ഘ്രാണേന പൃത്ഥ്യാ പദവീം വിജിഘ്രന്‍
ക്രോഡാപദേശസ്സ്വയമദ്ധ്വരാംഗഃ
കരാളദംഷ‍്ട്രോഽപ്യകരാളദൃഗ്ഭ്യാ
മുദ്വീക്ഷ്യ വിപ്രാന്‍ ഗൃണതോഽവിശത് കം (3-13-28)
മൈത്രേയന്‍ തുടര്‍ന്നു:
സ്വയംഭൂവമനു ബ്രഹ്മാവിനെ വണങ്ങിയിട്ടു ചോദിച്ചു. “എന്റെ കര്‍ത്തവ്യം എന്താണ്? ഏതെല്ലാം ചെയ്താല്‍ എന്റെ കീര്‍ത്തി ഇഹലോകത്തില്‍ പരക്കുകയും പരലോകത്തില്‍ സദ്‌വിധി ഉണ്ടാവുകയും ചെയ്യുമോ, അതെല്ലാം പറഞ്ഞുതരാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.” മനുവിന്റെ ചോദ്യം ബ്രഹ്മാവിനെ സന്തുഷ്ടനാക്കി. ലോകകര്‍ത്തവ്യങ്ങളെപ്പറ്റിയും ഭൂമിയേയും പ്രജകളേയും എങ്ങനെ ഭരിക്കണമെന്നും ബ്രഹ്മാവ് പുത്രനെ മനസിലാക്കി. അപ്രകാരം ജീവിച്ചാല്‍ ഭഗവല്‍പ്രസാദം നിശ്ചയമായും ഉണ്ടാവും എന്നുപറയുകയും ചെയ്തു. പക്ഷെ ഭൂമി കടലില്‍ താഴ്ന്നുപോയിരുന്നു. മനു ഭൂമിയെ മുകളിലേക്കു കൊണ്ടുവരാനായി പ്രാര്‍ത്ഥിച്ചു.
ബ്രഹ്മാവ് ഭഗവാനെ ധ്യാനിച്ചു. “എന്നെ സൃഷ്ടിച്ച ആ നിന്തിരുവടിതന്നെ ഭൂമിയെ രക്ഷിക്കാനുളള പദ്ധതി തയ്യാറാക്കിത്തരട്ടെ!” ഭഗവാന്റെ മൂക്കില്‍നിന്നു് വിരല്‍ വലിപ്പത്തിലുളള ഒരു വരാഹം (പന്നി) ഇറങ്ങിവന്നു. ഉടനെ തന്നെ അത് വലുതായി ആന വലിപ്പത്തില്‍ പാറപോലെ ഉറച്ചശരീരത്തോടെ നിലകൊണ്ടു. ബ്രഹ്മാവും പുത്രന്മാരും ഈ മൃഗത്തിന്റെ സ്വഭാവവിശേഷങ്ങളെപ്പറ്റി ഊഹിച്ചിരിക്കവേ അത് പര്‍വ്വതാകാരമായിത്തീര്‍ന്ന് അലറാന്‍ തുടങ്ങി. ഭഗവാന്റെതന്നെ അവതാരമാണിതെന്നു് ബ്രഹ്മാവും പുത്രന്മാരും മനസിലാക്കി. ഭഗവാന്റെതന്നെ തത്സ്വരൂപമാണല്ലോ എല്ലാവിധ പൂജകളിലും പ്രാര്‍ത്ഥനകളിലും യാഗങ്ങളിലുമുളളത്.
ഭഗവാന്‍ വരാഹരൂപത്തില്‍ ഭൂമിയെ കണ്ടുപിടിക്കാന്‍ മണത്തുനടന്നു. കൂര്‍ത്തു വലിയ ദംഷ്ട്രകളുമായിട്ടാണെങ്കിലും മുനിമാരുടെ നേരേ കരുണയോടെ അതങ്ങനെ നടന്നു. പിന്നീട് സമുദ്രത്തിനടിയിലേക്ക് മുങ്ങി. സമുദ്രത്തിന്റെ അഗാധതയില്‍ ഭൂമിയെ കണ്ടെത്തി. ഭൂമിയെ സമുദ്രത്തിനു മുകളുലേക്കു പൊന്തിച്ചു കൊണ്ടുവരുമ്പോള്‍ ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ തടസ്സപ്പെടുത്തിയെങ്കിലും അവന്റെ കഥ അപ്പോഴേ കഴിച്ച് ഭൂമിയെ സമുദ്രത്തിനു മുകളില്‍ ഉറപ്പിച്ചു നിര്‍ത്തി.
ബ്രഹ്മാവും കൂട്ടരും ഭഗവാന് ‘ജയജയ’ പാടി. ധ്യാനത്തിന്റെയും ത്യാഗത്തിന്റെയും ആത്മാവായ അവിടുത്തേക്ക് നമോവാകം. അവിടുത്തെ ശരീരം വിജ്ഞാനവേദങ്ങളാണ്. അവിടുത്തെ പ്രവര്‍ത്തനങ്ങളാകട്ടെ ധ്യാനയോഗങ്ങളും യാഗങ്ങളും തന്നെയാണ്. അവിടുന്ന് തന്നെയാണ് മന്ത്രവും പൂജയും പൂജയാല്‍ പ്രീതിപ്പെടുത്തുന്ന ദേവതകളും. തിളങ്ങുന്ന ആ കൊമ്പുകളില്‍ ഭൂമിയെ താങ്ങി നില്‍ക്കുന്ന അവിടുത്തെ രൂപം വലിയൊരു പര്‍വ്വതത്തെ ഓര്‍മ്മിപ്പിക്കുന്നു. അവിടുന്ന് സിദ്ധികളുടേയും അദ്ഭുതങ്ങളുടേയും ഇരിപ്പിടമായ സ്ഥിതിക്ക് ഭൂമിയെ കടലിനടിയില്‍നിന്നും ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ അദ്ഭുതമില്ലതന്നെ. അവിടുത്തെ മഹിമകളെ ആര്‍ക്കു വാഴ്ത്താനാകും? ഈ ഭൂമിയെ ഉറപ്പിച്ചുനിര്‍ത്തി ജീവജാലങ്ങള്‍ക്ക് ഉതകുംവിധമാക്കിത്തീര്‍ക്കാന്‍ ഞങ്ങള്‍ അങ്ങയോട് പ്രാര്‍ത്ഥിക്കുന്നു.
വരാഹരൂപത്തില്‍ വന്ന ഭഗവാന്‍ പെട്ടെന്ന് അപ്രത്യക്ഷണായി. ഭക്തിയോടെ ഭഗവല്‍ക്കഥകള്‍ കേള്‍ക്കുന്നുവരില്‍ അദ്ദേഹം അതീവതൃപ്തനത്രേ. ഭഗവല്‍പ്പാദങ്ങളും ശ്രദ്ധാഭക്തിയോടെ അവിടുത്തെമാത്രം ധ്യാനിച്ചു കഴിയുന്നവര്‍ക്ക് അവിടുന്ന് ഏറ്റവുമുയര്‍ന്ന മുക്തി നല്‍കുന്നു.
(ഭൂമിയെന്നാല്‍ ഈ ഭൂമിയും സൗരയൂഥങ്ങളും ദ്രവ്യസൃഷ്ടികളില്‍പ്പെട്ട എല്ലാം – അണ്ഠകടാഹങ്ങള്‍ – ഉള്‍ക്കൊളളുന്നു)
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF