യേ മേ തനൂര്‍ദ്വിജവരാന്‍ ദുഹതീര്‍നമ്മീദീയാ
ഭൂതാന്യലബ്ധശരണാനി ച ഭേദബുദ്ധ്യാ
ദ്രക്ഷ്യന്ത്യഘക്ഷദൃശോ ഹ്യഹിമന്യവസ്താന്‍
ഗൃധ്രാ രുഷാ മമ കുഷന്ത്യധി ദണ്ഡനേതുഃ (3-16-10)
ത്വത്തസ്സനാതനോ ധര്‍മ്മോ രക്ഷ്യതേ തനുഭിസ്തവ
ധര്‍മ്മസ്യ പരമോ ഗുഹ്യോ നിര്‍വികാരോ ഭവാത്മതഃ (3-16-18)
ബ്രഹ്മദേവന്‍ തുടര്‍ന്നു:
മുനിമാരുടെ പ്രാര്‍ത്ഥന കേട്ടിട്ട് ഭഗവാന്‍ ഇങ്ങനെ അരുള്‍ ചെയ്തു. “എന്റെ ദ്വാരപാലകര്‍ ജയവിജയന്മാര്‍ അത്യന്താപരാധമാണ് നിങ്ങളോട് ചെയ്തത്. അത് എന്നെ നിന്ദിച്ചതിനു തുല്യമായ കൃത്യമാണ്. യജമാനന്‍ ഭൃത്യന്റെ കുറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമല്ലോ. ഞാന്‍ നിങ്ങളോടു മാപ്പുചോദിക്കുന്നു. നിങ്ങള്‍ മുനിമാര്‍, എന്റെ ഉപാസനാമൂര്‍ത്തികളത്രേ. ഞാനീ വിശ്വത്തില്‍ അറിയപ്പെടുന്നത് മാമുനിമാര്‍ എന്റെ മഹിമകള്‍ വാഴ്ത്തുന്നതുകൊണ്ടാണ്. ഈ മഹിമാകഥനം ശ്രവിക്കുന്ന ഏവരും സ്വയം ശുദ്ധീകരിക്കപ്പെടുന്നു.
ഞാന്‍ നിങ്ങളും ഭക്തിയുളളവനായതുകൊണ്ട് എന്റെ പാദരേണുക്കള്‍ പാപമോചനശക്തിയുളളതാകുന്നു. എന്റെ പാദങ്ങള്‍കഴുകിയ തീര്‍ത്ഥജലം മൂന്നു ലോകങ്ങളേയും പവിത്രമാക്കുന്നു. അതുകൊണ്ടാണ് മറ്റുളളവര്‍ ഈ തീര്‍ത്ഥജലത്തെ ശിരസ്സില്‍ തളിക്കുന്നുത്. ഞാന്‍ എന്റെ ശിരസ്സില്‍ മാമുനിമാരുടെ പാദരേണുക്കളാണു ധരിക്കുന്നുത്. ദ്വിജന്മാര്‍ , പശുക്കള്‍ , അശരണര്‍ , എല്ലാം എന്റെ സ്വന്തം ശരീരങ്ങള്‍ എന്നു മനസിലാക്കുക. അജ്ഞാനതിമിരത്താല്‍ ഇവരെ എന്നില്‍നിന്നു ഭിന്നമായി കാണുന്ന കൂട്ടര്‍ക്ക് വേണ്ടുന്ന ശിക്ഷ നല്‍കാന്‍ ഞാന്‍തന്നെ നിയമിച്ച ദേവന്മാര്‍ തയ്യാറായി ഇരിക്കുന്നു. എന്നാല്‍ മുനിമാരെ സേവിക്കുന്നുവരും അവരെ എന്റെ സ്വരൂപമെന്നുകണ്ട് സ്നേഹിച്ചാദരിക്കുന്നുവരും എന്നില്‍ സന്തോഷമുണ്ടാക്കുന്നു. ഈ ദ്വാരപാലകര്‍ നിങ്ങളെ നിന്ദിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ വിധിച്ച ശിക്ഷക്കവരര്‍ഹരത്രേ. അവരെ എത്രയും വേഗത്തില്‍ എന്റെ സവിധത്തില്‍ തിരിച്ചെത്താന്‍ അനുഗ്രഹിച്ചയച്ചാലും.”
മുനിമാര്‍ പറഞ്ഞു: “മാമുനിമാരുടെ സുഹൃത്തും അഭ്യുദയകാംക്ഷിയും എന്ന നിലയില്‍ ഞങ്ങളെ ദേവതുല്യരായി അങ്ങ് കണക്കാക്കുന്നുത് ഉചിതം തന്നെ. അവിടുത്തെ സനാതനധര്‍മ്മം സ്വയം നിര്‍മ്മിതമായ ഒന്നത്രേ. അവിടുത്തെ കൃപയാലാണല്ലോ ധര്‍മ്മം സംരക്ഷിക്കപ്പെട്ടുവരുന്നുതും. ധര്‍മ്മത്തിന്റെ ലക്ഷ്യവും രഹസ്യവും, മാര്‍ഗ്ഗവും അവിടുന്നുതന്നെ. ധര്‍മ്മാവതാരങ്ങളായി കാലാകാലങ്ങളും പ്രത്യക്ഷപ്പെടുന്നതും അവിടുന്നല്ലേ? ഞങ്ങളുടെ ഹൃദയകമലങ്ങളെ ശുദ്ദമാക്കാന്‍ അനുഗ്രഹം നല്‍കിയാലും. മാമുനിമാരുടെ മഹിമാകഥനങ്ങള്‍ ധര്‍മ്മരക്ഷക്കായി അവിടുന്നുതന്നെ ചെയ്യുന്ന ലീലാവിലാസമത്രേ. ഞങ്ങളും സംപ്രീതനായി. ഞങ്ങളോടും ഈ ദ്വാരപാലകരോടും എന്തു ചെയ്യണമെന്നറിയിച്ചാലും”.
അനുഗ്രഹം നല്‍കി ഭഗവാന്‍ പറഞ്ഞു: “നിങ്ങള്‍ ചെയ്തത് എനിക്കു ഹിതം തന്നെ. രാക്ഷസരൂപത്തില്‍ ഭൂമിയില്‍ പിറക്കുമെങ്കിലും ഇവര്‍ വിദ്വേഷത്തിലൂടെ എന്നില്‍ അതീവ ഭക്തിയുളളവരായിരിക്കും. അങ്ങനെ ഈ സവിധത്തിലേക്കവര്‍ തിരിച്ചുവരും”.
ബ്രഹ്മാവു തുടര്‍ന്നു: ദേവന്മാരേ, ആ മുനിമാര്‍ വിഷ്ണുദേവനെ നമസ്കരിച്ച് വിടവാങ്ങി. ഭഗവാന്‍ ജയവിജയന്മാരെ സമാധാനിപ്പിച്ചു. “പേടിക്കേണ്ട. നിങ്ങള്‍ മനസുമുഴുവന്‍ ഏകചിത്തരായി എന്നോടുളള വിദ്വേഷത്തില്‍ കഴിയുകയും താമസംവിനാ തിരിച്ചുവരികയും ചെയ്യും”. ഈ രണ്ടുപേരാണ് ദിതിയുടെ ഗര്‍ഭത്തിലുളളത്. ഇതെല്ലാം ഭഗവദേച്ഛക്കൊത്ത് നടന്നതത്രേ. ഭഗവദേച്ഛ മനസിലാക്കാന്‍ യോഗിവര്യന്മാര്‍ക്കുപോലും അസാദ്ധ്യം.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF