സ്വാമി വിവേകാനന്ദന്‍

വേദാന്തം അനുഷ്ഠാനത്തില്‍ കൊണ്ടുവരുന്നതിനെപ്പറ്റി ചിലതു പറയേണമെന്ന് എന്നോടാവശ്യപ്പെട്ടിരിക്കുന്നു. ഒരു തത്ത്വം വളരെ വിശേഷപ്പെട്ടതാവാം. എന്നാല്‍ നാം അത് അനുഷ്ഠാനത്തില്‍ കൊണ്ടുവരേണ്ടതെങ്ങനെ എന്നുകൂടി ആലോചിക്കണം. ഒരുവിധത്തിലും അനുഷ്ഠാനയോഗ്യമല്ലാത്തത് ബുദ്ധിക്കു വ്യായാമപ്രദമാവാമെന്നല്ലാതെ അതിനു മറ്റു വിലയില്ല. വേദാന്തം ഒരു മതമാണെങ്കില്‍ അതു തികച്ചും ആചരണയോഗ്യമാകണം. ജീവിതത്തില്‍ സര്‍വ്വാവസ്ഥകളിലും അനുഷ്ഠേയമാകണം. മതമൊന്ന്, ലോകജീവിതമൊന്ന് എന്ന മിഥ്യാഭേദകല്പന തീരെ ഇല്ലാതാകണം.

ഏകത്വമെന്ന തത്ത്വമാണ് വേദാന്തം ഉപദേശിക്കുന്നത്. സര്‍വ്വജീവിതത്തിലും ഏകത്വം. ഈ തത്ത്വം നമ്മുടെ നിത്യജീവിതത്തിലാകെ വ്യാപിക്കണം, വിചാരങ്ങളിലൊക്കെ അതു കലര്‍ന്നിരിക്കണം. പ്രവൃത്തികൊണ്ട് എല്ലാറ്റിലും അതു കൂടുതല്‍ കൂടുതലായി പ്രകാശിക്കണം. ഈ വിധമുള്ള പ്രയോഗപദ്ധതിയെപ്പറ്റി ഞാന്‍ വഴിയെ പറയാം. ഈ പ്രസംഗപരമ്പര വേദാന്തവിഷയത്തില്‍ ഒരടിപ്പടവിന്റെ നിലയ്ക്കായതുകൊണ്ട് ആദിയില്‍ നാം തത്ത്വങ്ങളെ നോക്കണം. അവ ഗിരികന്ദരങ്ങളില്‍നിന്നു പുറപ്പെട്ട് ജനസങ്കുലങ്ങളായ തെരുവീഥികളിലും നഗരങ്ങളിലും കയറി നടപ്പിലായതെങ്ങനെ എന്നറിയണം. ഇവിടെ ഒരു വിശേഷുണ്ട്; ഈ തത്ത്വങ്ങളില്‍ പലതും വനം പൂകിയ മുനിമാരില്‍നിന്നല്ല ഉദ്ഭവിച്ചത്. നേരേമറിച്ച് ബഹുലകര്‍മ്മവ്യഗ്രന്‍മാരെന്ന് ഊഹിക്കേണ്ടിയിരിക്കുന്നവരില്‍നിന്ന്, അതായത് രാജ്യപാലനം ചെയ്ത രാജാക്കന്‍മാരില്‍നിന്ന്, ആണ് അവയില്‍ പലതിന്റെയും ഉല്പത്തി എന്നു കാണുന്നു.

ആരുണീ എന്നു പേരായ ഒരു ഋഷിയുണ്ടായിരുന്നു. അദ്ദേഹ ഒരു മുനിയായിരിക്കാം. അദ്ദേഹത്തിന്റെ മകന്‍ ശ്വേതകേതു. ശ്വേതകേതുവിനെ കാട്ടില്‍ത്തന്നെ വളര്‍ത്തിപ്പോന്നു. പിന്നീടയാള്‍ പാഞ്ചാലനഗരത്തില്‍ച്ചെന്ന് അവിടെ രാജാവായിരുന്ന പ്രവാഹണ ജൈവലിയുടെ രാജധാനിയിലെത്തി. രാജാവ് ചോദിച്ചു; ‘ജീവികളുടെ മരണാനന്തരഗതി എങ്ങനെ, അറിയാമോ?’ ‘ഇല്ല.’ ‘അവര്‍ മടങ്ങിവരുന്നതെങ്ങനെ? അറിയാമോ?’ ‘ഇല്ല.’ ദേവയാനപിതൃയാനങ്ങളറിയാമോ? ‘ഇല്ല.’

രാജാവിന്റെ മറ്റു ചോദ്യങ്ങള്‍ക്കും ശ്വേതകേതു മറുപടി പറയുവാന്‍ ആളായില്ല. താങ്കള്‍ക്ക് ഒന്നും അറിഞ്ഞുകൂടല്ലോ എന്നു രാജാവു പറഞ്ഞതും കേട്ട് ശ്വേതകേതു മടങ്ങി, അച്ഛന്റെ അടുത്തു വന്നു. അച്ഛനും ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ വയ്യെന്നു പറഞ്ഞു. അതു മകനു മനസ്സിലാക്കിക്കൊടുപ്പാന്‍ മടിച്ചിട്ടല്ല, വാസ്തവത്തില്‍ അറിയാത്തതുകൊണ്ടുതന്നെ. പിന്നെ അവര്‍ ഒന്നിച്ചു രാജസന്നിധിയില്‍ച്ചെന്ന് ആ സംഗതികള്‍ പഠിപ്പിച്ചുകൊടുക്കണമെന്നപേക്ഷിച്ചു. അതു രാജര്‍ഷികള്‍ക്കുമാത്രം അറിവുള്ളതാണെന്നും പുരോഹിതന്‍മാര്‍ക്കറിഞ്ഞുകൂടെന്നും രാജാവു പറഞ്ഞു. എങ്കിലും അത് അവര്‍ക്കുപദേശിച്ചുകൊടുത്തു. വേദാന്തദര്‍ശനം അരണ്യങ്ങളില്‍വെച്ചു ധ്യാനിച്ചുണ്ടായതുമാത്രമല്ലെന്നും, അതില്‍ സാരഭൂതങ്ങളായ പല ഭാഗങ്ങളും ലൗകികജീവിതത്തില്‍ ബഹുകര്‍മ്മവ്യഗ്രങ്ങളായിരുന്ന ബുദ്ധികളില്‍ പ്രകാശിച്ചവയാണെന്നും ഉപനിഷത്തുകളില്‍ പലതിലും കാണാം. അനേകലക്ഷം പ്രജകളെ സ്വേച്ഛാനുസാരം ഭരിച്ചുവരുന്ന ഒരു രാജാവിനേക്കാളധികം കര്‍മ്മവ്യാപൃതനായ ഒരാളെ നമുക്കു വിചാരിക്കവയ്യ. എന്നാല്‍ അങ്ങനെയിരുന്ന ചില രാജാക്കള്‍ ഗാഢചിന്തകന്‍മാരുമായിരുന്നു.

സര്‍വ്വഥാ വേദാന്തതത്ത്വം പ്രായോഗികമാണെന്നു വന്നുകൂടുന്നു. ഉപനിഷത്കാലം കഴിഞ്ഞിട്ടാണ് ഭഗവദ്ഗീതയുണ്ടായത്. അതു നിങ്ങള്‍ മിക്കവരും വായിച്ചിരിക്കാം. ഉപനിഷത്തുകള്‍ക്കുള്ള ഉത്തമവ്യാഖ്യാനമാണത്. അതിന്റെ രംഗംതന്നെ രണഭൂമി. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്നുപദേശിക്കുന്ന തത്ത്വങ്ങളില്‍ സാരസര്‍വ്വസ്വമായി സര്‍വ്വത്ര ശോഭിക്കുന്നത് ഉത്കടകര്‍മ്മം. എന്നാല്‍ കര്‍മ്മദശയിലും ചിരന്തനശാന്തി: ഇതത്രെ കര്‍മ്മരഹസ്യം. ഇതത്രെ വേദാന്തലക്ഷ്യം. ഒന്നും ചെയ്യാതിരിക്കുക എന്നര്‍ത്ഥത്തിലുള്ള അകര്‍മ്മാവസ്ഥ നമ്മുടെ ലക്ഷ്യമാവാന്‍ വയ്യ. അങ്ങനെയായെങ്കില്‍ ഒന്നും ചെയ്യാതെ നില്‍ക്കുന്ന ചുമരുകള്‍ വലിയ തത്ത്വജ്ഞരാകേണ്ടിയിരിക്കുന്നു. മരക്കുറ്റികളും മണ്‍കട്ടകളും മഹര്‍ഷിമാരാകേണ്ടിയിരുന്നു. അവയ്ക്കും കര്‍മ്മമില്ലല്ലോ. പിന്നെ, ഇച്ഛാദ്വേഷങ്ങളോടുകൂടിയ കര്‍മ്മവും അകര്‍മ്മമാകയില്ല. വേദാന്തലക്ഷ്യമായ: ശരിയായ കര്‍മ്മം, ചിരന്തന ശാന്തിയോടു ചേര്‍ന്നതാകണം: എന്തു വന്നാലും അലയടിക്കാത്തതും നില പിഴക്കാത്തതുമായ സാമ്യാവസ്ഥയോടുകൂടിയതാകണം. ആ നിലയാണ് ശരിയായി കര്‍മ്മം ചെയ്‌വാന്‍ ഏറെ യോജിച്ചതെന്ന് അനുഭവമാണല്ലോ.

കര്‍മ്മാസക്തിയില്ലാതെ കര്‍മ്മംചെയ്‌വാന്‍ സാധിക്കുമോ എന്നൊരു ചോദ്യം പലപ്പോഴുമുണ്ടായിട്ടുണ്ട്. കുറേക്കാലം മുമ്പ് എനിക്കും അങ്ങനെ തോന്നിയിരുന്നു. എന്നാല്‍ പ്രായം ചെല്ലുംതോറും ആ ശങ്ക ശരിയല്ലെന്ന് ഞാന്‍ കാണുന്നു. ആസക്തി കുറയുംതോറുമാണ് കര്‍മ്മത്തിന് മേന്മകൂടുക. നമുക്കു ശാന്തികൂടുന്നത്ര നമുക്കു നന്ന്, നമ്മുടെ കര്‍മ്മങ്ങള്‍ക്കും അത്രകണ്ടു നന്ന്. വികാരങ്ങള്‍ക്കു വഴി കൊടുക്കുന്നേടത്തോളം നമ്മുടെ ശക്തി ക്ഷയിക്കുകയും സ്വസ്ഥത നശിച്ച് മനസ്സു കലുഷമാകയും ചെയ്യും. അപ്പോള്‍ കര്‍മ്മം ചെയ്യുവാനുള്ള കെല്പു വളരെ കുറഞ്ഞിരിക്കും. കര്‍മ്മമായി പ്രകാശിക്കേണ്ടുന്ന ശക്തിയാണ് വികാരമായി വെറുതെ പോകുന്നത്. മനസ്സു ശാന്തവും സ്വസ്ഥവുമാകുമ്പോഴേ അതിന്റെ മുഴുവന്‍ ശക്തിയും സല്‍ക്കര്‍മ്മത്തില്‍ വിനിയുക്തമാകൂ. ലോകത്തിലുണ്ടായിട്ടുള്ള വലിയ കര്‍മ്മംന്‍മാരുടെ ചരിതംനോക്കു. അവര്‍ കേവലം ശാന്തരായിരുന്നു എന്നു കാണാം. എന്തുവന്നാലും അവുടെ മനഃശ്ശാന്തിക്കു ഭംഗമില്ല. അതുകൊണ്ടാണ് ഒരു സംഗതിയിലും കോപിക്കാത്ത മനുഷ്യന് വളരെ കര്‍മ്മം ചെയ്‌വാന്‍ സാധിക്കുന്നതും. കോപാധീനനായ മനുഷ്യന് അതു സാധിക്കാത്തതും: കോപദ്വേഷാദിവികാരങ്ങള്‍ക്ക് അടിമപ്പെടുന്നവന്‍ തന്നെത്താന്‍ ഛിന്നഭിന്നമാക്കുകയേ ചെയ്യുന്നുള്ളൂ. പ്രയോജനകരമായി ഒന്നും ചെയ്യുന്നില്ല. പ്രശാന്തനായി, ക്ഷമാവാനായി, സമചിത്തനായ മനുഷ്യനാകട്ടെ മഹാകാര്യങ്ങള്‍ സാധിക്കുകയും ചെയ്യുന്നു.

പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 10, 1896) – തുടരും