ആകീര്‍ണ്ണേ നഖരാജികാന്തിവിഭവൈരുദ്യത്സുധാവൈഭവൈ-
രാധൌതേപി ച പദ്മരാഗലലിതേ ഹംസവ്രജൈരാശ്രിതേ |
നിത്യം ഭക്തിവധൂഗണൈശ്ച രഹസി സ്വേച്ഛാവിഹാരം കുരു
സ്ഥിത്വാ മാനസരാജഹംസ ഗിരിജാനാഥാംഘ്രിസൌധാന്തരേ || 46 ||
മാനസരാജഹംസ! – ഹൃദയമാകുന്ന കലഹംസമേ; നഖരാജീകാന്തിവിഭവൈഃ – നഖസമൂഹങ്ങളുടെ ശോഭയാകുന്ന ഐശ്വര്‍യ്യത്താല്‍; ആകിര്‍ണ്ണേ – വ്യാപിക്കപ്പെട്ടതായി; ഉദ്യത്സുധാവൈഭവൈഃ – വര്‍ദ്ധിച്ചുയരുന്ന സുധാവ്യാപ്തിയാല്‍ ; ആധൗതേ അപി ച – വെണ്മയാര്‍ന്നതും എന്നല്ല; പദ്മാരഗലളിതേ – താമരപ്പുവിന്റെ ശോഭയാര്‍ന്ന അതിസുന്ദരമായിരിക്കുന്നതും; ഹംസവ്രജൈഃ – അരയന്നകൂട്ടങ്ങളാല്‍ ; ആശ്രിതേ – സേവിക്കപ്പെട്ടതുമായ ഗിരിജാനാഥാംഘ്രിസൗധാന്തരേ – പാര്‍വ്വതിയുടെ; പതിഹാഹ – പരമേശ്വരന്റെ തിരുവടികളായ മണിമാളികയുടെ ഉള്ളില്‍; സ്ഥിതാ – ഇരുന്നുകൊണ്ട്; ഭക്തിവധൂഗണൈഃ – ച ഭക്തിയാകുന്ന വധൂജനങ്ങളൊന്നിച്ച്; രഹസി നിത്യം – സ്വൈരമായി എല്ലാനാളും; സ്വേച്ഛാവിഹാരം കുരു – ഇഷ്ടംപോലെ ക്രീഡിച്ചുകൊള്‍ക.
ഹേ മനസ്സാകുന്ന രാജഹംസമേ! നഖങ്ങളുടെ ശോഭാപ്രസരം പരന്ന് ശിരസ്സിലുള്ള ചന്ദ്രന്റെ അമൃതകിരണങ്ങളാല്‍ വെണ്മയാര്‍ന്നതായി, എന്നല്ല, ചെന്താമരയുടെ ശോഭയാല്‍ നിതാന്തസുന്ദരമായി അരയന്നപ്പക്ഷികളാല്‍ ഉപസേവിക്കപ്പെട്ടതായിരിക്കുന്ന പാര്‍വ്വതീപതിയായ ശ്രീ പരമേശ്വരന്റെ തൃപ്പാദങ്ങളായ മണിമാളികയിലെ അന്തഃപുരത്തില്‍ ഇരുന്നുകൊണ്ട് ഭക്തികളാകുന്ന വധൂടികളൊന്നിച്ച് ഏകാന്തത്തില്‍ ഇഷ്ടംപോലെ വിഹരിച്ചുകൊള്‍ക.
ശംഭുധ്യാനവസന്തസംഗിനി ഹൃദാരാമേഽഘജീര്‍ണ്ണച്ഛദാഃ
സ്രസ്താ ഭക്തിലതാച്ഛടാ വിലസിതാഃ പുണ്യപ്രവാലശ്രിതാഃ |
ദീപ്യന്തേ ഗുണകോരകാ ജപവചഃപുഷ്പാണി സദ്വാസനാ
ജ്ഞാനാനന്ദസുധാമരന്ദലഹരീ സംവിത്ഫലാഭ്യുന്നതിഃ || 47 ||
ശംഭുധ്യാനവസന്തസംഗിനി – പരമശിവന്റെ ധ്യാനമാകുന്ന വസന്തനാല്‍ സേവിക്കപ്പെട്ട; ഹൃദാരാമേ – മനസ്സാകുന്ന; ഉദ്യാനത്തില്‍ സ്രസ്താഃ – ഉതിര്‍ന്നു കിടക്കുന്ന; അഘജീര്‍ണ്ണച്ഛദാഃ – പാപങ്ങളാകുന്ന പഴുത്ത ഇലകളും; വിലസിതാഃ – ശോഭയാര്‍ന്ന; പുണ്യപ്രവാളശ്രിതാഃ – സത്കര്‍മ്മങ്ങളാകുന്ന ഇളംതളിരുകളും ഉള്ള; ഭക്തിലതാച്ഛടാഃ – ഭക്തിയാകുന്ന മൊട്ടുകളും; ജപവചഃ – പുഷ്പാണി ജപവചനങ്ങളാകുന്ന പുഷ്പങ്ങളും; സദ്‍വാസനാഃ – ശുഭവാസനയാകുന്ന സുഗന്ധങ്ങളും; ജ്ഞാനാനന്ദസുധാമരന്ദലഹരീ – ജ്ഞാനമാകുന്ന അമൃതം, സന്തോഷമാകുന്ന പുന്തേന്‍ ഇവയുടെ പ്രവാഹത്തോടുകൂടിയ; സംവിത് ഫലാഭ്യുന്നതിഃ ദിപ്യന്തേ – ബ്രഹ്മജ്ഞാനമാകുന്ന ഫലത്തിന്റെ സമൃദ്ധിയും;
ദിപ്യന്തേ – പരിലസിക്കുന്നു.
പരമശിവധ്യാനമാകുന്ന വസന്തത്തോടുകൂടിയ മനസ്സാകുന്ന പൂങ്കാവനികയില്‍ കൊഴിഞ്ഞുകിടക്കുന്ന പാപങ്ങളാകുന്ന പഴുത്ത ഇലകളോടും ശോഭയാര്‍ന്ന പുണ്യമാകുന്ന ഇളംതളിരുകളോടും കൂടിയ ഭക്തിയാകുന്ന വല്ലീസമൂഹങ്ങള്‍ സദ്ഗുണങ്ങളാകുന്ന മൊട്ടുകളോടും ജപവചനങ്ങളാകുന്ന പുഷ്പങ്ങളോടും ശുഭവാസനയാകുന്ന സുഗന്ധത്തോടും ജ്ഞാനമാകുന്ന അമൃതം സന്തോഷമാകുന്ന പൂന്തേന്‍ ഇവയുടെ പ്രവാഹത്തോടും ബ്രഹ്മജ്ഞാനമാകുന്ന ഫലത്തിന്റെ സമൃദ്ധിയോടും കൂടിയവയായിട്ട് പരിലസിക്കുന്നു.
നിത്യാനന്ദരസാലയം സുരമുനിസ്വാന്താംബുജാതാശ്രയം
സ്വച്ഛം സദ്ദ്വിജസേവിതം കലുഷഹൃത്സദ്വാസനാവിഷ്കൃതം |
ശംഭുധ്യാനസരോവരം വ്രജ മനോ ഹംസാവതംസ സ്ഥിരം
കിം ക്ഷുദ്രാശ്രയപല്വലഭ്രമണസംജാതശ്രമം പ്രാപ്സ്യസി || 48 ||
മനോഹംസാവതംസ! – മനസ്സാകുന്ന രാജഹംസമേ!; നിത്യാനന്ദസാലയം – നാശമില്ലാത്ത ബ്രഹ്മാനന്ദരസമാകുന്ന ജലത്തിന്നിരിപ്പിടമായും; സുരമുനിസ്വാന്താംബുജാതാശ്രയം – ദേവന്മാരുടേയും മഹര്‍ഷിമാരുടേയും മനസ്സാകുന്ന താമരപ്പൂക്കളുടെ സ്ഥാനമായും; സ്വച്ഛം – നിര്‍മ്മലമായും; സദ്വിജസേവിതം – സത്തുക്കളായ ബ്രാഹ്മണരാകുന്ന കളഹംസങ്ങളാല്‍ സേവിക്കപ്പെട്ടതായും; കലുഷഹൃത് സദ്വാസനാവിഷ്കൃതം – പാപങ്ങളെ ദൂരിക്കരിക്കുന്നതായും നല്ല വാസനയാല്‍ പ്രകാശിപ്പിക്കപ്പെട്ടതായും സ്ഥിരം ശാശ്വതമായുമിരിക്കുന്ന; ശംഭുധ്യാനസരോവരം വ്രജ – ശിവദ്ധ്യാനമാകുന്ന താമരപ്പൊയ്കയിലേക്ക് പൊയ്ക്കൊള്‍ക; ക്ഷുദ്രാശ്രയപല്വലഭ്രമണസഞ്ജാതശ്രമം – അല്പന്മാരുടെ ആശ്രയമാകുന്ന അല്പസരസ്സുക്കളില്‍ വെറുതെ ചുറ്റിത്തിരിഞ്ഞുകൊണ്ടുള്ള കഷ്ടത്തെ; കിം പ്രാപ്സ്യസി – എന്തിന്നുവേണ്ടി അനുഭവിക്കുന്നു?
മനസ്സാകുന്ന രാജഹംസമേ! നിത്യനന്ദരസത്തിന്നാസ്പദമായി, ദേവന്മാരുടേയും, മഹര്‍ഷിമാരുടേയും മനസ്സാകുന്ന താമരപ്പൂക്കള്‍ക്കു ആശ്രയമായി, നിര്‍മ്മലമായി, സദ്ബ്രാഹ്മണരാകുന്ന കളഹംസങ്ങളാല്‍ സമാശ്രയിക്കപ്പെട്ടതായി, പാപങ്ങളെ ദൂരിക്കരിക്കുന്നതായി, സദ്‍വാസനയാര്‍ന്നതായി, ശാശ്വതവുമായിരിക്കുന്ന ശിവധ്യാനമാകുന്ന താമരപ്പൊയ്കയിലേക്ക് പൊയ്ക്കൊള്‍ക.
ആനന്ദാമൃതപൂരിതാ ഹരപദാംഭോജാലവാലോദ്യതാ
സ്ഥൈര്യോപഘ്നമുപേത്യ ഭക്തിലതികാ ശാഖോപശാഖാന്വിതാ |
ഉച്ഛൈര്‍നസകായമാനപടലീമാക്രമ്യ നിഷ്കല്മഷാ
നിത്യാഭീഷ്ടഫലപ്രദാ ഭവതു മേ സത്കര്‍മ്മസംവധിതാ || 49 ||
ആനന്ദമൃതപൂരിത – പരമാനന്ദമായ ജലം നിറയ്ക്കപ്പെട്ട; ഹരപദാംഭോജാലവാലോദ്യതാ – ശിവന്റെ പാദാരവിന്ദമാകുന്ന തടത്തില്‍നിന്നു മുളച്ചുയര്‍ന്നതും; സ്ഥൈര്‍യ്യോപഘ്നംമുപേത്യ – ധ്യാനനിഷ്ഠയാകുന്ന ഊന്നുകോലിനെ ആശ്രയിച്ചു പടര്‍ന്നു; ശാഖോപശാഖാന്വിതാ – വള്ളികളും ചെറുവള്ളികളുമുള്ളതായി; ഉച്ചൈര്‍മാനസകായമാനപടലീം – ഉയര്‍ന്നിരിക്കുന്ന മനസ്സായ പന്തലില്‍; ആക്രമ്യ – പടര്‍ന്നുപിടിച്ചതും; നിഷ്കല്മഷാഭക്തിലതികാ – യാതൊരു കേടും ബാധിക്കാതിരിക്കുന്നതും(നിഷ്കപടവു)മായ ഭക്തിയാകുന്ന ലത; സത്കര്‍മ്മസംവര്‍ദ്ധിതാ – മുജ്ജന്മംചെയ്ത പുണ്യവിശേഷങ്ങളാല്‍ വളര്‍ത്തപ്പെട്ടതായിട്ട്; മേ നിഗ്യാഭീഷ്ടഫലപ്രദാ – എനിക്കു ശാശ്വതമായ അഭീഷ്ടഫലത്തെ നല്‍ക്കുന്നതായി; ഭവതു – ഭവിക്കുമാറാകേണമേ.
ശിവഭജനത്തില്‍നിന്നുണ്ടാവുന്ന പരമാനന്ദമായ ജലംകൊണ്ട് നനയ്ക്കപ്പെട്ടതും ഭഗവത്പദപങ്കജമാകുന്ന തടത്തില്‍നിന്നു മുളച്ചുയര്‍ന്നതും, ഉറച്ച ഭക്തിയാകുന്ന ഊന്നുകോലിനെ ആശ്രയിച്ച് ശാഖോപശാഖകളോടുകൂടി ഉത്കൃഷ്ടമനസ്സാകുന്ന ഉയര്‍ന്ന പന്തലില്‍ പടര്‍ന്നു ഉറപ്പോടെ സ്ഥിതിചെയ്യുന്നതും, മുജ്ജന്മത്തിലെ പുണ്യവിശേഷങ്ങളാല്‍ പോഷിപ്പിക്കപ്പെട്ടതുമായ ഭക്തിയാകുന്ന ലത കേടുകളൊന്നുംകൂടാതെ വളര്‍ന്നു എനിക്കു ശാശ്വതമായ അഭീഷ്ടഫലത്തെ നല്‍കുന്നതായി ഭവിക്കേണമേ.
സന്ധ്യാരംഭവിജൃംഭിതം ശ്രുതിശിരസ്ഥാനാന്തരാധിഷ്ഠിതം
സപ്രേമഭ്രമരാഭിരാമമസകൃത് സദ്വാസനാശോഭിതം |
ഭോഗീന്ദ്രാഭരണം സമസ്തസുമനഃപൂജ്യം ഗുണാവിഷ്കൃതം
സേവേ ശ്രീഗിരിമല്ലികാര്‍ജ്ജുനമഹാലിംഗം ശിവാലിംഗിതം || 50 ||
സന്ധ്യാരംഭവിജൃംഭിതം – സന്ധ്യാസമയമായിത്തുടങ്ങുമ്പോള്‍ (നര്‍ത്തനക്രീഡയില്‍ പൊങ്ങുന്നതും) വിടരുന്നതും; ശ്രുതിശിരഃസ്ഥാനന്തരാധിഷ്ഠിതം – ഉപനിഷത്തില്‍ സ്ഥിതിചെയ്യുന്നതും ചെവി,ശിരസ്സ് എന്നിവയില്‍ ചൂടുന്നതും; സപ്രേമഭ്രമരാഭിരാമം – പ്രേമത്തോടുകൂടിയ ഭ്രമരംബികയാലഭിരാമനും, പ്രേമസഹിതരായ വണ്ടിനങ്ങളാലതിമനോഹരവും; അസകൃത് – അടിക്കടി; സദ്വാസനാശോഭിതം – സത്തുക്കളുടെ ഭാവനയാല്‍ വിളങ്ങുന്നവനും, നല്ല ഗന്ധംകൊണ്ട് തിളങ്ങുന്നതും; ഭോഗീന്ദ്രാഭരണം – സര്‍പ്പങ്ങളെ ആഭരണമായണിഞ്ഞവനും, വിഷയികള്‍ക്കലങ്കാരമായിരിക്കുന്നതും; സമസ്തസുമനഃപൂജ്യം – എല്ലാ ദേവന്മാരാലും പൂജിക്കപ്പെട്ടവനും, എല്ലാ പുഷ്പങ്ങളെക്കാളും ശ്രേഷ്ഠവും; ഗുണാവിഷ്കൃതം – സത്വഗുണത്താല്‍ പ്രകാശിക്കുന്നവനും, സുഗന്ധം തുടങ്ങിയ ഗുണങ്ങളാല്‍ ശോഭിക്കുന്നതുമായ; ശിവാലിംഗിതം ശ്രീഗിരിമല്ലികാര്‍ജ്ജുനമഹാലിംഗം – മല്ലികാലതയാല്‍ ചുറ്റിപ്പിണയപ്പെട്ട മത്രുതമരത്തിന്നു തുല്യനായി, ശ്രീശക്തിയായ പാര്‍വ്വതിയാല്‍ ആലിംഗനം ചെയ്യപ്പെട്ടവനായി, ശ്രീ ശൈലത്തില്‍ നിവസിക്കുന്ന മല്ലികാര്‍ജ്ജൂനമെന്ന മഹാലിംഗത്തെ; സേവേ – ഞാന്‍ ഭജിക്കുന്നു.
സന്ധ്യാകാലം സമീപിക്കുമ്പോള്‍ നര്‍ത്തനക്രീഡയാലുയരുന്നവനും ഉപനിഷത്തിലന്തര്‍ഭവിച്ച് സ്ഥിതിചെയ്യുന്നവനും പ്രേമവതിയായ ഭ്രമരാദേവിയാലുപശോഭിക്കുന്നവനും, അടിക്കടി സത്തുക്കളുടെ ഭാവനയാല്‍ വിളങ്ങുന്നവനും, സര്‍പ്പഭൂഷണനും, എല്ലാദേവന്മാരാലും പൂജിക്കപ്പെട്ടവനും, സത്വഗുണയുക്തമായി പ്രകാശിക്കുന്നവനും ശ്രീശക്തിയായ പാര്‍വ്വതിയാലാലിംഗനം ചെയ്യപ്പെട്ടവനും, സന്ധ്യയില്‍ വിടരുന്നതും ചെവി, ശിരസ്സ് എന്നിവയില്‍ ചൂടുന്നതും ഉത്സാഹഭരിതങ്ങളായ വണ്ടിനങ്ങളാലതിസുന്ദരവും നറുമണമാര്‍ന്നതും വിഷയികള്‍ക്കലങ്കാരമായിരിക്കുന്നതും എല്ലാ പുഷ്പങ്ങളെക്കാളുമതിശ്രേഷ്ഠവും സൗരഭ്യം ഭംഗി എന്നീ ഗുണങ്ങളാല്‍ ശോഭിക്കുന്നതുമായ മുല്ലയാല്‍ ചുറ്റിപിണയപ്പെട്ട അര്‍ജ്ജുന (മരുതു) വൃക്ഷത്തിന്നു തുല്യനും, ശ്രീശൈലവാസിയുമായ മല്ലികാര്‍ജ്ജുനമെന്ന മഹാലിംഗത്തിലധിവസിക്കുന്ന ശ്രീശംഭുവിനെ ഞാന്‍ ധ്യാനിക്കുന്നു.
ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).