ശ്രീമദ് ഭാഗവതത്തിലെ രണ്ട‍ാം സ്കന്ദത്തിലെ മൂന്ന‍ാം അദ്ധ്യായത്തിലെ 32 മുതല്‍ 35 വരെ വരികള്‍ ഭാഗവതത്തിന്റെ സത്ത അഥവാ ചതുശ്ലോകി ഭാഗവതം എന്നറിയപ്പെടുന്നു.

അഹമേവാസമേവാഗ്രേ നാന്യദ്യത്‌ സദസത്‌ പരം
പശ്ചാദഹം യദേതച്ച യോഽവശിഷ്യേത സോഽസ്മ്യഹം (2-9-32)
ഋതേഽര്‍ത്ഥം യത്‌ പ്രതീയേത ന പ്രതീയേത ചാത്മനി
തദ്വിദ്യാദാത്മനോ മായ‍ാം യഥാഽഽഭാസോ യഥാ തമഃ (2-9-33)
യഥാ മഹാന്തി ഭൂതാനി ഭൂതേഷൂച്ചാവചേഷ്വനു
പ്രവിഷ്ടാന്യ പ്രവിഷ്ടാനി തഥാ തേഷു ന തേഷ്വഹം (2-9-34)
ഏ‍താവദേവ ജിജ്ഞാസ്യം തത്വജിജ്ഞാസുനാത്മനഃ
അന്വയവ്യതിരേകാഭ്യ‍ാം യത്‌ സ്യാത്‌ സര്‍വത്ര സര്‍വദാ (2-9-35)

ബ്രഹ്മാവു പ്രാര്‍ത്ഥിച്ചുഃ ഭഗവാനേ, അവിടുന്ന് എല്ലാമറിയുന്നവനും എന്റെയുള്ളിത്തന്നെയുളള സത്തുമാണെങ്കിലും അവിടത്തെ പ്രഭാവം മനസിലാക്കിത്തരാന്‍ ഞാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു. അവിടുത്തെ പരമസത്തയേപ്പറ്റിയും നിരാകാരവും ആപേക്ഷികമായി സാകാരവുമായ വിശ്വരൂപ ത്തെപ്പറ്റിയും എനിക്കറിവുണ്ടാക്കിത്തന്നാലും. അവിടുന്നീവിശ്വംമുഴുവനും നിറഞ്ഞിരിക്കുന്നുവെങ്കിലും സ്വന്തം മായാശക്തിയാല്‍ ഭൂമിയില്‍ പ്രത്യക്ഷമായി കാണപ്പെടുന്നു. അവിടുന്ന് വിശ്വത്തെ സംരക്ഷിക്കുകയും അവസാനം സ്വശക്തിയില്‍ വിലയിപ്പിക്കയും ചെയ്യുന്നു. എട്ടുകാലി തന്നില്‍നിന്നു വലയുണ്ടാക്കി അതില്‍ കുറച്ചുനേരം കളിച്ച്‌ അവസാനം തന്നിലേക്കുതന്നെ ഉള്‍വലിയുന്നു. ഇതേക്കുറിച്ച്‌ ഞാനെന്നും അറിവുളളവനാകട്ടെ. അവിടത്തെക്കയ്യിലെ ഒരുപകരണമായി ഈ സൃഷ്ടി കര്‍മ്മത്തില്‍ എന്നെ പങ്കെടുപ്പിച്ചാലും. ‘ഞാന്‍ സൃഷ്ടിച്ചു’, എന്നൊരു തോന്നല്‍ എന്നിലുണ്ടാകാതേ യുമിരിക്കട്ടെ.

ഭഗവാന്‍ പറഞ്ഞുഃ
ഏറ്റവും നിഗൂഢവും ഉന്നതവുമായ ആ വിജ്ഞാനം ഞാന്‍ നിനക്കുപറഞ്ഞു തര‍ാം. അതെന്നെക്കുറിച്ചുളള സത്യമത്രെ. എന്റെ അനുഗ്രഹത്താല്‍ നിനക്കാ അറിവിന്റെ സാന്നിദ്ധ്യം എന്നുമുണ്ടാവുകയും എന്റെ ശരിയായ സംശുദ്ധരൂപത്തെപ്പറ്റിയും പ്രത്യക്ഷാവസ്ഥകളെപ്പറ്റിയും ഉള്‍ക്കാഴ്ചയുണ്ടാവുകയും ചെയ്യും.ബ്രഹ്മാവേ, തീര്‍ച്ചയായും ഞാന്‍ മാത്രമേ ആദിയിലുണ്ടായിരുന്നുളളൂ. മറ്റൊന്നും ഉണ്ടായിരുന്നില്ല.ആപേക്ഷികമായി അസ്ഥിത്വമോ അനസ്ഥിത്വമോ ഉണ്ടായിരുന്നില്ലതന്നെ. ‘അതിലും’, ‘ഇതിലും’ സൃഷ്ടിക്കപ്പെട്ടവയെങ്കിലും എല്ല‍ാം സ്ഥിതിചെയ്യുകമാത്രമാണ്‌. എന്റെ മായാശക്തിയാലാണ്‌ വസ്തുക്കള്‍ എന്നില്‍ സ്ഥിതിചെയ്യുന്നു എന്ന തോന്നല്‍ ഉണ്ടാക്കുന്നത്. (വാസ്തവമല്ലത്‌) അതൊരു പ്രതിഫലനം പോലെയാണ്‌ പ്രവര്‍ത്തിക്കുന്നുത്‌. അല്ലെങ്കില്‍ പുകയുണ്ടാകുന്നുതിന്റെ തുടക്കം തീയില്‍ നിന്നാണെങ്കിലും പുകയാല്‍ തീ മറയ്ക്കപ്പെട്ടു കാണുന്നതു പോലെയാണത്‌. എല്ലാ ജീവശരീര ങ്ങളിലും പഞ്ചഭൂതങ്ങള്‍ പ്രവേശിക്കുന്നു എന്നും പഞ്ചഭൂതങ്ങള്‍ ശരീരങ്ങളില്‍ പ്രവേശിക്കുന്നില്ലാ എന്നം ആപേക്ഷികമായി പറയ‍ാം.

അതുപോലെ ജീവസത്തായി ഞാന്‍ ജീവജാലങ്ങള്‍ക്കുള്ളിലും കയറിയിരിക്കുന്നു എന്നും അനന്തമായതിനാല്‍ ജീവജാലങ്ങള്‍ക്കുള്ളിലുംക്കയറേണ്ടകാര്യമില്ലന്നും പറയാവുന്നതാണ്‌. ശരിയായ സാധകന്‍ നേതി നേതി (ഇതല്ലഃ ഇതല്ല) എന്ന മാര്‍ഗ്ഗത്തിലൂടെ അസത്യങ്ങളെ ഉപേക്ഷിച്ച്‌ സത്യത്തെ സാക്ഷാത്ക്കരിക്കേണ്ടതാണ്‌. എല്ല‍ാം ബ്രഹ്മമയം (ഇതാണ്‌ ബ്രഹ്മം) എന്ന ദൃഢമാര്‍ഗ്ഗത്തിലൂടേയും സത്യത്തെ സാക്ഷാത്ക്കരിക്കാവുന്നതാണ്‌.”

ഭാഗവല്‍ദൃശ്യം അപ്രത്യക്ഷമായി. ബ്രഹ്മദേവന്‍ ധ്യാനത്തിലാണ്ട്‌ പിന്നേയും നിലകൊണ്ടു. സൃഷ്ടി കര്‍മ്മത്തിനായുളള ധ്യാനവും തപസ്സും വീണ്ടുമനുഷ്ടിച്ചു. ഈ സമയം നാരദന്‍ ബ്രഹ്മാവിനെ സമീപിച്ച്‌ താങ്കള്‍ എന്നോടു ചോദിച്ച അതേ ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. ബ്രഹ്മാവ്‌ നാരദനു നിര്‍ദ്ദേശിച്ച ഭാഗവതപുരാണം ഞാന്‍ പറഞ്ഞുതര‍ാം.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF