‘വിഗ്രഹാരാധനാ ഖണ്ഡനം’ എന്ന ഈ ഗ്രന്ഥം ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി രചിച്ചതാണ്. അദ്ദേഹം വിഗ്രഹാരാധനയെ യുക്തിയുക്തം എതിര്‍ത്ത്, രാജയോഗത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധയെ ക്ഷണിക്കുന്നു.
‘കുട്ടികള്‍ക്ക് ചെറിയ കുപ്പായം വേണം, വലിയ കുപ്പായം പറ്റുകയില്ല. അപ്രകാരം അല്പബുദ്ധികള്‍ക്ക് വിഗ്രഹാരാധന വേണം, അല്ലാതെ അവര്‍ക്ക് ബ്രഹ്മധ്യാനത്തിന് കഴിയുകയില്ല’ എന്ന് ചിലര്‍ വാദിക്കുന്നു. ഇത് കുട്ടികള്‍ക്ക് കാണാന്‍ ഒരു ചെറിയ സൂര്യന്‍ വേണം, വലിയ സൂര്യന്റെ വെളിച്ചം നോക്കിയാല്‍ കാണുകയില്ല എന്ന് പറയുന്നതുപോലെ അസംബന്ധമാകുന്നു.
‘നമ്മുടെ പിതാവിന്റെയോ ഗുരുവിന്റെയോ മറ്റോ ഛായയെടുത്തുവച്ച് അവരുടെ അഭാവത്തില്‍ അവരെ കണ്ട് സന്തോഷിക്കുന്നു. വന്ദിക്കുന്നു. അപ്രകാരം ക്ഷേത്രത്തില്‍ ദൈവത്തിന്റെ പ്രതിമവച്ച് പൂജിച്ച് സന്തോഷിക്കുന്നതാകുന്നു. അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ സ്വല്പബുദ്ധികള്‍ക്ക് ദൈവം ഉണ്ടെന്ന് മനസ്സിലാകുന്നത് എങ്ങനെയാണ്?’ എന്ന് കര്‍മ്മഠന്മാര്‍ വാദിക്കുന്നു. ഇതും അബദ്ധം തന്നെ. പിതാവിനെയും ഗുരുവിനെയും മറ്റും കണ്ടുംകൊണ്ടാകുന്നു ഫോട്ടോ എടുക്കുന്നത്. ആ ഛായയില്‍ അവരുടെ ആകൃതിവടിവും ഉണ്ട്. ദൈവത്തിന് ആകൃതിയില്ല. പിന്നെങ്ങനെ ഛായയെടുത്തു? ആര് എടുത്തു? ബിംബപണിക്കാരും മറ്റും.കല്ലുകളിലും വല്ലതിലും കൊത്തുന്നതും വരയ്ക്കുന്നതും ആണോ ദൈവത്തിന്റെ ഛായ?
വിഗ്രഹാരാധനാ ഖണ്ഡനം PDF ഡൗണ്‍ലോഡ് ചെയ്യൂ.
ഈ ഗ്രന്ഥം തുടങ്ങുന്നത് ഇങ്ങനെയാണ്. (വായിക്കാന്‍ താല്പര്യമുള്ളവര്‍ ഈ ഗ്രന്ഥം മുഴുവനും വായിക്കാനുള്ള ക്ഷമ കാണിക്കുന്നത് നല്ലതാണ്, കണ്‍ഫ്യൂഷന്‍ കുറയും.)
ഹേ ആനന്ദകാംഷികളേ! വിഗ്രഹാരാധനകൊണ്ട് ഇഹലോകസുഖവും ഇല്ല, പരലോകസുഖവും മോഷവും ഇല്ല, നോക്കുവിന്‍ അനേകായിരം കൊല്ലമായി അനേകായിരം ഉറുപ്പിക ചെലവുചെയ്ത് ക്ഷേത്രംകെട്ടി വിഗ്രഹാരാധന ചെയ്യിച്ചും ചെയ്തും വരുന്ന ഹിന്ദുരാജാക്കന്മാരുടെ മുമ്പുള്ള രാജാധിപത്യം പോയി, മുഹമ്മദീയ രാജാക്കന്മാരുടെ കീഴില്‍ വളരെക്കാലം ദുഃഖിച്ച് കഴിച്ചുകൂട്ടി, ഇപ്പോള്‍ ആംഗ്ലേയചക്രവര്‍ത്തിയുടെ കീഴിലാകുന്നു ബ്രാഹ്മണര്‍. ബിംബാരാധനയെ വിട്ടുംകൊണ്ട് ഇംഗ്ലീഷ് പഠിച്ച് പാസ്സായി വക്കീല്‍, മുന്‍സിഫ്, സബ്ജഡ്ജി, ഹൈക്കോര്‍ട്ട് ജഡ്ജി എന്നിങ്ങനെ ഓരോ അധികാരം ഭരിച്ചിട്ടും കൃഷിചെയ്തിട്ടും കച്ചവടം ചെയ്തിട്ടും മറ്റു പല വ്യാപാരങ്ങള്‍ ചെയ്തിട്ടും പണവും പൂജ്യതയും സമ്പാദിച്ചുതുടങ്ങി. ബ്രാഹ്മണരിലാണ് ഇന്ന് അധികം ഉദ്യോഗസ്ഥന്മാര്‍. നായരിലും മറ്റുജാതിയിലും ഇത്ര ഉദ്യോഗസ്ഥന്മാര്‍ ഇല്ല. വിഗ്രഹാരാധനകൊണ്ട് സമ്പല്‍ പുഷ്ടിയുണ്ടാകുമെങ്കില്‍ ബ്രാഹ്മണര്‍ അതുവിട്ട് നാനാവ്യാപാരങ്ങള്‍ക്ക് പോകയില്ല. വിഗ്രഹാരാധനകൊണ്ട് ഐശ്വര്യപുഷ്ടിയുണ്ടാകുമെങ്കില്‍ നമ്മുടെ രാജാക്കന്മാരുടെ ചക്രവര്‍ത്തിസ്ഥാനം പോകയില്ല. ചില രാജവംശം ബലഹീനതയെ പ്രാപിക്കയും ഇല്ല. വിഗ്രഹാരാധനകൊണ്ട് രോഗശാന്തിയും ഉണ്ടാകയില്ല. ഉണ്ടാകുമെങ്കില്‍ ബ്രാഹ്മണരും രാജാക്കന്മാരും ഡോക്ടര്‍, ദരസ്സര്‍, നാട്ടുവൈദ്യന്‍ എന്നിവരെകൊണ്ടുവന്ന് ചികിത്സിക്കുകയില്ല. വിഗ്രഹാരാധനകൊണ്ട് സന്താനസമൃദ്ധിയും ഉണ്ടാകുകയില്ല. ഉണ്ടാകുമെങ്കില്‍ ബ്രാഹ്മണരുടെ ഇടയിലും ചില രാജാക്കന്മാരുടെ ഇടയിലും സന്തതിയില്ലാതെ വരുവാനോ, ചിലരുടെ വംശനാശം തന്നെ വരുവാനോ സംഗതിയില്ല. വിഗ്രഹാരാധനകൊണ്ട് ചിത്തശുദ്ധി, സമദൃഷ്ടി, ജ്ഞാനം മുതലായ ഗുണങ്ങളും ഉണ്ടാകുകയില്ല. ഉണ്ടാകുമെങ്കില്‍ ബ്രാഹ്മണര്‍ ഒരേ ജാതിയായ മനുഷ്യരില്‍ ചിലരെ ഇന്നും നീ ശൂദ്രന്‍, നീ നികൃഷ്ടന്‍, നിന്നെ തൊട്ടാല്‍ കുളിക്കണം. നീ ഈഴവന്‍, നിനക്ക് അരികില്‍ അണവാന്‍ പാടില്ല, ദൂരെപോ എന്നു പറഞ്ഞ് വിലക്കുകയില്ല. ചിത്തശുദ്ധിയും സമദൃഷ്ടിയും ജ്ഞാനവും വരാതെ മോഷവും സിദ്ധിക്കയില്ല എന്നാണ് പ്രബലപ്പെട്ട പ്രമാണങ്ങള്‍ വിധിച്ചിട്ടുള്ളത്. അസ്മാദൃക്കുകളുടെ അനുഭവും അങ്ങിനെതന്നെ. ഈ പറഞ്ഞസംഗതികള്‍കൊണ്ട് അനേകായിരം കാലമായി അനേകായിരം ഉറുപ്പിക ചെലവുചെയ്ത് വിഗ്രഹാരാധനചെയ്തുപോരുന്ന ദ്വിജന്മാര്‍ക്കുകൂടി സമ്പല്‍പുഷ്ടിയോ രോഗശാന്തിയോ ചിത്തശുദ്ധിജ്ഞാനമോക്ഷങ്ങളോ സിദ്ധിച്ചിട്ടില്ലെന്നുള്ളത് അനുഭവമാകുന്നു. ഈ സ്ഥിതിക്ക് ശൂദ്രാദികള്‍ക്ക് വിഗ്രഹാരാധനകൊണ്ട് എന്താ സിദ്ധിപ്പാന്‍ പോകുന്നത്?