ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം

ശ്ലോകം 4

അത്ര ശൂരാ മഹേഷ്വാസാ
ഭീമാര്‍ജ്ജുനസമാ യുധി
യുയുധാനോ വിരാടശ്ച
ദ്രുപദശ്ച മഹാരഥഃ

ശ്ലോകം 5

ധൃഷ്ട കേതുശ്‍ചേകിതാനഃ
കാശിരാജശ്‍ച വീര്യവാന്‍
പുരുജിത് കുന്തിഭോജശ്‍ച
ശൈബ്യശ്‍ച നരപുംഗവഃ

ശ്ലോകം 6

യുധാമന്യുശ്‍ച വിക്രാന്തഃ
ഉത്തമൗജാശ്‍ച വീര്യവാന്‍
സൗഭദ്രോ ദ്രൗപദേയാശ്‍ച
സര്‍വ ഏവ മഹാരഥാഃ

ആ സേനയില്‍ വലിയ വില്ലാളികളും യുദ്ധത്തില്‍ ഭീമാര്‍ജ്ജുനസമന്‍മാരായ ശൂരന്മാരും ഉണ്ട്. യുയുധാനനനും വിരാടനും മഹാരഥനായ ദ്രുപദനും ധൃഷ്ടകേതുവും ചേകിതാനനനും വീര്യവാനായ കാശിരാജാവും പുരുജിത്തും കുന്തിഭോജനും നരപുംഗവനായ ശൈബ്യനും വിക്രമിയായ യുധാമന്യുവും വീര്യവാനായ ഉത്തമൌജസ്സും സുഭദ്രാതനയനും ദ്രൗപദീപുത്രന്‍മാരുമുണ്ട്. എല്ലാവരുംതന്നെ മഹാരഥന്‍മാരാകുന്നു.

ആയോധനത്തില്‍ അസാധാരണമായ പാടവവും യുദ്ധകാര്യത്തില്‍ അഗാധമായ പരിചയവും ഉള്ള പലരും ഇവിടെയുണ്ട്.
ഭീമാര്‍ജ്ജുനന്മാരെപ്പോലെയുള്ള ബലവും ശൗര്യവുമുള്ള പോരാളികളുടെ പേരു ഞാന്‍ ആദ്യം പറയാം. മഹായോദ്ധാവായ സാത്യകിയും (യുയുധാനന്‍) വിരാടനും മഹാരഥനായ ദ്രുപദനും ഉണ്ട്. ധൃഷ്ടകേതു, ചേകിതാനനന്‍, ശക്തമായ കാശിരാജാവ്, ഉത്തമൗജസ്; കൂടാതെ ശൈബ്യരാജാവും. യോദ്ധാവായ കുന്തിഭോജന്‍, അതിനുമുന്നില്‍ യുധാമന്യു. പുരുജിത്തിനെയും മറ്റു രാജാക്കന്മാരെയും കാണുക. അര്‍ജ്ജുനന്റെ പ്രതിരൂപവും സുഭദ്രയുടെ പുത്രനുമായ അഭിമന്യുവിനെ ദുര്യോധനന്‍ ദ്രോണാചാര്യന് കാട്ടിക്കൊടുത്തു.

അവന്‍ തുടര്‍ന്നു: ദ്രൗപദിയുടെ വീരപരാക്രമികളായ എല്ലാ പുത്രന്മാരും എണ്ണമില്ലാത്തിടത്തോളം മറ്റുള്ളവരും എത്തിച്ചേര്‍ന്നിട്ടുണ്ട്.