സ്വാമി വിവേകാനന്ദന്‍

1897-ാമാണ്ട് സ്വാമിജി കല്‍ക്കത്തയില്‍ താല്‍ക്കാലികമായി താമസിക്കുമ്പോള്‍ രാമകൃഷ്ണമിഷന്റെ അന്നത്തെ ആസ്ഥാനമായ ആലംബസാര്‍മഠത്തിലായിരുന്നു മിക്കവാറും. കുറേ നേരത്തേ തയ്യാറെടുത്തുവന്ന ഏതാനും യുവാക്കന്മാര്‍ ഈ അവസരത്തില്‍ അദ്ദേഹത്തെ ചുഴന്നുകൂടി ബ്രഹ്മചര്യസന്ന്യാസവ്രതങ്ങള്‍ സ്വീകരിച്ചു. ഗീതയിലും വേദാന്തത്തിലും ക്ളാസ്സുകളെടുത്തും ധ്യാനമുറകള്‍ പരിശീലിപ്പിച്ചും സ്വാമിജി അവരെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുക്കിക്കൊണ്ടുവന്നു. ഈ ക്ളാസ്സുകളിലൊന്നില്‍ അദ്ദേഹം ഗീതയെക്കുറിച്ച് ബംഗാളിയില്‍ വാഗ്മിതയോടെ സംസാരിച്ചു. പ്രസ്തുത പ്രഭാഷണത്തിന്റെ സംഗ്രഹം മഠത്തിലെ ഡയറിയില്‍ കുറിച്ചുവെച്ചതിന്റെ വിവര്‍ത്തനമാണ് താഴെ കൊടുക്കുന്നത്.

ഗീതയെന്ന ഗ്രന്ഥം മഹാഭാരതത്തിന്റെ ഒരു ഭാഗമാണ്. ഗീതയെ ശരിക്കു മനസ്സിലാക്കണമെങ്കില്‍, മറ്റു ചില കാര്യങ്ങള്‍കൂടി അവശ്യം അറിയേണ്ടതുണ്ട്. ഒന്നാമത്, ഇതു മഹാഭാരതത്തിന്റെ ഒരു ഭാഗംതന്നെയോ, അതായത് ഇതിന്റെ കര്‍ത്തൃത്വം വേദവ്യാസനിലാണെന്നതു ശരിയോ, അതോ ഇത് ഈ മഹേതിഹാസത്തില്‍ പ്രക്ഷിപ്തമോ? രണ്ടാമത്, കൃഷ്ണന്‍ എന്ന പേരില്‍ ഒരു ചരിത്രപുരുഷന്‍ ഉണ്ടായിരുന്നോ? മൂന്നാമത്, ഗീതയില്‍ പറയും പ്രകാരം, കുരുക്ഷേത്രമഹായുദ്ധം യഥാര്‍ത്ഥത്തില്‍ നടന്നതാണോ? നാലാമത്, അര്‍ജ്ജുനന്‍ തുടങ്ങിയ കഥാനായകന്മാര്‍ വാസ്തവത്തില്‍ ചരിത്രപുരുഷന്മാരാണോ?

ആദ്യമായി, ഇങ്ങനെ ഒരന്വേഷണത്തിനു നിദാനമായ വസ്തുതകളെന്തൊക്കെയെന്നു നോക്കാം. വേദവ്യാസന്‍ എന്ന പേരില്‍ പലരും ഉണ്ടായിരുന്നുവെന്നു നമുക്കറിയാം. അവരില്‍ ഗീതയുടെ കര്‍ത്താവാര്-ബാദരായണവ്യാസനോ ദ്വൈപായനവ്യാസനോ? ‘വ്യാസന്‍’ എന്നത് ഒരു സ്ഥാനപ്പേര്‍മാത്രമാണ്. വിക്രമാദിത്യന്‍ എന്നതുപോല വ്യാസന്‍ എന്നതും ഒരു സാമാന്യസംജ്ഞയാണ്. പുതിയൊരു പുരാണമെഴുതിയ ആരെയും വ്യാസന്‍ എന്നു വിളിച്ചുവന്നു. മറ്റൊരു സംഗതി, ഗീതയെന്ന ഈ ഗ്രന്ഥം, ശങ്കരാചാര്യര്‍ തന്റെ മഹത്തായ ഭാഷ്യംകൊണ്ടു അതിനെ വിശ്രുതമാക്കുംമുമ്പ്, സാമാന്യജനത്തിന്നിടയില്‍ അധികം അറിയപ്പെട്ടിരുന്നില്ല. എന്നാല്‍ അതിനും വളരെമുമ്പു ഗീതയ്ക്കു ബോധായനന്റെ ഒരു ഭാഷ്യം പ്രചരിച്ചിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യം തെളിയിക്കാമെങ്കില്‍, ഗീതയുടെ പ്രാചീനത്വവും വ്യാസന്റെ കര്‍ത്തൃത്വവും സ്ഥാപിക്കുവാന്‍ അതു വളരെയേറേ സഹായിക്കും. ബോധായനന്റെ വേദാന്തസൂത്രഭാഷ്യം-ഇതിനെ അവലംബിച്ചാണ് രാമാനുജന്‍ തന്റെ ശ്രീഭാഷ്യം രചിച്ചിട്ടുള്ളത്. ശങ്കരാചാര്യര്‍ ഇതിനെ പരാമര്‍ശിക്കുകമാത്രമല്ല, തന്റെ ഭാഷ്യത്തില്‍ അവിടവിടെ ഭാഗികമായി ഉദ്ധരിക്കുകകൂടി ചെയ്തിട്ടുണ്ട്. ഇതിനെപ്പറ്റി സ്വാമി ദയാനന്ദന്‍ വിസ്തൃതമായി ചര്‍ച്ചചെയ്തിട്ടുണ്ട്. ഇങ്ങനെയെല്ലാമുള്ള ആ ഭാഷ്യത്തിന്റെ ഒറ്റ പ്രതിപോലും കാണുവാന്‍ ഭാരതമൊട്ടുക്കു സഞ്ചരിച്ചിട്ടും എനിക്കു സാധിച്ചില്ല. ചിതല്‍ തിന്ന ഒരു കയ്യെഴുത്തുപ്രതി കൈവന്നതില്‍നിന്നാണ് രാമാനുജന്‍തന്നെയും തന്റെ ഭാഷ്യം രചിച്ചതെന്നു പറയപ്പെടുന്നു. വേദാന്തസൂത്രങ്ങള്‍ക്കു ബോധായനന്‍ രചിച്ച ഈ ഭാഷ്യത്തിന്റെ കാര്യംതന്നെ ഇത്രമാത്രം അനിശ്ചിതത്വാന്ധകാരത്തിലാണ്ടിരിക്കെ, ഗീതയ്ക്ക് ഒരു ബോധായനഭാഷ്യമുണ്ടായിട്ടുണ്ടെന്ന വാദം കേവലം നിഷ്പ്രയോജനമാണ്. ശങ്കരാചാര്യരാണ് ഗീതയുടെ രചിയിതാവെന്നും അവിടുന്നാണ് മഹാഭാരതത്തിന്റെ ഇടയ്ക്കു അതിനെ ചേര്‍ത്തുവെച്ചതെന്നും ചിലര്‍ അനുമാനിക്കുന്നുണ്ട്.

ഇനി രണ്ടാമത്തേതായ കൃഷ്ണന്റെ വ്യക്തിത്വത്തെപ്പറ്റി വലിയ സന്ദേഹം നിലവിലുണ്ട്. ഛാന്ദോഗ്യോപനിഷത്തില്‍ ഒരിടത്തു ദേവീകപുത്രനായ കൃഷ്ണന്‍, ഘോരനെന്നൊരു യോഗിയില്‍നിന്നു ആത്മികോപദേശം സ്വീകരിച്ചതായി പറഞ്ഞുകാണുന്നു. മഹാഭാരതത്തില്‍ കൃഷ്ണന്‍ ദ്വാരകയിലെ രാജാവാണ്. വിഷ്ണുപുരാണത്തില്‍ കൃഷ്ണന്‍ ഗോപസ്ത്രീകളുമൊത്തു ക്രീഡിപ്പിക്കുന്നതായി വര്‍ണ്ണിച്ചുകാണുന്നു. പിന്നെ, ഭാഗവതത്തിലും അവിടുത്തെ രാസലീലയുടെ സവിസ്തരവര്‍ണ്ണനയുണ്ട്. നമ്മുടെ രാജ്യത്തു പുരാതനകാലങ്ങളില്‍ മദനോത്സവം എന്നൊരുത്സവം നടന്നിരുന്നു. ഇതുതന്നെയാണ് പില്‍ക്കാലത്തു ‘ദോലോത്സവ’മായി മാറ്റി കൃഷ്ണന്റെ മേല്‍ വെച്ചുകെട്ടിയത്. രാസലീല തുടങ്ങിയ കാര്യങ്ങള്‍, ഇതുപോലെ അവിടുത്തെമേല്‍ കെട്ടിവെച്ചതല്ലെന്നു തീര്‍ത്തുപറയാന്‍ ആര്‍ക്കുണ്ട് ധൈര്യം? പണ്ടുകാലങ്ങളില്‍ ചരിത്രഗവേഷണങ്ങളിലൂടെ സത്യം കണ്ടുപിടിക്കുകയെന്ന ശീലം നമ്മുടെ നാട്ടുകാരില്‍ ദുര്‍ല്ലഭമായിരുന്നു. അതുകൊണ്ട് വസ്തുതകള്‍ക്കൊണ്ടും തെളിവുകൊണ്ടും സമര്‍ത്ഥിക്കാതെ ഇഷ്ടാനുസരണം ആരും എന്തും പറഞ്ഞിരുന്നു. മാത്രമല്ല, ആ പ്രാചീനകാലങ്ങളില്‍ മനുഷ്യര്‍ പേരും പെരുമയും പ്രായേണ ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍, ഒരുവന്‍ ഒരു ഗ്രന്ഥമെഴുതിയിട്ട് അതു തന്റെ ഗുരുവിന്റെയോ മറ്റോ പേരില്‍ പ്രചരിപ്പിക്കുക എന്നതു പലപ്പോഴും നടന്നിരുന്നു. അങ്ങനെയുള്ള ദൃഷ്ടാന്തങ്ങളില്‍, ചരിത്രഗവഷകനും സത്യം കണ്ടെത്തുകവലിയൊരു സാഹസമാകും. പുരാതനകാലത്തെ ആളുകള്‍ക്ക് ഭൂമിശാസ്ത്രജ്ഞാനം ഒട്ടുമില്ലായിരുന്നു. അതിനാല്‍, ഭാവനയുടെ വിചിത്രസൃഷ്ടികളായി ഇക്ഷുസമുദ്രം, ക്ഷീരസമുദ്രം, ദധിസമുദ്രം മുതലായവ നാം കാണുന്നു. ഒരുവന്‍ പതിനായിരം വര്‍ഷം ജീവിച്ചിരുന്നതായും അപരന്‍ ലക്ഷം വര്‍ഷം ജീവിച്ചിരുന്നതായും മറ്റും പുരാണങ്ങളില്‍ കാണുന്നു. എന്നാല്‍, ‘ശതായുര്‍ വൈ പുരുഷഃ’-മനുഷ്യന്നു നൂറുകൊല്ലമാണായുസ്സ്-എന്നാണ് വേദങ്ങളില്‍ പറയുന്നത്. ഇവിടെ നാം ഏതു സ്വീകരിക്കും? അതുപോലെ കൃഷ്ണനെ സംബന്ധിച്ചു ശരിയായ ഒരു നിഗമനത്തിലെത്തുക മിക്കവാറും അസാദ്ധ്യം.

ഒരു മഹാത്മാവിന്റെ യഥാര്‍ത്ഥസ്വഭാവത്തിനു ചുറ്റും സാങ്കല്‍പ്പികവും അസ്വഭാവികയുമായ എല്ലാത്തരം ഗുണവിശേഷങ്ങളും കെട്ടിപ്പടുക്കുകയെന്നതു മനുഷ്യസ്വഭാവമാണ്. കൃഷ്ണനെസ്സംബന്ധിച്ചും ഇപ്രകാരം സംഭവിച്ചിരിക്കണം. എന്നാല്‍, അവിടുന്നു ഒരു രാജാവായിരുന്നു എന്നുള്ളതു തികച്ചും സംഭവ്യമാണ്. തികച്ചും സംഭവ്യമെന്നു ഞാന്‍ പറയുന്നത്, പുരാതനകാലങ്ങളില്‍ നമ്മുടെ രാജ്യത്തു പ്രധാനമായും രാജാക്കന്മാരാണ് ബ്രഹ്മജ്ഞാനപ്രചാരണത്തില്‍ ഏറ്റവും യത്നിച്ചിരുന്നത് എന്നുള്ളതുകൊണ്ടാണ്. ഈ സന്ദര്‍ഭത്തില്‍ വിശേഷിച്ചും ശ്രദ്ധാര്‍ഹമായ മറ്റൊരു വസ്തുത, ഗീതാകാരന്‍ ആരായാലും, മഹാഭാരതത്തിലാകമാനം കാണുന്ന അതേ ഉപദേശതത്ത്വങ്ങളാണ് ഗീതയിലും കാണുന്നതെന്നുള്ളതത്രേ. മഹാഭാരതത്തിന്റെ കാലത്ത് ഏതോ ഒരു മഹാത്മാവ് ആവിര്‍ഭവിച്ച്, അന്നത്തെ ജനസമുദായത്തിനു ബ്രഹ്മജ്ഞാനത്തെ ഈ നൂതനരൂപത്തില്‍ ഉപദേശിച്ചു എന്നുള്ളിടത്തോളം ഇതില്‍നിന്നു നമുക്കൂഹിക്കാം. മറ്റൊരു വസ്തുതകൂടി നമ്മുടെ ശ്രദ്ധയ്ക്കു വിഷയമാകുന്നു-അതായത്, പണ്ടുകാലങ്ങളില്‍ മതസമ്പ്രദായങ്ങള്‍ ഒന്നിനൊന്ന് ഉദയം ചെയ്തപ്പോള്‍, ഓരോന്നിനോടുമൊപ്പം ഓരോ പുതിയ മതഗ്രന്ഥവും ഉണ്ടായി പ്രചരിച്ചു. കാലാന്തരത്തില്‍, മതസമ്പ്രദായവും അതിന്റെ ഗ്രന്ഥവും ഒപ്പം നശിക്കുകയോ, അല്ലെങ്കില്‍ സമ്പ്രദായം നശിച്ചിട്ട്, ഗ്രന്ഥംമാത്രം ശേഷിക്കുകയോ ചെയ്തു. ഈ മട്ടില്‍ ഗീത ഇത്തരമൊരു മതശാഖക്കാരുടെ മതഗ്രന്ഥമായിരിക്കാന്‍ തികച്ചും സംഭവ്യതയുണ്ട്. ആ ശാഖക്കാര്‍ അവരുടെ ഉന്നതവും ഉല്‍കൃഷ്ടവുമായ ആശയങ്ങള്‍ ഈ വിശുദ്ധഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചതാവാം.

കുരുക്ഷേത്രയുദ്ധത്തെസ്സംബന്ധിച്ചതാണ് മൂന്നാം പ്രശ്നം. ഇതിന് ഉപോദ്ബലകമായി വിശേഷാല്‍ തെളിവൊന്നുമില്ല. എന്നാല്‍ കൌരവന്മാരും പാണ്ഡവന്മാരും തമ്മില്‍ ഒരു യുദ്ധം നടന്നു എന്നതിനു സംശയമില്ല. ഇനി മറ്റൊരു സംഗതി: മഹാസൈന്യങ്ങള്‍ യുദ്ധത്തിനു തയ്യാറായി അണിനിരന്ന്, അവസാനാജ്ഞയ്ക്കു കാത്തുനില്‍ക്കുന്ന ഒരു രണാങ്കണത്തില്‍വെച്ച് ജ്ഞാന-ഭക്തി-യോഗാദിവിഷയങ്ങളെക്കുറിച്ച് ഇത്രയധികം ചര്‍ച്ചചെയ്യാന്‍ എങ്ങനെ സാധിച്ചു? യുദ്ധഭൂമിയിലെ ശബ്ദകോലാഹലത്തിലും പ്രക്ഷുബ്ധാന്തരീക്ഷത്തിലും കൃഷ്ണനും അര്‍ജ്ജുനനും തമ്മില്‍ നടന്ന ഈ സംഭാഷണത്തിലെ ഓരോ വാക്കും കുറിച്ചെടുക്കാന്‍ വല്ല ചുരുക്കെഴുത്തുകാരനും അവിടെ സന്നിഹിതനായിരുന്നോ? ചിലരുടെ അഭിപ്രായത്തില്‍, ഈ കുരുക്ഷേത്രയുദ്ധം ഒരധ്യവസായം മാത്രമാണ്. അതില്‍ അന്തര്‍ഹിതമായ ആദ്ധ്യാത്മികസാരം, സദ്വാസനകളും ദുര്‍വ്വാസനകളും തമ്മില്‍ മനുഷ്യന്റെ ഉള്ളില്‍ അനവരതം നടന്നുവരുന്ന യുദ്ധമത്രേ. ഈ അര്‍ത്ഥവും യുക്തിവിരുദ്ധമല്ല.

അര്‍ജ്ജുനന്റേയും മറ്റും ചരിത്രപരമായ വാസ്തവികതയെസ്സംബന്ധിച്ചുള്ള നാലാംപ്രശ്നത്തിനു വേണ്ടുവോളം ന്യായമുണ്ട്. അതിതാണ്-‘ശതപഥബ്രാഹ്മണം’ ഒരതിപ്രാചീനകൃതിയാണ്. അതിലൊരു ഭാഗത്ത് അശ്വമേധയാഗം നടത്തിയ എല്ലാവരുടേയും പേരുകള്‍ പറയുന്നുണ്ട്. അവിടെങ്ങും അര്‍ജ്ജുനാദികളുടെ പേരുകള്‍ പറയുന്നില്ല. അവരെപ്പറ്റി ഒരു സൂചനയുമില്ല. അതേ സമയം പരീക്ഷിത്തിന്റെ പുത്രനും അര്‍ജ്ജുനന്റെ പൌത്രനുമായ ജനമേജയനെപ്പറ്റി പ്രസ്താവിക്കുന്നുമുണ്ട്. എങ്കിലും, മഹാഭാരതത്തിലും മറ്റു ചില ഗ്രന്ഥങ്ങളിലും യുധിഷ്ഠിരനും അര്‍ജ്ജുനനും മറ്റും ചേര്‍ന്ന് അശ്വമേധയാഗം നടത്തിയതായി പ്രസ്താവിച്ചിരിക്കുന്നു.

ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം വിശേഷിച്ച് ഓര്‍മ്മിക്കേണ്ടതുണ്ട്-അതായത് ഈ ചരിത്രപരമായ ഗവേഷണങ്ങളും നമ്മുടെ യഥാര്‍ത്ഥലക്ഷ്യമായ ധര്‍മ്മലാഭത്തിനുള്ള ജ്ഞാനവും തമ്മില്‍ ബന്ധമില്ല. ഇവയ്ക്കൊന്നിനും ചരിത്രപരമായ ഒരു വാസ്തവികതയുമില്ലെന്നു തെളിഞ്ഞാലും അതു നമുക്കൊരു നഷ്ടവും വരുത്തുന്നില്ല. എങ്കില്‍, ഇത്രവളരെ ചരിത്രഗവേഷണംകൊണ്ടുള്ള പ്രയോജനമെന്തെന്നു നിങ്ങള്‍ക്കു ചോദിക്കാം. അതിനുമുണ്ട് ഒരു പ്രയോജനം. നമുക്കു സത്യമറിയണം. അജ്ഞതകൊണ്ട് നാം അന്ധവിശ്വാസങ്ങളുടെ പിടിയില്‍ കഴിഞ്ഞാല്‍ പോരാ. ഈ നാട്ടില്‍ ജനങ്ങള്‍ ഇതുപോലുള്ള ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നില്ല. അനേകര്‍ക്കു നന്മ ചെയ്യാനിടയുള്ള ഒരു നല്ല കാര്യം പ്രചരിപ്പിക്കുവാനായി ഒരു അസത്യം പറയുന്നതില്‍ ദോഷമില്ല എന്ന് പല മതസമ്പ്രദായക്കാരും വിശ്വസിക്കുന്നു- അതായത്, ഒരു നല്ല കാര്യം പ്രചരിപ്പിക്കുവാന്‍ അതു സഹായിക്കുമെങ്കില്‍ ദോഷമില്ല. മറ്റു വിധത്തില്‍ പറഞ്ഞാല്‍, ലക്ഷ്യം മാര്‍ഗ്ഗത്തെ നീതീകരിക്കുന്നു. അതുകൊണ്ടത്രേ, നമ്മുടെ പല തന്ത്രഗ്രന്ഥങ്ങളും, ‘മഹാദേവന്‍ പാര്‍വ്വതിയോടു പറഞ്ഞു’ എന്നിങ്ങനെ ആരംഭിക്കുന്നതായി കാണുന്നത്. എന്നാല്‍, നമ്മുടെ കര്‍ത്തവ്യം സത്യമെന്തെന്നു നമ്മെത്തന്നെ ബോധ്യപ്പെടുത്തുകയും സത്യത്തില്‍ മാത്രം വിശ്വസിക്കുകയുമായിരിക്കണം. അന്ധവിശ്വാസത്തിന്റെ അഥവാ പഴയ പാരമ്പര്യങ്ങളുടെ സത്യാവസ്ഥയെപ്പററി അന്വേഷിക്കാതെ, അവയിലുള്ള വിശ്വാസത്തിന്റെ പ്രഭാവം മനുഷ്യരെ എന്നും കൈകാല്‍ കെട്ടിയിടത്തക്കവണ്ണം അത്ര പ്രബലമാണ്. തല്‍ഫലമായി, യേശുക്രിസ്തുവും മുഹമ്മദുനബിയും മറ്റു പല മഹാന്മാരും ഇത്തരം അനേകം അന്ധവിശ്വാസങ്ങളില്‍ കഴിഞ്ഞുകൂടി. എന്നാല്‍ നാം സദാ സത്യത്തില്‍മാത്രം ലക്ഷ്യം ഉറപ്പിച്ച്, എല്ലാ അന്ധവിശ്വാസങ്ങളേയും തികച്ചും പരിവര്‍ജ്ജിക്കണം.

ഇനി ഗീതയിലെന്താണുള്ളതെന്നു നോക്കാം. കാട്ടില്‍ നടക്കുമ്പോള്‍, പെട്ടെന്നു മനോജ്ഞമായ ഒരു പനിനീര്‍പുഷ്പം, അതിന്റെ ഇലയും മുള്ളും ചില്ലയുമായി കെട്ടിപ്പിണഞ്ഞുകിടക്കുന്നതായി കണ്ടെത്തുംപോലെ, ഉപനിഷത്തുകള്‍ പഠിക്കുമ്പോള്‍ അതുകളിലെ അനേകം അസംഗതവിഷയങ്ങളാകുന്ന നൂലാമാലകളില്‍ക്കൂടി അലഞ്ഞുതിരിയുന്നതിനിടയ്ക്ക് പൊടുന്നനവേ ഒരുന്നതതത്ത്വം അവതരിപ്പിക്കുന്നതു കാണാം. ഗീതയില്‍ ആ തത്ത്വങ്ങള്‍ യഥാസ്ഥാനങ്ങളില്‍ ഭംഗിയായി ക്രമപ്പെടുത്തിവെച്ചിരിക്കുന്നു-അതിവിശിഷ്ടകുസുമങ്ങളെക്കൊണ്ടുമാത്രം നിര്‍മ്മിതമായ ഒരു മാലയോ പൂച്ചെണ്ടോ പോലെയാണ് ഗീത. ഉപനിഷത്തുകള്‍ ശ്രദ്ധയെപ്പറ്റി പലേടത്തും സവിസ്തരം പ്രതിപാദിക്കുന്നുണ്ടെങ്കിലും ഭക്തിയെ പ്രസ്താവിക്കുന്നില്ലെന്നുതന്നെ പറയാം. നേരേമറിച്ച്, ഗീതയില്‍ ഭക്തിവിഷയം വീണ്ടും വീണ്ടും പരാമര്‍ശിക്കപ്പെടുന്നുവെന്നുമാത്രമല്ല, അവിടെ ഭക്തിയുടെ നിസര്‍ഗ്ഗജഭാവം അതിന്റെ പരമോച്ചാവസ്ഥയെ പ്രാപിച്ചിട്ടുമുണ്ട്.

ഇനി ഗീതയില്‍ ചര്‍ച്ച ചെയ്ത ചില പ്രധാനസംഗതികള്‍ നോക്കാം. മുമ്പുള്ള മതഗ്രന്ഥങ്ങളില്‍നിന്ന് ഗീതയെ വേര്‍തിരിച്ചുനിര്‍ത്തുന്ന അപൂര്‍വ്വതയെന്താണ്? ഗീതയുടെ ആവിര്‍ഭാവത്തിനുമുമ്പ് ജ്ഞാനം, ഭക്തി, യോഗം തുടങ്ങിയ ഓരോ മാര്‍ഗ്ഗത്തിനും പ്രബലമായ കൂറുള്ള അനൂയായികള്‍ ഉണ്ടായിരുന്നെങ്കിലും, അവര്‍ തമ്മില്‍ കലഹിച്ചുകൊണ്ടിരുന്നു. ഓരോ കൂട്ടരും അവരവരുടെ മാര്‍ഗ്ഗത്തിനു മേന്മ അവകാശപ്പെട്ടു. നാനാമാര്‍ഗ്ഗങ്ങളെ തമ്മിലിണക്കുവാന്‍ ആരും ശ്രമിച്ചിരുന്നില്ല. ഇദംപ്രഥമമായി ഇവയെ സമന്വയിക്കാനുദ്യമിച്ചത് ഗീതാകാരനാണ്. അവിടുന്ന് അന്നു നിലവിലിരുന്ന എല്ലാ സമ്പ്രദായങ്ങളിലേയും ഉത്തമാംശങ്ങളെ സ്വീകരിച്ച് അവയെ ഗീതയില്‍ കോര്‍ത്തിണക്കി. അവിടുത്തേയ്ക്കുപോലും കാണിക്കാന്‍ സാധിക്കാത്ത, തമ്മില്‍ പൊരുതിയിരുന്ന ഈ സമ്പ്രദായങ്ങളുടെ, സമ്പൂര്‍ണ്ണസമന്വയമാണ് ഈ പത്തൊമ്പതാം നൂറ്റാണ്ടില്‍ ശ്രീരാമകൃഷ്ണപരമഹംസര്‍ സാധിച്ചത്.

അടുത്തത് നിഷ്കാമകര്‍മ്മം, അഥവാ ഫലേച്ഛയോ ആസക്തിയോ കൂടാതുള്ള കര്‍മ്മാനുഷ്ഠാനം. ഇതിലെ ആശയത്തെപ്പറ്റി ജനങ്ങളുടെ ഇടയില്‍ ഇക്കാലത്തു പല ധാരണകളാണുള്ളത്. നിഷ്കാമനായിരിക്കുക എന്നുവെച്ചാല്‍, ഉദ്ദേശ്യരഹിതനാവുക എന്നാണെന്നും ചിലര്‍ പറയുന്നു. അതാണ് അതിന്റെ ശരിയായ അര്‍ത്ഥമെങ്കില്‍, ക്രൂരങ്ങളായ മൃഗങ്ങളും ഭിത്തികളും മറ്റുമായേനെ നിഷ്കാമകര്‍മ്മാനുഷ്ഠാനത്തിന്റെ ഉത്തമനിദര്‍ശനങ്ങള്‍, മറ്റു പലരും ജനകനെ ദൃഷ്ടാന്തീകരിച്ച് ജനകനെപ്പോലെ തങ്ങളും നിഷ്കാമകര്‍മ്മാനുഷ്ഠാനത്തിനരെ ആദര്‍ശങ്ങളായി അംഗീകരിക്കപ്പെടുവാന്‍ കാംക്ഷിക്കുന്നു. ജനകന്‍ ഈ ഖ്യാതിനേടിയത് സന്താനങ്ങളെ ഉല്‍പ്പാദിപ്പിച്ചിട്ടല്ല. പക്ഷേ, ഇക്കൂട്ടരെല്ലാം തങ്ങള്‍ക്ക് ഒരു പറ്റം കുട്ടികളുടെ പിതാവാണെന്നുള്ള ഒറ്റ യോഗ്യതവെച്ചാണ് ജനകന്മാരാകാന്‍ ആഗ്രഹിക്കുന്നത്. ശരിയായ നിഷ്കാമകര്‍മ്മി മൃഗത്തെപ്പോലെ ഹൃദയശൂന്യനോ ഭിത്തിയെപ്പോലെ നിര്‍ജ്ജീവമോ ആകാവതല്ല. അയാള്‍ താമസപ്രകൃതിയല്ല. ശുദ്ധസാത്ത്വികപ്രകൃതിയാണ്. സ്നേഹപ്രകര്‍ഷത്താല്‍ സമസ്തലോകത്തെയും ആശ്ളേഷിക്കത്തക്കവണ്ണം അയാളുടെ ഹൃദയം സ്നേഹാനുകമ്പാനിര്‍ഭരമാകുന്നു. അയാളുടെ സര്‍വ്വവും ഉള്‍ക്കൊള്ളുന്ന സ്നേഹാനുകമ്പകള്‍ പ്രായേണ ബഹുജനങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ കഴിയില്ല. വിഭിന്ന ധര്‍മ്മ മാര്‍ഗ്ഗങ്ങളുടെ സമന്വയം, നിഷ്കാമകര്‍മ്മം-ഇവയാണ് ഗീതയുടെ രണ്ടു വിശേഷലക്ഷണങ്ങള്‍.

സഞ്ജയ ഉവാച:
തം തഥാ കൃപയാവിഷ്ടമശ്രുപൂര്‍ണ്ണാകുലേക്ഷണം
വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ
ശ്രീഭഗവാനുവാച
കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടമസ്വര്‍ഗ്യമകീര്‍ത്തികരമര്‍ജ്ജുന.
ക്ളൈബ്യം മാ സ്മ ഗമഃ പാര്‍ത്ഥ നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൌര്‍ബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ.
സഞ്ജയന്‍ പറഞ്ഞു: അപ്രകാരം കൃപകൊണ്ടമര്‍ന്നവനും വിഷാദിക്കുന്നവനും കണ്ണീരുകൊണ്ടു കണ്ണുകള്‍ മങ്ങിയവനുമായ അവനോടു മധുസൂദനന്‍ ഈ വാക്കുകള്‍ പറഞ്ഞു.
ശ്രീഭഗവാന്‍ പറഞ്ഞു: ‘‘ഹേ അര്‍ജ്ജുന, ഇത്തരം ഇടുക്കില്‍, ആര്യന്നു നിരാക്കാത്തതും അപകീര്‍ത്തികരവും സ്വര്‍ഗ്ഗപ്രാപ്തിക്കു വിപരീതവുമായ ഈ ഇടിച്ചില്‍ നിനക്കെങ്ങുനിന്നു വന്നു? ഹേ പൃഥയുടെ പുത്ര! ആണത്തമില്ലായ്മയ്ക്കടിപ്പെടരുത്. അതു നിനക്കു തീരെ ചേരാത്തതാണ്. ഹേ ശത്രുക്കളെ ചുടുന്നവനേ! ഈ നീചമായ ഹൃദയദുര്‍ബ്ബലത ദൂരെയെറിഞ്ഞു എണീക്കൂ!’’

‘തം തഥാ കൃപയാവിഷ്ടം’ എന്നു തുടങ്ങുന്ന ശ്ളോകത്തില്‍ എത്ര മേല്‍ കാവ്യമയവും മനോഹരവുമായി അര്‍ജ്ജുനന്റെ യഥാര്‍ത്ഥാവസ്ഥ ചിത്രണം ചെയ്തിരിക്കുന്നു! പിന്നീട് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ ഉപദേശിക്കുന്നു: ‘ക്ളൈബ്യം മാ സ്മ ഗമഃ പാര്‍ത്ഥ.’ ഇത്യാദി വാക്കുകളിലൂടെ അവിടുന്ന എന്തുകൊണ്ട് അര്‍ജ്ജുനനെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു? കാരണം, അര്‍ജ്ജുനന്റെ യുദ്ധവൈമുഖ്യം അദ്ദേഹത്തിന്റെ പ്രകൃതിയില്‍ ശുദ്ധസത്ത്വഗുണം വര്‍ദ്ധിച്ചതിന്റെ ഫലമല്ല, തമോഗുണമാണ് അതുളവാക്കിയത്. സാത്ത്വികനായ ഒരുവന്റെ പ്രകൃതം, അയാള്‍ ഏതവസ്ഥയിലും-സൌഭാഗ്യത്തിലും ദുര്‍ഭാഗ്യത്തിലും-ഒന്നുപോലെ പ്രശാന്തനായിരിക്കുന്നുവെന്നതാണ്. അര്‍ജ്ജുനനാകട്ടെ, ഭയാക്രാന്തനായി, കൃപാവിഷ്ടനായി, അദ്ദേഹത്തിനു യുദ്ധത്തില്‍ അഭിരുചിയും ആഭിമുഖ്യവുമുണ്ടായിരുന്നു എന്നതിന്, മാറ്റൊന്നിനുമല്ല അദ്ദേഹം യുദ്ധക്കളത്തിലേക്കു വന്നതെന്ന വസ്തുതതന്നെ തെളിവാണ്. നമ്മുടെ ജീവിതത്തിലും പലപ്പോഴും ഇതുമാതിരി സംഭവിക്കാറുണ്ട്. പലരും തങ്ങള്‍ പ്രകൃത്യാ സാത്ത്വികരാണെന്നു വിചാരിക്കുന്നു. പക്ഷേ അവര്‍ യഥാര്‍ത്ഥത്തില്‍ വെറും താമസരാണ്. ശരീരശുദ്ധിയില്ലാതെ ജീവിക്കുന്ന പലരും തങ്ങള്‍ പരമഹംസന്മാരാണെന്നു കരുതുന്നു. എന്തുകൊണ്ടെന്നോ? പരമഹംസന്മാര്‍ ജഡവസ്തുവിനെപ്പോലെയോ ഉന്മത്തനെപ്പോലെയോ പിശാചിനെപ്പോലെയോ ജീവിക്കുന്നു എന്ന് ശാസ്ത്രങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ളതിനാല്‍, പരമഹംസന്മാരെ ശിശുക്കളോടു സാദൃശ്യപ്പെടുത്താറുണ്ട്. എന്നാല്‍, ഇവിടെ സാദൃശ്യം ഒരു പാട്ടിലൂടെയാണ് എന്നും മനസ്സിലാക്കേണ്ടതുണ്ട്. പരമഹംസനും ശിശുവും വ്യത്യാസമില്ലാത്ത ഒരുതരക്കാരല്ല. അവര്‍ രണ്ടു പരകോടികള്‍-അങ്ങേ അറ്റവും ഇങ്ങേ അറ്റവും-ആകയാല്‍ ഒരുപോലെ തോന്നിക്കുന്നു എന്നുമാത്രം. ഒരാള്‍ ജ്ഞാനത്തെ അതിക്രമിച്ച അവസ്ഥയിലെത്തിയിരിക്കുന്നു. മറ്റേയാള്‍ക്ക് ജ്ഞാനത്തിന്റെ ഉദയമേ ഉണ്ടായിട്ടില്ല. പ്രകാശത്തിന്റെ അതിസത്വരവും അതിമന്ദവുമായ രണ്ടുതരം സ്പന്ദങ്ങളും നമ്മുടെ സ്ഥൂലനേത്രങ്ങള്‍ക്കു ഗോചരമല്ല. എന്നാല്‍, ഒരവസ്ഥ അത്യുഗ്രമായ ചൂടും മറ്റേത് ചൂടിന്റെ ഏതാണ്ടു പൂര്‍ണ്ണാഭാവവുമാണ്. വിരുദ്ധഗുണങ്ങളായ സത്ത്വത്തിന്റെയും തമസ്സിന്റെയും കാര്യവും ഇതുപോലെയാണ്. ചില അംശങ്ങളില്‍ അവ ഒരുപോലെ തോന്നിക്കും. എന്നാല്‍ അവയ്ക്കു തമ്മില്‍ ലോകാന്തരമുണ്ട്. തമോഗുണം സത്ത്വഗുണത്തിന്റെ വേഷമണിഞ്ഞുനില്‍ക്കാന്‍ വളരെ കൊതിക്കുന്നു. ഇവിടെ അര്‍ജ്ജുനില്‍, ആ വീരയോദ്ധാവില്‍, അതു പ്രവേശിച്ചത് ദയയുടെ വേഷമണിഞ്ഞാണ്.

അര്‍ജ്ജുനനെ ഗ്രസിച്ചു കീഴ്പ്പെടുത്തിയ ഈ വ്യാമോഹത്തെ നീക്കിക്കളവാന്‍ ഭഗവാന്‍ എന്താണരുളിച്ചെയ്തത്? ഒരുവനെ പാപിയെന്നു വിളിച്ച് അവഹേളിക്കരുതെന്നും, മറിച്ച് തന്നില്‍ നിഗൂഢമായുള്ള മഹാശക്തിയിലേക്ക് അയാളുടെ ശ്രദ്ധയെ ആകര്‍ഷിക്കുകയാണ് വേണ്ടതെന്നും, ഞാന്‍ എപ്പോഴും പ്രസംഗിക്കാറുള്ള അതേ രീതിയില്‍, ഭഗവാന്‍ അര്‍ജ്ജുനനോടു പറഞ്ഞു: ‘നൈതത്ത്വയ്യുപപദ്യതേ’-‘ഇതു നിനക്കു ചേര്‍ന്നതല്ല. എല്ലാം തിന്മയ്ക്കും അതീതമായ, അവിനാശിയായ ആത്മാവാണ് നീ’ സ്വസ്വരൂപം വിസ്മരിച്ച്, ‘ശാരീരികപാപങ്ങളാലും മനോവ്യഥകളാലും പീഡിതനായവന്‍ എന്നിങ്ങനെ സ്വയം ചിന്തിച്ചു നീ നിന്നെ അപ്രകാരമാക്കിയിരിക്കുന്നു. ഇതു നിനക്കു ചേര്‍ന്നതല്ല!’ അതിനാല്‍ ഭഗവാന്‍ പറയുന്നു; ‘ക്ളൈബ്യം മാ സ്മ ഗമഃ പാര്‍ത്ഥ’- ‘പൃഥാപുത്ര.’ ‘നീ ആണത്തം കെട്ടവനാകരുത്.’ ഈ ലോകത്തില്‍ പാപവുമില്ല, ദുഃഖവുമില്ല, വ്യഥയുമില്ല. പാപമെന്നു പറയാവുന്ന വല്ലതുമൊന്നുണ്ടെങ്കില്‍, അതിതാണ്-ഭയം, നിന്നിലുള്ള ബലത്തെ ഉജ്ജീവിപ്പിക്കുന്ന ഏതൊരു മനസ്സിനെയും പൂണ്യമായി കരുതിക്കൊള്‍ക. നിന്റെ ശരീരത്തെയും മനസ്സിനെയും ദുര്‍ബലമാക്കുന്നതെന്തും പാപമായും ഈ ദൌര്‍ബ്ബല്യത്തെ, ഈ ഭീരുത്വത്തെ, കുടഞ്ഞുകളയുക, ‘ക്ളൈബ്യം മാ സ്മ ഗമഃ’ പാര്‍ത്ഥ. നീയൊരു വീരനാണ്. ഇതു നിനക്കു ചേര്‍ന്നതല്ല.’

എന്റേ കുട്ടികളേ, നിങ്ങള്‍ക്ക് ഈ സന്ദേശം -‘ക്ളൈബ്യം മാ സ്മ ഗമഃ പാര്‍ത്ഥ, നൈതത് ത്വയ്യുപപദ്യതേ’ എന്ന സന്ദേശം- ലോകത്തില്‍ വിളംബരപ്പെടുത്താന്‍ കഴിഞ്ഞാല്‍, അപ്പോള്‍, എല്ലാ വ്യഥയും വിഷാദവും പാപവും ദുഃഖവും ഈ ഭൂമുഖത്തുനിന്നു മൂന്നുനാള്‍ക്കകം കാണാതാകും. പിന്നീട് ദൌര്‍ബ്ബല്യത്തെസ്സംബന്ധിച്ച ഈ ആശയങ്ങള്‍ ഒരിടത്തും ഉണ്ടാവില്ല. ഇന്ന് അതെല്ലായിടത്തുമുണ്ട്. ഭയസ്പന്ദങ്ങളുടെ പ്രവാഹം. ഈ പ്രവാഹത്തിന്റെ ഗതി തിരിച്ചു വിടുക, എതിര്‍ സ്പന്ദങ്ങള്‍ സൃഷ്ടിക്കുക- അപ്പോള്‍ കാണാം അത്ഭുതകരമായ പരിവര്‍ത്തനം. നിങ്ങള്‍ സര്‍വ്വശക്തരാണ്-പീരങ്കിയുടെ മുഖത്തേക്കുതന്നെയും ചെല്ലുക, ഭയമരുത്. അതിനീചനായ പാപിയെപ്പോലും വെറുക്കരുത്. അവന്റെ പുറം തൊലിയിലേയ്ക്കു നോക്കരുത്. അന്തരംഗത്തിലേക്കു നോക്കുക. അവിടെ പരമാത്മാവ് ഇരുന്നരുളുന്നു. കാഹളധ്വനിയിലേക്കു ലോകത്തെ മുഴുവന്‍ ഇപ്രകാരം വിളിച്ചറിയിക്കുക-‘നിന്നില്‍ പാപമില്ല. നിന്നില്‍ ദുഃഖമില്ല. നീ സര്‍വ്വശക്തികളുടേയും സംഭരണകേന്ദ്രമാണ്. ഉത്തിഷ്ഠത, ജാഗ്രത, അകത്തുള്ള ബലം പ്രകാശിപ്പിക്കുക.’

ഒരുവന്‍ ഈ ഒരു ശ്ളോകം വായിച്ചാല്‍ മതി- ‘ക്ളൈബ്യം മാ സ്മ ഗമഃ പാര്‍ത്ഥ, നൈതത്ത്വയ്യുപപദ്യതേ! ക്ഷുദ്രം ഹൃദയദൌര്‍ബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരംതപ’- അയാള്‍ക്കു ഗീത മുഴുവന്‍ വായിക്കുന്നതിന്റെ ഫലവും സിദ്ധിക്കുന്നു. എന്തെന്നാല്‍ ഈ ഒറ്റ ശ്ളോകത്തില്‍ ഗീതയുടെ സന്ദേശം മുഴുവന്‍ അടങ്ങിയിരിക്കുന്നു.