സ്വശാന്തരൂപേഷ്വിതരൈഃ സ്വരൂപൈ
രഭ്യര്‍ദ്യമാനേഷ്വനുകമ്പിതാത്മാ
പരാവരേശോ മഹദംശയുക്തോ
ഹ്യജോ പി ജാതോ ഭഗവാന്‍ യഥാ ഗ്നി : (3-2-15)

ശുകമുനി തുടര്‍ന്നു:
അല്ലയോ പരീക്ഷിത്തേ, ഉദ്ധവര്‍ ഭഗവാനില്‍ ഏറ്റവും ഭക്തിയുളളവനായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ ഭഗവല്‍സ്സന്നിധിയില്‍ ഉദ്ധവരെല്ല‍ാം മറക്കുമായിരുന്നു. ഭക്ഷണം പോലും. വളരുന്തോറും അദ്ദേഹത്തില്‍ ഭക്തി വര്‍ദ്ധിച്ചുവന്നു. വിദുരന്റെ വാക്കുകള്‍ ഉദ്ധവരെ ഭക്തിയുടെ പാരമ്യത്തിലെത്തിക്കുകയും കുറച്ചു നേരത്തേക്ക്‌ അദ്ദേഹം അബോധാവസ്ഥയിലാവുകയും ചെയ്തു. പിന്നീട്‌ കണ്ഠമിടറിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞുഃ

“അԅല്ലയോ വിദുരഃ എത്ര കഷ്ടമെന്നു നോക്കൂ. ശ്രീകൃഷ്ണഭഗവാന്റെകൂടെ കഴിഞ്ഞിരുന്നവര്‍ക്കുപോലും അദ്ദേഹത്തിന്റെ തത്സ്വരൂപം മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭൂമിയില്‍ ജീവിക്കുമ്പോള്‍ത്തന്നെ, അദ്ദേഹം പരംപൊരുള്‍ തന്നെയാണെന്നു മനസിലാക്കാനവര്‍ക്കു കഴിഞ്ഞില്ല. സാധാരണ ഒരു മനുഷ്യനായി മാത്രമേ അവരദ്ദേഹത്തെ വീക്ഷിച്ചുളളു. കരുണകൊണ്ടുമാത്രമാണ്‌ സാധാരണക്കാരുടെ ഇടയില്‍ അദ്ദേഹം അവതരിച്ചതു.

വിദുരരേ, അദ്ദേഹത്തിന്റെ അഴകൊത്ത ശരീരം ഞാനെങ്ങനെ വര്‍ണ്ണിക്കും? ആഭരണങ്ങള്‍ ക്കഴകേകുന്നുതാണവിടുത്തെ സൗന്ദര്യം. ആരൂപത്തിലദ്ദേഹം സാധാരണക്കാരനായി ജീവിച്ചു. യുധിഷ്ഠിരന്റെ രാജസൂയയാഗസമയത്ത്, സൃഷ്ടികര്‍ത്താവ്‌ തന്റെയെല്ലാകഴിവുകളും വിനിയോഗിച്ചുവെന്നു കൃഷ്ണഭക്തിയുളളവര്‍ക്കുതോന്നുമാറ് തേജസുറ്റതായി ആരൂപം കാണപ്പെട്ടു. വൃന്ദാവനത്തില്‍ കൃഷ്ണനെക്കണ്ട്‌ ഗോപികമാര്‍ സകലതും മറന്നുനിന്നു. അഗ്നി പലരൂപത്തില്‍ കാണപ്പെടുന്നതുപോലെ ജനനമരണങ്ങളിലാത്തവനെങ്കിലും നിരാകാരവും സാകാരവുമായ ആ പരംപൊരുള്‍ ദിവ്യഗുണങ്ങളോടുകൂടി ഈ ഭൂമിയില്‍ ജന്മമെടുത്തു. ശാന്തസ്വരൂപികളായ സ്വന്തം ഭാഗങ്ങളെ ശല്യപ്പെടുത്തുന്ന മറ്റുഭാഗങ്ങളെ നിയന്ത്രിച്ചൊതുക്കാനായിട്ടാണ് അദ്ദേഹമവതരിച്ചതു.

വിദുരരേ, ഇതൊരു ദിവ്യാല്‍ഭുതം തന്നെ. വസുദേവരുടേയും ദേവകിയുടേയും പുത്രനായിപ്പിറന്ന് ശത്രുക്കളും (കംസന്‍, കാലയവനന്‍) പേടിയുളളവനായി അഭിനയിക്കുക. അച്ഛനമ്മമാരുടെ മുന്നില്‍ തൊഴുതുനിന്നു കൊണ്ടദ്ദേഹം പറഞ്ഞു. “എԎന്നോട്‌ ക്ഷമിച്ചാലും. കംസനോടുളള പേടി കൊണ്ട്‌ നിങ്ങളെ സേവിക്കാനെനിക്കു കഴിയുന്നില്ല!.” ദേവന്മ‍ാരടിപണിയുന്ന ആ നിന്തിരുവടി വെറുമൊരു രാജാവിനെ ‘അല്ലയോ പ്രഭുവേ’ എന്നു സംബോധനചെയ്യുന്നുതു കാണുമ്പോള്‍ മനുഷ്യന്റെ പൊങ്ങച്ചവും മിഥ്യാഭിമാനവും ഞാനോര്‍ത്തുപോകുന്നു. ഭഗവാന്‍ എത്ര കരുണാമയനും ഭക്തവത്സനുമാണെന്നോ? തന്നെ കൊല്ലാന്‍ ശ്രമിച്ച പൂതനയ്ക്ക്‌ മോക്ഷമാണ്‌ നല്‍കിയത്‌. തന്നെ വെറുത്ത ശിശുപാലനും മഹാഭാരതയുദ്ധത്തില്‍ മരിച്ചുവീണവര്‍ക്കും ദയാവായ്പുനിറഞ്ഞ കടാക്ഷത്താല്‍ അവിടുന്നു മോക്ഷമേകി. അവരെയെല്ല‍ാം ഞാന്‍ ഭഗവല്‍ഭക്തന്മ‍ാരായി കണക്കാക്കുന്നു. ഭഗവാനെ വെറുത്തുവെങ്കിലും അവരുടെ മനസ്‌ ഭഗവാനിലുറച്ചിരുന്നുവല്ലോ. മറ്റാരേയെങ്കിലും ന‍ാം അഭയം തേടുന്നത്‌ വിഡ്ഢിത്തമല്ലാതെന്താണ്‌?

വിദുരരേ, ഭഗവാന്റെ ബാല്യം അല്‍ഭുതം നിറഞ്ഞതായിരുന്നു. വൃന്ദാവനത്തില്‍ അച്ഛന്റേയും അമ്മയുടേയും കൂടെ ജീവിച്ച കൃഷ്ണന്‍ ഗ്രാമവാസികളുടെ കണ്ണിലുണ്ണിയായിരുന്നു. അതേസമയം ഭീകരരാക്ഷസന്മ‍ാരെ കളിമട്ടില്‍ അദ്ദേഹം ഇല്ലാതാക്കുകയും ചെയ്തു. വിഷമേറിയ കാളിയനെ ഒതുക്കി. ഗോവര്‍ദ്ധനപര്‍വ്വതം ഉയര്‍ത്തിപ്പിടിച്ച്‌ പശുക്കള്‍ക്കുവേണ്ടി പൂജാദികള്‍ തുടങ്ങിവെച്ചു. അങ്ങിനെ സ്വജനാഭിവൃദ്ധിക്കായി അദ്ദേഹം പലതും ചെയ്തു. ആടിയും പാടിയും സൗന്ദര്യത്തിന്റെ പ്രതീകമായി വന്ന കൃഷ്ണന്‍ ഗ്രാമീണപെണ്‍കൊടികളുടെ ആഹ്‌ളാദത്തിന്‌ കാരണവുമായി.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF