സ ഗാമുദസ്താത്സലിത്സ്യ ഗോചരേ
വിന്യസ്യ തസ്യാമദധാത്സ്വ സത്വം
അഭിഷ്ടുതോ വിശ്വസൃജാ പ്രസൂനൈ
രാപൂര്യമാണോ വിഷുധൈഃ പശ്യതോഽരേ: (3-18-8)
ദൈത്യസ്യ യജ്ഞാവയവസ്യ മായാ
ഗൃഹീതവരാഹതനോര്‍മ്മഹാത്മനഃ
കൗരവ്യ മഹ്യാം ദ്വിഷതോര്‍വ്വിമര്‍ദ്ദനം
ദിദൃക്ഷുരാഗാദൃഷിഭിര്‍വൃതസ്സ്വരാട് (3-18-20)
മൈത്രേയന്‍ തുടര്‍ന്നു:
രാക്ഷസന്‍ വരുണന്റെ വെല്ലുവിളി സ്വീകരിച്ചു. എങ്കിലും മുന്നറിയിപ്പുകള്‍ വകവച്ചതേയില്ല. നാരദമുനിയില്‍നിന്നും അവന്‍ ഭഗവാന്റെ ഇരിപ്പിടം മനസിലാക്കി. പാതാളത്തിലേക്ക് ആണ്ടുപോയ ഭൂമിയെ ഉപരിതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സ്വീകരിച്ച അവതാരവേഷത്തിലായിരുന്നു ഭഗവാന്‍. ഹിരണ്യാക്ഷന്‍ ഭഗവാനെ പരിഹസിച്ചു. “കരയിലും ജലത്തിലുമല്ലാതെ ജീവിക്കുന്ന മൃഗമേ, ഞങ്ങളാണ് ഭൂമിയുടെ ഉടമസ്ഥര്‍ . അല്ലയോ വരാഹരൂപത്തിലുളള ദേവാ, നിനക്കവളെ കൊണ്ടുപോകാന്‍ എന്റെ അനുവാദം കൂടിയേ തീരൂ. മായാശക്തിയൊഴികെ നിനക്കെന്തു ശക്തിയാണുളളത്? ഇപ്പോള്‍ത്തന്നെ നിന്നെ ഞാന്‍ കന്നുകളയും.”
തലയില്‍ സ്വര്‍ണ്ണമുടിക്കെട്ടുകളോടുകൂടിയ ഹിരണ്യാക്ഷന്‍ ഭഗവാനെ പിന്തുടര്‍ന്നു. ഭഗവാന്‍ താഴേക്കിറങ്ങി ഭൂമിയെ തന്റെ തേറ്റകളില്‍ താങ്ങി മുകളിലേക്ക് കൊണ്ടുവന്നു. “ഭൂമിയെ മോഷ്ടിക്കാനും വെല്ലുവിളിക്കുന്ന എതിരാളിയില്‍നിന്ന് ഓടിപ്പോകാനും നിങ്ങള്‍ക്കു നാണമില്ലേ?” അസുരന്‍ അലറി.
ഭഗവാന്‍ ഭൂമിയെ അതിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ഭ്രമണപഥത്തില്‍ നിന്നും മാറിപ്പോകാതിരിക്കുന്നുതിനുളള ശക്തിവിശേഷം അതില്‍ നിക്ഷേപിക്കുകയും ചെയ്തു. അസുരന്‍ ഭഗവാന്റെ ചെയ്തികള്‍ നോക്കിനിന്നു. ബ്രഹ്മാദിദേവതകള്‍ പുഷ്പവര്‍ഷം നടത്തി. ഭഗവാന്‍ പിന്നെ അസുരന്റെ വെല്ലുവിളി സ്വീകരിച്ചു. അവര്‍ ദ്വന്ദ്വയുദ്ധം തുടങ്ങി. അസുരന്റെ ഗദയുടെ പ്രഹരത്തില്‍ നിന്നും ഭഗവാന്‍ ഒഴിഞ്ഞുമാറി. ഏതു യോഗശ്രേഷ്ഠനും മരണത്തില്‍ നിന്നു് ഒഴിഞ്ഞുമാറുമല്ലോ. ഭഗവാന്റെ ഗദയുടെ അടി രാക്ഷസന്‍ തന്റെ ഗദയാല്‍ തടുത്തു. തീവ്രമായ യുദ്ധം തുടര്‍ന്നു. ബ്രഹ്മാവും മുനിശ്രേഷ്ഠരും ഹിരണ്യാക്ഷനുമായുളള ഭഗവാന്റെ ഈ യുദ്ധം കണ്ടിരുന്നു. വരാഹരൂപത്തില്‍ യുദ്ധം ചെയ്തുകൊണ്ടിരുന്ന ഭഗവാന്‍ ത്യാഗഭാവത്തിന്റെ രൂപമത്രേ. രാക്ഷസനും ഭഗവാനും ഭൂമിക്കുവേണ്ടിയാണ് യുദ്ധത്തിലേര്‍പ്പെട്ടത്.
ബ്രഹ്മാവ് ഭഗവാനെ പ്രാര്‍ത്ഥിച്ചു. “ഭഗവാന്‍, എന്നില്‍നിന്നു കിട്ടിയ വരത്തിന്റെ ബലത്തില്‍ ദേവന്മാരേപ്പോലും നിന്ദിക്കാനും ആക്രമിക്കാനും ഈ രാക്ഷസന്‍ മുതിര്‍ന്നിരിക്കുന്നു. അവനെ നശിപ്പിക്കാന്‍ വൈകരുതേ. സന്ധ്യാനേരമായാല്‍ രാക്ഷസപ്പരിഷകള്‍ക്ക് ശക്തി വര്‍ദ്ധിക്കും. ഈ വിഡ്ഢിയാകട്ടെ ഞങ്ങളുടെ ഭാഗ്യാതിരേകംകൊണ്ട് ഭഗവാനേ, അങ്ങയുടെ അടുത്തേക്ക് സ്വയം വന്നിരിക്കുന്നു. ഉടനെതന്നെ അവനെ വധിച്ച് ഭൂമിയില്‍ സമാധാനം വരുത്തിയാലും.”
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF