ഏവം സുരാസുരഗണാഃ സമദേശകാല
ഹേത്വര്‍ത്ഥകര്‍മ്മമതയോഽപി ഫലേ വികല്‍പ്പാഃ
തത്രാമൃതം സുരഗണാഃ ഫല മഞ്ജസാഽഽപുര്‍
യത് പാദപങ്കജരജഃശ്രയണാന്ന ദൈത്യാഃ (8-9-28)
യദ്യു ജ്യതേഽസുവസു കര്‍മ്മമനോവചോഭിര്‍
ദ്ദേഹാത്മജാദിഷു നൃഭിസ്തദസത് പൃഥക്ത്വാത്
സര്‍വ്വസ്യ തദ്ഭവതി മൂല നിഷേചനം യത് (8-49-29)
ശുകമുനി തുടര്‍ന്നു:
അസുരന്മാര്‍ അമൃതകുംഭവുമായി ഓടുമ്പോള്‍ അവര്‍ തമ്മില്‍ കലഹിച്ചുകൊണ്ടിരുന്നു. എങ്ങനെയാണ് അമൃതു പങ്കുവെക്കേണ്ടതെന്നായിരുന്നു പ്രശ്നം. അതിസുന്ദരിയായ ആ തരുണീമണി അസുരന്മാരെ ആകര്‍ഷിച്ചു. അവരുടെ ഹൃദയം ആ സൗന്ദര്യത്തില്‍ മതിമറക്കുകയും ചെയ്തു. അമൃതകുംഭവുമായി ഓടിപ്പോന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെല്ലാം മറന്ന് അവരങ്ങനെ നിശ്ചലരായി നിന്നുപോയി. അവര്‍ അവരുടെ ആരാധന തുറന്നറിയിച്ചു. അവര്‍ കന്യകയോട് ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. “അല്ലയോ യുവസുന്ദരീ, നീ ആരാണ്? നിന്റെ അച്ഛനമ്മമാര്‍ ആരെല്ലാം? എന്തിനാണിവിടെ വന്നിരിക്കുന്നത്?’
തരുണിയില്‍ ആകൃഷ്ടരായ അവര്‍ പറഞ്ഞു: “ഇതാ അമൃതുകുംഭം. ഞങ്ങള്‍, കശ്യപപുത്രന്മാരാണ്. സഹോദരര്‍. ഞങ്ങളെല്ലാവരും ഒരുപോലെ പ്രയത്നം ചെയ്തിട്ടാണ് ഇതു ലഭിച്ചിട്ടുളളത്. ഇപ്പോള്‍ അമൃത് എങ്ങനെ പങ്കിടണമെന്ന് ഞങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി അമൃതു പങ്കിട്ടുതന്നാലും. എന്തുതന്നെയായാലും ഭവതിയുടെ തീരുമാനത്തെ ഞങ്ങള്‍ സ്വീകരിച്ചുകൊളളാം.”
ഭഗവാന്‍ മോഹിനീവേഷത്തില്‍ അമൃതകുംഭം അവരില്‍ നിന്നും സ്വീകരിച്ചു. തന്റെ തീരുമാനം ശരിയോ തെറ്റോ ആയാലും അതനുസരിച്ചുകൊളളാമെന്ന് അവര്‍ വാക്കു കൊടുത്തതനുസരിച്ച് മോഹിനി അമൃത് വിളമ്പാമെന്ന് സമ്മതിച്ചു.
എല്ലാ ദേവന്മാരും അസുരന്മാരും കുളി കഴിഞ്ഞ്, തേവാരവും അഗ്നിപൂജയും കഴിച്ച്, ഈ പുണ്യാവസരം ആഘോഷിച്ചു. ബ്രാഹ്മണര്‍ക്ക് ദാനവും നല്‍കി. എന്നിട്ട് അവര്‍ സ്വയം അമൃതുകഴിച്ച് അമരത്വം പ്രാപിക്കാനുളള ആഗ്രഹത്തോടെ ആസനസ്ഥരായി . മോഹിനി ദേവന്മാരേയും അസുരന്മാരേയും രണ്ടു നിരകളിലായി ഇരുത്തിയിരുന്നു. എന്നിട്ട് അവരുടെയിടയില്‍ അമൃതകുംഭവുമായി നടന്നു. അസുരന്മാര്‍ മോഹിനിയെ നിര്‍ന്നിമേഷരായി നോക്കിയിരിക്കെ, കന്യക എല്ലാ ദേവന്മാര്‍ക്കും അമൃത് വിളമ്പി. ആക്രമകാരികളായ രാക്ഷസന്മാര്‍ക്ക് അമൃതു കൊടുക്കുന്നത് ശരിയല്ലെന്നു് മോഹിനി നിശ്ചയിച്ചു. അസുരന്മാര്‍, മോഹിനിക്ക് കൊടുത്ത വാക്കനുസരിച്ച് സംയമനത്തോടെ ഇരുന്നു. എന്നാല്‍ ഒരസുരന്‍ ചന്ദ്രന്റേയും സൂര്യന്റേയും മദ്ധ്യത്തില്‍ ഇരുന്നിരുന്നു. മോഹിനി അവനും അമൃത് കൊടുത്തിരുന്നു. മോഹിനിക്ക് തെറ്റു മനസ്സിലാകുംമുന്‍പ് അവന്‍ അത് കഴിക്കുകയും ചെയ്തു. ഈ തെറ്റ്, സൂര്യചന്ദ്രന്മാര്‍ മോഹിനിയെ അറിയിക്കുകയും ഭഗവാന്‍ വിഷ്ണു അസുരന്റെ തല അറുക്കുകയും ചെയ്തു. എന്നാല്‍ അമൃതുകൊണ്ട് അവന്റെ തലയ്ക്ക് അമരത്വം ലഭിച്ചു. അയാള്‍ ഗ്രഹണമുണ്ടാക്കുന്ന രാഹുവായി. ദേവന്മാര്‍ക്ക് അമൃതു വിളമ്പിയശേഷം ഭഗവാന്‍ തന്റെ യഥാര്‍ത്ഥരൂപം കൈക്കൊണ്ടു.
ദേവന്മാരുടേയും അസുരന്മാരുടേയും ഉദ്ദേശ്യലക്ഷ്യങ്ങളും കര്‍മ്മങ്ങളും സമാനമായിരുന്നുവെങ്കിലും ദേവന്മാര്‍ക്ക് മാത്രം അമൃത് ലഭിച്ചു. അസുരന്മാര്‍ക്ക് കിട്ടിയതുമില്ല. കാരണം, ദേവന്മാര്‍ ഭഗവാനെ അഭയം പ്രാപിച്ചിരുന്നു. സ്വന്തം ശരീരത്തിനും ബന്ധുക്കള്‍ക്കും വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങള്‍ ഫലപ്രദമാവുകയില്ല. എന്നാല്‍ അതേ കര്‍മ്മങ്ങള്‍ ഫലപ്രദമാവാന്‍ നാനാത്വഭാവാവബോധം നശിപ്പിക്കണം. എന്നിട്ട് ആ കര്‍മ്മങ്ങള്‍ ഭഗവല്‍പൂജയായി ചെയ്യണം. എല്ലാ ജീവജാലങ്ങളിലും നിന്നു വിളങ്ങുന്ന ആത്മാവ് ഭഗവാന്‍ തന്നെയാണല്ലോ.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF