ഈ ശ്രീശങ്കരജയന്തി സുദിനത്തില്‍ എല്ലാ ശ്രേയസ് അംഗങ്ങള്‍ക്കും ജയന്തി ആശംസകള്‍.

ശങ്കരവിജയം പലരാലും രചിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട വിദ്യാരണ്യ മാധവന്റെ ശങ്കരദിഗ്വിജയത്തെ മലയാളഭാഷാഗാനമായി 1902-ല്‍ വരവൂര്‍ ശാമുമേനോന്‍ പാലക്കാട്ടുനിന്നും പ്രസിദ്ധീകരിച്ചു. ഡോ. കെ. കുഞ്ഞുണ്ണിരാജ ‘ശ്രീശങ്കരാചാര്യര്‍’ എന്ന പുസ്തകത്തില്‍ ഈ ഭാഷാഗാനത്തിലെ പ്രധാന വരികള്‍ മാത്രമെടുത്തുകൊണ്ട് ശങ്കരവിജയം കഥ ചുരുക്കി വര്‍ണ്ണിച്ചിട്ടുണ്ട്.

ശങ്കരവിജയം കഥ ചുരുക്കത്തില്‍

തിങ്കള്‍ ചൂടുന്ന ദേവന്‍ ശങ്കരന്‍ ധരാതല-
ത്തിങ്കല്‍ ശങ്കരാചാര്യനായ് വന്നു പിറന്നതും,
വഴിപോലുപനീതനായതും,അഞ്ചാമാണ്ടി-
ലഴകില്‍‌ സര്‍വവിദ്യാപാടവം പ്രാപിച്ചതും,
ധന്യാത്മാവിനെ നക്രം പിടിച്ചീടിന നേരം
സംന്യാസസംഭവവും ശ്രീകൃഷ്ണ പ്രതിഷ്ഠയും,

വന്ദനീയനാം ശ്രീമല്‍ഗോവിന്ദാചാര്യനോടു
പിന്നീടാ മഹാന്‍ ക്രമസംന്യാസം കൈക്കൊണ്ടതും,
ഗോവിന്ദാചാര്യന്‍ കനിഞ്ഞരുളിച്ചെയ്കമൂല-
മാവിരാനന്ദം പിന്നെക്കാശിക്കു ഗമിച്ചതും,
ചണ്ഡാലനായിവന്ന ചന്ദ്രശേഖരന്‍ തന്നെ-
ക്കണ്ടു കൈകൂപ്പിസ്തുതിച്ചേറ്റവും തെളിഞ്ഞതും,
പാര്‍ത്തലത്തിങ്കല്‍പ്പാരം പ്രസിദ്ധപ്പെട്ടതായ
സൂത്ര ഭാഷ്യത്തെ ഗുരുനായകന്‍ നിര്‍മിച്ചതും,

ബാദരായണനായ മുനിനാഥനെക്കണ്ടു
സാദരം ഗുരുവരന്‍ സല്ലാപം കഴിച്ചതും,
ദോഷമറ്റുള്ളതായ ഭാഷ്യാര്‍ഥ ശ്രവണത്താല്‍
തോഷമുള്‍ക്കൊണ്ടു വേദവ്യാസനാം മുനീശ്വരന്‍
ഭാഷ്യത്തെപ്പാരിലൊക്കെപ്പരത്തുന്നതിനായി-
ദ്ദേശികന്നുടനായുര്‍വൃദ്ധിയെക്കല്പിച്ചതും,
സരസം പ്രയാഗത്തെ സംപ്രാപിച്ചനന്തരം
ഗുരുനായകന്‍ ഭട്ടാചാര്യനെദ്ദര്‍ശിച്ചതും
പണ്ഡിതന്‍ ഭട്ടാചാര്യനരുളിച്ചെയ്കമൂലം
മണ്ഡനമിശ്രാര്യനെപ്പോയ്ക്കണ്ടു ജയിച്ചതും,
തദ്‍ധര്‍മാദാരങ്ങളെജ്‍ജയിക്കുന്നതിനായി-
സ്സത്വരം പരകായമാചാര്യന്‍ പ്രാപിച്ചതും,
കാമശാസ്ത്രത്തിലേറെപ്പാടവം കൈക്കൊണ്ടതും,
കേമന്‍മാര്‍ ശിഷ്യര്‍ ചെന്നു ബോധിപ്പിച്ചതു നേരം
ചിതയില്‍ക്കേറ്റിവെച്ചു ചൂട്ടീടും സ്വദേഹത്തില്‍
ദ്രുതമുള്‍ക്കൊണ്ടു ഭക്തിപൂര്‍വകം സ്തുതിക്കയാല്‍
നന്ദിച്ചു നരസിംഹം പ്രത്യക്ഷീഭവിച്ചതും,
പിന്നെപ്പോയ് സരസ്വതീദേവിയെ വിജയിച്ചു
മല്ലികാര്‍ജ്ജുനം പ്രാപിച്ചാചാര്യന്‍ മഹാശയന്‍
മുല്ലബാണാരിയായ ദേവനെദ്ദര്‍ശിച്ചതും,

കഷ്ടം ശ്രീഗുരുവിനെ കൊല്ലുവാനുറച്ചോരു
ദുഷ്ടനാം കാപാലികന്‍ നാശത്തെ പ്രാപിച്ചതും,
ഗോകര്‍ണ്ണത്തിങ്കല്‍ച്ചെന്നു സാഗരസ്നാനംചെയ്തു
ശ്രീ ഗുരുസ്വാമി മോദാല്‍ കോടി തീര്‍ത്ഥവുമാടി

മദനാരിയാം മഹാബലനെപ്പൂജചെയ്തു
തദനന്തരം ഗുരു സദനുജ്ഞയെവാങ്ങി
സരസം മൂകാംബികാ സദനം സംപ്രാപിച്ചു
പരദേവതതന്നെപ്പരിചില്‍ സ്തുതിച്ചതും,

നന്മയേറ്റവുമേറും വാര്‍ത്തികം തീര്‍പ്പിച്ചതും,
സമ്മാന്യന്‍ ജനനിക്കു സദ്ഗതി കൊടുത്തതും,
കാരുണ്യക്കടലുടന്‍ ചെയ്ത ദിഗ്വിജയവും,
ശാരദാപീഠത്തിങ്കല്‍ സാനന്ദം വസിച്ചതും ‌
ലോകത്തിലദ്വൈതത്തെ സ്ഥാപിച്ചശേഷം കൃപാ-
സാഗരം ഗുരു കൈലാസാചലം പ്രാപിച്ചതും
ചൊല്ലാം ഞാന്‍ ചുരുക്കത്തില്‍.

ലോകത്തിന് ശ്രീശങ്കരന്റെ ഏറ്റവും വലിയ സംഭാവനയെന്താണ്?

ഈ ചോദ്യത്തിനുത്തരം ശ്രീരാമകൃഷ്ണാശ്രമത്തിലെ ശ്രീമത് സിദ്ധിനാഥാനന്ദസ്വാമികളുടെ വിവേകചൂഡാമണി വ്യാഖ്യാനത്തില്‍ ശ്രീ ശങ്കരഭഗവത്പാദരെക്കുറിച്ച് പറയുന്ന ഭാഗത്തില്‍ കണ്ടെത്താവുന്നതാണ്.

സ്വകൃതികളില്‍ക്കൂടി ശ്രീശങ്കരഭഗവത്പാദര്‍ ചിട്ടപ്പെടുത്തുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള അദ്വൈതവേദാന്തദര്‍ശനം തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.

പ്രസ്ഥാനത്രയത്തിനുള്ള ഭാഷ്യങ്ങള്‍, പ്രകരണഗ്രന്ഥങ്ങള്‍, സ്തോത്രകൃതികള്‍ എന്നിങ്ങനെ അനേകം ഗ്രന്ഥങ്ങള്‍കൊണ്ട് അദ്ദേഹം സാധിച്ചിരിക്കുന്നത് ഈ സിദ്ധാന്തമാകുന്നു. ഭാഷ്യങ്ങള്‍ക്കുപുറമേ, വിവേകചൂഡാമണി, ഉപദേശസാഹസ്രി, ആത്മബോധം മുതലായ അനേകം പ്രകരണഗ്രന്ഥങ്ങളും, സൗന്ദര്യലഹരി, ശിവാനന്ദലഹരി, ദക്ഷിണാമൂര്‍ത്ത്യഷ്ടകം തുടങ്ങി നിരവധി മനോഹരസ്തോത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. നൂറ്റിയമ്പതിനുമേല്‍ കൃതികള്‍ അദ്ദേഹത്തിന്റേതായി അറിയപ്പെടുന്നുണ്ട്. ഇവയെല്ലാം രചിച്ചത് വെറും 4 കൊല്ലം കൊണ്ടാണ് എന്നു കേള്‍ക്കുമ്പോള്‍ നാം അദ്ഭുതംകൊണ്ട് അമ്പരന്നുപോകും. അവ വെറുതെ ഒരാവൃത്തിവായിക്കാന്‍തന്നെ അനേകം സംവത്സരങ്ങള്‍ വേണ്ടിവരും. വേണ്ടവിധം അര്‍ത്ഥംഗ്രഹിച്ചുകൊണ്ട് വായിക്കണമെങ്കില്‍ ഒരായുഷ്കാലം തന്നെ മതിയാകുമോ എന്നു സംശയമാണ്. അവയില്‍ പ്രതിപാദിച്ചിരിക്കുന്ന നിത്യസത്യങ്ങള്‍ അനുഭവസമ്പത്തുകളാക്കാന്‍ അനേകം ജന്മങ്ങള്‍ തന്നെ വേണ്ടിവരും. വ്യാസനും വാല്മീകിയും ഒഴിച്ച് വേറാരും മനുഷ്യരാശിയുടെ ആദ്ധ്യാത്മികോദ്ദീപനത്തിന് ഇത്രമാത്രം സംഭാവന നല്കിയിട്ടുള്ളവര്‍ ഇല്ലതന്നെ. ശങ്കരകൃതികള്‍ മധുരമനോഹരങ്ങളാണ്; ആ വാങ്മയങ്ങള്‍ സംഗീതാത്മകങ്ങളാണ്. സര്‍വ്വതന്ത്രസ്വതന്ത്രനായ വാചസ്പതിമിശ്രന്‍ ‘ഭാഷ്യം പ്രസന്നഗംഭീരം’ എന്നാണ് ശാങ്കരഭാഷ്യത്തെ വിശേഷിപ്പിക്കുന്നത്.

ദശനാമി സമ്പ്രദായം

പ്രസ്ഥാനം എത്ര മഹത്തരമായാലും അതിനെ അനുസരിക്കാനും പാലിക്കാനും പോഷിപ്പിക്കാനും ആളില്ലെങ്കില്‍ അത് കാലാന്തരത്തില്‍ നഷ്ടമായിപ്പോകും. അങ്ങനെയൊരു ദുര്‍ദ്ദശ തന്റെ പ്രസ്ഥാനത്തിന് സംഭവിക്കരുത് എന്നു കരുതി ആചാര്യന്‍ ഭാരതത്തിന്റെ നാലുകോണുകളില്‍ നാലു മഠങ്ങള്‍ സ്ഥാപിച്ചു. അവിടെ ജിജ്ഞാസുക്കളായ സാധകന്മാര്‍ക്ക് താമസിച്ചു വേദാന്തം പഠിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ട ഏര്‍പ്പാടുകളും ചെയ്തു. ദശനാമിസമ്പ്രദായത്തില്‍പ്പെട്ട സന്ന്യാസിമാരെല്ലാം ഈ നാലു മഠങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഉള്‍പ്പെട്ടവരായിരിക്കും.

ശൃംഗേരിമഠ‍ം

തെക്ക്, മൈസൂരില്‍ തുംഗഭദ്രാനദീതീരത്ത് ശൃംഗേരിമഠ‍ം സ്ഥാപിച്ചു. സ്വശിഷ്യനായ സുരേശ്വരാചാര്യരെ ഭഗവത്പാദര്‍ അവിടത്തെ അധിപതിയായി വാഴിച്ചു. ഈ പരമ്പരയില്‍പ്പെട്ട സന്ന്യാസിമാരുടെ പേരിനോടൊപ്പം സരസ്വതി, ഭാരതി, പുരി എന്നിവയിലൊന്ന് ബിരുദമായി ഉണ്ടായിരിക്കും; ബ്രഹ്മചാരികള്‍ക്ക് ‘ചൈതന്യ’ ബിരുദവും കാണും. യജുര്‍വേദമാണ് അവരുടെ മുഖ്യവേദം. ‘അഹം ബ്രഹ്മാസ്മി’ എന്ന മഹാവാക്യമാണ് അവരുടെ അനുസന്ധാനവാക്യം. ദക്ഷിണേന്ത്യയുടെ അദ്ധ്യാത്മരക്ഷണം നോക്കിനടത്തേണ്ടത് ശൃംഗേരിമഠത്തിന്റെ ചുമതലയാകുന്നു.

ശാരദാമഠം

ദ്വാരകയില്‍ സ്ഥാപിതമായ ശാരദാമഠത്തിന്റെ അധിപനായി ഹസ്താമലകന്‍ എന്ന ശിഷ്യന്‍ നിയോഗിക്കപ്പെട്ടു. ‘തീര്‍ത്ഥന്‍’എന്നോ ‘ആശ്രമം’ എന്നോ ആയിരിക്കും ഈ മഠത്തിലെ സന്യാസിമാരുടെ നമോപാധി; ‘സ്വരൂപ’മെന്ന് ബ്രഹ്മചാരികള്‍ക്കും. ‘തത് ത്വം അസി’ എന്നതാണ് അവര്‍ക്കുള്ള മഹാവാക്യം. സാമവേദമാണ് അവരുടെ മുഖ്യാധ്യയനഗ്രന്ഥം. ഇന്ത്യയുടെ പശ്ചിമഭാഗത്തിന്റെ ആദ്ധ്യാത്മിക മേല്‍നോട്ടം ഈ മഠത്തിനാകുന്നു.

ജ്യോതിര്‍മഠ‍ം(ശ്രീമഠ‍ം)

ബദരിയില്‍ സ്ഥാപിച്ച മഠത്തിന് ജ്യോതിര്‍മഠ‍ം എന്നാണ് പേര്‍; ശ്രീമഠ‍ം എന്നും ഇതിനൊരു പേരുണ്ട്. തോടകാചാര്യരായിരുന്നു ഇവിടുത്തെ അധിപതി. ഗിരി,പര്‍വ്വതം, സാഗരം ഇവയാണ് ഈ മഠത്തിലെ സന്യാസിമാരുടെ നാമബിരുദങ്ങള്‍; ‘ആനന്ദ’ ബിരുദം ബ്രഹ്മചാരികള്‍ക്കും. അവര്‍ അഥര്‍വ്വവേദം അഭ്യസിക്കുന്നു.’അയം ആത്മാ ബ്രഹ്മ’എന്നതാണ് അവര്‍ക്കുള്ള മഹാവാക്യം. ഉത്തരേന്ത്യ ഈ മഠത്തിന്റെ ആദ്ധ്യാത്മികമണ്ഡലമാകുന്നു.

ഗോവര്‍ദ്ധനമഠ‍ം

കിഴക്ക് പുരിയില്‍ സ്ഥാപിതമായ മഠമാണ് ഗോവര്‍ദ്ധനമഠ‍ം. പദ്മപാദനായിരുന്നു അവിടത്തെ ആദ്യത്തെ അധിപതി. ‘വന’മെന്നോ ‘അരണ്യ’മെന്നോ ആയിരിക്കും അവിടുത്തെ സന്ന്യാസിമാരുടെ നാമബിരുദം. ‘പ്രകാശം’ എന്ന് ബ്രഹ്മചാരികളുടെയും. അവരുടെ മുഖ്യവേദം ഋഗ്വേദമാകുന്നു. ‘പ്രജ്ഞാനം ബ്രഹ്മ’ എന്ന മഹാവാക്യം കൊണ്ടാണ് അവര്‍ ദീക്ഷിതരാകുന്നത്. പൂര്‍വ്വേന്ത്യയിലെ ജനങ്ങള്‍ ഈ മഠത്തെയാണ് തങ്ങളുടെ അദ്ധ്യാത്മരക്ഷാകേന്ദ്രമായി കരുതിവരുന്നത്.

ഈ നാലു മഠങ്ങളില്‍ക്കൂടി ശ്രീശങ്കരാചാര്യസ്വാമികള്‍ സമഗ്രഭാരതത്തിന്റെയും അദ്ധ്യാത്മശ്രേയസ്സിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ഈ മഠങ്ങളുടെ സമര്‍ത്ഥമായ ഭരണനിര്‍വ്വഹണത്തിന് ആവശ്യമായ നിയമങ്ങള്‍ ഉള്‍കൊള്ളുന്ന മഠാമ്നായം, മഹാനുശാസനം എന്ന രണ്ടു ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. ഈ മഠങ്ങളിലെ അധിപതികള്‍ അതതിടങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളില്‍ ധര്‍മ്മശ്രദ്ധയും ആത്മബോധവും വളര്‍ത്തണമെന്നും ആചാര്യന്‍ അനുശാസിച്ചിട്ടുണ്ട്.

ശുചിര്‍ജിതേന്ദ്രിയോ വേദ-
വേദാംഗാദിവിശാരദഃ
യോഗജ്ഞഃ സര്‍വ്വശാസ്ത്രജ്ഞഃ
സ മദാസ്ഥാനമാപ്നുയാത്.

‘ശുദ്ധചരിതനും ജിതേന്ദ്രിയനും വേദവേദാംഗാദികളില്‍ നിഷ്ണാതനും യോഗനിഷ്ഠനും സാംഖ്യാദിസര്‍വ്വശാസ്ത്രങ്ങളും ഗ്രഹിച്ചവനും മാത്രമേ എന്റെ പീഠ‍ം ആരോഹണം ചെയ്യാവൂ,’ എന്ന് ആചാര്യസ്വാമികള്‍ നിശ്ചയിച്ചിരിക്കുന്നു.

ശ്രീ ശങ്കരാചാര്യസ്വാമികളുടെ സമ്പൂര്‍ണകൃതികള്‍

ഭാഷ്യഗ്രന്ഥങ്ങള്‍

  1. ശ്രീഭഗവദ്‌ഗീതാഭാഷ്യം
  2. ബ്രഹ്മസൂത്രഭാഷ്യം
  3. ഉപനിഷദ്ഭാഷ്യങ്ങള്‍
    1. തൈത്തിരീയോപനിഷത്
    2. ഐതരേയോപനിഷത്
    3. ഈശാവാസ്യോപനിഷത്
    4. കഠോപനിഷത്
    5. കേനോപനിഷത്
    6. മുണ്ഡകോപനിഷത്
    7. പ്രശ്നോപനിഷത്
    8. മാണ്ഡൂക്യോപനിഷത്
    9. ഛാന്ദോഗ്യോപനിഷത്
    10. ബൃഹദാരണ്യകോപനിഷത്

ലഘുഭാഷ്യങ്ങള്‍

  1. വിഷ്ണുസഹസ്രനാമസ്തോത്രഭാഷ്യം
  2. സനത്സുജാതീയഭാഷ്യം
  3. ലളിതാത്രിശതിഭാഷ്യം
  4. ഹസ്താമലകീയഭാഷ്യം
  5. അദ്ധ്യാത്മപടലഭാഷ്യം

സ്തോത്ര കൃതികള്‍

  1. ഗണേശപഞ്ചരത്നം
  2. ഗണേശഭുജംഗം
  3. സുബ്രഹ്മണ്യഭുജംഗം
  4. ശിവഭുജംഗം
  5. ശിവാനന്ദലഹരി
  6. ശിവപാദാദികേശാന്തവര്‍ണ്ണനസ്തോത്രം
  7. ശിവകേശാദിപാദാന്തവര്‍ണ്ണനസ്തോത്രം
  8. വേദാന്തസാരശിവസ്തോത്രം
  9. ശിവാപരാധക്ഷമാപണസ്തോത്രം
  10. സുവര്‍ണ്ണമാലാസ്തുതിഃ
  11. ദശശ്ലോകീസ്തുതിഃ
  12. ദക്ഷിണാമൂര്‍ത്തിവര്‍ണ്ണമാലാസ്തോത്രം
  13. ശ്രീദക്ഷിണാമൂര്‍ത്ത്യഷ്ടകം
  14. ശ്രീമൃത്യുഞ്ജയമാനസികപൂജാസ്തോത്രം
  15. ശിവനാമാവല്യഷ്ടകം
  16. ശിവപഞ്ചാക്ഷരസ്തോത്രം
  17. ഉമാമഹേശ്വരസ്തോത്രം
  18. സൗന്ദര്യലഹരി
  19. ദേവിഭുജംഗസ്തോത്രം
  20. ആനന്ദലഹരി
  21. ത്രിപുരസുന്ദരീവേദപാദസ്തോത്രം
  22. ത്രിപുരസുന്ദരീമാനസപൂജാസ്തോത്രം
  23. ദേവീചതുഃഷഷ്ട്യുപചാരപൂജാസ്തോത്രം
  24. ത്രിപുരസുന്ദര്യഷ്ടകം
  25. ലളിതാപഞ്ചരത്നം
  26. കല്യാണവൃഷ്ടിസ്തവം
  27. നവരത്നമാലികാ
  28. മന്ത്രമാതൃകാപുഷ്പമാലാസ്തവം
  29. ഗൗരീദശകം
  30. ഭാവാനീഭുജംഗം
  31. ഹനുമത്പഞ്ചരത്നം
  32. ശ്രീരാമഭുജംഗപ്രയാതസ്തോത്രം
  33. ലക്ഷ്മീനൃസിംഹപഞ്ചരത്നം
  34. ലക്ഷ്മീനൃസിംഹകരുണാരസസ്തോത്രം
  35. ശ്രീ വിഷ്ണുഭുജംഗപ്രയാതസ്തോത്രം
  36. വിഷ്ണുപാദാദികേശാന്തസ്തോത്രം
  37. പാണ്ഡുരംഗാഷ്ടകം
  38. അച്യുതാഷ്ടകം
  39. കൃഷ്ണാഷ്ടകം
  40. ഹരിസ്തുതിഃ
  41. ഗോവിന്ദാഷ്ടകം
  42. ഭഗവന്മാനസപൂജാ
  43. മോഹമുദ്ഗരം
  44. കനകധാരാസ്തോത്രം
  45. അന്നപൂര്‍ണ്ണാഷ്ടകം
  46. മീനാക്ഷീപഞ്ചരത്നം
  47. മീനാക്ഷീസ്തോത്രം
  48. ദക്ഷിണാമൂര്‍ത്തിസ്തോത്രം
  49. കാലഭൈരവാഷ്ടകം
  50. നര്‍മദാഷ്ടകം
  51. യമുനാഷ്ടകം
  52. യമുനാഷ്ടകം 2
  53. ഗംഗാഷ്ടകം
  54. മണികര്‍ണികാഷ്ടകം
  55. നിര്‍ഗുണമാനസപൂജാ
  56. പ്രാതഃസ്മരണാസ്തോത്രം
  57. ജഗന്നാഥാഷ്ടകം
  58. ഷട്പദിസ്തോത്രം
  59. ഭ്രമരാംബാഷ്ടകം
  60. ശിവപഞ്ചാക്ഷരനക്ഷത്രമാലാസ്തോത്രം
  61. ദ്വാദശലിംഗസ്തോത്രം
  62. അര്‍ദ്ധനാരീശ്വരസ്തോത്രം
  63. ശാരദാഭുജംഗപ്രയാതാഷ്ടകം
  64. ഗുര്‍വ്വഷ്ടകം
  65. കാശീപഞ്ചകം

പ്രകരണ പ്രബന്ധങ്ങള്‍

  1. പ്രബോധസുധാകരം
  2. സ്വാത്മപ്രകാശിക
  3. മനീഷാപഞ്ചകം
  4. അദ്വൈതപഞ്ചരത്നം
  5. നിര്‍വ്വാണഷട്കം
  6. അദ്വൈതാനുഭൂതി
  7. ബ്രഹ്മാനുചിന്തനം
  8. പ്രശ്നോത്തരത്നമാലിക
  9. സദാചാരാനുസന്ധാനം
  10. യോഗതാരാവലി
  11. ഉപദേശപഞ്ചകം
  12. ധന്യാഷ്ടകം
  13. ജീവന്മുക്താനന്ദലഹരി
  14. അനാത്മ ശ്രീവിഗര്‍ഹണപ്രകരണം
  15. സ്വരൂപാനുസന്ധാനം
  16. യതിപഞ്ചകം
  17. പഞ്ചീകരണം
  18. തത്വോപദേശം
  19. ഏകഗ്ലോകി
  20. മായാപഞ്ചകം
  21. പ്രൗഢാനുഭൂതി
  22. ബ്രഹ്മജ്ഞാനാവലീമാല
  23. ലഘുവാക്യവൃത്തി
  24. നിര്‍വ്വാണമഞ്ജരി
  25. അപരോക്ഷാനുഭൂതി
  26. വാക്യവൃത്തി
  27. സ്വാത്മനിരൂപണം
  28. ആത്മബോധം
  29. ശതശ്ലോകി
  30. ദശശ്ലോകി

ഉപദേശരചനാവലികള്‍

  1. വിവേകചൂഡാമണി
  2. ഉപദേശസാഹസ്രി
  3. ഗദ്യപ്രബന്ധം
  4. പദ്യപ്രബന്ധം
  5. സര്‍വ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

മന്ത്രശാസ്ത്രകൃതി

  1. പ്രപഞ്ചസാരം

ശ്രീശങ്കരഭഗവദ്‌പാദരുടെ സമ്പൂര്‍ണ്ണകൃതികള്‍ ദേവനാഗിരി ലിപിയില്‍ ചെന്നൈയിലെ സമതാ ബുക്സ്‌ (ഫോണ്‍: 09444010706) പത്തുവാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്തോത്രാണി, പ്രകരണപ്രബന്ധാനി, ഉപദേശരചനാവലി, പ്രപഞ്ചസാരം, ലഘുഭാഷ്യാണി, ശ്രീഭഗവദ്ഗീതാഭാഷ്യം, ബ്രഹ്മസൂത്രഭാഷ്യം, ഉപനിഷദ്ഭാഷ്യാണി, ഛാന്ദോഗ്യോപനിഷദ്ഭാഷ്യം, ബൃഹദാരണ്യകോപനിഷദ്ഭാഷ്യം എന്നിവയാണ് അവ.

ദുഖകരമായ വസ്തുത ശങ്കരഭഗവദ്‌പാദര്‍ ജനിച്ച ഈ നാട്ടില്‍ മലയാളം ലിപിയില്‍ സമ്പൂര്‍ണ്ണ കൃതികള്‍ ലഭ്യമല്ല എന്നുള്ളതാണ്. നാം ഓരോരുത്തരും ഇതിനായി ശ്രമിക്കേണ്ടിയിരിക്കുന്നു. ശ്രേയസ്സും കഴിയുന്നവിധത്തില്‍ ഇതിനുവേണ്ടി ശ്രമിക്കുന്നതാണ്.