ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) രചിച്ചതാണ് ‘ആനന്ദാദര്‍ശം‘ . ജാതിമതഭേദമന്യേ എല്ലാവര്‍ക്കും മനസ്സിനെ അടക്കി മുക്തമാകാന്‍ രാജയോഗം അധിഷ്ഠിതമായ ആനന്ദമതം അഥവാ ആനന്ദദര്‍ശനം അദ്ദേഹം അവതരിപ്പിക്കുന്നു. അദ്വൈതസാരസംവാദം, അന്ധവിശ്വാസപ്രകടനങ്ങള്‍, ആത്മാനാത്മാവിചാരം, ആനന്ദമതത്തിനൊരാമുഖം, ഈശ്വരാരാധനാഖണ്ഡനം, ജാതിയിലെ യുക്തിരാഹിത്യം, തപസ്സ് എന്ന പൊള്ളത്തരം, നിരീശ്വരവാദം, പുണ്യപാപചിന്തകള്‍, പൂജ ഒരു നിഷ്ഫലകര്‍മ്മം, പ്രാര്‍ഥനാദി പ്രഹസനങ്ങള്‍, ബുദ്ധമതവിമര്‍ശനം, മുക്തിയും മോക്ഷവും എന്നിങ്ങനെ 48 അദ്ധ്യായങ്ങളിലായി ചിന്തകളെ നയിക്കുന്നു.
ആനന്ദാദര്‍ശം PDF ഡൗണ്‍ലോഡ് ചെയ്യൂ.
സ്വര്‍ഗ്ഗവാസം, നിര്‍വ്വാണം, മുക്തി, ജീവപരൈക്യം, ആനന്ദപ്രാപ്തി, ബ്രഹ്മത്വം, എന്നും മറ്റു പല പര്യായനാമങ്ങളാല്‍ വര്‍ണ്ണിക്കപ്പെടുന്ന പദം മനോനിലയാണ്. അതിന്റെ സിദ്ധിക്ക് മനസ്സിനെ മാത്രം വശീകരിച്ചാല്‍ മതി. തിര അടങ്ങിയാല്‍ തിര പൂര്‍ണ്ണ സമുദ്രം തന്നെ. തിരയ്ക്ക് പൂര്‍ണ്ണത്വം സിദ്ധിപ്പാന്‍വേണ്ടി സമുദ്രസ്വരൂപത്തെ അറിയേണ്ട ആവശ്യവും ധ്യാനിക്കേണ്ട ആവശ്യവുമില്ല. അപ്രകാരം മനസ്സടങ്ങിയാല്‍ അത് ആനന്ദശക്തിതന്നെ (സച്ചിദാനന്ദ ബ്രഹ്മം, ദൈവം, എന്ന് പറയപ്പെടുന്ന വസ്തു തന്നെ.) മനസ്സിന് ബ്രഹ്മത്വം പ്രാപിക്കാന്‍ (മുക്തിക്ക്) ബ്രഹ്മധ്യാനാദി എന്തിനു? എന്നാല്‍ തിരയ്ക്ക് ഞാന്‍ സമുദ്രമാകുന്നു എന്നറിയാതെയും ധ്യാനിക്കാതെയും സമുദ്രമാവാം, അടങ്ങിയാല്‍ മതി. അപ്രകാരം മനസ്സിനും ഞാന്‍ ബ്രഹ്മമാകുന്നു (അഹം ബ്രഹ്മാസ്മി) ഇത്യാദി വേദാന്തമഹാവാക്യവിചാരവും ഈശ്വരപ്രാര്‍ഥനാദി കര്‍മ്മങ്ങളും കൂടാതെ മുക്തിയെ പ്രാപിക്കാം. മനസ്സടങ്ങിയാല്‍ മതി. സുഷുപ്തിയില്‍ മനസ്സടങ്ങുമ്പോഴേക്കുതന്നെ യാതൊരു ചിന്തയും യാതൊരു ദുഃഖവും ഇല്ലാത്തത് സര്‍വ്വന്മാര്‍ക്കും അനുഭവമല്ലയോ? ആ സ്ഥതിക്ക് മനസ്സിന്റെ യഥാര്‍ത്ഥ അവസ്ഥയായ ആനന്ദശക്തിയില്‍ ലയിച്ചാല്‍ പിന്നെ പറയേണ്ടതുണ്ടോ? ഇങ്ങനെ മനസ്സിന്റെ അടക്കം മാത്രമാണ് മുക്തി, സ്വര്‍ഗ്ഗവാസം എന്നും മറ്റും പറയപ്പെടുന്നത്. ഈ പദം സഗുണനിര്‍ഗ്ഗുണേശ്വര ബ്രഹ്മധ്യാനാദി കര്‍മ്മങ്ങള്‍ കൊണ്ട് സിദ്ധിക്കപ്പെടുന്നതല്ല എന്ന് തെളിയിച്ച മനോദര്‍ശനഭാഗം വായിച്ച വിചിന്തകന്‍ മുക്തിക്ക് മനസ്സിനെ മാത്രം വശീകരിപ്പാന്‍ ശ്രമിക്കുകയും മുക്തിക്ക് ഈശ്വരപൂജാ പ്രാര്‍ഥനാദി കര്‍മ്മങ്ങളെ വിധിച്ചിട്ടുള്ള വേദാദിമതങ്ങളെ വെറുത്ത് വലിച്ചെറിയുകയും ചെയ്യും.