അദ്വൈതബ്രഹ്മവിദ്യാസമ്പ്രദായത്തെ കേരളത്തില്‍ പുനപ്രതിഷ്ഠിച്ച പ്രത്യഗ്രശങ്കരന്‍ ആയി വിരാജിച്ച പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ 55 വയസ്സ്വരെയുള്ള ജീവചരിത്രസംഗ്രഹമാണ് ‘ബാലാഹ്വസ്വാമി ചരണാഭരണം‘ എന്ന പുസ്തകം.

ബാലാഹ്വസ്വാമി, കുഞ്ഞന്‍പിള്ള, ചട്ടമ്പിസ്വാമി എന്നീ പേരുകളില്‍ അറിയപ്പെടുന്ന മഹാത്മാവിന്റെ ചരണത്തിന് ആഭരണമാകുമെന്നു സങ്കല്‍പ്പിച്ച് രചിച്ചതുകൊണ്ടാണ് ഈ ഗ്രന്ഥത്തിനു ‘ബാലാഹ്വസ്വാമിചരണാഭരണം’ എന്ന് പേരു നല്‍കിയിരിക്കുന്നത് എന്ന് ഉപസംഹാരശ്ലോകത്തില്‍ ഗ്രന്ഥകര്‍ത്താവായ ശ്രീ ആറന്മുള എം. കെ. നാരായണപിള്ള വൈദ്യന്‍ കാണിച്ചിരിക്കുന്നു.

സ്വാമിതിരുവടികളുടെ ജീവചരിത്രഗ്രന്ഥങ്ങളില്‍ ആദ്യത്തേതായ ഈ ഗ്രന്ഥം കൊല്ലവര്‍ഷം 1084-ല്‍  കാശിയില്‍നിന്ന് അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചതാണ്. ബ്രഹ്മനിഷ്ഠന്‍, ജീവന്‍മുക്തന്‍, അതിവര്‍ണ്ണാശ്രമി, ഋഷി, സര്‍വ്വജ്ഞന്‍, മഹാപ്രഭു മുതലായ ഉന്നതനിലകളെ പ്രാപിക്കുന്നതിനു സ്വാമിതിരുവടികള്‍ പരിശീലിച്ചിരുന്ന യോഗജ്ഞാനാദിസാധനകളുടെ സമ്പ്രദായത്തെ ഈ ഗ്രന്ഥത്തില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ജിജ്ഞാസുക്കളെ പ്രബുദ്ധരാക്കാന്‍ പര്യാപ്തമായ ഈ വിവരണം മറ്റു ചരിത്രഗ്രന്ഥങ്ങളെ അപേക്ഷിച്ച് ഈ ഗ്രന്ഥത്തിനുള്ള ഒരു പ്രധാന വൈശിഷ്ട്യമാണ്. സ്വാമിതിരുവടികള്‍ ജീവിച്ചിരുന്ന കാലത്ത് അവിടുത്തെ ജ്ഞാനനിഷ്ഠന്മാരായ അന്തേവാസികളുടെ പരിശോധനയോടും അനുവാദത്തോടും കൂടി ഈ പുസ്തകം പ്രസിദ്ധീകരിച്ചതുകൊണ്ട് ഇതിലെ പ്രതിപാദനങ്ങളെല്ലാം പ്രത്യക്ഷസത്യാങ്ങളാണ്.

ഈ ഗ്രന്ഥത്തിന്റെ വ്യാഖ്യാനം പരിശോധിക്കുകയും അവതാരിക എഴുതുകയും ചെയ്തത് സംപൂജ്യനായ ബ്രഹ്മശ്രീ വിദ്യാനന്ദതീര്‍ത്ഥപാടസ്വാമികളാണ്.

ബാലാഹ്വസ്വാമിചരണാഭരണം PDF ഡൌണ്‍ലോഡ് ചെയ്യൂ.