സംസ്കാരകര്‍മ്മം
ശ്രുത്വാ ഗുരുവചനം നൃപനന്ദനന്‍
കൃത്വാ യഥാവിധി സംസ്കാരകര്‍മ്മവും
മിത്രഭൃത്യാമാതൃസോദരോപാദ്ധ്യായ-
യുക്തനായോരു ഭരത കുമാരനും
താതശരീരമെണ്ണത്തോണി തന്നില്‍നി-
ന്നാദരപൂര്‍വമെടുത്തു നീരാടിച്ചു
ദിവ്യാംബരാഭരണാലേപനങ്ങളാല്‍
സര്‍വാംഗമെല്ലാമലങ്കരിച്ചീടിനാന്‍.
അഗ്നിഹോത്രാഗ്നിതന്നാലഗ്നിഹോത്രിയെ
സംസ്കരിക്കും വണ്ണമാചാര്യസംയുതം
ദത്വാതിലോദകം ദ്വാദശവാസരേ
ഭക്ത്യാ കഴിച്ചിതു പിണ്ഡവുമാദരാല്‍
വേദപരായണന്മാരാം ദ്വിജാവലി-
ക്കോദനഗോധനഗ്രമരത്നാംബരം
ഭൂഷണലേപനതാംബൂലപൂഗങ്ങള്‍
ഘോഷേണ ദാനവും ചെയ്തു സസോദരം
വീണുനമസ്കരിച്ചാര്‍ശീവദനമാ-
ദാനവുംചെയ്തു വിശുദ്ധനായ് മേവിനാന്‍.
ജാനകൈഇലക്ഷ്മണസംയുക്തനായുടന്‍
കാനനം പ്രാപിച്ച മന്ത്രികുമാരനെ
മാനസേ ചിന്തിച്ചു ചിന്തിച്ചനുദിനം
മാനവവീരനായോരു ഭരതനും
സാനുജനായ് വസിച്ചീടിനാനദ്ദിനം
നാനാസുഹൃജ്ജനത്തോടുമനാകുലം
തത്രവസിഷ്ഠമുനീ്ന്ദ്രന്‍ മുനികുല-
സത്തമന്മാരുമായ് വന്നു സഭാന്തികേ
അര്‍ണ്ണോരുഹാസനസന്നിഭനാം മുനി
സ്വര്‍ണ്ണാസനേ മരുവീടിനാനാദരാല്‍.
ശത്രുഘ്നസംയുക്തനായ ഭരതനെ-
ത്തത്ര വരുത്തിയനേരമവര്‍കളും
മന്ത്രികളോടും പുരവാസികളോടു-
മന്ദരാനന്ദം വളര്‍ന്നുമരുവിനാര്‍.
കുമ്പിട്ടു നിന്ന ഭരതകുമാരനോ-
ടംഭോജസംഭവനന്ദനന്‍ ചൊല്ലിനാന്‍
‘ദേശകാലോചിതമായുള്ള വാക്കുകള്‍
ദേശികനായ ഞാനാശു ചൊല്ലീടുവന്‍
സത്യസന്ധന്‍ തവ താതന്‍ ദശരഥന്‍
പൃത്ഥീതലം നിനക്കദ്യ നല്കീടിനാന്‍
പുത്രാഭ്യുദയാര്‍ത്ഥമേഷ കൈകേയിക്കു
ദത്തമായോരു വരദ്വയം കാരണം.
മന്ത്രപൂര്‍വ്വമഭിഷേകം നിനക്കു ഞാന്‍
മന്ത്രികളോടുമന്‍പോടു ചെയ്തീടുവന്‍.
രാജ്യമരാജകമാം, ഭവാനാലിനി-
ത്യാജ്യമല്ലെന്നു ധരിക്കകുമാര! നീ-
താതനിയോഗമനുഷ്ഠിക്കയും വേണം
പാതകമുണ്ടാമതല്ലായ്കിലേവനും.
ഒന്നൊഴിയാത ഗുണങ്ങള്‍ നരന്മാര്‍ക്കു
വന്നുകൂടുന്നു ഗുരുപ്രസാദത്തിനാല്‍’
എന്നരുള്‍ ചെയ്തവസിഷ്ഠമുനിയോടു
നന്നായ് തൊഴുതുണര്‍ത്തിച്ചു ഭരതനും:
‘ഇന്നടിയനു രാജ്യം കൊണ്ടു കിം ഫലം?
മന്നവനാകുന്നതും മമ പൂര്‍വജന്‍.
ഞങ്ങളവനുടെ കിങ്കരന്മാരത്രെ
നിങ്ങളിതെല്ലാമറിഞ്ഞല്ലൊ മേവുന്നു.
നാളെപ്പുലര്‍കാലേ പോകുന്നതുണ്ടു ഞാന്‍
നാളീകനേത്രനെക്കൊണ്ടിങ്ങു പോരുവാന്‍
ഞാനും ഭവാനുമരുന്ധതീദേവിയും
നാനാപുരവാസികളുമമാത്യരും
ആന തേര്‍ കാലാള്‍ കുതിരപ്പടയോടു-
മാനക ശംഖ പടഹവാദ്യത്തൊടും
സോദരഭൂസുരതാപസസാമന്ത-
മേദിനീപാലകവൈശ്യശൂദ്രാദിയും
സാദരമാശു കൈകേയിയൊഴിഞ്ഞുള്ള
മാതൃജനങ്ങളുമായിട്ടു പോകണം.
രാമനിങ്ങാഗമിച്ചീടുവോളം ഞങ്ങള്‍
ഭൂമിയില്‍ത്തന്നെ ശയിക്കുന്നതേയുള്ളു.’
മൂലഫലങ്ങള്‍ ഭുജിച്ചു ഭസിതവു-
മാലേപനം ചെയ്തു വല്‍കലവും പൂണ്ടു
താപസവേഷം ധരിച്ചു ജട പൂണ്ടു
താപം കലര്‍ന്നു വസിക്കുന്നതേയ്യുള്ളു.’
ഇത്ഥം ഭരതന്‍ പറഞ്ഞതു കേട്ടവ-
രെത്രയും നന്നുനന്നെന്നു ചൊല്ലീടിനാര്‍.