സ്വാമി വിവേകാനന്ദന്‍

പരമലക്ഷ്യത്തെയാണല്ലോ വേദാന്തം ഉപദേശിക്കുന്നത്. ആ ലക്ഷ്യം യഥാര്‍ത്ഥത്തില്‍നിന്ന് – പ്രായോഗികത്തില്‍നിന്ന് എന്നാണ് നാം പറയാറ് – വളരെ ദൂരെപ്പെട്ടേ ഇരിക്കുമെന്നു നമുക്കറിയാം. മനുഷ്യസ്വഭാവത്തില്‍ രണ്ടുവിധം പ്രവണതയുണ്ട്. ഒന്ന്, ലക്ഷ്യത്തെ ജീവിതത്തോടൊപ്പിക്കുന്നത്: മറ്റേത്, ജീവിതത്തെ ലക്ഷ്യത്തിലേയ്ക്കുയര്‍ത്തുന്നത്. ഈ സംഗതി നന്നായി ധരിക്കണം. ജീവിതത്തില്‍ ആദ്യത്തെ പ്രവണതയാണ് നമുക്കു വന്നുപോകുന്നത്. എനിക്ക് ഏതെങ്കിലും ചില തരത്തിലുള്ള കര്‍മ്മം ചെയ്‌വാനാകുമെന്നാണ് വിചാരം. അത് അധികഭാഗവും നന്നല്ലായിരിക്കാം. രാഗദ്വേഷാദികളോ സ്വാര്‍ത്ഥമോ ആവാം എന്നെ പ്രേരിപ്പിക്കുന്നത്. അപ്പോള്‍ ഒരു ഉപദേഷ്ടാവ് വന്ന് എന്റെ സ്വാര്‍ത്ഥമോ സുഖഭോഗമോ ഞാന്‍ ഉപേക്ഷിക്കേണ്ടിവരുംവിധമുള്ള ഒരു ലക്ഷ്യം ഉപദേശിക്കുന്നു എങ്കില്‍, ഓ! അതു നടപ്പില്‍ വരുന്നതല്ല എന്ന് ഞാന്‍ ഉടനെ തീര്‍ച്ചയാക്കും. മറ്റൊരാള്‍ വന്ന് എന്റെ സ്വാര്‍ത്ഥസുഖങ്ങളോടു യോജിപ്പിച്ചുകൊണ്ടുപോകാവുന്ന ഒരു ലക്ഷ്യം ഉപദേശിക്കുന്നപക്ഷം അപ്പോഴേ അതെനിക്കു സന്തോഷമാകും, ഞാന്‍ അതു ചാടിപ്പിടിക്കും: അതാണ് എന്റെ ലക്ഷ്യം.

‘സദാചാര’മെന്നതിനെ ഓരോരുത്തര്‍ ഓരോ രൂപത്തില്‍ കല്പിച്ചിട്ടുള്ളതുപോലെയാണ് പ്രായോഗികം എന്നു പറയുന്നത്. എന്റെ ആചാരം സദാചാരം, നിങ്ങളുടേതു ദുരാചാരം. എനിക്കു പ്രായോഗികം, ലോകത്തില്‍ ഒരേയൊരു പ്രായോഗികം. ഞാന്‍ ഒരു കച്ചവടക്കാരനാണെങ്കില്‍ കച്ചവടം ഒന്നുമാത്രമാണ് പ്രായോഗികമായ തൊഴില്‍. ഞാന്‍ ഒരു മോഷ്ടാവാണെങ്കില്‍ മോഷണംതന്നെയാണ് അനുഷ്ഠാനയോഗ്യമായ കര്‍മ്മം, മറ്റൊന്നുമല്ല. ഇങ്ങനെ നമ്മളെല്ലാം നമ്മള്‍ ഇഷ്ടപ്പെടുന്നതും നമുക്കു ചെയ്യാവുന്നതും മാത്രമാണ് പ്രായോഗികമെന്ന് പറയാറ്. ആവിധമുള്ള ലക്ഷ്യമല്ല വേദാന്തം ഉപദേശിക്കുന്നത്. അത് ഉച്ചമായ പരമലക്ഷ്യമാണ്. എങ്കിലും അപ്രാപ്യമല്ല, പ്രാപ്യംതന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ അത് ‘തത് ത്വം അസി’ എന്നതത്രേ. ഇതത്രേ വേദാന്തസാരം.

അനേകം ശാഖോപശാഖകളില്‍ ചെന്നു ബുദ്ധിവ്യായാമം കഴിച്ച് ഒടുവില്‍ കണ്ടെത്തുന്നത്, ഞാന്‍ നിര്‍മ്മലജഞാനസ്വരൂപമായ ആത്മാവാണ് എന്നതത്രേ. ആത്മാവിനെസ്സംബന്ധിച്ച് ജനനമരണാദിപ്രസംഗം അസംബന്ധമാണ്. അതിനു ജനനവുമില്ല, മരണവുമില്ല. മൃത്യുഭയാദികള്‍ വെറും വ്യാമോഹം. നമുക്ക് ഇതിനു കഴിവുണ്ട്, അതിനു കഴിവില്ല ഇത്യാദി ഭാവനകളും അബദ്ധം. സര്‍വ്വശക്തികളും ആത്മാവിലുണ്ട്. ആത്മവിശ്വാസമാണ് ആദ്യം വേണ്ടതെന്നാണ് വേദാന്തോപദേശം. അവനവനില്‍നിന്നു വേറിട്ടു പുരുഷവിധനായ ഒരീശ്വരന്‍ ഉണ്ടെന്നു വിശ്വസിക്കാത്തവനെ നാസ്തികന്‍ എന്നു ചില മതങ്ങള്‍ പറയുന്നു. മറിച്ച് അവനവനില്‍ വിശ്വസിക്കാത്തവനെയാണ് വേദാന്തം നാസ്തികന്‍ എന്നു പറയുന്നത്. ആത്മമഹിമയില്‍ വിശ്വസിക്കാത്തതു നാസ്തികത്വമെന്നത്രേ വേദാന്തമതം. ഈ ഭാവന ഭയങ്കരമാണെന്നു പലര്‍ക്കും തോന്നും. ഇത് അനുഭവപ്പെടുത്താവതല്ലെന്നു പലരും വിചാരിക്കും. എന്നാല്‍ ഇത് ഏതു മനുഷ്യനും അനുഭവപ്പെടുത്താമെന്നു വേദാന്തം തീര്‍ത്തു പറയുന്നു.

ജാതിമതഭേദമോ സ്ര്തീപുരുഷഭേദമോ ഒന്നും ഈ സാക്ഷാല്‍ക്കാത്തിനു തടസ്സമല്ല. അത് ഇപ്പോഴേ സാക്ഷാത്കൃതമാണ്. അത് നിത്യസിദ്ധമാണ് എന്നത്രേ വേദാന്തഘോഷണം. ജഗത്തിലുള്ള സര്‍വ്വശക്തികളും ഇപ്പോഴേ നമുക്കുണ്ട്. പക്ഷേ നാം സ്വന്തം കൈകൊണ്ട് കണ്ണുപൊത്തി ‘ഇരുട്ട് ഇരുട്ട്’ എന്നു വിലപിക്കുന്നു. ഇരുട്ടില്ലെന്നു മനസ്സിലാക്കുക. കണ്ണുപൊത്തിയ കയ്യെടുക്കുക. അപ്പോള്‍ കാണാം അനാദി കാലം മുതല്‍ക്കുള്ള പ്രകാശം. ഇരുട്ട് ഉണ്ടായിരുന്നില്ല. ദുര്‍ബ്ബലത ഉണ്ടായിരുന്നില്ല, നാം ദുര്‍ബ്ബലരാണെന്നു നമ്മുടെ വിഡ്ഢിത്തംകൊണ്ടു നാം വിലപിക്കുന്നു. നമുക്കു ശുദ്ധിയില്ലെന്നും നമ്മുടെ വിഡ്ഢിത്തംകൊണ്ടു നാം വിലപിക്കുന്നു. ഈ വേദാന്തതത്ത്വം, ഈ പരമതത്ത്വം, പ്രായോഗികമാണെന്നുമാത്രമല്ല, ഇതു നിത്യമാണ്, നമ്മുടെ സാക്ഷാത് സ്വരൂപമാണ് എന്നുകൂടി വേദാന്തം ഉറപ്പു പറയുന്നു. മറിച്ചു കാണുന്നത് അസത്യം, അവാസ്തവം. ‘ഞാന്‍ മരിച്ചു പോകുന്ന ഒരു കൊച്ചു മനുഷ്യനാണ്’ എന്നു പറയുമ്പോള്‍ നിങ്ങള്‍ അസത്യം പറയുന്നു, നിങ്ങള്‍ നിങ്ങളെത്തന്നെ നിഷേധിക്കുന്നു, നിങ്ങള്‍ അതിദുര്‍ബ്ബലവും ക്ഷുദ്രവും നീചവുമായ ഒന്നാണെന്നു പറഞ്ഞു നിങ്ങളെ മയക്കുന്നു.

പാപം എന്നൊന്നുണ്ടെന്ന് വേദാന്തം സമ്മതിക്കുന്നില്ല. ശരിയാണ്, തെറ്റുണ്ടാവാം. തെറ്റുകളില്‍വെച്ച് ഏറ്റവും വലിയത് ഞാന്‍ പാപി, ദുഃഖി, ദുര്‍ബ്ബലന്‍, അശക്തന്‍ എന്നിങ്ങനെ വിചാരിക്കുന്നതാണ്. ആവിധം ഓരോ വിചാരത്തിന്റേയും ഫലമെന്തെന്നാല്‍, ഇപ്പോള്‍ത്തന്നെ നിങ്ങളെ കെട്ടിയിട്ടിരിക്കുന്ന ചങ്ങലയ്ക്ക് ഓരോ കണ്ണികൂടെ കൂട്ടിച്ചേര്‍ക്കുകയാണ്: ഇപ്പോഴേ സ്വയം ചുമത്തിവെച്ചിട്ടുള്ള മൂഡവിശ്വാസഭാരത്തില്‍ ഒരടുക്കുകൂടി ചുമത്തുകയാണ്. ഞാന്‍, പാപി, ഞാന്‍ ബലഹീനന്‍ എന്നു വിചാരിക്കുന്നവന്‍ തന്മൂലം ഒരബദ്ധം ചെയ്യുന്നു എന്നുമാത്രമല്ല, ലോകത്തില്‍ ഒരു ദുര്‍വിചാരം കലര്‍ത്തിവിടുകയും ചെയ്യുന്നു. ഒരു സംഗതി എപ്പോഴും ഓര്‍മ്മവേണം. നമ്മുടെ ഇപ്പോഴത്തെ ജീവിതത്തെ തത്ത്വത്തോട് ഒപ്പിച്ചു കൊണ്ടുപോവാന്‍ വേദാന്തം ശ്രമിക്കുന്നില്ല: ഈ മായാജീവിതം അവസാനിക്കതന്നെ വേണം: തല്‍സ്ഥാനത്ത് യഥാര്‍ത്ഥജീവിതം, അമര്‍ത്ത്യജീവിതം, പ്രകാശിപ്പിക്കയും വേണം. ആര്‍ക്കും പരിശുദ്ധികൂടിക്കൂടി വരിക എന്നതല്ല, ഇപ്പൊഴേ ഉള്ളതും നിത്യവുമായ ശുദ്ധി ഏറെയേറെ പ്രകാശിക്കുക എന്നതാണ് വാസ്തവം. ആവരണം നീങ്ങിപ്പോകുംതോറും ആത്മജ്യോതിസ്സ് ഏറെയേറെ പ്രത്യക്ഷമാകും. അനന്തനൈര്‍മ്മല്യം, അനന്തസ്വാതന്ത്ര്യം, അനന്താനന്ദം, അനന്തവീര്യം ഇതുകളെല്ലാം ഇപ്പൊഴേ നമുക്കുണ്ട്.

പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 10, 1896) – തുടരും