അയോദ്ധ്യാകാണ്ഡം

നാരീജനവിലാപം – അയോദ്ധ്യാകാണ്ഡം MP3 (28)


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

നാരീജനവിലാപം

ദു:ഖിച്ചു രാജനാരീജനവും പുന-
രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ‍ര്‍.
വക്ഷസി താഡിച്ചു കേഴുന്ന ഘോഷങ്ങള്‍
തല്‍ക്ഷണം കേട്ടു വസിഷ്ഠമുനീന്ദ്രനും
മന്ത്രികളോടുമുഴറി സസംഭ്രമ-
മന്ത:പുരമകം പുക്കരുളിച്ചെയ്തു:
‘തൈലമയദ്രോണിതന്നിലാക്കുക് ധരാ-
പാലകന്‍തന്നുടല്‍ കേടുവന്നീടായ്‌വാന്‍.’
എന്നരുള്‍ചയ്തു ദൂതന്മാരേയും വിളി-
‘ച്ചിന്നുതന്നെ നിങ്ങള്‍ വേഗേന പോകണം.
വേഗമേറീടും കുതിരയേറിച്ചെന്നു
കേകയരാജ്യമകം പുക്കു ചൊല്ലുക.
മാതുലനായ യുധാജിത്തിനോടിനി
ഏതുമേ കാലം കളയാതയക്കണം,
ശത്രുഘ്നനോടും ഭരതനെയെന്നതി
വിദ്രുതം ചെന്നു ചൊല്‍കെ’ന്നയച്ചീടിനാ‍ന്‍.
സത്വരം കേകയരാജ്യമകം പുക്കു
നത്വാ യുധാജിത്തിനോടു ചൊല്ലീടിനാര്‍:
‘കേള്‍ക്ക നൃപേന്ദ്ര! വസിഷ്ഠനരുള്‍ ചെയ്ത
വാക്കുകള്‍,ശത്രുഘ്നനോടും ഭരതനെ
ഏതുമേ വൈകാതയൊദ്ധ്യയ്ക്കയയ്ക്കെ’ന്നു
ദൂതവാക്യം കേട്ടനേരം നരാധിപന്‍
ബാലകന്മാരോടു പോകെന്നു ചൊല്ലിനാന്‍
കാലേ പുറപ്പെട്ടിതു കുമാരന്മാരും.
ഏതാനുമങ്ങൊരാപത്തകപ്പെട്ടിതു
താതെനെന്നാകിലും ഭ്രാതാവിനാകിലും.
എന്തകപ്പെട്ടിതെന്നുള്ളില്‍ പലതരം
ചിന്തിച്ചു ചിന്തിച്ചു മാര്‍ഗ്ഗേ ഭരതനും
സന്താപമോടയൊദ്ധ്യാപുരി പുക്കു
സന്തോഷവര്‍ജ്ജിതം ശബ്ദഹീനം തഥാ
ഭ്രഷ്ടലക്ഷ്മീകം ജനോല്‍ബാധവര്‍ജ്ജിതം
ദൃഷ്ട്വാവിഗതോത്സവം രാജ്യമെന്തിദം
തേജോവിഹീനമകം പുക്കിതു, ചെന്നു
രാജഗേഹം രാമലക്ഷ്മണവര്‍ജ്ജിതം
തത്രകൈകേയിയെക്കണ്ടു കുമാരനന്മാര്‍
ഭക്ത്യാ നമസ്കരിച്ചീടിനാ‍രന്തികേ,
പുത്രനെക്കണ്ടു സന്തോഷേണ മാതാവു-
മുത്ഥായ ഗാഢമാലിംഗ്യ മടിയില്‍ വ-
ച്ചുത്തമ‍ാംഗേ മുകര്‍ന്നാശു ചോദിച്ചിതു:
‘ഭദ്രമല്ലീ തല്‍ കുലത്തിങ്കലൊക്കവേ?
മാതാവിനും പിതൃഭ്രാതൃജനങ്ങള്‍ക്കു-
മേതുമേ ദു:ഖമില്ലല്ലീ പറക നീ?’
ഇത്തരം കൈകേയി ചൊന്നനേരത്തതി-
നുത്തരമാശു ഭരതനും ചൊല്ലിനാന്‍:
“ഖേദമുണ്ടച്ഛനെക്കാണാഞ്ഞെനിക്കുള്ളില്‍
താതനെവിടെ വസിക്കുന്നു മാതാവെ?
മാതാവിനോടു പിരിഞ്ഞു രഹസി ഞാന്‍
താതനെപ്പണ്ടു കണ്ടീലൊരുനാളുമേ.
ഇപ്പോള്‍ ഭവതി താനെ വസിക്കുന്നതെ-
ന്തുള്‍പ്പൂവിലുണ്ടു മേ താപവും ഭീതിയും.
മല്‍പിതാവെങ്ങു?പറകെ’ന്നതു കേട്ടു
തല്‍പ്രിയമാശു കൈകേയിയും ചൊല്ലിനാള്‍
‘എന്മകനെന്തു ദു:ഖിപ്പാനവകാശം?
നിന്മനോവാഞ്ചിതമൊക്കെ വരുത്തി ഞാന്‍.
അശ്വമേധാദി യാഗങ്ങളെല്ല‍ാം ചെയ്തു
വിശ്വമെല്ലാടവും കീര്‍ത്തിപരത്തിയ
സല്പുരുഷന്മാര്‍ഗതി ലഭിച്ചീടിനാന്‍
ത്വല്‍പിതാവെന്നു കേട്ടോരു ഭരതനും
ക്ഷോണീതലെ ദു:ഖവിഹ്വലചിത്തനായ്
വീണുവിലാപം തുടങ്ങിനാനെത്രയും.

Back to top button
Close