അദ്വൈത വേദാന്തശാസ്ത്രം വെളിപ്പെടുത്തുന്ന പതിനഞ്ചു ചെറുഭാഷാപദ്യങ്ങളാണ് അറിവ് എന്ന ഈ ശ്രീനാരായണ കൃതി. അറിവ് എന്നതിനു ബോധം എന്നാണര്‍ത്ഥം. ബോധം എന്ന അദ്വൈതവസ്തു മാത്രമാണ് പ്രപഞ്ചത്തില്‍ സത്യമായിട്ടുള്ളത്‌ എന്നാണ് ഈ കൃതിയിലെ പ്രതിപാദ്യം.

ശ്രീ നാരായണഗുരുദേവ കൃതികള്‍ – സമ്പൂര്‍ണ വ്യാഖ്യാനം എന്ന കൃതിയില്‍ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ അറിവ് എന്ന ഈ ശ്രീനാരായണകൃതിയെ വ്യാഖ്യാനിച്ചിട്ടുണ്ട്. കൂടാതെ, ഈ കൃതിയെ അധികരിച്ച് അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണപരമ്പരയുടെ ഓഡിയോ ട്രാക്ക് MP3 ആയി ഇവിടെ നിന്നും ശ്രവിക്ക‍ാം, ഡൗണ്‍ലോഡ് ചെയ്തു നിങ്ങളുടെ സൗകര്യത്തില്‍ കേള്‍ക്കാവുന്നതുമാണ്. അറിവ് എന്ന കൃതിയും വ്യാഖ്യാനവും അടങ്ങുന്ന ഈ ലേഖനം PDF രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

ക്രമനമ്പര്‍ വലുപ്പം ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 10 MB ഡൗണ്‍ലോഡ്‌
2 10 MB ഡൗണ്‍ലോഡ്‌
3 12 MB ഡൗണ്‍ലോഡ്‌
4 10 MB ഡൗണ്‍ലോഡ്‌
5 12 MB ഡൗണ്‍ലോഡ്‌
6 11 MB ഡൗണ്‍ലോഡ്‌
7 12 MB ഡൗണ്‍ലോഡ്‌

 

അറിവ് – ശ്രീനാരായണഗുരു

അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞീടുന്നേരം
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.

അറിവില്ലെന്നാലില്ലീ –
യറിയപ്പെടുമെന്നതുണ്ടിതെന്നാലും
അറിവൊന്നില്ലെന്നാലീ-
യറിവേതറിവിന്നതില്ലറിഞ്ഞീട‍ാം.

അറിവിന്നളവില്ലാതേ-
തറിയാമറിവായതും വിളങ്ങുന്നു
അറിവിലെഴുന്ന കിനാവി-
ങ്ങറിവായീടുന്നവണ്ണമങ്ങെല്ല‍ാം.

അറിവിനു നിറവുണ്ടെന്നാ-
ലറിവല്ലാതുള്ളതെങ്ങിരുന്നീടും?
അരിവേതെന്നിങ്ങതുപോ-
യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും.

അറിവിലിരുന്നു കെടുന്നീ-
ലറിവാമെന്നാലി തെങ്ങിറങ്ങീടും?
അറിവിനെയറിയുന്നീലി-
ങ്ങറിയുംനേരത്തു രണ്ടുമൊന്നായി.

അറിയുംമുന്‍പേതെന്നാ-
ലറിവില്ലാതൊന്നുമിങ്ങിരിപ്പീല;
അറിവറ്റതിതേതിരു-
ണ്ടറിവെന്നാലൊന്നുമിങ്ങുകാണ്മീല.

അറിയുന്നുണ്ടില്ലെന്നി-
ങ്ങറിയുന്നീലേതിലേതെഴുന്നീടും
അറിയപ്പെടുമെങ്കിലുമ-
ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടില്‍.

അറിവെന്നന്നേയിതുമു-
ണ്ടറിവുണ്ടെന്നാലിതെങ്ങു നിന്നീടും?
അറിവൊന്നെണ്ണംവേറി-
ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു?

അറിവിന്നിടമൊന്നുണ്ടി-
ല്ലറിയപ്പെടുമെന്നതിന്നു വേറായി
അറിവെന്നാലങ്ങേതീ-
യറിയപ്പെടുമെന്നതേറുമെണ്ണീടില്‍.

അറിയുന്നീലന്നൊന്നീ-
യറിയപ്പെടുമെന്നതുണ്ടു പോയീടും
അറിവിലിതേതറിയുന്നീ-
ലറിവെന്നാലെങ്ങുനിന്നു വന്നീടും?

അറിവിന്നറിവായി നിന്നേ-
തറിയിക്കുന്നിങ്ങു നാമതായിടും;
അറിവേതിനമെങ്ങനെയീ-
യറിയപ്പെടുമെന്നതേതിതോതീടില്‍.

അറിവെന്നതു നീയതു നീ-
ന്നറിവിട്ടറിയപ്പെടുന്നതെന്നായി
അറിയപ്പെടുമിതു രണ്ടൊ-
ന്നറിയുന്നുണ്ടെന്നുമൊന്നതില്ലെന്നും.

അറിവുമതിന്‍വണ്ണം ചെ-
ന്നറിയുന്നവനില്‍ പകര്‍ന്നു പിന്നീടും
അറിയപ്പെടുമിതിലൊന്നീ-
യറിവിന്‍പൊരിവീണു ചീന്തിയഞ്ചായി.

അറിയുന്നവനെന്നറിയാ-
മറിവെന്നറിയുന്നവന്നുമെന്നാകില്‍
അറിവൊന്നറിയുന്നവനോ-
ന്നറിയുന്നതിലാറിതെട്ടുമായീടും.

അറിയപ്പെടുമിതിനൊത്തീ-
യറിവേഴൊന്നിങ്ങുതാനുമെട്ടായി
അറിവിങ്ങനെ വേവ്വേറാ-
യറിയപ്പെടുമെന്നതും വിടുര്‍ത്തീടില്‍.

വ്യാഖ്യാനം – പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

ശ്രീ നാരായണഗുരുവിന്റെ അദ്വൈതാനുഭൂതിയുടെ ആഴം വ്യക്തമാക്കുന്ന മലയാളത്തിലെ ഒരു അദ്വൈത വേദാന്തകൃതിയാണ് ‘അറിവ്’. വേദാന്ത സത്യം തെളിഞ്ഞു കിട്ടിയാല്‍ അത്യന്തം ലളിതവും തെളിയാത്തിടത്തോളം അത്യന്തം ഗൂഡവുമാണ്.

ഒന്ന്

അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞീടുന്നേരം
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.

അറിവ്, അറിയപ്പെടുന്ന പദാര്‍ഥങ്ങള്‍ എന്നിവയുടെ പരമരഹസ്യം വിചാരം ചെയ്തറിയുമ്പോള്‍ അറിയപ്പെടുന്ന ഈ പ്രപഞ്ചം ബോധസ്വരൂപമായ അറിവ് തന്നെയാണെന്ന് തെളിയും. ഒരിക്കലും അതില്‍നിന്നും ഭിന്നമല്ല. ഈ പ്രപഞ്ചാനുഭാവത്തില്‍ ബോധം ഒരിക്കലും ഒരിടത്തും മാറ്റമില്ലാതെ കാണപ്പെടുന്നതുകൊണ്ട് എവിടെയും വസ്തുവായിബോധമല്ലാതെ മറ്റൊന്നും ഇല്ലെന്നു കാണേണ്ടതാണ്.

അറിവ് എന്നത് ബോധവും അറിയപ്പെടുന്ന പദാര്‍ത്ഥം എന്നത് ജഡവും ആണ്. ബോധം ഒരു മാറ്റവും കൂടാതെ ബോധമായിത്തന്നെ നില്‍ക്കുന്നു; അറിയപ്പെടുന്ന ജഡം ഉണ്ടായിമറഞ്ഞു മാറി മാറി വരുന്നു.

സ്വന്തം ഉണ്മ അനുഭവിക്കാനും ജഡങ്ങളുടെ ഉണ്മ അനുഭവിക്കാനും കഴിവുള്ള വസ്തുവാണ് ബോധം. ബോധം സ്വയം ഉണ്ടെന്നറിയുന്നു, ജഡങ്ങളെ ഉണ്ടെന്നറിയുന്നു. സ്വന്തം ഉണ്മതന്നെ അറിയാന്‍ കഴിയാത്ത വസ്തുവാണ് ജഡം. അതായത് ബോധം സ്വയം അംഗീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരു കൃത്രിമ ദര്‍ശനം മാത്രമാണ് ജഡം. ബോധത്തില്‍ നിന്നും ഭിന്നമായ ഒരു വസ്തുസ്ഥിതിയെ ജഡത്തിനില്ല.

ബോധമുണ്ടോ അനുഭവമുണ്ട്, ബോധമില്ലേ അനുഭവമില്ല.

രണ്ട്

അറിവില്ലെന്നാലില്ലീ –
യറിയപ്പെടുമെന്നതുണ്ടിതെന്നാലും
അറിവൊന്നില്ലെന്നാലീ-
യറിവേതറിവിന്നതില്ലറിഞ്ഞീട‍ാം.

ബോധം ഇല്ലെന്നു വന്നാല്‍ അറിയപ്പെടുന്നതായി തോന്നുന്ന ജഡദര്‍ശനങ്ങള്‍ ഇല്ലതന്നെ. ഈ അറിയപ്പെടുന്നത് ഉണ്ടെന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ബോധത്തിലല്ലാതെ മറ്റെവിടെയെങ്കിലും ഈ ജഡങ്ങള്‍ ഉള്ളതായി അനുഭവപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. അങ്ങനെ ചിന്തിച്ചാല്‍ ജഡത്തിന്റെ അനുഭവം മറ്റൊരിടത്തും ഇല്ലെന്നു കാണാന്‍ കഴിയും.

അനുഭവം ബോധത്തിന്റെ മാത്രം സ്വഭാവമാണ്. ബോധാമില്ലെന്നു വന്നാല്‍ അറിയപ്പെടുന്നതൊക്കെ അനുഭവമില്ലാതാകും. അനുഭവത്തിലില്ലാതാകുക എന്നുപറഞ്ഞാല്‍ നിലനില്‍പ്പില്ലാതാകുക എന്നാണര്‍ത്ഥം.

ഒരു വസ്തു അനുഭവത്തിലില്ലെന്നു വച്ച് അതിന് നിലനില്‍പ്പില്ലെന്നു വരുമോ? അനുഭവത്തിലില്ലെങ്കില്‍ പിന്നെ ആ വസ്തു ഉണ്ടെന്നെങ്ങനെ തീരുമാനിക്കും?

ഒരാളിന്റെ അനുഭവത്തില്‍ ഇല്ലെങ്കിലും മറ്റൊരാളിന്റെ അനുഭവത്തില്‍ അതുല്ലതായി ഭാവിച്ചു കൂടെ? ആരനുഭവിച്ചാലും അനുഭവത്തിലേ ഒരു വസ്തു ഉള്ളതായിത്തീരൂ എന്നല്ലേ അതിനര്‍ത്ഥം. മറ്റൊരാളും അനുഭവിക്കുന്നത് ബോധത്തില്‍ തന്നെയാണെന്നോര്‍ക്കണം. ആര്‍ക്കു എവിടെയായാലും അനുഭവം ബോധത്തിന്റെ സ്വഭാവമാണ്. അതുകൊണ്ട് ബോധത്തിലേ ജഡം ഉള്ളതായി ഭവിക്കൂ. ബോധമുണ്ടോ ജഡമുണ്ട് , ബോധമില്ലേ ജഡമില്ല.

മൂന്ന്

അറിവിന്നളവില്ലാതേ-
തറിയാമറിവായതും വിളങ്ങുന്നു
അറിവിലെഴുന്ന കിനാവി-
ങ്ങറിവായീടുന്നവണ്ണമങ്ങെല്ല‍ാം.

ബോധത്തിന് വ്യക്തികളില്‍ അല്‍പ്പാല്‍പ്പമായി പ്രകാശിക്കുന്ന നിലവിട്ട് എങ്ങും നിറഞ്ഞു തിങ്ങുന്ന ആദിയോ അവസാനമോ ഇല്ലാത്ത നിലയിലും അതിനെ സ്വയം അറിയാന്‍ കഴിയും. ജഡസ്പര്‍ശമില്ലാതെ ശുദ്ധ ബോധമായി ആ നിലയിലും അത് സ്വയം പ്രകാശിച്ചു നില്‍ക്കും. അതുകൊണ്ട് ഈ പ്രപഞ്ചഘടകങ്ങളെയെല്ല‍ാം അറിയപ്പെടുന്നവയെന്ന നിലയില്‍ അനന്തമായ ബോധത്തില്‍ സംഭവിക്കുന്ന ഒരു സ്വപ്നദര്‍ശനം മാത്രം.

ജഡസങ്കല്‍പ്പങ്ങളെ മുഴുവന്‍ നിരോധിച്ചിട്ട് ബോധത്തെ ശുദ്ധമാക്കാന്‍ കഴിയും എന്നു പുരാതന ഋഷിമാര്‍ മുതല്‍ ശ്രീ നാരായണഗുരു വരെ പരീക്ഷണം നടത്തി തെളിയിച്ചു. മാത്രമല്ല അപ്പോള്‍ ബോധം തന്റെ അല്‍പ്പഭാവമുപേക്ഷിച്ചു സര്‍വ്വത്ര നിറഞ്ഞു തിങ്ങുന്ന അനന്തബോധമായി മാറി പൂര്‍ണ്ണത കൈക്കൊള്ളുന്നതായും അനുഭവിച്ചു. സ്വദേഹംപോലും മറഞ്ഞുപോയിട്ട് ജഡസ്പര്‍ശമില്ലാത്ത സമാധ്യാനുഭാവത്തില്‍ അനന്തബോധം തെളിയും. അറിവില്‍ അനുഭവപ്പെടുന്ന ജഡദര്‍ശനങ്ങളെല്ല‍ാം സ്വപ്നത്തിലെ കാഴ്ചകള്‍പോലെ അറിവിന്റെ തന്നെ രൂപാന്തരങ്ങളാണ്. അന്വേഷണത്തിന്റെ ആരംഭത്തില്‍ ബോധമെന്നും ജഡമെന്നും രണ്ടുണ്ടെന്നു തോന്നി; എന്നാല്‍ വസ്തുസ്ഥിതി പ്രത്യക്ഷമായി അനുഭവപ്പെട്ടതോടെ അറിവ് മാത്രമേ വസ്തുവായുള്ളൂവെന്നും ജഡങ്ങളെല്ല‍ാം സ്വപ്നദൃശ്യങ്ങള്‍ പോലെ അറിവിലെ തന്നെ വെറും കാഴ്ചകളാണെന്നും വ്യക്തമാകുന്നു; അങ്ങനെ സത്യം തെളിയുന്നു.

നാല്

അറിവിനു നിറവുണ്ടെന്നാ-
ലറിവല്ലാതുള്ളതെങ്ങിരുന്നീടും?
അരിവേതെന്നിങ്ങതുപോ-
യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും.

ബോധം എങ്ങും നിറഞ്ഞുതിങ്ങുന്ന സമ്പൂര്‍ണ്ണ വസ്തുവാണെന്ന് തീരുമാനമായാല്‍ അറിവില്‍ നിന്നും ഭിന്നമായ ഒന്ന് എവിടെയാണിരിക്കുക? സമ്പൂര്‍ണ്ണമായ ആ ബോധം ചെന്ന് ഇവിടെ ഏതാണ് ബോധം എന്നനുഭവിക്കുക എന്നത് എങ്ങനെ സംഭവിക്കും?

പ്രപഞ്ചാനുഭാവത്തിലെ സര്‍വ്വവ്യാപിയായ വസ്തു ബോധാമാണെന്ന് യുക്തിക്കും അനുഭവത്തിനും തെളിഞ്ഞാല്‍, ബോധത്തിനല്ലാതെ മറ്റൊന്നിനിരിക്കാന്‍ സ്ഥലമെവിടെ? വേറെ വസ്തുവുണ്ടെന്നു തോന്നുന്നെങ്കില്‍ സര്‍വ്വവ്യാപിയായ വസ്തുവില്‍ തന്നെയുള്ള വെറും രൂപാവിര്‍ഭാവങ്ങളാണ് അവ. രൂപങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പും നിലനില്‍ക്കുമ്പോഴും മറഞ്ഞു കഴിഞ്ഞാലും വസ്തു സര്‍വ്വവ്യാപിയായ ബോധം മാത്രം.

ബോധം രണ്ടിന്റെ തോന്നലില്ലാതെ സ്വാനുഭാവത്തോടെ സ്വയം പ്രകാശിച്ചു നില്‍ക്കും. ഈ സമാധ്യനുഭവം മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാന്‍ പ്രയാസമാണ്. അറിവ്, അറിയുന്നവന്‍ എന്നിങ്ങനെ രണ്ടായി നിന്നുകൊണ്ടുള്ള അറിവ് മാത്രമേ മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാന്‍ പറ്റൂ. ഇത് രണ്ടും ഒന്നായിത്തീരുന്നിടത്തെ അനുഭവം ഒന്നായിതീര്‍ന്നുതന്നെ അനുഭവിച്ചറിയേണ്ടതാണ്. അങ്ങനെ, ബോധത്തിന്റെ സ്വാനുഭൂതിയാണ് അദ്വൈതാനുഭൂതി.

അഞ്ച്

അറിവിലിരുന്നു കെടുന്നീ-
ലറിവാമെന്നാലി തെങ്ങിറങ്ങീടും?
അറിവിനെയറിയുന്നീലി-
ങ്ങറിയുംനേരത്തു രണ്ടുമൊന്നായി.

സര്‍വ്വത്ര പരിപൂര്‍ണ്ണമായ ബോധാനുഭവം ഒരിക്കലും ഇല്ലാതാകുന്നില്ലെന്നു വന്നാല്‍ ഈ ബോധവസ്തു പിന്നെ എവിടെ മറയാനാണ്? ഈ പൂര്‍ണ്ണബോധം സാക്ഷാത്കരിച്ചു അനുഭവിക്കുമ്പോള്‍ ബോധത്തെ മാറി നിന്നറിയേണ്ടിവരുന്നില്ല. അവിടെ അറിവും അറിയപ്പെടുന്നതും ഒന്നായിത്തീരുന്നു.

‘ഞാന്‍ ഞാന്‍’ എന്ന അനുഭവം സ്വന്തം വ്യക്തിത്വം വെടിഞ്ഞു പൂര്‍ണ്ണബോധവുമായി ഒന്നുചേര്‍ന്ന് അമൃതമയമായ കട്ടിപിടിച്ച ഒരു ബോധസമുദ്രം തെളിയും. ലുകികങ്ങലായ എല്ലാ അറിവുകളും അറിവ്, അറിയപ്പെടുന്നത് എന്നിങ്ങനെ രണ്ടായി പിരിഞ്ഞ് അനുഭവപ്പെടുന്നു. പൂര്‍ണ്ണസാക്ഷാത്കാരത്തില്‍ ഇതുരണ്ടും ഒരു ബോധസമുദ്രമായി മാറി, രണ്ടില്ലാത്ത അദ്വൈത ബോധസമുദ്രമായി അനുഭവപ്പെടുന്നു. സദാപൂര്‍ണ്ണമായ അദ്വൈതവസ്തു ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല.

ആറ്

അറിയുംമുന്‍പേതെന്നാ-
ലറിവില്ലാതൊന്നുമിങ്ങിരിപ്പീല;
അറിവറ്റതിതേതിരു-
ണ്ടറിവെന്നാലൊന്നുമിങ്ങുകാണ്മീല.

ഈ പ്രപഞ്ചത്തെ ഇങ്ങനെ അറിയുന്നതിനുമുമ്പ് ഇതെന്തായിരുന്നു എന്നുചോദിച്ചാല്‍ അറിവില്ലാതെ ഒന്നിനും നിലനില്‍പ്പില്ലെന്നു ധരിക്കേണ്ടതാണ്. അതായത് ഈ പ്രപഞ്ചത്തെ ഇങ്ങനെ അറിയുന്നതിനുമുമ്പ് ഇത് ശുദ്ധമായ അറിവ് അഥവാ ബോധം തന്നെയായിരുന്നു എന്നറിയേണ്ടാതാണ്. അറിവില്‍ പെടാത്ത പദാര്‍ത്ഥം ഏതാണ് ; അങ്ങനെയൊന്നില്ലെന്ന് താല്പര്യം. അറിവിന്‌ അവസാനമുണ്ടെന്നു വന്നാല്‍ പിന്നെ ഒന്നുംതന്നെ കാണ്മാനുമുണ്ടാവില്ല.

ബോധത്തിലല്ലാതെ ഒരു പദാര്‍ത്ഥത്തിന്റെയും ഉണ്മ മറ്റൊരിക്കലും ഒരിടത്തും അനുഭവപ്പെടുകയില്ല. ‘അറിവറ്റ്’ അഥവാ ബോധം ഇല്ലാതായി എന്നു വന്നാല്‍, ബോധത്തിന് ഒരവസാനമുണ്ട് എന്നു വന്നാല്‍, പിന്നത്തെ സ്ഥിതി ‘ബോധവുമില്ല, ജഡവുമില്ല’ എന്നതായിരിക്കും. അങ്ങനെ ശൂന്യസ്ഥിതിയില്‍ നിന്നും ഒന്നിനും പൊന്തിവരാനോ മറയാനോ സാധ്യമല്ല.

ഏഴ്

അറിയുന്നുണ്ടില്ലെന്നി-
ങ്ങറിയുന്നീലേതിലേതെഴുന്നീടും
അറിയപ്പെടുമെങ്കിലുമ-
ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടില്‍.

അന്തര്‍മുഖമായി ഓരോരുത്തരും ‘ഞാനാര്’ എന്ന വസ്തുത തിരഞ്ഞാല്‍ ‘ഞാന്‍ ഉണ്ട്’ എന്നു നല്ലപോലെ അറിയുന്നു. ‘ഞാന്‍ ഇല്ല’ എന്നു ഉള്ളിലൊരിക്കലും അനുഭവിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ അറിവില്‍ നിന്നാണോ അറിയപ്പെടുന്നതുണ്ടാകുന്നത് അതോ അറിയപ്പെടുന്നതില്‍ നിന്നും അറിവുണ്ടാകുന്നോ? പ്രപഞ്ചഘടകങ്ങള്‍ അറിയപ്പെടുന്നുണ്ടെങ്കിലും ഈ പ്രപഞ്ചാനുഭവത്തില്‍ അത് ഇരുട്ടില്‍ നിന്നും ആരംഭിക്കുന്ന അനുഭവമല്ല എന്നറിയാന്‍ ഈ ആത്മാന്വേഷണംകൊണ്ട് കഴിയും

സ്വയം പ്രകാശിക്കുന്ന ബോധത്തില്‍ നിലനില്‍ക്കുന്നവയായതുകൊണ്ട് അറിയപ്പെടുന്ന ജഡങ്ങളും ഇരുട്ടില്‍നിന്നും ആരംഭിക്കുന്ന അനുഭവമല്ല. അനുഭവത്തിന്റെ മുഴുവന്‍ കേന്ദ്രം അനുഭവിക്കുന്നവനായ ‘ഞാന്‍’ ആണെന്ന കാര്യം ആരും എതിര്‍ക്കുകയില്ല. ആരാണീ ‘ഞാന്‍’? സ്വയം ഉണ്മ അനുഭവിക്കുന്ന അറിവ് അഥവാ ബോധം തന്നെയാണീ ഞാന്‍. ഈ ബോധത്തിന് ‘ഞാന്‍ ഉണ്ട്’ എന്ന അനുഭവം മാത്രമേയുള്ളൂ. മറ്റെല്ല‍ാം ഇല്ലെന്നനുഭവിക്കാന്‍ കഴിയുമെങ്കിലും ‘ഞാനില്ല’ എന്നു ഈ ബോധത്തിന് ഒരിക്കലും അനുഭവിക്കാന്‍ കഴിയുകയില്ല. ഞാന്‍ ഇല്ലെങ്കില്‍ ഇല്ലെന്നു പിന്നെആരനുഭവിക്കും? അപ്പോള്‍ അനുഭവത്തിന്റെ മുഴുവന്‍ കേന്ദ്രമായ ഞാന്‍ സ്വയം പ്രകാശിക്കുന്ന ഉണ്മയാണ്.

എട്ട്

അറിവെന്നന്നേയിതുമു-
ണ്ടറിവുണ്ടെന്നാലിതെങ്ങു നിന്നീടും?
അറിവൊന്നെണ്ണംവേറി-
ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു?

അറിവായ ബോധം എന്നുമുതലുണ്ടോ അന്നുമുതലേ അറിയപ്പെടുന്ന ഈ പ്രപഞ്ചവുമുണ്ട്. അറിവായ ബോധം പൂര്‍ണ്ണമായി തെളിഞ്ഞാല്‍ അറിയപ്പെടുന്ന ഈ പ്രപഞ്ചത്തിനു പിന്നെ നിലനില്‍പ്പെവിടെ? പിന്നെ നിലനില്പ്പില്ലെന്നു ഭാവം. ബോധം എസിടെയും ഒന്നുതന്നെ. ബോധം പലതില്ല. ബോധം പലതില്ലെങ്കില്‍ പിന്നെ ബോധമല്ലാതെ വസ്തു വേറെ എന്തുണ്ട്?

അറിയപ്പെടുന്നതൊക്കെ തുടങ്ങിയതും നിലനില്‍ക്കുന്നതും അറിവില്‍ അഥവാ ബോധത്തിലാണ്‌. തുടങ്ങുന്നതിനുമുമ്പ് അവ ബോധം തന്നെയായിരുന്നു. ഇനി ഒടുങ്ങിയാലോ ബോധം തന്നെയായിത്തീരും. അതുകൊണ്ട് തല്‍ക്കാലം നിലനില്‍ക്കുമ്പോഴും അവ ബോധം തന്നെയാണ്.

രണ്ടില്ലെങ്കിലും ഭിന്നമെന്നുതോന്നുന്ന ഈ പ്രപഞ്ച പതിഭാസം ആദ്യന്തരഹിതമായ അറിവില്‍ എക്കാലത്തുമുള്ള ഒരു മായാഭ്രമമാണ്‌. ബോധം വസ്തുസ്വരൂപവും പ്രപഞ്ചം അതിന്റെ സ്വഭാവവും. സ്വരൂപത്തില്‍ നിന്നും സ്വഭാവം ഭിന്നമെന്നു പ്രഥമവീക്ഷണത്തില്‍ തോന്നാമെങ്കിലും ഭിന്നമല്ലെന്ന് ചിന്തിച്ചും അനുഭവിച്ചും അറിയാന്‍ കഴിയും.

അനുഭവത്തിന്റെ കേന്ദ്രം എവിടെയുമുള്ള ആരുടെ അനുഭവത്തിലും ബോധം തന്നെയാണ്. ബോധത്തില്‍ ചിന്തകളോ വികാരങ്ങളോ നാമരൂപങ്ങളോ ഒക്കെ മാറിമാറി അനുഭവപ്പെട‍ാം.

ഒന്‍പത്

അറിവിന്നിടമൊന്നുണ്ടി-
ല്ലറിയപ്പെടുമെന്നതിന്നു വേറായി
അറിവെന്നാലങ്ങേതീ-
യറിയപ്പെടുമെന്നതേറുമെണ്ണീടില്‍.

ബോധത്തിന് നിര്‍വ്വികല്‍പ്പദശയില്‍ എല്ലാ ജഡപ്രതിഭാസങ്ങളെയും ഒഴിപ്പിച്ചുമാറ്റിയിട്ട് പൂര്‍ണ്ണവും സ്വതന്ത്രവുമായി നില്‍ക്കാന്‍ കഴിയും. അറിയപ്പെടുന്ന പ്രപഞ്ചത്തിന് അറിവില്‍ നിന്നും മാറി സ്വതന്ത്രമായി നിലനില്‍പ്പില്ല. ഈ പ്രപഞ്ചാനുഭവത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ യഥാര്‍ത്ഥമായ വിജ്ഞാനം ഏതാണ്? അറിവാണോ അറിയപ്പെടുന്നതാണോ? ഈ അറിയപ്പെടുന്നതാണ് യഥാര്‍ത്ഥ വിജ്ഞാനമെന്നു പറയുകയാണെങ്കില്‍ അറിയുന്തോറും എണ്ണത്തില്‍ അത് കൂടികൊണ്ടിരിക്കും, അവയെ ഒരിക്കലും പൂര്‍ണ്ണമായി അറിയാന്‍ കഴിയുകയില്ലെന്ന് ഭാവം.

നാമരൂപസങ്കല്‍പ്പങ്ങളെ ഉപേക്ഷിച്ച്, ബോധത്തെ ആനന്ദഘനമായും പൂര്‍ണ്ണമായും സ്വതന്ത്രമായി അനുഭവിക്ക‍ാം. അറിയപ്പെട്ടിരുന്ന ഈ അനുഭവദശയെയാണ് വേദാന്തശാസ്ത്രം നിര്‍വ്വികല്‍പ്പസമാധി എന്നുപറയുന്നത്.

അതായത്, ബോധത്തിന് പൂര്‍ണ്ണമായി സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയും. ബോധം കൈവേട്നിഞ്ഞാല്‍ അറിയപ്പെടുന്ന പ്രപഞ്ചത്തിന് പിന്നെ നിലനില്‍പ്പില്ല. ബോധമാണ് വസ്തു എന്ന അറിവാണ് യഥാര്‍ത്ഥ വിജ്ഞാനം.

അറിയപ്പെടുന്ന ജഡ രൂപങ്ങളെ ഒന്നൊന്നായി വിശകലനം ചെയ്തു ഒരാള്‍ യഥാര്‍ത്ഥ വിജ്ഞാനം നേടാന്‍ ശ്രമിക്കുന്നു എന്നു കരുതുക. ഒരിക്കലും അതിനവസരമുണ്ടാകില്ല. കാരണം ജഡരൂപങ്ങളെ വിശകലനം ചെയ്തു മുന്നോട്ടുപോകുന്തോറും പുതിയ പുതിയ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും. അതായത്, പുറത്തേക്കുള്ള ഈ അന്വേഷണത്തില്‍ക്കൂടി നിലനില്‍പ്പിന്റെ യഥാര്‍ത്ഥ വിജ്ഞാനം ഒരിക്കലും തെളിയുകയില്ല.

സത്യം മറഞ്ഞുപോയിരിക്കുന്നത് അവനവന്റെ ഉള്ളിലാണ്. അതുകൊണ്ട് അവിടെയാണ് ആദ്യമായി കണ്ടെത്തേണ്ടത്‌.

പത്ത്

അറിയുന്നീലന്നൊന്നീ-
യറിയപ്പെടുമെന്നതുണ്ടു പോയീടും
അറിവിലിതേതറിയുന്നീ-
ലറിവെന്നാലെങ്ങുനിന്നു വന്നീടും?

എണ്ണമറ്റ ജഡരൂപങ്ങള്‍ എണ്ണിയെണ്ണി വേര്‍തിരിച്ചു കൊണ്ടിരിക്കുമ്പോള്‍ ബോധം എന്ന ഒന്ന്‌ അവയെ അറിയുന്നില്ല. എന്നുവന്നാല്‍ അറിയപ്പെട്ടുകൊണ്ടിരിക്കുന്ന അവയെല്ല‍ാം ഇല്ലാതാകും. ബോധത്തില്‍ ഈ അറിയപ്പെടുന്നത് ഏതാണ് അനുഭവപ്പെടാത്തത്? എല്ല‍ാം അനുഭവപ്പെടുന്നു എന്നുഭാവം. എന്നാല്‍ അറിയുന്ന ബോധം മറ്റു ഏതില്‍ നിന്ന് വരാനാണ്? മറ്റൊന്നില്‍ നിന്നും വരുന്നതല്ലെന്ന് ഭാവം.

പൂര്‍ണ്ണബോധം സ്വയം പ്രകാശിക്കുന്ന ഉത്പത്തി നാശരഹിതമായ സത്യമാണ്. അറിയപ്പെടുന്ന ജഡരൂപങ്ങള്‍ എണ്ണിതിട്ടപ്പെടുത്താന്‍ നോക്കുന്തോറും അവയുടെ സംഖ്യ കൂടി വരുന്നു. എന്നാല്‍ അവയുടെ സംഖ്യ എത്രതന്നെ കൂടിയാലും ബോധമെന്ന ഒന്ന്‌ അവയെ അറിയാനായില്ലെന്നുവന്നാല്‍ അവയെല്ല‍ാം അപ്പാടെ ഇല്ലാതാകും.

ബോധം ഇല്ലെങ്കിലും ജഡപദാര്‍ത്ഥങ്ങള്‍ ഉണ്ടെന്നു പറഞ്ഞുകൂടെ? ഉണ്ടെന്നാര് പറയും? ജഡം ഉണ്ടെന്നു പറയാന്‍ ബോധത്തിനല്ലാതെ മറ്റെന്തിനെങ്കിലും കഴിയുമോ? അതുകൊണ്ട് ബോധത്തില്‍നിന്നും ജഡം ഉള്ളതാക‍ാം. ബോധത്തിന് മറ്റൊന്നില്‍നിന്നും ഉള്ളതാകാന്‍ പറ്റുകയേയില്ല.

പതിനൊന്ന്

അറിവിന്നറിവായി നിന്നേ-
തറിയിക്കുന്നിങ്ങു നാമതായിടും;
അറിവേതിനമെങ്ങനെയീ-
യറിയപ്പെടുമെന്നതേതിതോതീടില്‍.

വ്യക്തികളില്‍ ജീവാത്മാവായി നിന്ന് പ്രപഞ്ചത്തെ അറിയുന്ന ബോധ‍ാംശങ്ങള്‍ക്കെല്ല‍ാം ആശ്രയമായ പൂര്‍ണ്ണബോധമായി വര്‍ത്തിച്ചു ഈ ലോകത്തില്‍ ഏതു സത്യമാണോ എല്ലാ അറിവുകള്‍ക്കും ഉറവിടമായി സ്ഥിതി ചെയ്യുന്നത് നമ്മളെല്ല‍ാം ആ സത്യം തന്നെയാണെന്നറിയേണ്ടാതാണ്. പൂര്‍ണ്ണ ബോധത്തിന്റെ സക്ഷാത്കാരാനുഭവം എന്ത്? അതെങ്ങനെ നേട‍ാം? ഇക്കാര്യങ്ങള്‍ മനനം ചെയ്തറിയുമെങ്കില്‍ പിന്നെ ഈ അറിയപ്പെടുന്ന പ്രപഞ്ചത്തിന് ഭിന്നമായ സ്ഥിതിയെവിടെ? പ്രപഞ്ചവും അതോടെ ബോധമയമായി അനുഭവപ്പെടുമെന്ന് ഭാവം.

വ്യക്തി ശരീരങ്ങളിലിരുന്നുകൊണ്ട് പ്രപഞ്ചത്തെയറിയുന്ന ബോധ‍ാംശങ്ങള്‍ ഞാന്‍ ഞാന്‍ എന്നിങ്ങനെ സകലരിലും സദാ സ്ഫുരിച്ചുകൊണ്ടിരിക്കുന്നു. ബോധ‍ാംശത്തിന്റെ ഉറവിടമായ പൂര്‍ണ്ണബോധത്തെ അനുഭവിക്കുന്നതാണ് സാക്ഷാത്കാരം. സങ്കല്‍പ്പങ്ങളെ പാടെ ഒഴിച്ചുമാറ്റി സാക്ഷാത്കരിക്കുന്ന പൂര്‍ണ്ണബോധത്തില്‍ അറിയപ്പെടുന്ന പ്രപഞ്ചത്തിന്റെ നിഴല്‍പോലും ഉണ്ടായിരിക്കുകയില്ല.

പന്ത്രണ്ട്

അറിവെന്നതു നീയതു നീ-
ന്നറിവിട്ടറിയപ്പെടുന്നതെന്നായി
അറിയപ്പെടുമിതു രണ്ടൊ-
ന്നറിയുന്നുണ്ടെന്നുമൊന്നതില്ലെന്നും.

‘നീ’ എന്ന പദം കൊണ്ട് പറയപ്പെടാവുന്ന ജീവാത്മാവ് പൂര്‍ണ്ണമായ ബോധം അഥവാ ബ്രഹ്മം തന്നെയാണ്. ആ ബ്രഹ്മം തന്റെ സ്വരൂപത്തിന്റെ ഒരംശം കൊണ്ട് അറിയപ്പെടുന്ന ദൃശ്യമായി ഭാവിച്ചു. തുടര്‍ന്ന് ദൃശ്യം രണ്ടായി പിളര്‍ന്നു.അതില്‍ ഒന്ന്‌ ഉണ്ടെന്നറിയപ്പെടുന്നു. ഒന്ന്‌ അറിയപ്പെടുന്നതില്ല എന്നറിയപ്പെടുന്നു.

അറിയപ്പെടുന്ന പ്രപഞ്ചത്തിലെ എല്ലാ അറിവുകളും ഉണ്ട്, ഇല്ല എന്ന രണ്ടാനുബവങ്ങള്‍ കൂടി ച്ഹെര്‍ന്നവ യാണ്. അറിയപ്പെടുന്നതുണ്ട്, അറിയപ്പെടുന്നതില്ല എന്നാണീയനുഭവങ്ങളുടെ സ്വരൂപം. അറിയപ്പെടാത്തതിന് ഉണ്ടാകാനോ ഇല്ലാതാകാനോ സാധ്യമല്ല. അറിവിന്റെ ഈ സാപേക്ഷികസ്ഥിതി മാറി പൂര്‍ണ്ണമാകുന്നതാണ് ബ്രഹ്മാനുഭവം.

പതിമൂന്ന്

അറിവുമതിന്‍വണ്ണം ചെ-
ന്നറിയുന്നവനില്‍ പകര്‍ന്നു പിന്നീടും
അറിയപ്പെടുമിതിലൊന്നീ-
യറിവിന്‍പൊരിവീണു ചീന്തിയഞ്ചായി.

പൂര്‍ണ്ണമായ ബോധം ഒരു ഭാഗത്ത് അറിയപ്പെടുന്നതിന്റെ കാഴ്ചയുളവാക്കിയതുപോലെ മറുഭാഗത്ത് അറിയുന്നവന്റെ തോന്നലുളവാക്കി. തുടര്‍ന്ന് അറിയപ്പെടുന്നതായി തോന്നിയ ഭാഗത്ത് ഈ അറിവിന്റെ ഒരംശം വീണ്ടും സ്പന്ദിച്ച് അത് പിളര്‍ന്ന് ശബ്ദസ്പര്‍ശരൂപരസഗന്ധങ്ങളെന്ന അഞ്ചെണ്ണമായി വേര്‍തിരിഞ്ഞു.

അറിവിന്റെ ഒരു ഭാഗം ആദ്യം ഉണ്ട്, ഇല്ല എന്ന സാപേക്ഷഘടകത്തോടുകൂടി സാമാന്യ രൂപേണ അറിയപ്പെടുന്നതായി തീര്‍ന്നു. മറുഭാഗം ഞാന്‍ ഞാന്‍ എന്നിങ്ങനെ അറിയുന്നവന്റെ തോന്നലുളവാക്കി.ഇവിടെ ഞാന്‍ , ഞാന്‍ എന്ന അഹംബോധമാണ് അറിയുന്നവന്‍. ഉണ്ട്, ഇല്ല എന്നിങ്ങനെ സാമാന്യരൂപത്തില്‍ പ്രകാശിക്കുന്ന അറിയപ്പെടുന്നത് അന്തകരണത്തിന്റെ അഥവാ മനസ്സിന്റെ സൂക്ഷ്മഭാവമാണ്. അറിയുന്നവനെ അഹങ്കാരമെന്നും അറിയപ്പെടുന്നതിനെ ബുദ്ധി എന്നും വിളിക്ക‍ാം. ഇവ രണ്ടും ചേര്‍ന്നതാണ് അന്തകരണത്തിന്റെ സൂക്ഷ്മരൂപം. ഇതില്‍ അറിയപ്പെടുന്നത് അഞ്ചായി പിരിഞ്ഞ് ശബ്ദസ്പര്‍ശരൂപരസഗന്ധങ്ങളെന്ന ഭൂത തന്മാത്രകള്‍ ഉണ്ടായി.

പതിനാല്

അറിയുന്നവനെന്നറിയാ-
മറിവെന്നറിയുന്നവന്നുമെന്നാകില്‍
അറിവൊന്നറിയുന്നവനോ-
ന്നറിയുന്നതിലാറിതെട്ടുമായീടും.

അറിയുന്നവനായ അഹങ്കാരത്തിനും അറിയുന്നവനാണ് ഞാന്‍ എന്ന ബോധമുണ്ട് എന്നതാണ് അറിവ്, എന്നുവന്നാല്‍ അറിവ് ഒരെണ്ണം, അറിയുന്നവനായ അഹങ്കാരം ഒരെണ്ണം, അറിയപ്പെടുന്നവായി; ബുദ്ധി, പഞ്ച തന്മാത്രകള്‍ എന്ന ആറെണ്ണം; ഈ അറിവ് ഇങ്ങനെ എട്ടായും വേര്‍തിരിയുന്നു.

ഞാന്‍ ഉണ്ട് എന്ന്‌ അഹങ്കാരം അറിയുന്നു. ബോധം ഉണ്മയുടെ അനുഭവം അഹങ്കാരത്തിലേക്ക് പകരുന്നതുകൊണ്ടാണങ്ങനെ അറിയാന്‍ കഴിയുന്നത്‌. ഞാന്‍ ബുദ്ധിയും പഞ്ചതന്മാത്രകളെയും അറിയുന്നുണ്ട് എന്നും അഹങ്കാരം അറിയുന്നു. ബോധത്തിന്റേതായ ഉണ്മ അഹങ്കാരം വഴി ബുദ്ധിക്കും പഞ്ചതന്മാത്രകള്‍ക്കും പകര്‍ന്നു കിട്ടുന്നതുകൊണ്ടാണ് അങ്ങനെ അറിയാന്‍ കഴിയുന്നത്‌. നേരത്തെ ഏഴായി വേര്‍തിരിഞ്ഞു കണ്ട അറിവ് ആ വേര്‍തിരിവില്‍ തന്നെക്കൂടി പ്രത്യേകമാക്കി നിരുത്തുന്നതോടെ എട്ട് ഘടകങ്ങളായി ഭിന്നിച്ചതുപോലെ തോന്നാനിടവരുന്നു. ആ എട്ട് ഘടകങ്ങളാണ് അറിവ് , അറിവ്, അറിയുന്നവന്‍, ബുദ്ധി, പഞ്ചതന്മാത്രകള്‍ എന്നിവ. ചിന്തിക്കുന്ന ഒരാള്‍ക്ക്‌ ഈ എട്ടും അറിവ് അഥവാ ബോധം തന്നെയാണെന്ന് കാണാന്‍ കഴിയും.

പതിനഞ്ച്

അറിയപ്പെടുമിതിനൊത്തീ-
യറിവേഴൊന്നിങ്ങുതാനുമെട്ടായി
അറിവിങ്ങനെ വേവ്വേറാ-
യറിയപ്പെടുമെന്നതും വിടുര്‍ത്തീടില്‍.

അറിയപ്പെടുന്നവയോട് മേല്‍ക്കാണിച്ച അറിവ് കൂടിച്ചേര്‍ന്ന് ഏഴും പിന്നെ ഒന്നു താനും ചേര്‍ന്ന് എട്ടായി വേര്‍തിരിയുന്നു.പലതായി കാണാന്‍ മുതിര്‍ന്നാല്‍ ഈ രീതിയാല്‍ അറിവ് തന്നെ വേറെ വേറെ പലതായി എന്ന വസ്തുതയും അറിയാനിടയാകും.

അറിവ് അഥവാ ബോധം വേര്‍തിരിയുന്നതുവരെ അഹങ്കാരം അറിയുന്നവനും ബുദ്ധി മുതലായവ അറിയപ്പെടുന്നവയുമായി തോന്നിയിരുന്നു. അറിവ് വേര്‍തിരിഞ്ഞതോടെ അഹങ്കാരവും അറിവില്‍ പ്രകാശിക്കുന്നതായതുകൊണ്ട് അറിയപ്പെടുന്നതായിമാറി. അങ്ങനെ അറിയപ്പെടുന്ന എഴെണ്ണത്തെയും അറിയിക്കുന്ന അറിവ് എട്ടാമാത്തെതായും എണ്ണപ്പെട്ടു.

അഹങ്കാരം അറിവിനാല്‍ അഥവാ ബോധത്താല്‍ അറിയപ്പെടുന്ന ഒരനുഭവമാണ്. അറിവിന്റെ പൂര്‍ണ്ണ സാക്ഷാത്കാരത്തില്‍ ഈ അഹങ്കാരം അറിവില്‍ ഒളിഞ്ഞു മറയുകയും ചെയ്യുന്നു. അതുകൊണ്ടാണ് അറിവിന്റെ വേര്‍തിരിവില്‍ അഹങ്കാരം പോലും അറിയപ്പെടുന്നതായി മാറുന്നത്. അഹങ്കാരത്തില്‍ കടന്ന് അതിനെ ഉള്ളതാക്കി തീര്‍ക്കുന്ന അറിവ് അഥവാ ബോധം പിന്മാറിയാല്‍ അഹങ്കാരമുള്‍പ്പെടെ എല്ല‍ാം മാഞ്ഞു മറയുന്നു. ബോധം പൂര്‍ണ്ണമായി, ആനന്ദഘനമായി, അനുഭവസ്വരൂപമായി, ബാക്കി നില്‍ക്കുകയും ചെയ്യുന്നു. ഇതാണ് മോക്ഷം.