കദാ വാ ത്വാം ദൃഷ്ട്വാ ഗിരിശ തവ ഭവ്യാംഘ്രിയുഗലം
ഗൃഹീത്വാ ഹസ്താഭ്യാം ശിരസി നയനേ വക്ഷസി വഹന്‍ |
സമാശ്ലിഷ്യാഘ്രായ സ്ഫുടജലജഗന്ധാന്‍ പരിമലാ-
നലാഭ്യാം ബ്രഹ്മാദ്യൈര്‍മ്മുദമനുഭവിഷ്യാമി ഹൃദയേ || 26 ||
ഗിരീശ! – പര്‍വ്വതത്തില്‍ ശയിക്കുന്നോവെ!; ത്വാം ദൃഷ്ട്വാ – നിന്തിരുവടിയെ ദര്‍ശിച്ച് തവ നിന്തിരുവടിയുടെ; ഭവ്യാംഘ്രിയുഗളം – ശുഭപ്രദങ്ങളായ പാദങ്ങള്‍ രണ്ടിനേയും; ഹസ്താഭ്യാം ഗൃഹീത്വാ – രണ്ടു കൈകള്‍കൊണ്ടും പിടിച്ചുകൊണ്ട്; ശിരസി നയനേ – ശിരസ്സിലും കണ്ണിലും; വക്ഷസി വഹന്‍ – മാറിടത്തിലും എടുത്തുവെച്ച്; സമാശ്ലിഷ്യ – കെട്ടിയണച്ചുകൊണ്ട്; സ്ഫുടജലജഗന്ധാന്‍ – വിടര്‍ന്ന താമരപ്പൂക്കളുടെ വാസനയുള്ള; പരമളാന്‍ ആഘ്രായ – സൗരഭ്യത്തെ മുകര്‍ന്ന്; ബ്രഹ്മാദ്യൈഃ – ബ്രഹ്മാവുതുടങ്ങിയവരാലും; അലഭ്യം മുദം – ഭിക്കപ്പെടവുന്നതല്ലാത്ത ആനന്ദത്തെ; ഹൃദയേ കദാ വാ – മനസ്സില്‍ എപ്പോഴാണ്; അനുഭവിഷ്യാമി – അനുഭവിക്കുക?
അല്ലേ ഗിരിശ! അങ്ങയെ ദര്‍ശിച്ച അങ്ങായുടെ ശുഭപ്രദങ്ങളായ തൃപ്പാദങ്ങള്‍ രണ്ടിനേയും ഇരു കൈകല്‍കൊണ്ടും പിടിച്ച് ശിരസ്സിലും നേത്രങ്ങളിലും മാറിടത്തിലും എടുത്തണച്ചാശ്ലേഷം ചെയ്തുകൊണ്ട് വികസിച്ച താമരപ്പുക്കളുടെ വാസനയുള്ള സൗരഭ്യത്തെ മുകര്‍ന്ന് ബ്രഹ്മദേവന്‍ തുടങ്ങിയവര്‍ക്കുംകൂടി സുദുര്‍ല്ലഭമായ ആനന്ദത്തെ ഞാനെന്നാണുനുഭവിക്കുക?
കരസ്ഥേ ഹേമാദ്രൌ ഗിരിശ നികടസ്ഥേ ധനപതൌ
ഗൃഹസ്ഥേ സ്വര്‍ഭൂജാഽമരസുരഭിചിന്താമണിഗണേ |
ശിരസ്ഥേ ശീതാംശൌ ചരണയുഗലസ്ഥേഽഖിലശുഭേ
കമര്‍ത്ഥം ദാസ്യേഽഹം ഭവതു ഭവദര്‍ത്ഥം മമ മനഃ || 27 ||
ഗിരീശ! – പര്‍വ്വതത്തില്‍ പള്ളികൊണ്ണുന്നോവേ; ഹേമാദ്രൗ കരസ്ഥേ, – സ്വര്‍ണ്ണപര്‍വ്വതം കയ്യിലുള്ളപ്പോള്‍ ,; ധനപതൗ – ധനാധിപനായ; കുബേരന്‍ നികടസ്ഥേ – സമീപത്തിലുള്ളപ്പോള്‍; സ്വര്‍ഭൂജാമരസുരഭി ചിന്താമണിഗണേ – കല്പകവൃക്ഷം, കാമധേനു, ആഗ്രഹിച്ചതു നല്ക്കുന്ന ചിന്താമണി എന്ന രത്നം എന്നിവ; ഗൃഹസ്ഥേ – വീട്ടിലുള്ളപ്പോള്‍ ,; അഖിലശുഭേ – സര്‍വമംഗളങ്ങളും; ചരണയുഗളസ്ഥേ – രണ്ടുകാലുകളിലുമുള്ളപ്പോള്‍; അഹം കം അര്‍ത്ഥം – ഞാന്‍ എന്തൊന്നിനേയാണ്; ദാസ്യേ ? – നിന്തിരുവടിക്കു അര്‍പ്പിക്കേണ്ടത് ?; മമ മനഃ – എന്റെ മനസ്സ്; ഭവദര്‍ത്ഥംഭവതു – അങ്ങയ്ക്കുള്ളതായി ഭവിക്കട്ടെ.
അല്ലേ ഗിരിശ! സ്വര്‍ണ്ണപര്‍വ്വതമായ മേരു കോദണ്ഡരൂപത്തില്‍ അങ്ങയുടെ കയ്യിലുള്ളപ്പോള്‍ , കുബേരന്‍ അരികില്‍ത്തന്നെയിരിക്കുമ്പോള്‍ , കല്പകവൃക്ഷം, കാമധേനു, ചിന്താമണി എന്നിവ ഭവാന്റെ വസതിയില്‍ത്തന്നെയുള്ളപ്പോള്‍ അമൃതധാരപൊഴിക്കുന്ന കുളുര്‍മതി ശിരസ്സിലും സര്‍വ്വമംഗളങ്ങളും പാദങ്ങളിലും ഉള്ളപ്പോള്‍ വേറെ എന്തൊരു വസ്തുവാണ് ഞാന്‍ അങ്ങക്കായ്ക്കൊണ്ട് സമര്‍പ്പിക്കേണ്ടത്? എന്റെ വശമുള്ള നിഷ്കളങ്കമായ ഹൃദയത്തെ ഞാന്‍ ഭവാന്നായ്ക്കൊണ്ട് നിവേദിക്കാം.
സാരൂപ്യം തവ പൂജനേ ശിവ മഹാദേവേതി സംകീര്‍ത്തനേ
സാമീപ്യം ശിവഭക്തിധുര്യജനതാസാംഗത്യസംഭാഷണേ |
സാലോക്യം ച ചരാചരാത്മകതനുധ്യാനേ ഭവാനീപതേ
സായുജ്യം മമ സിദ്ധമത്ര ഭവതി സ്വാമിന്‍ കൃതാര്‍ത്ഥോഽസ്മ്യഹം || 28 ||
ഭവാനീപതേ! – പാര്‍വ്വതീവല്ലഭ; തവ പൂജനേ – നിന്തിരുവടിയുടെ ആരാധനയില്‍; സാരൂപ്യം – സാരൂപ്യവും (അങ്ങയുടെ രൂപസാദൃശ്യവ്യും); ശിവ! മഹാദേവ! – ശിവനേ! മഹാദേവ!; ഇതി സംകീര്‍ത്തനേ – എന്നുള്ള നമോച്ചാരണത്തില്‍; സാമീപ്യം – സാമീപ്യം (അങ്ങയുടെ സമീപത്തിരിക്കുക) എന്ന അവസ്ഥയും; ശിവഭക്തിധുര്‍യ്യ- ജനതാസാംഗത്യസംഭാഷണേ – ശിവഭക്തിയായ ഭാരത്തെ ചുമക്കുന്ന ജനങ്ങളോടുള്ള സംസര്‍ഗ്ഗത്താലും സംഭാഷണത്താലും; സാലോക്യംച – സാലോക്യവും (ഭവാനൊരുമിച്ച് ഒരു ലോകത്തില്‍ വസിക്കുക എന്ന അവസ്ഥയും); ചരാചരാത്മകതനുധ്യാനേ – ജംഗമസ്ഥാവരരൂപത്തിലുള്ള നിന്തിരുവടിയുടെ സ്വരൂപധ്യാനത്തില്‍; സായുജ്യം – സായൂജ്യവും(അങ്ങയോട് ഐക്യവും); മമ സിദ്ധം ഭവതി – എനിക്കു ലഭിക്കുമെങ്കില്‍ ; സ്വാമിന്‍ ! – ലോകേശ!; അഹം അത്ര – ഞാന്‍ ഈ ജന്മത്തില്‍; കൃതാര്‍ത്ഥഃ അസ്മി. – കൃതാര്‍ത്ഥനായി ഭവിക്കുന്നതാണ്.
പാര്‍വ്വതീപതേ! ഭവാനെ ഭജിക്കുന്നതുകൊണ്ട് സാരൂപ്യവും തിരുനാമകീര്‍ത്തനങ്ങാളാല്‍ സാമീപ്യവും ശിവഭക്തരോടുള്ള സംസര്‍ഗം സംഭാഷണം എന്നിവയാല്‍ സാലോക്യവും ചരാചരാത്മകമായ ഭവത് സ്വരൂപധ്യാനത്താല്‍ സായൂജ്യവും എനിക്ക് സിദ്ധിക്കുമെങ്കില്‍ ഞാന്‍ ഈ ജന്മത്തില്‍ കൃതാര്‍ത്ഥനായി ഭവിക്കുന്നതാണ്.
ത്വത്പാദാംബുജമര്‍ച്ചയാമി പരമം ത്വാം ചിന്തയാമ്യന്വഹം
ത്വാമീശം ശരണം വ്രജാമി വചസാ ത്വാമേവ യാചേ വിഭോ |
വീക്ഷാം മേ ദിശ ചാക്ഷുഷീം സകരുണാം ദിവ്യൈശ്ചിരം പ്രാര്‍ത്ഥിതാം
ശംഭോ ലോകഗുരോ മദീയമനസഃ സൌഖ്യോപദേശം കുരു || 29 ||
വിഭോ! – ഹേ പ്രഭോ!; ത്വത്പാദാംബുജം – അങ്ങയുടെ പദകമലത്തെ; അര്‍ച്ചയാമി; – ഞാന്‍ അര്‍ച്ചിക്കുന്നു; പരമം ത്വാം – ഉത്കൃഷ്ടമായ നിന്തിരുവടിയെ; അന്വഹം ചിന്തയാമി – ദിവസംതോറും ഞാന്‍ സ്മരിക്കുന്നു; ഈശം ത്വാം – ലോകേശ്വരനായ നിന്തിരുവടിയെ ശരണം; വ്രജാമി – ശരണം പ്രാപിക്കുന്നു; വചസാ വാക്കുകൊണ്ട്; ത്വാം ഏവ യാചേ – നിന്തിരുവടിയോടുതന്നെ അര്‍ത്ഥിക്കുന്നു; വിഭോ! – സൗഖ്യത്തിന്നു നിദാനമായുള്ളോവേ! ദിവ്യൈഃ – ദേവലോകത്തുള്ളവരാല്‍; ചിരം – പ്രാര്‍ത്ഥിതാം വളരെക്കാലമായി പ്രാര്‍തിക്കപ്പെട്ടതായും; സകരുണാം – ദയവാര്‍ന്നതുമായ; ചാക്ഷുഷീം വീക്ഷാം – തൃക്കണ്ണുകള്‍കൊണ്ടുള്ള കടാക്ഷത്തെ; മേ ദിശ – എനിക്കു നല്കിയാലും; ശംഭോ! ലോകഗുരോ! – ഹേ ശംഭോ! ഭക്തനനോപദേശക!; മദീയമനസഃസൗഖ്യോപദേശം – എന്റെ മനസ്സിന്നു നിത്യാനന്ദം ലഭിക്കുന്നതിന്നുള്ള ഉപദേശത്തെ; കുരു – ചെയ്തരുളിയാലും.
ഹേ ദേവ! പരാല്‍പരനായ ഭവാന്റെ പദകമലത്തെ ഞാന്‍ എപ്പോഴും അര്‍ച്ചിക്കുന്നു; അങ്ങയെ ഞാന്‍ അനുദിനവും സ്മരിക്കുന്നു; ലോകേശ്വരനായ നിന്തിരുവടിയെ ശരണം പ്രാപിക്കുകയും വാക്കുകൊണ്ട് അര്‍ത്ഥിക്കുകയും ചെയ്യുന്നു; നാകവാസികളാല്‍ ചിരകാലമായി പ്രാര്‍ത്ഥിക്കെപ്പെട്ടതും കരുണയാര്‍ന്നതുമായ കടാക്ഷത്തെ എനിക്ക് നല്‍കിയാലും! അല്ലേ ലോകഗുരോ! എനിക്ക് നിരതിശയാനന്ദസുഖത്തിന്നുള്ള മാര്‍ഗ്ഗമെന്തെണ് ഉപദേശിച്ചരുളിയാലും.
വസ്ത്രോദ്ധൂതവിധൌ സഹസ്രകരതാ പുഷ്പാച്ചനേ വിഷ്ണുതാ
ഗന്ധേ ഗന്ധവഹാത്മതാഽന്നപചനേ ബര്‍ഹിര്‍ഖാധ്യക്ഷതാ |
പാത്രേ കാഞ്ചനഗര്‍ഭതാസ്തി മയി ചേദ് ബാലേന്ദുചൂഡാമണേ
ശുശ്രൂഷാം കരവാണി തേ പശുപതേ സ്വാമിന്‍ ത്രിലോകീഗുരോ || 30 ||
ബാലേന്ദുചൂഡാമണേ! – ബാലചന്ദ്രനേ മകുടത്തിലണിഞ്ഞിരിക്കുന്ന; പശുപതേ! സ്വാമിന്‍ – സര്‍വ്വേശ്വരനായ നാഥ!; ത്രിലോകീഗുരോ! – മൂന്നുലോകങ്ങള്‍ക്കും ഗുരുവായിരിക്കുന്നോവേ!; വാസ്ത്രോദ്ധൂതവിധൗസഹസ്രകരതാ – ഭവാന്നു വസ്ത്രം ധരിപ്പിച്ച് ഉപചരിക്കുന്ന വിഷയത്തില്‍ ആദിത്യന്റെ; അവസ്ഥയം പുഷ്പാര്‍ച്ചനേ വിഷ്ണുതാ – പുഷ്പാഞ്ജലി ചെയ്യുന്നതില്‍ വിഷ്ണുത്വവും; ഗന്ധേ ഗന്ധവഹാത്മതാ – ചന്ദനാദി സുഗന്ധദ്രവ്യങ്ങള്‍കൊണ്ട് ഉപചരിക്കുമ്പോള്‍ വായുവിന്റെ അവസ്ഥയും; അന്നപചനേ ബഹിര്‍മുഖാദ്ധ്യക്ഷതാ – പാകംചെയ്ക അന്നംകൊണ്ടുപചരിക്കുന്നതില്‍ ഇന്ദ്രത്വവും; പാത്രേ – അര്‍ഘ്യപാത്രം മുതലായവ നല്കുന്നതില്‍; കാഞ്ചനഗര്‍ഭതാ – ഹിരണ്യഗര്‍ഭത്വവും(ബ്രഹ്മത്വവും); മയി അസ്തി ചേത് – എന്നില്‍ ഉണ്ടാവുന്നപക്ഷം; തേ – നിന്തിരുവടിക്ക്; ശുശ്രൂഷാം കരവാണി – പൂജചെയ്തുകൊള്ളാം.
ബാലേന്ദുചൂഡനായി, പശുപതിയായി, ജഗത്സ്വാമിയായിരിക്കുന്ന ലോകഗുരോ! ഭവാന്നു ഉടയാടയണിഞ്ഞുപചരിക്കുന്ന വിഷയത്തില്‍ ആദിത്യന്റെ അവസ്ഥയും പുഷ്പാര്‍ച്ചന ചെയ്യുന്നതില്‍ മഹാവിഷ്ണുവിന്റെ അവസ്ഥയും ചന്ദനാദി സുഗന്ധദ്രവ്യോപചരത്തില്‍ വായുവിന്റെ അവസ്ഥയും പക്വാന്നം നിവേദിക്കുന്നതില്‍ ഇന്ദ്രത്വവും അര്‍ഘ്യപാത്രം നല്‍ക്കുന്നതില്‍ ഹിരണ്യഗര്‍ഭത്വവും എനിക്കു ഉണ്ടാവുന്നപക്ഷം അങ്ങയ്ക്കു ഞാന്‍ അര്‍ച്ചന ചെയ്തുകൊള്ളാം.
ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).