സ്വാമി വിവേകാനന്ദന്‍

ഒരു ചോദ്യക്ളാസ്സിലെ പ്രഭാഷണം പോയിപ്പോയി ‘അധികാരിവാദ’ത്തിലെത്തി. അതിന്റെ ദോഷങ്ങളെ ശക്തിയായി ചൂണ്ടിക്കാട്ടുന്നതിനിടയില്‍ സ്വാമിജി ഏതാണ്ടിപ്രകാരം പറയുകയുണ്ടായി:

പണ്ടത്തെ ഋഷിമാരോട് എനിക്കെത്രയൊക്കെ ആദരമുണ്ടെങ്കിലും അവര്‍ ആളുകള്‍ക്ക് ഉപദേശം നല്‍കിയ രീതിയെ എനിക്ക് ആക്ഷേപിക്കാതെ വയ്യ. ചിലതൊക്കെ ചെയ്യണമെന്ന് അവര്‍ ആളുകളെ എപ്പോഴും അനുശാസിച്ചു. എന്തിനെന്ന് ഒരിക്കലും വ്യാഖ്യാനിച്ചുകൊടുക്കാതിരിക്കാന്‍ കരുതുകയും ചെയ്തു. ഈ രീതി അകക്കാതലോളം അപായകരമാണ്. ലക്ഷ്യപ്രാപ്തിക്ക് ആളുകള്‍ക്ക് കഴിവു കൊടുക്കുന്നതിനുപകരം ഇത്, അര്‍ത്ഥമില്ലാത്ത അസംബന്ധങ്ങളുടെ ഒരു ചുമട് അവരുടെ ചുമലില്‍ വെച്ചുകൊടുക്കയും ചെയ്തു. ഉദ്ദേശ്യം കണ്‍വെട്ടത്തുനിന്നു മറച്ചുവെയ്ക്കാന്‍ അവരുടെ ഒഴികഴിവ്, പറഞ്ഞുകൊടുത്താലും അതിനുപറ്റിയ പാത്രങ്ങളല്ലായ്കയാല്‍ അവര്‍ക്കതിന്റെ സത്യമായ അര്‍ത്ഥം മനസ്സിലാക്കാനാവില്ലെന്നാണ്. ഈ അധികാരിവാദം തനി സ്വാര്‍ത്ഥതയില്‍നിന്നുത്ഭവിച്ചതാണ്. സ്വന്തം വിഷയം ഇങ്ങനെ വെളിപ്പെടുത്തിയാല്‍ തങ്ങളുടെ ലോകാചാര്യസ്ഥാനം നഷ്ടപ്പെടുമെന്നു അവരറിഞ്ഞു. അതുകൊണ്ടുണ്ടായതാണ് ഈ സിദ്ധാന്തത്തെ താങ്ങാനുള്ള അവരുടെ ശ്രമം. പാഠം പഠിക്കാനാവാത്തത്ര ദുര്‍ബലനാണ് ഒരുവനെന്നു നിങ്ങള്‍ കരുതുന്ന പക്ഷം അവനെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും അത്രയധികം നിങ്ങള്‍ യത്നിക്കണം. കുറഞ്ഞ പഠിപ്പിനുപകരം കൂടുതല്‍ പഠിപ്പിന്റെ മേന്മ അവനു കൊടുക്കണം. സൂക്ഷ്മതരങ്ങളായ പ്രശ്നങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുമാറ് അവന്റെ ബുദ്ധിയെ ശിക്ഷണം ചെയ്തു മികപ്പിക്കാന്‍ നോക്കണം. മാനവാത്മാവിന്റെ അനന്ത സാധ്യതകളെന്ന നടുക്കുന്ന വസ്തുതയെ അധികാരിവാദത്തിന്റെ ഈ അനുവാദകന്മാര്‍ അവഗണിച്ചു. ഓരോ മനുഷ്യന്നും അറിവുള്‍ക്കൊള്ളാന്‍ കഴിവുണ്ട്. അവന്റെ ഭാഷയില്‍ അതു പകര്‍ന്നുകൊടുത്താല്‍ മറ്റുള്ളവരെ ബോധിപ്പിക്കാനാവാത്ത ഗുരു. ആളുകളെ അവരുടെ ഭാഷയില്‍ പഠിപ്പിക്കാന്‍ തനിക്കുള്ള കഴിവില്ലായ്മയോര്‍ത്തു കരയണം. അവര്‍ക്ക് ഉയര്‍ന്ന അറിവിനധികാരമില്ലെന്ന വീണ്‍വാദമുയര്‍ത്തി അവരെ പിരാകുന്നതിനും അറിവില്ലായ്മയിലും അന്ധവിശ്വാസത്തിലും ജീവിക്കാന്‍ അവരെ ശപിക്കുന്നതിനും പകരം കരയണം. ദുര്‍ബലരെ കുഴക്കുമെന്ന ഭയമൊന്നുമില്ലാതെ സത്യം തുറന്നുപറയുക. മനുഷ്യര്‍ സ്വാര്‍ത്ഥികളാണ്. തങ്ങളുടെ വിശേഷാവകാശങ്ങളും പ്രശസ്തിയും നഷ്പ്പെടുമെന്നു പേടിച്ച തങ്ങളുടെ അറിവിന്റെ അതേ നിലയിലേക്കു മറ്റുള്ളവര്‍ വരുന്നത് അവരിഷ്ടപ്പെടുന്നില്ല. അത്യുച്ചങ്ങളായ അദ്ധ്യാത്മസത്യങ്ങള്‍ ദുര്‍ബലമനസ്സുകളായ മനുഷ്യരുടെ ബുദ്ധിയെ കുഴക്കുമെന്നാണ് അവരുടെ പിടിവാദം. അങ്ങനെ ശ്ളോകവുമുണ്ട്.

ന ബുദ്ധിഭേദം ജനയേദജ്ഞാനാം കര്‍മ്മസംഗിനാം ജോഷയേത് സര്‍വ്വകര്‍മ്മാണി വിദ്വാന്‍ യുക്തഃ സമാചരന്‍* ‘‘കര്‍മ്മസക്തനായ അജ്ഞാനിയുടെ ബുദ്ധിയെ (ജ്ഞാനം പഠിപ്പിച്ച്) ഇളക്കരുത്. അറിവുള്ളവന്‍ സ്വയം നിയതമായി കര്‍മ്മം ചെയ്ത് അജ്ഞാനിയെ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുത്തണം.’

വെളിച്ചം കൂടുതലിരുട്ടിനെ ഉളവാക്കുമെന്നു പറയുന്ന ആത്മവിരുദ്ധപ്രസ്താവനയില്‍ എനിക്കു വിശ്വസിക്കാന്‍ വയ്യ. സച്ചിദാനന്ദസമുദ്രത്തില്‍, കേവലസത്തയും കേവലാമൃതവുമായ മഹാസമുദ്രത്തില്‍, ജീവിതം നശിക്കുമെന്നതുപോലെയാണിത്. എത്ര അബദ്ധം! ജ്ഞാനമെന്നുവെച്ചാല്‍ അജ്ഞാനപ്രാപിതമായ പ്രമാദങ്ങളില്‍നിന്നുള്ള സ്വാതന്ത്യ്രമാണ്. ജ്ഞാനം പ്രമാദത്തിലേക്ക് വഴിയൊരുക്കുംപോല്‍. വെളിച്ചം വീശിയാല്‍ കുഴക്കിനു വഴിയാകുംപോല്‍! ഇതു സാധ്യമോ? വിശാലസത്യങ്ങള്‍ തുറന്നുപറയാന്‍ മനുഷ്യര്‍ക്കു ധൈര്യമില്ല, ജനബഹുമതി പോകുമെന്നു പേടിച്ചിട്ട്. സത്യസനാതനതത്ത്വങ്ങളും ജനങ്ങളുടെ അനര്‍ത്ഥകമായ പ്രാഗ്ബുദ്ധികളുമായി ഒരു രാജിയുണ്ടാക്കാന്‍ നോക്കുകയാണവര്‍. എന്നിട്ടു ലോകാചാരവും ദേശാചാരവും അനുസരിച്ചുകൊള്ളണം എന്ന സിദ്ധാന്തം സ്ഥാപിക്കണം. രാജിയില്ല, വെള്ളയടിയില്ല! ശവങ്ങള്‍ക്കു കുസുമാവരണം വേണ്ട! ‘തഥാപി ലോകാചാരോ…’, എന്നാലും ലോകാചാരമനുസരിക്കണം…. -ഇത്തരം പ്രമാണങ്ങള്‍ ദൂരെ എറിയുക. അസംബന്ധം! ഇങ്ങനത്തെ രാജിയുടെ ഫലമോ? അതിമഹിതസത്യങ്ങള്‍ കുപ്പക്കൂമ്പാരങ്ങള്‍ക്കിടയില്‍ വേഗത്തില്‍ കുഴിച്ചുമൂടപ്പെട്ടു. ആ കുപ്പതന്നെ യഥാര്‍ത്ഥസത്യമെന്നു വ്യഗ്രതയോടെ വിശ്വസിക്കയുമായി! ശ്രീകൃഷ്ണന്‍ സുധീരം ഉപദേശിച്ച ഗീതയിലെ മഹിതസത്യങ്ങള്‍പോലും ഭാവിശിഷ്യപരമ്പരയുടെ കയ്യില്‍ രാജിയുടെ വ്യാഖ്യാനം സ്വീകരിച്ചു. ലോകത്തിലേക്കും മഹത്തമമായ ആ ശാസ്ത്രത്തില്‍ ഇപ്പോള്‍ മനുഷ്യനെ വഴിതെറ്റിക്കുന്ന പലതുമുണ്ട്. അതാണ് ഫലം.

നിന്ദ്യമായ തനി ഭീരുത്വത്തില്‍നിന്നാണ് രാജിയാകാനുള്ള ഈ പ്രയ്തനം പുറപ്പെടുന്നത്. ധീരരാവുക! എന്റെ കുട്ടികള്‍ സര്‍വ്വോപരി ധീരരാകണം. ഒരു കണക്കിലും ലവലേശം രാജിയില്ല! അത്യുച്ചസത്യങ്ങള്‍ വിദൂരം വിതറി പ്രവചിക്കുക. മാനഹാനി പേടിക്കേണ്ട. അസുഖമായ സംഘര്‍ഷം ഉണ്ടാകുമെന്നു ഭയം വേണ്ട. സത്യത്തെ കൈവിടാന്‍ പ്രലോഭനമുണ്ടായിട്ടും നിങ്ങള്‍ സത്യത്തെ സേവിക്കുന്നെങ്കില്‍, ഉറച്ചിരുന്നോളൂ, നിങ്ങള്‍ക്ക് സ്വര്‍ഗ്ഗീയശക്തി കിട്ടും. അതിന്റെ മുമ്പില്‍ സത്യമെന്നു നിങ്ങള്‍ വിശ്വസിക്കാത്ത കാര്യങ്ങള്‍ പറയാന്‍ മനുഷ്യന്‍ വിറയ്ക്കും. അചഞ്ചലമായി, പതിന്നാലുകൊല്ലം തുടര്‍ച്ചയായി സത്യത്തെ സുദൃഢം സേവിക്കാമെങ്കില്‍ നിങ്ങള്‍ പറയുന്നതെന്തും ജനങ്ങള്‍ക്കു സമ്മതമാകും. അങ്ങനെ നിങ്ങള്‍ സാമാന്യജനങ്ങള്‍ക്കു മഹത്തമാനുഗ്രഹങ്ങള്‍ വിതരണം ചെയ്യും. അവരുടെ കെട്ടുകള്‍ അഴിച്ചുകളയും. സമസ്തജനതയേയും ഉദ്ധരിക്കും.