളെപ്പോലും-ബുദ്ധമതം ഉദാഹരണമാണ്- ഈ ആശയം വിധേയമാക്കിയിട്ടുണ്ട്, ബുദ്ധമതം ചില കാര്യങ്ങളില്‍ ശ്രേഷ്ഠമാണ്. എന്നാല്‍ അതിനെ വേദാന്തവുമായി കൂട്ടിക്കുഴയ്ക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. ക്രിസ്തുമതത്തിനും രക്ഷാസൈന്യത്തിനും തമ്മിലുള്ള സ്പഷ്ടമായ വ്യത്യാസംപോലെയാണത്. ബുദ്ധമതത്തില്‍ ശ്രേഷ്ഠങ്ങളായ പലതുമുണ്ട്. എന്നാല്‍ അവയെ ഹാനി കൂടാതെ കാത്തുകൊള്ളാന്‍ കഴിവുള്ള കൈകളിലല്ല അവ ചെന്നുപെട്ടത്. ദാര്‍ശനികന്മാര്‍ ആവിഷ്കരിച്ച ചിന്താരത്നങ്ങള്‍ സാമാന്യജനങ്ങളുടെ കയ്യിലെത്തി. അവര്‍ അവയിലെ ആശയങ്ങള്‍ കൈകാര്യം ചെയ്യാനൊരുങ്ങി. പ്രശസ്തങ്ങളായ ചില ആശയങ്ങള്‍ മനുഷ്യഹിതാനുസാരിയായ ചില ഉത്തുംഗാശയങ്ങള്‍, അവരുടെപക്കല്‍ കിട്ടി. അവര്‍ക്ക് ഉത്സാഹപ്രമത്തതയും കുറവല്ലായിരുന്നു. പക്ഷേ ഇവയെല്ലാം സുരക്ഷിതമാകുവാന്‍ മറ്റൊന്നുകൂടി വേണം-ധിഷണയും ചിന്താശക്തിയും. അന്ത്യന്തം മനുഷ്യസേവനപരങ്ങളായ ആശയങ്ങള്‍ സാമാന്യജനങ്ങളുടെ പക്കല്‍ ചെന്നുചേര്‍ന്നപ്പോഴെല്ലാം അവിടെ ആദ്യമായി കാണാറുള്ളത് അധഃപതനമാണ്. വിദ്യാനുശീലവും ചിന്താശക്തിയുമാണ് കാര്യങ്ങളെ ദുഷിക്കാതെ സൂക്ഷിക്കുക. ആദ്യത്തെ മിഷനറിമതമായി ലോകത്തേക്കിറങ്ങിയ ഈ ബുദ്ധമതം, അക്കാലത്ത് നാഗരികതയെ പ്രാപിച്ചിരുന്ന സര്‍വ്വഭൂവിഭാഗങ്ങളിലേക്കും കടന്നുചെന്നു സ്വാശയങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഒരു തുള്ളി രക്തവും ആ മതത്തിന്റെ പ്രചാരത്തിനുവേണ്ടി ചീന്തിയിട്ടില്ല. ചൈനയില്‍ ബുദ്ധമതമിഷനറിമാര്‍ പീഡിപ്പിക്കപ്പെട്ടതായും തുടരെ രണ്ടോ മൂന്നോ ചീനചക്രവര്‍ത്തിമാര്‍ ആയിരക്കണക്കിനാളുകളെ വധിച്ചതായും നാം ചരിത്രത്തില്‍ വായിക്കുന്നു. എന്നാല്‍, പിന്നീട് കാലം ബൌദ്ധന്മാര്‍ക്കാനുകൂലമായി മാറി. ഒരു ചക്രവര്‍ത്തി ബുദ്ധമതാനുയായികളെ ദ്രോഹിച്ചവരോടു പ്രതികാരം ചെയ്യാനൊരുങ്ങി. പക്ഷേ ബുദ്ധമിഷനറിമാര്‍ സമ്മതിച്ചില്ല. ഇതിനെല്ലാം നാം കടപ്പെട്ടിരിക്കുന്നതു ഈ ഒറ്റ മന്ത്രത്തോടാണ്. അതുകൊണ്ടാണ് നിങ്ങള്‍ അതു മറന്നുകളയരുതെന്നു ഞാന്‍ പറയുന്നത്. ‘ഇന്ദ്രന്‍ മിത്രന്‍ വരുണന്‍ എന്നു ചൊല്ലപ്പെടുന്നവന്‍, ഉള്ളത്, ഒന്നുതന്നെ. ജ്ഞാനികള്‍ അതിനു പല പേരുകള്‍ പറയുന്നു’.
ഇതു ഏതു കാലത്തെഴുതിയതാണെന്ന് ആര്‍ക്കും നിശ്ചയമില്ല. ഒരുപക്ഷേ, എണ്ണായിരത്താണ്ടിനു മുമ്പാവാം. അല്ലെങ്കില്‍ -ആധുനികപണ്ഡിതന്മാര്‍ എന്തൊക്കെ പറഞ്ഞാലും-ഒമ്പതിനായിരത്താണ്ടിനും മുമ്പാവാം ഈ മതചിന്തകളൊന്നും അധുനാതനങ്ങളല്ല. എന്നാല്‍ എഴുതപ്പെട്ട കാലത്തെന്നതുപോലെ ഇന്നും അവ നവീനമായിരിക്കുന്നു. എന്തെന്നാല്‍ ആ അതിപുരാതനകാലത്ത് മനുഷ്യന്‍, ഇന്നു നാം കാണുംപോലെ അത്ര പരിഷ്കൃതനല്ലായിരുന്നു. തന്റെ സഹോദരന്‍ തന്നില്‍നിന്നു സ്വല്പം വ്യത്യസ്തമായ അഭിപ്രായമുള്ളവനായിപ്പോയി എന്ന കാരണത്താല്‍, അവന്റെ കഴുത്തറക്കാന്‍ മനുഷ്യന്‍ അന്നു പഠിച്ചുകഴിഞ്ഞിരുന്നില്ല. അവന്‍ അന്നു ലോകത്തെ രക്തപ്രളയത്തില്‍ മുക്കിയിരുന്നില്ല. അവന്‍ സ്വസഹോദരന്റെ മുമ്പില്‍ ഒരു പിശാചായിത്തീര്‍ന്നിരുന്നില്ല. അന്നവന്‍ മനുഷ്യത്വത്തിന്റെ പേരില്‍ മനുഷ്യരെ പറ്റംപറ്റമായി കൊന്നൊടുക്കിയിരുന്നില്ല. അതിനാല്‍ ഈ മന്ത്രങ്ങള്‍ ഇന്നു നവോന്മേഷം പേറിക്കൊണ്ടാണ് നമ്മെ സമീപിക്കുന്നത്-അവ എഴുതപ്പെട്ട കാലത്തെക്കാള്‍ വര്‍ദ്ധമാനമായ നവോന്മേഷത്തോടെ, ബൃഹത്തായ ഒരു ഉത്തേജകസഞ്ജീവനിമന്ത്രമെന്നപോലെയും അവ ഇന്നു നമ്മെ പ്രാപിക്കുന്നു. ഏകം സദ് വിപ്രാ ബഹുധാ വദന്തി. ഹിന്ദു, ബൌദ്ധന്‍, ക്രിസ്ത്യന്‍, മഹുമ്മദന്‍ എന്നീ പേരുകളിലായാലും സര്‍വ്വമതങ്ങള്‍ക്കും ഒരേ ഈശ്വരനേ ഉള്ളുവെന്നും ഇവയില്‍ ഏതൊന്നിനെയും നിന്ദിക്കുന്നവര്‍ സ്വന്തം ഈശ്വരനെ നിന്ദിക്കുന്നെന്നും ഇനിയും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇതാണവര്‍ കണ്ടെത്തിയ തീര്‍പ്പ്. എന്നാല്‍ മുമ്പുപറഞ്ഞതുപോലെ പഴയ ഈ ഏകേശ്വരാശയം ഹിന്ദുക്കളുടെ ബുദ്ധിയെ തൃപ്തിപ്പെടുത്തിയില്ല. ആ ആശയം വേണ്ടത്ര ദൂരം പോയില്ല. അതുവഴി ദൃശ്യജഗത്തിനു ഒരു വിശദീകരണം കിട്ടുന്നില്ല. തീര്‍ച്ചയായുമില്ല. ജഗത്തിന്റെ ഭരണകര്‍ത്താവെന്ന ആശയം ജഗദുല്‍പ്പത്തിക്കു വിശദീകരണമാകുന്നില്ല. ജഗത്തിനുവെളിയില്‍ സ്ഥിതിചെയ്യുന്ന ഒരു ഭരണകര്‍ത്താവ് അതിനെക്കാള്‍ അപര്യാപ്തമാണ്. അവന്‍ സദാചാരവിഷയത്തില്‍ മാര്‍ഗ്ഗദര്‍ശിയും പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയുമാവാം. എന്നാല്‍ അതു പ്രപഞ്ചോല്‍പ്പത്തിക്കു വിശദീകരണമാവുന്നില്ല. അതിനാല്‍ ഈ ഘട്ടത്തില്‍നിന്നുണ്ടായ ക്രമേണ പ്രാധാന്യം കൂടിവന്നതായി നാം കാണുന്ന ഒന്നാമത്തെ പ്രശ്നം ജഗത്തിനെസ്സംബന്ധിച്ചതാണ്. ‘അതെവിടെനിന്നുണ്ടായി?’ ‘എങ്ങനെയുണ്ടായി?’ ‘എങ്ങനെ നിലനില്‍ക്കുന്നു?’ എന്നിങ്ങനെ, ഈ പ്രശ്നത്തെ വിഷയീകരിച്ചുള്ള അനേകം സൂക്തങ്ങള്‍, ഒരു നിയതരൂപം കൊള്ളുവാന്‍ മേല്‍ക്കുമേല്‍ സാഹസപ്പെട്ടു മുന്നേറുന്നതുപോലെ തോന്നിക്കുന്ന അനേകം സൂക്തങ്ങള്‍ കാണാനുണ്ട്. എന്നാല്‍ താഴെ ഉദ്ധരിക്കുന്ന ഈ സൂക്ത1ത്തിലെന്നവണ്ണം ആശ്ചര്യഭരിതമായും കാവ്യാത്മകമായും മറ്റെങ്ങും അതു പ്രതിപാദിക്കപ്പെട്ടിട്ടില്ല.
‘അപ്പോള്‍ സത്തോ അസത്തോ ഉണ്ടായിരുന്നില്ല. വായുവോ ആകാശമോ മറ്റു വല്ലതുമോ ഉണ്ടായിരുന്നില്ല. സകലതിനേയും മൂടിയിരുന്നതെന്ത്? സകലതും എവിടെ വിശ്രമിച്ചു? അപ്പോള്‍ മൃത്യുവില്ലായിരുന്നു. അമൃത്യുവുമില്ലായിരുന്നു. ദിനരാത്രിഭേദങ്ങളുമില്ലായിരുന്നു’. വിവര്‍ത്തനത്തില്‍ കവിതാസൌന്ദര്യം ഒട്ടധികം ചോര്‍ന്നുപോകുന്നു. സംസ്കൃതത്തിന്റെ ധ്വനിതന്നെ സംഗീതാത്മകമാണ്. ‘ആ ഒന്ന് ആ ഏകപ്രാണന്‍ മാത്രം, ഈശ്വരസത്തയെ ആവരണം ചെയ്തുനിന്നു. അതു ചലിച്ചുതുടങ്ങിയില്ല’. അതു നിശ്ചലമായി നിന്നു എന്ന ആശയം നാം ഓര്‍മ്മവെയ്ക്കുന്നതു നന്ന്. എന്തെന്നാല്‍ പിന്നൊരിക്കല്‍ ഇതേ ആശയം പ്രപഞ്ചവിജ്ഞാനീയം സംബന്ധിച്ച് ഉദീരിതമാകുന്നതു കാണാം. മാത്രമല്ല, ഹൈന്ദവദര്‍ശനങ്ങളും പരതത്ത്വശാസ്ത്രവുമനുസരിച്ച് ഈ സമസ്തപ്രപഞ്ചവും ഒരു സ്പന്ദസമാഹരം മാത്രമാണെന്നും, ചില കാലങ്ങളില്‍ ഈ സ്പന്ദങ്ങളെല്ലാം ക്രമേണ നിലച്ചു മേല്‍ക്കുമേല്‍ സൂക്ഷ്മതരങ്ങളായി ആ അവസ്ഥയില്‍ കുറെക്കാലം സ്ഥിതിചെയ്യുന്നുമെന്നും കൂടി നാം മനസ്സിലാക്കാന്‍ പോകുന്നുണ്ട്. ആ അവസ്ഥയെയാണ് ഈ സ്തോത്രത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. അതു ആദ്യം നിശ്ചലമായി, സ്പന്ദരഹിതമായി, നിലകൊണ്ടു അതു സൃഷ്ടിയുടെ ആരംഭത്തില്‍ സ്പന്ദിക്കാന്‍ തുടങ്ങി. തല്‍ഫലമായി ഈ ജഗത്തു മുഴുവന്‍ അതില്‍നിന്നു വെളിപ്പെടുകയും ചെയ്തു, ശാന്തവും സ്വധൃതവും അദ്വിതീയവുമായ ആ പ്രാണനില്‍നിന്ന്. ‘
ആദ്യം ഇരുട്ടുമാത്രമുണ്ടായിരുന്നു’ നിങ്ങളുടെ കൂട്ടത്തില്‍ ഭാരതത്തിലോ മറ്റു വല്ല ഉഷ്ണമേഖലരാജ്യങ്ങളിലോ ചെന്ന്,അവിടങ്ങളിലെ കാലവര്‍ഷം പൊടുന്നനെ ആരംഭിക്കുന്നതു കണ്ടിടുള്ളവര്‍ക്ക് ഈ വാക്കുകളുടെ ഗാംഭീര്യം ഗ്രഹിക്കാം. ഈ അവസ്ഥയെ ചിത്രീകരിക്കാന്‍ മൂന്നു കവികള്‍ യത്നിച്ചിട്ടുള്ളത് എന്റെ ഓര്‍മ്മയില്‍ വരുന്നു. മില്‍ടന്‍ പറയുന്നു: വെളിച്ചമല്ലാ. മറിച്ച്, കാണത്തക്ക ഇരുട്ട്, കാളിദാസന്‍ പറയുന്നു, ‘സൂചികൊണ്ട് തുളയ്ക്കാവുന്ന ഇരുട്ട്’ എന്നാല്‍ അവരാരുടെയും വര്‍ണ്ണന വേദത്തിലെ ഇരുട്ടില്‍ മറഞ്ഞിരുന്ന ഇരുട്ട്’ എന്ന വര്‍ണ്ണനയ്ക്കടുത്തെങ്ങും എത്തുന്നില്ല. സര്‍വ്വവസ്തുക്കളും ഉണങ്ങി പൊരിഞ്ഞുതുടങ്ങി. സൃഷ്ടി മുഴുവന്‍ കത്തിപ്പോകും എന്ന മട്ടായി., കുറേ നാളത്തേയ്ക്ക് ഈ ഒരവസ്ഥതന്നെ. അങ്ങനെയിരിക്കെ ഒരു സായാഹ്നത്തില്‍ ചക്രവാളത്തിന്റെ ഒരു കോണില്‍ ഒരു മേഘഖണ്ഡം കാണാകുന്നു. അര മണിക്കൂറിനുള്ളില്‍ അതു ഭൂമിയെങ്ങും വ്യാപിച്ചുമൂടിയ മട്ടാകുന്നു. മേഘത്തിനുമേല്‍ മേഘം, ഒടുവില്‍ പൊട്ടി പേമാരിപ്രളയമാകുന്നു.
സൃഷ്ടിയുടെ കാരണം ഇച്ഛയാണെന്നത്രേ പറയപ്പെട്ടിരിക്കുന്നത്. യാതൊന്ന് ആദ്യമുണ്ടായിരുന്നുവോ അത് ഇച്ഛാരൂപമായി. ഇച്ഛ പിന്നീട് കാമരൂപത്തില്‍ പ്രകടമാകാന്‍ തുടങ്ങി. ഇതും നാം വിശേഷാല്‍ ഓര്‍മ്മിക്കേണ്ടതാണ്. എന്തെന്നാല്‍ ഈ കാമമെന്ന ആശയമാണ് നമുക്കു ഉള്ളതിന്റെയെല്ലാം നിദാനമായി പറയപ്പെടുന്നത്. ഈ ‘ഇച്ഛാ’സിദ്ധാന്തം വേദാന്തതത്ത്വശാസ്ത്രത്തിന്റെയും ബൌദ്ധതത്ത്വശാസ്ത്രത്തിന്റെയും ആണിക്കല്ലായിരിക്കുന്നു. കൂടാതെ പില്‍ക്കാലത്ത് ഈ ആശയം ജര്‍മ്മന്‍തത്ത്വശാസ്ത്രത്തിലേക്കു സംക്രമിച്ച് അങ്ങനെ ഷോപ്പനവറുടെ തത്ത്വശാസ്ത്രത്തിന് അധിഷ്ഠാനമാകയും ചെയ്തു. ഇവിടെയാണ് നാം അതിനെപ്പറ്റി ആദ്യം കേള്‍ക്കുന്നത്.
‘ഉദിച്ചു കാമം പ്രഥമം മനസ്സി-
ന്നാദ്യത്തെ ബീജം സ്വഹൃദന്തരങ്ങളില്‍
ഇതൊക്കെയും കണ്ടിതു സത്തസത്തില്‍-
നിന്നും വിവേചിച്ചറിയും കവീശ്വരര്‍’.
‘അവന്നും ഒരുപക്ഷേ അറിഞ്ഞുകൂടായിരിക്കാം’ എന്ന വാക്കുകളോടെയാണ് കവി ഈ സൂക്തം അവസാനിപ്പിക്കുന്നത്. അതൊരു സവിശേഷമായ ആശയപ്രകടനംതന്നെ. ഈ സൂക്തത്തില്‍ നിന്ന്, അതിന്റെ കാവ്യഗുണത്തിനുപുറമേ, പ്രപഞ്ചരഹസ്യത്തെപ്പറ്റിയുള്ള അന്വേഷണം ഇതിനകം വ്യക്തതയും പ്രാധാന്യവും നേടിക്കഴിഞ്ഞുവെന്നും ഈ വൈദിക-ഋഷിമാര്‍ സാധാരണ ഉത്തരങ്ങള്‍കൊണ്ടൊന്നും തൃപ്തിപ്പെടാത്ത ഒരു മാനസികാവസ്ഥയില്‍ എത്തിയിരുന്നുവെന്നും നമുക്കു മനസ്സിലാകുന്നു. മുകളിലിരുന്നു ഭരിക്കുന്ന ഭരണകര്‍ത്താവിനെക്കൊണ്ടു അവര്‍ തൃപ്തരായില്ലെന്നു നാം കാണുന്നു. ഈ പ്രപഞ്ചം എങ്ങനെയുണ്ടായി എന്നും മറ്റുമുള്ള പ്രശ്നത്തെ ചുറ്റിപ്പറ്റി ഇതേ ആശയം ഉള്‍ക്കൊള്ളുന്ന വേറേയും അനേകം സ്തോത്രങ്ങള്‍ കാണുന്നുണ്ട്. ഒരു പ്രപഞ്ചഭരണകര്‍ത്താവിനെ, ഒരു സഗുണേശ്വരനെ, കണ്ടെത്താന്‍ ശ്രമിച്ചിരുന്നപ്പോള്‍ അവര്‍ ഓരോ ദേവനേയും മാറിമാറി ഉന്നതപദത്തില്‍ അവരോധിച്ചതായി കണ്ടുവല്ലൊ. അതുപോലെ, ഇപ്പോള്‍ അനേകം സ്തോത്രങ്ങളിലായി, ഓരോരോ ആശയത്തെ എടുത്ത് അനന്തതയിലേക്ക് വികസിപ്പിച്ച് അതിനെ പ്രപഞ്ചത്തിലെ സകലതിനും അടിസ്ഥാനമാക്കുന്നതായി കാണുന്നു. ഏതെങ്കിലും ഒരാശയവിശേഷം സ്മസ്തത്തിന്റെയും ആധാരവും വിശ്രമസ്ഥാനവുമായി കല്‍പ്പിക്കപ്പെടുന്നു-ആ ആധാരവസ്തുവാണ് ഇക്കാണായ സമസ്തവുമായിരിക്കുന്നത്. ഇപ്രകാരം അവര്‍ പല ആശയങ്ങളും പ്രയോഗിച്ചുനോക്കി. ഈ രീതിയില്‍ ‘പ്രാണന്‍’ എന്ന ജീവിതത്ത്വത്തെ സര്‍വ്വത്തിന്റെയും മൂലകാരണവും ആധാരവുമാക്കാന്‍ ശ്രമിച്ചു. പ്രാണാശയത്തെ അനന്തവും സര്‍വ്വവ്യാപിയുമാക്കി വികസിപ്പിച്ചു. അതാണ് സകലതിനും ആധാരമായിരിക്കുന്നത്. അതു മനുഷ്യശരീരത്തെമാത്രമല്ല താങ്ങിനിറുത്തുന്നുള്ളു. സൂര്യചന്ദ്രന്മാരുടെ പ്രകാശം അതാണ്. സകലതിന്റെയും ചലനശക്തി അതാണ്. വിശ്വത്തിലാകെയുള്ള കര്‍മ്മോത്തേജകശക്തി അതാണ്. ഈ ചിത്രീകരണങ്ങളില്‍ ചിലതു വളരെ സുന്ദരവും കാവ്യാത്മകവുമാണ്. ‘അവന്‍തന്നെ ഈ പ്രശോഭനമായ ഉഷസ്സിനെ പ്രത്യാനയിക്കുന്നു’ എന്നും മറ്റുമുള്ള ചില ചിത്രീകരണങ്ങള്‍ അത്യന്തം ഗാനാത്മകവും ഭാവനാസുന്ദരവുമത്രേ. പിന്നീട്, സൃഷ്ടിയുടെ ആദ്യത്തെ ബീജമായുദിച്ചെന്നു നാം ഇപ്പോള്‍ വായിച്ച ‘കാമ’മെന്ന ആശയംതന്നെ ക്രമേണ വിസ്തൃതമായി വിശ്വേശ്വരനായിത്തീര്‍ന്നു. എങ്കിലും ഇതിലൊരാശയവും അവരെ തൃപ്തിപ്പെടുത്തിയില്ല.
ഇവിടെ ഈ ആശയത്തെ ഉദാത്തീകരിച്ച് ഒടുവില്‍ ഒരു പുരുഷവിധനിലേക്ക് നിഷ്കര്‍ഷിക്കുന്നു. ‘ആദ്യം (സൃഷ്ടിക്കുമുമ്പ) അവന്‍ (ഹിരണ്യഗര്‍ഭന്‍) മാത്രമേ ഉണ്ടായിരുന്നുള്ളു. അവന്‍തന്നെയാണ് സകലഭൂതങ്ങള്‍ക്കും പതി. അവനാണ് ഈ ജഗത്തിന്റെ ആധാരം.1 യാതൊരുവന്‍ ആത്മകൃത്തും ബലകൃത്തുമായിരിക്കുന്നു, യാതൊരുവനെ സമസ്തദേവന്മാരും ഉപാസിക്കുന്നു, യാതൊരുവന്റെ ഛായയോ ജീവിതം, യാതൊരുവന്റെ ഛായതന്നെ മൃത്യുവും അവനെയല്ലാതെ മറ്റാരെ നാം ആരാധിക്കണം? മഞ്ഞുമൂടിയ ഹിമാലയസമുദ്രങ്ങള്‍ ജലരാശികള്‍കൊണ്ട് യാതൊരുവന്റെ കീര്‍ത്തിയെ ഘോഷിക്കുന്നു-’2 അതിങ്ങനെ പോകുന്നു. എന്നാല്‍ ഞാനിപ്പോള്‍ പറഞ്ഞതപോലെ, ഈ ആശയം അവരെ തൃപ്തരാക്കിയില്ല.
ഒടുവില്‍ ഒരവസ്ഥാവിശേഷം ഗോചരമാകുന്നു. ആചാര്യന്മാരുടെ മേധ അതുവരെ പ്രശ്നത്തിനുത്തരം തേടിയതു പുറമെയാണ്. കണ്ണില്‍ കാണായതിനെയെല്ലാം അവര്‍ ചോദ്യം ചെയ്തു. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ ഇത്യാദിയെയെല്ലാം. ഇങ്ങനെ കണ്ടെത്താവുന്ന ജ്ഞാനമെല്ലാം കണ്ടെത്തുകയും ചെയ്തു. പ്രകൃതിയെ മുഴുവന്‍ നിരീക്ഷിച്ചതില്‍നിന്നു ജഗത്തിന്റെ ഭരണകര്‍ത്താവായ സഗുണേശ്വരന്‍ എന്ന ആശയമേ അവര്‍ക്കു കിട്ടിയിട്ടുള്ളു. അതിനുപരി മറ്റൊന്നും പ്രകൃതിക്ക് അവരെ പഠിപ്പിക്കാന്‍ കഴിഞ്ഞില്ല. ചുരുക്കത്തില്‍ ബാഹ്യലോകപഠനത്തില്‍നിന്ന് ഒരു വിശ്വകര്‍മ്മാവ് എന്ന ആശയമേ, അതായത് സാധാരണ ‘രചനാവാദം’ എന്നറിയപ്പെടുന്ന ഒന്നു മാത്രമേ കിട്ടാന്‍ തരമുള്ളു. ആ വാദം അത്ര യുക്തിയുക്തമല്ലെന്നു നമുക്കെല്ലാമറിയാം. അതിലെ യുക്തി ബാലിശമാണ്. എങ്കിലും ബാഹ്യപ്രകൃതിയുടെ പഠനത്തില്‍നിന്നു ഈ ഒരാശയശകലമേ ഈശ്വരനെസ്സംബന്ധിച്ചു നമുക്കു നേടാനാവൂ-അതായത് ജഗത്തിനു ഒരു സംവിധായകനുണ്ടായിരിക്കണമെന്ന്. എന്നാല്‍ ഇതു ജഗത്തിന്റെ വിശദീകരണമാവില്ല. ജഗത്തിന്റെ ഘടകദ്രവ്യങ്ങള്‍ മുമ്പേ ഉണ്ടായിരുന്നുവെന്നും അതു സൃഷ്ടിക്കാന്‍ ഈശ്വരന്ന് അവ വേണ്ടിയിരുന്നുവെന്നും സ്വയം സിദ്ധമാണ്. ആ സ്ഥിതിക്ക് ഈശ്വരന്‍ ഈ സാധനങ്ങളാല്‍ പരിമിതനാക്കപ്പെടുന്നുവെന്നതാണ് ഈ വാദത്തിന്റെ ഏറ്റവും വലിയ വികലത. ഗൃഹം നിര്‍മ്മിക്കാന്‍ വേണ്ടുന്ന സാമഗ്രികള്‍ കൂടാതെ, ഗൃഹനിര്‍മ്മാതാവിന് അതു നിര്‍മ്മിക്കാന്‍ വയ്യ. അതിനാല്‍ അയാള്‍ സാമഗ്രികളാല്‍ പരിമിതനാക്കപ്പെടുന്നു. എന്തെന്നാല്‍ സാമഗ്രികളെക്കൊണ്ടു ചെയ്യാവുന്നതൊക്കെയേ അയാള്‍ക്കു ചെയ്യാനാവൂ. തന്നിമിത്തം രചനാവാദം നമുക്കു നല്‍കുന്ന ഈശ്വരന്‍ അങ്ങേയറ്റം ഒരു ശില്‍പിമാത്രം. പരിമിതനായ ഒരു വിശ്വശില്‍പി അവന്‍ ഈ സാമഗ്രികളാല്‍ ബദ്ധനും പരിമിതനുമായിരിക്കുന്നു. ഒട്ടും സ്വതന്ത്രനല്ല. ഇത്രയും കാര്യങ്ങള്‍ നേരത്തേ അവര്‍ കണ്ടെത്തി. മറ്റു മിക്ക ചിന്തകരും അന്വേഷണം ഇവിടെ നിര്‍ത്തുമായിരുന്നു. മറ്റു രാജ്യങ്ങളില്‍ അതാണുണ്ടായത്. മനുഷ്യമനസ്സിന് ഈ നിലയില്‍ വിശ്രമിക്കാന്‍ വയ്യ. ചിന്താശീലര്‍, ഗ്രഹണശേഷിയുള്ളവര്‍. മുമ്പോട്ടു പോകാനാഗ്രഹിച്ചു. എന്നാല്‍ മറ്റുള്ളവര്‍-മനശ്ശക്തി കുറഞ്ഞവര്‍-അവരെ സമ്മതിച്ചില്ല. അവരുടെ വളര്‍ച്ചയ്ക്കു പ്രതിബന്ധമായിനിന്നു. പക്ഷേ, ഭാഗ്യവശാല്‍, ഈ ഹൈന്ദവഋഷികള്‍ അത്തരം പ്രേരണകള്‍ക്കോ സമ്മര്‍ദ്ദങ്ങള്‍ക്കോ കീഴടങ്ങിയില്ല. അവര്‍ പ്രശ്നത്തിനൊരു നിര്‍ദ്ധാരണം കണ്ടെത്തണമെന്നുറച്ചു. അതിന്നായി അവര്‍ ഈ ഘട്ടത്തില്‍ പുറമേയുള്ള തിരച്ചില്‍ മതിയാക്കി ഉള്ളിലേക്കു തിരിയുന്നതായി കാണുന്നു. ചക്ഷുരാദീന്ദ്രിയങ്ങള്‍ കൊണ്ടല്ല നാം ബാഹ്യലോകോപലബ്ധി സമ്പാദിക്കുന്നതും മതവിഷയകമായി വല്ലതും അനുഭവപ്പെടുന്നതും എന്നൊരു ബോധം ആദ്യമായി അവരില്‍ അങ്കുരിച്ചു. അതിനാല്‍ ആദ്യം വേണ്ടതു പോരായ്മകളെ മനസ്സിലാക്കുകയായിരുന്നു-ശാരീരികവും ധാര്‍മ്മികവുമായി രണ്ടുതരം വൈകല്യങ്ങളാണ് തടസ്സങ്ങളായി നിന്നതെന്നും നമുക്കു വഴിയേ കാണാം. ഈ ഋഷികളിലൊരാള്‍ പറയുന്നു: ‘നിങ്ങള്‍ക്ക് ഈ ജഗത്തിന്റെ കാരണം അറിയാവതല്ല. നിങ്ങളും ഞാനും തമ്മില്‍ വലിയൊരന്തരമുണ്ട്. എന്തെന്നോ? നിങ്ങള്‍ ഇന്ദ്രിയവസ്തുതകളെക്കുറിച്ചു വ്യവഹരിക്കുന്നു. ഇന്ദ്രിയ വിഷയങ്ങളെക്കൊണ്ടും മതത്തിന്റെ വെറും ചടങ്ങുകള്‍കൊണ്ടും തൃപ്തപ്പെട്ടു കഴിയുന്നു. ഞാനാകട്ടെ പരമപുരുഷനെ അറിഞ്ഞിരിക്കുന്നു.*
ഞാന്‍ നിങ്ങള്‍ക്കുവേണ്ടി തേടിനോക്കുന്ന ഈ ആദ്ധ്യാത്മികാശയങ്ങളുടെ വളര്‍ച്ചയോടൊപ്പം വളര്‍ന്നുവന്നിട്ടുള്ള മറ്റൊരു ഘടകത്തെക്കുറിച്ച്-അതായത് ക്രിയാകലാപങ്ങളെക്കുറിച്ച്-അല്പമൊന്നു സൂചിപ്പിക്കയേ വേണ്ടൂ. എന്തെന്നാല്‍ അതു നമ്മുടെ ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ടതല്ല. ആദ്ധ്യാത്മികാശയങ്ങള്‍ വളര്‍ന്നതിന്റെ നൂറിരട്ടി വേഗത്തില്‍ ക്രിയാകലാപങ്ങള്‍ വളര്‍ന്നുവന്നു. പഴയ അന്ധവിശ്വാസങ്ങള്‍ ഈ കാലഘട്ടമായപ്പോഴേയ്ക്കും വളര്‍ന്നുവളര്‍ന്നു ഹിന്ദുജീവിതശക്തിയെ മൃതപ്രായമാക്കി. ആ അവസ്ഥ ഇന്നും അങ്ങനെ തുടരുകയാണ്. അതു ഞങ്ങളുടെ ജീവിതത്തിന്റെ എല്ലാ തുറകളിലും കടന്നാക്രമിച്ചും നുഴഞ്ഞുകയറിയും ഞങ്ങളെ ജനനം മുതല്‍ക്കേ അടിമകളാക്കിയിരിക്കുന്നു. എന്നാല്‍ അതോടൊപ്പം അതിപ്രാചീനകാലംമുതല്‍ക്കേ ക്രിയാകലാപങ്ങളുടെ മുന്നേറ്റത്തിനെതിരായ സമരവും കാണുന്നുണ്ട്. അവയെപ്പറ്റി ഉന്നയിക്കപ്പെട്ട ആക്ഷേപമിതാണ്. അവ മതത്തിന്റെ ചില ബാഹ്യാചരണങ്ങള്‍മാത്രം-ചില സമയത്തു വിശേഷവസ്ത്രം ധരിക്കുക, വിശേഷതരം ആഹാരങ്ങള്‍ കഴിക്കുക മുതലായവയൊക്കെ. നിങ്ങള്‍ ഇന്ദ്രിയജീവിതത്തില്‍ സംതൃപ്തരായി അതിനപ്പുറം പോകാനാഗ്രഹിക്കായ്കയാല്‍ എന്നും അവയെ ഇഷ്ടപ്പെട്ടു കഴിയുന്നു. നാമെല്ലാവരെയും സംബന്ധിച്ച് ഇതൊരു വലിയ ദുര്‍ഘടാവസ്ഥയാണ്. നാം ആദ്ധ്യാത്മിക വിഷയങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുമ്പോഴും ഇന്ദ്രിയങ്ങളാണ് അവയെ വിലയിരുത്തുന്നതില്‍ നമ്മുടെ മാനദണ്ഡം. ഒരാള്‍ ഈശ്വരനേയും അതീ്രന്ദിയതത്ത്വങ്ങളെയും മറ്റും പറ്റിയുള്ള ആദ്ധ്യാത്മിക ശാസ്ത്രങ്ങളെല്ലാം വളരെ നാള്‍ തുടര്‍ച്ചയായി കേട്ടതിനുശേഷവും അവയില്‍നിന്ന് എന്തുമാത്രം പണം കിട്ടും. എന്തുമാത്രം ഇന്ദ്രിയസുഖങ്ങള്‍ ലഭിക്കും എന്നാണ് ആരായുന്നത്. കാരണം അയാളുടെ സുഖാനുഭവങ്ങളെല്ലാം സ്വാഭാവികമായും ഇന്ദ്രിയങ്ങളില്‍ മാത്രമാണ്. എന്നാല്‍ നമ്മുടെ ഋഷി പറയുന്നത് ഇന്ദ്രിയങ്ങളില്‍ സംതൃപ്തി പൂണ്ടിരിക്കുന്ന ഈ അവസ്ഥയാണ് സത്യത്തിനും നമുക്കും മദ്ധ്യേ നില്‍ക്കുന്ന യവനികയെന്നത്രേ. കര്‍മ്മകാണ്ഡത്തോടുള്ള അത്യന്തശ്രദ്ധ, ഇന്ദ്രിയജീവിതത്തില്‍ സംതൃപ്തി, അനേകം മതവാദങ്ങളുടെ ആവിഷ്കരണം ഇവ നമുക്കും സത്യത്തിനും മദ്ധ്യേ ഒരു മറ വലിച്ചുകെട്ടിയിരിക്കുന്നു. ഈ ഘട്ടം അന്വേഷണപഥത്തിലെ ഒരു പ്രധാനനാഴികക്കല്ലാണ്. ഈ ആദര്‍ശത്തെ അതിന്റെ അങ്ങേ അറ്റത്തോളം പിന്തുടര്‍ന്ന്, അത് എങ്ങനെ പില്‍ക്കാലത്തു വേദാന്തത്തിലെ അത്ഭുത‘മായാവാദ’മായി പരിണമിച്ചെന്നും, ഈ ‘മറ’ എങ്ങനെ യഥാര്‍ത്ഥവേദാന്തവ്യാഖ്യാനമാകുമെന്നും, സത്യം സദാ അവിടെ ഉണ്ടായിരിക്കെ ഈ മുറ അതിനെ മറയ്ക്കമാത്രം ചെയ്തെന്നും മറ്റും നമുക്ക് കാണേണ്ടിയിരിക്കുന്നു.
ഇപ്രകാരം പുരാതനരായ ആര്യചിന്തകന്മാര്‍ പുതിയൊരു പ്രകരണത്തില്‍ കാലൂന്നിയതായി നാം കാണുന്നു. ബാഹ്യപ്രപഞ്ചത്തിലെ തിരച്ചില്‍ തങ്ങളുടെ പ്രശ്നത്തിനു ഉത്തരം നല്‍കുകയില്ലെന്ന് അവര്‍ക്കു ബോധ്യപ്പെട്ടു. ബാഹ്യലോകത്ത് യുഗങ്ങളായി ആരാഞ്ഞാലും ചോദ്യങ്ങള്‍ക്കുത്തരമുണ്ടാവില്ലെന്നു തീര്‍ച്ചയായി. അതിനാല്‍ അവര്‍ ഈ മാര്‍ഗ്ഗാന്തരം സ്വീകരിച്ചു. ഈ പുതുമാര്‍ഗ്ഗമനുസരിച്ച് ഇന്ദ്രിയകാമനകളും, ചടങ്ങുകളിലും ബാഹ്യാനുഷ്ഠാനങ്ങളിലുമുള്ള ആഗ്രഹങ്ങളും അവരുടെയും സത്യത്തിന്റെയും ഇടയ്ക്കു യവനിക സൃഷ്ടിച്ചിരിക്കയാണെന്നും ഈ യവനിക ഒരു ക്രിയാനുഷ്ഠാനംകൊണ്ടും നീക്കാവുന്നതല്ലെന്നും ഉത്ബോധിപ്പിക്കപ്പെട്ടു. സ്വാത്മാവിനകത്തുള്ള സത്യത്തെ കണ്ടെത്തുവാന്‍ സ്വമനസ്സുകളെ പിടിച്ചപഗ്രഥിക്കേണ്ടതാണെന്ന് അവര്‍ കണ്ടു. സത്യത്തെ കാണിച്ചുകൊടുക്കുന്നതില്‍ ബാഹ്യലോകം പരാജയപ്പെട്ടു. അതിനാലവര്‍ ആന്തരലോകത്തേക്ക് തിരിഞ്ഞു. അപ്പോള്‍ മുതല്‍ക്കാണ് യഥാര്‍ത്ഥവേദാന്തതത്ത്വശാസ്ത്രം ആരംഭിക്കുന്നത്.
വേദാന്തതത്ത്വശാസ്ത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മമത്രേ ഈ വ്യതിയാനം. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ അന്വേഷണമെല്ലാം അന്തരംഗത്തിലാണ്. ആദ്യഘട്ടത്തില്‍ത്തന്നെ അവര്‍ ഇങ്ങനെ പ്രഖ്യാപിക്കുന്നതു കാണാം. ‘സത്യത്തിനുവേണ്ടി മതങ്ങളിലെങ്ങും തിരയേണ്ട. അത് ഇവിടെയാണ്, അത്ഭുതങ്ങളില്‍വച്ച് അത്ഭുതമായ ഈ മനുഷ്യാത്മാവില്‍, എല്ലാ ജ്ഞാനത്തിന്റെയും കലവറയും എല്ലാ അസ്തിത്വത്തിന്റെയും കേന്ദ്രവുമായ ഈ മനുഷ്യാത്മാവില്‍. അതിനാല്‍ ഇവിടെ അന്വേഷിക്കുവിന്‍, ഇവിടെയില്ലാത്തത് അവിടെ ഉണ്ടായിരിക്കാവതല്ല. പുറത്തുള്ളത് അകത്തേതിന്റെ മങ്ങിയ പ്രതിച്ഛായമാത്രമാണെന്നും പിന്നീട് പടിപടിയായി അവര്‍ കണ്ടു പിടിച്ചു. അനന്തരം അവര്‍, ഈശ്വരനെസ്സംബന്ധിച്ച പഴയ ഭാവനയെ, പ്രപഞ്ചത്തിനു വെളിയിലിരുന്ന് അതിന്റെ ഭരണം നടത്തുന്ന ഭരണകര്‍ത്താവെന്ന ഭാവനയെ എടുത്ത് അവിടുത്തെ ആദ്യമേ പ്രപഞ്ചത്തിനുള്ളിലിടുന്നതായി നമുക്കു കാണാം. ഈശ്വരന്‍ പ്രപഞ്ചബാഹ്യനല്ല. അന്തര്‍ഗതനാണ്. എന്നിട്ട് അവിടെനിന്ന് അവര്‍ അവിടുത്തെ തങ്ങളുടെ സ്വന്തം ഹൃദയങ്ങളിലേക്ക് കൊണ്ടുപോയി. അങ്ങനെ, അവിടുന്നിതാ ഇവിടെ മനുഷ്യഹൃദയത്തില്‍, നമ്മുടെ ആത്മാക്കളുടെ ആത്മാവ്, നമ്മിലെ യാഥാര്‍ത്ഥ്യം. വേദാന്തതത്ത്വശാസ്ത്രത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ശരിയായറിയണമെങ്കില്‍, മഹത്തായ പല ആശയങ്ങളും ഗ്രഹിക്കേണ്ടതുണ്ട്. ഒന്നാമതു കാന്റിന്റെയോ ഹെഗലിന്റെയോ തത്ത്വശാസ്ത്രം എന്നു പറയാറുള്ള, ആ അര്‍ത്ഥത്തിലുള്ള തത്ത്വശാസ്ത്രമല്ല അത്. അത് ഒരു ഗ്രന്ഥമല്ല. ഒരാളുടെ തനിച്ചുള്ള കൃതിയുമല്ല. പല കാലങ്ങളിലായി എഴുതപ്പെട്ട ഒരു ഗ്രന്ഥപരമ്പരയാണ് വേദാന്തം. ഇവയിലൊരെണ്ണത്തില്‍തന്നെ ചിലപ്പോള്‍ ഒരമ്പതുകൂട്ടം ഭിന്നകാര്യങ്ങള്‍ കാണും. അവയ്ക്കു ഒരടുക്കും മുറയും ഉണ്ടായിരിക്കയുമില്ല. ചിന്തകള്‍ അവ ഉണ്ടായ മുറയ്ക്കു കുത്തിക്കുറിച്ചിരിക്കയാവാം. ചിലപ്പോള്‍ ബന്ധമില്ലാത്ത അന്യകാര്യങ്ങളുടെ മദ്ധ്യത്തില്‍ അതിവിശിഷ്ടമായ ഒരാശയം കണ്ടെന്നുവരാം. എന്നാല്‍ ഒരു വസ്തുത ശ്രദ്ധാര്‍ഹമാണ്. അതായത് ഉപനിഷത്തിലെ ഈ ആശയങ്ങള്‍ സദാ ഒന്നിനൊന്നു പുരോഗമിക്കുന്നു. ഓരോ ഋഷിയുടെയും ചിന്താവ്യാപാരങ്ങള്‍, അതു മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന പ്രകാരംതന്നെ രൂപനിഷ്പത്തി വന്നിട്ടില്ലാത്ത ആ പുരാതനകാലത്തെ ഭാഷയില്‍ ചിത്രണംചെയ്യപ്പെട്ടിരിക്കുന്നു. ആദ്യമാദ്യം വളരെ അനുപസ്കൃതങ്ങളും സ്ഥൂലങ്ങളുമായിരുന്ന ആശയങ്ങള്‍, മേല്‍ക്കുമേല്‍ സൂക്ഷ്മതരങ്ങളാകുന്നതും ഒടുവില്‍ വേദാന്തലക്ഷ്യത്തിലെത്തുന്നതും കാണാം. ഈ ലക്ഷ്യം തത്ത്വശാസ്ത്രോചിതമായ ഒരു സംജ്ഞയും കൈക്കൊള്ളുന്നുണ്ട്. ദേവന്മാരുടെ പ്രകാശശാലികളുടെ അന്വേഷണത്തില്‍ തുടങ്ങിയതു പിന്നീടു ജഗദുത്ഭവത്തെപ്പറ്റിയുള്ളതായി മാറി. അതേ അന്വേഷണം ഒടുവില്‍ കുറേക്കൂടി ദാര്‍ശനികവും വിശദതരവുമായ ഒരു പേര്‍ കൈക്കൊള്ളുന്നു-സര്‍വ്വത്തിന്റെയും ഏകത്വം-‘യാതൊന്നിനെ അറിഞ്ഞാല്‍ മറ്റെല്ലാം അറിയപ്പെടുന്നു.’