MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ഭരതപ്രലാപം

‘ഹാ താത! ദു:ഖസമുദ്രേ നിമജ്യ മാ-
മേതൊരു ദിക്കിനു പോയിതു ഭൂപതേ!
എന്നെയും രാജ്യഭാരത്തേയും രാഘവന്‍-
തന്നുടെ കൈയ്യില്‍ സമര്‍പ്പിയാതെ പിരി-
ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ!
ഞങ്ങള്‍ക്കുമാരുടയോരിനി ദൈവമേ!’
പുത്രനീവണ്ണം കരയുന്നതുനേര-
മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട-
‘ച്ചാസ്വസിച്ചീടുക ദു:ഖേന കിം ഫല-
മീശ്വരകല്പിതമെല്ലാമറിക നീ.
അഭ്യുദയം വരുത്തീടിനേന്‍ ഞാന്‍ തവ
ലഭ്യമെല്ലാമേ ലഭിച്ചിതറിക നീ.’
മാതൃവാക്യം സമാകര്‍ണ്യഭരതനും
ഖേദപരവശചേതസാ ചോദിച്ചു:
‘ഏതാനുമൊന്നു പറഞ്ഞതില്ലേ മമ
താതന്‍ മരിക്കുന്നനേരത്തു മാതാവേ!’
‘ഹാ രാമ രാമ! കുമാര! സീതേ! മമ
ശ്രീരാമ! ലക്ഷ്മണ! രാമ! രാമ! രാമ!
സീതേ! ജനകസുതേതി പുന:പുന-
രാതുരനായ് വിലാപിച്ചു മരിച്ചിതു
താത’നതു കേട്ടനേരം ഭരതനും
മാതാവിനോടു ചോദിച്ചാ’നതെന്തയ്യോ!
താതന്‍ മരിക്കുന്ന നേരത്തു രാമനും
സീതയും സൌമിത്രിയുമരികത്തില്ലേ?’
എന്നതു കേട്ടു കൈകേയിയും ചൊല്ലിനാള്‍:
‘മന്നവന്‍ രാമനഭിഷേകമാരഭ്യ-
സന്നദ്ധനായതു കണ്ടനേരത്തു ഞാ-
നെന്നുടെ നന്ദനന്തന്നെ വാഴിക്കണം
എന്നുപറഞ്ഞഭിഷേകം മുടക്കിയേന്‍
നിന്നോടതിന്‍ പ്രകാരം പറയാമല്ലൊ.
രണ്ടുവരം മമ തന്നു തവ പിതാ,
പണ്ടതിലൊന്നിനാല്‍ നിന്നെ വാഴിക്കെന്നും
രാമന്‍ വനത്തിനുപോകെന്നു മറ്റതും
ഭൂമിപന്‍ തന്നോടിതുകാലമര്‍ത്ഥിച്ചേന്‍.
സത്യപരായണനായ നരപതി
പൃത്ഥ്വീതലം നിനക്കും തന്നു രാമനെ
കാനനവാസത്തിനായയച്ചീടിനാന്‍
ജാനകീദേവി പാതിവ്രത്യമാലംബ്യ
ഭര്‍ത്താ‍സമം ഗമിച്ചീടിനാളാശുസൌ-
മിത്രിയും ഭ്രാതാവിനോടു കൂടെപ്പോയാന്‍.
താതനവരെ നിനച്ചു വിലാപിച്ചു
ഖേദേനരാമരാമേതി ദേവാലയം
പുക്കാനറി’കെന്നു മാതൃവാക്യം കേട്ടു
ദു:ഖിച്ചു ഭൂമിയില്‍ വീണു ഭരതനും
മോഹം കലര്‍ന്നനേരത്തു കൈകേയിയു-
‘മാഹന്ത ശോകത്തിനെന്തൊരു കാരണം?
രാജ്യം നിനക്കു സമ്പ്രാപ്തമായ് വന്നിതു
പൂജ്യനായ് വാഴ്കചാപല്യം കളഞ്ഞു നീ.’
എന്നു കൈകേയി പറഞ്ഞതു കേട്ടുട-
നൊന്നു കോപിച്ചു നോക്കീടിനന്‍ മാതരം
ക്രോധാഗ്നിതന്നില്‍ ദഹിച്ചുപോമമ്മയെ-
ന്നാധിപൂണ്ടീടിനാര്‍ കണ്ടുനിന്നോര്‍കളും
‘ഭര്‍ത്താവിനെക്കൊന്ന പാപേ! മഹാഘോരേ!
നിസ്ത്രപേ! നിര്‍ദ്ദയേ! ദുഷ്ടേ! നിശാചരീ!
നിന്നുടെ ഗര്‍ഭത്തിലുത്ഭവിച്ചേനൊരു
പുണ്യമില്ലാത്തമഹാപാപി ഞാനഹോ.
നിന്നോടുരിയാടരുതിനി ഞാന്‍ ചെന്നു
വഹ്നിയില്‍ വീണുമരിപ്പ,നല്ലായ്കിലോ
കാളകൂടം കുടിച്ചീടുവ,നല്ലായ്കില്‍
വാളെടുത്താശു കഴുത്തറുത്തീടുവന്‍.
വല്ല കണക്കിലും ഞാന്‍ മരിച്ചീടുവ-
നില്ലൊരു സംശയം ദുഷ്ടെ ഭയങ്കരീ!
ഘോരമായുള്ള കുംഭീപാകമാകിയ
നാരകംതന്നില്‍ വസിക്കിതുമൂലം.’
ഇത്തരം മാതരം ഭര്‍ത്സിച്ചു ദു:ഖിച്ചു
സത്വരം ചെന്നു കൌസല്യാഗൃഹം പുക്കാന്‍.
പാദേ നമസ്കരിച്ചൊരു ഭരതനെ
മാതാവും കൊസല്യയും പുണര്‍ന്നീടിനാള്‍.
കണ്ണുനീരോടും മെലിഞ്ഞതു ദീനയായ്
ഖിന്നയായോരു കൌസല്യ ചൊല്ലീടിനാള്‍;
‘കര്‍മ്മദോഷങ്ങളിതെല്ലാമകപ്പെട്ടി-
തെന്മകന്‍ ദൂരത്തകപ്പെട്ട കാരണം.
ശ്രീരാമനുമനുജാതനും സീതയും
ചീരംബരജടാധാരികളായ് വനം
പ്രാപിച്ചിതെന്നെയും ദു:ഖ‍ാംബുരാശിയില്‍
താപേന മഗ്നയാക്കീടിനാര്‍ നിര്‍ദ്ദയം.
ഹാ! രാമ! രാമ! രഘുവംശനായക!
നാരായണ! പരമാത്മന്‍ ജഗല്പതേ!
നാഥ! ഭവാന്‍ മമ നന്ദനനായ് വന്നു
ജാതനായീടിനാന്‍ കേവലമെങിലും
ദു:ഖമെന്നെപ്പിരിയുന്നീലൊരിക്കലു-
മുള്‍ക്കാമ്പിലോര്‍ത്താല്‍ വിധിബലമ‍ാം തുലോം.’
ഇത്ഥം കരയുന്ന മാതാവു തന്നെയും
നത്വാ ഭരതനും ദു:ഖേന ചൊല്ലിനാന്‍:
‘ആതുരമാനസയായ്കിതുകൊണ്ടു
മാതാവു ഞാന്‍ പറയുന്നതു കേള്‍ക്കണം.
രാഘവരാജ്യാഭിഷേകം മുടക്കിയാള്‍
കൈകേയിയാകിയ മാതാവു മാതാവേ!
ബ്രഹ്മഹത്യാശതജാതമ‍ാം പാപവു-
മമ്മേ ഭുജിക്കുന്നതുണ്ടു ഞാന്‍ നിര്‍ണയം
ബ്രഹ്മാത്മജന‍ാം വസിഷ്ഠമുനിയെയും
ധര്‍മ്മദാരങ്ങളരുന്ധതി തന്നെയും
ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു-
മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാന്‍.’
ഇങ്ങനെ നാനാശപഥങ്ങളും ചെയ്തു
തിങ്ങിന ദു:ഖം കലര്‍ന്നുഭരതനും
കേഴുന്ന നേരം ജനനിയും ചൊല്ലിനാള്‍:
‘ദോഷം നിനക്കേതുമില്ലെന്നറിഞ്ഞു ഞാന്‍.’
ഇത്ഥം പറഞ്ഞു പുണര്‍ന്നു ഗാഢം ഗാഢ-
മുത്തമ‍ാംഗേ മുകര്‍ന്നാളതു കണ്ടവ-
രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ-
രക്കഥ കേട്ടു വസിഷ്ഠമുനീന്ദ്രനും
മന്ത്രിജനത്തോടൂ മന്‍പോടെഴുന്നള്ളി
സന്താപമോടെ തൊഴുതു ഭരതനും
രോദനം കണ്ടരുള്‍ ചെയ്തു വസിഷ്ഠനും:
ഖേദം മതി മതി കേളിതു കേവലം
വൃദ്ധന്‍ ദശരഥനാകിയ രാജാധിപന്‍
സത്യപരക്രമന്‍ വിജ്ഞാനവീര്യവാന്‍
മര്‍ത്ത്യസുഖങ്ങള‍ാം രാജഭോഗങ്ങളും
ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു
കൃത്വാ ബഹുധനദക്ഷിണയും മുദാ
ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം
ലബ്ധ്വാ പുരന്ദരാര്‍ദ്ധാസനം ദുര്‍ല്ലഭം
വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ-
യാന്ദമോടിരിക്കുന്നതിനെന്തു നീ-
യാനനം താഴ്ത്തി നേത്ര‍ാംബു തൂകീടുന്നു?
ശുദ്ധാത്മനാ ജന്മനാശാദിവര്‍ജ്ജിതന്‍
നിത്യന്‍ നിരുപമനവ്യയ ദ്വയന്‍
സത്യസ്വരൂപന്‍ സകലജഗത്മയന്‍
മൃത്യുജന്മാദിഹീനന്‍ ജഗല്‍കാരണന്‍.
ദേഹമത്യര്‍ത്ഥം ജഡം ക്ഷണഭംഗുരം
മോഹൈകകാരണം മുക്തിവിരോധകം
ശുദ്ധിവിഹീനം പവിത്രമല്ലൊട്ടുമേ
ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും
ദു:ഖിപ്പതിനവകാശമില്ലേതുമേ
ദു:ഖേന കിം ഫലം മൃത്യുവശാത്മന‍ാം?
താതെനെന്നാകിലും പുത്രനെന്നാകിലും
പ്രേതരായാലതിമൂഢരായുള്ളവര്‍
മാറത്തലച്ചു തൊഴിച്ചു മുറവിളി-
ച്ചേറെത്തളര്‍ന്നു മോഹിച്ചു വീണീടുവോര്‍
നിസ്സാരമെത്രയും സംസാരമോര്‍ക്കിലോ
സത്സഗമൊന്നേ ശുഭകരമായുള്ളു
തത്ര സൌഖ്യം വരുത്തീടുവാന്‍ നല്ലതു
നിത്യമായുള്ള ശാന്തിയറിക നീ.
ജന്മമുണ്ടാകുകില്‍ മരണവും നിശ്ചയം
ജന്മം മരിച്ചവര്‍ക്കും വരും നിര്‍ണ്ണയം
ആര്‍ക്കും തടുക്കരുതാതൊരവസ്ഥയെ-
ന്നോര്‍ക്കണമെല്ല‍ാം സ്വകര്‍മ്മവശാഗതം
തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും
പുത്രമിത്രാദി കളത്രാദി വസ്തുനാ
വേര്‍പെടുന്നേരം ദു:ഖമില്ലേതുമേ
സ്വോപൊതമെന്നാല്‍ സുഖവുമില്ലേതുമേ.
ബ്രഹ്മാണ്ഡകോടികള്‍ നഷ്ടങ്ങളായതും
ബ്രഹ്മണാ സൃഷ്ടങ്ങളായതും പാര്‍ക്കിലോ
സംഖ്യയില്ലാതോളമുണ്ടിതെന്നാല്‍ ക്ഷണ-
ഭംഗുരമായുള്ള ജീവിതകാലത്തി-
ലെന്തൊരാസ്ഥാ മഹാജ്ഞാനിനാമുള്ളതും?
ബന്ധമെന്തീ ദേഹദേഹികള്‍ക്കെന്നതും
ചിന്തിച്ചു മായാഗുണവൈഭവങ്ങളു-
മന്തര്‍മുദാ കണ്ടവര്‍ക്കെന്തു സംഭ്രമം?
കമ്പിതപത്രാഗ്രലഗ്ന‍ാംബുബിന്ദുവല്‍-
സമ്പതിച്ചീടുമായുസ്സതി നശ്വരം.
പ്രാക്തനദേഹസ്ഥകര്‍മണാ പിന്നേയും
പ്രാപ്തമ‍ാം ദേഹിക്കു ദേഹം പുനരപി.
ജീര്‍ണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികള്‍
പൂര്‍ണശോഭം നവവസ്ത്രങ്ങള്‍ കൊള്ളൂന്നു.
കാലചക്രത്തിന്‍ ഭ്രമണവേഗത്തിനു
മൂലമിക്കര്‍മ്മഭേദങ്ങളറിക നീ.
ദു:ഖത്തിനെന്തു കാരണം ചൊല്ലു നീ
മുഖ്യജനമതം കേള്‍ക്ക ഞാന്‍ ചൊല്ലുവന്‍.
ആത്മാവിനില്ല ജനനം മരണവു-
മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്ല.
നിത്യനാനന്ദസ്വരൂപന്‍ നിരാകുലന്‍
സത്യസ്വരൂപന്‍ സകലേശ്വരന്‍ ശാശ്വതന്‍
ബുദ്ധ്യാദിസാക്ഷി സര്‍വാത്മാ സനാതനന്‍
അദ്വൈയനേകന്‍ പരന്‍ പരമന്‍ ശിവന്‍
ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു
ചിത്തേ ദൃഢമായറിഞ്ഞു ദു:ഖങ്ങളും
ത്യക്ത്വാ തുടങ്ങുക കര്‍മ്മ സമൂഹവും
സത്വരമേതും വിഷാദമുണ്ടാകൊലാ.’